കരുണാ പ്രസ്സ് ; ലോക കവിതാദിനത്തില്‍ പി.രാമന്റെ കവിത

ഫോട്ടോ: രതീഷ് പി.പി
ഫോട്ടോ: രതീഷ് പി.പി

പട്ടാമ്പിയിലെ
ഏറ്റവും തിരക്കേറിയ തെരുവേത്?

കരുണാ പ്രസ് എന്നെഴുതിയ
ബോര്‍ഡിനു താഴേക്കൂടിക്കയറിയാല്‍
എത്തുന്ന തെരുവ്.

പട്ടാമ്പിയിലെ
ഏറ്റവും ഇടുങ്ങിയ തെരുവേത്?

പത്തടി വീതിക്കകത്ത്
ബുക്കുകള്‍ ഫയലുകള്‍
കടലാസുകെട്ടുകള്‍
ചാര്‍ട്ടുകള്‍
മൂന്നാലു കമ്പ്യൂട്ടറുകള്‍
നാലു കസേലകള്‍
അഞ്ചാറു സ്റ്റൂളുകള്‍
അപേക്ഷാ ഫോറങ്ങള്‍
അവ പൂരിപ്പിക്കാന്‍ 
ആയിരം പല നിറപ്പേനകള്‍
ഇട്ടയക്കാന്‍ പല വലിപ്പത്തില്‍
കാക്കിക്കവറുകള്‍
റോസു കവറുകള്‍
പശ കത്രിക പഞ്ച്
ഒക്കെയുമട്ടിയായ്
വെച്ചൊരീത്തെരുവ്.

പട്ടാമ്പിയിലെ
ഏറ്റവും വളഞ്ഞുപുളഞ്ഞ തെരുവേത്?

ആദ്യത്തെ വളവില്‍
ക്യാഷില്‍ രാജേട്ടന്‍.
പിന്നത്തെ വളവില്‍
നില്‍പ്പു ശര്‍മ്മാജി
അപേക്ഷാ ഫോറം
കഴിഞ്ഞുള്ള വളവില്‍
ഉയരത്തില്‍ നിന്നുമെന്തോ 
വലിച്ചെടുത്തും കൊണ്ടു
നില്‍പ്പൂ സുജാതച്ചേച്ചി.
അതു വഴി കടന്നുപോ-
മവധൂതനെപ്പോലു-
ള്ളൊരുവന്റെ താടിമേല്‍
പറ്റി നില്‍ക്കുന്നൊരു
പാറി വീഴും കടലാസ്.
കവറുകളടുക്കിയ
കമാനം കടന്നാല്‍
കിരണിരിക്കുന്ന കസേര
തൊട്ടപ്പുറം
മണിയിരിക്കുന്ന കസേര
അവിടൊരു കൊടുംവളവ്
തെരുവിന്നനന്തമാമറ്റത്തു നിന്ന്
ഫയലുകളെടുത്തു
വരുന്നിന്ദിരേച്ചി.

പട്ടാമ്പിയിലെ
ഏറ്റവും കയറ്റമുള്ള തെരുവേത്?

മണിയിരിക്കുന്ന
കസേര കഴിഞ്ഞുള്ള
കൊടുംവളവിനപ്പുറം
മേലേക്കു കേറുവാന്‍
കോണിക്കയറ്റം
അതു കയറിയെത്തുന്ന -
തച്ചടിശാലയില്‍
താഴേക്കിറങ്ങുന്നു
നോട്ടീസു കെട്ടുകള്‍
താഴത്തെപ്പടിമേല്‍
മേലേക്കൊരു കണ്ണും
ദൂരേക്കു മറു കണ്ണും
പായിച്ചു നില്‍പ്പൂ ജയന്‍.

പട്ടാമ്പിയിലെ
അവസാനിക്കാത്ത തെരുവേത്?
കരുണാ പ്രസ്സിന്‍
തെരുവിലൂടെപ്പോയാല്‍
സ്‌കൂളിലെത്താം.
വില്ലേജാഫീസിലെത്താം.
ഉത്സവ നോട്ടീസിലൂടെ
കൈത്തളിശ്ശിവനില്‍ ലയിക്കാം
കേന്ദ്ര നേര്‍ച്ചക്കമ്മിറ്റിയാപ്പീസിലേക്ക്
ഈത്തെരുവില്‍ നിന്നുമൊരു
തുരങ്കമുണ്ടാവാം
പാലക്കാട്ടു കളക്റ്ററേറ്റിലും
തിരുവനന്തപുരത്തു
സെക്രട്ടറിയേറ്റിലുമെത്താം.
പഴയ കരുണാ പ്രസ്സില്‍,
കോണ്‍ഗ്രസ്സു പാര്‍ട്ടി -
ച്ചരിത്രത്തിലെത്താം
പുഴയുടെ തീരത്തു -
മെന്റെ വീട്ടിലുമെത്താം.

പട്ടാമ്പിയിലെ
ഏറ്റവും വേഗതയേറിയ തെരുവേത്?

ഈത്തെരുവിലൂടെ
കുതിക്കുന്നപേക്ഷകള്‍
മിന്നല്‍ പോല്‍ പാസായ്
വരുന്നുണ്ടു ലോണുകള്‍
നോട്ടീസു കാറ്റായ്
പറക്കുന്നു കാലം

പട്ടാമ്പിക്കാര്‍
നൃത്തമാടുന്ന തെരുവേത്?

ഒരു കവര്‍ നോക്കി -
യെടുത്തു തിരിയുന്നയാള്‍
അപേക്ഷാ ഫോറം
വാങ്ങിപ്പോകുന്നയാളെ
തട്ടാതെ ചെരിയുമ്പോള്‍
നോട്ടീസു കെട്ട്
ചുമന്നു പോകുന്നയാള്‍
നോട്ടീസടിക്കാന്‍
കൊടുക്കാന്‍ വരുന്നാളെക്കണ്ട്
അലമാര ചാരി 
വഴി കൊടുക്കാനായ്
ഞെളിഞ്ഞു നില്‍ക്കുമ്പോള്‍
എപ്പോഴുമീത്തെരുവില്‍
നൃത്തം പിറക്കുന്നു

ഞെളിയുന്ന നിവരുന്ന
ചായുന്ന തിരിയുന്ന
നൂറു മനുഷ്യ -
രൊരേ സമയമാടുന്നു
നൃത്തമീ നീണ്ട തെരുവില്‍
നൃത്തരൂപങ്ങള്‍ -
ക്കിടയിലൂടൊഴുകുന്നു
കരുതലിന്‍ കരുണ
ചെറു വിടവായ്...

Content Highlights: world poetry day 2022 poem by p raman