അച്ഛനെക്കുറിച്ച് രണ്ടോര്‍മ്മകള്‍; അമ്മു ദീപയുടെ കവിത

ലോക കവിതാ ദിനത്തില്‍ അമ്മുദീപയുടെ കവിത അച്ഛനെക്കുറിച്ച് രണ്ടോര്‍മ്മകള്‍ വായിക്കാം.
പുളിശ്ശേരി
പണ്ടൊരു നട്ടുച്ചയില്‍
വിശന്നവയറുമായ്
തണുത്ത തളത്തിലെ
പലമേലിരുന്നച്ഛന്‍
പുളിച്ച മോരുങ്കൂട്ടാന്‍
ചിരട്ടക്കയിലാല്‍ കോരി
കുഴച്ചോരുരുളകള്‍, നാവു -
തൊടാതെ വിഴുങ്ങുമ്പോള്‍
തലയ്ക്കു മോളില്‍ത്തൂങ്ങും-
ഉറിയില്‍ ദാമ്പത്യത്തിന്‍
ഉറയൊഴിച്ചു വച്ചത്
പുളിച്ചു പൊട്ടും ശബ്ദം
ചുവപ്പ്
ദുര്യോധനവധം കഥകളി കണ്ടി-
ട്ടച്ഛന്റെ കയ്യും പിടിച്ചി-
ട്ടിരുട്ടത്തുറക്കം തൂങ്ങി
തിരിച്ചു പോരുമ്പോള്‍
മുറ്റത്തു ടോര്‍ച്ചിന്‍ വെട്ടത്തി -
ലൊരാള്‍ പൊക്കത്തില്‍
*കൃഷ്ണകിരീടം
ഒറ്റ
അലര്‍ച്ച!
*കഥകളിയിലെ കൃഷ്ണകിരീടത്തിന്റെ ആകൃതിയില്‍ ചുവന്ന പൂങ്കുലയുള്ള ചെടി
Content Highlights: world poetry day 2022 poem by ammu deepa