'കടലാസ് ശരീരം'; ലോക കവിതാദിനത്തില്‍ ആദിത്യ ശങ്കറിന്റെ കവിത

വര: പി.കെ ഭാഗ്യലക്ഷ്മി
വര: പി.കെ ഭാഗ്യലക്ഷ്മി

ഏത് ശരീരമുണ്ട്,
എട്ടായി മടക്കാമെന്ന
ചെറു കടലാസ്സിന്റെ
ഏകദേശ വ്യക്തതയെങ്കിലും
കൊതിക്കാതെ?
 
മൈതാനത്തെ പോലെ
ഓരോ മടക്കിലും 
നീര്‍ത്തിലും സ്വന്തം  
അതിരുകളറിഞ്ഞ്,
അവനവനിലെഴുതി-
യതത്രയും മറ്റുള്ളവര്‍-
ക്കുള്ളതെന്നറിഞ്ഞ്?

കടലാസ്സില്‍ വേറിട്ട് നിന്നൊ-
രക്ഷരമെന്നോണം  
(അ)പ്രിയ നിമിഷമിതാ
എന്നെത്രയെളുപ്പത്തിലാ  
ശരീരം വായിച്ചേനേ.

കീറി പോവാതെ
ഞെരിഞ്ഞമരാതെ
എത്ര പേരെ അട്ടിയിടാമെന്ന്
ഗ്വാണ്ടനാമോയിലെ
ജയിലറുടെ രജിസ്റ്റര്‍ 
കൗതുകത്തോടെ 
രേഖപ്പെടുത്താന്‍ ശ്രമിച്ചു. 

ഒരാള്‍ക്ക് പറക്കാനെത്ര
ഭാരക്കുറവ് വേണമെന്നും
കലക്കവെള്ളത്തിന്റെ
കണ്ണീരു വറ്റിക്കാന്‍
എത്ര വെയില്‍ വേണ-
മെന്നുമെല്ലാം
പല ശരീരങ്ങള്‍ പരതി.   

ചുരുട്ടിയെറിഞ്ഞ
കുറിപ്പെന്നോണം
പ്രേമ നിരാസത്തിലേ-
ക്കെളുപത്തില്‍ 
ചുരുണ്ട് നോക്കി.

ഉടുപ്പിനിടയിലൊളിച്ച
റ്റാറ്റൂവെന്നോണം  
പഴയ പെട്ടികളില്‍
നിധി പോലെ,
കാലങ്ങളിരുന്ന് നോക്കി.

കറങ്ങി നടക്കുന്ന
ശരീരമിതാ
കണ്ണെടുക്കാതെ
കടലാസ്സിനെ തന്നെ
നോക്കിയിരിക്കുന്നു.

Content Highlights: world poetry day 2022 poem by adithya sankar