തിളയ്ക്കുന്ന വെളിച്ചം, തുളയ്ക്കുന്ന ശബ്ദം; വീഴുമോ ആ കുറ്റവാളി | ക്രൈം നമ്പർ: 368/2021 ഊട്ടി ഫയൽ 20

#മനോജ് ഭാരതി
എഐ നിർമ്മിത ചിത്രം
എഐ നിർമ്മിത ചിത്രം

എമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കാര്യത്തിൽ അകൽച്ചയും അനാസക്തിയും.

നേഹയുമായുള്ളത് സ്വകാര്യബന്ധം.

ബേബി ചെറിയാനോട് തൊഴിൽപരമായ അടുപ്പം മാത്രം.

ഏതു ചോദ്യത്തെയും അത്തരമൊരു അച്ചുതണ്ടിലേക്കാണ് അരവിന്ദ് കൃത്യമായി കൊണ്ടെത്തിച്ചിരുന്നത്. ആദിൽഖാൻ ക്ഷമയോടെ ചോദ്യം തുടർന്നു- ആവർത്തിച്ച് വ്യത്യസ്ത രീതികളിൽ.

എമ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് തന്റെ നിരീക്ഷണവലയത്തിനുള്ളിൽപ്പെടുന്ന സ്ഥാപനമല്ല. ആ കോർപ്പറേറ്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും രഹസ്യ ആസൂത്രണമോ അദൃശ്യ ഇടപാടുകളോ ഇല്ല. ഔപചാരികമായ അകലം മാത്രമാണ് ഉണ്ടായിരുന്നത്. സംശയങ്ങൾ ജനിപ്പിക്കാവുന്ന ഓരോ വാക്കും അരവിന്ദ് സൂക്ഷ്മമായി ഒഴിവാക്കി.

നേഹയെക്കുറിച്ചുള്ള ചോദ്യം വന്നപ്പോൾ അയാളുടെ വാക്കുകൾ പരിമിതപ്പെട്ടു. പക്ഷേ, നിലപാട് കഠിനമായതേയുള്ളൂ. അവൾ തന്റെ കാമുകിയാണെന്ന വസ്തുതയിൽ അയാൾ ഉറച്ചുനിന്നു. മറച്ചുവയ്ക്കേണ്ടതോ തിരുത്തപ്പെടേണ്ടതോ അല്ല അതെന്ന ഭാവത്തോടെ, അയാൾ അതിനെ വ്യക്തിപരമായ വികാരങ്ങളുടെ പരിധിയിലേക്കു മാത്രം ചുരുക്കി.

ആദിൽഖാന്റെ അന്വേഷണം എമ്മ ഗ്രൂപ്പിലേക്കും അതിന്റെ ആന്തരിക ചലനങ്ങളിലേക്കുമെത്തി. അതിനെ നിശ്ശബ്ദം നിരാകരിക്കാനാണ് അയാൾ ശ്രമിച്ചത്. ബേബി ചെറിയാനുമായുള്ള ബന്ധത്തെക്കുറിച്ചു പറയേണ്ടി വന്നപ്പോൾ കണക്കും കെട്ടുറപ്പും നിറഞ്ഞതായിരുന്നു അയാളുടെ ഭാഷ. തൊഴിൽപരമായി, തീർത്തും കരാറടിസ്ഥാനത്തിൽ, നിശ്ചിത സമയപരിധിയിലുള്ള ബന്ധം മാത്രം- അതാണ് ബേബി ചെറിയാനുമായി ഉണ്ടായിരുന്നത്.

എമ്മ ഗ്രൂപ്പ്- നേഹ- ബേബി ചെറിയാൻ.

ഈ മൂന്നു രേഖകൾക്കിടയിൽ മറ്റൊരു ബന്ധം വരച്ചുചേർക്കാനുള്ള പോലീസിന്റെ ശ്രമങ്ങളെയായിരുന്നു അരവിന്ദ് തുടർച്ചയായി അസാധുവാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നത്.

ആദിൽഖാന്റെ മുഖം കടുത്തു. ചോദ്യങ്ങളോടുള്ള അരവിന്ദിന്റെ സമീപനം പ്രകോപനപരമാണ്. പിന്നിൽ അൽപ്പമകലെ എല്ലാം നിശ്ശബ്ദമായി നിരീക്ഷിച്ച് സമർ ബനഡിക്ട് ഇരിപ്പുണ്ട്. ആദിൽഖാൻ ചോദ്യം ചെയ്യലിന്റെ പാറ്റേൺ മാറ്റാൻ പോകുന്നുവെന്ന് അയാൾക്ക് ബോധ്യമായി.

'ഇനി നീ എന്താണ് പറയാൻ പോകുന്നതെന്ന് എനിക്കറിയാം. ബേബി ചെറിയാന്റെ മകൾക്ക് ജാക്കിനെ വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടായിരുന്നു. അതിന് നീ നേഹയുടെ സഹായം തേടി. അല്ലേ'

ചോദ്യമുനകൾ ചുറ്റും നിറഞ്ഞെങ്കിലും അരവിന്ദ് മറുപടി പറഞ്ഞില്ല. ആ നിശ്ശബ്ദത പ്രതിരോധത്തെക്കാൾ ശക്തമായിരുന്നു.

'പറയെടാ... നിന്റെ നാവെറങ്ങിപ്പോയോ.'

അടക്കിപ്പിടിച്ചിരുന്ന കോപം ആദിലിന്റെ മുഖത്ത് ഇരച്ചുകയറി .

'അങ്ങനെയാണു സാർ... സംഭവിച്ചത്.'

'മാര്യേജ് ചലഞ്ച് നിന്റെ ഐഡിയ അല്ലേ?'

'അതെ സാർ.'

അരവിന്ദ് മുഖമുയർത്തി തുടർന്നു.

'അങ്ങനെയൊരു ഐഡിയ സജസ്റ്റ് ചെയ്തു. അത്രേയുള്ളൂ. അതൊരു തെറ്റൊന്നുമല്ലല്ലോ സാർ.'

'നിർത്തെടാ.'

ആദിൽ പല്ലുകടിച്ച് സീറ്റിൽനിന്ന് മുന്നോട്ടാഞ്ഞു.

'എന്നെ ചോദ്യം ചെയ്യാനാണെങ്കിൽ നീ ഇങ്ങോട്ടിരിക്ക്; ഞാനവിടെ വന്നിരിക്കാം... ചോദിക്കുന്നതിനു മാത്രം ഉത്തരം. ഓവർസ്മാർട്ടാകരുത്.'

അരവിന്ദ് നിശ്ശബ്ദനായി. ചടുലമായ ചോദ്യങ്ങളും ആദിൽഖാന്റെ പ്രവചനാതീതമായ സമീപനവും ഭയമല്ല, സന്ദേഹങ്ങളാണ് അയാളിൽ ഉയർത്തിയത്.

'നേഹയെ ഒളിപ്പിച്ചതും നിന്റെ ഐഡിയയല്ലേ? അതെന്തിനായിരുന്നു?'

രഹസ്യമുറിയുടെ കവാടം കാറ്റിൽ വലിയ ശബ്ദത്തോടെ അടഞ്ഞപ്പോൾ അരവിന്ദ് ഒന്നു ഞെട്ടി. രക്ഷപ്പെടാനുള്ള വാതിലുകൾ മനസ്സിലും അടയുകയാണ്. അന്തരീക്ഷത്തിന്റെ പിരിമുറുക്കം വർദ്ധിക്കുന്നത് അയാൾ അറിഞ്ഞു.

ആദിൽഖാൻ അപ്പോൾ ഒന്നൊന്നായി അക്കമിട്ടു നിരത്താൻ തുടങ്ങി- നേഹയുടെ കെട്ടിച്ചമച്ച ആശുപത്രി ഡിസ്ചാർജ്ജ്, ആധാർ അപ്ഡേറ്റ്, ഗോവയിൽ നേഹയെ ഒളിപ്പിച്ചത്, ഗൾഫിൽ ജോലി വാങ്ങിക്കൊടുത്തത്...

പോലീസ് അന്ധമായി വന്നതല്ലെന്നും പ്രതീക്ഷിച്ചതിലുമേറെ അവർ മനസ്സിലാക്കിയിട്ടുണ്ടെന്നും അരവിന്ദിനു വ്യക്തമായി. അന്വേഷണമല്ല, കാര്യങ്ങൾ ഉറപ്പിക്കലാണ് നടക്കുന്നത്. രേഖകളും ആശുപത്രിവിരങ്ങളും ചേർത്ത് അവർ ഇതിനകം ഒരു ചിത്രം തീർത്തിട്ടുണ്ട്. മറ്റു വഴിയില്ലാതെ അയാൾ പറഞ്ഞുതുടങ്ങി.

'നേഹയുടെ ഫാമിലി ഞങ്ങളുടെ ബന്ധം അംഗീകരിച്ചില്ല. ഞങ്ങളുടെ പിന്നാലെ അവർ ഒരിക്കലും ഉണ്ടാകരുതെന്ന് ഉറപ്പാക്കണമായിരുന്നു. അതുകൊണ്ടാണ് അവൾ മരിച്ചെന്നു വരുത്താൻ...'

'പക്ഷേ, എമ്മ ഫെർണാണ്ടസിൽനിന്നു മറച്ചതോ?'

ആദിൽ പരിഹാസത്തോടെ ചോദിച്ചു.

'നിങ്ങൾ തമ്മിലുള്ള ബന്ധം പോലും അവരുടെ കണ്ണിലെത്താതെ സൂക്ഷിച്ചതെന്തിന്? അവരും നിങ്ങളുടെ പിന്നാലെ ഉണ്ടായിരുന്നോ?'

'എമ്മയോട് വലിയ അടുപ്പത്തിലായിരുന്നു നേഹ. എമ്മ ഇടപെട്ടാൽ നേഹയുടെ മനസ്സ് മാറുമെന്നു ഞാൻ ഭയന്നു. അതു നേഹയുടെ കുടുംബത്തിനും അനുകൂലമാകും. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് അതു തടസ്സമാകും അതുകൊണ്ടാണ് അവരെയും ഒന്നും അറിയിക്കാതിരുന്നത്.'

'അങ്ങനെയാണ് ആൾമാറാട്ടം നടത്താൻ നീ ഒരാളെ കൊന്നത്?'

ബ്ലേഡുപോലെ കീറിമുറിക്കുന്ന ചോദ്യം. അരവിന്ദ് പകച്ചുപോയി.

ആദിൽഖാൻ ചോദ്യം ആവർത്തിച്ചു.

'നേഹ മരിച്ചെന്നു വരുത്താൻ നീ തേവമ്മയെ കൊന്നു.'

'നോ സാർ. ഞാൻ ആരെയും കൊന്നിട്ടില്ല.'

'പിന്നെയാരാ കൊന്നത് ? നിന്റെ തന്തയോ?'

ആദിൽഖാൻ ക്രുദ്ധനായി ചാടിയെഴുന്നേറ്റു

'അവളെന്താ അവിടെ വന്നുകിടന്നോ... മൂടിക്കെട്ടിവിടാനുള്ള സൗകര്യത്തിന്.'

'ഐ ഡോണ്ട് നോ എനിതിംഗ് സാർ... അതെല്ലാം ഞാൻ അറിഞ്ഞത് ദിവസങ്ങൾ കഴിഞ്ഞിട്ടാണ്.'

'എന്നിട്ട്? എന്തുകൊണ്ട് നീ അത് ആരോടും പറഞ്ഞില്ല?'

അരവിന്ദിന്റെ മുഖം മങ്ങി. ക്ഷണനേരത്തെ നിശ്ശബ്ദതയ്ക്കുശേഷം അയാൾ ഒരു ഉത്തരത്തിലേക്കെത്തി.

'ആ സമയത്ത്... ഐ ഫെൽറ്റ് ഇറ്റ് വാസ് ഫൈൻ. ഇനിയാരും അവളെ അന്വേഷിച്ചു വരില്ലല്ലോയെന്നോർത്തു.'

'ഛീ... കള്ളപ്പന്നീ.'

ആദിൽഖാൻ ടേബിളിൽ മുഷ്ടി ചുരുട്ടി ആഞ്ഞിടിച്ചു. വെടിയൊച്ചപോലെ ശബ്ദം ചുമരുകളിൽ മുഴങ്ങി. അരവിന്ദിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചെയറിൽനിന്ന് അയാൾ വലിച്ചുയർത്തി.

അടുത്ത നിമിഷം- സമർ ബമനഡിക്ട് കസേരയിൽ നിന്നെഴുനേറ്റ് ധൃതിയിൽ അവർക്കിടയിലേക്കെത്തി.

'ദാറ്റ്സ് ഇനഫ്, ആദിൽ.'

ആദിൽഖാനെ സമാധാനപ്പെടുത്തി സമർ അളന്നുമുറിച്ചു പറഞ്ഞു.

'ബാറ്റൺ അൽപ്പസമയം എനിക്ക് എക്സ്ചേഞ്ച് ചെയ്യൂ.'

ആദിൽ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കൊടുങ്കാറ്റിനുശേഷമുള്ള കുളിർകാറ്റുപോലെ മുറിയിലെ അന്തരീക്ഷം മാറി.

അരവിന്ദിന് അഭിമുഖം സമർ ബനഡിക്ട് ഇരുന്നു. പ്രസാദാത്മകമായിരുന്നു അയാളുടെ മുഖലക്ഷണം. കയ്യിൽ ഫയലുകളില്ല. ടേബിളിൽ മുഷ്ടി ചുരുട്ടി ഇടിക്കുന്നില്ല. ഭീഷണി പുരണ്ട നോട്ടമോ ശബ്ദമോ ഇല്ല.

സൗമ്യമായ ശബ്ദത്തിൽ അയാൾ സംസാരിച്ചുതുടങ്ങി.

'ലുക്ക്, അരവിന്ദൻ...സംഭവിച്ചതെല്ലാം ഞങ്ങൾക്കറിയാം. ഇൻവെസ്റ്റിഗേഷൻ ടീം നല്ല ഹോം വർക്കു ചെയ്ത കേസാണ് ഇത്. ഞങ്ങളുടെ കൈയിൽ വസ്തുതകളുണ്ട്. നീ അതിനു വ്യക്തത വരുത്തണം. അങ്ങനെ ചെയ്താൽ ഞങ്ങളും സഹായിക്കാം. ഐ പ്രോമിസ്.'

അരവിന്ദ് മൗനം വെടിഞ്ഞില്ല.

'നീ ചെറുപ്പമാണ്. ജീവിതം ഇനിയും മുന്നിലുണ്ട്. സഹകരിച്ചാൽ, നിന്നെ രക്ഷപ്പെടുത്താനുള്ള വഴികൾ ഞങ്ങളാലോചിക്കും.'

സീലിങ് ഫാൻ കറങ്ങുന്ന ശബ്ദം നിശ്ശബ്ദതയെ അളന്നുമുറിച്ചു. അരവിന്ദിന്റെ മനസ്സ് വഴിതെറ്റി അലയുകയായിരുന്നു.

'നീ ഞങ്ങളുടെ കസ്റ്റഡിയിലുള്ളത് ആർക്കും അറിയില്ല. ചോയ്സ് നിന്റെ മുന്നിലുണ്ട്. നീ തീരുമാനിക്ക്.'

അരവിന്ദ് ആ വാക്കുകൾ കീറിമുറിച്ചു പരിശോധിച്ചു. ആദിൽഖാന്റെയും സമർ ബനഡിക്ടിന്റെയും മൂഖഭാവങ്ങളും സംഭാഷണങ്ങളും ഓർത്തെടുത്തപ്പോൾ, ഇരുവരും നടത്തുന്ന നീക്കങ്ങൾ തന്ത്രപരവും മനശ്ശാസ്ത്രപരവുമാണെന്ന് അയാൾക്കു തോന്നി.

പോലീസിന്റെ ക്ലാസിക് തന്ത്രമാണത്- ഗുഡ് കോപ്പും ബാഡ് കോപ്പും. ഒരാൾ ഭീതി വിതയ്ക്കുന്നു. അക്രമണോത്സുകമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. മറുവശത്ത്, രണ്ടാമൻ സഹാനുഭൂതിയോടെ പെരുമാറുന്നു. കുറ്റസമ്മതത്തിനോ തുറന്നുപറച്ചിലിനോ പ്രേരിപ്പിക്കുന്നു. ആദിൽ ഖാൻ ചുറ്റിക പോലെയായിരുന്നു. കോപം, ആക്രമണം, ശക്തി- അതായിരുന്നു അയാളുടെ ഭാഷ. അവിടെയാണ് ഒരു വെൽവെറ്റ് കയ്യുറയുമായി സമർ ബനഡിക്ട് എത്തിയിരിക്കുന്നത്- മനസ്സലിവോടെ, യുക്തിസഹമായി, ആശ്വാസം പകരുന്ന സാമീപ്യമായി.

പോലീസ് തന്നെ കുടുക്കുമെന്നുറപ്പുണ്ടായിരുന്നിട്ടും അവിന്ദ് ആ കെണിയിൽ വീണില്ല.

സമർ ബനഡിക്ടും അതു പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ നിരാശനാകാതെ, മുൻചോദ്യങ്ങൾ അയാൾ മറ്റു വിധത്തിൽ ആവർത്തിച്ചു. മൗനവും പഴയ മറുപടികളും മാത്രമായിരുന്നു അരവിന്ദിന്റെ പ്രതികരണം. ഒടുവിൽ, ചോദ്യം ചെയ്യൽ അവസാനിപ്പിച്ച് സമർ എഴുനേറ്റു.

'നീ എല്ലാം ഒളിപ്പിക്കുന്നു. പക്ഷേ, ഞങ്ങൾക്കത് കണ്ടെത്തിയേ തീരൂ.'

അവിടെനിന്നു സമർ നേരേ പോയത് ഓഫീസിലേക്കാണ്. ആദിൽഖാൻ അവിടെ കാത്തുനിന്നിരുന്നു.

'കട്ടിയുള്ള പുറന്തോടിനുള്ളിലാണ് അരവിന്ദ്. ആ പുറന്തോട് പൊളിക്കണം. മാന്യമായ ചോദ്യം ചെയ്യലിന് ഇനി പ്രസക്തിയില്ല.'

സമറിന്റെ വിലയിരുത്തലിനെ ആദിൽഖാനും പിന്തുണച്ചു. സമർ തുടർന്നു.

'നമുക്കു സമയമുണ്ട്. ആദ്യം ഫോളോ ചെയ്യേണ്ടത് മുത്തുവിനെയാണ്. അടുത്ത ദിവസങ്ങളിൽ മുത്തുവിലായിരിക്കണം നമ്മുടെ ഫോക്കസ്. അതുവരെ അരവിന്ദ് ഇവിടെക്കിടന്ന് ഒന്നു മെരുങ്ങട്ടെ. നമുക്കാദ്യം വേണ്ടത് അവന്റെ ഉത്തരമല്ല- അനുസരണയാണ്. സോ... വി ഗോ റ്റു പ്ലാൻ ബി.'

പദ്ധതികൾ കൃത്യമായി വിവരിച്ച ശേഷം സമർ ബനഡിക്ട് ഓഫീസിൽനിന്ന് ഇറങ്ങി. ഇനി മൂന്നു ദിവസം കഴിഞ്ഞു മാത്രമേ അരവിന്ദനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുള്ളൂ. അതിനുള്ള മുന്നൊരുക്കങ്ങൾ ഇന്നുതന്നെ തുടങ്ങണം. ഉബൈദിനും വർഗ്ഗീസിനുമാണ് അരവിന്ദന്റെ കാവലിനുള്ള ചുമതല. ആദിൽഖാൻ അവരെ വിളിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഏകദേശം നൂറ്റിയിരുപത് ചതുരശ്ര അടി വലുപ്പമുള്ളതായിരുന്നു അരവിന്ദിനെ പാർച്ചിച്ചിരുന്ന മുറി. ഇളം തവിട്ടുനിറമുള്ള ചുമരുകളിൽ പഴയ ഈർപ്പത്തിന്റെ പാടുകൾ വികൃത ചിത്രങ്ങളായി കിടന്നു. സമയത്തിന്റെയും സംവേദനത്തിന്റെയും എല്ലാ സാധ്യതകളും അടഞ്ഞ മുറി. ജാലകങ്ങളില്ല, ക്ലോക്കില്ല, ഫോണില്ല. കട്ടിയുള്ള മെത്ത വിരിച്ച ലോഹക്കട്ടിലും മൂലയിലൊരു കസേരയും മാത്രം.

ഉബൈദും വർഗ്ഗീസും സന്ധ്യക്കു മുമ്പുതന്നെ മുറിയിൽ പ്രവേശിച്ചു. മുറിയിയിലെ അഞ്ചു വാട്ടിന്റെ എൽഇഡി ബൾബു മാറ്റി പകരം ഇരുപത്തിനാലു വാട്ടിന്റേത് ഘടിപ്പിച്ചു. തണുത്തതും വെളുത്തതും ക്രൂരവുമായ പ്രകാശം മുറിയുടെ ഓരോ ഇഞ്ചിലും, അരവിന്ദിന്റെ കണ്ണുകളിലും തുളച്ചുകയറി- പകലിനേക്കാൾ പ്രകാശം.

ഉബൈദ് ചുമരിൽ കൈയെത്താത്ത ഉയരത്തിൽ, അത്യാവശ്യം വലിപ്പമുള്ള ഒരു സ്പീക്കറും ഘടിപ്പിച്ചു. അതിലൂടെ ഇടവിട്ട സമയങ്ങളിൽ കാതു തുളയ്ക്കുന്ന മൂർച്ചയുള്ള ശബ്ദം നിരന്തരം ഒഴുകിത്തുടങ്ങി- എൺപതു ഡസിബൽ തീവ്രതയിൽ, ഒരു ദന്തരോഗ വിദഗ്ധൻ അസ്ഥി തുളയ്ക്കുന്ന ഡ്രില്ലിന്റെ മൂർച്ചയും മുരൾച്ചയും ചേർന്നതുപോലെ.

അരവിന്ദിനുവേണ്ടി സമർ നിശ്ചയിച്ചിരുന്നത് ശബ്ദത്തിന്റെയും വെളിച്ചത്തിന്റെയും മൂന്നു രാപകലുകളായിരുന്നു- ഒരു പോള കണ്ണടയ്ക്കാൻ കഴിയാത്ത രാപകലുകൾ.

(തുടരും)

Content Highlights: Aravind faces aggressive interrogation by Aadil Khan and psychological tactics by Samar Benedict., Police uncover evidence regarding Neha's fake hospital discharge and Aadhaar updates., Samar Benedict introduces Plan B, shifting focus to Muthu as Aravind is subjected to sensory deprivation tactics.