നിന്നിലേക്കുള്ളതായിരുന്നു എനിക്ക് തെറ്റിയ വഴികളെല്ലാം...

#ടി.പി. രാജീവന്‍

നവംബർ 2- പ്രശസ്തകവിയും എഴുത്തുകാരനുമായ ടി.പി. രാജീവന്റെ ഓർമദിനം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ടി. പി. രാജീവന്റെ പ്രണയശതകം എന്ന പ്രണയകാവ്യസമാഹാരത്തിലെ ചില കവിതകൾ വായിക്കാം.

എന്റെ വീട്ടിലേക്കുള്ള വഴി
എന്നോടു ചോദിക്കരുത്,
ഓരോ തവണയും
ഞാൻ വരുന്നതും പോകുന്നതും ഓരോ വഴി,
നീ എന്റെ സ്വപ്നത്തിലേക്ക്
എന്നപോലെ.

പരേതാത്മാക്കളോട്
വർത്തമാനം പറയുന്ന
ഒരു മുത്തശ്ശിയുണ്ടായിരുന്നു എനിക്ക്,
നാളെ പിറക്കാൻ പോകുന്ന
കുഞ്ഞുങ്ങളോടു കൊഞ്ചുന്ന
ഒരു കൊച്ചുമകളുണ്ടാവില്ലേ
നമുക്ക്.

ആരുടെ സ്വപ്നമാണ്
നീയും ഞാനും,
ആരുടെതായാലും
ഒരിക്കലും ഉണരാതിരിക്കട്ടെ
ആ ആൾ.

ശാന്തനാകാൻ ശ്രമിച്ച്
ശകലങ്ങളായ്
ഞാൻ ചിന്നിച്ചിതറി.
 

ഓർമിച്ചെടുക്കാൻ കഴിയാത്ത
ഒരു സ്വപ്നത്തിന്റെ ഓർമയിൽ
നിന്റെ ഉടൽ തളിരിടുന്നത്
എനിക്കു കാണാം.

പൂമ്പാറ്റകളെപ്പറ്റി
പൂക്കൾക്കെന്നും പരാതിയേയുള്ളൂ,
എന്നെപ്പറ്റിയുള്ള
നിന്റെ സ്വപ്നങ്ങളെപ്പറ്റി എനിക്കും,
എത്ര കുറച്ചുനേരമാണ്
അവ ചുറ്റും പാറിക്കളിക്കുന്നത്.

നക്ഷത്രങ്ങൾ
പകൽ എങ്ങോട്ടാണ് പോകുന്നതെന്ന്
എനിക്കറിയാം,
ഞാൻ ഉണർന്നിരിക്കുമ്പോൾ
നീ എങ്ങോട്ടാണ് പോകുന്നത്?

നിന്നെ ഓർത്തതും
തടാകക്കരയിൽ
ഞാൻ പാർക്കുന്ന പഴയ മാളികയിൽ
പകലുറക്കത്തിലായിരുന്ന പ്രാവുകൾ
ഒന്നിച്ചു ചിറകടിച്ചു;
മറ്റൊരു പ്രാവായ് മാളിക പറന്നുയർന്നു.

എന്റെ പിൻകഴുത്തിൽ
ഒരു കാക്കപ്പുള്ളിയുള്ള കാര്യം
എനിക്കുപോലും അറിയില്ലായിരുന്നു,
നിന്റെ മാറിൽ
എനിക്കു വീടുവെക്കാൻ ഒരിടമുള്ളത്
നിനക്കും

ഇന്നലെ പുതുമഴ പെയ്തു
വീട്ടിലേക്കുള്ള വഴിയിൽ
വയൽവരമ്പിൽ
എന്റെ കാൽവഴുതി,
ഇന്നു ഞാൻ നിന്നെ കണ്ടു
മുളംകാടുകൾക്കിടയിൽ
ഇന്നോളം വരാത്ത വഴിയിൽ
ഞാനിതാ, ആകാശം നോക്കി
കൺതുറക്കുന്നു.

നട്ടപ്പോൾ
ഈ പനിനീർക്കൊമ്പിൽ
പൂക്കളും സുഗന്ധവും ഉണ്ടായിരുന്നില്ല,
നീയാകട്ടെ
നടാതെതന്നെ പൂത്തുലയുന്നു.

നീ ഇവിടെയുണ്ടായിരുന്നു
എന്നതിന് ദുഃഖിതരായ്
പറന്നുപോകുന്ന
ഈ പൂമ്പാറ്റകൾ മാത്രം മതി
സാക്ഷികൾ.

നിന്റെ പേരിന്റെ
ആദ്യാക്ഷരം മാത്രം മതി,
പിന്നാലെ പുലർന്നുവരും
നദികൾ തടാകങ്ങൾ കാടുകൾ
തീരങ്ങൾ മലകൾ താഴ്വരകൾ
ഇന്നോളം കണ്ടെത്താത്ത
ഒരു ഭൂഖണ്ഡം.

എത്ര നേർത്തതാണ്
നമ്മൾക്കിടയിലെ
ഈ യവനിക
എന്നിട്ടും കാണുന്നില്ലല്ലോ
നിന്നെ ഞാനും
നീ എന്നെയും.

വരിനെല്ലുകൊത്തിതിരിച്ചു
പറക്കുന്നു
നിന്നിലേക്കു ഞാൻപറത്തിവിട്ട
വാക്കുകൾ.

ഞാനൊരു ദൈവമായിരുന്നെങ്കിൽ
മറ്റൊരു ദൈവത്തെ സൃഷ്ടിച്ച്
ദൈവമെന്ന നിലയിൽ
എല്ലാ ചുമതലകളും
ആ ദൈവത്തെ ഏല്പിച്ച്
നിന്റെ കണ്ണിൽ മാത്രം
നോക്കിയിരിക്കും.

എനിക്കറിയില്ല
എത്രമാത്രം വേണം
എനിക്കു നിന്നെയെന്ന്.

നിന്നിലേക്കുള്ളതായിരുന്നു
ഇന്നോളം എനിക്കു തെറ്റിയ
വഴികളെല്ലാം...