മലമുകളിലെ അബ്ദുള്ള | പുനത്തിൽ കുഞ്ഞബ്ദുള്ള

ഒക്ടോബർ 27- പുനത്തിൽ കുഞ്ഞബ്ദുള്ള ഓർമയായിട്ട് 9 വർഷം. പുനത്തിലിന്റെ ഏറെ ശ്രദ്ധേയമായ കഥ മലമുകളിലെ അബ്ദുള്ള വായിക്കാം. പുനത്തിലിന്റെ സമ്പൂർണ്ണകഥകൾ എന്ന പുസ്തകത്തിൽ നിന്ന്
മീൻകാരൻ മൊയ്തീന്റെ മകൾ ബീബിയുടെ കല്യാണരാത്രി.
ബീബി മണിയറയിലേക്ക് കടന്നു. കടന്നതല്ല; വളയിട്ട മാർദ്ദവമേറിയ ധാരാളം കൈകൾ ഉന്തിത്തള്ളിക്കടത്തിയതാണ്. പച്ചമരത്തിന്റെ ഗന്ധമുയരുന്ന വാതിൽ ആരോ പുറത്തുനിന്നടച്ചു.
വാതിലടച്ച കൈകൾ പൊട്ടിച്ചിരിച്ചു.
ബീബിയുടെ കവിളുകൾ ചുവന്നു മിന്നി. സുറുമയിട്ട, കായലിന്റെ കയമുള്ള കണ്ണുകൾ തിളങ്ങി. തട്ടത്തിന്റെ കസവിൽ മൂട്ടവിളക്കിന്റെ കിരണങ്ങൾ ഇറങ്ങിവന്നു ചുംബിച്ചു. മയിലാഞ്ചിയിട്ട കൈകളും പാദങ്ങളും തീയായി ജ്വലിച്ചു. അവളുടെ വെളുത്തുതുടുത്ത കാൽവണ്ണയിൽ വെണ്ണനെയ്യുരുകി ആളുന്ന മൈലാഞ്ചിയിൽ വീണു.
മുല്ലപ്പൂവിന്റെ ഗന്ധമുയർന്നു.
ചാർമിനാർ സിഗററ്റിന്റെ ഗന്ധം മുല്ലപ്പൂവിന്റെ ഗന്ധത്തെ അകറ്റി.
അവൾ ഉണർന്നു.
കൈകൾ വിറച്ചപ്പോൾ കൈയിലുള്ള പാൽഗ്ലാസും വിറച്ചു. ഗ്ലാസ് പഴയ ഒരു സ്റ്റൂളിൽവെച്ചു. മണ്ണെണ്ണ വിളക്ക് ഗ്ലാസിന്റെ വലിയ നിഴൽ ഒരു തൊട്ടിപ്പോലെ മഞ്ഞച്ച ചുവരിൽ പ്രത്യക്ഷപ്പെടുത്തി.
അയാൾ ചിരിച്ചു. ചിരിച്ചപ്പോൾ പുഴു തിന്ന കറുത്ത പല്ലുകൾ കണ്ടു. ഒട്ടിയ കവിളുകൾ വികൃതമായി.
അയാളുടെ കൈകൾക്ക് കരുത്തില്ലായിരുന്നു. കൈത്തണ്ടയിൽ കറുത്ത രോമങ്ങളില്ലായിരുന്നു. മാംസപേശികൾക്ക് ബലമില്ലായിരുന്നു.
മണിയറയുടെ ചുമരുകൾ അവർക്ക് സാക്ഷിനിന്നു. അവൾ ഉണരാൻ തുടങ്ങുമ്പോഴേക്കും അയാൾ ഉറങ്ങി. അപ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ നിരാശ അവൾക്കനുഭവപ്പെട്ടത്.
ബലഹീനമായ കൈകൾക്കൊണ്ട് അയാൾ അവളെ കെട്ടിപ്പിടിച്ചപ്പോൾ അവൾക്ക് സുരക്ഷിതത്വം തോന്നിയില്ല.
കെട്ടിപ്പിടിച്ച സുരക്ഷിതത്വമില്ലാത്ത എത്രയോ രാത്രികൾ കടന്നുപോയി.
അങ്ങനെയുള്ള ഒരു രാത്രിയിൽ ഉറക്കംവരാതെ അവൾ കിടക്കുമ്പോൾ തുറന്നുകിടക്കുന്ന ജനാലയിലൂടെ ആ ഗന്ധം അകത്തു കടന്നു. മലയിറങ്ങിവന്ന കാറ്റ് കൊണ്ടുവന്ന പറങ്കിമാങ്ങയുടെ ഗന്ധം. ആ ഗന്ധം അഞ്ചുകൊല്ലംമുമ്പു നടന്ന ഒരു സംഭവത്തിലേക്ക് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി.
പണ്ടൊക്കെ ആ സംഭവം ഓർക്കുമ്പോൾ അവൾ ഞെട്ടിവിറയ്ക്കുക പതിവായിരുന്നു. എന്നാൽ ഇപ്പോൾ അതോർക്കുമ്പോൾ രോമാഞ്ചംകൊള്ളുക പതിവായി. കാലത്തിലൂടെ പരിണാമം വന്ന വികാരം സംഭവത്തിലെ വില്ലനെ നായകനാക്കി മാറ്റി.
അന്ന് പതിമ്മൂന്നു വയസ്സായിരുന്നു. മണ്ണിൽ അറിയാതെ സിന്ദൂരക്കുറി
വീഴ്ത്തിയ പ്രായം.
വീടിനടുത്തുള്ള വില്ല്യാപ്പള്ളി മലയിൽ പറങ്കിമാങ്ങ പൂത്തു കിടക്കുന്ന കാലം.
കുളിരു വീണുകൊണ്ടിരിക്കുന്ന പ്രഭാതത്തിൽ മാമ്പൂവിന്റെ മണവുമായി വന്ന കാറ്റ് അവളെ ഞെട്ടിയുണർത്തി.
മലയടിവാരത്തിലുള്ള ഓലപ്പുരയിൽനിന്ന് അവൾ പുറത്തിറങ്ങി. പറങ്കിയണ്ടി മോഷ്ടിച്ചെടുക്കുവാനായി അവൾ ഒരു കുട്ടയുമായി മലമുകളിൽ കയറി.
ജീർണ്ണിച്ച പറങ്കിമാങ്ങയുടെ ഗന്ധത്തിലൂടെ അവൾ നടന്നു.
പടർന്നു പന്തലിച്ച് പൂത്തുകിടക്കുന്ന പറങ്കിമാവിൻചുവട്ടിൽ അപ്പോഴും ഇരുട്ടായിരുന്നു.
അവൾ ചുറ്റും നോക്കി. ഒരു പള്ളിപ്പറമ്പുപോലെ മല വിജനമായിരുന്നു.
മാവിൻചോട്ടിൽ വീണുകിടക്കുന്ന അസംഖ്യം ചീഞ്ഞളിഞ്ഞ മാങ്ങയിൽനിന്ന് അണ്ടി പിരിച്ചെടുത്തു ധൃതിയിൽ തന്റെ കറുത്ത കുട്ടയിൽ ഇടുവാൻ തുടങ്ങി.
കരിയിലയിലൂടെ സഞ്ചരിക്കുന്ന ചോണനുറുമ്പുകൾ അവളുടെ കാലിലൂടെ മേലോട്ടു കയറുവാൻ തുടങ്ങി. കാലടികൾ കരിയിലയിൽ അമർത്തിച്ചവിട്ടി അവൾ ഉറുമ്പുകളെ തെറിപ്പിച്ചു. തെറിച്ചുപോവാത്തവയെ തുടയിലിട്ടു ഞെരിട്ടു. ഉറുമ്പിന്റെ ശരീരത്തിൽനിന്നു വാർന്നുവീണ അമ്ലത്തിന്റെ ഗന്ധം അവളുടെ നാസാദ്വാരങ്ങളെ വിരട്ടി.
താണുകിടക്കുന്ന പറങ്കിമാങ്കൊമ്പിലെ തുടുത്ത പറങ്കിമാങ്ങയിൽ കൈവെച്ചപ്പോൾ പിന്നിൽ കരിയിലകൾ അനങ്ങുന്നതു കേട്ടു.
തിരിഞ്ഞുനോക്കുന്നതിനുമുമ്പുതന്നെ അവൾ കനത്ത കരവലയത്തിനുള്ളിൽപ്പെട്ടുപോയി. കറുത്ത ചുരുണ്ട രോമങ്ങളുള്ള തടിച്ചു കൊഴുത്ത കൈകൾ.
ഹാജിയാരുടെ മകൻ അബ്ദുള്ള.
'കള്ളത്തീ, ഇത്ര നേരത്തേ കക്കാനെത്തിയോ നീ?' പിടിവിട്ടു ഒരടി അകലത്തിൽ മാറിനിന്നുകൊണ്ടു ചോദിച്ചു: 'എത്ര കാലമായി നിന്നെ പിടിക്കാനായി ഞാൻ പതുങ്ങിപ്പതുങ്ങി നടക്കുന്നു.'
പിടിവിട്ടതുതന്നെ തക്കമെന്നു കരുതി കുട്ടയും താഴെയിട്ട് അവൾ കുതിച്ചു. കരിയിലകൾ അട്ടഹസിച്ചു. പറങ്കിമാവിൻ കാട്ടിൽ ഇരുട്ട് ഓടിയെത്തി.
അവൾക്ക് നിലവിളിക്കാൻ ശക്തിയില്ലാതായി. ആരോ തന്നെ കൊളുത്തിട്ടുവലിക്കുംപോലെതോന്നി. മലയിലെ ഊടുവഴിയിലൂടെ, പറങ്കിമാവിൻകാട്ടിലൂടെ, വഴിയറിയാതെ കിതച്ചുകൊണ്ടവൾ ഓടി. തലയിലെ തട്ടം എങ്ങോ പറന്നുവീണു. ഉടുത്ത മുണ്ട് കാറ്റിൽ നാണമില്ലാതെ പാറി.
അവളുടെ നിഴൽപോലെ കനത്ത കാലടികൾ പറിച്ചെടുത്ത് അബ്ദുള്ളയും ഓടി.
കരിയിലയുടെ കിടക്കയിൽ അവൾ മലർന്നുവീണു. മലയുടെ മടിയിൽ പറങ്കിമാവിന്റെ കാടിനുള്ളിൽ അവൾ വീണു.
അവളുടെ അരികെ ഒരു രാക്ഷസനെപ്പോലെ, ഒരു തീവണ്ടിപോലെ, അബ്ദുള്ള നിന്നു കിതയ്ക്കുന്നു. അവളുടെ തളർന്ന ഭീതിപൂണ്ട കണ്ണുകളിൽ അവൻ വ്യക്തമായി നിഴലിച്ചു.
താൻ കിടക്കുന്ന മല തന്റെ ദേഹത്ത് ഇടിഞ്ഞുവീഴുന്ന പോലെ അവൾക്ക് തോന്നി.
പിന്നെ മുളങ്കാട്ടിനുള്ളിൽ പച്ചമുള കീറുന്ന പ്രതീതിയാണുണ്ടായത്.
ഒരു വനരോദനം കണക്കെ അവൾ ഹൃദയം നൊന്തുകൊണ്ടപേക്ഷിച്ചു:
'ഹന്നെ കൊല്ലല്ലേ!
ഹെന്നെ കൊല്ലല്ലേ!...'
ആ അബ്ദുള്ളയുടെ മുഖം എത്രയോ വർഷങ്ങൾക്കുശേഷം അവളുടെ മനസ്സിൽ തെളിഞ്ഞുവരുന്നു. ആ മുഖം ഒരു പാമ്പിനെപ്പോലെ ആടുന്നു.
അവളുടെ ഭർത്താവ് ഉറക്കത്തിൽ എന്തോ സംസാരിച്ചു. സ്വരം അവ്യക്തമായിരുന്നു.
വാരിയെല്ലുകൾ എഴുന്നുനിൽക്കുന്ന രോമമില്ലാത്ത അയാളുടെ മാറിലേക്ക് അവൾ അവജ്ഞയോടെ നോക്കി. ആ സമയത്ത് മലമുകളിലെ അബ്ദുള്ളയെ അവൾ അഭിമാനപൂർവം ഓർത്തു.
ഓർത്തപ്പോൾ കല്ലുപോലെ കിടക്കുന്ന മുലയുടെ കണ്ണുകൾ ഞെട്ടി.
അവൾ എഴുന്നേറ്റു മുറിയിൽനിന്നു പുറത്തുവന്നു. അസ്വസ്ഥതയോടെ മുറ്റത്തിറങ്ങി.
കടലിൽ പോകുന്ന അവളുടെ ഉപ്പ കോലായിൽ വലയ്ക്കു കീഴിൽ തളർന്നുറങ്ങുന്നു.
അവൾ തൊടിയിലൂടെ നടന്നു. നിലാവു അസ്തമിക്കാറായിരിക്കുന്നു. മരങ്ങളുടെ ക്ഷീണിച്ച നീണ്ട നിഴലുകൾ കെട്ടിപ്പിടിച്ചു കിടക്കുന്നു.
അവൾ മലയടിവാരത്തിലെത്തി. മാമ്പൂവിന്റെയും ചീഞ്ഞളിഞ്ഞ മാങ്ങയുടേയും ഗന്ധം കാറ്റിൽ തങ്ങിനിന്നു. അവൾ മലകയറി മലമുകളിലെത്തിയിട്ടും തടിച്ചുകൊഴുത്ത കണങ്കാലുകൾ ക്ഷീണിച്ചില്ല.
അവൾ പാവാട ഊരിയെറിഞ്ഞു. മുലക്കച്ചയുടെ കെട്ടഴിച്ചിട്ടു.
ചിഞ്ചിലെന്നും ചിലചിലെന്നും
കാൽപ്പടത്തിന്റോശ.
ഓശകേട്ട് മാമലിയാർ
പിന്തിരിഞ്ഞു നോക്കി.
അവളുടെ ചുണ്ടുകളിൽ ഒരു കുറത്തിപ്പാട്ടിന്റെ ഈരടികൾ തങ്ങിനിന്നു.
അവൾ കരിയിലകൾ ചവിട്ടി ശബ്ദമുണ്ടാക്കി. മാവിൻകൊമ്പുകൾ പിടിച്ചു കുലുക്കി.
നിലാവസ്തമിച്ചു.
അവൾ ഇരുണ്ട മാങ്കുട്ടത്തിനുള്ളിലൂടെ ശബ്ദമുണ്ടാക്കിക്കൊണ്ടു സഞ്ചരിച്ചു. പിന്നിൽനിന്ന് കാലടിയൊച്ച കേൾക്കാനായി അവളുടെ കാതുകൾ കാത്തുകിടന്നു.
അവൾക്കുറക്കെ വിളിച്ചുപറയാൻ തോന്നി:
അബ്ദുള്ളേ, ഓടിവരൂ!
പക്ഷേ, അബ്ദുള്ള വന്നില്ല. അബ്ദുള്ളയുടെ കാലടിയൊച്ച കേട്ടില്ല.
ചോണനെറുമ്പുകൾ അരിച്ചരിച്ചു മേലോട്ടു കയറി. അവൾ കാൽ കുടഞ്ഞില്ല.
അവൾ കിതച്ചു. മാറിടം ഉയരുകയും താഴുകയും ചെയ്തു.
ചോണനെറുമ്പുകൾ പൊതിഞ്ഞുകിടക്കുന്ന മാവിൻതടിയെ മാറോടു ചേർത്തു കെട്ടിപ്പിടിച്ചുകൊണ്ടവൾ കരഞ്ഞു.
'മലമുകളിലെ അബ്ദുള്ളേ,
എന്റെ അബ്ദുള്ളേ!'
(1971)