'പടത്തിന്റെ ഫിലിം ഉരുക്കി വെള്ളിയാക്കി എന്നുകേട്ടു',പത്മരാജന്റെ ചോദ്യത്തിന് കെ.ജി ജോര്‍ജിന്റെ മറുപടി

#അനന്തപത്മനാഭന്‍
പത്മരാജന്‍, കെ.ജി ജോര്‍ജ്‌
പത്മരാജന്‍, കെ.ജി ജോര്‍ജ്‌

രാപ്പാടികളുടെ ഗാഥ ആശുപത്രിച്ചൂരുള്ള ഒരോര്‍മ്മയാണ്; നട്ടെല്ലിനു താഴെ ഒരു സൂചിമുനക്കയറ്റത്തിന്റെ നീറിപ്പുളച്ചിലാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അവിട്ടം തിരുനാള്‍ ആശുപത്രിയുടെ മൂന്നാം നില. അഞ്ചര വയസ്സുകാരനായ എന്നെയും ചുമന്നു കയറിയപ്പോള്‍ അച്ഛന്‍ അണയ്ക്കുന്നുണ്ടായിരുന്നു. ആരോഹണത്തിനിടെ ശ്വാസം കിട്ടാന്‍ ഒരു നിമിഷം നിന്നു.

അഞ്ചരവയസ്സില്‍ കാല്‍മുട്ടുകളില്‍ നീര്‍വീക്കവും പനിയുമായി റൂമാറ്റിക് ഫിവര്‍ എന്നെ ഗ്രസിച്ചു. നാല്‍പ്പതുകളില്‍ വച്ച് ഹൃദയാഘാതം കവര്‍ന്നെടുത്ത രണ്ടു വലിയച്ഛന്‍മാരുടെ പാരമ്പര്യം. ഫീവറിന്റെ അടുത്ത പടി റുമാറ്റിക് ഹാര്‍ട്ട് ആണെന്ന പരിമിത അറിവില്‍, മരണങ്ങളുടെ മരവിപ്പില്‍ നിന്ന് മോചിതമാകാത്ത കുടുംബം പരിഭ്രാന്തിയിലായി.

പിന്‍ഭാഗത്ത് പെന്‍സിലിന്‍ സൂചി തുളയിട്ടു കയറുമ്പോള്‍ ഞാന്‍ അലമുറ വച്ചു. അമ്മ കരയുന്നതും അച്ഛന്റെ കണ്ണുകള്‍ നിറയുന്നതും ഞാന്‍ കണ്ടു. അന്നൊരിക്കല്‍ ആന്റണി എന്നൊരു കറുത്ത മനുഷ്യനും രാമഭദ്രന്‍ തമ്പുരാന്‍ എന്ന തേജസ്വിയായ നരച്ച മുടിക്കാരനും അച്ഛനോടൊപ്പം എന്നെ കാണാന്‍ ആശുപത്രിയില്‍ വന്നിരുന്നു.

അച്ഛന്‍ രാപ്പാടികളുടെ ഗാഥ എഴുതുന്ന കാലമായിരുന്നു അത്.
ഒപ്പം വന്ന മനുഷ്യര്‍ ആ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും.
മൂന്നാഴ്ച്ചയ്ക്കു ശേഷം അസുഖം പൂര്‍ണ്ണഭേദമായി വീട്ടിലേയ്ക്കു മടങ്ങി. തുടര്‍ന്നുള്ള പത്തു വര്‍ഷവും മൂന്നാഴ്ച്ച കൂടുമ്പോള്‍ പിന്‍ഭാഗത്തെ സൂചികയറ്റത്തിന്റെ നീറ്റല്‍ പിന്തുടര്‍ന്നു.

പതിറ്റാണ്ടുകള്‍ക്കിപ്പുറം, അതേ ആശുപത്രിക്കെട്ടിടത്തിനടുത്തുള്ള കാന്‍സര്‍ സെന്ററിലെ കുട്ടികളുടെ വാര്‍ഡിന്റെ ഇടനാഴിയില്‍ ഞാനെന്റെ ഒന്നരവയസ്സുകാരന്‍ കുഞ്ഞിനെയും എടുത്തുനിന്നു. കാലം കനിവില്ലാതെ ആവര്‍ത്തിക്കുന്നത് ഞെട്ടലോടെ ഓര്‍ത്തു. പിഞ്ചുനട്ടെല്ലിലെ സൂചികയറ്റത്തില്‍ അവനോടൊപ്പം ഞാനും കരഞ്ഞു. നൂറ്റിയെട്ടു ദിവസങ്ങളുടെ പുളച്ചിലുകള്‍ക്കൊടുവില്‍ അതേ വാര്‍ഡ് അവനെ എന്നേയ്ക്കുമായി കവര്‍ന്നെടുക്കുമ്പോള്‍ ദൈവത്തെ പഴിച്ചു കരഞ്ഞു.

പിന്നെ കൃത്യം ഒരു വര്‍ഷം പിന്നിടുന്ന വേളയില്‍ അവന്‍ പുനര്‍ജ്ജനിച്ചപ്പോള്‍ (ഏതാണ്ട് അതേ രൂപത്തില്‍) പിഴവു തിരുത്തിയ ദൈവത്തോടു നന്ദി പറഞ്ഞു.
പറഞ്ഞുതുടങ്ങിയത് രാപ്പാടികളുടെ ഗാഥയെപ്പറ്റിയാണല്ലോ, (സ്വകാര്യ വൈകാരികത എനിക്കൊരു മാറാത്തൊല്ലയാണ്; പൊറുക്കുക.)
ആ സിനിമ കാണുന്നത് പിന്നീടെപ്പൊഴോ ആണ്. പാലക്കാട്ട്, ചിറ്റൂര് നെഹ്‌റു തിയറ്ററില്‍ ഒരൊഴിഞ്ഞ സന്ധ്യയ്ക്ക് കുറേ വര്‍ഷത്തിനിപ്പുറം. ചിറ്റൂര് എന്റെ  അമ്മവീട്; നെഹ്‌റു തിയറ്റര്‍ ഇന്ന് ഓഡിറ്റോറിയം.

ചെറുപ്രായത്തിന്റെ  ബ്ലാക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളിലും രണ്ടു തിളക്കങ്ങള്‍ മങ്ങാതെ നില്‍ക്കുന്നു; രണ്ടു രംഗങ്ങള്‍ - നായിക വിധുബാല നിറയെ പടിക്കെട്ടുകളുള്ള കെട്ടിടത്തിനു മുകളിലേയ്ക്കു കയറിപ്പോകുന്നു. ഒരു വളവു പിന്നിടുമ്പോള്‍ പടിക്കെട്ടുകള്‍ നിറയെ നൂറുകണക്കിനു കുഞ്ഞുങ്ങള്‍ ഇരുന്ന് 'അമ്മേ..' എന്നു വിളിച്ചു കരയുന്നു. അമ്മയാകാന്‍ ഇഷ്ടമില്ലാത്ത ഗാഥയുടെ മായക്കാഴ്ച്ചയോ സ്വപ്നമോ മറ്റോ ആണത്. പിന്നെ, സ്മരണീയമായ ചിത്രാന്ത്യവും. ഗാഥ ഭര്‍ത്താവുമായി പിണങ്ങി വീട്ടില്‍ വന്നു നില്‍ക്കുന്നു; പരിഷ്‌ക്കാരിയും വിദേശവാസിയുമായ മുറച്ചെറുക്കനുമായി ഒരു പുനര്‍വിവാഹത്തിന് വീട്ടുകാര്‍ അവളെ നിര്‍ബ്ബന്ധിക്കുന്നുണ്ട്. മുറച്ചെറുക്കന്‍ താന്‍ വാങ്ങിയ പുതിയ കാര്‍ ഗാഥയെ കാണിച്ചു. 'ഒന്നു ഡ്രൈവ് ചെയ്തു നോക്കട്ടെ,' എന്നു പറഞ്ഞ് അവളതു വാങ്ങി ഒന്നോടിച്ചു നോക്കി; പിന്നെ സ്പീഡ് എടുത്ത് വണ്ടി വീടിനു പുറത്തേയ്ക്ക്; അതു ചെന്നു നില്‍ക്കുന്നത് പിണങ്ങി നില്‍ക്കുന്ന ഭര്‍ത്താവിന്റെ വീട്ടുമുറ്റത്താണ്. ആ പുനഃസമാഗമത്തിന്റെ ട്വിസ്റ്റിലാണ് ശുഭാന്ത്യം.

അച്ഛന് തിരക്കഥയ്ക്കുള്ള ആദ്യ സംസ്ഥാന ബഹുമതി നേടിക്കൊടുത്തത് രാപ്പാടികളുടെ ഗാഥ ആണ്. ഹിപ്പീയിസത്തിന്റെ യും ഡ്രഗ്‌സിന്റെയും തിരകളില്‍ നീന്തിനടന്ന ഒരു പെണ്‍കുട്ടിയുടെ പരിണാമത്തിന്റെ  കഥ. ആറ്റിക്കുറുക്കിയ രംഗങ്ങളില്‍, ജീവസ്സുറ്റ ദൃശ്യവിന്യാസത്തില്‍ വളരെ മിനിമലിസ്റ്റ് ആയ ഒരു ട്രീറ്റ്‌മെന്റ് ആയിരുന്നു സംവിധായകന്‍ ജോര്‍ജ്ജ് അങ്കിള്‍ അതിനു പകര്‍ന്നത്.

പതയുന്ന യുവത്വത്തിന്റെ ഹരമായ ഏതോ പോപ് ഗാനത്തിന്റെ വരികളായിരുന്നു ചിത്രത്തിന്റെ ടൈറ്റിലിനു പ്രചോദനം എന്നാണ് ഓര്‍മ്മ.
മറന്നുപോയ ആ ചിത്രത്തെപ്പറ്റി കുറേ കാലത്തിനു ശേഷം ജോര്‍ജ്ജ് അങ്കിളിനോടു തിരക്കി. 'പടത്തിന്റെ ഫിലിം ഉരുക്കി വെള്ളിയാക്കി എന്നുകേട്ടു,' എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. 'നല്ല പടമായിരുന്നു,' എന്നു പറയുമ്പോഴും നഷ്ടവേദനയുടെ ഒരു നിഴലും ശബ്ദത്തിലില്ല.
മലയാളസിനിമയുടെ നവധാരയിലെ ഏറ്റവും ആധുനിക ചിന്തകളും ദര്‍ശനങ്ങളും ഉള്ള ഒരു സംവിധായകനും കഥാകാരനും പിന്നീടൊരിക്കലും സ്‌ക്രീനില്‍ ഒന്നിച്ചില്ല എന്നത് ചിന്തിപ്പിച്ചിട്ടുണ്ട്.
 
1979-ല്‍ മദിരാശിയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചത് ഓര്‍മ്മയുണ്ട്. ഉള്‍ക്കടല്‍ കാലത്ത് തിരുവനന്തപുരത്ത് സല്‍മ ആന്റിയെയും മുട്ടിലിഴയുന്ന അരുണിനെയും കൊണ്ട് ഞങ്ങളുടെ വീട്ടില്‍ അദ്ദേഹം വന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് അച്ഛന്റെ ഒരു അനുസ്മരണച്ചടങ്ങിന് അദ്ദേഹത്തിനൊപ്പം മുതുകുളത്തേയ്ക്കു പോകും വഴി ഒരു സ്ഥലത്ത് ഇറങ്ങി. രണ്ടു സ്‌മോളിന് ഓര്‍ഡര്‍ ചെയ്ത ശേഷം 'കഴിക്കുന്നോ?' എന്ന് എന്നോടു തിരക്കി. 'ഇല്ല' എന്ന് ആദരപൂര്‍വ്വം ഞാന്‍ പിന്‍വാങ്ങി. അച്ഛനോടോപ്പം ഉണ്ടായ ഏതൊക്കെയോ നല്ല നിമിഷങ്ങളെപ്പറ്റി പറഞ്ഞു ചിരിച്ചു. 
ഒരിക്കല്‍പ്പോലും ഓര്‍മ്മകളില്‍ കണ്ണുനനയുന്നതോ നിരുദ്ധകണ്ഠനാകുന്നതോ കണ്ടില്ല. വിഷമമുള്ളതൊന്നും അയവിറക്കാനിഷ്ടപ്പെടാത്ത, നല്ല ഓര്‍മ്മകളെ മാത്രം ചേര്‍ത്തു പിടിക്കുന്ന മനസ്സ്.

ഒരുപാടു നാളുകള്‍ക്കു ശേഷം കെ ബി വേണുവുമൊത്ത് തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് അദ്ദേഹത്തെ കണ്ടു.
'നീ കഴിക്കുന്നോടാ കുഞ്ഞേ?' എന്നു വാത്സല്യപൂര്‍വ്വം തിരക്കി. മടിച്ചു നിന്ന എന്നോട് ഒപ്പം കൂടാന്‍ ഇരുവരും നിര്‍ബ്ബന്ധിച്ചു.
'ഞങ്ങടെയൊക്കെ ഫാമിലീല് ഇക്കാര്യങ്ങളൊക്കെ ഫ്രീയാ,' എന്നു പറഞ്ഞു ചിരിച്ചു. തന്റെ പിതാവിനൊപ്പം മദ്യം കഴിച്ചിരുന്ന കഥ പറഞ്ഞു.
പിന്നെ അച്ഛനൊപ്പം ആസ്വദിച്ചിരുന്ന മദിരാശി നാളുകളെപ്പറ്റി..:..'We had a great time together... പത്മരാജനും അതു ശരിക്കും എന്‍ജോയ് ചെയ്തു..'
അതേ രക്തത്തോടൊപ്പമുള്ള ഈ പാനവേള കൊണ്ട് നമ്മള്‍ കാലത്തെ ചെറുതായി തോല്‍പ്പിക്കുന്നുണ്ട് എന്നു ഞാനോര്‍മ്മിപ്പിച്ചപ്പോള്‍ അതു ശരി വച്ചു കൊണ്ട് ഉറക്കെ ചിരിച്ചു.

ഞാന്‍ ശ്രദ്ധിച്ചു, കന്മഷമില്ലാത്ത, കരടുകണികയില്ലാത്ത തുറന്ന ആഹ്‌ളാദം...കണ്ണുനീര്‍ നനവില്ലാത്ത, ഇടര്‍ച്ച വീഴാത്ത ഓര്‍മ്മകള്‍...
ഹൃദയം തുറന്ന ആ ഹെഡോണിസ്റ്റ് ചിരിയില്‍ ഒരു നന്ദി പറച്ചിലുണ്ടെന്നു തോന്നി.

ദൈവത്തോട്..
തന്ന നല്ല വേളകള്‍ക്ക്...നല്ല കാലത്തിന്.
നന്ദി പറയേണ്ടത് നമ്മളാണ്.
കോലങ്ങളുടെ പച്ചയ്ക്ക്....പഞ്ചവടിപ്പാലത്തിന്റെ നര്‍മ്മശുഭ്രതയ്ക്ക്...യവനികയുടെ ചോരച്ചുവപ്പിന്...ഇരകളുടെ കറുത്ത മൂര്‍ച്ചയ്ക്ക്...ആദാമിന്റെ വാരിയെല്ലിലൂടെ പടുതി പൊളിച്ച മഴവില്‍ ശേലിന്.
കാലത്തിന്റെ ശീലയില്‍ കെ.ജി. ജോര്‍ജ്ജ് നിഷേധത്തോടെ കുടഞ്ഞിട്ട ശേലുകള്‍ കൂടുതല്‍ മിഴിവോടെ തിരിച്ചറിയാന്‍ പോകുന്നത് ഇനിയും വരും കാലം...
നമുക്ക് ഹൃദയപൂര്‍വ്വം നന്ദി പറയാം.

Content Highlights: K.G George, Ananthapadmanabhan, Padmarajan,. K.B Venu, Mathrubhumi Books