ജയിംസ് ബോണ്ട് സീക്രട്ട് ഫയൽസ്- ഇതവന്റെ മട തന്നെ | ക്രൈം നമ്പർ: 368/2021 ഊട്ടി ഫയൽ 19

യാത്രയിലുടനീളം ആദിൽഖാനും സംഘവും നേഹയുമായി അപരിചിതത്വം പാലിച്ചു. ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീ- അതായിരുന്നു എല്ലാവരുടെയും കാഴ്ചപ്പാടിൽ അവൾ. ആദിൽഖാൻ ഉൾപ്പെടെ അഞ്ചുപേരും സിവിൽ വേഷത്തിലായിരുന്നതിനാൽ ആരുടെയും അനാവശ്യശ്രദ്ധ അവരിലേക്കു തിരിഞ്ഞതുമില്ല.
റിമോട്ടിൽ ചലിക്കുന്ന റൊബോട്ടിനെപ്പോലെയായിരുന്നു നേഹ. യാത്ര തുടങ്ങും മുൻപ് സമറും ആദിൽഖാനും വിശദമായ പരിശീലനം നൽകിയിരുന്നു- യാത്രയിലുടനീളവും വിക്രോളിയിലെത്തിയതിനു ശേഷവും അഭിമുഖീകരിക്കാനിടയുള്ള പ്രതിബന്ധങ്ങൾ എന്തൊക്കെയാണെന്നും അത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും. അതേസമയം, മുംബൈ യാത്രയുടെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ നേഹയെ വിടാതെ പിന്തുടർന്നു. ഒടുവിൽ, അരവിന്ദിനോ അന്വേഷണ സംഘത്തിനോ അല്ല, ഈ യാത്രയുടെ ആനുകൂല്യം തനിക്കായിരിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിച്ചു. സത്യത്തിനു വേണ്ടിയാകട്ടെ ഈ യാത്ര. വിക്രോളി എല്ലാത്തിന്റെയും അവസാന പോയിന്റായി മാറട്ടെയെന്ന് അവൾ പ്രാർത്ഥിച്ചു.
നേത്രാവതിയിൽ മുംബൈ ലോകമാന്യ തിലക് ടെർമിനസിൽ ഇറങ്ങിയ ശേഷം, അരവിന്ദ് പറഞ്ഞതുപ്രകാരം ലോക്കൽ ട്രെയിനിലാണ് അവർ വിക്രോളിയിലേക്കു പോയത്. രണ്ടാം പ്ലാറ്റ്ഫോമിലെത്തിയ ട്രെയിനിൽനിന്ന് ഇറങ്ങി, നേഹ മുന്നിലും, നിശ്ചിത അകലം പാലിച്ച് ആദിൽഖാനും സംഘവും പിന്നിലുമായി, ഒന്നാം പ്ലാറ്റ്ഫോമിലേക്കു നടന്നു.
അരവിന്ദ് അടയാളമായി നിശ്ചയിച്ചിരുന്ന ഫുട്ഓവർ ബ്രിഡ്ജിന്റെ ചുവട്ടിലെത്തി നേഹ കാത്തുനിന്നു. ആൾക്കൂട്ടത്തിന്റെ ഭ്രമരവട്ടത്തിൽ, വ്യത്യസ്ത ഇടങ്ങളിൽ സ്വന്തം സൂക്ഷ്മവട്ടങ്ങളൊരുക്കി ആദിലും മറ്റുള്ളവരും നിലയുറപ്പിച്ചു. അവരെ ശ്രദ്ധിക്കാനോ ചുറ്റും പങ്കപ്പാടോടെ നോക്കാനോ പാടില്ലെന്ന് ആദിൽഖാൻ മുൻകൂട്ടി കർശനമായി നിർദ്ദേശിച്ചിരുന്നു.
കഷ്ടിച്ച് അഞ്ചു മിനുട്ട് കഴിഞ്ഞിരിക്കണം- അരവിന്ദിന്റെ ഫോൺ കോളെത്തി. കഴിഞ്ഞ തവണ കേട്ടതുപോലെ, സൗമ്യവും നിയന്ത്രിതവുമായിരുന്നു അയാളുടെ ശബ്ദം.
'രണ്ടുപേർ ഇപ്പോൾ അവിടെ വരും. നീ അവരോടൊപ്പം കാറിൽ കയറണം.'
അവൾ എന്തെങ്കിലും പറയുന്നതിനു മുമ്പ് കോൾ കട്ടായി.
ആദിൽഖാൻ നിൽക്കുന്ന ഭാഗത്തേക്ക് അവൾ അനിയന്ത്രിതമായി തിരിഞ്ഞെങ്കിലും, അടുത്ത നിമിഷംതന്നെ നോട്ടം പിൻവലിച്ചു. ആദിലിന്റെ വാക്കുകൾ അപ്പോഴും അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
'പ്രതീക്ഷിക്കാത്തതെന്തെങ്കിലും സംഭവിച്ചാൽ, മറ്റാരെങ്കിലും നിന്നെ തേടിയെത്തിയാൽ...നീ ഭയപ്പെടരുത്. അവർ പറയുന്നത് അനുസരിക്കുക. എതിർക്കാൻ ശ്രമിക്കരുത്. ഞങ്ങളെ തിരിഞ്ഞു നോക്കരുത്. ഞങ്ങൾ പിന്നാലെയുണ്ടാവും.'
ഒത്ത പൊക്കവും വണ്ണവുമുള്ള രണ്ടു ചെറുപ്പക്കാർ അടുത്തേക്കു വരുന്നത് കണ്ടപ്പോൾ അവൾ തലയുയർത്തി തയ്യാറായി നിന്നു. അവളുടെ മുന്നിലും പിന്നിലുമായി അവർ നിന്നു. ഇരുവരും നാലുപാടും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഒരാൾ അൽപ്പം കൂടി അടുത്തേക്കു നീങ്ങി, പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
'കം വിത്ത് അസ്.'
വിക്ഷുബ്ധമായ മനസ്സോടെയെങ്കിലും പ്രായോഗികമായ ശാന്തത കൈവിടാതെ, നേഹ പ്ലാറ്റ്ഫോമിൽനിന്നു പുറത്തേക്ക് അവർക്കൊപ്പം നടന്നു. അവിടെ ഒരു വെളുത്ത എസ് യു വി കാത്തുകിടക്കുന്നുണ്ടായിരുന്നു. അവർ അതിലേക്കു കയറി.
ഒരു നിമിഷം പോലും പാഴാക്കാതെ, വാടകയ്ക്കെടുത്ത ഇന്നോവയിൽ സുരക്ഷിതമായ അകലത്തിൽ ആദിൽഖാനും സംഘവും അവരെ പിന്തുടർന്നു.
നേഹ സഞ്ചരിക്കുന്ന വാഹനത്തിൽനിന്നു കണ്ണെടുക്കാതെ ആദിൽഖാൻ പറഞ്ഞു.
'അതിൽ അരവിന്ദില്ല. ഏതോ ക്വട്ടേഷൻ ടീമായിരിക്കാം.'
കാഴ്ചയുടെ പരിധിയിൽനിന്ന് നേഹയുടെ വാഹനം മറഞ്ഞാലും ആശങ്കപ്പെടാനില്ലായിരുന്നു. അവളുടെ ഫോൺ സൈബർ ടീമിന്റെ ട്രാക്കിംഗിലുണ്ട്. പ്രധാന റോഡുകൾ വിട്ട് ചിലന്തിവലപോലെ കൂട്ടിയിണക്കപ്പെട്ട ഉൾപ്പിരിവുകളിലേക്ക് വാഹനം നീങ്ങി. പ്രായം ചെന്ന മഴമരങ്ങളുടെ അപൂർവ്വനിരയുള്ള ഒരു പാതയിലാണ് അത് അവസാനിച്ചത്. അവിടെ, ആധുനിക പാനലുകളും ചില്ലുപാളികളും ചേർത്ത് പുതുക്കിപ്പണിത ഒരു പഴയ ഇരുനിലകെട്ടിടത്തിന്റെ ഗേറ്റിനുള്ളിലേക്ക് എസ് യു വി കയറിപ്പോയി.
പിന്നിൽ അൽപ്പം അകലെയായി ഇന്നോവ നിർത്തി ആദിൽഖാനും സംഘവും പുറത്തിറങ്ങി. കെട്ടിടത്തിനു മുന്നിൽ ആകർഷകമായ ബോർഡ് കാണാം-'ജയിംസ് ബോണ്ട് സീക്രട്ട് ഫയൽസ്- പ്രൈവറ്റ് ഇൻവെസ്റ്റിഗേഷൻസ് ആന്റ് കോർപ്പറേറ്റ് ഇന്റൽ.'
ആദിൽഖാന്റെ ചുണ്ടിൽ മന്ദഹാസം വിരിഞ്ഞു.
'ഇതവന്റെ മട തന്നെ.'
ജയിംസ് ബോണ്ട് ആരാധകനായ അരവിന്ദ് പുതുതായി തുടങ്ങിയ സ്ഥാപനമാണിതെന്ന് വേറെ വിശദീകരണം ആവശ്യമില്ലായിരുന്നു. പ്രതീക്ഷിച്ചതുപോലെ, റിസപ്ഷനിൽ നിന്നുതന്നെ തുടങ്ങി എതിർപ്പിന്റെ സൂചനകൾ.
'ദിസ് ഈസ് എ പ്രൈവറ്റ് എസ്റ്റാബ്ലിഷ്മെന്റ്. യൂ കോൺട് ജസ്റ്റ് വാക് ഇൻ.'
അരവിന്ദിനെ അന്വേഷിച്ച്, അനുവാദത്തിനു കാത്തുനിൽക്കാതെ അകത്തേക്ക് കടക്കാനൊരുങ്ങിയ ആദിൽഖാനെ തടഞ്ഞ് റിസപ്ഷനിസ്റ്റ് ഒച്ചവച്ചു. അടുത്ത നിമിഷം- സുരക്ഷാ ജീവനക്കാരും നേഹയെ അവിടേക്ക് കൂട്ടിക്കൊണ്ടുവന്ന രണ്ടുപേരും ചേർന്ന് അവരെ തടയാൻ ശ്രമിച്ചു.
ഉന്തിലും തള്ളിലും തുടങ്ങിയ തർക്കം, പൊരിഞ്ഞ സംഘട്ടനത്തിലേക്കു നീങ്ങി. ടീമിലുള്ള നാലുപേർ അവരുമായി ഏറ്റുമുട്ടുമ്പോൾ, ആദിൽഖാൻ സമയം നഷ്ടപ്പെടുത്താതെ അരവിന്ദിന്റെ ക്യാബിനിലേക്കു കുതിച്ചു. ഇടനാഴിയുടെ മറുതലയ്ക്കൽ, ഫ്രോസ്റ്റഡ് നെയിംപ്ലേറ്റുള്ള ഗ്ലാസ് ഡോർ തള്ളിത്തുറന്നപ്പോൾ, തെല്ലു പരിഭ്രാന്തനായി നിൽക്കുന്ന അരവിന്ദിനെയാണ് അയാൾ കണ്ടത്. സമീപമുള്ള കസേരയിൽ, തുറിച്ച കണ്ണുകളോടെ നേഹയുമുണ്ട്.
'കേരള പോലീസ. '
ആദിൽഖാൻ ഐഡി കാട്ടി മുന്നോട്ടാഞ്ഞു.
'സീനുണ്ടാക്കാൻ നോക്കരുത്. സഹകരിക്കണം.'
കാര്യം മനസ്സിലാകാത്തതുപോലെ അരവിന്ദ് ക്ഷോഭിച്ചു.
'വാട്ടീസ് ദിസ്?'
അതു പറഞ്ഞുതീരും മുൻപേ ആദിൽഖാൻ മുന്നോട്ടു നീങ്ങി, അയാളുടെ കോളറിൽ പിടിച്ചു വലിച്ചടുപ്പിച്ചു. നേഹ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. അവളെ നോക്കി ആദിൽഖാൻ ആക്രോശിച്ചു.
'കമോൺ.'
പിടിയിൽനിന്നു മോചിതനാകാൻ അരവിന്ദ് കുതറി.
'.വെയ്റ്റ്, വെയ്റ്റ്... വാട്ടീസ് ദി ചാർജ്ജ്. അങ്ങനെ നിങ്ങൾക്കെന്നെ പിടിച്ചുകൊണ്ടുപോകാൻ പറ്റില്ല.'
ഈസമയം, രാജേന്ദ്രനും സത്യപ്രകാശും ധൃതിയിൽ മുറിയിലേക്കെത്തി. ഇനി പ്രതിരോധം ഫലിക്കില്ലെന്ന് അരവിന്ദിനു വ്യക്തമായി. അവർ ഇരുവശത്തും നിന്ന് അരവിന്ദിനെ ബലമായി വലിച്ചുനീക്കി പുറത്തേക്കു നടത്തി. പിന്നാലെ നേഹയ്ക്കൊപ്പം ആദിൽഖാനും.
അപ്പോഴും തല പിന്നിലേക്കു ചെരിച്ച് നേഹയെ തുറിച്ചു നോക്കാൻ അരവിന്ദ് മറന്നില്ല. അവൾ, പക്ഷേ, മുഖം കുനിക്കുകയോ കണ്ണു ചിമ്മുകയോ ചെയ്തില്ല. സങ്കീർണ്ണമായ മുഖഭാവത്തോടെ ഒപ്പം നടന്നു.
ഇന്നോവ സ്റ്റാർട്ട് ചെയ്തു നിർത്തിയിരുന്നു. അരവിന്ദിനെ അതിലേക്കു തള്ളിക്കയറ്റി അവർ യാത്രയായി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാനുള്ള സമയക്രമം മാത്രമേ വേണ്ടി വന്നുള്ളൂ, കൊച്ചിയിലേക്കു മടങ്ങാൻ.
അന്വേഷണത്തിന്റെ വഴിത്തിരിവുകളിലെല്ലാം നിഴൽസാന്നിധ്യമായിരുന്ന അരവിന്ദിനെ കയ്യിൽ കിട്ടിയ സന്താഷത്തിലായിരുന്നു ആദിൽഖാൻ. വിക്രോളിയിൽ അരവിന്ദ് പിടിയിലായതും കൊച്ചിയിലെ രഹസ്യതാവളെത്തിലെത്തിച്ചതും ഇൻവെസ്റ്റിഗേഷൻ ടീമൊഴികെ ആരും അറിയാതിരിക്കാൻ പഴുതടച്ചായിരുന്നു നീക്കങ്ങൾ. ജയിംസ്ബോണ്ട് സീക്രട്ട് ഫയൽസിലെ സഹപ്രവർത്തകർ പോലും പിന്തുടർന്നു വരാനിടയില്ല. ആരെങ്കിലും വന്നാൽത്തന്നെ സാഹചര്യം നോക്കി കൈകാര്യം ചെയ്യാമെന്ന നിലപാടിലായിരുന്നു സമർ ബനഡിക്ട്.
'തൽക്കാലം കസ്റ്റഡി രേഖപ്പെടുത്തണ്ട. ചോദ്യം ചെയ്യൽ നടക്കട്ടെ.'
കസ്റ്റഡിക്കു പിന്നാലെ അറസ്റ്റ് അനിവാര്യമാകുന്നതും നിയമം അനുശാസിക്കുന്ന സമയപരിധിക്കുള്ളിൽ കോടതിയിൽ റിമാന്റു ചെയ്യേണ്ടതുമെല്ലാം മുൻകൂട്ടി കണ്ട് സമർ ബനഡിക്ട് നിർദ്ദേശിച്ചു. മതിയായ വിവരശേഖരണം നടത്താതെ കോടതിയിൽ ഹാജരാക്കിയാൽ, പിന്നീട് കസ്റ്റഡിയിൽ വാങ്ങിയാലും നിയമപരമായ നിയന്ത്രണങ്ങൾ ചോദ്യം ചെയ്യലിനെ പരിമിതപ്പെടുത്തും. പൗരസ്വാതന്ത്ര്യത്തിനു മുൻഗണന നൽകുന്ന നിയമം പലപ്പോഴും സത്യം കണ്ടെത്താനുള്ള സമയത്തോടു വിരോധം പുലർത്തുന്ന പെൻഡുലമായി മാറും. അതൊഴിവാക്കാനാണ് അരവിന്ദിനെ രഹസ്യകസ്റ്റഡിയിൽ സൂക്ഷിച്ച് ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
ഒരു മണിക്കൂറോളം ആലോചിച്ചുറപ്പിച്ചാണ് തുടർപദ്ധതി സമറും ആദിൽഖാനും തയ്യാറാക്കിയത്. അന്നേ ദിവസം ചോദ്യം ചെയ്യൽ വേണ്ടെന്നും അയാളെ വിശ്രമിക്കാൻ ആനുവദിക്കാമെന്നുമായിരുന്നു തീരുമാനം.
'അവൻ പെട്ടെന്നു വഴങ്ങില്ല സാർ... സാവകാശം വേണം അവനെ കൈകാര്യം ചെയ്യാൻ.'
'യെസ,് ആദിൽ. തെലിപ്പുറത്തു മാത്രമല്ല, അവന്റെ അസ്ഥിവരെ തോണ്ടേണ്ടി വരും.'
കേവലം സംശയിക്കപ്പെടുന്ന വ്യക്തിയല്ല അയാൾ- കുറ്റകൃത്യത്തിൽ പങ്കുള്ളയാളാണ്. സ്വയരക്ഷയ്ക്കുള്ള പഴുതുകൾ നിലനിർത്തിയല്ലാതെ, സമ്മർദ്ദങ്ങൾക്കു വഴങ്ങി അയാൾ പ്രതികരിക്കുമെന്നു കരുതാനാവില്ല. അല്ലെങ്കിൽ സത്യത്തിൽനിന്ന് അകലം പാലിക്കാൻ നിശ്ശബ്ദതയെ ആയുധമാക്കും. അതിനാൽ അത്യന്തം ജാഗ്രതയോടെ വേണം സമീപിക്കാൻ.
അരവിന്ദിന്റെ ലക്ഷ്യം എന്തായിരുന്നു? അതു കൈവരിക്കാൻ സ്വീകരിച്ച മാർഗ്ഗങ്ങൾ എന്തൊക്കെയായിരുന്നു? എല്ലാം വ്യക്തമായശേഷം മാത്രമേ അയാളെ കോടതിയുടെ മുന്നിലെത്തിക്കാവൂ- സമർ നിർദ്ദേശിച്ചു.
അടുത്ത ദിവസമാണ് അറുപ്പുക്കോട്ടൈ മുത്തുവിന്റെ കസ്റ്റഡി അപേക്ഷയും കോടതിയിലെത്തുന്നത്. സമർ ഒരിക്കൽക്കൂടി ആദിൽഖാനെ കാര്യങ്ങൾ ഓർമ്മിപ്പിച്ചു.
'രണ്ടും കെയർഫുള്ളായി കൈകാര്യം ചെയ്യണം. മുത്തു ഈസ് എ ഹാർഡ് കോർ ക്രിമിനൽ. ഇറ്റ് ഈസ് ഓൾറെഡി പ്രൂവ്ഡ്.'
ആദിൽഖാൻ യാത്ര പറഞ്ഞിറങ്ങി. അരവിന്ദിനെയും മുത്തുവിനെയും താരതമ്യം ചെയ്യാൻ ശ്രമിച്ചുകൊണ്ട് സമർ ബനഡിക്ട് ഓഫീസിൽ കുറേ നേരം കൂടി ചെലവഴിച്ചു. നീതി നൂലുപോലെയാണ്- മെല്ലെ മുന്നേറുമ്പോഴും, അതിന്റെ പുരോഗതിയിൽ മറഞ്ഞിരിക്കുന്ന പഴുതുകൾ കണ്ടെത്തി നികത്തും. ആ നൂൽ അരവിന്ദിനെയും മുത്തുവിനെയും ഒരുപോലെ വരിഞ്ഞുമുറുക്കുമെന്നതിൽ സമറിന് സംശയമില്ലായിരുന്നു.
അപ്പോഴാണ് എമ്മ ഫെർണാണ്ടസിന്റെ മിസ്ഡ് കോൾ അയാളുടെ ശ്രദ്ധയിൽപ്പെട്ടത്. അയാൾ തിരിച്ചുവിളിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവരെ ഇതിനകം റൂമിലേക്കു മാറ്റിയിരുന്നു.
'ക്ഷീണമുണ്ട്. വിശ്രമിക്കണമെന്ന് ഡോക്ടർ പറയുന്നു. അത്രതന്നെ.'
രോഗവിവരത്തെ ലഘൂകരിക്കുന്ന വാക്കുകൾ പതിഞ്ഞ ശബ്ദത്തിലായിരുന്നെങ്കിലും, അതിനു വ്യക്തതയുണ്ടായിരുന്നു.
ആശുപത്രിയിലാണെങ്കിൽക്കൂടി എമ്മ വെറുതെ കിടക്കില്ലെന്ന് സംശയമുള്ളതുകൊണ്ട്, അതുറപ്പിക്കാനായി തമാശമട്ടിൽ സമർ ചോദിച്ചു.
'ശരിക്കും വിശ്രമം തന്നെയാണോ?'
ഫോണിലൂടെ എമ്മയുടെ ചെറുചിരി ഉയർന്നു.
'അത്യാവശ്യ ഫയലുകളൊക്കെ നോക്കുന്നുണ്ട്. ഫിലിപ്പ് കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. എമർജൻസി ഫയലുകളേ അയാൾ കൊണ്ടുവരൂ. അതെല്ലാം പെർഫെക്ടാണ്. വായിച്ചുനോക്കുക പോലും വേണ്ട. ജസ്റ്റ് സൈൻ ചെയ്യണം അത്രതന്നെ.'
'എന്നാലും... ഡോക്ടർ അഡൈ്വസ് ചെയ്ത റെസ്റ്റ് പീരിയഡ് കഴിഞ്ഞുമതിയായിരുന്നു അതൊക്കെ.'
'കഴിഞ്ഞ തവണ അങ്ങനെ കുറെ വെയ്റ്റു ചെയ്തതാണ്. എന്നിട്ടോ... ഫയലുകൾ കുന്നുകൂടി, പല ആക്ടിവിറ്റീസിനെയും അതു ബാധിച്ചു. ഇത്തവണ ആ പ്രശ്നമില്ല. ഫിലിപ്പ് എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട്.'
അതിനിടയിൽത്തന്നെ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച് എമ്മ ചോദിച്ചു. അക്കാര്യത്തിലുള്ള ആകാംക്ഷ കൊണ്ടാണ് അവർ സമറിനെ വിളിക്കാൻ ശ്രമിച്ചതു തന്നെ. നേരിൽ കണ്ട് എല്ലാം വിശദമായി പറയാമെന്ന് ഉറപ്പുനൽകി സമർ ഫോൺ വച്ചു.
(തുടരും)
Content Highlights: Adil Khan and his team track Neha and locate Arvind's secret office in Vikroli., Arvind is successfully captured and secretly brought to Kochi for interrogation., Samar Benedict plans a careful interrogation strategy before presenting Arvind in court., Emma Fernandez updates Samar from the hospital regarding ongoing case files.