തലച്ചോറിലിന്നെന്‍ ശവദാഹം!:എമിലി ഡിക്കിന്‍സണ്‍ കവിതയ്ക്ക് ആര്യ ഗോപിയുടെ വിവര്‍ത്തനം

#ആര്യ ഗോപി
ചിത്രീകരണം: ബാലു
ചിത്രീകരണം: ബാലു

തലച്ചോറിലിന്നെന്‍ ശവദാഹം!
തലങ്ങും വിലങ്ങും
വിലപിച്ചുഴര്‍ന്നവര്‍
ഹൃദയപ്പഴുതിലൂടൂര്‍-
ന്നിറങ്ങിപ്പോയ്!

ഒടുവിലൊന്നിരിയ്ക്കവേ
കണ്ടതോ; ഒരുവാക്കുരിയാടാത്ത
ചുടലക്കര്‍മ്മം.
പടഹധ്വനി മാത്രം
അകം പുറം 
മനസ്സോ അചേതനം.

സര്‍വ്വദിക്കും പിളര്‍ക്കുന്ന
മണിമുഴക്കങ്ങള്‍
ലോഹബൂട്ടിന്‍
ചവിട്ടേറ്റ് പിടയുമാത്മാവ്

ശവമഞ്ചമേന്തി-
ക്കടന്നുപോകുന്നവര്‍
ഞരങ്ങിപ്പിറക്കുന്ന
വഴിയെന്‍ മനപ്പാത.

നഭസ്സാകെ മൃത്യുതന്‍ നാദം
ചെവിയെന്ന പോല്‍ ഭൂലോകം

നിശ്ശബ്ദതയില്‍
മനുഷ്യനല്ലാതാകുന്നതിന്‍
വിലക്ഷണം
ആകെ തകര്‍ന്നടിഞ്ഞതിന്‍
അഭാഷണം.

നിലപാടിന്‍ കരുവാകെ-
വിണ്ടിതെന്നുള്ളിലെ-
യാഴത്തില്‍ പിന്നെയും മുങ്ങവേ...
വീഴ്ചയില്‍ ലോകത്തോടൊ-
ന്നെന്നപോലെ പരസ്പരം
തിരിച്ചറിവിലമര്‍ന്നിട്ടും...
 

Content Highlights: Arya Gopi, Translation, Emily Dckinson, Mathrubhumi