മറ്റൊരാൾ | കഥ | അഖില കെ.എസ്.

ചിത്രീകരണം: ഗിരീഷ് കുമാര്‍
ചിത്രീകരണം: ഗിരീഷ് കുമാര്‍

മഴക്കാലം. തകരഷീറ്റിന്റെ പുറത്ത് വെള്ളം വീഴുമ്പോഴുള്ള വൃത്തികെട്ട ശബ്ദം കേട്ടാണ് അഭയൻ രാവിലെ എഴുന്നേൽക്കാറ്. പല്ലുതേയ്ക്കാൻ ടെറസിലേക്കിറങ്ങുമ്പോൾ അരിമണികൾ വിതറുന്നതുപോലെ, താഴേക്കുള്ള പടികളിറങ്ങുമ്പോൾ മുട്ടായി വലിപ്പത്തിൽ, റോഡിലൂടെ നടന്നുപോകുമ്പോൾ ഉറുമിവീശുന്നതു പോലെ, സന്ധ്യക്ക് അടഞ്ഞ ശബ്ദത്തിൽ വിഷാദിപ്പിക്കുന്ന, രാത്രിയിൽ രാക്ഷസന്മാരെപ്പോലെ മുഴങ്ങുന്ന മഴ. അഭയന് മഴ ഇഷ്ടമാണ്. സന്ധ്യക്കൊഴിച്ച് എപ്പോൾ മഴ പെയ്താലും പരിഭവമില്ല. മുട്ടോളം വെള്ളത്തിൽ മാലിന്യങ്ങളെ വകഞ്ഞ് നടക്കേണ്ടി വന്നാലും ശപിക്കില്ല. പക്ഷെ വെയിൽ മങ്ങിത്തുടങ്ങുമ്പോൾ വീർപ്പുമുട്ടൽ തുടങ്ങും. നെഞ്ച് കനക്കും. ആരോടെങ്കിലും സങ്കടങ്ങൾ പറഞ്ഞ് പൊട്ടിക്കരഞ്ഞിരുന്നെങ്കിലെന്ന് തോന്നും. അങ്ങനെയാരും ജീവിതത്തിലേക്ക് വന്നില്ല, അതിനാൽ വിഷാദവും നിരാശയും ഒഴിഞ്ഞു പോയതുമില്ല.

താഴത്തെ നിലയിൽ വെള്ളം കയറിയാൽ ഉടമസ്ഥയായ മധ്യവയസ്‌കയും അവരുടെ രണ്ടാണ്മക്കളും മുകളിലെ ഒറ്റമുറിയിലേക്ക് വരും. അവർ പാവപ്പെട്ട സ്ത്രീയാണ്. അവരുടെ രണ്ടാണ്മക്കൾ- സായിയും ശരവണനും- വായിൽ വിരലിട്ടാൽ പോലും മിണ്ടാത്തത്ര സാധുക്കൾ. പക്ഷെ വെള്ളമിറങ്ങിപ്പോകുന്നതു വരെ സ്വസ്ഥതയുണ്ടാവില്ല. മുറിയുടെ മൂലകളിലെ പുസ്തകങ്ങളുടെയും മുഷിഞ്ഞ തുണികളുടെയും പ്ലാസ്റ്റിക് കുപ്പികളുടെയും കൂമ്പാരത്തിലേക്ക് അവർ ഇടയ്ക്കിടെ തുറിച്ചുനോക്കും, ശേഷം അഭയനെയും. ഒന്നും പറഞ്ഞില്ലെങ്കിലും ആ തുറിച്ചുനോട്ടം അസ്വസ്ഥതയുണ്ടാക്കുന്നതാണ്. സായിയും ശരവണനും കട്ടിലിൽ കുന്തിച്ചിരുന്ന് മഴ നോക്കും. എത്ര നേരം വേണമെങ്കിലും എങ്ങനെയിരിക്കും. കളിയില്ല, കളിപറച്ചിലില്ല. വിശക്കുമ്പോൾ മാത്രം ''അമ്മാ'' എന്ന് വിളിക്കും. അഭയൻ മേശക്കരികിലെ അംഗഭംഗം സംഭവിച്ച മരക്കസേരയിലിരുന്ന് ആ കുട്ടികളെ ശ്രദ്ധിക്കും. പത്തും പതിനൊന്നും വയസ്സുള്ള ആൺകുട്ടികൾ ഇങ്ങനെയാണോ പെരുമാറുക? ഈ പ്രായത്തിലേ നരച്ചു കൂടിയവരെപ്പോലെ? ഇത്രയധികം വിഷാദം ഇവർക്കെങ്ങനെയുണ്ടായി? അച്ഛനില്ല എന്നത് ശരി, പക്ഷെ അവർക്കമ്മയുണ്ടല്ലോ. അമ്മയ്‌ക്കൊരു ജോലിയുണ്ടല്ലോ, താമസിക്കാൻ ഒരു വീടുണ്ടല്ലോ, വാടകയ്ക്ക് കൊടുക്കാൻ ഒരു മുറിയുണ്ടല്ലോ, അവർക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നല്ലോ, കഴിക്കാൻ ഭക്ഷണം കിട്ടുന്നുണ്ടല്ലോ, ഒപ്പം കളിയ്ക്കാൻ സഹോദരനുണ്ടല്ലോ.. എന്നിട്ടും..

ചിത്രീകരണം:ഗിരീഷ് കുമാർ

കുട്ടികളെ പഠിക്കാൻ സഹായിക്കണോ എന്ന് മുൻപൊരു ദിവസം അയാൾ വീട്ടുടമസ്ഥയോട് ചോദിച്ചിരുന്നു. അവർ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി: ''വേണ്ട അഭയൻ, അവർ രണ്ടുപേരും മിടുക്കന്മാരാണ്. പഠിക്കാൻ എന്റെ പോലും സഹായം അവർക്കാവശ്യമില്ല. വൈകുന്നേരം ഞാനെത്തുമ്പോഴേക്കും അവരുടെ പഠിത്തവും ഹോം വർക്കുമെല്ലാം കഴിയും. ചിലപ്പോൾ രണ്ടുപേരും കൂടി വൈകുന്നേരത്തേക്കെന്തെങ്കിലും ഉണ്ടാക്കിക്കഴിക്കും. എനിക്കുള്ളത് എടുത്തുവെച്ചിരിക്കും. ദൈവമെന്നെ എപ്പോഴെങ്കിലുമൊരിക്കൽ പരിഗണിച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് അവരെ എന്റെ ജീവിതത്തിലേക്കയച്ചത്.''

അഭയൻ അത്ഭുതപ്പെട്ടു. കണ്ടാൽ അത്ര മതിപ്പ് തോന്നിക്കാത്ത, മിണ്ടാത്ത, ചിരിക്കാത്ത, കളിക്കാത്ത ആ കുട്ടികളെക്കുറിച്ചു തന്നെയാണോ ഇവർ പറയുന്നത്! അങ്ങനെയാണെങ്കിൽ എല്ലാ മനുഷ്യർക്കും ഏറ്റവും കുറഞ്ഞത് രണ്ടു ലോകങ്ങളുണ്ടാകും. ഒരു ലോകത്തിൽനിന്നും തികച്ചും വിഭിന്നനായ ആളാകും മറുലോകത്തിലുള്ളത്. വീടിനുള്ളിൽ ആ കുട്ടികൾ തികച്ചും വ്യത്യസ്തമായ ഒരു ജീവിതം നയിക്കുന്നു. പുറത്തുള്ളവർക്ക് ഊഹിക്കാൻ പോലും കഴിയാത്ത ഒന്ന്. അവിടെ അവർ അമ്മയെ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. മറ്റാരെങ്കിലും അവിടേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചാൽ ഉടനടി അവർ മറുലോകത്തെ ജീവികളായി രൂപാന്തരം പ്രാപിക്കും. എത്ര വിചിത്രം! പക്ഷെ അതീവ രസകരം.

അങ്ങനെയാണെങ്കിൽ മറ്റുള്ളവർ അഭയൻ എന്ന മനുഷ്യജീവിയെ എങ്ങനെയായിരിക്കും കാണുന്നത്? അവർക്കു മുൻപിൽ വെളിപ്പെടുന്ന അഭയൻ തീർച്ചയായും മറ്റൊരാളായിരിക്കും.

സായിയുടെയും ശരവണന്റെയും രഹസ്യലോകം എങ്ങനെയും നേരിൽ കാണണമെന്ന ആഗ്രഹം അഭയന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു നാളായി. അവരുടെ അമ്മയുടെ പേര് കൽപ്പനയെന്നാണ്. പൊട്ടിപ്പൊളിഞ്ഞ ഒരു റോഡും അതിനുമപ്പുറം ദുർഗന്ധം പടർത്തുന്ന ഒരോടയുമാണ് വീടിന്റെ മുൻഭാഗത്തുള്ളത്. പുറകുവശം ചതുപ്പാണ്. ഇരുവശവുമായി ധാരാളം വീടുകളുണ്ട്. എല്ലാം ഇതേമട്ടിലുള്ളത്. മഞ്ഞപ്പെയിന്റടിച്ചത്. സ്ഥിരമായി വഴിയിൽ കാണുന്ന ചിലരുണ്ട്. നേർക്ക് നേരെ വന്നാൽ പോലും ചിരിക്കാനോ സംസാരിക്കാനോ ആരും മുതിരാറില്ല. നിസ്സംഗമായ മുഖഭാവത്തോടെ അവരെല്ലാം അഭയനെക്കടന്നു പോയി. അവരിൽ ചിലർ ഒരിക്കൽ കയറുന്ന വീട്ടിലേക്കല്ലല്ലോ പിന്നീട് കയറുന്നത് എന്ന് ആദ്യമൊക്കെ അഭയൻ സംശയിച്ചിരുന്നു. പക്ഷെ പോകെപ്പോകെ മനസ്സിലായി. ഒരേഭാവമണിഞ്ഞണിഞ്ഞ് അവർക്കെല്ലാം ഒരേ മുഖം വന്നുപോയതാണെന്ന്. പിന്നീട് ആരെയും പ്രത്യേകമായി ശ്രദ്ധിക്കാതെയായി. ഏതൊക്കെയോ നാടുകളിൽനിന്ന് വന്നുകൂടിയ ആ മനുഷ്യരെല്ലാം ഒരുപോലെയായിരുന്നു. അപ്പോഴൊരു സംശയം വന്നുപെട്ടു. കുറച്ചു വർഷങ്ങളായില്ലേ ഇവിടേക്ക് വന്നിട്ട്? തന്റെ മുഖവും ഇതുപോലെയായിട്ടുണ്ടാകുമോ? മുറിയിൽ കണ്ണാടിയില്ല. മൊബൈൽ ഫോൺ വലിച്ചെറിഞ്ഞിട്ട് രണ്ടു വർഷമാകുന്നു. കല്പനയുടെ കയ്യിൽ കണ്ണാടിയുണ്ടാകില്ലേ? ഉടനെ തന്നെ അതറിയണമെന്ന തോന്നലുണ്ടായി. കല്പന പക്ഷെ ജോലിക്ക് പോയിട്ട് വരാറായിട്ടില്ല. കുട്ടികൾക്ക് അവധിദിവസമാണ്. മഴ നനഞ്ഞു കൊണ്ടുതന്നെ താഴേക്കിറങ്ങി. വാതിലിൽ മുട്ടി. വാതിലിന് പകരം ജനലിന്റെ മുകളിലെ പാളി തുറക്കപ്പെട്ടു. അത് തുറന്നത് ശരവണനാണ്.

''വാതിൽ തുറക്ക് ശരവണാ..''

ശരവണൻ തുറിച്ചു നോക്കി നിന്നതേയുള്ളൂ. അഭയനും നോട്ടം മാറ്റിയില്ല. അൽപനേരം കഴിഞ്ഞപ്പോൾ സായിയുടെ മുഖം കൂടി അവിടെ വന്നു.

ചിത്രീകരണം:ഗിരീഷ് കുമാർ

''നിങ്ങളെന്താ വാതിൽ തുറക്കാത്തെ? എന്നെ പേടിയാണോ? മഴക്കാലത്ത് മുകളിൽ എന്റെ മുറിയിലല്ലേ വന്നിരിക്കാറ്? അപ്പൊഴില്ലാത്ത പേടി ഇപ്പഴെന്തിനാ ?''

കുറച്ചു നേരം കൂടി കാത്തുനിന്നിട്ട് തിരികെ പോകേണ്ടി വന്നു. കൽപ്പന വരുമ്പോൾ അവർ പറയുമായിരിക്കും. എന്തിനാണ് അവിടേക്ക് ചെന്നതെന്ന് അന്വേഷണമുണ്ടാവുമായിരിക്കും. കണ്ണാടി ചോദിക്കാനായി ചെന്നതാണെന്ന് പറഞ്ഞാൽ അവർ വിശ്വസിക്കുമോ? ശരിക്കും അതിനായി മാത്രം ചെന്നതല്ലല്ലോ. എന്തായാലും അതുതന്നെ പറയാൻ തീരുമാനിച്ചു. മഴയില്ലാത്തപ്പോൾ സാധാരണ ചെയ്യുന്നത് പോലെ കസേര വലിച്ച് ടെറസിലിട്ട് പാരപ്പറ്റിന്റെ മുകളിൽ കാൽ കയറ്റിവച്ച് വായിക്കാൻ തുടങ്ങി. ഏറെ നേരം കഴിഞ്ഞപ്പോൾ കല്പനയുടെ ചുരിദാറിന്റെ ഇളം പച്ച നിറം നടന്നടുക്കുന്നതു കണ്ടു. മുറ്റത്തേക്ക് കയറുന്നതിന് മുൻപ് മുകളിലേക്ക് തല ചെരിച്ച് അവർ ഒന്നു നോക്കി. എന്നിട്ട് മുഖം കുനിച്ച് അകത്തേക്ക് കയറിപ്പോയി. വെയിൽ മങ്ങിത്തുടങ്ങി. സന്ധ്യച്ചുവപ്പിനൊപ്പം വിഷാദവും അരിച്ചെത്തി. തീച്ചൂട് മാറി മഴ പെയ്യാനുള്ള മട്ട് തുടങ്ങി. അഭയൻ താഴേക്കുള്ള പടികളിറങ്ങി. മുൻവാതിലിൽ മുട്ടി. ജനൽപ്പാളി കുറച്ചു മാത്രം തുറന്ന് കൽപ്പന നോക്കുന്നത് കണ്ടു. അഭയനെ കണ്ടതും അവർ ധൃതി പിടിച്ച് വാതിൽ തുറന്നു: ''എന്താ അഭയൻ? എന്തെങ്കിലും പ്രശ്‌നമുണ്ടോ?''

ചിത്രീകരണം:ഗിരീഷ് കുമാർ

അവരുടെ മുഖത്തെ പരിഭ്രമം പരിചയമുള്ളതായിരുന്നില്ല. തൊട്ടുമുന്നത്തെ വെള്ളപ്പൊക്കത്തിന്റെ സമയത്തു പോലും അവർ ഒട്ടും ഭയപ്പെട്ടില്ല. ''വെള്ളം ടെറസിന്റെ മുകളിൽവരെ ഇതുവരെയും കയറി കണ്ടിട്ടില്ല,'' മഴ കനക്കുമ്പോൾ അവർ ഇടയ്ക്ക് ആശ്വസിപ്പിക്കാനെന്ന വണ്ണം പറഞ്ഞു. അത്രമാത്രം. അതിനപ്പുറം ഒരിക്കലും പേടിയുടെ നിഴൽ പോലും കണ്ടിട്ടില്ല.

''ഇല്ല, പ്രശ്‌നമൊന്നുമില്ല,'' അഭയൻ ചിരിക്കാൻ ശ്രമിച്ചു, ''ഒരു കണ്ണാടി വേണമായിരുന്നു. ഇവിടെയുണ്ടാവുമല്ലോ, മുഖം നോക്കുന്ന കണ്ണാടി.''

''കണ്ണാടിയോ?'' കല്പന ഒരു നിമിഷം പരിചയമില്ലാത്തതെന്തോ കേട്ടതു പോലെ ആലോചിച്ചു. ''ഇല്ല, ഇവിടെ കണ്ണാടിയില്ല. അതിന്റെ ആവശ്യം വന്നിട്ടില്ല.''

''ഇല്ലേ?'' അഭയൻ അത്ഭുതത്തോടെ ചോദിച്ചു.

''ഇല്ല.'' കല്പന ഉറപ്പിച്ചു പറഞ്ഞു.

പിന്നീടവർ അനുവാദം ചോദിക്കുന്നതു പോലെ മെല്ലെ തലയാട്ടിക്കൊണ്ട് വാതിലടച്ചു.

അഭയന് അത്ഭുതം തോന്നി. ഒരു കണ്ണാടിയെങ്കിലുമില്ലാത്ത വീടുണ്ടാവുമോ? സ്ത്രീകൾക്ക് അവരുടെ മുഖം നോക്കി ഒരുങ്ങണമെങ്കിൽ, മുഖത്ത് പാടുകളോ കുരുക്കളോ വന്നോ എന്ന് നോക്കണമെങ്കിൽ, പുരുഷന്മാർക്ക് ഷേവ് ചെയ്യണമെങ്കിൽ... അത്രയുമെത്തിയപ്പോൾ അയാൾ ആലോചന നിർത്തി. ഷേവ് ചെയ്യാൻ അയാൾക്ക് കണ്ണാടി ആവശ്യമില്ലല്ലോ. അപ്പോൾ കണ്ണാടി ഇല്ലാതെ ഒരുങ്ങാനറിയുന്ന സ്ത്രീകളുമുണ്ടാവാം. അവർക്ക് സ്വന്തം മുഖം എപ്പോഴുമെപ്പോഴും കാണണമെന്ന് തോന്നലുണ്ടാവില്ല. അല്ലെങ്കിൽ തന്നെ പുതിയതരം മൊബൈലുകളിലെല്ലാം മുഖം നോക്കാനുള്ള സൗകര്യമുണ്ടല്ലോ. അഭയന്റെ കയ്യിലുണ്ടായിരുന്നത് അത്തരമല്ല. പഴയതാണ്, എന്നുവച്ചാൽ വളരെ പഴയത്. പണ്ട് പഠിക്കാനായി ഇവിടേക്ക് വണ്ടി കയറിയപ്പോൾ അച്ഛൻ വാങ്ങിയത്. അന്ന് മൊബൈൽ വാങ്ങാൻ മാത്രം പണം കയ്യിലുണ്ടായിരുന്നു. അമ്മയുടെ സ്വത്ത് വിറ്റ പണത്തിന്റെ മിച്ചം പിടിച്ചത്.

''എന്തിനാ അച്ഛാ ഇത്? ഇനിയും കടം തീർക്കാനില്ലേ?'' അഭയൻ ചോദിച്ചു.

''മോൻ ഇത്രേം ദൂരേക്ക് പോവുമ്പോ..'' അച്ഛൻ കരഞ്ഞു. ''അച്യുതന്റെ വീട്ടിലേക്ക് വിളിച്ചാ മതി. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഒന്നൂടെ വിളിക്കണം. ഞാനവിടെയുണ്ടാവും.''

പിന്നെ ഒരു തവണ കൂടി നാട്ടിലേക്ക് പോയി, ഏഴു മാസത്തിനു ശേഷം, അച്ഛൻ മരിച്ചെന്ന് വിളി വന്നപ്പോൾ. പിന്നീട് പോയിട്ടില്ല. പോയാൽ കാണാനായിട്ട് ആരും ഒന്നും അവിടെയില്ല.

അഭയൻ തിരികെ പടികൾ കയറിയില്ല. റോഡിലേക്കിറങ്ങി നേരെ നടന്നു. അവിടെയൊരു ചായക്കടയിൽ പറ്റാണ്. പണി കുറയുന്ന സമയത്ത് കുറച്ചു നാൾ വൈകിയാലും അവരൊന്നും പറയില്ല. ഒരച്ഛനും മകനും- വർഷങ്ങളോളം ചായ വിറ്റിട്ടും ഗതി പിടിക്കാത്തവർ. അല്ലെങ്കിലും മനസ്സിൽ കരുണ അധികമായുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല കച്ചവടം. അവർ ചതിക്കപ്പെട്ടുകൊണ്ടേയിരിക്കും.

ചായക്കടയുടെ മുന്നിലെത്തിയപ്പോൾ ശരിക്കും അങ്കലാപ്പായി. അത് പൂട്ടിക്കിടക്കുന്നു. അതടച്ചിടാൻ പറ്റുന്ന ഒരു മുറിയാണെന്ന് പോലും അയാളപ്പോഴാണ് ആലോചിച്ചത്. ആ ചായക്കട അടച്ചിടുന്ന ഒരു ദിവസത്തെപ്പറ്റി ഒരിക്കലും ആലോചിച്ചിട്ടില്ല. ഇനിയെന്താണ് ചെയ്യുക എന്ന് കുറച്ചുനേരം അന്ധാളിച്ചു നിന്നിട്ട് അയാൾ തിരികെ നടന്നു. അപ്പോൾ മഴ പെയ്യാൻ തുടങ്ങി. മുറിയിലെത്തിയപ്പോൾ തണുത്ത് വിറച്ചുപോയി. പിന്നേയ്, ആദ്യമായിട്ടല്ലേ മഴ നനയുന്നത്! സ്വയം പരിഹസിച്ചുകൊണ്ട് അയാൾ കട്ടിലിലേക്ക് മറിഞ്ഞു. അപ്പോൾ തന്നെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ അയാൾ ഭയാനകമായ സ്വപ്നങ്ങൾ കണ്ടു. അഭയൻ ഒരു നൂൽപ്പാലത്തിലൂടെ നടക്കുകയാണ്. താഴെ മുഴുവൻ തീയാണ്. അയാൾക്ക് പൊള്ളുന്നു. തല പുകഞ്ഞ് പൊട്ടുന്നത് പോലെ. ഒന്ന് കാൽ വഴുതിയാൽ അയാളെ ആ അഗ്‌നിഗോളങ്ങൾ വിഴുങ്ങും.

ഉണർന്നപ്പോൾ പകലിന്റെ മഞ്ഞവെളിച്ചം. പല തവണ കണ്ണു ചിമ്മിത്തുറന്നപ്പോൾ കണ്ടു; മുറിയിൽ മറ്റാരോ ഉണ്ട്. ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മനസ്സിലായി അത് സായിയും ശരവണനുമാണ്. സായി മുറി വൃത്തിയാക്കുകയാണ്. ശരവണൻ എന്തോ ഒരു പാത്രത്തിലേക്ക് പകർത്തുന്നു. അഭയൻ ഉണർന്നെന്ന് കണ്ടപ്പോൾ സായി താഴേക്ക് ഓടിപ്പോയി. ശരവണൻ അടുത്ത് വന്ന് കുനിഞ്ഞ് നെറ്റിയിൽ കൈവച്ചു. അഭയൻ സൂക്ഷിച്ചു നോക്കി. അവന്റെ കണ്ണുകളിൽ പരിചയമില്ലാത്ത ഒരു മുഖം. കവിളൊട്ടിയ, മുഖത്ത് കുറ്റി രോമങ്ങൾ നിറഞ്ഞ, മുടി കണ്ണുകൾവരെ നീണ്ട നിസ്സഹായനായ ഒരു ചെറുപ്പക്കാരൻ അവിടെനിന്ന് തുറിച്ചുനോക്കുന്നതായി അയാൾക്ക് തോന്നി. കരച്ചിൽ വന്നു. കല്പന സായിയുമൊത്ത് വന്നപ്പോൾ അയാൾ തലയിണയിൽ മുഖമൊളിപ്പിച്ചു വച്ചു.

കടുത്ത പനിയായിരുന്നുവത്രെ. അയാളെ ഒറ്റയ്ക്കാക്കണ്ടായെന്ന് കരുതി ഇന്നവർ മൂന്നുപേരും പോയില്ല. ശരവണനും സായിയും മാറിമാറി ദേഹം തുടച്ചെടുത്തപ്പോഴാണ് പനി കുറഞ്ഞത്.

''ഇനി മരുന്ന് കഴിക്കാം. എന്നിട്ടിത്തിരി കഞ്ഞി.'' സായി കൊണ്ടുവന്ന ഗുളിക കല്പന അയാളുടെ നേരെ നീട്ടി. ശരവണൻ വെള്ളവുമായി തൊട്ടടുത്തു നിന്നു.

അഭയൻ കുട്ടികളെ ഇരുവരെയും മാറി മാറി നോക്കി. മുമ്പത്തേതു പോലെ അവർ പ്രകടനങ്ങളില്ലാതെ നിൽക്കുന്നു. ഈ പനിക്കിടക്കയിൽനിന്ന് എഴുന്നേൽക്കട്ടെ. എന്നിട്ട് രണ്ട് കണ്ണാടി വാങ്ങണം; അഭയൻ തീരുമാനിച്ചു. ഒന്നയാൾക്കും ഒന്നവർക്കും. എഴുത്തുമേശയിൽനിന്ന് കണ്ണെത്തുന്ന അകലത്തിലായിരിക്കും അത് വയ്ക്കുക. അയാളുടെയുള്ളിൽ നിരവധി ചോദ്യങ്ങളുണ്ട്: ''കണ്ണാടീ, ചുമരിലെ കണ്ണാടീ, സത്യം മാത്രം പറയൂ..''

അന്നേരം കണ്ണാടിയിൽ പരിചയമൊട്ടുമില്ലാത്ത ഒരാളുടെ മുഖം തെളിയും. ഇരുവരും ഒരുമിച്ച് ഞെട്ടും. അഭയന് ചിരി വന്നു. പനി കൂടിയതാണോയെന്ന ഭയത്തോടെ കുട്ടികൾ അയാളുടെ നെറ്റിയിൽ തൊട്ടുനോക്കി.