'കൊതികൊണ്ട് ഞാന്‍ തന്നെ എനിക്ക് കാര്‍ഡ് അയച്ചിരുന്നു'; ദിവസേന പോസ്റ്റ് ഓഫീസില്‍ പോയ യൗവ്വനവർഷങ്ങൾ!

ലോക കത്തെഴുത്ത് ദിനത്തില്‍ തന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് എഴുത്തുകാരനായ അമല്‍.
സൈക്കിളില്‍ കിണി കിണി ബെല്ലടിച്ച് ഓണക്കാലത്തോടടുപ്പിച്ച് അമ്മൂമ്മയ്ക്ക് പെന്‍ഷനുമായി സ്‌റ്റൈലില്‍ വരുന്ന തലയും മീശയും നരച്ച പോസ്റ്റുമാന്‍ ആണ് തപാല്‍ വകുപ്പുമായി ബന്ധപ്പെട്ട ആദ്യ ഓര്‍മ. കാക്കി ഉടുപ്പും പാന്റും ധരിച്ച് നാട്ടുകാരോട് മൊത്തം കുശലം അന്വേഷിച്ച് വരുന്ന അങ്ങേര്‍ പോലീസ് ആണെന്നായിരുന്നു ചെറിയ കുട്ടിയായിരുന്ന എന്റെ വിചാരം. ഇറയത്തുവെച്ച നീല മഷിപ്പാഡില്‍ അമ്മൂമ്മയുടെ തള്ളവിരല്‍ അമര്‍ത്തി പെന്‍ഷന്‍ കടലാസില്‍ പതിപ്പിച്ച് പത്തും ഇരുപതും ഒക്കെ അടങ്ങുന്ന ഏതാനും നോട്ടുകള്‍ എണ്ണി നല്‍കി അയാള്‍ പോകാതെ ചിരിച്ചു ചിരിച്ചു നില്‍ക്കും. 'ഇതിരിക്കട്ട് ചായകുടിക്കിന്‍', എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു നോട്ട് നല്‍കി കഴിയുമ്പോള്‍ സന്തോഷത്തോടെ സൈക്കിളില്‍ കയറി ഉറക്കെ ബെല്ലടിച്ച് ഇടവഴിയുടെ അറ്റത്തേക്ക് മറയും. അമ്മൂമ്മ പോസ്റ്റുമാന്‍ നല്‍കിയ ആ പുണ്യപുരാതന സ്ലിപ്പ് റബ്ബര്‍ ബാന്‍ഡ് കെട്ടി സ്ഥാവരജംഗങ്ങള്‍ക്കിടയില്‍ പതുക്കും. അതില്‍ ഒരു സ്ലിപ്പ് പോലും ഇന്ന് അമ്മുമ്മയുടെ ഓര്‍മകള്‍ പോലെ തന്നെ, കാണാനില്ല. ഒരെണ്ണമെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്; ആ പഴയ ദിവസങ്ങളിലേക്ക് ഓര്‍മകള്‍ തിരിച്ചുവിടാന്‍.
Content Highlights: Writer Amal Pirappancode writes his memories on World letter writing day