'വായിക്കുമ്പോള്‍ ഞാനേറ്റവും കൂടുതല്‍ത്തവണ 'ദൈവമേ' എന്ന് വിളിച്ച പുസ്തകം'- കല്‍പറ്റ നാരായണന്‍

എല്ലാമുപേക്ഷിക്കാന്‍ നിര്‍ബന്ധിതനായാല്‍ ഞാനവസാനമായുപേക്ഷിക്കുക പുസ്തകമാണ്. ഭൂമിയില്‍ എന്റെ മാത്രം ലോകമുണ്ടായത് പുസ്തകം വായിച്ചു തുടങ്ങിയപ്പോഴാണ്. എന്റെ എല്ലാ ദോഷങ്ങളോടേയും എന്നെ കൈക്കൊണ്ട ഏക ബന്ധുവാണ്. എന്റെ ഭാര്യയേക്കാള്‍, കാമുകിയേക്കാള്‍ 'പൊസ്സസ്സീവ്‌നസ്സു'ണ്ട് പുസ്തകത്തിന് എന്ന് തോന്നിയിട്ടുണ്ട്. ഞാനില്ലെങ്കില്‍ അതില്ല. ഞാനില്ലാതാവുമ്പോള്‍ എന്റെ ഇഷ്ടപുസ്തകങ്ങളില്‍ എന്തെങ്കിലും ശേഷിക്കുമോ? അതുകൊണ്ടു കൂടി ഞാന്‍ സങ്കല്‍പ്പിക്കുന്നു എന്റെ ലൈബ്രറിയിലെ ഇനിയും വായിച്ചു മുഴുമിച്ചിട്ടില്ലാത്ത പുസ്തകങ്ങള്‍ കുറെക്കാലം കൂടി ഞാന്‍ ജീവിച്ചുകിട്ടാന്‍ വേണ്ടി ദൈവത്തോടപേക്ഷിക്കും. ഇതില്‍ച്ചില പുസ്തകങ്ങളിലേക്കെങ്കിലും കടക്കാനുള്ള പാസ്സ് വേഡ് എന്റെ കൈവശം മാത്രമേയുള്ളു. ഏറ്റവും കുറച്ചാളുകള്‍ വായിക്കുന്ന തരം പുസ്തകമാണെനിക്കിഷ്ടം, ഞാനനിവാര്യമായ ഇടങ്ങളില്‍ മാത്രമിരിക്കാനുള്ള എന്റെ മനഃപ്രവണത സാധിച്ചു തരാറുള്ളത് പുസ്തകമാണ്. എന്റെ ഏത് ചാപല്ല്യവും പുസ്തകം സഹിക്കും.
യാത്രയില്‍ മറ്റുള്ള പുസ്തകങ്ങളെല്ലാമുപേക്ഷിച്ച് ഒറ്റപ്പുസ്തകമേ എടുക്കാവൂ എന്ന് വന്നാല്‍ ആ യാത്ര ഞാനുപേക്ഷിക്കുകയേ ചെയ്യൂ. (കിന്റില്‍ വന്നതില്‍പ്പിന്നെ തികച്ചുമൊരു പുസ്തകത്തിന്റെ വ്യാപ്തിയോ ഭാരമോ അതിനില്ലാത്തതിനാല്‍ ഒരു പുസ്തകത്തിനുള്ള അനുവാദത്തെ എനിക്ക് കബളിപ്പിക്കാനായി). കമഴ്ത്തിയും മലര്‍ത്തിയും പേജ് മാര്‍ക്കറുകള്‍ വെച്ചും നായച്ചെവികള്‍ വെച്ചും (ഞാനുറങ്ങുമ്പോള്‍ നായച്ചെവികളൊട്ടി എന്റെ പുസ്തകങ്ങള്‍ നടക്കാനിറങ്ങും) എന്റെ വായനയുടെ പല ഘട്ടങ്ങള്‍ തരണം ചെയ്ത എത്ര പുസ്തകങ്ങളാണ് എന്റെ മേശപ്പുറത്ത്.? ഓരോ കാരണങ്ങളാല്‍ ഇതിലോരോന്നും 'എന്റെ പുസ്തകം ' രാവിലെ ഉണര്‍ന്ന പാടെ' The Zoo of the New' എന്ന കാവ്യസമാഹാരത്തില്‍ നിന്ന് ഏതെങ്കിലുമൊന്നോ രണ്ടോ കവിത, ഉമ്പര്‍ട്ടോ എക്കോയുടെ ലേഖന സമാഹാരത്തില്‍ നിന്നൊരു ലേഖനം, എഡ്വാഡോ ഗലീയാനോയോയുടെ ' ഹണ്ടര്‍ ഓഫ് സ്റ്റോറീസി' സില്‍ നിന്നൊന്നോ രണ്ടോകുഞ്ഞു കഥകള്‍, വി.രവികുമാര്‍ വിവര്‍ത്തനം ചെയ്ത് ഇന്നലെ മുന്നിലെത്തിയ ' ഏത് ഭാഷയിലാണ് ഞാന്‍ നിനക്കെഴുതേണ്ടത് 'എന്ന പ്രണയ ലേഖനസമാഹാരത്തില്‍ നിന്നൊരു പ്രണയലേഖനം, അപ്പോഴേക്കും എന്നോട് നീരസത്തിലായിത്തുടങ്ങിയ ലാവോട് സെയുടെ താവോ തേ ചിങ്ങില്‍ നിന്നൊരു ഖണ്ഡം...ഇതിലേതിനെ ഞാന്‍ അവഗണിക്കും? എനിക്ക് ഇഷ്ടപുസ്തകങ്ങളേ ഉള്ളൂ, ഇഷ്ട പുസ്തകമില്ല.
എങ്കിലും ആശിച്ച് കയ്യിലെടുത്ത പുസ്തകങ്ങളിലൊന്നിന്റെ ആദ്യ പതിപ്പ് ഇതാണെന്റെ പ്രിയ പുസ്തകമെന്ന് തോന്നിച്ചിട്ടുണ്ട്. അത് 'ഖസാക്കിന്റെ ഇതിഹാസം തന്നെ. മാധവിക്കുട്ടിയും എം ടിയും ടി പത്മനാഭനും കഥയുടെ ഭാഷയെ കവിതയോടുടുപ്പിച്ചു എന്ന് തോന്നിച്ചിട്ടുണ്ട്. പക്ഷെ ആദ്യന്തം കാവ്യ ഭാഷയിലെഴുതിയ ആദ്യ മലയാള നോവല്‍ ഖസാക്കാണ്. ഇന്നെനിക്ക് ഖസാക്ക് ഹൃദിസ്ഥമാണ്. കൂമന്‍ കാവില്‍ ബസ്സിറങ്ങിയപ്പോള്‍ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. എത്രാമത്തെ മാറ്റിയെഴുതലിന് ശേഷമാവാം ഈ ആദ്യവാക്യം അവിടെ ഇടം പിടിച്ചത്. എല്ലാ വാക്യങ്ങളും അതീവ നിഷ്‌ക്കര്‍ഷയോടെയാണ് വിജയനെഴുതുക. ഭര്‍ത്താവിന് തന്നില്‍ വീണ്ടും സ്‌നേഹം വരുത്താനായി ഗോപാലുപ്പണിക്കരെ സമീപിച്ച ചെട്ടിച്ചിക്ക് തന്റെ യാതനയില്‍ ചാലിച്ച മരുന്നാണ് ഗോപാലുപ്പണിക്കര്‍ നല്‍കുന്നത്.'' കുളിച്ച് കുറിതൊട്ട് ഗോപാലുപ്പണിക്കര്‍ ജപിക്കാനിരുന്നു. ചാന്തും ചെറുതേനും കണ്‍മഷിയും ചാലിച്ചു ചേര്‍ത്ത ഒരു ചെപ്പ് മുന്നിലിരിക്കുന്നു. അയാളതിമ്മേല്‍ കൈപ്പടം വെച്ചു. ഗോപാലപ്പണിക്കര്‍ രുഗ്മിണിയുടെ വിളറിയ മുഖം കണ്ടു ചുണ്ടുകള്‍ ചോര വാര്‍ന്ന് വെളുത്തിരുന്നു. അയാള്‍ അവയെ ചെറുതേനില്‍ നനച്ചു. കണ്ണുകളില്‍ മയ്യെഴുതി ക്കൊടുത്തു. വിയര്‍ത്തു തണുത്ത നെറ്റിമേല്‍ ചാന്തു തൊടിച്ചു.' വായിക്കുമ്പോള്‍ ഞാനേറ്റവും കൂടുതല്‍ത്തവണ ദൈവമേ എന്ന് വിളിച്ചത് ഖസാക്കിന്റെ വായനയിലാണ്. വിജയന്റെ എഴുത്തിന്റെ റെസിപ്പി എനിക്കിഷ്ടമായി. ഞാനത് കൈക്കൊണ്ടു. കവിത, ദര്‍ശനം, നര്‍മ്മം, വേദന...
Content Highlights: world bookday 2024 kalpetta narayanan writes