നൂറിലേറെ ഇഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇപ്പോള്‍ എടുത്തത്; ലോകത്തിനാവശ്യം ഒന്നിലധികം ഇഷ്ടങ്ങള്‍!

ലോകപുസ്തകദിനത്തില്‍ ഉണ്ണി ആര്‍ എഴുതുന്നു.
രണ്ട് ഭാഗങ്ങളുള്ള ജീവചരിത്രത്തിന്റെ രണ്ടാം ഭാഗം മാത്രം കിട്ടുക. ഒന്നാം ഭാഗം അന്വേഷിച്ച് ഒടുവില്‍ രണ്ടാം ഭാഗം ആദ്യം വായിക്കുക. വായിച്ചു തീര്‍ന്ന് ഒന്നാം ഭാഗത്തിനായി വീണ്ടും അന്വേഷണം തുടങ്ങുക. പതിവ് നിരാശയില്‍ ആ നടത്തം അവസാനിക്കുക. പ്രൊഫ. സി.കെ. മൂസ്സത് രചിച്ച വള്ളത്തോളിന്റെ ജീവചരിത്രത്തിനു പിന്നാലെയായിരുന്നു ഈ അലച്ചില്‍. കഴിഞ്ഞ മാസം തിരുവനന്തപുരം പബ്ലിക് ലൈബ്രററിയിലേക്ക് കയറും മുന്‍പ് പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന നിരക്കച്ചവടര്‍ക്കാര്‍ക്കിടയിലേക്ക് പോയി. ഇയ്യിടെയായി പണ്ടേ പോലെ അവിടേയ്ക്ക് പോകാറില്ല. കാലുകളെ അവിടേയ്ക്ക് ഗതി തിരിച്ചതാരന്ന് നിശ്ചയമില്ല.
നടന്നു. പഴയ പുസ്തകത്തട്ടില്‍ നിറഞ്ഞ ചിരിയോടെ (ഈ ചിരിനോക്കൂ, ഇത്ര നാള്‍ കഷ്ടപ്പെടുത്തിയതിലെ ഒരു കുസൃതിയില്ലേ?)വള്ളത്തോള്‍! ഒരു പ്രൊഫ.പി. സേതുനാഥിന്റെ കൈവശമുണ്ടായിരുന്ന പുസ്തകമാണ്. കാലപ്പഴക്കം കൊണ്ട് കടലാസുകള്‍ ഇരുണ്ടിട്ടുണ്ട്. വായിച്ചു തീരുമ്പോള്‍ വള്ളത്തോള്‍ ആകാരം കൊണ്ടും ജ്ഞാനസാഗരമായും നിറഞ്ഞു. വള്ളത്തോളിനെ അറിയുവാന്‍ ഇതിലേറെ നല്ലൊരു പ്രവേശിക ഇല്ല. അറിയുംതോറും വര്‍ദ്ധിക്കുന്ന ബഹുമാനം മുന്നേപോയ മഹാത്മക്കള്‍ക്കുള്ള ദക്ഷിണ കൂടിയാണ്. ചങ്ങമ്പുഴയോടുള്ള പരിഹാസം നിറഞ്ഞ വര്‍ത്തമാനം. ടാഗോറുമായുള്ള കൂടിക്കാഴ്ച. പ്രസംഗത്തിലെ മൂര്‍ച്ച. അന്വേഷിച്ച് നടന്നതിന്നൊടുവിലെത്തിയ സന്തോഷം ഏറെ പ്രിയമുള്ളതാക്കുന്നു ഈ ജീവചരിത്രത്തെ. നൂറിലേറെ ഇഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഇപ്പോള്‍ എടുത്തത് ഇത്. ഒന്നല്ല ഒന്നിലധികമാവുന്ന ഇഷ്ടമാണ് ലോകത്തിനാവശ്യം. ഇതില്‍ ആ 'ഇഷ്ടങ്ങള്‍' എന്ന ബഹുവചനം കൂടിയുണ്ട്.
Content Highlights: world book day 2024 unni r writes