എന്റെ പുസ്തകം ; എന്നോടൊപ്പം തുടരുകയും എനിക്കൊപ്പമില്ലാതാവുകയും ചെയ്യുന്ന ഒന്ന്!

'എന്റെ പുസ്തകം' ഒരു വസ്തുവല്ല. അത് കടയില്‍ നിന്ന് കാശുകൊടുത്ത് വാങ്ങാനാവില്ല. ആവശ്യപ്പെട്ട് വരുത്താനാവില്ല. കടയലമാരയിലോ ഗ്രന്ഥപ്പുരയിലോ വെച്ചിരിക്കുന്ന പുസ്തകമല്ല അത്. 'എന്റെ' എന്നതിലെ 'ഞാന്‍' വായനയാളാണ് (reader). വായനയാള്‍, തന്നെ ആകമാനം ഉണര്‍ത്തുന്ന ഒരു പുസ്തകത്തിന്റെ പ്രതീക്ഷയിലാണ് ജീവിക്കുന്നത്. തന്റെ വിചാരജീവിതത്തെയും വികാരജീവിതത്തെയും, വ്യക്തിജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും, ഉണര്‍ത്തുന്ന പുസ്തകമാണ് അത്. അതിനായുള്ള അന്വേഷണമാണ് വായന.
വായിക്കുമ്പോള്‍ 'എന്റെ പുസ്തകം' അറിയാതെ ഉണ്ടാക്കുകയാണ് 'ഞാന്‍'. ഓരോ വായനയാളും ശ്രദ്ധിക്കുന്നത് ഓരോന്നായിരിക്കും. 'എന്റെ പുസ്തകം ' ഒരു പുസ്തകം തന്നെ ആകാനിടയില്ല. വായനാജീവിതത്തില്‍ നിന്ന് കിട്ടുന്ന അനുഭവാനുഭൂതികളുടെ സാകല്യമാണ് 'എന്റെ പുസ്തകം'. അത്രമേല്‍ സ്വകാര്യമാണത്, ഒരര്‍ത്ഥത്തില്‍. ആ പുസ്തകത്തില്‍ പല പല പുസ്തകങ്ങളുടെ സഞ്ചാരങ്ങള്‍ ഉണ്ടാവും. അതില്‍ പല പല നാടുകളുടെ അടയാളങ്ങള്‍ ഉണ്ടാവും. പല പല ഭാഷകള്‍ അതില്‍ ഉണര്‍ന്നുനില്പുണ്ടാവും. നിര്‍ണ്ണായകമായിരിക്കുന്നത് വായനയാളിന്റെ മനോനിലയാണ്. അതിനാല്‍ 'എന്റെ പുസ്തകം' അനന്യമായ ഒന്നാണ്. അതിന് നിജമായ ഉടമസ്ഥതയുണ്ട്. എന്നാല്‍ പകര്‍പ്പവകാശത്തിന്റെ വിഷയം വരുന്നില്ല. മറ്റൊരാള്‍ക്ക് അത് പകര്‍ത്ത നാവില്ല. ഓരോരുത്തരും താന്താങ്ങളുടെ 'എന്റെ പുസ്തകം' ഉണ്ടാക്കിക്കൊണ്ടാണ് ജീവിക്കുന്നത്.
ഔപചാരികവിദ്യാഭ്യാസം ഭരണകൂട പ്രവര്‍ത്തനമാണ്. അധികാര പ്രവര്‍ത്തനം തന്നെ. 'എന്റെ പുസ്തകം ' എന്ന സങ്കല്പം ഇതിനപ്പുറത്തെ സ്വാതന്ത്ര്യത്തിന്റെയും വാസനകളുടെയും ഭാഗമായി ഉണ്ടാകുന്നതാണ്. സുസ്ഥാപിതരായ എഴുത്താളുകള്‍ക്ക് (writers) ഈ പുസ്തകനിര്‍മ്മാണത്തില്‍ വലിയ അധികാരമില്ല. അവര്‍ ഉദ്ദേശിച്ച പോലെയല്ല അവരുടെ പുസ്തകങ്ങള്‍ മറ്റുള്ളവര്‍ വായിക്കുക. അവരുടെ അര്‍ത്ഥം ( writerly meaning) പല അര്‍ത്ഥങ്ങളില്‍ ഒന്നാണ് - ഒന്നു മാത്രമാണ്. മഹാഭാരതത്തെപ്പറ്റിയുള്ള ഒരു പുസ്തകം വ്യാസന് ഇഷ്ടമാവണമെന്നില്ല. ബി. രാജീവന്‍ നാടകീയമായി പറയുന്നു: (കുട്ടികൃഷ്ണമാരാരുടെ) 'ഭാരതപര്യടനം ' വ്യാസന് വായിച്ചാല്‍ മനസ്സിലാകില്ല. മാരാര്‍ ആധുനികനായ ഒരു കേരളീയനും മലയാളിയുമായ വായനയാളാണ്. വ്യാസന് ഈ സ്ഥലകാലങ്ങള്‍ ഒരു മായാക്കാഴ്ച. തലചുറ്റി വീണുപോകും വ്യാസന്‍.
'എന്റെ പുസ്തകത്തിന്റെ ' എഴുത്താള്‍ 'ഞാന്‍'. മറ്റാര്? 'എന്റെ ' നന്മതിന്മകളുടെ, ശബ്ദമൗനങ്ങളുടെ, ജ്ഞാനാജ്ഞനങ്ങളുടെയൊക്കെ വാക്കുകളിലാണ് അത് പിറന്നിരിക്കുന്നത്. 'എനിക്ക് 'അത് മുഴുമിപ്പിക്കാനാവില്ല. അത് പിറന്നുകൊണ്ടിരിക്കുകയാണ്. 'എന്നോ' ടൊപ്പം തുടരുന്ന ഒന്നാണത്.
'എനിക്കൊ'പ്പം അത് ഇല്ലാതാവുകയും ചെയ്യും - 'ഞാന്‍' അത് എങ്ങനെയെങ്കിലും രേഖപ്പെടുത്തിവെച്ചിട്ടില്ലെങ്കില്‍ . ( അത് ഒട്ടം എളുപ്പമല്ല.)
'എന്റെ' വിചാരം ഇതാണ് ': വായനയാളായ 'എനിക്ക്' ഉണര്‍വുകള്‍ തരുന്നതും ആത്മവിമര്‍ശനമടക്കമുള്ള അധികാരവിമര്‍ശനങ്ങള്‍ നടത്തുന്നതും
രസനീയമായ രൂപകങ്ങള്‍ ഉള്ളതും കരുതിക്കൂട്ടിയുള്ള കുരുതി ( ensorship) ഇല്ലാത്തതും ആത്മാര്‍ത്ഥവും ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പ്രേരിപ്പിക്കുന്നതുമായ ഒന്നാണ് 'എന്റെ പുസ്തകം '.
' എനിക്കാ'യി മറ്റാരും അത് എഴുതില്ല. അതിന് വേറെ വായനയാളും ഇല്ല. 'ഞാന്‍ ' 'എന്റെ പുസ്തകം ' എഴുതിക്കൊണ്ടിരിക്കുകയാണ്. കാരണം 'ഞാന്‍ ' ജീവിച്ചുകൊണ്ടിരിക്കുകയാണ്. ഈ പുസ്തകത്തിന്റെ പേരില്‍ വായനാവേളകളോട്, ഇരിപ്പിടങ്ങളോട്, വെളിച്ചത്തോട് 'ഞാന്‍ ' കടപ്പെട്ടിരിക്കുന്നു.
ലോകം പുസ്തകങ്ങളായും മറ്റനുഭവങ്ങളായും അറിവുകളായും 'എന്നി' ലേക്ക് വന്നതിന്റെയും വന്നുകൊണ്ടിരിക്കുന്നതിന്റെയും കനിയാണ്
'എന്റെ പുസ്തകം'. അപ്പോഴും അത് 'എന്റെ ' മാത്രം പുസ്തകമാണ്. ഞാന്‍ അത് എനിക്കൊപ്പം കാത്തുവെക്കുന്നു. ഓര്‍മ്മ മറ്റൊരു അമ്മയാണ്- അത് ' എന്നെ' പെറ്റുകൊണ്ടിരിക്കുന്നു.
Content Highlights: world book day 2024 ep rajagopalan writes