'ഞമ്മ' 'നമ്മളെ'ന്നാക്കി; ബഷീര്‍ കത്തിചൂണ്ടി, അച്ചടിച്ച ഫോറങ്ങള്‍ പ്രസ്സിന്റെ മുറ്റത്തിട്ട് കത്തിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും പ്രശസ്തമായ കൃതി ബാല്യകാലസഖി (1944)യാണ്. കഥാകാരന്റെ മികച്ച സൃഷ്ടി അതാണെന്ന് പലരും കരുതുന്നു. അത് ബഷീറിന്റെ ആദ്യത്തെ നോവല്‍ ആണെന്ന പലര്‍ക്കുമുള്ള ധാരണ പക്ഷേ, ശരിയല്ല. ബാല്യകാലസഖിക്ക് മുന്‍പ് അദ്ദേഹം ജീവിതനിഴല്‍പ്പാടുകള്‍, പ്രേമലേഖനം എന്നീ നോവലുകള്‍ എഴുതിയിട്ടുണ്ട്. ജീവിതനിഴല്‍പ്പാടുകള്‍1939-ല്‍ നവജീവന്‍ വാരികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ചിരുന്നു. അത് പുസ്തകാകൃതിയില്‍ പുറപ്പെട്ടത് 1954-ല്‍ മാത്രമാണ്. പ്രേമലേഖനം 1943-ല്‍ വന്നു.
1926-1936 കാലത്തെ അലച്ചിലിനിടയില്‍ കൊല്‍ക്കത്തയില്‍വെച്ച് ഇംഗ്ലീഷിലാണ് ബാല്യകാലസഖി എഴുതിത്തുടങ്ങിയത്. അത് ഏതാനും പുറങ്ങള്‍ക്കപ്പുറത്തേക്ക് നീണ്ടില്ല. എങ്കിലും പേജ് കുറഞ്ഞ, ചുവന്നചട്ടയുള്ള ആ എക്‌സര്‍സൈസ് ബുക്ക് ബഷീര്‍ ഏറെക്കാലം സൂക്ഷിച്ചുപോന്നിരുന്നു. നാട്ടില്‍ തിരിച്ചെത്തിയശേഷം മലയാളത്തില്‍ എഴുതുകയായിരുന്നു.
1936-ല്‍ കേരളത്തില്‍വെച്ചാണ് അദ്ദേഹം കഥാരചന ആരംഭിക്കുന്നത്. 1940-'42 കാലത്ത് പ്രിയസുഹൃത്ത് എം.പി. പോള്‍ എറണാകുളത്ത് നടത്തിയിരുന്ന ട്യൂട്ടോറിയല്‍ കോളേജിലെ ഹോസ്റ്റല്‍ വാര്‍ഡന്റെ ഉദ്യോഗം നോക്കിയിരുന്ന കാലത്താവാം ബാല്യകാലസഖിയുടെ രചന. അതിന് ഇന്നുള്ളതിന്റെ അഞ്ചിരട്ടി വലുപ്പം ഉണ്ടായിരുന്നു എന്നും കൂടെക്കൂടെ ചുരുക്കിച്ചുരുക്കി പരിഷ്‌കരിച്ചുവെന്നും അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്.
നോവലിനെപ്പറ്റി കേട്ടറിഞ്ഞ ഒരു സുഹൃത്ത് അക്കാര്യം അന്ന് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഏതോ ഒരു മുസ്ലിം അസോസിയേഷന്‍ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി. നോവല്‍ വായിച്ചുനോക്കിയ പ്രസിഡന്റ് ഇത് മുസ്ലിം സമുദായത്തെ കളിയാക്കുന്നതാണെന്നും അച്ചടിക്കാന്‍ പാടില്ലെന്നും നിര്‍ദേശിച്ച് മടക്കിക്കൊടുത്തു. പിന്നെയും കുറച്ചുകഴിഞ്ഞാണ് എം.പി. പോളിന്റെ അവതാരികയോടെ പുസ്തകം പുറപ്പെട്ടത്. അതിന്റെ പുറന്താള്‍ ചിത്രം വരച്ചത് ബഷീര്‍ തന്നെയാണ്. എറണാകുളത്തെ വിശ്വനാഥന്‍ പ്രസില്‍ അച്ചടിച്ചു. വില: ഒന്നേകാല്‍ രൂപ. അന്നത്തെ 20 അണ. ഇന്നത്തെ 125 പൈസ.
അച്ചടിക്കിടയില്‍ പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായി. ആദ്യത്തെ കുറച്ചു ഫോറങ്ങള്‍ അച്ചടിച്ചതു വായിച്ചുനോക്കിയ ബഷീര്‍ ഞെട്ടി. പലതും തിരുത്തിയിരിക്കുന്നു. 'ഞമ്മ' എല്ലാം 'നമ്മള്‍' ആക്കിയിരിക്കുന്നു. ബാപ്പയുടെ ഉമ്മയുടെയും സംഭാഷണങ്ങളെല്ലാം തനി സംസ്‌കൃതം. കഥാകൃത്ത് അച്ചടിച്ച ഫോറങ്ങളത്രയും എടുപ്പിച്ച് പ്രസ്സിന്റെ മണല്‍വിരിച്ച മുറ്റത്തിട്ട് കത്തിച്ചു. എന്നിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി, പ്രസ്സുകാരോട് എല്ലാം താന്‍ എഴുതിയപോലെ മതി എന്നു ശഠിച്ചു. വാമൊഴിക്കുവേണ്ടി കത്തിയെടുക്കേണ്ടിവന്ന സാഹിത്യകാരനാണ് ബഷീര്‍.
1944 മേയ് 13-ന് ആ നോവല്‍ ഇറങ്ങി. അതിന് സഹൃദയശ്രദ്ധ നേടിക്കൊടുക്കുന്നതില്‍ എം.പി. പോളിന്റെ അവതാരിക വലിയ പങ്കുവഹിച്ചു. പ്രധാനകാര്യം മുസ്ലിം സാമൂഹികജീവിതം ആദ്യമായി മലയാളസാഹിത്യത്തിലേക്കു കടന്നുവരുകയായിരുന്നു എന്നതാണ്. നോവലിസ്റ്റിന്റെ ജീവിതചിത്രീകരണപാടവം ഏറെ പ്രശംസിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നര്‍മം എല്ലാതരക്കാരെയും വശീകരിച്ചു. സ്ത്രീവിദ്യാഭ്യാസത്തെ അനുകൂലിച്ചും ബഹുഭാര്യത്വം, സ്ത്രീധനം മുതലായവയെ പ്രതികൂലിച്ചും പുരുഷാധിപത്യത്തെ പരിഹസിച്ചും നോവല്‍ ആവിഷ്‌കരിച്ച ജീവിതസന്ദര്‍ഭങ്ങള്‍ വളരെയേറെ ചര്‍ച്ച ചെയ്യപ്പെട്ടു.
ഇതൊക്കെ 80 കൊല്ലം മുമ്പാണ് എന്നോര്‍ക്കണം! കഥാകൃത്ത് അതോടെ കേരളീയസാഹിത്യത്തില്‍ പ്രതിഷ്ഠനേടി. ആ കൃതി നേടിയജനപ്രീതിക്ക് മുന്തിയ ഉദാഹരണമാണ് 'മണ്ടശിരോമണി'യായ മജീദിന്റെ 'ഉമ്മിണി ബല്യ ഒന്ന്' എളുപ്പം നമ്മുടെ ശൈലികളില്‍ ഒന്നായിത്തീര്‍ന്നത്.
ഏറ്റവും തര്‍ജ്ജമ ചെയ്യപ്പെട്ട ബഷീര്‍കൃതി ബാല്യകാലസഖിയാണ്. ഇംഗ്ലീഷ് അടക്കം പല വിദേശഭാഷകളിലും തമിഴ്, തെലുഗു, ഹിന്ദി, ബംഗാളി, ഒഡിയ, കന്നഡ മുതലായ 18 ഇന്ത്യന്‍ ഭാഷകളിലും ആ നോവലിന് പരിഭാഷകളുണ്ട്. കേരളത്തിനുപുറത്ത് ബഷീറിന്റെ പ്രധാനപ്പെട്ട ചിഹ്നം അദ്ദേഹത്തിന്റെ 36-ാം വയസ്സില്‍ പുറത്തുവന്ന ഈ ആദ്യകാല രചനയാണ്. അതിന്റെ 50-ാം വാര്‍ഷികം നടക്കുന്നതിനിടയിലാണ് അദ്ദേഹം നിര്യാതനായത്(5 ജൂലായ് 1994). ബഷീറിന്റെ രചനകള്‍ അധികമൊന്നും സിനിമയായിട്ടില്ല. 'നീലവെളിച്ചം' വിപുലീകരിച്ച് ബഷീര്‍ എഴുതിയ 'ഭാര്‍ഗവീനിലയം' എന്ന തിരക്കഥ 1964-ല്‍ സിനിമയായി (സംവിധാനം എ. വിന്‍സെന്റ്). അദ്ദേഹം ഇയൊരൊറ്റ തിരക്കഥയേ എഴുതിയിട്ടുള്ളൂ.
മൂന്നുകൊല്ലം കഴിഞ്ഞ് ബാല്യകാലസഖി സിനിമയായി (സംവിധാനം: ശശികുമാര്‍: 1967). അന്നത്തെ പ്രധാനതാരജോഡികളായ പ്രേംനസീറും ഷീലയുമാണ് മുഖ്യകഥാപാത്രങ്ങളായി എത്തിയത്. 47 കൊല്ലം കഴിഞ്ഞ് ഈ നോവല്‍ അതേ പേരില്‍ വീണ്ടും ചലച്ചിത്രമായി (സംവിധാനം പ്രമോദ് പയ്യന്നൂര്: 2014) മമ്മൂട്ടി മജീദിന്റെയും ഇഷ തല്‍വാര്‍ സുഹ്റയുടെയും റോളെടുത്തു. നാടകങ്ങളിലും കഥാപ്രസംഗങ്ങളിലും ചിത്രകഥകളിലും പാഠപുസ്തകങ്ങളിലും മാപ്പിളപ്പാട്ടുകളിലുമെല്ലാം അനേകം ദശകങ്ങളായി മജീദും സുഹ്റയും നിരന്തരസാന്നിധ്യമാണ്.
ബഷീറിന്റെ സ്വന്തം കഥയാണ് ബാല്യകാലസഖി എന്നൊരു ധാരണ പരക്കേയുണ്ട്. 'ആ മജീദാണ് ഞാന്‍' എന്ന നോവലിസ്റ്റിന്റെ ആവര്‍ത്തിച്ചുള്ള പ്രസ്താവനയാണ് ഇതിന് വഴിയൊരുക്കിയത്. അദ്ദേഹത്തിന്റെ ജീവചരിത്രചരനയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എനിക്ക് മനസ്സിലായത് അത് മുഴുവന്‍ ശരിയല്ല എന്നാണ്. തറവാട് വീടിനു സമീപമുള്ള വീട്ടില്‍ സുഹ്റ എന്നുപേരായി ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അവള്‍ ഇളംപ്രായത്തില്‍ മരിച്ചുപോയി എന്നത് സത്യമാണെങ്കിലും ഇക്കാക്കയും അവളും തമ്മില്‍ പ്രേമമൊന്നും ഉണ്ടായിരുന്നില്ല എന്നാണ് അനുജന്‍ അബൂബക്കര്‍ എന്നോടുപറഞ്ഞത്.
അയല്‍ക്കാരായ മജീദിന്റെയും സുഹ്റയുടെയും പ്രണയം ദുരന്തത്തില്‍ ചെന്നവസാനിക്കുന്ന പന്ത്രണ്ട് അധ്യായം മാത്രമുള്ള ചെറിയൊരു നോവലാണ് ബാല്യകാലസഖി. വളരെ സ്വാഭാവികവും ഹൃദ്യവുമായ ബന്ധത്തിന്റെ വളര്‍ച്ച ചിത്രീകരിച്ചിരിക്കുന്നു. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ദുരിതങ്ങളും അവയ്‌ക്കെതിരായി പോരാടുന്ന മാതൃകാ നായകന്മാരും പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ കൊടിക്കീഴില്‍ അരങ്ങുവാഴുന്ന 1940-കളിലാണ് അതൊന്നും കണക്കാക്കാതെ ബാല്യകാലസഖിയിലെ കാല്പനികമായ പ്രണയകഥ പിറവികൊള്ളുന്നത്.
സഹൃദയരുടെ എവിടെത്തൊട്ടാല്‍ ചിരിവരുമെന്നും എവിടെത്തൊട്ടാല്‍ കണ്ണീരു വരുമെന്നും ഈ കഥാകാരന് നല്ല നിശ്ചയമാണ്. അപകടംപറ്റി ആശുപത്രിയില്‍ കിടക്കുന്ന മജീദിന് ബോധം തെളിയുമ്പോള്‍ ഒരു കാല്‍ നഷ്ടപ്പെട്ടതായി ഞെട്ടലോടെ വെളിവ് വരുന്നു. സുഹ്റയുടെ പ്രഥമചുംബനം ലഭിച്ച വലതുകാല്‍! അതെവിടെപ്പോയി! വലതുകാലിന്റെ ഒരേയൊരു പ്രസക്തി സുഹ്റ ആദ്യമായി ചുംബിച്ച അവയവം എന്നതാണ്! പ്രണയത്തിന്റെ ആഴം അടയാളപ്പെടുത്താന്‍ ഈ ഒരു വാക്യം മതി. വായനക്കാരുടെ കണ്ണുനനയ്ക്കാനും പാത്രവ്യക്തിത്വം സൂക്ഷ്മമായി അവതരിപ്പിക്കുന്നതിനും ഈ വാക്യം മതി.
കഥയുടെ അവസാനഭാഗത്ത് മജീദ് രണ്ടാമതും നാടുവിടുന്ന സന്ദര്‍ഭത്തില്‍ സുഹ്റ എന്തോ പറയാന്‍ ഒരുങ്ങുന്നു. ബസ് വന്നതുകാരണം മജീദിന് ബദ്ധപ്പെട്ടു പോകേണ്ടിവന്നു. അവള്‍ എന്താണ് പറയാന്‍ തുടങ്ങിയത് എന്ന് വ്യക്തമായില്ല. പിന്നീട് വന്‍നഗരത്തിലെ ഹോട്ടലില്‍ പാത്രം കഴുകുന്ന പണിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ് സുഹ്റ മരിച്ചുപോയ വിവരത്തിന് ഉമ്മയുടെ കത്തുകിട്ടുന്നത്. കുറച്ചുനേരത്തേക്ക് സ്തബ്ധനായിപ്പോയ മജീദ് മനസ്സാന്നിധ്യം വീണ്ടെടുത്ത് വീണ്ടും ജോലിയില്‍ വ്യാപൃതനാകുമ്പോള്‍ ആലോചിക്കുന്നതും അതുതന്നെ. എന്തായിരുന്നു സുഹ്റ പറയാന്‍ തുടങ്ങിയത്. ഈ ചോദ്യത്തിലാണ് ബാല്യകാലസഖി അവസാനിക്കുന്നത്. അതിന് മജീദിന് ഉത്തരമില്ല. ബഷീറിനും ഉത്തരമില്ല. ജീവിതത്തില്‍ എന്തിനാണ് ഉത്തരമുള്ളത്?
Content Highlights: M.N. Karassery writes about Vaikkom Muhammed Basheer and Balyakalasakhi