വയലിന്‍ വാദനത്തില്‍ തന്റേതായ ശൈലി, സംഗീതലോകത്തെ അപൂര്‍വരത്‌നം - പ്രൊഫ.എം. സുബ്രഹ്‌മണ്യശര്‍മ്മ

#സി.പി. ശ്രീഹര്‍ഷന്‍
യേശുദാസിനൊപ്പം പ്രൊഫ.എം. സുബ്രഹ്‌മണ്യശര്‍മ്മ, പ്രൊഫ.എം. സുബ്രഹ്‌മണ്യശര്‍മ്മ
യേശുദാസിനൊപ്പം പ്രൊഫ.എം. സുബ്രഹ്‌മണ്യശര്‍മ്മ, പ്രൊഫ.എം. സുബ്രഹ്‌മണ്യശര്‍മ്മ

ര്‍ണാടകസംഗീതത്തില്‍ വയലിന്‍ വാദനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുത്ത കേരളത്തിലെ ഒരേയൊരു കലാകാരന്‍ പ്രൊഫ.എം. സുബ്രഹ്‌മണ്യശര്‍മ്മ ഈ ലോകത്തോട് വിട പറഞ്ഞിട്ട് നാല് വര്‍ഷമാകുന്നു. ശനിയാഴ്ച തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ശിഷ്യരും കുടുംബാംഗങ്ങളും ചേര്‍ന്ന് ആ വലിയ കലാകാരനെ അനുസ്മരിക്കുന്നുണ്ട്. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ വയലിന്‍ വിഭാഗം മേധാവിയായി ഏറെക്കാലം പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ശിഷ്യരില്‍ പ്രശസ്തരും അതിപ്രശസ്തരും പെടും. ഗാനഗന്ധര്‍വന്‍ കെ.ജെ. യേശുദാസിന് പ്രൊഫ. ശര്‍മ്മ ഗുരുതുല്യന്‍. അന്തരിച്ച സംഗീതസംവിധായകന്‍ രവീന്ദ്രന്‍ സ്വാതിതിരുനാള്‍ കോളേജിലെ പ്രൊഫ. ശര്‍മയുടെ പ്രിയപ്പെട്ട ശിഷ്യന്‍.

വയലിനില്‍ എം.എസ്. ഗോപാലകൃഷ്ണനെയും ലാല്‍ഗുഡി ജയരാമനെയുമൊക്കെ പോലെ കേരളത്തില്‍ സ്വന്തമായി വാദകശൈലി രൂപപ്പെടുത്തിയെടുത്ത വയലിന്‍ വിദ്വാനാണ് സുബ്രഹ്‌മണ്യശര്‍മ്മ. കലര്‍പ്പില്ലാത്ത ശ്രുതിശുദ്ധമായ സംഗീതം ആഴത്തില്‍ അനുഭവിപ്പിക്കുന്നതാണ് ഈ ശൈലി. അതിലെ സുന്ദരമായ ഗമകപ്രയോഗങ്ങളൊക്കെ ആ സംഗീതത്തെ വേറിട്ടതാക്കുന്നു. കഴുത്തിന് കീഴെയും കാല്പാദത്തിലുമായി വയലിനെ ഒതുക്കിനിറുത്തിയുള്ള ഈ വാദനശൈലിക്ക് പ്രചുരപ്രചാരം നല്‍കിയ സംഗീതജ്ഞനാണ് ശര്‍മ്മ. സുബ്രഹ്‌മണ്യ ശര്‍മ്മ കലാലോകത്ത് അവശേഷിപ്പിച്ച ഏറ്റവും വലിയ സമ്പാദ്യം അദ്ദേഹത്തിന്റെ സ്വന്തം മക്കള്‍ തന്നെ. കേരളത്തിനകത്തും പുറത്തും പ്രശസ്തരാണ് മക്കളായ എസ്.ആര്‍. രാജശ്രിയും എസ്.ആര്‍. മഹാദേവശര്‍മ്മയും. ശര്‍മശൈലിയിലൂടെ സംഗീതാസ്വാദകരെ വിസ്മയിപ്പിക്കുന്ന പ്രതിഭകളാണ് ഇരുവരും.  

 കര്‍ണാടകസംഗീതത്തിലെ കുലപതിമാരിലൊരാളായ ടി.ആര്‍. സുബ്രഹ്‌മണ്യത്തോടൊപ്പം ഒരുകാലത്ത് കച്ചേരികളില്‍ പക്കം വായിക്കുക പലര്‍ക്കുമൊരു വെല്ലുവിളിയായിരുന്നു. ഭയഭക്തിപുരസ്സരം പലരും ഒഴിഞ്ഞുമാറിയ കാലത്ത് പലപ്പോഴും നറുക്കുവീഴുന്നത് സുബ്രഹ്‌മണ്യശര്‍മ്മയ്ക്കായിരുന്നു. ടി.ആര്‍. സുബ്രഹ്‌മണ്യത്തിന് ആ പക്കവാദ്യകാരന്റെ സാന്നിദ്ധ്യവും അകമ്പടിയും പക്ഷേ ആനന്ദദായകമായി. ആ കലാമികവിനെ അങ്ങേയറ്റത്തെ ആദരവോടെ ടി.ആര്‍.എസ് വണങ്ങി. കച്ചേരിയരങ്ങുകളില്‍ ആ ആദരം ടി.ആര്‍.എസ് പ്രകടിപ്പിച്ചത്, ശര്‍മ്മയ്‌ക്കൊപ്പം ഞാന്‍ പാടുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു! പാട്ടുകാര്‍, തനിക്കൊപ്പം പക്കം വായിക്കുന്നവരെന്ന് പറഞ്ഞ് പക്കമേളക്കാരെ പരിചയപ്പെടുത്തുന്നതാണ് സാധാരണ നടപ്പെന്നറിയുക.

മഹാരാജപുരം സന്താനം, ഡി.കെ. പട്ടമ്മാള്‍, ഡി.കെ. ജയരാമന്‍, ചെമ്പൈ, എം.ഡി. രാമനാഥന്‍, ശീര്‍കാഴി ഗോവിന്ദരാജന്‍, രാമനാട് കൃഷ്ണന്‍, ആര്‍.കെ. ശ്രീകണ്ഠന്‍, പാലക്കാട് കെ.വി. നാരായണസ്വാമി എന്നിങ്ങനെ കര്‍ണാടകസംഗീതലോകത്തെ മഹാരഥന്മാര്‍ക്കൊപ്പമെല്ലാം പക്കമേളം വായിച്ച് അവരുടെ മതിപ്പ് നേടിയെടുത്ത പ്രതിഭയായിരുന്നു സുബ്രഹ്‌മണ്യശര്‍മ. ഏഴ് പതിറ്റാണ്ടിലേറെയായി നീളുന്ന സംഗീതസപര്യയില്‍ അവസാനനിമിഷം വരെയും പുതുതലമുറയ്ക്ക് സംഗീതപാഠങ്ങള്‍ പകര്‍ന്നു കൊടുത്തൊക്കെ സജീവമായിരുന്നു. എണ്‍പത്തിനാലാമത്തെ വയസ്സിലായിരുന്നു വിയോഗം.

വര്‍ഷങ്ങളോളം യേശുദാസിന്റെ സംഗീതക്കച്ചേരികള്‍ക്ക് സുബ്രഹ്‌മണ്യശര്‍മ്മ വയലിനില്‍ അകമ്പടി സേവിച്ചു. ബി.ബി.സിയില്‍ ആദ്യമായി കര്‍ണാട്ടിക് വയലിന്‍സോളോ അവതരിപ്പിച്ചതിന്റെ ഖ്യാതിയും ശര്‍മ്മയ്ക്കുതന്നെ. ഹംസധ്വനി രാഗത്തില്‍ മുത്തുസ്വാമി ദീക്ഷിതരുടെ ഗണപതീസ്തുതിയായ വാതാപി ഗണപതീം... എന്നു തുടങ്ങുന്ന കീര്‍ത്തനത്തെ ജനകീയമാക്കിയ ആലാപനം യേശുദാസിന്റേതാണ്. 1982ല്‍ ഒരു പകല്‍ മുഴുവനുമെടുത്താണത് റെക്കോര്‍ഡ് ചെയ്തത്. കച്ചേരികളില്‍ വിദ്വാന്മാര്‍ ഈ കീര്‍ത്തനം പാടുന്നത് പലപ്പോഴും മദ്ധ്യമകാലത്തിലാണ്. ശാസ്ത്രീയഭംഗി അതിന് കൂടും. എന്നാല്‍, യേശുദാസ് പാടി റെക്കോര്‍ഡ് ചെയ്തത് ചൗക്ക കാലത്തിലായിരുന്നു. 

കൃതിയുടെ ഓരോ വരിയുടെയും സൂക്ഷ്മതയിലേക്ക് സഞ്ചരിക്കാനും അനുവാചകനെ ഒപ്പം നടത്തിക്കാനും ഉദ്ദേശിച്ചുള്ള ഈ മാറ്റം സുബ്രഹ്‌മണ്യശര്‍മ്മയും ദാസും ആലോചിച്ചെടുത്ത തീരുമാനമായിരുന്നു. സുബ്രഹ്‌മണ്യശര്‍മ്മയുടെ വയലിന്‍ വായനയെ ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത് നാരദന്റെ തംബുരു എന്നാണ്. ശര്‍മ്മയുടെ പിതാവ് മൃദംഗവിദ്വാനായിരുന്നു. മഹാദേവ അയ്യര്‍. കോടതിയില്‍ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ജോലി സൗകര്യാര്‍ത്ഥമാണ് ആറാം മാസത്തില്‍ ആറ്റിങ്ങലിലെത്തിയത്. മൂന്ന് വയസ്സ് തൊട്ട് കര്‍ണാടകസംഗീതം ശര്‍മ്മ അഭ്യസിച്ചു തുടങ്ങി. എട്ടാം വയസ്സില്‍ അരങ്ങേറി. പത്ത് വയസ്സ് മുതല്‍ വയലിന്‍ പഠനം. 12ാം വയസ്സില്‍ അരങ്ങേറ്റം.

ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കച്ചേരിക്ക് ആദ്യമായി പക്കം വായിക്കാന്‍ വന്ന അപ്രതീക്ഷിതനിയോഗത്തെപ്പറ്റി ഒരിക്കല്‍ സുബ്രഹ്‌മണ്യശര്‍മ പറഞ്ഞിട്ടുണ്ട്. 1961ല്‍ചെമ്പൈ കന്യാകുമാരിയിലൊരു കച്ചേരിക്ക് പോകവേ തിരുവനന്തപുരത്ത് ശ്രീകണ്‌ഠേശ്വരം അമ്പലത്തില്‍ തൊഴാനെത്തി. സുഹൃത്തിന്റെ വീട്ടില്‍ പ്രാതലിനെത്തിയ ചെമ്പൈയെ വരവേറ്റത് മുകളിലെ മുറിയില്‍ നിന്നുള്ള വയലിന്‍നാദമാണ്. അതിന്റെ ഉടമയെ തിരക്കിയ ചെമ്പൈക്ക് മുന്നില്‍ ശര്‍മ്മയെത്തി. കന്യാകുമാരിയിലെ കച്ചേരിക്ക് നീ വായിച്ചാല്‍ മതിയെന്ന് കല്പിച്ചു. തയാറെടുപ്പ് വേണ്ടേയെന്ന് ശര്‍മ്മ ശങ്കിച്ചെങ്കിലും ചെമ്പൈക്ക് ആ വിരലുകളെ ആദ്യകേള്‍വിയിലേ ബോധിച്ചതിനാല്‍ അതൊക്കെ അസ്ഥാനത്തായി.
     
സ്വാതിതിരുനാള്‍ കോളേജില്‍ ലഭിച്ച അധ്യാപകജോലി ഉപേക്ഷിച്ച് സിനിമാമോഹവുമായി ചെന്നൈയില്‍ (അന്ന് മദ്രാസ്) എത്തിയ പ്രശസ്ത സംഗീതസംവിധായകന്‍ ഒരിക്കല്‍ യാദൃശ്ചികമായി അവിടെ പട്ടണത്തില്‍ വച്ച് അധ്യാപകനായ സുബ്രഹ്‌മണ്യശര്‍മയെ കണ്ട അനുഭവമുണ്ട്. രവീന്ദ്രന്‍ അവസരങ്ങളൊന്നും കിട്ടാതെ കഷ്ടപ്പാടിലാണ്. ശര്‍മ ശിഷ്യന്റെ അവസ്ഥയറിഞ്ഞ് 20 രൂപ നല്‍കി. പിന്നീട് ഏറെക്കാലം കഴിഞ്ഞ് അതേ മദ്രാസ് പട്ടണത്തില്‍ വച്ച് ശര്‍മ വീണ്ടും രവീന്ദ്രനെ കണ്ടു. അപ്പോഴേക്കും സിനിമാസംഗീതലോകത്ത് പേരെടുത്ത സംഗീതജ്ഞനായി രവീന്ദ്രന്‍ മാറിയിരുന്നു.

പഴയ 20 രൂപയുടെ കാര്യം രവീന്ദ്രന്‍ ഗുരുവിനോട് പറയുമ്പോള്‍ രവിയുടെ കണ്ണുകള്‍ നിറഞ്ഞതായും ശര്‍മ ഓര്‍ത്തിട്ടുണ്ട്. തരംഗിണി പുറത്തിറക്കിയ വസന്തഗീതങ്ങള്‍ എന്ന ആല്‍ബത്തില്‍ ചെയ്ത മാമാങ്കം എന്ന ലളിതഗാനത്തിന് രവീന്ദ്രന്റെ അഭ്യര്‍ഥനപ്രകാരം വയലിന്‍ വായിച്ചത് സുബ്രഹ്‌മണ്യശര്‍മയാണ്. മാമാങ്കം എന്ന പാട്ടിന്റെ ഈണത്തിലേക്ക് രവീന്ദ്രനെ എത്തിച്ചതും സുബ്രഹ്‌മണ്യശര്‍മയുമായുള്ള ചര്‍ച്ചയിലൂടെയാണ്.

ഓരോ രാഗത്തിനും സ്വരവിസ്താരം എത്രത്തോളമെന്നതില്‍ കിറുകൃത്യതയുണ്ടായിരുന്നു ശര്‍മ്മയ്ക്ക്. അതിര് വിട്ടുപോകാന്‍ ഒരിക്കലും അദ്ദേഹം സ്വന്തം വായനയെ അനുവദിച്ചില്ല. ആ സംഗീതത്തിന്റെ ഈ ഔന്നത്യത്തെ കലാലോകം എപ്പോഴും അംഗീകരിച്ചു. കേരള സംഗീതനാടക അക്കാഡമിയുടെ ഫെലോഷിപ്പും മദ്രാസ് മ്യൂസിക് അക്കാഡമിയുടെ പാപാപാ വെങ്കട രാമയ്യ പുരസ്‌കാരവുമുള്‍പ്പെടെ പലതും തേടിയെത്തിയെങ്കിലും വയലിന്‍ വാദനത്തിന് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത അതുല്യകലാകാരനെ തേടി പത്മ പുരസ്‌കാരങ്ങളെത്താതിരുന്നത് കലാലോകം എന്നുമോര്‍ക്കുന്ന നഷ്ടം തന്നെ.

Content Highlights: subramanya sharma who excelled in carnatic music