‘ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണ്ണനാകുന്നത്’-ഡിലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് സത്യൻ അന്തിക്കാട്‌

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിനെ കാലിക്കറ്റ് സർവ്വകലാശാല ഡിലിറ്റ് ബിരുദം നൽകി ആദരിച്ചു. ഡി. ലിറ്റ് ബിരുദം കേരള ഗവർണ്ണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കൈമാറി. ഡിലിറ്റ് ബിരുദദാനവേളയിൽ സത്യൻ അന്തിക്കാട് പ്രസംഗിച്ചതിന്റെ ചുരുക്കം.

''സ്‌കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്തു തന്നെ മനസ്സിൽ തെളിഞ്ഞു വന്ന സ്വപ്നമായിരുന്നു സിനിമ. തൃശൂർ ജില്ലയിലെ അന്തിക്കാടെന്ന ചെറിയ ഗ്രാമത്തിൽ, പ്രത്യേകിച്ച് കലാപാരമ്പര്യമൊന്നുമില്ലാത്ത വീട്ടിൽ ജനിച്ച എനിക്ക് അങ്ങനെയൊരു സ്വപ്നം എങ്ങനെ ഉണ്ടായി എന്ന് ഇപ്പോഴുമറിഞ്ഞുകൂട. ഇന്നത്തെപ്പോലെ ടെലിവിഷനും മറ്റു സോഷ്യൽ മീഡിയയുമൊന്നുമില്ലാത്ത കാലമാണ്. സിനിമ അങ്ങുദൂരെ മദിരാശിയിൽ രൂപം കൊള്ളുന്ന ഒരു അത്ഭുതകലയായിരുന്നു. ആ രംഗവുമായി ബന്ധമുള്ള ഒരാളെപ്പോലും അന്ന് നേരിട്ടു കണ്ടിട്ടില്ല. എന്നിട്ടും സ്വപ്നത്തോടൊപ്പം യാത്ര ചെയ്ത് ഞാൻ സിനിമയിലെത്തുകയായിരുന്നു.

പക്ഷെ ഇന്നത്തെ ഈ ദിവസം... ധന്യമായ ഈ നിമിഷം സ്വപ്നമായി പോലും ഞാൻ സങ്കൽപിച്ചിട്ടില്ല. അതിന്റെ ഒരു അമ്പരപ്പ് വിട്ടുമാറാതെയാണ് ഞാനീ വേദിയിൽ നിൽക്കുന്നത്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പോലെ പ്രശസ്തമായ ഒരു സർവ്വകലാശാലയിൽ നിന്ന് ഇങ്ങനെയൊരു ബഹുമതിക്ക് തെരഞ്ഞെടുത്തിരിക്കുന്നു എന്ന അറിയിപ്പു കിട്ടിയപ്പോൾ ഞാനെന്റെ മക്കളോടു ചോദിച്ചു...എനിക്കതിനുള്ള അർഹതയുണ്ടോ എന്ന്.

മൂന്ന് ആൺമക്കളാണെനിക്കുള്ളത്. മൂന്നുപേരും ഇതേ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡിഗ്രിയും പി.ജിയുമൊക്കെ നേടിയവരാണ്. ഭാര്യയുടെ കൈയിലുമുണ്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡിഗ്രി സർട്ടിഫിക്കറ്റ്.

മക്കൾ പറഞ്ഞു.... ഞങ്ങളൊക്കെ അദ്ധ്യാപകർ പഠിപ്പിച്ച പാഠങ്ങൾ പഠിച്ചിട്ടാണ് ഈ സർട്ടിഫിക്കറ്റുകൾ നേടിയത്.അച്ഛൻ വിഷയങ്ങൾ സ്വയം കണ്ടെത്തുകയും അത് പ്രേക്ഷകരുടെ മനസ്സിൽ പതിപ്പിക്കുകയും ചെയ്ത് വിജയിച്ച ആളാണ്. അഭിമാനപൂർവ്വം ഈ ബഹുമതി കൈപറ്റണം. ആ ഒരു ധൈര്യത്തിലാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. നമ്മുക്കെല്ലാവർക്കും അറിയുന്നതുപോലെ പി കെ അഹമ്മദ് സർ പ്രമുഖ വ്യവസായിയും വ്യാവസായിക കേരളത്തിന്റെ പുരോഗമനത്തിന്നു നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തിത്വവുമാണ്. പദ്മ ശ്രീ ഡോ: എലുവത്തിങ്കൽ ഡി ജെമ്മിസ് ശാസ്ത്ര മേഖലയിലും എഞ്ചിനീയറിംഗ് രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച് ദേശീയ തലത്തിൽ തന്നെ നിരവധി അംഗീകാരങ്ങൾ നേടിയ വ്യക്തിത്വമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നൽകുന്ന ഈ വിശിഷ്ട ബഹുമതി പ്രഗത്ഭമതികളായ ഈ ശ്രേഷ്ട വ്യക്തിത്വങ്ങൾക്കൊപ്പം ഏറ്റു വാങ്ങാൻ കഴിഞ്ഞു എന്നത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.

പിൻതിരിഞ്ഞു നോക്കുമ്പോൾ ഒരുപാടു പേരെ എനിക്ക് ഓർമ്മിക്കാനുണ്ട്. എഴുത്തിന്റെ വഴിയിൽ എനിക്കു വെളിച്ചമായി നിന്ന കവി കുഞ്ഞുണ്ണിമാഷ്.

[object Object]

സിനിമയുടെ വാതിലുകൾ എന്റെ മുന്നിൽ തുറന്നുതന്ന ഗുരുനാഥൻ ഡോക്ടർ ബാലകൃഷ്ണൻ. ഒപ്പം പ്രവർത്തിക്കാൻ അവസരം തന്ന സംവിധായകരായ ഹരിഹരൻ,ചന്ദ്രകുമാർ,ജേസി... എനിക്കെന്നും പ്രചോദനമായി എന്നോടൊപ്പം നിന്ന ശ്രീനിവാസൻ.

ശ്രീനിവാസൻ കൂടെയുണ്ടാകുമ്പോഴാണ് ഞാൻ പൂർണ്ണനാകുന്നത് എന്നു തോന്നിയിട്ടുണ്ട്. ഞങ്ങൾ രണ്ടു പേരും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരും സമൂഹത്തെ ഒരുപോലെ നിരീക്ഷിക്കുന്നവരുമായിരുന്നു. ആ നിരീക്ഷണത്തിൽ നിന്നാണ് സന്ദേശം,വരവേൽപ്,തലയണമന്ത്രം, ഞാൻ പ്രകാശൻ തുടങ്ങിയ സിനിമകളൊക്കെ ഉണ്ടായത്. ഈ ബഹുമതി സ്വീകരിക്കുമ്പോഴും ശ്രീനിവാസൻ എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മനസ്സിൽ, ഇത് ശ്രീനിവാസനും കൂടിയുള്ളതാണെന്ന് സങ്കൽപിക്കുകയും ചെയ്യുന്നു.

എല്ലാ മേഖലയിലും ഉള്ളത്‌പോലെ സിനിമയിലും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.ഞാൻ സംവിധാനം പഠിക്കാൻ തുടങ്ങിയ കാലത്ത് സിനിമ 35MM ലും ബ്ലാക്ക്&വൈറ്റിലും ആയിരുന്നു. പിന്നിടത് കളറായി,സിനിമാസ്‌കോപ്പായി..... ഇപ്പോൾ ഫിലിം പോലുമില്ലാതായി. പകരം ഡിജിറ്റൽ സംവിധാനങ്ങൾ വന്നു. സിനിമയുടെ ആഖ്യാനരീതികൾ മാറി. പാട്ടുകളുടെ സ്വഭാവം മാറി.

മാറ്റം അനിവാര്യമാണ്. പഴയതു മാത്രമാണ് ശരി എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. പക്ഷെ മാറാത്ത ഒന്നുണ്ട്... അത് സിനിമയുടെ ആത്മാവാണ്. നമ്മുടെ വികാരങ്ങൾക്ക് മാറ്റമൊന്നുമില്ല. സ്‌നേഹം,ത്യാഗം,പ്രണയം,വിരഹം,പക.

ഞാനെപ്പോഴും കാലത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വീട്ടിൽ തന്നെ രണ്ടു യുവ സംവിധായകർ ഉള്ളതുകൊണ്ട് ജനറേഷൻ ഗ്യാപ്പ് കാര്യമായി ബാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കണം ഇന്നും സജീവമായി ഈ രംഗത്ത് തുടരാൻ സാധിക്കുന്നത്..

സിനിമ,സന്തോഷമുള്ള ഒരുപാട് അനുഭവങ്ങൾ എനിക്ക് തന്നിട്ടുണ്ട്. ഭാഗ്യം എന്നു തന്നെയാണ് അതിനെ പറയേണ്ടത്.

ഇളയരാജയെ പോലെ, ജോൺസണെ പോലെ പ്രതിഭാധനരായ സംഗീത സംവിധായകർക്കൊപ്പം ഒട്ടേറെ സിനിമകളിൽ പ്രവർത്തിക്കാൻ സാധിച്ചു. എക്കാലത്തേയും മികച്ച ഗായകനായ യേശുദാസ് എന്റെ സിനിമകൾക്കു വേണ്ടി പാടി. അതിൽ പലതും ഞാനെഴുതിയ വരികൾ തന്നെ ആയിരുന്നു. ഇന്ത്യ കണ്ട ഏറ്റവും നല്ല നടന്മാരായ മമ്മൂട്ടിയേയും മോഹൻലാലിനേയും ക്യാമറയുടെ മുന്നിൽ നിർത്തി അഭിനയിപ്പിക്കാൻ സാധിച്ചു.

ഭാഗ്യങ്ങളുടെ നിരയിലേക്ക് ഇതാ... ഈ ദിവസവും വന്നു ചേരുകയാണ്.

നന്ദി എന്ന ഒറ്റ വാക്കിൽ ഒതുക്കാവുന്നതല്ല കാലിക്കറ്റ് സർവ്വകലാശാലയോടുള്ള കടപ്പാട്.

തുടർന്നുള്ള എന്റെ കലാജീവിതത്തിനും വ്യക്തിജീവിതത്തിനും ഈ അംഗീകാരം വലിയ ഊർജ്ജമായിരിക്കും എന്ന് ഉറപ്പാണ്. അംഗീകാരം എന്നതിനേക്കാൾ ഉപരി അനുഗ്രഹമായി ഞാനിതു സ്വീകരിക്കുന്നു. എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി..''