ഭാഷ നമുക്കിടയിലെ മതിലുകള്‍, അത് തകര്‍ത്ത് ഒരൊറ്റ ഇന്ത്യയായി നിലനിര്‍ത്തുന്നത് സാഹിത്യം- പ്രതിഭാറായ്

പ്രതിഭാ റായ് (ഫോട്ടോ ബിജു വർഗീസ്)
പ്രതിഭാ റായ് (ഫോട്ടോ ബിജു വർഗീസ്)

വിശിഷ്ട പണ്ഡിതരുടെയും സംന്യാസിവര്യന്മാരുടെയും തത്വചിന്തകരുടെയും അവരില്‍ പ്രമുഖനായിരുന്ന ശ്രീ ശങ്കരാചാര്യരുടെയും നാടായ, ദൈവങ്ങളുടെ മനോഹരമായ ഈ നാട്ടിലേക്ക്‌ ഞാന്‍ എപ്പോഴും ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെത്തുമ്പോള്‍ വീട്ടിലേക്ക് വന്നുകയറുന്ന അനുഭവമാണ് എപ്പോഴും ഉണ്ടായിട്ടുള്ളത്. കേരളത്തില്‍ ഇതെന്റെ പതിനൊന്നാമത്തെ സന്ദര്‍ശനമാണെന്ന് അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. ഇവിടെ നില്‍ക്കുമ്പോള്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും എഴുത്തുകാരനും വാഗ്മിയുമായിരുന്നു എം.പി വീരേന്ദ്രകുമാറിന്റെ ഓര്‍മകള്‍ എന്നില്‍ നിറയുന്നു. അതോടൊപ്പം തന്നെ ഇന്ത്യന്‍ സാഹിത്യത്തിലെ തലമുതിര്‍ന്നയാളും എന്റെ സഹോദരനുമായിരുന്ന എം.ടി വാസുദേവന്‍ നായരെയും ഓര്‍ക്കുകയാണ്. 2018-ല്‍ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ ഈ രണ്ട് മഹാന്മാരുടെയും അനുഗ്രഹാശ്ശിസുകള്‍ ഏറ്റുവാങ്ങാന്‍ എനിക്കു സാധിച്ചിരുന്നു. രണ്ടുപേര്‍ക്കും എന്റെ ആദരഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. 

1998-ല്‍ എം.ടിയുടെ പത്രാധിപത്യത്തില്‍ എന്റെ നോവല്‍ 'ദ്രൗപദി' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വിവര്‍ത്തനം ചെയ്ത് ഖണ്ഡശ്ശഃയായി പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. 'മോതിരം' എന്ന കഥയുടെ വിവര്‍ത്തനവും അച്ചടിച്ചുവന്നു. മാതൃഭൂമിയില്‍ സൃഷ്ടികള്‍ അച്ചടിച്ചുവരിക എന്നത് ഏതൊരു ഇന്ത്യന്‍ എഴുത്തുകാരുടെയും സ്വപ്‌നമാണ്. എം.ടിയോടും മാതൃഭൂമിയോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ജനാധിപത്യത്തിന്റെ ജീവരക്തമായ ചിന്തകര്‍, എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, വായനക്കാര്‍ തുടങ്ങിയവരുടെ സമക്ഷത്തില്‍ ശ്രേഷ്ഠമായ ഈ സാഹിത്യപുരസ്‌കാരം മലയാളത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ സാറാ ജോസഫിന് സമ്മാനിക്കാന്‍ നിയോഗിക്കപ്പെട്ടതില്‍ ഞാന്‍ കൃതാര്‍ഥതയുളളവളാണ്. 

Content Highlights: prathibha ray mathrubhumi literary award speech sarah joseph

Continue reading