കോഴിക്കോട് അറിയുക, ഇങ്ങനെയൊക്കെയാണ് ക്രാക്കോവ് സാഹിത്യനഗരമാവുന്നത്‌ !

#പോളണ്ടിലെ ക്രാക്കോവിൽനിന്ന്‌ സബിൻ ഇക്ബാൽ
ക്രാക്കോവ് സാഹിത്യനഗരത്തെക്കുറിച്ചുള്ള കൈപ്പുസ്തകം. പശ്ചാത്തലത്തിൽ ക്രാക്കോവ് നഗരം
ക്രാക്കോവ് സാഹിത്യനഗരത്തെക്കുറിച്ചുള്ള കൈപ്പുസ്തകം. പശ്ചാത്തലത്തിൽ ക്രാക്കോവ് നഗരം

സാഹിത്യത്തിന്‌ നൊ​ബേൽ പുരസ്കാരം നേടിയ രണ്ടുപേർ പത്തുകിലോമീറ്ററിനുള്ളിൽ ജീവിച്ചിരുന്ന നഗരമാണ് പോളണ്ടിലെ ക്രാക്കോവ്‌ - വിസ്ലാവ ഷിംബോർസ്കയുടെയും സെസ്സാവ് മീവോഷിന്റെയും പ്രിയപ്പെട്ട നഗരം. അവർ സ്ഥിരമായി പോയിരുന്ന കഫേകളും ലൈബ്രറികളും അവർ ജീവിച്ചിരുന്ന തെരുവും വീടുകളും പൈതൃകസമ്പത്തായി കാത്തുസൂക്ഷിക്കുന്ന നഗരം. ഒരുപക്ഷേ, അവരെക്കാൾ പ്രശസ്തനായ സയൻസ് ഫിക്‌ഷൻ എഴുത്തുകാരനായിരുന്നു ലെം ജീവിച്ചിരുന്ന നഗരം, ജോസഫ് കോൺറാഡ് എന്ന സാഹിത്യത്തിലെ അതികായൻ പാർത്ത നഗരം... ക്രാക്കോവിലെ കല്ലുപാകിയ പാതകളിൽനിന്ന്‌ ഇവരുടെ പദനിസ്വനങ്ങളും കവിതകളും വാക്കുകളും ഇന്നും ഉയരുന്നുണ്ട്

രണ്ട്് ലോകയുദ്ധങ്ങളും നാസി-റഷ്യൻ അധിനിവേശവും കൂട്ടക്കൊലകളും അതിർത്തിവിഭജനങ്ങളുമൊക്കെ കണ്ട രാജ്യമാണ് പോളണ്ട്. അതുകൊണ്ടുതന്നെ, സാഹിത്യം നൂറ്റാണ്ടുകളായി പോളണ്ടിലെ ജീവിതവുമായി വല്ലാതെ ഇടപിണഞ്ഞുകിടക്കുന്നു. ‘സാഹിത്യമില്ലാതെ പോളണ്ടില്ല’ എന്ന് എന്നോടുപറഞ്ഞത് പോളണ്ടിലെ ഏറ്റവും വലിയ പ്രസാധകരായ സ്നാക്കിന്റെ സീനിയർ എഡിറ്ററായ ഈവ ആണ്. പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയുടെ അതിഥിയായി ഞാൻ പോളണ്ടിലേക്കുവന്നത് സാഹിത്യസഞ്ചാരങ്ങൾ (Literary Trails) എന്ന പുസ്തകം എഴുതാനാണ്. ക്രാക്കോവ്‌ ആണ് എന്റെ ശ്രദ്ധാകേന്ദ്രം. ഞാൻ താമസിക്കുന്നത് രണ്ട്‌ നൊബേൽ ജേതാക്കളുടെ വീട്ടിലും. 18/46 പിയാസ്റ്റസ്ക സ്ട്രീറ്റ്-നൊബേൽ ജേതാവായതിനുശേഷം ഷിംബോർസ്ക ജീവിച്ചിരുന്ന അപ്പാർട്ട്‌മെന്റ്. അതായിരുന്നു രണ്ടാഴ്ച എന്റെ വാസസ്ഥലം. അവർ ഉറങ്ങിയിരുന്ന മുറിയിൽ ഉറങ്ങുക, അവർ വായിക്കുകയും എഴുതുകയുംചെയ്തിരുന്ന മുറിയിൽ ഇരുന്ന് വായിക്കുക, എഴുതുക-എന്റെ വിദൂരസ്വപ്നത്തിൽപ്പോലും ഇല്ലാതിരുന്ന സൗഭാഗ്യങ്ങൾ.

പാർക്കിലും ബെഞ്ചിലും സാഹിത്യം

പോളണ്ടിലെ എല്ലാ നഗരങ്ങളിലും കലയും സാഹിത്യവും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണെങ്കിലും ക്രാക്കോവിൽ അത് ഒരു നഗരത്തിെന്റ ഹൃദയമിടിപ്പാണ്. കാരണം, യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച ഇടമാണ്‌ ഇത്‌. പ്ലാന്റി പാർക്കിലെ ബെഞ്ചിലിരുന്ന് ചുറ്റും നോക്കിയപ്പോൾ പഴുത്ത ഇലകൾ പൊഴിക്കുന്ന ചെസ്‌നട്ടുകളെ കണ്ടു. ശൈത്യം തുടങ്ങിയില്ലെങ്കിലും തണുപ്പ് അരിച്ചുകയറുന്നു. ഞാൻ കൈകൾ കൂട്ടിത്തിരുമ്മി, എന്നിട്ട് ഇരുന്നിരുന്ന ബെഞ്ചിലേക്ക് നോക്കി. ഒരറ്റത്ത്, ഒരു മെറ്റൽ പ്ലാക്ക്. അതിൽ ഒരു പേരും അടുത്ത് ഒരു ക്യു.ആർ. കോഡും. ഞാൻ ഫോണെടുത്ത് ആ ക്യു.ആർ.കോഡ്‌ സ്കാൻചെയ്തുനോക്കി. അതെന്നെ കൊണ്ടുപോയത് ഒരെഴുത്തുകാരന്റെ പേജിലേക്കും പിന്നെ അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ വിശദാംശങ്ങളിലേക്കുമായിരുന്നു. തീർന്നില്ല, അദ്ദേഹത്തിന്റെ എഴുത്തിന്റെ ശകലങ്ങൾ പോളിഷിലും ഇംഗ്ലീഷിലും!! കൊള്ളാലോ... ഇതാണ് സിറ്റി കോഡ് പ്രോജക്ട്‌. ക്രാക്കോവ്‌ നഗരത്തിലെ പല പാർക്കുകളിലും ഇത് കാണാം. യുനെസ്കോ സാഹിത്യനഗരത്തിന്റെ അനേകം സാഹിത്യസംരംഭങ്ങളിൽ ഒന്ന്. സാങ്കേതികവിദ്യ ഉപയോഗിച്ച് എഴുത്തുകാരെയും അവരുടെ എഴുത്തിനെയും ജനങ്ങളിലെത്തിക്കാനും വായനശീലം വളർത്തുന്നതിനുമായുള്ള ഒരു ശ്രമം.

പ്രധാന സ്ക്വയറിലേക്കുപോകാൻ ട്രാം പിടിക്കാൻ ഞാൻ ഷിംബോർസ്കയുടെ അപ്പാർട്ട്‌മെന്റിൽനിന്ന് ഇറങ്ങുമ്പോൾ മൂടൽമഞ്ഞ് ഉരുളൻകല്ലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ക്രാക്കോവ്‌ പതിയെ ഉണരുകയായിരുന്നു. കഫേകളിൽനിന്ന്‌ ബ്രെഡിന്റെയും കാപ്പിയുടെയും ഗന്ധം. നൂറ്റാണ്ടുകളായി ക്രാക്കോവിന്റെ ഹൃദയമിടിപ്പായിരുന്ന പ്രധാന സ്ക്വയറായ റൈനെക് ഗ്ലോവ്‌നിയാണ് എന്റെ ആദ്യ സ്റ്റോപ്പ്്്. മൂടൽമഞ്ഞ് ഉയർന്നപ്പോൾ ക്ലോത്ത് ഹാളിന്റെ ഭൂരിഭാഗവും എന്നെ സ്വാഗതംചെയ്തു. അതിന്റെ പുതിയ മുഖം, വ്യാപാരത്തിന്റെയും സംസ്കാരത്തിന്റെയും കേന്ദ്രമെന്ന നിലയിൽ ഈ നഗരത്തിന്റെ നീണ്ട ചരിത്രത്തിന്റെ തെളിവാണ്. പക്ഷേ, ആ പ്രഭാതത്തിൽ എന്നെ ആകർഷിച്ചത് വാസ്തുവിദ്യയായിരുന്നില്ല. പോളണ്ടിന്റെ ദേശീയ കവിയായ ആദം മിക്കിവിച്ചിന്റെ സ്മാരകം ചത്വരത്തിന്റെ മധ്യഭാഗത്തായി നിലകൊള്ളുന്നു. അദ്ദേഹത്തിന്റെ നോട്ടം ചതുരാകൃതിയിലുടനീളമായി നീളുന്നു. താൻ ഇഷ്ടപ്പെടുന്ന നഗരത്തെക്കുറിച്ച് ഇപ്പോഴും കവിത രചിക്കുന്നതുപോലെ. ഒരു കൂട്ടം സ്കൂൾക്കുട്ടികൾ പ്രതിമയ്ക്കുചുറ്റും കൂടിനിൽക്കുന്നു. മിക്കിവിച്ചിന്റെ വാക്കുകൾ പാരായണംചെയ്യുന്ന അവരുടെ അധ്യാപികയുടെ ശബ്ദം സ്ക്വയറിലുടനീളം കേൾക്കുന്നു. നൂറ്റാണ്ടുകളുടെ കഥപറയാനുള്ള പ്രധാന സ്ക്വയറിൽ സന്ദർശകരുടെ കലപിലയും മന്ദം കടന്നുപോകുന്ന കുതിരവണ്ടിയിൽനിന്നുള്ള കുളമ്പടിയും തണുത്ത വായുവിലേക്ക്‌ പതിഞ്ഞുവീഴുന്നു.

ക്രാക്കോവ്‌ സാഹിത്യനഗരത്തിലെ ഒരു തെരുവ്‌

മാറ്റം അടിമുടി

ഞാൻ നടന്നു. എഴുത്തുകാരുടെയും വായനക്കാരുടെയും എത്രയോ കഥകൾ പറയാനുള്ള കഫേകളെയും ലൈബ്രറികളെയും കടന്ന്്്, പിന്നെയും. ഷിംബോർസ്കയുടെ ഇഷ്ട കഫേയായിരുന്ന നോവ പ്രൊവിൻഷ്യയും കടന്ന്... പോട്ടോസ്കി പാലസ് തേടിയായിരുന്നു എന്റെ യാത്ര. പതിമ്മൂന്നാം നൂറ്റാണ്ടിൽ പണിത ആ കെട്ടിടം ഇന്നൊരു സാംസ്കാരികകേന്ദ്രമാണ്. അവിടെയാണ് ക്രാക്കോവ്‌ യുനെസ്കോ സാഹിത്യനഗരത്തിന്റെ ആസ്ഥാനം. അവിടെയാണ് എല്ലാവർഷവും പ്രശസ്തമായ മീവോഷ് കാവ്യോത്സവം (Milosz poetry Festival) നടക്കുന്നത്. താഴത്തെ നിലയിൽ ഒരു വലിയ പുസ്തകശാല. മുകളിലത്തെ നിലയിലാണ് ഓഫീസ്. പ്രധാനമായും മൂന്നുകാര്യങ്ങളാണ് അവർ ചെയ്യുന്നത്: ‘‘ക്രാക്കോവ്‌ നഗരത്തിന് 2013-ൽ യുനെസ്കോ സാഹിത്യനഗരം എന്ന തസ്തിക കിട്ടിയതുമുതൽ ഞങ്ങൾ സാഹിത്യപാരമ്പര്യത്തിലും ജനങ്ങൾക്കിടയിൽ വായനശീലം വളർത്തുന്നതിലും പ്രാദേശിക പുസ്തകവിപണിയിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്’’ -ചരിത്രാധ്യാപകനും ഈ മേയ്‌വരെ ക്രാക്കോവ്‌ നഗരപിതാവുമായിരുന്ന യാചേക് മജ്ക്രഈസ്കി പറഞ്ഞു. ‘‘ഞങ്ങളുടെ സാഹിത്യപ്രോജക്ടുകൾ വർഷംമുഴുവനായുണ്ട്. അതിൽ പലതരം ശില്പശാലകളുണ്ട്. എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കാൻവേണ്ടിയുള്ളവയാണ് അവയെല്ലാം’’ -പ്രോഗ്രാമുകളുടെ തലവയായ എല പറഞ്ഞു. ‘‘പോളണ്ടിലെത്തന്നെ ഏറ്റവും വലുതും പ്രധാനവുമായ രണ്ടു സാഹിത്യോത്സവങ്ങളായ കോൺറാഡ് ഫെസ്റ്റിവലും മിവോഷ് പോയട്രി ഫെസ്റ്റിവലും സംഘടിപ്പിക്കുന്നത് ക്രാക്കോവ്‌ യുനെസ്കോ സാഹിത്യനഗര ഓഫീസാണ്. ഇവ കൂടാതെ ക്രാക്കോവ്‌ ബുക്ക് ഫെസ്റ്റിവലും സംഘടിപ്പിക്കുന്നു’’ -എല തുടർന്നു.

ഇതിനുപുറമേ, എഴുത്തുകാർക്കുള്ള ശില്പശാലകളും അവർ നടത്തുന്നു. ആദ്യപുസ്തകം എഴുതാനുള്ള പ്രത്യേക ശില്പശാലയുമുണ്ട്. കൂടാതെ മാസത്തിലെ എല്ലാ രണ്ടാം ഞായറാഴ്ചയും കുട്ടികൾക്കായുള്ള ശില്പശാല നടത്തുന്നു. ‘‘കൗമാരക്കാർക്കായുള്ള ശില്പശാലയും ഞങ്ങൾ നടത്തുന്നുണ്ട്്. ക്രാക്കോവ്‌ യുനെസ്കോ സാഹിത്യനഗരത്തിന്റെ മറ്റൊരു പ്രധാന പ്രവർത്തനം പുസ്തകക്കടകളെയും പുസ്തകവിപണിയെയും സംരക്ഷിക്കുക എന്നുള്ളതാണ്. ചെറുകിട ബുക്‌സ്റ്റാളുകൾക്കും സ്വതന്ത്ര കച്ചവടക്കാർക്കും ഞങ്ങൾ സാമ്പത്തികസഹായം ചെയ്യുന്നു. അവരുടെ കടകളിൽ ചെറിയ പരിപാടികൾ സംഘടിപ്പിക്കാനും ഞങ്ങൾ സഹായിക്കുന്നു. കൂടാതെ, ഞങ്ങൾക്ക് ബുക്ക് കോൺഗ്രസ് എന്ന ഒരു പരിപാടിയുണ്ട്, പുസ്തകവിപണിയിലെ എല്ലാ ആൾക്കാരെയും ഞങ്ങൾ കോൺറാഡ് ഫെസ്റ്റിവലിന്റെ സമയത്ത് ഇവിടെ കൊണ്ടുവരും. അവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യാനും പരിഹരിക്കാനുമാണിത്. ക്രാക്കോവിനെക്കുറിച്ച് എഴുതുന്ന എഴുത്തുകാരെയും വിവർത്തകരെയും മാനിക്കുന്നതിനായി ക്രാക്കോവ്‌ യുനെസ്കോ സാഹിത്യനഗരത്തിന്റെ പേരിൽ സമ്മാനവും എല്ലാവർഷവും കൊടുക്കുന്നുണ്ട്’’ -എല പറഞ്ഞു.

ക്രാക്കോവിലെ ഒരു ഗ്രന്ഥശാല

സാഹിത്യനഗരമായി പ്രഖ്യാപിക്കപ്പെട്ടതിനുശേഷം ക്രാക്കോവ്‌ നഗരസഭ പുസ്തകക്കച്ചവടക്കാരെ ജോലിക്കാരായി പരിഗണിക്കുന്ന നിയമം പാസാക്കുകയും അവർക്ക് സാമ്പത്തികസഹായത്തിനുള്ള നടപടികളെടുക്കുകയും ചെയ്തു. ഈ നഗരം സാഹിത്യത്തിൽ സാമ്പത്തികമായി മുതൽമുടക്കുന്നുണ്ട്. ക്രാക്കോവ്‌ നഗരത്തിലുള്ളവർക്ക് സ്വന്തം നഗരത്തോടുള്ള അഭിമാനം കൂടിയിട്ടുമുണ്ട്’’ -എല തുടർന്നു. ഏതാനും വർഷങ്ങൾക്കകം, ക്രാക്കോവ്‌ യുനെസ്കോ സാഹിത്യനഗരത്തിന്റെ ആസ്ഥാനം ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന പ്ലാനറ്റ് ലെമ്മിലേക്ക് മാറ്റും. ക്രാക്കോവിലെ എല്ലാ പുസ്തകക്കടയിലും ‘യുനെസ്കോ സാഹിത്യനഗരം’ എന്ന് വ്യക്തമായ ബ്രാൻഡിങ്‌ ഉണ്ട്. കൂടാതെ, എഴുത്തുകാരുടെ പേരിൽ ‘Milosz Trail’, ‘Szymborska Trail’, ‘Joseph Conrad trail’, ‘Stanislaw Lem Trail’ തുടങ്ങിയ സാഹിത്യനടത്തങ്ങളും (Literary Walks) അവർ സംഘടിപ്പിക്കുന്നു. കോഴിക്കോടിനെ യുനെസ്കോ സാഹിത്യനഗര ശൃംഖലയിലേക്ക് സ്വാഗതംചെയ്ത എല, ഇന്ത്യയിലെ ആദ്യ യുനെസ്കോ സാഹിത്യനഗരവും ആദ്യത്തെ സ്ലാവിക്‌ യുനെസ്കോ സാഹിത്യനഗരവുമായി കൈകോർത്തു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞു.

നഗരത്തിലൂടെ നടക്കുമ്പോൾ

ഇടുങ്ങിയ തെരുവുകളിലൂടെ ഞാൻ യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ ഒന്നായ യാഗിയെല്ലോണിയൻ സർവകലാശാലയിലേക്ക് നടന്നു. ജീർണിച്ച കൽപ്പടവുകളിലും പുരാതന കമാനപാതകളിലും ചരിത്രത്തിന്റെ നിഴലുകൾ. ഒരു കാലത്ത് ഇവിടെ പഠിച്ചിരുന്ന കോപ്പർനിക്കസ് ഇതേ പാതകളിലൂടെ നടന്നിരിക്കണം. സർവകലാശാലയുടെ മ്യൂസിയത്തിൽ അമൂല്യമായ കൈയെഴുത്തുപ്രതികൾക്കും ആദ്യകാല ശാസ്ത്ര ഉപകരണങ്ങൾക്കും മുന്നിൽ നിൽക്കുമ്പോൾ നേരിയ വിറയൽ... ഈ ഹാളുകളിലൂടെ കടന്നുപോയ മഹത്തായ മനസ്സുകളിലേക്കുള്ള മൂർത്തമായ കണ്ണികൾ. ചെന്നെത്തിയത് പോളിഷ് വകുപ്പിന്റെ ഒരു കെട്ടിടത്തിൽ. അകത്തേക്കുകയറി. ചുവരുകളിൽ പോളിഷ് എഴുത്തുകാരുടെ കൈയൊപ്പുകൾ വലുതായി വരച്ചുവെച്ചിരിക്കുന്നു. ഒരു നഗരം, ആ രാജ്യത്തിലെ എഴുത്തുകാരെ മാനിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം. സാഹിത്യനഗരത്തിലെ പരിപാടികളുടെ തലവയായ എല എന്നെ ബോഗസ്തവ്‌സ്കിഗോ തെരുവിലെ മീവോഷിന്റെ അപ്പാർട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. എല്ലാവർക്കും ഇത് തുറന്നുകൊടുക്കില്ല. പഴക്കമുള്ള വലിയ വാതിലിൽ താക്കോൽതിരിച്ച് എല തുറക്കുമ്പോൾ, ഞാൻ വല്ലാതായി. സാഹിത്യത്തിന് 1980-ൽ നൊബേൽസമ്മാനം നേടിയ, ഇരുപതാംനൂറ്റാണ്ടിലെ അതികായനായ ഒരു എഴുത്തുകാരന്റെ എഴുത്തുമുറിയിലേക്കാണ് കയറുന്നത്. എല്ലാം അതുപോലെ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ കംപ്യൂട്ടർ, മേശയിൽ അദ്ദേഹത്തിന്റെ പേന, കടലാസുകൾ, പാസ്പോർട്ട്, കസേരയിൽ തൂക്കിയിട്ടിരിക്കുന്ന ജാക്കറ്റ്, ഷൂസുകളും ചെരിപ്പുകളും... ഈ മുറിയിൽ, ഈ മേശയിൽെവച്ചാണ് അദ്ദേഹം The Roadside Dog, Orpheus and Eurydice എന്നിവയും Second Space എന്ന സമാഹാരങ്ങളിലെ കവിതകളും എഴുതിയത്. ചുവരിൽ അദ്ദേഹത്തിനായി ഐറിഷ് കവി ഷീമസ് ഹീനി എഴുതിയ കവിത ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നു. അദ്ദേഹം പുറത്തുപോയിരിക്കുകയാണെന്നും ഉടൻ തിരികെ വരുമെന്നും തോന്നും അതൊക്കെ കണ്ടുനിൽക്കുമ്പോൾ.

ഉച്ചയ്ക്കുശേഷം ഞാൻ ഒരിക്കൽ ക്രാക്കോവിലെ ജൂതജീവിതത്തിന്റെ കേന്ദ്രമായിരുന്ന കാസിമിയർസ് ജില്ലയിൽ എത്തി. ഇവിടെ, ഐസക് ബാഷേവിസ് സിംഗറുടെ കഥകളുടെ നിഴലാട്ടങ്ങൾ ഓരോ വാതിലിലും ഉള്ളതുപോലെ. ഉച്ചഭക്ഷണത്തിനായി ഒരു ചെറിയ കഫേയിൽ കയറി. അതിന്റെ ചുവരുകൾ പുസ്തകഷെൽഫുകൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ആവിപറക്കുന്ന ഷുറെക്ക് (പോളണ്ടിലെ ഏറ്റവും പുരാതനമായ സൂപ്പ്‌) കഴിച്ചുകൊണ്ട്്് ജൂലിയൻ ടുവിമിന്റെ കവിതകളുടെ ഒരു പഴയ പകർപ്പിലൂടെ ഞാൻ കണ്ണോടിച്ചു. മസോലിറ്റ് ബുക്സ് ആൻഡ്‌ കഫേ ഒരു സാഹിത്യസ്നേഹി തീർച്ചയായും പോകേണ്ട സ്ഥലമാണ്. എല്ലാ മുറിയിലും ഒരു ഡസൻ ഭാഷകളിലെ പുസ്തകങ്ങളുടെ അലമാരകൾ. സാഹിത്യചർച്ചകളുടെ പതുങ്ങിയ ശബ്ദം. ക്രാക്കോവിൽ ഏറ്റവും കൂടുതൽ ഇംഗ്ലീഷ് പുസ്തകങ്ങൾ (പുതിയതും പഴയതും) ഇവിടെയാണുള്ളത്.

ക്രാക്കോവിന്റെ പഴയ പട്ടണത്തെ വലയംചെയ്യുന്ന ഗ്രീൻ ബെൽറ്റായ പ്ലാന്റി പാർക്കിലേക്കാണ് ഉച്ചകഴിഞ്ഞ് ഞാൻ പോയത്. ഇവിടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങളുടെ ചുവട്ടിൽ ദമ്പതിമാർ കൈകോർത്ത് നടക്കുന്നതും പുൽത്തകിടിയിൽ പുസ്തകങ്ങളുമായി ഇരിക്കുന്നതും പ്രായമായവർ തീവ്രമായ ചെസ്‌പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതും കാണാം. സന്ധ്യമയങ്ങിയപ്പോൾ, ഞാൻ പോട്ടോസ്കി പാലസിലുള്ള ക്രാക്കോവ്‌ പോയട്രി സലൂണിലേക്ക്‌ നടന്നു. രാത്രി ഒരു യുവകവിയുടെ കവിത വായനയുണ്ട്. അലങ്കരിച്ച മുറിയിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. എനിക്ക് പോളിഷ് ഭാഷ മനസ്സിലായില്ലെങ്കിലും കവിയുടെ ശബ്ദത്തിലെ വികാരം ഭാഷയെ മറികടക്കുന്നു. അവിടെനിന്ന് ഞാൻ പോയത് കഫേ കാമേലോട്ടിലേക്കാണ്. കഫേ കാമേലോട്ടിന്റെ ആർട്ട് നോവിയോ ഇന്റീരിയറുകൾ സാഹിത്യസംഭാഷണത്തിന് അനുയോജ്യമായ പശ്ചാത്തലമാണ്.

പാർക്കിലെ ബെഞ്ചിലുള്ള മെറ്റൽ ക്യു.ആർ. കോഡ്. ഇത്‌ സ്കാൻ ചെയ്താൽ എഴുത്തുകാരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും

പിറ്റേന്ന്, ലിയനാർഡോ ഡാവിഞ്ചിയുടെ ‘ലേഡി വിത്ത് ആൻ എർമിൻ’ ഉള്ള സാർട്ടോറിസ്കി മ്യൂസിയമായിരുന്നു എന്റെ ആദ്യലക്ഷ്യം. പെയിന്റിങ്ങിന്റെ മുന്നിൽ നിൽക്കുമ്പോൾ, ഈ നവോത്ഥാന മാസ്റ്റർപീസ് ക്രാക്കോവിന്റെ ആത്മാവിനെ എങ്ങനെ ഉൾക്കൊള്ളുന്നുവെന്ന് ഞാൻ ചിന്തിച്ചു-പഴയതും പുതിയതും-നിഗൂഢതയുടെയും വെളിപാടിന്റെയും സൂക്ഷ്മമായ ബാലൻസ്. പക്ഷേ, പ്രശസ്തമായ പെയിന്റിങ് മാത്രമല്ല എന്റെ ശ്രദ്ധ ആകർഷിച്ചത്. അപൂർവ കൈയെഴുത്തുപ്രതികളും അവയുടെ ആദ്യപതിപ്പുകളും ഉൾപ്പെടെയുള്ള സാഹിത്യകലകളുടെ ശ്രദ്ധേയമായ ശേഖരം ഈ മ്യൂസിയത്തിലുണ്ട്. ആദം മിക്കിവിച്ച്‌ ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ ഒരു പ്രദർശനം... കൈയിൽ തൂവൽപ്പേനയുമായി പോളണ്ടിന്റെ ദേശീയവ്യക്തിത്വം നിർവചിക്കാൻ സഹായിക്കുന്ന വാക്യങ്ങൾ തയ്യാറാക്കിയ കവി.

സൂര്യാസ്തമയത്തോടെ ഞാൻ എന്റെ അടുത്ത ലക്ഷ്യസ്ഥാനത്തേക്ക്. ഫ്ലോറിയൻസ്ക സ്ട്രീറ്റിലെ ഒരു മുറ്റത്ത് ഒരു ചെറിയ തിയേറ്റർ. ഇന്നുരാത്രി, അവർ ബ്രൂണോ ഷൂൾസിന്റെ ദി സ്ട്രീറ്റ് ഓഫ് ക്രോക്കോഡൈൽസ് അടിസ്ഥാനമാക്കി ഒരു നാടകം അവതരിപ്പിക്കുന്നു. എന്റെ കൺമുന്നിലെ ഇടുങ്ങിയ ഇടം ഷൂൾസിന്റെ ഡ്രോഹോബിക്സിന്റെ സ്വപ്നതുല്യമായ ലോകമായി രൂപാന്തരപ്പെടുന്നു. ഒരു ചെറിയ ഗലീഷ്യൻ പട്ടണത്തിൽ ജനിച്ച ഷൂൾസിന്റെ വാക്കുകൾ മഹത്തായ സാഹിത്യത്തിന്റെ, സാർവലൗകിക ശക്തിയുടെ, സാക്ഷ്യപത്രമായ ക്രാക്കോവിൽ എങ്ങനെ പുതുജീവൻ കണ്ടെത്തിയെന്ന് ഞാൻ അദ്‌ഭുതത്തോടെ കണ്ടുനിന്നു.

ഞാനും ക്രിസ്സും മെയിൻ സ്ക്വയറിലൂടെ നടന്ന്, നോവ പ്രൊവിൻഷ്യയിലെത്തി. ഷിംബോർസ്കയുടെ സ്ഥിരം കഫേ. ചുവരുകളിൽ കവിതകൾ കോറിയിട്ടിരിക്കുന്നു. ഷിംബോർസ്കയുടെ പലതരം പോസ്റ്ററുകൾ ഭിത്തികളിൽ. നല്ല തിരക്ക്. മിക്ക മേശയ്ക്കുചുറ്റും പല പ്രായത്തിലുള്ള എഴുത്തുകാർ. അവർ എഴുത്തും സാഹിത്യവും കലയും ചർച്ചചെയ്യുന്നു. കഫേയുടെ വാതിലിൽ ഒരു ഫോൺപോലെ ഒരു യന്ത്രം. സൂക്ഷിച്ചുനോക്കിയപ്പോൾ ഓരോ ബട്ടനുകൾക്കുംനേരേ ഓരോ എഴുത്തുകാരുടെ പേരുകൾ. അതിൽ വിരലമർത്തിയാൽ, ആ എഴുത്തുകാരനോ എഴുത്തുകാരിയോ സ്വന്തം ശബ്ദത്തിൽ തന്റെ വരികൾ വായിക്കും. ഞാൻ ഷിംബോർസ്കയുടെ അപ്പാർട്ട്‌മെന്റിലേക്ക് മടങ്ങുമ്പോൾ അർധരാത്രി കഴിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലെ വാക്കുകളും ചിത്രങ്ങളും എന്റെ ചിന്തയിൽ നിറയുന്നു. കവിയുടെ മുറിയിൽ ഞാൻ ഉറങ്ങാൻ പോകുമ്പോൾ, ഷിംബോർസ്കയുടെ കവിതകളിലെ വരികളും ‘സാഹിത്യത്തെരുവുകളിലെ’ സംഭാഷണശകലങ്ങളും ട്രാം വീലുകളുടെ താളാത്മകമായ ശബ്ദവും കൂടിച്ചേരുന്നു. എന്റെ സ്വപ്നങ്ങളിൽ, ക്രാക്കോവ് ഒരു വലിയ ലൈബ്രറിയായി മാറുന്നു. അതിന്റെ തെരുവുകൾ അനന്തമായ പുസ്തകങ്ങളുടെ അലമാരകളാൽ നിറഞ്ഞിരിക്കുന്നു. ഓരോന്നും എക്കാലത്തെയും കഥയിൽ ഒരു അധ്യായം കെട്ടിപ്പടുക്കുന്നു.

ഒരുപക്ഷേ, ക്രാക്കോവ് പോലെയുള്ള ഒരു സാഹിത്യനഗരത്തിന്റെ സൗന്ദര്യം അതായിരിക്കാം... അതിനെ ഒരിക്കലും പൂർണമായി പര്യവേക്ഷണംചെയ്ത് കണ്ടെത്താൻ കഴിയില്ല, അതിനെ ഒരിക്കലും പൂർണമായി അറിയാൻ കഴിയില്ല. പക്ഷേ, അത് ആവർത്തിച്ചുള്ള സന്ദർശനങ്ങൾക്കായി നമ്മെ ക്ഷണിച്ചുകൊണ്ടേയിരിക്കും. അത് സന്ദർശിക്കാനുള്ള ഒരു നഗരം മാത്രമല്ല, തുടരേണ്ട ഒരു കഥയുമാണ്.

(പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡൽഹിയുമായി ചേർന്നുള്ള ‘Literary Trails in Poland’ എന്ന പ്രോജക്ടിന്റെ ഭാഗമായിട്ടാണ് ലേഖകൻ ക്രാക്കോവിൽ യാത്രചെയ്യുന്നത്)

Content Highlights: poland krakow city of literature