പിഎംശ്രീ; 'ആസനത്തില്‍ മുളച്ചുപോയ വാലുകള്‍.', 'നല്ലത് ഭരണം ഒഴിയല്‍'...; സാംസ്‌കാരികലോകം പ്രതികരിക്കുന്നു

പ്രഖ്യാപിത നിലപാട് തിരുത്തി കേരളത്തിന് അര്‍ഹതപ്പെട്ട കേന്ദ്രഫണ്ട് നേടിയെടുക്കാനാണ് പിഎംശ്രീ നടപ്പാക്കുന്നതെന്ന സര്‍ക്കാര്‍ വിശദീകരണത്തോട് കേരളത്തിലെ സാഹിത്യ-സാംസ്‌കാരികമേഖലയിലെ പ്രമുഖര്‍ എതിര്‍ത്തും അനുകൂലിച്ചും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിന്റെ സുസ്ഥിരവും സുതാര്യവുമായ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കേന്ദ്രം കൈകടത്തുന്നതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ സാറാ ജോസഫ്, സാഹിത്യ അക്കാദമി അധ്യക്ഷനും അധ്യാപകനുമായിരുന്ന കെ. സച്ചിദാനന്ദന്‍, സംവിധായകന്‍ പ്രിയനന്ദനന്‍, മാധവന്‍ പുറച്ചേരി, അനു പാപ്പച്ചന്‍ തുടങ്ങിയവര്‍. അതേ സമയം സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ചുകൊണ്ട് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനായ അശോകന്‍ ചരുവില്‍. എഴുത്തുകാരുടെ പ്രതികരണങ്ങളിലേക്ക്...
കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികള്‍- സാറാ ജോസഫ്.
കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പിഎംശ്രീ കുട്ടികള്‍ക്കായി... ഒരൊറ്റ വാചകത്തിലൂടെ തന്റെ പ്രതിഷേധം അറിയിച്ചത് എഴുത്തുകാരിയും അധ്യാപികയുമായ സാറാജോസഫാണ്. കമ്യൂണിസത്തിന് ഹിന്ദുത്വയില്‍ പിറക്കാന്‍ പോകുന്ന കുട്ടികളാണ് പിഎംശ്രീ പദ്ധതിയുടെ ഫലമെന്ന് എഴുത്തുകാരി പ്രതികരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ്- സച്ചിദാനന്ദന്‍
സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ്. സ്റ്റാലിനും മമതയും മാതൃകകള്‍ ആയിട്ടല്ല, പക്ഷേ ചിലപ്പോള്‍ നിലപാടുകള്‍ നിര്‍ണ്ണായകമാവുന്നു. സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ്. 25 വര്‍ഷം, ജോലി കൊണ്ടുതന്നെ, അദ്ധ്യാപകനായിരുന്നു ഞാന്‍. തലമുറകളെ നുണ പഠിപ്പിക്കാന്‍ ഞങ്ങളെപ്പോലെ ഉള്ളവര്‍ തയ്യാറാവില്ല. ഇടതുപക്ഷത്തെ പുനര്‍നിര്‍വ്വചിക്കാന്‍ സമയമായി. അത് കീഴാളര്‍ക്കു മേല്‍ക്കൈ ഉള്ള ജനാധിപത്യമാണ്, എല്ലാതരം സമഗ്രാധിപത്യത്തിനും എതിര് നില്‍ക്കുന്നത്, എല്ലാ വര്‍ഗ- വംശ- ലിംഗ- മത- ജാതി മേല്‍ക്കോയ്മകള്‍ക്കും എതിര്‍ നില്‍ക്കുന്നത്, കാണാത്തവരെ കാണിക്കുന്നത്, കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നത്. മുന്‍മാതൃകകള്‍ ഇല്ലാത്തത്.
ആസനത്തില്‍ മുളച്ചുപോയ വാലുകള്‍. നിങ്ങള്‍ മിണ്ടുന്നുണ്ടോ അതോ?- പ്രിയനന്ദനന്‍
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പി.എം. ശ്രീ പദ്ധതിയെക്കുറിച്ച് കേരളത്തിലെ ഇടതുപക്ഷത്തിന്റെ നിലപാട് മാറിയതിലെ വൈരുദ്ധ്യങ്ങള്‍, പൊതുരംഗത്തെ ബുദ്ധിജീവികളുടെ മൗനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്. മാറിയ നിലപാട്, മുറിവേറ്റ തത്വങ്ങള്‍... ഏറെക്കാലം, സി.പി.എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തെ (NEP 2020) ശക്തമായി എതിര്‍ത്തിരുന്നു. ഇത് ഫെഡറല്‍ തത്വങ്ങളെ ലംഘിക്കുമെന്നും, വിദ്യാഭ്യാസത്തെ കാവിവത്കരിക്കുമെന്നും, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം ഇല്ലാതാക്കുമെന്നുമായിരുന്നു പ്രധാന വിമര്‍ശനം. എന്‍.ഇ.പിയുടെ പ്രദര്‍ശനശാലയായ പി.എം. ശ്രീ പദ്ധതിയെയും അവര്‍ തള്ളിക്കളഞ്ഞു.
എന്നാല്‍, കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികള്‍ക്കായി സംസ്ഥാനത്തിന് ലഭിക്കേണ്ട 1500 കോടിയിലധികം ഫണ്ട് കേന്ദ്രം തടഞ്ഞുവെച്ചതോടെ കഥ മാറി. കടുത്ത സാമ്പത്തിക ഞെരുക്കത്തില്‍, വിദ്യാഭ്യാസമന്ത്രിസഭ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചു. ഇതോടെ, തത്വങ്ങള്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിമാറി; 'വര്‍ഗീയ അജണ്ട' എന്ന് വിശേഷിപ്പിച്ച പദ്ധതിയുടെ ധാരണാപത്രത്തില്‍ കേരളം ഒപ്പുവെച്ചു.
ബുദ്ധിജീവികളുടെ നിശ്ശബ്ദതയുടെ രാഷ്ട്രീയം
ഇവിടെയാണ് യഥാര്‍ത്ഥ ചോദ്യം ഉയരുന്നത്. ഒരു വര്‍ഷം മുന്‍പ് വരെ, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നിലവാരം തകരാതിരിക്കാന്‍ പോരാടണമെന്ന് ആഹ്വാനം ചെയ്ത സി.പി.എമ്മിന് പെട്ടെന്ന് 'വിദ്യാഭ്യാസം കാവിവത്കരിക്കുന്നത്' ഒരു പ്രശ്‌നമല്ലാതായത് എങ്ങനെ? തടഞ്ഞുവെച്ച ഫണ്ട് വാങ്ങാനുള്ള 'പ്രായോഗികത' എന്നതിലുപരി, രാഷ്ട്രീയ ആദര്‍ശങ്ങളോടുള്ള ഈ 'ആസനത്തില്‍ മുളച്ചുപോയ വാലിന്' പിന്നിലെ മനഃശാസ്ത്രമെന്താണ്?
ഇതിനേക്കാള്‍ പ്രസക്തമായ ചോദ്യം, കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളോടും സാംസ്‌കാരിക നായകന്മാരോടുമാണ്: നിങ്ങള്‍ മിണ്ടുന്നുണ്ടോ അതോ?
സി.പി.ഐയും, സി.പി.ഐയുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകളും ഈ തീരുമാനത്തെ വഞ്ചനാപരമെന്ന് പറഞ്ഞ് പരസ്യമായി തെരുവില്‍ പ്രതിഷേധിച്ചപ്പോഴും, ഭരണകൂടത്തോട് ചേര്‍ന്നുനില്‍ക്കുന്ന മറ്റ് പ്രമുഖ ബുദ്ധിജീവികള്‍ ഒന്നുകില്‍ നിശ്ശബ്ദരാവുകയോ അല്ലെങ്കില്‍ ദുര്‍ബലമായ ന്യായീകരണങ്ങളുമായി രംഗത്തുവരുകയോ ചെയ്തു. വിദ്യാഭ്യാസത്തില്‍ കേന്ദ്ര ഇടപെടല്‍ ഉണ്ടാകുന്നതിനെതിരെ പ്രതികരിക്കേണ്ടവര്‍ ഇപ്പോള്‍ എവിടെപ്പോയി? പുരോഗമന, മതേതര മൂല്യങ്ങള്‍ക്കായി വാദിച്ചിരുന്നവരുടെ പേനകള്‍ ഉണങ്ങിയത് എന്തുകൊണ്ടാണ്?
രാഷ്ട്രീയ ആദര്‍ശം പണത്തിന് മുന്നില്‍ കീഴടങ്ങുമ്പോള്‍, അതിന് മൗനാനുവാദം നല്‍കുന്ന ബുദ്ധിജീവി സമൂഹം ആര്‍ക്കാണ് ഓശാന പാടുന്നത്?
ഫണ്ടിനായുള്ള ഈ 'കീഴടങ്ങല്‍' താല്‍ക്കാലിക ലാഭമാണോ അതോ കേരളത്തിന്റെ പുരോഗമന വിദ്യാഭ്യാസ മാതൃകയുടെ ദീര്‍ഘകാല നഷ്ടമാണോ എന്നതിനെക്കുറിച്ച് തുറന്നു ചര്‍ച്ച ചെയ്യപ്പെടേണ്ട സമയമാണിത്. ഭരണകൂടം വഴിതെറ്റുമ്പോള്‍ അതിനെ തിരുത്താന്‍ ധൈര്യം കാണിക്കാതെ, രാഷ്ട്രീയ സൗകര്യങ്ങള്‍ക്കായി മൗനം പാലിക്കുന്ന ബുദ്ധിജീവി സമൂഹം, സ്വന്തം 'വാലുകള്‍' മറച്ചുവെക്കാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ത്തന്നെയാണ് എണ്ണപ്പെടേണ്ടത്.
ഇടതുപക്ഷത്തിന്റെ ഈ നിലപാട് മാറ്റം, സാമ്പത്തിക പ്രതിസന്ധിക്ക് മുന്നില്‍ 'മുളച്ചുപോയ വാലിന്റെ' പ്രായോഗിക രാഷ്ട്രീയം മാത്രമാണോ, അതോ ആദര്‍ശങ്ങളെ ബലികഴിച്ചതിന്റെ രാഷ്ട്രീയ നാണക്കേടോ? ഉത്തരം നല്‍കേണ്ടത് നിങ്ങളാണ്.
നമ്മുടെ പല ബുദ്ധിജീവികള്‍ക്കും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന കാര്യം ഓര്‍മ്മയിലില്ല-അശോകന്‍ ചരുവില്‍
പിഎം ശ്രീ പദ്ധതിയും അതുവഴി അങ്ങേയറ്റം പിന്തിരിപ്പനായ ദേശീയവിദ്യാഭ്യാസനയവും സംസ്ഥാനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഒരുമട്ടില്‍ അക്രമാസക്തമായ നീക്കത്തിനു മുന്നില്‍ കേരളത്തിലെ ഇടതുപക്ഷം പ്രതിസന്ധിയിലായിരിക്കുന്നു. പത്താംവര്‍ഷത്തിലേക്ക് നീങ്ങുന്ന ഇടതുസര്‍ക്കാരിന് ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടായതിലുള്ള ആഹ്ലാദാരവങ്ങളാണ് വലത് പത്രമാധ്യമങ്ങളും ചില ബുദ്ധിജീവികളും ഉണ്ടാക്കുന്നത്.
സത്യത്തില്‍ ഇവിടെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത് ഇന്ത്യയിലെ പാര്‍ലിമെന്ററി സമ്പ്രദായമാണ്. ഫെഡറലിസത്തിനും ബദല്‍ നയങ്ങള്‍ക്കും ഇവിടെ പ്രസക്തിയുണ്ടോ എന്നതാണ് വിഷയം. പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കും ജനകീയപ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാവുന്ന വിശ്വാസനഷ്ടം തികഞ്ഞ അരാജകത്വത്തിലേക്കായിരിക്കും രാജ്യത്തെ നയിക്കുക.
ഏറ്റവും സങ്കടകരമായ കാര്യം കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും സംസ്ഥാനത്ത് കടന്നുവരുന്നതുമായി ബന്ധപ്പെട്ട് വൈകാരികത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നമ്മുടെ പല ബുദ്ധിജീവികള്‍ക്കും കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്ന കാര്യം ഓര്‍മ്മയിലില്ല എന്നതാണ്. കേന്ദ്രത്തില്‍ ഒരു മതഭീകര രാഷ്ട്രീയകക്ഷി അധികാരത്തിലെത്തിയിരിക്കുന്നു എന്നത് രാഷ്ട്രീയ ബലാബലത്തിന്റെ മാത്രം പ്രശ്‌നമല്ല; വ്യക്തിയുടേയും സമൂഹത്തിന്റെയും സമസ്ത ജീവിതചര്യകളേയും അത് ബാധിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ആയിരക്കണക്കിനു വര്‍ഷത്തെ സാംസ്‌കാരികപാരമ്പര്യമുള്ള ഒരു ജനാധിപത്യരാജ്യമാണ് ചരിത്രത്തിലേക്ക് പിന്‍വാങ്ങുക. ഇതൊന്നും ഇടതുപക്ഷ സര്‍ക്കാരിനെ കണ്ണടച്ച് വിമര്‍ശിക്കുന്ന ബുദ്ധിജീവികളെ ആശങ്കപ്പെടുത്തുന്നതായി ഒരിക്കലും തോന്നിയിട്ടില്ല. ഉണ്ടെങ്കില്‍ ആര്‍.എസ്.എസ്സിനും കേന്ദ്രസര്‍ക്കാരിനുമെതിരെ ഒരു വാക്കെങ്കിലും അവരുടെ ക്രെഡിറ്റില്‍ ഉണ്ടാകുമായിരുന്നു.
പാര്‍ലിമെന്ററി / സംസ്ഥാനസര്‍ക്കാര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിസന്ധിയില്‍ അകപ്പെടുന്നത് ഇത് ആദ്യമായല്ല. നീണ്ടകാലത്തെ ഗൗരവപൂര്‍ണ്ണമായ ആലോചനകള്‍ക്ക് ശേഷമാണ് ആ പാര്‍ട്ടികള്‍ പാര്‍ലിമെന്ററി മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വരുംവരായ്മകള്‍, അപകടങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടുതന്നെയാണത്. ഫ്യൂഡല്‍ഘടനുമായി സന്ധിചെയ്ത ഒരു മുതലാളിഞ്ഞവ്യവസ്ഥക്കു കീഴില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് പരിപാടികള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് അവര്‍ക്ക് അന്നുതന്നെ ഉറപ്പുണ്ടായിരുന്നു. ചൂഷണത്തില്‍ അധിഷ്ഠിതമായ മുതലാളിത്ത നയങ്ങള്‍ പലതും നടപ്പാക്കേണ്ടിവരും എന്നതും അറിയാമായിരുന്നു. എങ്കിലും ജനദ്രോഹകരമായ അത്തരം നയങ്ങളുടെ ഫലമായ ഭീകരാവസ്ഥയില്‍ നിന്നും ദുരിതത്തില്‍ നിന്നും സാമാന്യജനങ്ങളെ തെല്ലെങ്കിലും രക്ഷിക്കാനാവുമോ എന്നു പരിശോധിക്കുകയായിരുന്നു. കേരളമടക്കം പല സംസ്ഥാനങ്ങളിലേയും അനുഭവത്തിന്റെ വെളിച്ചത്തില്‍ അന്നത്തെ തീരുമാനം ശരിയായിരുന്നു എന്ന് ആ പാര്‍ടികള്‍ പിന്നീട് വിലയിരുത്തിയിട്ടുണ്ട്. മാത്രമല്ല ദേശീയപ്രസ്ഥാനം രൂപപ്പെടുത്തിയ മഹത്തായ നമ്മുടെ ഭരണഘടന ഇടത് /ബദല്‍ സമീപനങ്ങള്‍ക്ക് ഒരു പരിധിവരെയെങ്കിലും അവകാശവും അനുവാദവും നല്‍കുന്നതായിരുന്നു.
ഇന്ന് സംഗതികള്‍ കൂടുതല്‍ അപകടത്തിലേക്ക് നീങ്ങുന്നു. ഭരണഘടന നോക്കുകുത്തിയാണ്. കോടതികളും നിസ്സഹായാവസ്ഥയിലാണ്. ഞങ്ങള്‍ നിര്‍മ്മിക്കുന്ന നയങ്ങളും പരിപാടികളും നടപ്പാക്കിയില്ലെങ്കില്‍ നിങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളെ പട്ടിണിക്കിട്ടുകൊല്ലും എന്ന മട്ടിലുള്ള ഭീകരമായ നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. എങ്ങനെ മുന്നോട്ടു പോകണം എന്ന അതിസങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് ബദല്‍ പ്രാദേശിക സര്‍ക്കാരുകള്‍. പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള പല സംസ്ഥാനങ്ങളിലും മാസങ്ങളായി ചില മേഖലകളിലെ അധ്യാപകര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. തമിഴ്നാട്ടിലും വിദ്യാഭ്യാസരംഗത്തെ വികസനപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുന്നു.
ഏതുവഴി സ്വീകരിക്കണം?
രാഷ്ട്രീയനയത്തെ മുന്‍നിര്‍ത്തി ജനങ്ങളെ ദുരിതത്തിലേക്ക് വലിച്ചെറിയണോ?
അതോ, പുറത്ത് പ്രക്ഷോഭം നടത്തി അകത്ത് കേന്ദ്രസര്‍ക്കാരിന്റെ സാമൂഹ്യവിരുദ്ധമായ നയങ്ങള്‍ അതിന്റെ ആഘാതം കുറച്ച് നടപ്പാക്കണോ?
അതോ പാര്‍ലിമെന്റുകളും നിയമസഭകളും' ഉപേക്ഷിച്ച് കാട്ടിലേക്ക് കടക്കണോ?
ഇടതുപക്ഷം എന്ന് പറഞ്ഞുകൊണ്ട് ഇടതുചിന്തയെ റദ്ദാക്കുന്ന പ്രക്രിയ- മാധവന്‍ പുറച്ചേരി
പി.എം. ശ്രീയില്‍ ഒപ്പിട്ടാല്‍ എന്താണ് സംഭവിക്കുകയെന്നതിന് യാതൊരവ്യക്തതയുമില്ല. NEP പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുക മാത്രമേ ചെയ്യാനുമുള്ളൂ. 1977- ല്‍ ജനതാസര്‍ക്കാരിലൂടെ RSS നേടിയെടുത്ത ഏകാദ്ധ്യാപക സരസ്വതീവിദ്യാലയങ്ങള്‍ വടക്കെ ഇന്ത്യയില്‍ ചെയ്തതിന്റെ വികസിത രൂപം കൂടിയാണിത്. അടിസ്ഥാന വികസനത്തിനുള്ള അധികപണം ലഭ്യമാകുന്നതിനെക്കുറിച്ച് വാചാലരാകുകയാണ് ചിലര്‍. പിഎം ശ്രീയില്‍ പറഞ്ഞ അടിസ്ഥാന സൗകര്യങ്ങളെല്ലാം കേരളം വളരെ മുമ്പ് തന്നെ നേടിയവയാണെന്ന് വിശദാംശങ്ങള്‍ പരിശോധിച്ചാലറിയാം. വകമാറി ചെലവ് ചെയ്യാനുമാവില്ല. ക്ലാസ്മുറി ശീതികരിക്കുക മാത്രമായിരിക്കും നാം നേടാത്തതായുള്ളത്. പൊതുവിദ്യാഭ്യാസ പ്രക്രിയ വേണ്ടത്ര ശക്തമല്ലാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വേണ്ട ഭൗതിക കാര്യങ്ങളുടെ മറവില്‍ അത്ര നിഷ്‌കളങ്കമായ കാര്യങ്ങളല്ലെന്ന് അറിയാത്തവരില്ല. കേന്ദ്രസര്‍ക്കാര്‍, ബി.ജെ.പി, എ.ബി.വി.പി.തുടങ്ങി പരിവാര്‍ സംഘടനകള്‍ ഒരോരുത്തരായി കേരളസര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന്റെ തിരക്കിലുമാണ്. മറ്റ് മേഖലകളില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നകാര്യങ്ങള്‍ നടപ്പിലാക്കുന്നതിനെക്കാളേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് വിദ്യാഭ്യാസ രംഗത്തെ കീഴടങ്ങലിലൂടെ സംഭവിക്കാന്‍ പോകുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒപ്പിട്ടതാണ് പലരും ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്സിനെയാണ് വഴികാട്ടിയായി കാണുന്നതെങ്കിലിത് ശരിയാണ്. ഭരണവും സമരവുമെന്ന നയം ഒട്ടും പരിഹസിക്കപ്പെടേണ്ട വാക്കുകളുമല്ല. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സമരങ്ങളാല്‍ തിരുത്തപ്പെട്ട പലതുമുണ്ടെന്ന് നമ്മളോര്‍മ്മിക്കണം. നിയമപരമായ പോരാട്ടങ്ങളുമാണ് വേണ്ടത്.
മകനെ മുഖ്യമന്ത്രിയാക്കാനുള്ള സ്റ്റാലിന്റെ ശ്രമങ്ങള്‍ തൊട്ട്, പല വിയോജിപ്പുകള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രവര്‍ത്തന രീതിയോടുണ്ടെങ്കിലും പി.എം. ശ്രീ യിലെടുത്ത നിലപാട് മാതൃകാപരമാണ്. ഇടതുപക്ഷം എന്ന് പറഞ്ഞുകൊണ്ട് ഇടതുചിന്തയെ റദ്ദാക്കുന്ന പ്രക്രിയയാണിപ്പോള്‍ അരങ്ങേറിയിട്ടുള്ളത്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങളുമുണ്ട്.
എല്ലാവരും ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നുവെന്ന ന്യായത്തിനപ്പുറം കടന്ന്, എതിര്‍ത്തത് തന്നെ തെറ്റായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പത്രസമ്മേളനം അടിവരയിടുന്നതാണ് നാം കണ്ടത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലായതുകൊണ്ടാണിതെല്ലാം സംഭവിച്ചതെന്ന് പറയുന്ന ലളിതമാനസരോടെന്തു പറയാന്‍? മാറിവരുന്ന ലോകാനുഭവങ്ങളെയുള്‍പ്പെടുത്തിക്കൊണ്ടിരുന്ന ദേശീയ വിദ്യാഭ്യാസനയവും ശാസ്ത്രീയ നിലപാടും എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രയോജനപ്പെട്ടിട്ടുമുണ്ട്. അതിന്‍െ ഗുണപരമായ ഏകോപനത്തിനുപയോഗിച്ച വഴികളെല്ലാം ഓരോന്നോരോന്നായി അടച്ചുകളയുന്ന കേന്ദ്രസര്‍ക്കാരിന് കൃത്യമായ ലക്ഷ്യങ്ങളുമുണ്ട്. അതാണിപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. സമരഭരിതമായ ഭൂതകാലങ്ങളിലൂടെ കേരളം നേടിയ നേട്ടങ്ങള്‍ ഒരു ജനതയെന്ന നിലയില്‍ ഏറെ പ്രധാനപ്പെട്ടതുമാണ്. ഏതെങ്കിലും രാഷ്ട്രീയ കക്ഷികളുടെയോ മുന്നണികളുടെയോ പ്രശ്‌നമായിതിനെ കാണാനുമാവില്ല. അതീവരഹസ്യമായി ഒപ്പിടാനുള്ള ഒസ്യത്തൊന്നുമല്ലല്ലോയിത്. മന്ത്രിസഭ / മുന്നണി /രാഷ്ട്രീയകക്ഷികള്‍ ഇവരെയെല്ലാം ഇരുട്ടില്‍ നിര്‍ത്തിയതിന്റെ രഹസ്യമെന്താണ്? നാളത്തെ കേരളത്തെ രൂപപ്പെടുത്തുന്ന സുപ്രധാനമായ ഒന്നാണിത്. അതാണ് ഭയപ്പെടുത്തുന്നതും അമ്പരപ്പിക്കുന്നതും!
കോണി കയറ്റി കയറ്റി ഒടുക്കം പാമ്പിന്റെ വായില്‍ വീഴ്ത്തുന്ന കളി- അനു പാപ്പച്ചന്‍
തന്ത്രപരമായ നീക്കം നടത്തുന്നത് കേന്ദ്രമാണ്. NEP നടപ്പാക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നില്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ അനുഭവത്തില്‍ നിന്നു ചിലതുപറയാം. കേന്ദ്രത്തിന്റെ കു'തന്ത്രം' എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുകയെന്ന്.
1. രാജ്യത്തെ വിദ്യാഭ്യാസപദ്ധതി മൊത്തം ഒരു ചട്ടക്കൂടിലേക്ക് മാറ്റി, ഇതര ചട്ടക്കൂടില്‍ തുടരാന്‍ തീരുമാനിച്ചവരെ താമസിയാതെ 'പൊതുഅംഗീകൃത 'വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളും.
2. സാമ്പ്രദായികരീതി തന്നെ പിന്തുടരുന്ന കുട്ടികള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ചില നിയമ ഇളവുകള്‍ കിട്ടിയേക്കാം. എന്നാല്‍ പിന്നിട് അവര്‍ ബദല്‍ / കോമ്പന്‍സേഷന്‍ തേടേണ്ടി വരും. കാലക്രമേണ സര്‍ക്കാരിന്റെ നിലപാടോ നയമോ അതിന്റെ ഫലങ്ങളോ ഒന്നും കാത്തുനില്ക്കാതെ കുട്ടികളുടെ ഭാവി കണക്കാക്കി അവര്‍ അനിശ്ചിതാവസ്ഥകളില്‍ നിന്ന് നാടുവിടും.അക്കൂട്ടത്തില്‍ കക്ഷിഭേദമുണ്ടാവില്ല!
3. ഭൂരിപക്ഷപദ്ധതിക്കനുസരിച്ചേ ഭാവി പഠന / തൊഴില്‍ മാനദണ്ഡങ്ങള്‍ ഇവിടെ നിശ്ചയിക്കപ്പെടൂ. NEP പ്രകാരം ഡിഗ്രി ഇപ്പോള്‍ 3+1 ആക്കിയല്ലോ അതിനനുസരിച്ചായിരിക്കും അടുത്തഘട്ട വിദ്യാഭ്യാസം. അതുപോലെത്തന്നെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് സ്‌കൂളിലെ വിദ്യാഭ്യാസത്തില്‍ 5+3+3+4 യോഗ്യത നിര്‍ബന്ധമാക്കാന്‍ തുടങ്ങും. മറ്റ് വിദ്യാഭ്യാസം ചെയ്തവര്‍ തുല്യതയ്ക്കായി നിയമപരമായ മാര്‍ഗങ്ങളിലൂടെ പോകേണ്ടി വരും. വളരെക്കാലം ചുറ്റിവലച്ച് കുട്ടികളെ കഷ്ടപ്പെടുത്തുകയും ചെയ്യും. അന്ന് ആരുമവരുടെ ദുരിതം ശ്രദ്ധിക്കാനേ പോകുകയില്ല.
4. സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൊടുക്കാനും ഉള്ളവ മെച്ചപ്പെടുത്താനും ബാധ്യസ്ഥരാണ്. അവര്‍ അതിനു പാങ്ങുനേടി വരുമ്പോഴേക്കും തങ്ങളുടെ ആശ്രിതസംസ്ഥാനങ്ങള്‍ക്ക് വലിയ ഫണ്ടുകള്‍ വിതരണം ചെയ്ത് അവരുടെ നിലവാരവുമായി അജഗജാന്തരമാക്കും. അതിലേക്ക് പൊരുതി ഒപ്പമെത്താന്‍ സമയമെടുക്കും.
5. ഇനി അഥവാ നിയമപരമായി പ്രതിരോധിച്ചു നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ ന്യായമായ ഫണ്ട് ആവശ്യപ്പെട്ടാല്‍ പോലും, അത് എങ്ങനെ വിതരണം ചെയ്യണം എന്നതില്‍ കടുത്ത നിയന്ത്രണം ഏല്പിച്ചു കൊണ്ട് കേന്ദ്രം ഞെരിച്ചുകളയും.
ഇതിനു പിന്നാലെയാണ് ആസൂതിത്രമായ മറ്റു തന്ത്രങ്ങളുടെ നീക്കം
1. സര്‍ക്കാരുകളുടെ വിദ്യാഭ്യാസ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തി പദ്ധതിയുടെ ചട്ടക്കൂടില്‍ താമസിയാതെ കേന്ദ്രീകൃത പാഠ്യപദ്ധതി അടിച്ചേല്പിക്കുക
2. കാവിവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിച്ചു കൊടുക്കുക. സിലബസിലും പരിപാടികളിലും വിളയാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
3. ചില തന്ത്രപരമായ കേന്ദ്രീകരണങ്ങളും ബോധപൂര്‍വമായ ഒഴിവാക്കലുകളും നടത്തി വിദ്യാഭ്യാസത്തിന്റെ കുത്തകവല്ക്കരണം പ്രായോഗികമാക്കുക
അങ്ങനെ കോണി കയറ്റി കയറ്റി ഒടുക്കം പാമ്പിന്റെ വായില്‍ വീഴ്ത്തുന്ന കളിയില്‍ ഇപ്പോള്‍ പയറ്റുന്ന തന്ത്രം പോരാതെ വരും നമ്മുടെ വിദ്യാഭ്യാസത്തിന്.