സിലോണില്‍ നിന്നും തിരിക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ വല്യച്ഛനെഴുതി, 'വി ഷാള്‍ മിസ് യുവര്‍ ചാമിങ് വൈഫ്!

അമ്മ എന്നത് നിര്‍വചനം ആവശ്യമില്ലാത്ത വാക്കാണ്. ലോകത്തിലെ ഏതുഭാഷയിലും ആ ധ്വനി ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാം. ജന്മം നല്‍കിയ അമ്മ, വളര്‍ത്തിയ അമ്മ, സ്‌നേഹ പരിഗണന കൊണ്ടുമാത്രം അമ്മയുടെ സ്ഥാനം നേടിയവര്‍ ഇവരെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ വിഭാഗത്തില്‍പ്പെട്ട എല്ലാവരുടെയും വാത്സല്യത്തിന്റെ ഊഷ്മളത ആസ്വദിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്.
മീനാക്ഷി എന്ന തങ്കമാണ് എനിക്ക് ജന്മംനല്‍കിയ അമ്മ. കെ.പി. കേശവമേനോന്റെ മൂത്തപുത്രി. പ്രസരിപ്പും പ്രസന്നതയും കൈവിടാതെ നര്‍മരസം കലര്‍ന്ന സംഭാഷണംകൊണ്ട് പരിചയപ്പെടുന്നവര്‍ക്കെല്ലാം ഏറെ പ്രിയങ്കരിയായിരുന്നു അമ്മ. നല്ല കലാബോധവും ഉണ്ട്, ചിത്രംവരയ്ക്കും പാട്ടുപാടും തയ്യല്‍വേലയിലും അതിവിദഗ്ധ, ആഭരണങ്ങള്‍ രൂപകല്പന ചെയ്യും മകള്‍ക്ക് മാത്രമല്ല, അവര്‍ ഉടുപ്പുകള്‍ തുന്നുക. മറ്റു കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും മക്കള്‍ക്കും ഉടുപ്പുകള്‍ തുന്നി അത് അവരെ ധരിപ്പിച്ച് തലമുടിയെല്ലാം ഭംഗിയില്‍ ചീകിനടത്താന്‍ അമ്മയ്ക്ക് നല്ല ഇഷ്ടമായിരുന്നു. ആ ലാളന അനുഭവിച്ച ഒന്നുരണ്ടുപേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. 'തങ്കേടത്തിക്ക് ഞങ്ങളെ എന്തിഷ്ടമായിരുന്നു' എന്നവര്‍ പറയാറുണ്ട്. സ്വയം നല്ലവസ്ത്രം ധരിക്കാനും അമ്മയ്ക്ക് വലിയ ഇഷ്ടമായിരുന്നു. നല്ല നിറമുള്ള ജാക്കറ്റും അതിനനുസരിച്ച സാരിയും ആഭരണങ്ങളും ധരിച്ച് നല്ലരീതിയില്‍ നടക്കാന്‍ അമ്മ ഏറെ ഇഷ്ടപ്പെട്ടിരുന്നു.
മഹാഭാരതം ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തന്നത് അമ്മയാണ്. കുന്തീദേവിയും മക്കളും അരക്കില്ലവും കഥകളായി കേട്ടത് അമ്മയില്‍നിന്നാണ്.
എന്നാല്‍, അമ്മയ്ക്കിഷ്ടമില്ലാത്ത ഒരു കാര്യമുണ്ടായിരുന്നു. പാചകം. പ്രാതലിന് റൊട്ടിയും മുട്ടയും ഊണിന് ഓലനും മത്സ്യ മൊളകൂഷ്യവും പപ്പടവും ഉണ്ടെങ്കില്‍ ഏറെ സംതൃപ്തനായിരുന്ന എന്റെ അച്ഛനെ ഭര്‍ത്താവായി കിട്ടിയതുകൊണ്ട് ആ ദാമ്പത്യം ഒരു അലോസരവുമില്ലാത സംതൃപ്തമായി കഴിഞ്ഞു.
വൃക്കരോഗിയായിരുന്നു അമ്മ. ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂയെന്ന് കണ്ടതുകൊണ്ട് അതിനു വിധേയയാവേണ്ടിവന്നു. ശാസ്ത്രക്രിയയെത്തുടര്‍ന്ന് മസ്തിഷ്‌കജ്വരം പിടിപ്പെട്ട് തന്റെ 32-ാമത്തെ വയസ്സില്‍ അമ്മ ഇഹലോകവാസം വെടിഞ്ഞു. അമ്മയുടെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ വാവിട്ടുകരഞ്ഞ എന്നെ പുണര്‍ന്നുകൊണ്ട് ''കരയരുത് അമ്മ ഈശ്വരനടുക്കലേക്കാണ് പോയിരിക്കുന്നത്'' എന്നുപറഞ്ഞ് ആശ്വസിപ്പിച്ച അമ്മയുടെ അനിയത്തി ലീല എന്ന ചെറിയമ്മയാണ് എന്റെ വളര്‍ത്തമ്മ. ഞാനും എന്റെ അനുജന്‍ ദിവാകരനും ചെറിയമ്മയുടെ മകള്‍ പത്മിനിയുംകൂടെയാണ് പിന്നെ വളര്‍ന്നത്. കെ.പി. കേശവമേനോന്റെ കനിഷ്ഠപുത്രിയാണ് ചെറിയമ്മ.
ഇരുപത്തഞ്ചുകൊല്ലത്തോളം വല്യച്ഛന്റെ ഗൃഹനാഥയും ആതിഥേയയുമായിരുന്നു ചെറിയമ്മ. ഇടയ്ക്കിടെ വീട്ടില്‍വന്നു താമസിക്കാറുള്ള വല്യച്ഛന്റെ സുഹൃത്തുക്കള്‍ക്കും വല്യച്ഛന്‍ നടത്താറുള്ള വിരുന്നുസത്കാരങ്ങളില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്കും ചെറിയമ്മ ഒരുപോലെ ആതിഥ്യമര്യദകള്‍ ചെയ്തു. പ്രധാനമന്ത്രിമാര്‍മുതല്‍ സാധാരണക്കാര്‍വരെ വല്യച്ഛന്റെ സത്കാരങ്ങളില്‍ അതിഥികളായിട്ടുണ്ട്. ഈ സത്കാരങ്ങള്‍ക്കുള്ള ഭക്ഷണവിഭവങ്ങളുടെ പട്ടിക തയ്യാറാക്കാനും അതിനുവേണ്ടി സാമഗ്രികള്‍ ഒരുക്കുന്നതും ചെറിയമ്മയാണ്. സമര്‍ഥരായ ജോലിക്കാരും സഹായിക്കാനുണ്ടായിരുന്നു. പ്രവൃത്തിയില്‍ അലസതയും അലംഭാവവും ചെറിയമ്മ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് സഹായിക്കുന്ന ജോലിക്കാര്‍ അത് മനസ്സിലാക്കി ജാഗരൂകരായി ജോലിചെയ്തു.
നല്ലൊരു പാചകവിദഗ്ധയായിരുന്നു ചെറിയമ്മ. നാടന്‍രീതിയിലുള്ള സസ്യ-സസ്യേതര ഭക്ഷണം പാകംചെയ്യുന്നതില്‍ മാത്രമല്ല, പാശ്ചാത്യരീതിയിലുള്ള വിഭവങ്ങളും ചൈനീസ് രീതിയിലുള്ള വിഭവങ്ങളും ഉണ്ടാക്കുന്നതിലുള്ള വൈദഗ്ധ്യവും ചെറിയമ്മയ്ക്ക് ഉണ്ടായിരുന്നു. വിഭവങ്ങള്‍ വെക്കുന്ന ഊണ്‍മേശ അലങ്കാരത്തോടുകൂടി ഒരുക്കാനും ചെറിയമ്മയ്ക്കറിയാം. ചെറിയമ്മയുടെ മകളും ഇക്കാര്യത്തില്‍ വിദഗ്ധയാണ്. അതുപോലെ വീട്ടിലെ ഏതുജോലിയും ചെറിയമ്മ ചെയ്യുമായിരുന്നു.
പാചകത്തെപ്പോലെ ചെറിയമ്മ ഇഷ്ടപ്പെട്ടിരുന്ന ഒന്നാണ് രോഗശുശ്രൂഷയും അതിനുള്ള ചികിത്സയും. ഗൃഹത്തിലും കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള ചികിത്സയും ശുശ്രൂഷയും ചെയ്യുന്നതില്‍ ചെറിയമ്മയ്ക്ക് ഏറെ സന്തോഷമായിരുന്നു. ആശുപത്രികളില്‍ ചികിത്സിക്കേണ്ടുന്ന രോഗികളാണെങ്കില്‍ അവരുടെ കൂടെപ്പോകാനും മറ്റാരുമില്ലെങ്കില്‍ അവരെ പരിചരിക്കാനും ആശുപത്രിയില്‍ കൂട്ടിരിക്കാനും ചെറിയമ്മ തയ്യാറായിരുന്നു.
ചെറിയമ്മയുടെ ഒരു ഗുണം മാസംതോറും ഭര്‍ത്തൃഗൃഹത്തിലേക്ക് അയക്കുന്ന തുകയെക്കുറിച്ചാണ്. ഇടക്കാലത്ത് ചെറിയച്ഛന് സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും വിട്ടുവീഴ്ചയില്ലാതെ സ്വന്തം ആവശ്യങ്ങള്‍കുറച്ച് മാസംതോറും അയക്കുന്ന തുക അവര്‍ക്ക് എത്തിക്കുമായിരുന്നു. അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുചെയ്യും. അമ്മായിയെന്നാണ് അവര്‍ ചെറിയമ്മയെ വിളിച്ചിരുന്നത് ഇന്നും അവേരാട് ചെറിയമ്മ കാണിച്ച പരിഗണനയും സ്‌നേഹവും അവര്‍ ആദരത്തോടെ ഓര്‍ക്കുന്നു.
കൃശഗാത്രിയായിരുന്നു ചെറിയമ്മ, ചെറിയമ്മ ധരിക്കുന്നത് സാരിയാണെങ്കിലും മുണ്ടും വേഷ്ടിയുമാണെങ്കിലും നല്ല വൃത്തിയില്‍ ഉലയാതെ ധരിച്ചിരിക്കും. ഒരിക്കല്‍ എന്റെ മകന്‍ ചെറിയമ്മയെയുംകൊണ്ട് ഡല്‍ഹിക്കുപോയി അവന്‍ പറയുകയാണ്: ''വണ്ടി ഡല്‍ഹിയിലെത്താറാവുമ്പോഴേക്കും ഞാനും വസ്ത്രവുമെല്ലാം മുഷിഞ്ഞ് ഉലഞ്ഞിരുന്നു, എന്നാല്‍, ഞാനമ്മയെ നോക്കുമ്പോഴുണ്ട് കോഴിക്കോട്ടുനിന്ന് പുറപ്പെടുമ്പോഴുള്ളപോലെത്തന്നെ വൃത്തിയിലിരിക്കുന്നു'' അതായിരുന്നു ചെറിയമ്മ. 97-ാമത്തെ വയസ്സിലാണ് ചെറിയമ്മ മരിച്ചത്. അപ്പോഴേക്കും കണ്ണിന് കാഴ്ച തീരേപോയിരുന്നു. കാഴ്ചക്കുറവല്ലാതെ മറ്റു രോഗങ്ങളൊന്നും ചെറിയമ്മയ്ക്കുണ്ടായിരുന്നില്ല. രോഗിയായി അവശനിലയില്‍ കിടന്നിട്ടുമില്ല. മരണംവരെ ഊണ്‍മേശയില്‍ വന്ന് കുടുംബാംഗങ്ങളോടൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്. ഒരു ചെറിയ പനിയെത്തുടര്‍ന്നുണ്ടായ ശ്വാസംമുട്ടലിലാണ് ചെറിയമ്മയുടെ അന്ത്യമുണ്ടായത്.
ഇരുപത്തഞ്ചുകൊല്ലത്തോളം ചെറിയമ്മയും ഞാനുംകൂടിയാണ് താമസിച്ചത്. ഞങ്ങള്‍ തമ്മില്‍ പരസ്പരധാരണയുണ്ടായിരുന്നു. ചെറിയമ്മയുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ എന്നാലാവുംവിധം ഞാന്‍ ശ്രമിച്ചു. ചെറിയമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഞാനിന്നും ഗൃഹാതുരതയോടെ ഓര്‍ക്കുന്നു.
എന്റെ അമ്മമ്മയുടെ സഹോദരിയും വല്യച്ഛന്റെ രണ്ടാംഭാര്യയുമായ അമ്മുവമ്മയാണ് മറ്റൊരമ്മ. പേരക്കുട്ടികളെല്ലാം അവരെ 'വല്യമ്മ' എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍, ഞാന്‍ അമ്മ എന്നുമാത്രമേ അവരെ വിളിച്ചിട്ടുള്ളൂ. മുണ്ടും വേഷ്ടിയും ഉടുത്ത് കുളിച്ച് നരച്ച ഈറന്‍തലമുടി അഴിച്ചിട്ട് ചന്ദനക്കുറിയും കുങ്കുമപ്പൊട്ടുംതൊട്ട് അവരെ കാണാന്‍ നല്ലഭംഗിയാണ്. അവരുടെ അച്ഛന്‍ അവരെയും രണ്ട് സഹോദരിമാരെയും വീട്ടില്‍ ഗുരുനാഥനെ വെച്ചാണ് പഠിപ്പിച്ചിരുന്നത്. മാതൃഭാഷയും കണക്ക് അങ്ങനെയുള്ള അടിസ്ഥാനവിഷയങ്ങളുംമാത്രമാണ് ഇങ്ങനെ അവര്‍ പഠിച്ചത്. പക്ഷേ, തമിഴ് വായിക്കാന്‍ വല്യമ്മ വശമാക്കിയിരുന്നു. തമിഴ് മാസികകളായ ആനന്ദവികടന്‍, കുമുദം, കല്‍ക്കി എന്നിവയുടെ സ്ഥിരം വായനക്കാരിയായിരുന്നു അവര്‍.
വല്യച്ഛന്‍ മാതൃഭൂമി പത്രാധിപരായിരിക്കേ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സഹപത്രാധിപര്‍മുതല്‍ അറ്റന്‍ഡര്‍മാര്‍വരെയുള്ളവര്‍ക്ക് വല്യമ്മയെ വലിയ ഇഷ്ടമായിരുന്നു. പുത്രനിര്‍വിശേഷമായ സ്‌നേഹത്തോടെയാണ് വല്യമ്മ അവരോട് എല്ലാം പെരുമാറിയിരുന്നത്.
വല്യച്ഛന്‍ സിലോണിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി പോയപ്പോള്‍ വല്യമ്മയും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. പല രാജ്യങ്ങളില്‍നിന്നുള്ള നയതന്ത്രപ്രതിനിധികളുമായും ഹൈക്കമ്മിഷണര്‍ക്കും ഭാര്യക്കും ഇടപെടേണ്ടതുണ്ട്. ആശയവിനിമയത്തിന് ഇംഗ്‌ളീഷായിരുന്നു പൊതുവേ ഉപയോഗിച്ച ഭാഷ. വല്യമ്മയ്ക്ക് അതൊട്ടും അറിയില്ല. എന്നാല്‍, അതുകൊണ്ടുള്ള അപകര്‍ഷബോധവും തീരേ തീണ്ടിയിരുന്നില്ല. വല്യച്ഛനും ഭാര്യയുടെ പോരായ്മയായി അത് കണ്ടതുമില്ല.
നയതന്ത്രത്തിന്റെ ഒരു ഭാഗമാണ് വിരുന്നുസത്കാരങ്ങള്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അത് സഹായകമായിരിക്കാം. ഇങ്ങനെയുള്ള സത്കാരങ്ങളില്‍ അതിഥികളായി ആ രാജ്യത്തെ പ്രധാനമന്ത്രിമുതലുള്ള മുതിര്‍ന്ന ഭരണത്തലവന്മാരും പങ്കെടുത്തിരുന്നു. വല്യമ്മ അവരോടെല്ലാം ഹൃദ്യമായി പെരുമാറി. ഈ സത്കാരങ്ങളില്‍ ചില ആചാരമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഊണ്‍മേശകളില്‍ ഓരോ വിഭവത്തിനുമനുസരിച്ച് കത്തിയും മുള്ളും സ്പൂണുമാണ് ഉപയോഗിക്കേണ്ടിയിരുന്നത്. അതെല്ലാം വല്യമ്മ നല്ലപോലെ പഠിച്ചിരുന്നു. അതുകൊണ്ടാവും ഭാഷാപരിചയമില്ലെങ്കിലും വല്യച്ഛന്‍ സിലോണില്‍നിന്ന് ഹൈക്കമ്മിഷണര്‍ പദവി ഉപേക്ഷിച്ചുവരുമ്പോള്‍ അന്ന് അവിടത്തെ ഗവര്‍ണര്‍ ജനറലായിരുന്ന ബ്രിട്ടീഷുകാരനായ Lord Solbury വല്യച്ഛനയച്ച വിടവാങ്ങല്‍ കത്തില്‍ We shall miss your charming wife എന്ന് വല്യമ്മയെ വിശേഷിപ്പിച്ചത്.
വല്യമ്മ നാടന്‍രീതിയില്‍ നല്ലൊരു പാചകക്കാരിയായിരുന്നു. ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ അതിഥിയായി വീട്ടില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് മത്തി മോരൊഴിച്ച് പാകംചെയ്തത് വല്യ ഇഷ്ടമാണെന്നറിഞ്ഞ് വല്യമ്മ അതുണ്ടാക്കി. ഉച്ചയൂണിന് അതു വിളമ്പിയപ്പോള്‍ മഹാകവിക്കുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അദ്ദേഹം അത് തുറന്നുപറഞ്ഞ് ഗൃഹനായികയെ മുക്തകണ്ഠം പ്രശംസിച്ചു.
പായയില്‍ തുണിവിരിച്ച് അരിപ്പപ്പടത്തിന്റെയും അരിക്കൊണ്ടാട്ടത്തിന്റെയും കൂട്ടുകള്‍ അതില്‍ പാകത്തിനുവെച്ച് അത് വല്യമ്മ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അര്‍ബുദരോഗബാധിതയായി വല്യമ്മ ഒരുകൊല്ലത്തോളം രോഗശയ്യയിലായിരുന്നു. അന്ന് ആ രോഗത്തിന് വിദഗ്ധരായിരുന്ന ഡോക്ടര്‍മാരെല്ലാം ചികിത്സിച്ചെങ്കിലും രോഗശമനമുണ്ടായില്ല. അക്കാലത്തായിരുന്നു എന്റെ വിവാഹം. വല്യമ്മയുടെ അടുക്കല്‍ പോയിരിക്കുമ്പോള്‍ വേദനയില്ലാത്ത സമയമാണെങ്കില്‍ നവവധുവായ എനിക്ക് പാചകക്കുറിപ്പുകള്‍ പറഞ്ഞുതരുമായിരുന്നു. 64-ാം വയസ്സില്‍ വല്യമ്മ നിര്യാതയായി.
Content Highlights: nalini damodaran grand daughter of kp kesavamenon memoir on threee mothers