പടിഞ്ഞാറു നിന്നുള്ള പാതയിലൂടെ നീണ്ടു നീണ്ടു വരുന്ന കണ്ണുകൾ

#ജോജോ ആന്റണി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പൗരസ്വാതന്ത്ര്യത്തിനു മേൽ ഒരുപാട് കെട്ടുകൾ മുറുകിക്കിടന്നിരുന്ന ഒരു കാലത്തേയ്ക്കാണ് ഓർമകൾ പോകുന്നത്. എറണാകുളത്തെ സെന്റ് ആൽബർട്ട്‌സ് കോളേജിൽ പ്രീഡിഗ്രിയ്ക്ക് ചേർന്ന കാലം. സ്‌കൂളിലെ ചിട്ടകളും വട്ടങ്ങളും അയഞ്ഞ് ലോകം സ്വതന്ത്രമായി തീർന്നിട്ട് ദിവസങ്ങളേ ആയിരുന്നുള്ളു. ജനറൽ സയൻസ് എന്ന് സ്‌കൂളിൽ പഠിച്ച വിഷയങ്ങൾ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി സുവോളജി എന്നിങ്ങനെ നാലായി വഴിപിരിഞ്ഞ് ആക്രമണം തുടങ്ങുന്നതേയുള്ളൂ. നിറങ്ങൾ നിറഞ്ഞ ആകാശത്തിൽ പൊടുന്നനെ ഇടി വെട്ടി, 1975 ജൂൺ 25-ന് അടിയന്തിരാവസ്ഥ നിലവിൽ വന്നു. നിറങ്ങൾ കുറെയൊക്കെ മാഞ്ഞ് ആകാശം നരച്ചു പോയി.

ഭീതിയുടെ കറ പുരണ്ട പഠനത്തിനുള്ളിലെ വരണ്ട പേജുകൾക്കിടയിൽ ഈർപ്പമുള്ള ചിലതും ഉണ്ടായിരുന്നു. അതിൽ ഏറ്റവും തെളിച്ചമുള്ളവ ഇംഗ്ലീഷ് രണ്ടാം പേപ്പറിൽ ഉൾപ്പെടുത്തിയിരുന്ന ഒരു കൊച്ചുനോവലിനുള്ളിലായിരുന്നു, ജെയിംസ് ഹിൽട്ടൺ 156 പേജിലായി ഒരു വിചിത്രലോകത്തിന്റെ കഥ പറഞ്ഞ 'നഷ്ടപ്പെട്ട ചക്രവാളം' (Lost Horizon) എന്ന നോവലിനുള്ളിൽ. ആ കൃതിയേ കുറിച്ച് മുന്നേ കേട്ടിരുന്നു, 1937-ൽ ഇറങ്ങിയ ഫ്രാങ്ക് കാപ്ര ചിത്രം ഈ കഥ തന്നെയാണ് പറഞ്ഞത്, അതേ പേരിൽ. ടിബറ്റിൽ നടന്ന ഒരു വിമാനാപകടം അതിജീവിച്ച ഹ്യൂ കോൺവേ എന്ന ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥൻ ഷാൻഗ്രിലയിലെ ഒരു ബുദ്ധാശ്രമത്തിൽ എത്തിച്ചേരുന്നതും തുടർന്നുണ്ടായ അനുഭവങ്ങളുമാണ് ഈ നോവലിന്റെ ഉള്ളടക്കം.

ഭാരതീയ സംസ്‌കാരത്തിനുള്ളിൽ നിന്ന് കേട്ടറിഞ്ഞതിനപ്പുറം ആശ്രമജീവിതത്തെ കുറിച്ചുള്ള ഒരു പുതിയ കാഴ്ച്ചപ്പാട് തന്ന ഈ കൃതിയ്ക്ക് രണ്ടാമത് ഒരു ദൃശ്യവ്യാഖ്യാനം വന്നിരുന്നു 1973 ൽ. പീറ്റർ ഫിഞ്ച്, ലിവ് ഉൾമാൻ, മൈക്കൾ യോർക്ക്, ജോർജ് കെന്നഡി, കൂടാതെ ഞങ്ങളുടെ യൗവ്വനത്തിന്റെ ഹരമായിരുന്ന ഒളീവിയ ഹസ്സിയും - ഫ്രാങ്കോ സെഫറെലിയുടെ റോമിയോ ആന്റ് ജൂലിയറ്റ് അധികമാരും മറക്കില്ല - അഭിനയിച്ച ആ ചിത്രം കാണാൻ എനിക്കാവുന്നത് 1977 ലാണ്, കൃതിയെ കുറിച്ചുള്ള പരീക്ഷ കഴിഞ്ഞ് ബിരുദപഠനം തുടങ്ങിയതിനു ശേഷം. 1975 പകുതി മുതൽ 1977 പകുതി വരെ നീണ്ട പ്രീഡിഗ്രി പഠനത്തിന്റെ ചില കാൽപ്പാടുകൾ ഹിൽട്ടൺ എഴുതിയ നോവലിലും ഷാൻഗ്രില ആശ്രമത്തിലും അവിടവിടെ കാണാനാവും.

ഒരുപാട് വൈകാതെ മറ്റൊരു ആശ്രമത്തിലെത്തിച്ചേർന്നു ഞാൻ, 'കരമസോവ് സഹോദരന്മാരി'ൽ ഒരാളായ അല്യോഷ വളർന്നുവന്ന റഷ്യൻ ഓർത്തഡോക്‌സ് മൊണാസ്റ്ററി. എല്ലാ മൂല്യങ്ങളേയും നിഷേധിക്കാൻ എന്നെ ഞാൻ തന്നെ നിർബന്ധിച്ചു കൊണ്ടിരുന്ന പ്രിഡിഗ്രി പ്രായത്തിന്റെ തീക്ഷ്ണതകളെ ഒട്ടൊക്കെ മയപ്പെടുത്തുവാൻ ഡോസ്റ്റോയേവ്‌സ്‌കിയുടെ ആശ്രമവും അതിനുള്ളിലും ചുറ്റിലും നിറഞ്ഞുനിന്നിരുന്ന ആത്മീയതയും സഹായിച്ചിരിക്കണം. ആരോ എഴുതിയത് ഓർമ വരുന്നു: 'ലൗകിക ശൂന്യതാവാദത്തിന് എതിരെയുള്ള ഒരു ധാർമ്മിക അഭയകേന്ദ്രമായി നിലകൊള്ളുന്നതു വഴി ഈ റഷ്യൻ ഓർത്തഡോക്‌സ് മഠം ഈ കൃതിയുടെ ആത്മീയ ഹൃദയമായി വർത്തിക്കുന്നു.(1)

മുന്നോട്ട് പോകെ, ആശ്രമങ്ങൾ വായനയിൽ കയറിയിറങ്ങിക്കൊണ്ടേയിരുന്നു. ചിലതൊക്കെ എങ്ങും തൊടാതെ ഒലിച്ചുപോയി, എന്നാൽ ചിലതെങ്കിലും ഓർമ്മയുടെ വട്ടക്കല്ലുകളിൽ തട്ടിനിന്നിരുന്നു. അത്തരമൊരു മഠം 'റോസാപ്പൂവിന്റെ നാമം' ( The Name of the Rose) എന്ന നോവലിനുള്ളിൽ കാണാം, പടിഞ്ഞാറൻ ഇറ്റലിയിലെ ഒരു കത്തോലിക്ക മഠത്തിന്റെ മതിൽക്കെട്ടിനുള്ളിൽ. ഉംബെർട്ടോ എക്കോയുടെ മാസ്റ്റർപീസ് എന്ന് പൊതുവെ കരുതപ്പെടുന്ന - 'ഫൂക്കോസ് പെൻഡുലം' ആണെന്ന് പറയുന്നവരുമുണ്ട് - ഈ കൃതി മഠത്തിനുള്ളിൽ നടക്കുന്ന കൊലപാതകങ്ങളുടെ, മഠത്തിനുള്ളിലെ നിഗൂഡമായ ഒരു ലൈബ്രറിയുടെ, കഥ പറയുന്നു. വർഷങ്ങൾക്ക് ശേഷം, ഈ കഥയും സിനിമയായി മുന്നിലെത്തി, Jean-Jacques Annaud സംവിധാനം ചെയ്ത്, ജെയിംസ് ബോണ്ടിന്റെ ഷേവ് ചെയ്ത് മിനുക്കിയ മുഖം ഉപേക്ഷിച്ച്, പാതി നരച്ച താടിയുമായി വന്ന ഷോൺ കോണറിയെ കൺമുന്നിലെത്തിച്ച സിനിമയായി, 1986-ൽ.

രവി ഖസാക്കിലെത്തുമ്പോൾ ധരിച്ചിരുന്ന കാവി വസ്ത്രവും ഒരു സന്യാസിനിയിലേക്കും അവർ താമസിച്ചിരുന്ന ആശ്രമത്തിലേക്കുമാണ് വിരൽ ചൂണ്ടുന്നത്. കരുണാകര ഗുരുവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വിജയന്റെ ആശ്രമചിന്തകൾ അവിടെ തീരുന്നില്ല, ഗുരുസാഗരത്തിലെത്തുമ്പോൾ കുഞ്ഞുണ്ണിയ്ക്ക് അഭയമാകുന്നതും ഡെൽഹിയ്ക്കടുത്തുള്ള മുക്തിധാം എന്ന സന്യാസിമഠമാണ്. ലളിതാംബിക അന്തർജനത്തിന്റെ 'അഗ്‌നിസാക്ഷി'യിലും കഥ വ്യത്യസ്തമല്ല, തേതിക്കുട്ടിയ്ക്ക് സുമിത്രാനന്ദയാകാൻ ഒരാശ്രമം സഹായത്തിനെത്തുന്നു.

വായനയിൽ അറിഞ്ഞും അറിയാതെയും കയറിവന്ന് ഇടപെടുന്ന ആശ്രമങ്ങളെ കുറിച്ചുള്ള ചിന്ത തുടങ്ങിവച്ചത് ഈയിടെ വായിച്ച ഒരു കൊച്ചു നോവലാണ്, അതിലെ കഥാനായകന്റെ യാത്രയാണ്.

ജപ്പാനിലെ ക്യോട്ടോ പട്ടണത്തിൽ നിന്നാണ് യാത്ര തുടങ്ങുന്നത്, ഇടത്തോട്ട് വളഞ്ഞും നേരേ നടന്നും പ്രവേശന കവാടമുണ്ടോ എന്നുറപ്പില്ലാത്ത ഒരു മതിൽക്കെട്ടിനെ പൊതിഞ്ഞും അതങ്ങനെ തുടരുന്നു, നമ്മുടെ അളവുകോലുകളൊന്നും മതിയാവാത്ത ഒരിടത്ത്, ഒരു ആശ്രമത്തിൽ, എത്തിച്ചേരും വരെ. അവിടെ നിന്ന് നോക്കിയാൽ വടക്ക് ഭാഗത്തായി ഒരു മല കാണാം, തെക്കുഭാഗത്ത് ഒരു തടാകവും, പടിഞ്ഞാറ് ഭാഗത്തേക്ക് പോകുന്ന പാതകളും കിഴക്കായി ഒരു നദിയും കാണാം. ആ ആശ്രമത്തിനുള്ളിലാണ് 130 പേജുകളിൽ, 50 അധ്യായങ്ങളിലായി, ഈ കൊച്ചു നോവൽ - A Mountain to the North, a Lake to the South, Paths to the West, a River to the East - താമസിക്കുന്നത്.

വായന തുടങ്ങുമ്പോൾ ആദ്യ അധ്യായമെവിടെ എന്ന് ചോദിക്കരുത്, ആദ്യത്തെ അധ്യായമില്ല, കൃതി തുടങ്ങുന്നത് രണ്ടാം അധ്യായത്തിലാണ്. അറുന്നൂറ്റി അമ്പതോളം വാക്കുകൾ കൊണ്ട് കോർത്തെടുത്ത ഒരു വാചകമാണ് കഥയിലേക്കുള്ള പ്രവേശനകവാടം, ക്യോട്ടോ നഗരത്തെ സംരക്ഷിക്കാനെന്നവണ്ണം ഉയർന്നു നിൽക്കുന്ന ഓയ്ഷി കുന്നിന്റെ മുകളിലുള്ള ആശ്രമത്തിലേക്കുള്ള കവാടവും അതു തന്നെ. വടക്കു ഭാഗത്ത് ഒരു മല, - A Mountain to the North - തെക്കു ഭാഗത്ത് ഒരു തടാകം, - a Lake to the South - കിഴക്കായി ഒരു നദി, - a River to the East - നഗരത്തിൽ നിന്നുള്ള പാതകളിലൂടെ പടിഞ്ഞാറ് ഭാഗത്തു - Paths to the West - നിന്ന് വന്നാൽ എത്താനാവുന്ന ആ ആശ്രമത്തിനുള്ളിലെ ഒരു ദിവസം ക്രാസ്നഹോർക്കായ് നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്നു; അല്ലെങ്കിൽ ഒളിച്ചു വയ്ക്കുന്നു എന്ന് പറയുന്നതാവും ശരി. ഈ യാത്രയിൽ നമുക്കൊപ്പമുള്ളയാൾക്ക് - മുറസാക്കി ഷിക്കിബു പതിനൊന്നാം നൂറ്റാണ്ടിന്റെ തുടക്കകാലത്തെഴുതിയ 'ഗെഞ്ചിയുടെ കഥ' (The Tale of Genji) യിലെ നായകനായ ഗെഞ്ചി രാജകുമാരന്റെ പേരക്കുട്ടിയാണയാൾ എന്നു മാത്രമാണ് എഴുത്തുകാരൻ അയാളെ കുറിച്ച് പറയുന്നത്- ട്രെയിൻ യാത്രയ്ക്ക് ശേഷം ഫുക്കുയ്ൻ എന്ന നാട്ടിൽ വണ്ടിയിറങ്ങുമ്പോൾ ആദ്യം തോന്നുന്നത് ഛർദ്ദിക്കാനാണ്. തുടർന്ന് നമ്മൾ വായിക്കുന്നത് ആശ്രമത്തെ കുറിച്ചുള്ള വിവരണങ്ങളും, അവയ്ക്കിടയിൽ വന്നു പോകുന്നുണ്ട് ഒരു പ്രാന്തൻ കുറുക്കന്റ അടികൊണ്ട് അവശനായ ഒരു നായ, ഹിനോക്കി മരങ്ങൾ നിറഞ്ഞ നിഗൂഡമായ ഒരു കാട്, പിന്നെയൊരു ബുദ്ധ പ്രതിമ, അതങ്ങനെ 15ാം അധ്യായം വരെ നീളുന്നു, അപ്പോഴാണ് കഥാനായകൻ കഥയിൽ തിരിച്ചെത്തുന്നത്. ഇതിനിടയിൽ ആകെ ഒരു സംഭവം മാത്രം നടക്കുന്നു, നേരത്തെ പറഞ്ഞ മുറിവേറ്റ നായ ഒരു ജിംഗോ വൃക്ഷത്തിനടുത്തേക്ക് ശ്രമപ്പെട്ട് നടന്നു ചെന്ന്, ആ മരത്തിന്റെ ചുവട്ടിൽ തന്നെ മരിച്ചു വീഴുന്നതാണ് ആ സംഭവം.

മുപ്പതാമത്തെ അധ്യായത്തിൽ എട്ടോ പത്തോ ആളുകൾ- യൂറോപ്യൻ വേഷങ്ങൾ ധരിച്ചവരാണവർ- നായകനെ തിരക്കിയെത്തുന്നു. തീവണ്ടിയിറങ്ങി ആശ്രമത്തിലേക്കുള്ള യാത്രയ്ക്കിടയിൽ കണ്ട ഒരു വൃദ്ധയോട് അവർ അയാളെ കുറിച്ച് ചോദിക്കുനുണ്ടെങ്കിലും വൃദ്ധയുടെ മറുപടി 'അറിയില്ല' എന്നായിരുന്നു. പിന്നെപ്പോഴോ ഒരിക്കൽ കൂടി വന്ന് കടന്നുപോകുന്നതോടെ ഇവരുടെയെല്ലാം ജോലി തീർന്നു, ഈ നോവലിൽ മറ്റ് കഥാപാത്രങ്ങളെ തിരഞ്ഞു നടക്കരുത്, നായകനെയല്ലാതെ ഇനിയാരേയും നിങ്ങൾക്ക് കണ്ടെത്താനാവില്ല, നേരത്തേ സൂചിപ്പിച്ച കുറച്ചു മനുഷ്യരല്ലാതെ വേറേ വ്യക്തികളില്ല, വ്യക്തിബന്ധങ്ങളില്ല, മനുഷ്യജീവിതങ്ങൾ കടന്നുവരുന്ന അധികം സംഭവങ്ങളില്ല, മിയാഡായ്ക്കു (Miyadaiku) പോലെ ചില പരമ്പരാഗത വ്യക്തി സങ്കൽപ്പങ്ങളെ കുറിച്ച് അവിടവിടെ കടന്നുവരുന്ന ചില പരാമർശങ്ങളാണ് ആകെയുള്ളത് - മനുഷ്യരെ എന്നതിനേക്കാൾ പുറ്റുപാടുകളെയാണ് എഴുത്തുകാരന്റെ കണ്ണുകൾ കാണുന്നത്.

നോവലിന്റെ പരിമിതമായ വലിപ്പത്തിനുള്ളിൽ നിന്ന് വായനക്കാരന്റെ കാഴ്ചയിലേക്ക്, ഹൃദയത്തിലേക്ക്, തള്ളിക്കയറി വരുന്ന രണ്ടു കാര്യങ്ങളുണ്ട്. അതിലൊന്ന് സർ വിൽഫോഡ് സ്റ്റാൻലി ഗിൽമോർ എന്നൊരു കൽപ്പിത കഥാപാത്രം എഴുതിയ, അറബി അക്കങ്ങൾ നിറഞ്ഞ, 'അനന്തമായ പിശക്' (The Infinite Mistake) എന്ന് പേരുള്ള ഒരു ഗണിതശാസ്ത്ര പുസ്തകം. ഈ പുസ്തകത്തിന്റെ അസഭ്യങ്ങൾ നിറഞ്ഞതും അസംബന്ധത്തിൽ മുങ്ങിയതുമായ ഒരു അധ്യായം മുഴുവൻ നമുക്ക് കാണിച്ചു തരുന്നുണ്ട് ക്രാസ്‌നഹോർക്കായ്. രണ്ടമത്തേതാകട്ടെ ആശ്രമത്തെ കുറിച്ചും അതിനുള്ളിലെ ബൗദ്ധക്ഷേത്രത്തെ കുറിച്ചും മറ്റ് ഇടങ്ങളെ കുറിച്ചും വസ്തുക്കളെ കുറിച്ചും - അതിലൊന്ന് പശ്ചിമഘട്ടത്തിൽ വളരുന്ന ഒരു തരം പായലിനെ കുറിച്ചാണെന്നത് മലയാളിയ്ക്ക് കൗതുകമാവാം- അനന്തമെന്നോണം നീണ്ട് പോകുന്നതും കണ്ണെടുത്ത് മാറ്റാൻ വയ്യാത്തത്ര നിറഞ്ഞു നിൽക്കുന്നതുമായ വർണ്ണനകളാണ്- നൻഡായ്‌മോൻ (nandaimon) ക്ഷേത്രകവാടം തകർക്കപ്പെട്ടതിനെ കുറിച്ച്, വാഷി കടലാസ്സുണ്ടാക്കുന്ന രീതിയെ കുറിച്ച്, കയ്യെഴുത്തു പുസ്തകത്തിന്റെ, പരമ്പരാഗത ജാപ്പനീസ് പുസ്തകത്തിന്റെ ഒക്കെ നിർമ്മാണ രീതികളെ കുറിച്ച്, അങ്ങനെ അങ്ങനെ. വായനക്കാരനെ കുതറിയോടാൻ അനുവദിക്കാത്ത വിധത്തിൽ അവയെ കോർത്തിട്ടിരിക്കുന്നു. വായനക്കാരന് കുതറിയോടണമെന്നില്ല എന്ന കാര്യവും ഒപ്പം പറയണം.

വായനയിൽ ഉടനീളം ഫോക്‌നറേയും ക്‌നോസ്ഗാർഡിനേയും ഓർമ്മ വന്നു കൊണ്ടേയിരുന്നു. ഫോക്‌നറുടെ Absalom! Absalom! എന്ന കൃതിയിൽ ആറാമത്തെ അധ്യായത്തിൽ ക്വെന്റിൻ എന്ന കഥാപാത്രത്തിന്റെ ഓർമയിലെത്തുന്ന, 1288 വാക്കുകൾ നീണ്ട, ഒരു വാചകമുണ്ട്. പിതാവിനെ കുറിച്ചുള്ള അയാളുടെ ഓർമകൾ തടസ്സമില്ലാതെ തള്ളിക്കേറി വരുന്നത് ആ വാചകത്തിൽ നമ്മൾ കാണുന്നു, അറിയുന്നു, അനുഭവിക്കുന്നു. ആ വാചകം വായിക്കാൻ തുടങ്ങിയാൽ നിർത്താനാവില്ല, ഓർമ്മകളുടെ വഴിയേ പോകാതെ വായനക്കാരന് മറ്റ് മാർഗ്ഗങ്ങളില്ല. ഫോക്‌നറുടെ വാചകത്തോട് ചേർത്തുവയ്ക്കാൻ തക്ക ഗരിമയോ നീളമോ ഇല്ലാത്ത മറ്റൊരു വാചകവും മനസ്സിലേക്ക് വരുന്നു, 88 വാക്കുകൾ നീളമുള്ള ഒന്ന്, Seasons സീരിസിലെ Spring എന്ന നോവലിൽ ക്‌നോസ്ഗാർഡ് എഴുതിയതാണത്. (2) ആ വാചകത്തിലെ വിരാമചിഹ്നങ്ങളെ ഒന്നിനെ പോലും പൂർണവിരാമം കൊണ്ട് പകരം വയ്ക്കാനാവില്ല. എന്നാൽ ക്രാസ്നഹോർക്കായുടെ നീണ്ട വാചകങ്ങളെ പലയിടത്തും പൂർണവിരാമം കൊണ്ട് മുറിക്കാനാവും. എന്നിരുന്നാൽ തന്നെയും എഴുത്തിന്റെ ഒഴുക്കിനെ തടുക്കാൻ ആ ചിഹ്നങ്ങൾക്കൊന്നും കഴിവു പോരാതെ വരും. ഇതിന് വിവരീതമായി, ചിലയിടങ്ങളിൽ കുറുകിയ വാചകങ്ങളും കാണാം; അധ്യായം 33 അവസാനിക്കുന്നത് എങ്ങനെയെന്ന് നോക്കൂ:

'ക്യോസോവിൽ നിന്ന് അത്ര പുറകിലല്ലാതെ, ഉയരത്തിൽ വളരുന്ന അസലിയ ചെടികളുടെ നിബിഡമായ ചില്ലകൾക്കുള്ളിൽ പേരോഗം ബാധിച്ച ഒരു കുറുക്കൻ, ചാടാനായി തയ്യാറെടുക്കുന്നു.

അതിന്റെ കണ്ണുകൾ വിടർന്നു നിൽക്കുന്നു: അത് കണ്ണുകൾ ചിമ്മുന്നതേയില്ല.

മരവിപ്പിക്കുന്ന, അനക്കമില്ലാത്ത, അസ്വസ്ഥമായ, ചുവന്നു തുടുത്ത ആ കണ്ണുകളിലാവട്ടെ, മറ്റൊന്നുമില്ല, തിളയ്ക്കുന്ന ഉന്മാദമല്ലാതെ.

വൈകുന്നേരമായി. മാഗ്‌നോളിയ വൃക്ഷങ്ങൾ അവയുടെ വലിയ പൂവിതളുകൾ ചുരുട്ടിവച്ചു.' (3)

ഇത്തരം മടക്കയാത്രകൾ ആകട്ടെ, കവിതയോട് അടുത്തു നിൽക്കുന്നു. ഇവയെല്ലാം കൂട്ടം ചേർന്നാണ് ക്രാസ്നഹോർക്കായുടെ എഴുത്തിനെ മേലെതട്ടിലേക്ക് എടുത്തു വയ്ക്കുന്നതും.

2025-ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിനു ശേഷം എഴുതിയ ഒരു കുറിപ്പിൽ ലിറ്റററി ബ്ലോഗർ ആയ Doug Merril 'കഥ പറയുന്നതിന് പകരം വാക്കുകൾ കൊണ്ട് വിചിത്രമായ കാര്യങ്ങൾ നടത്തിയെടുക്കുന്ന എഴുത്തുകാരുടെ കൂട്ടത്തിലാണ് ക്രാസ്നഹോർക്കായ്' എന്ന് എഴുതിയത് നമ്മൾ വായിച്ചിട്ടുണ്ട്.(4) ഇത് നന്നായി തിരിച്ചറിഞ്ഞിരുന്ന സിനിമ സംവിധായകൻ ബെലാ താർ, ക്രാസ്നഹോർക്കായുടെ സെയ്റ്റൻടാംഗോ സിനിമയാക്കിയപ്പോൾ ഇടമുറിയാത്ത ട്രാക്കിങ്ങ് ഷോട്ടുകൾ ഉപയോഗിച്ചതും നമുക്ക് ഓർമ്മ വരും. തന്നെ സംബന്ധിച്ചിടത്തോളം' 'യാഥാർത്ഥ്യത്തെ ഉന്മാദത്തിന്റെ പടിവാതിൽക്കൽ എത്തുവോളം തിരഞ്ഞു കൊണ്ടേയിരിക്കുക' എന്ന ശ്രമമാണ് എഴുത്ത്' (5) എന്ന് മുമ്പെന്നോ നടന്ന ഒരു അഭിമുഖത്തിൽ ക്രാസ്നഹോർക്കായും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ, 'സെയ്റ്റൻടാംഗോ' ഉൾപ്പെടെ, വായിക്കുന്ന ഒരു വായനക്കാരൻ ചിലപ്പോഴെങ്കിലും അദ്ദേഹം പടിവാതിൽ കടന്ന് പുറത്തിറങ്ങുന്നുണ്ട് എന്ന് കരുതിയാൽ, അയാളെ കുറ്റം പറയാനുമാവില്ല.

……..

(1) In The Brothers Karamazov, the Russian Orthodox monastery serves as the spiritual heart of the novel, acting as a moral refuge against secular nihilism

(2) 'I looked out the window above the kitchen counter, at the light rain falling steadily outside, where the grey light made the green glow with that peculiar intensity typical of rainy Nordic summers, which I liked so well, not least because it reminded me of all the summers I had spent in western Norway, where it rained all the time and the landscape possessed a kind of cold lushness, green as a jungle but without the jungle's steaming luxuriance, more like a sober wildness, a cool ecstasy'.

(3) Not too far behind the kyozo, amid the dense branches of a tall azalea bush, a fox infected with rabies crouched, ready to jump.

Both of it's eyes were open: it did not blink at all.

And in these numbing, motionless, troubled, crimson eyes, there was nothing else apart from burning frenzy.

Evening fell.

The magnolia trees slowly drew together their enormous petals.

(4) Laszlo Krasznahorkai belongs to the branch of literature that's more 'do unusual things with words' than 'tell a story'.

(5) .... reality examined to the point of madness'

Content Highlights: Examination of how monastic spaces function as spiritual or moral anchors in classic and contemporary novels., Comparative analysis of James Hilton, Umberto Eco, and László Krasznahorkai's narrative styles., Insight into the unique descriptive prose of Krasznahorkai's 'A Mountain to the North, a Lake to the South'., Discussion on the intersection of reality and madness within literary landscapes.