മരണത്തിന്റെ ഓഹരികള്‍ ഉറക്കഗുളികകളായി മുന്നില്‍; മേഘനിഴലായി മനസ്സില്‍ തെളിഞ്ഞ മരണചിന്ത

#മുഹമ്മദ് അബ്ബാസ്
മുഹമ്മദ് അബ്ബാസ് | Photo: Mathrubhumi
മുഹമ്മദ് അബ്ബാസ് | Photo: Mathrubhumi

മ്മള്‍ ജീവിക്കാത്ത ജീവിതങ്ങള്‍മാത്രമല്ല, നമ്മള്‍ ജീവിച്ച ജീവിതംതന്നെ നമുക്ക് കെട്ടുകഥയായി തോന്നുന്ന അവസരങ്ങളുമുണ്ട് ജീവിതത്തില്‍.

ഈ ദുരിതകാലത്തില്‍ സ്‌നേഹത്തിന്റെ മുഖങ്ങളെ ഓരോന്നായി മരണം കൊണ്ടുപോവുമ്പോള്‍, മരിക്കാനായി ഞാന്‍ നടത്തിയ ഒരു യാത്രയുടെ കാലം മുമ്പില്‍ തെളിയുകയാണ്. യൗവ്വനത്തിന്റെ ഉച്ചവെയില്‍ കാലം... ഭയത്തിന്റെ ചെമ്പരത്തികള്‍ മുമ്പില്‍ വിടര്‍ന്നുനിന്ന കാലം. ആ ചെമ്പരത്തികളുടെ എക്‌സ്‌റേ പ്രിന്റുകള്‍ കണ്ട കാലം. ഭൗതികവാദിയുടെ മണ്ണും ആത്മീയവാദിയുടെ ആകാശവും നഷ്ടമായ കാലം. അക്കാലത്ത് ജീവിതംതന്നെ വലിയൊരു ഭയമായിരുന്നു. എനിക്ക് ഭ്രാന്തായിപ്പോവും എന്ന അകാരണമായ ഭയത്തിന്റെ കാലം.

ഭയത്തിന്റെ വൈദ്യുതിക്കാറ്റുകള്‍ തലച്ചോറിനെ കറന്റടിപ്പിച്ച ആ കാലത്ത് എനിക്കു മുമ്പില്‍ ഹരിതമോഹനമായി, മേഘനിഴലായി മരണചിന്ത തെളിഞ്ഞ്, തിടംവെച്ചു നിന്നു. ഒന്നാം ശ്രമത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടിട്ടും ആത്മഹത്യ എന്ന ആശയം എന്റെയുള്ളില്‍ പ്രണയാതുരയായ ഒരു കാമുകിയായി മുടിയഴിച്ചിട്ട് വശ്യമായി ചിരിച്ചുനിന്നു. മരണത്തിന്റെ മുലത്തണുപ്പില്‍ മുഖം താഴ്ത്തി, തലച്ചോറ് തണുപ്പിക്കാന്‍ ഞാന്‍ തീവ്രമായി ആഗ്രഹിച്ചു.

രണ്ടാമത്തെ ശ്രമത്തിനുള്ള യാത്രയില്‍ എന്റെ മാറാപ്പില്‍ ഒരു പുസ്തകം ഉണ്ടായിരുന്നു എന്നത് എനിക്കിപ്പോള്‍ കെട്ടുകഥയായിട്ടാണ് തോന്നുന്നത്. ആ പുസ്തകം ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇലിയിച്ചിന്റെ മരണം എന്ന ചെറുനോവലായിരുന്നു.

ത്രിപുരസുന്ദരിയായ കന്യാകുമാരിയായിരുന്നു എന്റെ ലക്ഷ്യം. തനിച്ചുള്ള അന്തമില്ലാത്ത യാത്രകളൊക്കെയും ആസ്വദിച്ചിരുന്ന എനിക്കു പക്ഷേ ആ യാത്ര ആനന്ദം തരുന്നതായിരുന്നില്ല. ട്രെയിനിനകത്തും പുറത്തും മരണമാണ് മണത്തത്. മരണത്തിന്റെ നീലമേഘങ്ങള്‍... പച്ചക്കുന്നുകള്‍... ആള്‍ത്തിരക്കുകള്‍... ജീവിച്ച ജീവിതമത്രയും പിറകിലേക്കു മറയുകയാണ്. മരണമെന്ന നിത്യസുന്ദരിയുമായി ഇണചേരാന്‍ എന്റെ ഓരോ ചെറുചിന്തയും സിരകളും ഉണര്‍ന്ന് ത്രസിച്ചുനില്‍ക്കുകയാണ്. മരണത്തിന്റെ സുഖദമായ രതിമൂര്‍ച്ഛയുടെ സന്ദേശം വഹിച്ചുകൊണ്ടാണ് എന്റെ രക്തം അലറിപ്പായുന്നത്.

കാഴ്ചകളൊന്നും എന്നെ ആകര്‍ഷിച്ചില്ല. യാത്രകളില്‍ ശീലമാക്കിയ വായനയും എന്നെ തുണച്ചില്ല. എന്നോടുതന്നെ കലഹിക്കുന്ന ഞാന്‍ വിദൂരമായ ആ ലോഡ്ജ് മുറി സ്വപ്നം കണ്ടു. ഉറക്കമില്ലായ്മയ്ക്ക് പരിഹാരമായി എനിക്കു സൈക്യാട്രിസ്റ്റ് എഴുതിത്തന്ന ഉറക്കഗുളികകള്‍ പല പല മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നായി വാങ്ങിക്കൂട്ടിയത് എന്റെ മാറാപ്പില്‍ ടോള്‍സ്റ്റോയിയുടെ അക്ഷരലോകത്തെ ഉരുമ്മിക്കിടന്ന് ഉറങ്ങി.

കന്യാകുമാരി...
മൂന്ന് മഹാദുഃഖങ്ങളുടെ സ്ഥലരാശി... തെരുവുകളില്‍ ജീവിതം ആഘോഷിക്കുന്നവര്‍... പുതുവസ്ത്രങ്ങളുടെ ഗന്ധങ്ങള്‍... പ്രണയോന്മാദത്തിന്റെ ചുംബനപ്പൂക്കള്‍... വഴിയോരക്കടകളില്‍ പുഞ്ചിരിച്ചുനിന്ന സുഗന്ധങ്ങള്‍... എന്നെ നോക്കി ചിരിച്ച സുന്ദരികള്‍... ഒന്നും എന്നെ ആകര്‍ഷിച്ചില്ല. ഞാന്‍ എല്ലാത്തിന്റെയും കാഴ്ചക്കാരന്‍മാത്രമാണ്. എനിക്ക് ഉറപ്പുണ്ട്. അപ്പോള്‍ ആ നിമിഷങ്ങളില്‍ ഏതെങ്കിലും ലോകസുന്ദരിതന്നെ നേരിട്ടു വന്ന് എന്നെ കെട്ടിപ്പുണര്‍ന്ന് അധരച്ചുവപ്പ് പകര്‍ന്നുതന്നാലും എനിക്ക് ഒന്നും തോന്നുമായിരുന്നില്ല. 

ഭയത്തിന്റെ മുള്‍ക്കാടുകളില്‍നിന്നും രക്ഷതേടി മരണവുമായി ഇണചേരാനെത്തിയ ഞാന്‍ പല പല ലോഡ്ജുകളിലും മുറി അന്വേഷിച്ചു. എല്ലായിടത്തുനിന്നും ഒരേ ഉത്തരം മാത്രം.
'റൂമൊന്നും ഒഴിവില്ല. ഒഴിവുണ്ടെങ്കില്‍ തന്നെ ഒരാള്‍ക്കുമാത്രമായി റൂം തരില്ല.'
തമിഴ് അറിയാവുന്നതുകൊണ്ട് ഒടുക്കം എത്തിപ്പെട്ട ലോഡ്ജ് മാനേജറോട് ഞാന്‍ കാര്യം എന്തെന്ന് അന്വേഷിച്ചു. അയാള്‍ മറുപടി പറഞ്ഞു:
'എസ്.ഐ.യുടെ ഓര്‍ഡറാണ്. തനിച്ചു വരുന്നവര്‍ക്ക് റൂം കൊടുക്കരുത്. തനിയെ വന്ന് വ്യാജവിലാസങ്ങള്‍ നല്‍കി മുറിയെടുത്ത് അതിനുള്ളില്‍ ആത്മഹത്യ ചെയ്തവരുടെ നീണ്ട ലിസ്റ്റുതന്നെയുണ്ട്. പല ശവങ്ങളും തെറ്റായ വിലാസം നല്‍കിയ കാരണം മോര്‍ച്ചറിയില്‍ അവകാശികളെ കാത്തുകിടപ്പാണ്. അതുകൊണ്ടാണ് ഒറ്റയ്ക്ക് ഒരാള്‍ക്ക് മുറി തരാത്തത്.'

അയാളുടെ വിശദീകരണം കേട്ടപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ കുറേ നേരം അന്തിച്ചുനിന്നു. നേരം ഇരുളുകയാണ്. അപരിചിതമായ ദേശം. കൈയില്‍ പണമൊന്നും കാര്യമായിട്ട് ഇല്ലെങ്കിലും ഞാന്‍ അയാളോട് പോലീസ് സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ച് അങ്ങോട്ടു നടന്നു. എസ്.ഐ.യോട് നേരിട്ടു കാര്യം പറഞ്ഞു.

തനിയെ ഒരുപാട് യാത്ര ചെയ്യുന്ന ആളാണെന്നും രാത്രി താമസിക്കാന്‍ ഞാനിനി എന്തു ചെയ്യുമെന്നും ചോദിച്ചപ്പോള്‍ ആ നല്ല മനുഷ്യന്‍ ഒരു പോലീസുകാരനെ വിളിച്ച് എനിക്കൊരു ലോഡ്ജ് മുറി തരപ്പെടുത്തി തരാന്‍ ഉത്തരവിട്ടു. ആ സമയത്ത് അവര്‍ എന്റെ മാറാപ്പ് പരിശോധിച്ചിരുന്നെങ്കില്‍, അതിനുള്ളില്‍ ടോള്‍സ്റ്റോയിയെ തൊട്ടു കിടക്കുന്ന മരണമണമുള്ള എഴുപത് ഉറക്കഗുളികകള്‍ കണ്ടെടുക്കുമായിരുന്നു.

ആ പോലീസുകാരന്‍ തന്റെ സൈക്കിളിന്റെ പിറകില്‍ എന്നെയിരുത്തി ചവിട്ടുമ്പോള്‍ ഞാന്‍ ഓര്‍ത്തത് നാളെ എന്റെ ശവം കണ്ടെത്തുമ്പോള്‍ എന്തായിരിക്കും ഇയാളുടെ മാനസികാവസ്ഥ എന്നായിരുന്നു. ഉദാരനായ അയാള്‍ എനിക്ക് റൂമൊക്കെ ശരിയാക്കി തന്ന് നൂറു രൂപ എന്നോടു ചോദിച്ചുവാങ്ങിയിട്ടാണ് മടങ്ങിയത്. ഞാന്‍ എന്തോ വല്യ സംഭവമാണെന്ന് ധരിച്ച ആ ലോഡ്ജ് ഉടമ അത്യാവശ്യത്തിലധികം സാകര്യങ്ങളുള്ള ഒരു മുറി കുറഞ്ഞ വാടകയ്ക്കാണ് അന്ന് എനിക്ക് തന്നത്.
ആ മുറിക്ക് കണ്ണാടിജാലകങ്ങള്‍ ഉണ്ടായിരുന്നു. 

ജാലകം തുറന്നിട്ട് ഞാന്‍ നഗരവെളിച്ചങ്ങളിലേക്ക് നോക്കി നിന്നു. ഭയം എന്റെ തലച്ചോറില്‍ മുരളാന്‍ തുടങ്ങി. ആ നഗരവഴികളിലൂടെ ഉടുതുണിയുരിഞ്ഞിട്ട് ഓടുന്ന എന്നെ ഞാന്‍ കണ്ടു. ഭയങ്ങള്‍ ഏതുമില്ലാത്ത മരണത്തിന്റെ ഹരിതാഭകള്‍ എന്നെ കാത്തുനില്‍ക്കുകയാണ്. ഞാന്‍ ഉറക്കഗുളികകള്‍ എടുത്ത് അഞ്ചെണ്ണം വീതമുള്ള ഓഹരികളാക്കി മേശപ്പുറത്ത് നിരത്തിവെച്ചു. വെള്ളത്തിന്റെ മഗ്ഗും അടുത്തുതന്നെ വെച്ചു. ഇതാണ് ഒടുക്കം.

തുടക്കം ഓര്‍മയില്ലാത്ത, ജീവിതമെന്ന വലിയ ഭ്രാന്തിന്റെ ഒടുക്കം ഇവിടെയാണ്. ഇവിടെ... ഈ ലോഡ്ജ് മുറിയില്‍... ഞാന്‍ ഉമ്മാനെ ഓര്‍ത്തു. പുറപ്പെടുമ്പോള്‍ എന്നെ വിലക്കിയ സ്‌നേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു. ആ മുഖം എന്റെയുള്ളിലെ മരണചിന്തകള്‍ക്കു മുകളില്‍ തെളിഞ്ഞുനിന്നു. തനിക്കറിയാത്ത ഏതോ ദേശത്ത് മകന്‍ മരിച്ചുകിടക്കുന്നെന്ന് ഉമ്മ അറിയുന്ന ആ നിമിഷം എന്റെ ബോധത്തിലൂടെ ഒരു മിന്നല്‍പ്പിണറായി പാഞ്ഞു പോയി. അമ്മദുഃഖങ്ങളുടെ പെരുങ്കടല്‍ എന്റെയുള്ളില്‍ ഇരമ്പിയാര്‍ത്തു. അതിന്റെ ഉപ്പുകാറ്റില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു.

ആരോ പറഞ്ഞു പഠിപ്പിച്ചപോല ഞാന്‍ ബാഗ് തുറന്ന് ഇവാന്‍ ഇലിയിച്ചിനെ കൈയിലെടുത്തു. തീരെ ചെറിയ പുസ്തകം. മരണമില്ലാത്ത, മരിക്കാന്‍ ഒട്ടും ആഗ്രഹിക്കാത്ത എന്റെയുള്ളിലെ വായനക്കാരന്‍ ടോള്‍സ്റ്റോയിയുടെ വാക്കുകളെ വായിച്ചു. ഭൂമിയിലെ മറ്റെല്ലാം എന്റെ മുമ്പില്‍ ഇല്ലാതെയായി.

വാക്കുകള്‍ വെറും വാക്കുകള്‍... പക്ഷേ ആ വാക്കുകള്‍ കൊരുത്തുകൊരുത്ത് ടോള്‍സ്റ്റോയി എന്ന പ്രതിഭ സൃഷ്ടിച്ച ഇവാന്‍ ഇലിയിച്ചിന്റെ ലോകത്തിലേക്ക് ഞാന്‍ വഴുതിവീണു.
സീസര്‍ മനുഷ്യനാണ്. മനുഷ്യരെല്ലാം മരിക്കും. അതിനാല്‍ സീസര്‍ മരിക്കും. പക്ഷേ ആ സിലജിസം സീസറെയും മറ്റു മനുഷ്യരെയുംമാത്രം ബാധിക്കുന്ന നിയമമായി കരുതിയ ഇവാന്‍ ഇലിയിച്ച് എന്റെ മുമ്പില്‍ മരിച്ചുകിടന്നു.

ടോള്‍സ്റ്റോയി എഴുതി:
'പതിവുപോലെ മരണശേഷം അയാളുടെ മുഖം ജീവിച്ചിരുന്നപ്പോഴത്തേക്കാള്‍ സുന്ദരവും കുലീനവുമായി കാണപ്പെട്ടു. സാധിക്കേണ്ടതു സാധിച്ചെന്നും മുഖത്തെ ഭാവം പറഞ്ഞു. അതിനു പുറമേ ജീവിച്ചിരിക്കുന്നവര്‍ക്ക് നേരെ ഒരു കുറ്റപ്പെടുത്തലും മുന്നറിയിപ്പും ആ മുഖത്തുണ്ടായിരുന്നു.'

ഞാന്‍ കണ്ണുകള്‍ ഇറുകിയടച്ച്, ടോള്‍സ്റ്റോയിയുടെ മുഖം ഓര്‍ത്തെടുത്തു. വാര്‍ ആന്‍ഡ് പീസും അന്നാ കരിനീനയും എഴുതിയ മനുഷ്യന്‍. ജീവിക്കാനും മരിക്കാനും ആറടി മണ്ണുമാത്രം മതിയെന്ന് മുഴുലോകത്തോടും ഉറക്കെ വിളിച്ചുപറഞ്ഞ മനുഷ്യന്‍. ലോകം ആദരവോടും അദ്ഭുതത്തോടും വായിച്ച വാക്കുകളുടെ ഉടമയായ മനുഷ്യന്‍. കാലമിത്രകഴിഞ്ഞിട്ടും ആ വാക്കുകള്‍ ജീവിച്ചിരിക്കുന്നു. എന്റെ കൈയിലിരുന്നു വിറകൊള്ളുന്നു. എനിക്കു മുമ്പില്‍ മരണത്തിന്റെ ഓഹരികള്‍ ഉറക്കഗുളികകളായി നിരന്നിരിക്കുന്നു. പുറത്ത് രാത്രിയുടെ ശബ്ദങ്ങള്‍ ഉച്ചത്തിലാവുന്നു.

ഏതോ ഒരു റെയില്‍വേ സ്റ്റേഷന്‍ ഉള്ളില്‍ തെളിയുന്നു. അവിടെ തണുത്തു മരവിച്ച് അനാഥശവമായി ടോള്‍സ്റ്റോയി കിടക്കുന്നു. ജീവിതാന്ത്യത്തില്‍ വീടും കുടുംബവുമൊക്കെ വിട്ട്, ശാന്തിയും സമാധാനവും തേടിയലഞ്ഞ് മരണം നേടിയ ആ മനുഷ്യന്റെ വാക്കുകളെ ലോകം ഇന്നും അദ്ഭുതാദരങ്ങളോടെ വായിക്കുന്നു.

ശാന്തിതന്നെയാവാം ഞാനും തേടുന്നത്. പക്ഷേ ഞാന്‍ നേടിയത് എന്താണ.്..? ഒരു വാക്കുപോലും ഒരു സഹജീവിക്കുവേണ്ടിയും ഞാന്‍ എഴുതിയിട്ടില്ല. ഇവിടെ ഈ ലോഡ്ജ് മുറിയില്‍ ഞാന്‍ മരിച്ചുകിടന്നാല്‍ ഇലിയിച്ചിന്റേതുപോലെ തനിക്കു കിട്ടാന്‍പോകുന്ന പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും സ്വപ്നം കാണുന്ന ഒരു ഭാര്യപോലും എനിക്കില്ല.

എന്റെ വിരലുകള്‍ക്കിടയിലൂടെ പേജുകള്‍ മറിഞ്ഞു. ഇവാന്‍ ഇലിയിച്ച് ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കുമ്പസാരിച്ച് കുര്‍ബാന സ്വീകരിച്ചു. 'ഇപ്പോ ആശ്വാസം തോന്നുന്നുണ്ടോ?' എന്ന ഭാര്യയുടെ ചോദ്യം കേട്ട അയാള്‍ അലറിക്കരഞ്ഞു. മൂന്നു ദിവസത്തോളം ആ കരച്ചില്‍ നീണ്ടുനിന്നു. എനിക്ക് ചുറ്റും ആ നിസ്സഹായത മൂടല്‍മഞ്ഞായി പടര്‍ന്നു നിന്നു.

റൂം ബോയി വന്ന് വാതിലില്‍ മുട്ടി, ലൈറ്റ് ഓഫാക്കാന്‍ പറയുമ്പോള്‍ സമയം രണ്ടര മണിയായിരുന്നു. അപ്പോഴേക്കും ഞാന്‍ ഇവാന്‍ ഇലിയിച്ചിന്റെ മരണം വായിച്ചുകഴിഞ്ഞിരുന്നു. വായിച്ചുകഴിഞ്ഞു എന്നതിനേക്കാള്‍ ഞാന്‍ ജീവിതമെന്ന ഉന്മാദത്തെ അതിന്റെ എല്ലാ കടുംവര്‍ണങ്ങളോടെയും സ്വീകരിച്ചുകഴിഞ്ഞിരുന്നു എന്നതാണ് സത്യം. ഞാനാ ലോഡ്ജ് മുറിയില്‍ മരിച്ചുകിടക്കുമ്പോള്‍, മരിച്ചത് ഞാനല്ലല്ലോ എന്ന് ആശ്വസിക്കുന്ന ഒരുപാട് മുഖങ്ങളെ ഞാനവിടെ ആ മുറിയില്‍ കണ്ടു.

എന്നെ പരിഹസിച്ചുകൊണ്ട് മേശപ്പുറത്ത് ഉറക്കഗുളികയുടെ ചെറിയ ചെറിയ കുന്നുകള്‍ കിടന്നു. മഗ്ഗിലെ വെള്ളമെടുത്തു കുടിക്കുമ്പോള്‍ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത അനിയത്തിയുടെ മുഖം ഉള്‍ക്കണ്ണില്‍ തെളിഞ്ഞു. അവള്‍ക്ക് ഞാന്‍ ജീവിതത്തില്‍ ആകപ്പാടെ വാങ്ങിക്കൊടുത്ത ഒന്നര പവന്റെ മാല പണയംവെച്ചു കിട്ടിയ പണംകൊണ്ടാണ് ഞാനാ യാത്ര പോയത്. എന്തിനാണ് ഞാന്‍ ആത്മഹത്യചെയ്തതെന്ന് അവളൊരിക്കലും അറിയില്ല. അവളുടെ ആംഗ്യഭാഷ നന്നായിട്ടു മനസ്സിലാവുന്ന ഉമ്മായ്ക്ക് അത് പറഞ്ഞു ഫലിപ്പിക്കാനുള്ള മനക്കരുത്തുണ്ടാവില്ല.

പുസ്തകത്തിന്റെ കവര്‍ പേജ്‌

ഇവാന്‍ ഇലിയിച്ചിന്റെ മലമൂത്രങ്ങള്‍ കോരിയ ജെറാസിം എന്ന വേലക്കാരന്‍മാത്രമാണ് ഇലിയിച്ചിനോട് സഹതാപം കാട്ടാതിരുന്നത്. ജെറാസിം തന്റെ യജമാനനോട് ഒരിക്കലും കപടമായ ആശ്വാസവാക്കുകള്‍ പറഞ്ഞില്ല. പുസ്തകമിറങ്ങി വന്ന ജെറാസിം എന്റെ തോളില്‍ തൊട്ടു. 

കണ്ണുകളിലേക്ക് ഉറ്റുനോക്കി നിശബ്ദമായി പറഞ്ഞു:
'ആ വിഷഗുളികകള്‍ എടുത്തു വലിച്ചെറിയൂ. ഇനിയുമെത്രയോ വിസ്മയങ്ങള്‍ നിനക്കു വായിക്കാനുണ്ടെന്നത് മറക്കരുത്.'
കൊടുംതണുപ്പില്‍ മതിയായ വസ്ത്രങ്ങള്‍പോലുമില്ലാതെ, തണുത്തുവിറച്ച് ഒരു കപ്പ് സൂപ്പിന്റെ കൊതിയുമായി ജെറാസിം എന്നെ നടത്തിച്ചു. ഇലിയിച്ചിന്റെ ശവത്തിന് ഉപചാരം അര്‍പ്പിക്കുന്ന അവരുടെ മുഖത്തെ ആശ്വാസം ഞാന്‍ വ്യക്തമായും കണ്ടു.

പൊള്ളയായ ദുഃഖങ്ങള്‍ക്കും ആശ്വാസവാക്കുകള്‍ക്കും ഇടയിലൂടെ നടന്നുചെന്ന് ഞാനാ ഉറക്കഗുളികകള്‍ മുഴുവന്‍ വാരിയെടുത്ത് കക്കൂസില്‍ കൊണ്ടിട്ടു. ഇറങ്ങാന്‍ പറ്റാത്ത ഒരു കുഴിയിലേക്ക് തന്നെ ആരോ ബലമായി പിടിച്ചിറക്കുന്നതായിട്ട് ഇലിയിച്ചിനു തോന്നിയ മരണം എന്റെ മുമ്പില്‍ വെള്ള ഗുളികകളായി ചിരിച്ചു നിന്നു. ആ ചിരിയുടെ മേലേക്ക് ഞാന്‍ വെള്ളം കോരിയൊഴിച്ചു. മരണത്തിനു തൊട്ടു മുമ്പ് ഇവാന്‍ ഇല്ലിച്ച് കണ്ട ആ അനന്തമായ വെളിച്ചം ജീവിതമായി എന്റെ ചുറ്റും നിറഞ്ഞു. ഞാന്‍ കണ്ണാടിജാലകത്തിലൂടെ പുറത്തേക്കു നോക്കി. രാത്രിയുടെ ശബ്ദങ്ങള്‍ ഒടുങ്ങിയമര്‍ന്ന നിരത്തിലൂടെ അവസാനത്തെ രാത്രി കാഴ്ചയും കണ്ട്, ആരോ സ്വന്തം ഇണയെ ചേര്‍ത്തുപിടിച്ച് നടന്നുപോവുന്നു.
ജീവിതം...
ജീവിതം...
ജീവിതം...
അലറിച്ചിരിക്കണമെന്ന് എനിക്കു തോന്നി. അന്ന് ചിരിക്കാന്‍ കഴിയാതെപോയ ആ ചിരി നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ഇപ്പോള്‍ ചിരിക്കുകയാണ്.

പ്രിയ സുഹൃത്തേ...
പുസ്തകങ്ങളെ നിങ്ങള്‍ക്ക് ചേര്‍ത്തുപിടിക്കാന്‍ കഴിഞ്ഞാല്‍ അവ എക്കാലത്തും നല്ല സുഹൃത്തുക്കളായി നിങ്ങള്‍ക്ക് കൂട്ടിനുണ്ടാവും. സ്വന്തം ന്യൂനതകളെക്കുറിച്ചും കഴിവിനെക്കുറിച്ചും കഴിവുകേടുകളെക്കുറിച്ചും അവ നിങ്ങളോട് ഉറക്കെ സംസാരിക്കും. തെറ്റായ തീരുമാനങ്ങളെ ഉപേക്ഷിക്കാന്‍ സഹായിക്കും. ഭ്രാന്തിനും ആത്മഹത്യയ്ക്കുമിടയിലെ നൂല്‍പ്പാലത്തിലൂടെ ഞാന്‍ നടന്ന ഒരു കാലമത്രയും എനിക്കു പിടിക്കാന്‍ ബലമുള്ള കൈവരികള്‍ തന്നത് പുസ്തകങ്ങളാണ്.

ഏറ്റവും പ്രിയപ്പെട്ടവരെ മരണം കൊണ്ടുപോവുന്ന ഈ രോഗകാലത്തും പുസ്തകങ്ങള്‍ എന്ന കൂട്ടുകാര്‍ സാന്ത്വനമായി, കരുത്തായി, പ്രണയമായി, രക്തഗന്ധമുള്ള ബന്ധങ്ങളായി എന്റെകൂടെത്തന്നെയുണ്ട്.

(മുഹമ്മദ് അബ്ബാസിന്റെ 'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകത്തില്‍ നിന്ന്)

Content Highlights: Book excerpt of World Suicide Prevention Day Mathrubhumi books