'മഞ്ഞും തണുപ്പും ഇല്ലാത്തതുകൊണ്ടായിരുന്നോ മയ്യഴിയിലിരുന്ന് എഴുതാതിരുന്നത്?'

എഴുത്തുകാരന്‍ സ്വന്തം ദൃശ്യം തനിക്കിഷ്ടപ്പെട്ടതരത്തില്‍ കാണാന്‍ ശ്രമിക്കുകയാണ്. കൊടുംതണുപ്പില്‍ ഡല്‍ഹിയില്‍, ഹരിദ്വാറിലെ ഘാട്ടില്‍, റെയില്‍വേസ്റ്റേഷനില്‍, മിസിസിപ്പി നദിയുടെ കരയില്‍ എല്ലാം ഇരുന്ന് എഴുതുന്ന താന്‍... എഴുതാന്‍ തനിക്ക് തണുപ്പുവേണം...
ഒരു മോശം മനുഷ്യന് ഗ്രെയിറ്റ് കലാകാരന്‍ ആകാന്‍ കഴിയുമോ?
എന്താ കഴിയാണ്ട്? കഴിയും.
അതവിടെ നില്‍ക്കട്ടെ.
എല്ലാവരും ഇപ്പോള്‍ സ്വന്തം ഇമേജിനെക്കുറിച്ച് അമിതബോധം വെച്ചുപുലര്‍ത്തുന്നവരാണ്. ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും പോലുള്ള സാമൂഹികമാധ്യമങ്ങളാകാം കാരണം. എനിക്കുമുണ്ട് എന്റെ ദൃശ്യത്തെക്കുറിച്ച് ചില സങ്കല്പങ്ങള്‍.
ഞാന്‍ എന്നെ എങ്ങനെ കാണാനാണ് ഇഷ്ടപ്പെടുന്നത്? എന്റെ എന്ത് ദൃശ്യങ്ങളാണ് എനിക്കുവേണ്ടത്? - ചോദ്യം എന്റേതാണ്.
പി.ടി. ഉഷയെപ്പോലെ പയ്യോളിയിലൂടെ അതിവേഗം പാഞ്ഞുപോകുന്ന എന്നേയോ? ആകാശത്തില്‍ ഒരു പ്രാവിനെപ്പോലെ പറന്നുപോകുന്ന എന്നേയോ? രമ്യാ ഹരിദാസിനെപ്പോലെ പാട്ടുപാടി വോട്ടുചോദിക്കുന്ന എന്നേയോ? പൂക്കോട് വെറ്ററിനറി കോളേജിലെ പാവം വിദ്യാര്‍ഥി സിദ്ധാര്‍ഥനെപ്പോലെ കൊലക്കയറില്‍ തൂങ്ങിക്കിടക്കുന്ന എന്നേയോ? ഗോപിനാഥ് മുതുകാടിനെപ്പോലെ സദാ ചിരിച്ചുകൊണ്ടിരിക്കുന്ന എന്നേയോ? അല്ലെങ്കില്‍ ഡോ. തോമസ് ഐസക്കിനെപ്പോലെ കോണ്‍ഗ്രസുകാരോടുപോലും ചിരിക്കുന്ന എന്നേയോ?
ഇതൊന്നുമല്ല ഞാനാഗ്രഹിക്കുന്ന എന്റെ ഇമേജ്. എനിക്ക് ഒരു ദൃശ്യം മാത്രമേ പാടുള്ളൂ. ഡല്‍ഹി മുഴുവന്‍ ഉറങ്ങുന്ന ജനുവരിയിലെ കൊടുംശൈത്യത്തില്‍ വിറങ്ങലിച്ച പ്രഭാതങ്ങളില്‍ ഒരു ഷാള്‍ പുതച്ച് കസാരയില്‍ കൂനിക്കൂടി ആലോചിച്ചിരുന്ന് നോവലെഴുതുന്ന ഞാന്‍. അതാണ് ഞാനാഗ്രഹിക്കുന്ന എന്റെ ഇമേജ്. കാരണം ഞാന്‍ ഒരെഴുത്തുകാരനാണ്. എഴുത്തുകാരനായ ഞാന്‍ ഓടാനോ പറക്കാനോ പാട്ടുപാടാനോ കൊലക്കയറില്‍ തൂങ്ങിക്കിടക്കാനോ കോണ്‍ഗ്രസുകാരോട് ചിരിക്കാനോ പാടില്ല. എഴുത്തുകാരന്‍ ചിന്തിച്ചിരിക്കുന്നവന്‍ മാത്രമായിരിക്കണം. ഞാന്‍ ആഗ്രഹിക്കുന്നവിധം എനിക്ക് ചിന്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതുകൊണ്ടാണ് ഓഗ്യുസ്ത് റോദേന്റെ (Auguste Rodin ) ചിന്തകന്‍ എന്ന ശില്പം ഞാന്‍ ഇഷ്ടപ്പെടുന്നത്.
''വേറീസ് ദ തിങ്കര്‍?''- ഡോ. എല്‍.പി. സിഹാരെ ചോദിച്ചു.
കഠിനമായിരുന്നു സ്വരം. നാഷനല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിന്റെ ഡയറക്ടറായിരുന്നു സിഹാരെ. ഫ്രാന്‍സില്‍ നിന്നുവന്ന എക്‌സിബിഷന്‍ ക്യുറേറ്റര്‍ അദ്ദേഹത്തിന്റെ മുന്‍പിലിരിപ്പുണ്ടായിരുന്നു. അരികില്‍ ഞാനും ഇരിപ്പുണ്ടായിരുന്നു. സിഹാരെയുടെ സ്വരത്തിലെ കാഠിന്യം വെള്ളക്കാരിയെ അസ്വസ്ഥയാക്കി.
എല്‍.പി. സിഹാരെയ്ക്ക് രാഘവേട്ടനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. കാണുമ്പോഴേല്ലാം അദ്ദേഹം ചോദിക്കും
''രാഘവനിപ്പോള്‍ എവിടെയാണ്? "
'നാട്ടില്‍.''
''എന്തു ചെയ്യുന്നു?''
''സ്വസ്ഥം. കുറേശ്ശേ എഴുത്തുമുണ്ട്.''
''നല്ലത്. ഗീവ് ഹിം മൈ റിഗാര്‍ഡ്‌സ്.''
ഒരുപക്ഷേ, രാജ്യം കണ്ട ഏറ്റവും നല്ല മ്യൂസിയം ഡയറക്ടറായിരുന്നു ഡോ. എല്‍.പി. സിഹാരെ. ശുണ്ഠിയുണ്ട്. അപൂര്‍വമായേ ചിരിച്ചുകാണാറുള്ളൂ. ഹൃദ്രോഗിയായിരുന്നു. അതുകൊണ്ടാണ് മൂക്കിന്മേല്‍ കോപം എന്ന് ചിലര്‍ പറയാറുണ്ടായിരുന്നു. ഞാന്‍ അങ്ങനെ പറയുകയില്ല. കലാരംഗത്തെ അനീതികള്‍ കണ്ടാണ് അദ്ദേഹം അങ്ങനെ ക്ഷോഭിച്ചത്.
സാംസ്‌കാരികവിനിമയ പരിപാടിയുടെ ഭാഗമായി ഇന്ത്യയില്‍ ഒരു റോദേന്‍ എക്‌സിബിഷനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ തയാറെടുപ്പിനുവേണ്ടിയാണ് ഫ്രഞ്ച് ക്യുറേറ്റര്‍ വെള്ളക്കാരി വന്നത്. പ്രദര്‍ശിപ്പിക്കാനായി തിരഞ്ഞെടുത്ത ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ഫോട്ടോകള്‍ അടങ്ങുന്ന ഫയല്‍ അവര്‍ സിഹാരെയുടെ മുമ്പില്‍ വെച്ചു. അതിലൂടെ ഒന്ന് കണ്ണോടിച്ചിട്ട്, അദ്ദേഹം രോഷാകുലനായി പറഞ്ഞു
''ഞാനിത് ആക്‌സെപ്റ്റ് ചെയില്ല. എനിക്ക് ദ തിങ്കറും ദ കിസും വേണം.''
അദ്ദേഹം ഫയല്‍ തിരിച്ചുകൊടുത്തു.
റോദേന്റെ ആ രണ്ട് മാസ്റ്റര്‍പീസുകളും ഇല്ലാത്ത ഒരു പ്രദര്‍ശനം താന്‍ അംഗീകരിക്കില്ലെന്ന് സിഹാരെ ആവര്‍ത്തിച്ചു.
''റോദേന്റെ ബല്‍സാക്ക് ശില്പങ്ങളില്ലാത്ത ഒരു പ്രദര്‍ശനവും ഞാന്‍ അംഗീകരിക്കില്ല.'' - ഞാന്‍ മനസ്സില്‍ പറഞ്ഞു.
റോദേന്‍ ബല്‍സാക്കിന്റെ ഒട്ടേറെ ശില്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. ആ കലാസൃഷ്ടികളെക്കുറിച്ച് ആരുമൊന്നും പറയുന്നത് കേള്‍ക്കാറില്ല. എല്ലാവര്‍ക്കും താത്പര്യം ചിന്തകനിലും ചുംബനത്തിലുമായിരുന്നു. എനിക്ക് താത്പര്യം ബല്‍സാക്കിലായിരുന്നു.
''റോദേന്‍ ഒരു ഗ്രെയിറ്റ് ആര്‍ട്ടിസ്റ്റായിരുന്നു. പക്ഷേ, നല്ല മനുഷ്യനായിരുന്നില്ല.''
ഒരിക്കല്‍ ഞാന്‍ സിഹാരെ അങ്ങനെ പറയുന്നത് കേട്ടു.
കലാവിദഗ്ധര്‍ മൈക്കല്‍ ആഞ്ചലോവുമായി താരതമ്യം ചെയുന്ന ഒരു ശില്പിയാണ് ദ ഹെല്‍ ഓഫ് ഗെയിറ്റ്സിന്റെ കര്‍ത്താവായ റോദേന്‍. റോദേന്റെ ചില ശില്പങ്ങള്‍ ഫ്രാന്‍സില്‍നിന്ന് പുറത്തുകൊണ്ടുപോകാന്‍ മ്യൂസിയം അധികൃതര്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് അവ അത്രയും വിലപ്പെട്ടതായിരുന്നു.
ചിന്തകന്‍ എന്ന ശില്പത്തിലുള്ളത് ഡിവൈന്‍ കോമഡിയെക്കുറിച്ച് അഗാധമായി ആലോചിച്ചിരിക്കുന്ന ദാന്തേയാണ്. അതിന്റെ രചന ദാന്തേയ്ക്ക് സര്‍ഗാത്മകമായ വേദനകളും തളര്‍ച്ചയും നല്‍കിയിരുന്നു. ആ ശില്പത്തില്‍ ദാന്തേയുടെ സ്ഥാനത്ത് ഞാനിരുന്ന് ചിന്തിക്കുന്നത് ഞാന്‍ മനക്കണ്ണാല്‍ കണ്ടു.
''കണ്ണുണ്ടെന്ന് വിചാരിച്ച് എല്ലാം കാണാന്‍ ശ്രമിക്കരുത്.'' - ഞാന്‍ എന്നെ ശാസിച്ചു.
ഡോ. സിഹാരെ പറഞ്ഞതുപോലെ, എന്തുകൊണ്ടാണ് വലിയ കലാകാരനായ റോദേന്‍ വലിയ മനുഷ്യന്‍കൂടി ആകാതിരുന്നത്?
കമിയ് ക്ലോദേല്‍ ( CAMILLE CLAUDEL) എന്ന കലാകാരിയുടെ കഥ കേട്ടാല്‍ അത് മനസ്സിലാകും. അവള്‍ റോദേന്റെ ശിഷ്യയും മോഡലും പ്രണയിനിയും മിസ്ട്രസുമായിരുന്നു. റോദേനില്‍നിന്ന് ശില്പകലയില്‍ പരിശീലനം നേടാനാണ് അവള്‍ വന്നത്. അയാള്‍ അവളെ അത് പഠിപ്പിച്ചു. അവളുടെ THE WALTZ എന്ന ശില്പം കണ്ടപ്പോള്‍ റോദേന്‍ അസ്വസ്ഥനായി. അവള്‍ തന്നെ മറികടക്കുമെന്ന് അയാള്‍ ആശങ്കപ്പെട്ടു.
പിന്നീട് അയാള്‍ അവളെ വളരാന്‍ അനുവദിച്ചില്ല. അവള്‍ വരച്ച പല നല്ല ചിത്രങ്ങളിലും ഒപ്പിട്ട് അയാള്‍ സ്വന്തമാക്കി. പലരും കമിയ് ക്ലോദേലിന്റെ ശില്പങ്ങള്‍ കമ്മിഷന്‍ ചെയ്യാന്‍ വന്നപ്പോള്‍ റോദേന്‍ അത് മുടക്കി. ശില്പങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ വേദികള്‍ ലഭിച്ചപ്പോള്‍ അയാള്‍ അതെല്ലാം തടസ്സപ്പെടുത്തി. ദീര്‍ഘകാലം കമിയുമായി ശാരീരികബന്ധം പുലര്‍ത്തിയെങ്കിലും അയാള്‍ അവളെ വിവാഹം ചെയ്യാന്‍ തയ്യാറായിരുന്നില്ല. അയാള്‍ക്ക് വേറെ ഭാര്യയുണ്ടായിരുന്നു. കമിയ് എല്ലാം സഹിച്ചു. അവസാനം മാനസികരോഗിയായി കിടന്ന് മരിച്ചു. അന്നത്തെ യാഥാസ്ഥിതിക ഫ്രഞ്ച് സമൂഹം സ്ത്രീകളുടെ ഉന്നതിക്ക് എതിരായിരുന്നു. ആ മനോഭാവം റോദേന്‍ കമിയിനെതിരേ പ്രയോഗിക്കുകയായിരുന്നു.
''അക്കാലത്ത് ഫ്രാന്‍സില്‍ ഫെമിനിസം ഉണ്ടായിരുന്നില്ല. അത് റോദേന്റെ ഭാഗ്യം.'' - ഞാന്‍ സ്വയം പറഞ്ഞു.
അവസാനം റോദേന്റെ നൂറ് ശില്പങ്ങളും എഴുപത് പെയിന്റിങ്ങുകളും രേഖാചിത്രങ്ങളും നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ പ്രദര്‍ശനത്തിനെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ മിത്തറാന്റെ പത്‌നി ദാനിയേല്‍ മിത്തറാന്‍ ആയിരുന്നു അത് ഉദ്ഘാടനം ചെയ്തത്. അതിനുമുമ്പ് ജര്‍മന്‍ എംബസി എക്‌സ്പ്രഷനിസ്റ്റ് പെയി9റിങ്ങുകളുടെ ഒരു പ്രദര്‍ശനം അതേ ഗാലറിയില്‍ അവതരിപ്പിച്ചിരുന്നു. അതില്‍ പോള്‍ ക്ലീയുടെയും കാന്‍ഡിന്‍സ്‌കിയുടെയും ഒറിജിനല്‍ പെയിന്റിങ്ങുകള്‍ ഉണ്ടായിരുന്നു. അത് കലാസ്‌നേഹികളെ ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍, റോദേന്‍ എക്‌സിബിഷന്‍ അതിനെ മറികടന്നു. രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും അവര്‍ ഡല്‍ഹിയിലെത്തി, ഞങ്ങളുടെ റോദേന്‍ പ്രദര്‍ശനം കാണാന്‍.
അതിനുശേഷം 2001-ല്‍ എംബസി പിക്കാസോ എക്‌സിബിഷന്‍ കൊണ്ടുവന്നു. അതൊരു ഐതിഹാസിക സംഭവമായിരുന്നു. പക്ഷേ, അതില്‍ ഗര്‍ണിക്കാ ഇല്ലായിരുന്നു.
''എവിടെ ഗര്‍ണിക്ക''
- അങ്ങനെ ചോദിക്കാന്‍ എല്‍.പി. സിഹാരെ ഉണ്ടായിരുന്നില്ല. 1993-ല്‍ അദ്ദേഹം ഹൃദയാഘാതം വന്ന് അന്തരിച്ചിരുന്നു.
''പിക്കാസോ ഒരു ഗ്രെയിറ്റ് ആര്‍ട്ടിസ്റ്റാണ്. പക്ഷേ, നല്ല മനുഷ്യനല്ല.''
- അങ്ങനെ പറയാനും സിഹാരെ ഉണ്ടായിരുന്നില്ല. അദ്ദേഹം അറുപത്തിനാലാം വയസ്സില്‍ മരിച്ചുപോയിരുന്നു.
ശൈത്യകാലത്ത് സൂര്യോദയത്തിന് മുമ്പ് മൂടിപ്പുതച്ച് കുനിഞ്ഞിരുന്ന് നോവലെഴുതുന്ന എന്റെ ദൃശ്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അതിലേക്ക് മടങ്ങാം. ഡല്‍ഹിയിലിരുന്നുകൊണ്ടാണ് ഞാന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളും ഡല്‍ഹിഗാഥകളും ഉള്‍പ്പെടെ മിക്കവാറും എല്ലാ നോവലുകളും എഴുതിയത്. കൗമാരത്തില്‍ത്തന്നെ എഴുതാനുള്ള ചോദനകള്‍ മയ്യഴി എന്നിലുണര്‍ത്തിയിരുന്നു. രചനയെ സംബന്ധിക്കുന്ന മോഹങ്ങളും വ്യാമോഹങ്ങളും കൈനിറയെ തന്നിരുന്നു. ബാല്യകാലത്തുതന്നെ സാഹിത്യരചനയുടെ ആഹ്ലാദങ്ങളും വേദനകളും ഒരുണര്‍ത്തുപാട്ട് പോലെ എന്നില്‍ എത്തിച്ചത് മയ്യഴിയാണ്.
''എന്നിട്ടും എന്തുകൊണ്ടാണ് മയ്യഴിയിലിരുന്ന് എഴുതാതിരുന്നത്? അവിടെ മഞ്ഞും തണുപ്പും ഇല്ലാത്തതുകൊണ്ടായിരുന്നോ?' - ഇത്തിരി പരിഹാസത്തോടെ ഞാന്‍ എന്നോട് ചോദിച്ചു. മയ്യഴിയിലിരുന്ന് എഴുതുക എന്നതായിരുന്നു എന്റെ സ്വപ്നം. പക്ഷേ, അതിനുവേണ്ടി ഞാന്‍ നടത്തിയ എല്ലാ പരിശ്രമങ്ങളും വിഫലമാകുകയാണുണ്ടായത്. ഡല്‍ഹി എന്ന നോവല്‍ എഴുതുന്നതിന് മുമ്പ് ഒരിക്കല്‍ നാട്ടിലേക്ക് പോകേണ്ടിവന്നു. ഞാന്‍ അവധിയില്‍ പോകുന്നതാണ്. ധാരാളം സമയമുണ്ട്. വീടിന്റെ മുകളിലത്തെ നിലയില്‍ കിളിവാതിലിനരികില്‍ കാറ്റേറ്റിരുന്ന് ചായ കുടിച്ചും സിഗററ്റ് വലിച്ചും നോവല്‍ എഴുതിത്തീര്‍ക്കാമെന്ന് കരുതി. നോവലിന്റെ എഴുതിയ ഭാഗങ്ങളും കുറിപ്പുകളും വെള്ളക്കടലാസുകെട്ടും ചുമന്നാണ് ഞാന്‍ നാട്ടിലെത്തിയത്.
അന്ന് ഞാന്‍ അവിവാഹിതനായിരുന്നു. ഓഫീസും അവിടത്തെ പ്രശ്‌നങ്ങളും അങ്ങകലെയായിരുന്നു. പക്ഷേ, ഒരധ്യായംപോലും എഴുതാന്‍ കഴിഞ്ഞില്ല. എഴുതുന്നതിനുപകരം മുമ്പെന്നപോലെ ഞാന്‍ ദിവാസ്വപ്നങ്ങള്‍ കണ്ട് നടന്നു. ഓരോ തവണ നാട്ടില്‍ പോകുമ്പോഴും മയ്യഴി രചനയുടെ മന്ത്രങ്ങള്‍ പറഞ്ഞുതന്നു. പക്ഷേ, എന്നെ കര്‍മനിരതനാക്കിയില്ല.
അതേ, ഉഷ്ണവും വിയര്‍പ്പും ദാഹവും എന്നിലെ സര്‍ഗാത്മകതയെ ആളിക്കത്തിച്ചിരുന്നു. എന്നാല്‍, എഴുതാന്‍ മഞ്ഞും ശൈത്യവും വേണമായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക്, കൊടും ശൈത്യത്തില്‍, മൂടിപ്പുതച്ചിരുന്ന് എഴുതുന്ന എന്റെ മറ്റൊരു ദൃശ്യം കൂടിയുണ്ട്. അത് ഡല്‍ഹിയിലല്ല, അങ്ങകലെ മിസിസിപ്പി നദിയുടെ തീരത്ത് ഒരു വീട്ടിലാണ് ഞാനിരിക്കുന്നത്. 2004 ജൂലായിയില്‍ എഴുതാന്‍ ആവശ്യമായ കുറിപ്പുകളും കടലാസുകളും പുസ്തകങ്ങളുമായാണ് ഞാന്‍ അവിടേക്ക് പുറപ്പെട്ടത്. മനസ്സ് നിറയെ പുലയപ്പാട്ട് എന്ന നോവല്‍ ആയിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ നദികളില്‍ ഒന്നായ മിസിസിപ്പി ഒഴുകുന്ന മിന്നസോട്ടയിലെ റോസ്വില്‍ കൗണ്ടിയിലാണ് ഞാന്‍ താമസിച്ചത്. എല്ലാവരും കിടന്നുറങ്ങുമ്പോള്‍ കാലത്ത് നാല് മണിക്ക് ഉണര്‍ന്ന് ഒരു മഗ് നിറയെ കാപ്പിയുമായി ജനലിനരികിലെ മേശയുടെ അരികില്‍ ചെന്നിരിക്കും.
ഞാന്‍ എഴുത്ത് തുടങ്ങുമ്പോള്‍ മേപ്പിള്‍മരങ്ങളുടെയും ഓക്കുമരങ്ങളുടെയും ഇലകള്‍ക്ക് കടുംപച്ച നിറമായിരുന്നു. ക്രമേണ അവ വിളറിവന്നു. പിന്നീട് ഇലകളില്‍ മഞ്ഞയും ചുവപ്പും നിറങ്ങള്‍ മാറി മാറി വന്നു. ശീതക്കാറ്റ് വീശിത്തുടങ്ങിയപ്പോള്‍ ഇലകള്‍ കൂട്ടമായി ഞെട്ടറ്റു വീണു. പിന്നീട് മരങ്ങള്‍ ഇലകളില്ലാത്ത വെറും കമ്പുകള്‍ മാത്രമായി മാറി. നവംബറില്‍ ഒരു ദിവസം മരങ്ങള്‍ നിറയെ ഐസ് വീണുകിടക്കുന്നത് കണ്ടു. തുടര്‍ന്ന് മരങ്ങള്‍ മാത്രമല്ല, നിരത്തുകളും വീടുകളുമെല്ലാം ഐസിന്റെ വിതാനങ്ങളായി മാറി. തണുത്തുമരവിച്ച മിസിസിപ്പി നദി ഒഴുകാതെ ഐസ് പാളികളായി കിടന്നു. അപ്പോഴേക്ക് പുലയപ്പാട്ട് എഴുതിത്തീര്‍ന്നിരന്നു.
''പുലയവംശത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന ഉണര്‍വിന്റെ ചിത്രീകരണമാണ് പുലയപ്പാട്ട് എന്ന നോവല്‍.
- ഡോ. എസ്.എസ്. ശ്രീകുമാര്‍ എഴുതി.
''എന്ത്? കണ്ണില്‍ച്ചോരയില്ലാത്ത സാമ്രാജ്യത്വവാദികളുടെ അമേരിക്കയില്‍ പോയിരുന്നാണോ പുലയസമുദായത്തിന്റെ കഥയെഴുതുന്നത്?''
ചിലര്‍ ആരോപിച്ചു. ക്ഷോഭിച്ചു.
''അടിമത്തം അവസാനിപ്പിക്കാന്‍ വേണ്ടി ആത്മാഹുതി ചെയ്ത എബ്രഹാം ലിങ്കന്റെ നാടല്ലേ അധഃസ്ഥിതവര്‍ഗത്തെക്കുറിച്ച് നോവലെഴുതാന്‍ അനുയോജ്യം?''
തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Content Highlights: M. Mukundan writes Ente embassykkalam