വീട് എംബസിയായിരുന്നെങ്കില്‍; വേര്‍പ്പെടുത്താനാകാത്തവിധം കൂടിക്കലര്‍ന്ന വീട്ടുജീവിതവും ഓഫീസ് ജീവിതവും

ഒടുവില്‍ എംബസി ജീവിതം തീരുകയാണ്. ജീവിതം മറ്റൊന്നായി മാറുകയാണ്. പുതിയ പുലരികളും പകലുകളും രാത്രികളും. ലോകം മുഴുവന്‍ വിളിക്കുന്നു. കഥാപാത്രങ്ങള്‍ വിളിക്കുന്നു. വിടപറഞ്ഞ് പുറത്തിറങ്ങി തിരിഞ്ഞുനോക്കുമ്പോള്‍ പുറകില്‍ എംബസി അകന്നകന്ന് പോകുന്നു.
1966-ല്‍ ഇരുപത്തിനാലാമത്തെ വയസ്സിലാണ് എംബസിയില്‍ എത്തുന്നത്. ഇപ്പോള്‍ 2004 ഏപ്രിലാണ്. എനിക്ക് അറുപത്തിരണ്ട് വയസ്സാകാന്‍ പോകുന്നു. മുപ്പത്തിയെട്ടുവര്‍ഷം ഞാന്‍ എംബസിയില്‍ ജീവിച്ചു. ഇനി എനിക്ക് അവിടെനിന്ന് പോകണം. മടക്കയാത്രയ്ക്കുള്ള സമയമായി. ഞാന്‍ അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ആദ്യമായി എംബസിയില്‍ കാല്‍വെക്കുമ്പോള്‍ അറിയാമായിരുന്നു, അത് എന്റെ വീടല്ല. എന്നും ഞാന്‍ അവിടെ ഉണ്ടാകില്ല. പക്ഷേ, വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ അതെന്റെ വീടാണെന്നുതന്നെ തോന്നി. അന്ത്യശ്വാസംവരെ ഞാന്‍ അവിടെത്തന്നെ ഉണ്ടാകുമെന്നുതോന്നി. വീടുവിട്ട് ഞാനെവിടെ പോകാനാണ്?
മുപ്പത്തിയെട്ടുവര്‍ഷം മുമ്പ് ഞാനൊരു പയ്യനായിരുന്നു. ഉയരം കുറഞ്ഞ മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു എന്റേത്. വെളിച്ചെണ്ണ തേച്ചുകുളിച്ച് കറുത്ത് തിളങ്ങുന്ന മുടിയുണ്ടായിരുന്നു എനിക്ക്.
''ഇച്ചെക്കന് എന്തു മുടിയാ.''
-ഏച്ചി പറയുമായിരുന്നു.
എന്റെ ഉടലില്‍ എനിക്കഭിമാനിക്കാവുന്നത് ആ മുറ്റുള്ള മുടിമാത്രമായിരുന്നു. കൈകാലുകളും നെഞ്ചും ശുഷ്‌കമായിരുന്നു. തലച്ചോറും അങ്ങനെ ശുഷ്‌കിച്ചിട്ടായിരുന്നോ? അറിയില്ല. കാരണം എന്റെ തലച്ചോറിനെ ഞാന്‍ കണ്ടിട്ടില്ല. ഹൃദയമോ? അതും എനിക്കറിയില്ല. എന്റെ ഹൃദയത്തെ ഒരു നോക്ക് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ഒന്നെനിക്കറിയാം. ഹൃദയംകൊണ്ട് എല്ലാവരെയും ഞാന്‍ സ്‌നേഹിച്ചിരുന്നു. ഞാന്‍ സ്‌നേഹിക്കുന്ന ഒട്ടേറെ മനുഷ്യരുണ്ടായിരുന്നു. അവര്‍ ഹൃദയത്തില്‍ നിറഞ്ഞുനിന്നു. എന്റെ ചെറിയ നെഞ്ചിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ സ്‌നേഹഭാരം.
രണ്ടായിരത്തിനാല് ഏപ്രിലില്‍ ഞാന്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ ആ കറുത്ത മുറ്റുള്ള മുടി അവിടെ ഉണ്ടായിരുന്നില്ല. പകരം ഞാന്‍ കണ്ടത് മുടി പുറകോട്ട് കയറിയ നരച്ചുതുടങ്ങിയ തലയാണ്. മീശ പാതിയിലേറെ നരച്ചിരിക്കുന്നു. പക്ഷേ, അദ്ഭുതത്തോടെ ഞാന്‍ കണ്ടു. എന്റെ കവിളുകള്‍ ഇപ്പോള്‍ ശുഷ്‌കിച്ചിട്ടല്ല. മുഖത്ത് നിറവുണ്ട്. നെഞ്ചിലും കൈകാലുകളിലും ഇത്തിരിയെങ്കിലും മാംസമുണ്ട്.
''തലയില്‍ ചായം തേക്കണം. അപ്പോള്‍ നാല്‍പ്പത് വയസ്സേ തോന്നിക്കുകയുള്ളൂ.''
-വി.കെ. മാധവന്‍കുട്ടി പറയുമായിരുന്നു.
എനിക്ക് വയസ്സാകാന്‍ ധൃതിയായിരുന്നു. വാര്‍ധക്യം വന്നാല്‍ അഭിനിവേശങ്ങളും ആസക്തികളും ഇല്ലാതെയാകും. അതാണ് എനിക്ക് വേണ്ടിയിരുന്നത്. ആഗ്രഹിച്ചും കൊതിച്ചും മടുത്തിരിക്കുന്നു. മോഹങ്ങളില്ലാത്ത ഒരു കാലത്ത് ജീവിക്കാന്‍ അറുപത്തിരണ്ട് വയസ്സിലേ ഞാന്‍ ആഗ്രഹിച്ചിരുന്നു. അച്ഛനമ്മമാര്‍ എനിക്ക് മോഹനന്‍ എന്ന് പേരിടാതിരുന്നത് ഭാഗ്യം. അങ്ങനെ ഒരു പേരുകൂടിയുണ്ടെങ്കില്‍ എനിക്കെന്റെ മോഹങ്ങളെ താങ്ങാന്‍ കഴിയുമായിരുന്നില്ല.
ഞാന്‍ നാറാണത്തു ഭ്രാന്തനെപ്പോലെയായിരുന്നു. അമിതഭാരമുള്ള എന്റെ മോഹത്തെ ദുര്‍ബലമായ കൈകളാല്‍ ഉന്തിത്തള്ളി ഞാന്‍ കുന്നിന്‍മുകളിലെത്തിക്കും. അപ്പോഴേക്ക് വിയര്‍ത്ത് കുളിച്ചിരിക്കും. ഉള്ളംകൈകള്‍ പൊട്ടി ചോര പൊടിഞ്ഞിരിക്കും. എങ്കിലും മോഹത്തെ ഞാന്‍ എത്തേണ്ടിടത്ത് എത്തിക്കും. എന്നിട്ട് കഷ്ടപ്പെട്ട് കുന്നിന്‍മുകളിലെത്തിച്ച അതിനെ ഞാന്‍ ഉന്തി താഴെയിടും. കുന്നിന്‍ ചരിവുകളിലൂടെ ഉരുണ്ടുരുണ്ട് പോകുന്ന മോഹത്തെ നോക്കി ഞാന്‍ കൈകൊട്ടിച്ചിരിക്കും. എന്നിട്ട് അടുത്ത മോഹത്തെ കുന്നിന്‍മുകളിലെത്തിക്കാന്‍ വേണ്ടി താഴേക്കിറങ്ങാന്‍ തുടങ്ങും.
എന്റെ അഭിലാഷങ്ങള്‍ എന്നും അങ്ങനെയായിരുന്നു. അതൊന്നും എനിക്കുള്ളതായിരുന്നില്ല. മുകളിലെത്തിച്ച് താഴേക്ക് തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കാനുള്ളതായിരുന്നു അവ. അവസാനനാള്‍ എത്താറായിട്ടും ഞാന്‍ പതിവുപോലെ പുലരുമ്പോള്‍ ഉണര്‍ന്ന്, ഇത്തിരി നോവലെഴുതി, തിരിക്കിട്ട് ഓഫീസിലേക്ക് പോകാന്‍ തയാറെടുത്തു.
''ഇനിയെന്തിന് ഈ തിരക്ക്?''
-ഞാന്‍ സ്വയം ചോദിച്ചു.
മുപ്പത്തിയെട്ട് വര്‍ഷത്തെ ശീലമാണ്. അത് പെട്ടെന്നൊന്നും മാറില്ല.
ലോധി റോഡ് പോസ്റ്റ് ഓഫീസിനു കിഴിലായിരുന്നു ഔറംഗസീബ് റോഡിലെ ഞങ്ങളുടെ ഓഫീസ്. ഉച്ചയോടെ തപാല്‍ക്കാരന്‍ ഒരു ബാഗ് നിറയെ മെയിലുമായി വരും. അതൊക്കെ നോക്കി കംപ്യൂട്ടറില്‍ എന്റര്‍ ചെയ്ത് വിതരണംചെയ്യുന്നത് സെക്രട്ടറി ജനറല്‍ മദാമ്മയാണ്. രഹസ്യസ്വഭാവമുള്ള കത്തുകളുണ്ടാകും. അതുകൊണ്ടാണ് ഉയര്‍ന്ന ഉദ്യോഗസ്ഥതന്നെ മെയില്‍ നോക്കുന്നത്.
മദാമ്മ എനിക്കുള്ള മെയില്‍ മാര്‍ക്ക് ചെയ്തുവെക്കുമ്പോഴാണ് കൗണ്‍സലര്‍ അവിടേക്ക് കടന്നുവന്നത്. ''മുകുന്ദനിനി മെയിലൊന്നും കൊടുക്കണ്ട. ഇനിയെങ്കിലും അവനൊന്ന് വിശ്രമിക്കട്ടെ.'' -കൗണ്‍സലര്‍ പറഞ്ഞു. അപ്പോള്‍ ഞാനവിടെ നില്‍പ്പുണ്ടായിരുന്നു. അതേ, ഇനി വിശ്രമത്തിന്റെ നാളുകളാണ്.ചില കത്തുകള്‍ക്ക് എനിക്ക് വേഗം മറുപടി അയക്കാന്‍ കഴിയുമായിരുന്നു.
ഞങ്ങള്‍ എല്ലാവരും അവരവര്‍തന്നെയാണ് കത്തുകള്‍ കംപ്യൂട്ടറുകളില്‍ ടൈപ്പ് ചെയ്യുന്നത്. ടൈപ്പിസ്റ്റ് എന്ന തസ്തിക ഇപ്പോഴില്ല. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ ജോലിയില്‍ ചേര്‍ന്നപ്പോള്‍ എന്റെ തസ്തിക സെക്രത്തേര്‍ ദക്തിലോ ബിലേംഗ് എന്നായിരുന്നല്ലോ. അതായത്, ഫ്രഞ്ച് ഇംഗ്ലീഷ് സെക്രട്ടറി കം ടൈപ്പിസ്റ്റ്. പിന്നീട് പല പല തസ്തികകള്‍ കടന്ന് ഞാന്‍ ഡെപ്യൂട്ടി കള്‍ച്ചറല്‍ അറ്റാഷേയായി. ഒരു ഇന്ത്യക്കാരന് അതിന് മുകളില്‍പ്പോകാന്‍ കഴിയുമായിരുന്നില്ല.
ചില കത്തുകള്‍ക്ക് മറുപടി അയക്കുന്നതിന് മുമ്പ് മേലുദ്യോഗസ്ഥനുമായി ആലോചിക്കണം. ചിലപ്പോള്‍ ബന്ധപ്പെട്ട ഇന്ത്യന്‍ ഓഫീസുകളുമായും ആലോചിക്കണം. മെയിലില്‍ വരുന്ന ഓരോ കത്തും കുറെ നേരത്തെ, അല്ലേങ്കില്‍ കുറെ ദിവസങ്ങളുടെ അധ്വാനം ആവശ്യപ്പെടും.
''മെര്‍സി'' -ഞാന്‍ പറഞ്ഞു. ''എനിക്ക് കത്തുകള്‍ നോക്കാന്‍ ബുദ്ധിമുട്ടില്ല.'' അങ്ങനെ മദാമ്മ എനിക്കുള്ള പത്തുപന്ത്രണ്ട് കത്തുകള്‍ മാര്‍ക്ക്‌ചെയ്തുതന്നു.
പോസ്റ്റുമാന്‍ കൊണ്ടുവരുന്ന മെയിലില്‍ വലിയൊരു ഭാഗം എനിക്കുള്ള പേഴ്‌സണല്‍ കത്തുകളായിരിക്കും. വാരികകളും മാസികകളുമുണ്ടാകും എന്നും ഒരു കെട്ട്. ഫ്രാന്‍സില്‍നിന്നു വന്ന മദാമ്മ അതുകണ്ട് അദ്ഭുതപ്പെടുമായിരുന്നു.
''ഇതാരാണ് നിങ്ങള്‍ക്ക് ഇത്രയധികം കത്തുകളയക്കുന്നത്?''
അവര്‍ക്കറിയില്ലായിരുന്നു, ഞാനൊരു എഴുത്തുകാരനാണെന്ന്. എഴുത്തുകാരെ സ്‌നേഹിക്കുന്നവരാണ് മലയാളികളെന്ന്.
എനിക്ക് സുഹൃത്തുക്കള്‍ കുറവായിരുന്നു. പക്ഷേ, എന്റെ എഴുത്തിന് എത്രയോ സുഹൃത്തുക്കളുണ്ടായിരുന്നു. ഞാന്‍ എന്തെഴുതുമ്പോഴും മുടങ്ങാതെ പ്രതികരിക്കുന്ന ഡോ. എം. കൃഷ്ണന്‍ നമ്പൂതിരിയും ആര്‍. ശ്രീലതാവര്‍മയും അവരില്‍ രണ്ടുപേരായിരുന്നു. സാഹിത്യത്തില്‍ എനിക്ക് ഓടുവാന്‍ കരുത്തില്ലായിരുന്നു. അതുകൊണ്ട് ഞാന്‍ നടന്നു. അപ്പോഴൊക്കെ എഴുത്തിന്റെ സുഹൃത്തുക്കള്‍ അനുധാവനം ചെയ്തുകൊണ്ടിരുന്നു.
വിട പറയുന്നതിനുമുന്‍പ് എനിക്ക് മേശയും അലമാരയുമെല്ലാം വൃത്തിയാക്കേണ്ടതുണ്ടായിരുന്നു.
എന്റെ വീട്ടുജീവിതവും ഓഫീസ് ജീവിതവും വേര്‍പ്പെടുത്താന്‍ കഴിയാത്തവിധം കൂടിക്കലര്‍ന്നിരുന്നു. ഓഫീസ് കടലാസുകള്‍ക്കിടയില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും ജെ.ആര്‍. പ്രസാദും വി.ആര്‍. സുധീഷും എം.ജി. രാധാകൃഷ്ണനും അയച്ച കത്തുകളുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഉപദേശകനായ ഗീ സോര്‍മാന്‍ എനിക്കയച്ച പേഴ്‌സണല്‍ ഇ-മെയിലുകളുടെ പ്രിന്റൗട്ടുകളുണ്ടായിരുന്നു. വര്‍ഷങ്ങളായി ഞാന്‍ കൂടെ കൊണ്ടുനടന്ന പഴകി നിറംമങ്ങിയ പല കടലാസുകളും ഷ്രൈഡ്ഡറില്‍ ഇട്ട് നുറുക്കി നശിപ്പിച്ചു. എത്രയോ കാലമായി ഞാന്‍ ഓഫീസ് മേശയിന്മേല്‍ സൂക്ഷിച്ചുവെച്ചിരുന്ന രണ്ട് തടിച്ച പുസ്തകങ്ങളുണ്ടായിരുന്നു.
എന്‍സൈക്ലോപീഡിയ ഓഫ് ഫ്രഞ്ച് ഇന്റലക്ച്ചല്‍സും ക്രിറ്റിക്കല്‍ ഡിക്ഷണറി ഓഫ് മാര്‍ക്‌സിസവുമായിരുന്നു ആ പുസ്തകങ്ങള്‍. ആ രണ്ട് പുസ്തകങ്ങളും പുറകില്‍ ഉപേക്ഷിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു. കൊടുംചൂടില്‍ ദാഹം മാറ്റാന്‍ ഞാന്‍ ഐസിട്ട് തണുപ്പിച്ച ലസ്സി കുടിക്കുമായിരുന്നു. ആ രണ്ട് പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ എന്റെ ധൈഷണികമായ ദാഹം തീര്‍ത്തത്. ആ പുസ്തകങ്ങളെ കൈയിലെടുത്ത് ഞാന്‍ പതുക്കെ ഒന്നുകൂടി തലോടി.
വെള്ളക്കാരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കാലാവധി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ അംബാസഡര്‍ അവര്‍ക്ക് ഒരു വലിയ യാത്രയയപ്പ് സത്കാരം നല്‍കുമായിരുന്നു. ഒരു ഇന്ത്യന്‍ സ്റ്റാഫ് അംഗത്തിനും അങ്ങനെ ഒരു ഫെയര്‍വെല്‍ പാര്‍ട്ടി നല്‍കിയതായി എനിക്കറിവില്ല.
''നിനക്ക് ഞാനൊരു യാത്രയയപ്പ് ഡിന്നര്‍ നല്‍കുന്നുണ്ട്. ഏപ്രില്‍ 30-ന് സൗകര്യപ്പെടുമോ?''
-അംബാസഡര്‍ ചോദിച്ചു.
ഇനി എനിക്കെന്ത് അസൗകര്യം? എല്ലാ ദിവസങ്ങളും എനിക്കിനി ഒരുപോലെയാണ്.
''ആരെയൊക്കെയാണ് ഡിന്നറിന് വിളിക്കേണ്ടത് ?''
''എല്ലാ ദൈവങ്ങളെയും.''
ഞാന്‍ മനസ്സില്‍ പറഞ്ഞു.
''ഒരു ലിസ്റ്റുണ്ടാക്കി എന്റെ സെക്രട്ടറിയെ ഏല്‍പ്പിക്കണം.''
-അംബാസഡര്‍ പറഞ്ഞു. ഞാന്‍ തല കുലുക്കി.
യാത്രയയപ്പു സത്കാരത്തില്‍ ജോലിയില്‍നിന്ന് പിരിഞ്ഞുപോകുന്നവര്‍ക്ക് ഒരു സമ്മാനം നല്‍കുക പതിവുണ്ട്. അവരുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള സമ്മാനമാണ് നല്‍കുക. പലപ്പോഴും അത് വാങ്ങാനായി ഞാനാണ് പോകുക. ഓഫീസ് കാറെടുത്ത് കോട്ടേജ് എംപോറിയത്തില്‍ പോയി ഖാദി സില്‍ക്കിന്റെ കുര്‍ത്തകള്‍ വാങ്ങും. അല്ലെങ്കില്‍ കൊണ്ണാട്ട് പ്ലെയിസിലെ രാമകൃഷ്ണ ആന്‍ഡ് സണ്‍സ് ബുക്ക് ഷോപ്പില്‍ ചെന്ന് ആര്‍ട്ട് പുസ്തകങ്ങള്‍ വാങ്ങും. ഇപ്പോള്‍ എന്റെ ഊഴമാണ്. എനിക്കുവേണ്ടി യാത്രയയപ്പ് സമ്മാനം വാങ്ങാന്‍ ആരാണ് പോകുക?
എംബസി ഒരു ജീവിതംതന്നെ എനിക്ക് തന്നിരുന്നു. ഇനിയെന്തിന് മറ്റൊരു സമ്മാനം?
''റിട്ടയര്‍ ചെയ്താല്‍ എംബസി അനുഭവം ഒരു പുസ്തകമായി എഴുതണം.''
-ഒരിക്കല്‍ യുവസുഹൃത്ത് എസ്. പ്രസന്നരാജന്‍ പറഞ്ഞു.
എഴുതണം. ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും അങ്ങനെ ഒരു ആവശ്യം മുമ്പോട്ടുവെച്ചിരുന്നു.
''എന്താ നീയതിന് തലക്കെട്ട് നല്‍കുക?
''Gallons of wine and tons of cheese.''
അത് അവനുവേണ്ടി മാത്രമുള്ള ശീര്‍ഷകമായിരുന്നു. ഞാന്‍ അവനെ സന്തോഷിപ്പിക്കാന്‍വേണ്ടി പറഞ്ഞതായിരുന്നു.
അവസാനദിവസമായ ഏപ്രില്‍ 30-ന് ഞാന്‍ പതിവുപോലെ നേരത്തേ ഉണര്‍ന്നു. സൂര്യന്‍ ഇനിയും ഉണര്‍ന്നിരുന്നില്ല.
''നാളെ മുതല്‍ നീയായിരിക്കും ആദ്യം ഉണരുക. എനിക്കിനി ഉറക്കത്തിന്റെ നാളുകളാണ്.'' -കിഴക്ക് ആകാശത്തേക്ക് നോക്കിക്കൊണ്ട് ഞാന്‍ സൂര്യനോട് പറഞ്ഞു.
''അയ്യോ, ഞങ്ങളെ ഉപേക്ഷിക്കരുത്. ഞങ്ങളെക്കുറിച്ച് എഴുതണം.''
Content Highlights: M. Mukundan writes Ente embassykkalam about last day at French embassy in India