'പാവപ്പെട്ടവരുടെ ശ്മശാനത്തിൽ ഒരു മെഴുകുതിരി കത്തുന്നു'... മേതിൽ എന്ന സർഗാത്മകഭൂമി

#ഡോ. എം. മുരളീധരന്‍
മേതില്‍
മേതില്‍

മലയാള സാഹിത്യത്തിലെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ മേതിൽ രാധാകൃഷ്ണന്റെ കവിതകളെക്കുറിച്ച് ഡോ. എം. മുരളീധരൻ എഴുതുന്നു.

മലയാളകവിതയിലെ ആധുനികതയെ അതിന്റെ പതിവുവഴികളിൽനിന്ന് വഴിതെറ്റിച്ച കവിയാണ് മേതിൽ രാധാകൃഷ്ണൻ. കവിതയെ വികാരത്തിന്റെ നേരിട്ടുള്ള പ്രസ്താവനയായോ സാമൂഹികജീവിതത്തിന്റെ പ്രതിഫലനമായോ മാത്രം പരിഗണിക്കാതെ, പ്രപഞ്ചത്തെ അറിയാനുള്ള സൂക്ഷ്മമായൊരു ജ്ഞാനോപകരണമായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. അതിനാൽ മേതിലിന്റെ കവിതകളിൽ മനുഷ്യൻ പ്രപഞ്ചത്തിന്റെ കേന്ദ്രമല്ല എണ്ണമറ്റ ജീവജാലങ്ങൾക്കും ജൈവാവശിഷ്ടങ്ങൾക്കും യന്ത്രങ്ങൾക്കും നക്ഷത്രങ്ങൾക്കുമിടയിലെ ഒരു താൽക്കാലിക സാന്നിധ്യം മാത്രമാണ്. പെൻഗ്വിൻ, ഭൂമിയെയും മരണത്തെയുംകുറിച്ച് എന്നീ സമാഹാരങ്ങൾ മലയാളകവിതയുടെ പരമ്പരാഗത ഭാവുകത്വത്തിൽനിന്നുള്ള ഈ വിച്ഛേദത്തെ പ്രതിനിധീകരിക്കുന്നു. ശാസ്ത്രവും ദർശനവും പ്രണയവും മരണബോധവും പാരിസ്ഥിതിക ജാഗ്രതയും ഒരേ ഭാഷാകാശത്തിൽ സംഗമിക്കുന്നതാണ് മേതിലിന്റെ കാവ്യലോകം.

''ഞാനൊരു തുമ്പിച്ചിറകിന്റെയും / ഞണ്ടിൻതോടിന്റെയും പാമ്പുറയുടെയും കവിയാകുന്നു'' എന്ന പ്രഖ്യാപനത്തിൽ അദ്ദേഹത്തിന്റെ കാവ്യദർശനം സംക്ഷിപ്തമാകുന്നു. കവിയുടെ ഐക്യദാർഢ്യം മനുഷ്യരിൽനിന്ന് നമ്മുടെ ശ്രദ്ധയിൽ സാധാരണയായി പതിയാത്ത വസ്തുക്കളോടും ജീവരൂപങ്ങളോടുമായി വികസിക്കുന്നു. തുമ്പിച്ചിറകിന്റെ സുതാര്യതയും ഞണ്ടിൻതോടിന്റെ കാഠിന്യവും പാമ്പുറയുടെ ഉപേക്ഷിക്കപ്പെട്ട ശൂന്യതയും ചിലന്തിവലയുടെ ഗണിതഘടനയും മേതിലിന് വെറും രൂപകങ്ങൾക്കപ്പുറം പ്രപഞ്ചത്തിന്റെ വ്യത്യസ്ത ലിപികളായി മാറുന്നു. മനുഷ്യകേന്ദ്രിതമായ ലോകബോധത്തെ അട്ടിമറിച്ച് ജീവന്റെയും വസ്തുവിന്റെയും സമാന്തരമായ അസ്തിത്വങ്ങളെ അംഗീകരിക്കുന്ന പാരിസ്ഥിതികമായ അദ്വൈതമാണ് ഇവിടെ രൂപപ്പെടുന്നത്. 'ഒരേയൊരു കവി ഇക്കോസിസ്റ്റത്തിന്റെ കവിയാണ്' എന്ന അദ്ദേഹത്തിന്റെ നിരീക്ഷണം ഈ കാവ്യനിലപാടിന്റെ തത്ത്വസംഗ്രഹമായി വായിക്കാം.

മേതിലിന്റെ കവിതയിലെ പ്രണയംപോലും വികാരത്തിന്റെ സാധാരണ ഭൂമിശാസ്ത്രത്തിൽ ഒതുങ്ങുന്നില്ല. അപ്പവും വീഞ്ഞും എന്ന കവിതയിലെ 'എന്റെ കുപ്പായത്തിന്റെ മൂന്നാമത്തെ കുടുക്കിനു പിന്നിലെ പിടച്ചിലിന്റെ പേരാണ് പ്രേമം' എന്ന വരിയിൽ പ്രണയം ഹൃദയംപോലുള്ള പരിചിതപ്രതീകത്തിലല്ല, കുപ്പായക്കുടുക്കിനു പിന്നിലെ അദൃശ്യമായ ശരീരസ്പന്ദനത്തിലാണ് സ്ഥാനം നേടുന്നത്. പ്രണയം ഇവിടെ ഉദാത്തീകരിക്കപ്പെട്ട സങ്കല്പമെന്ന തലത്തിൽനിന്ന് ശരീരത്തിനുള്ളിൽ സംഭവിക്കുന്ന ഭൗതികവും അതേസമയം അളക്കാനാവാത്തതുമായ ചലനമായി രൂപാന്തരം കൊള്ളുന്നു. 'ഭൂമി ഉറക്കത്തിൽ ചരിഞ്ഞു കിടക്കുന്നത് പ്രേമിക്കുന്നവരിലൂടെയാണ്' എന്നു പറയുമ്പോൾ, വ്യക്തിഗതമായ അനുരാഗം ഭൂമിയുടെ ചലനവുമായി ബന്ധപ്പെടുന്നതു കാണാം.

രണ്ട് മനുഷ്യർക്കിടയിലെ വികാരത്തെ ഗ്രഹത്തിന്റെ ഭൗതികാവസ്ഥയിലേക്ക് വികസിപ്പിക്കുന്ന ഈ ഭാവനയാണ് മേതിലീയമായ കാവ്യാത്ഭുതം. അപ്പവും വീഞ്ഞും പോലുള്ള മേതിലിന്റെ രൂപകങ്ങൾ ചിന്തയുടെ സ്വതന്ത്രയന്ത്രങ്ങളാണ്. ഗതാഗതവിളക്ക്, മണൽഘടികാരം, മെഴുകുതിരി, സൂചിമുന, രോമകൂപം തുടങ്ങിയ ചെറിയ വസ്തുക്കളിൽനിന്നാണ് അദ്ദേഹം കാലം, ചരിത്രം, പ്രണയം, ദാരിദ്ര്യം, മരണം തുടങ്ങിയ മഹാവിഷയങ്ങളിലേക്കു കടക്കുന്നത്. സ്ഥൂലമായ യാഥാർഥ്യത്തെ സൂക്ഷ്മമായ ഒരു ബിന്ദുവിലേക്കു ചുരുക്കുകയും ആ ബിന്ദുവിൽനിന്ന് വീണ്ടും അനന്തത തുറക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രചനാതന്ത്രം. അതുകൊണ്ടുതന്നെ മേതിലിന്റെ കവിതകൾ ആദ്യവായനയിൽ ദുരൂഹമോ അമൂർത്തമോ ആയി തോന്നാം. എന്നാൽ, ആ ദുരൂഹത അർത്ഥശൂന്യതയുടെ പാരാവാരം മറികടന്ന് പരിചിതമായ അർത്ഥവ്യവസ്ഥകളിൽ ഒതുങ്ങാൻ വിസമ്മതിക്കുന്ന അനുഭവത്തിന്റെ സങ്കീർണതയായി മാറുന്നു..

'പാവപ്പെട്ടവരുടെ ശ്മശാനത്തിൽ ഒരു മെഴുകുതിരി കത്തുന്നു' എന്ന കവിതാചിത്രത്തിൽ വെളിച്ചത്തിന്റെ വലിപ്പവും ചരിത്രത്തിന്റെ വലിപ്പവും തമ്മിലുള്ള വൈരുധ്യം ശ്രദ്ധേയമാണ്. വളരെ ചെറിയ വെളിച്ചത്തിൽ സൂചിയിൽ നൂൽ കോർക്കാനും കണ്ണീരിന്റെ വറ്റിയ പാട് തിരിച്ചറിയാനും ചരിത്രമുണ്ടാക്കാനും മേതിലിന് കഴിയുന്നു. ചരിത്രം അധികാരത്തിന്റെ പ്രഭാപൂരിതമായ വേദികളിൽ മാത്രമല്ല നിർമിക്കപ്പെടുന്നതെന്നും സമൂഹം മറന്നവരുടെ ശ്മശാനത്തിലെ നിസ്സാരമായൊരു ജ്വാലയിലും അതു സംഭവിക്കുന്നു എന്നും അദ്ദേഹത്തിനറിയാം. ദാരിദ്ര്യത്തെക്കുറിച്ചുള്ള പ്രസംഗമായി മാറാതെ, ചെറുവെളിച്ചത്തിന്റെ ദൃശ്യത്തിലൂടെ അസമത്വത്തിന്റെ രാഷ്ട്രീയം വെളിപ്പെടുത്തുകയാണ് കവി. മേതിലിന്റെ സാമൂഹികബോധം മുദ്രാവാക്യത്തിനു പകരം ദൃശ്യത്തിന്റെ മൗനത്തിലാണ് പ്രവർത്തിക്കുന്നത്.

മരണവും മേതിലിൽ ജീവിതത്തിന്റെ എതിർധ്രുവമല്ല. ഭൂമിയെയും മരണത്തെയുംകുറിച്ച് എന്ന ശീർഷകംതന്നെ ഇവ രണ്ടിനെയും ഒരേ ധ്യാനത്തിന്റെ ഭാഗങ്ങളാക്കുന്നു. പാമ്പ് ഉപേക്ഷിച്ച ഉറയും ഞണ്ടിന്റെ ഒഴിഞ്ഞ തോടും വറ്റിയ കണ്ണീർപ്പാടും മരണത്തിന്റെ അഭാവത്തെ മാത്രമല്ല, ഒരിക്കൽ അവിടെ ഉണ്ടായിരുന്ന ജീവന്റെ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നു. അതിനാൽ അദ്ദേഹത്തിന്റെ കവിതയിലെ ശൂന്യത കേവലമായ ഇല്ലായ്മക്കപ്പുറം അഭാവത്തിനുള്ളിൽ അവശേഷിക്കുന്ന ഓർമയുടെ ഭൗതികരൂപമായി മാറുന്നു. വസ്തുക്കൾ മനുഷ്യരെക്കാൾ ദീർഘമായി ഓർക്കുന്നു എന്നൊരു അപ്രഖ്യാപിതബോധം ഈ കവിതകളിലൂടെ സഞ്ചരിക്കുന്നു.

'ഞാൻ അത്രമേൽ ചെറുതാകയാൽ / എനിക്ക് ഭൂമിയുടെ ഒരൊറ്റ രോമകൂപം മതി' എന്ന വരികളിൽ മേതിലിന്റെ ആത്മദർശനവും കാണാം. ലോകത്തെ കീഴടക്കുന്ന മഹാമനുഷ്യന്റെ സ്ഥാനത്ത് ഭൂമിയുടെ ശരീരത്തിൽ വിയർത്തടങ്ങാൻ ആഗ്രഹിക്കുന്ന ചെറുജീവിയെയാണ് അദ്ദേഹം സ്ഥാപിക്കുന്നത്. ഇത് ആത്മനിന്ദയിൽനിന്ന് അഹന്തയുടെ പരിധികളെ തിരിച്ചറിയുന്ന പ്രാപഞ്ചിക വിനയമായി കൂടുമാറുന്നു.. 'വാഗ്ദത്ത ഭൂമിയിൽപോലും തമ്പടിച്ചു കൂടാൻ വിസമ്മതിക്കുന്നൊരു ജിപ്‌സി' എന്ന പിശുക്കൻ ഷൈലോക്കിലെ സ്വഭാവചിത്രം കവിയുടെ സൗന്ദര്യശാസ്ത്രത്തിനും യോജിക്കുന്നു. ഒരു സിദ്ധാന്തത്തിലും ശൈലിയിലും സ്ഥിരവാസമുറപ്പിക്കാതെ ഭാഷയുടെ അതിർത്തികളിലൂടെ സഞ്ചരിക്കുന്ന ജിപ്‌സിയാണ് മേതിൽ.

മേതിലിന്റെ കവിത വായനക്കാരനു തൽക്ഷണമായ വികാരസുഖം വാഗ്ദാനം ചെയ്യുന്നില്ല. വാക്കുകളുടെ പരമ്പരാഗതബന്ധങ്ങൾ അഴിച്ച് അവയ്ക്കിടയിൽ പുതിയ വൈദ്യുതബന്ധങ്ങൾ സ്ഥാപിക്കുന്നതിനാൽ സാവധാനവും പങ്കാളിത്തവുമുള്ള വായനയാണ് അത് ആവശ്യപ്പെടുന്നത്. എന്നാൽ, ആ കവിതയിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ മനുഷ്യജീവിതത്തെക്കാൾ വിശാലമായൊരു ജീവബന്ധവ്യവസ്ഥ വായനക്കാരനു മുന്നിൽ തുറക്കപ്പെടുന്നുണ്ട് മലയാളകവിതയിൽ മേതിലിന്റെ സവിശേഷസ്ഥാനം ഇവിടെയാണ്: അദ്ദേഹം പ്രകൃതിയെക്കുറിച്ച് കവിതയെഴുതുകയല്ല, പ്രകൃതിയിലെ അനേകം ജീവരൂപങ്ങളിൽ ഒന്നായി കവിതയെ ജീവിപ്പിക്കുകയാണ്. മനുഷ്യനെ പ്രപഞ്ചത്തിന്റെ അധിപനിൽനിന്ന് അതിലെ വിനീതമായൊരു കണികയാക്കി മാറ്റുന്ന ആ ദർശനമാണ് മേതിൽ രാധാകൃഷ്ണന്റെ കവിതകളുടെ ഏറ്റവും ആഴമുള്ള സൗന്ദര്യവും ധാർമ്മികതയും.