പഴയ ഹെലിനെയും ഇന്നലെ മരിച്ചു കിടക്കുന്ന ആ പെണ്‍കുട്ടിയെയും ഒന്ന് നോക്കൂ..

-
-

288 ദിവസത്തെ നിരാഹാര സമരത്തിന് ശേഷം മരണത്തിന് കീഴടങ്ങിയ ടര്‍ക്കിഷ്‌ വിപ്ലവ ഗായിക ഹെലന്‍ ബോലേക്കിനെ കുറിച്ച് എഴുത്തുകാരി ശ്രീപാര്‍വതി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്. തന്റെ ബാന്റ് ആയ ഗ്രൂപ്പ് യോറത്തിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുക, ജയിലിലടച്ച ബാന്റ് അംഗങ്ങളെ വിട്ടയക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹെലിന്റെയും സുഹൃത്തുക്കളുടെയും സമരം.

രു സംഘം ഗായകര്‍ ഒരു ചരിത്രമുറങ്ങുന്ന നഗരത്തില്‍ 288 ദിവസങ്ങളായി ഭക്ഷണമുപേക്ഷിച്ച് സമരം ചെയ്യുക, ഒടുവില്‍ അസ്ഥിമാത്രമായ അവരിലെ ഒരു ഗായിക മരണപ്പെടുക...
ലജ്ജ തോന്നേണ്ട ഇസ്താംബുള്‍ ഭരണകൂടം ഇതൊന്നുമറിയാതെയെന്ന പോലെ പതിവ് പോലെ പ്രവര്‍ത്തിക്കുക...

ഗായികയായ ഹെലിന്‍ ബൊലേക് ആണ് ഇന്നലെ മരണത്തെ വരിച്ചത്. നിരാഹാരം ആരംഭിക്കുന്നതിനു മുന്‍പുള്ള ഹെലിനെയും ഇന്നലെ മരിച്ചു കിടക്കുന്ന ആ പെണ്‍കുട്ടിയെയും ഒന്ന് നോക്കൂ, തിരിച്ചറിയാന്‍ പോലും ബുദ്ധിമുട്ടാണ്. അത്രയേറെ ഭക്ഷണമില്ലായ്മ അവളെ ബാധിച്ചിരുന്നു. പെട്ടെന്നോര്‍ത്തത് സെക്രെട്ടറിയേറ്റ് പടിക്കല്‍ സമരമിരിക്കുന്ന പടയാളികളെക്കുറിച്ചാണ്. മഴയും വെയിലും കൊണ്ട് എത്രയോ ദിവസങ്ങള്‍ പ്രതിഷേധം നടത്തുന്ന മനുഷ്യര്‍, നിത്യവും ആഡംബരക്കാരുകളില്‍ അകത്തേക്കും പുറത്തേയ്ക്കുമിറങ്ങുന്ന അധികാരം കയ്യിലുള്ളവര്‍ അവരെ ഒരിക്കലെങ്കിലും കാണുന്നുണ്ടായിരിക്കുമോ? ഒരുപക്ഷെ കണ്ടാലും മുഖത്തൊരു പുച്ഛം നിറച്ച് പരിഹാസ ചിരിയൂറുന്ന ചുണ്ടുകള്‍ കൊട്ടി അവരെ കടന്നു പോകുന്നതല്ലാതെ അവരെ കേള്‍ക്കുന്നുണ്ടോ?

മരിച്ചു പോകുന്നതിനു മുന്‍പ് പലരും ഇത് വിധിയെന്നോര്‍ത്ത് സമരം നിര്‍ത്തി വീടുകളിലേക്ക് മടങ്ങും. അപ്പോഴും അവരുടെ ആവശ്യങ്ങള്‍ നടപ്പായിട്ടുണ്ടാവില്ല. അങ്ങനെ നടപ്പായിക്കിട്ടിയവര്‍ എത്രയോ കുറവാണ്!

ജയിലില്‍ നിന്ന് പുസ്തകങ്ങളെഴുതിയ ബോബി സാന്‍ഡ്സിനെ ഇത്തരുണത്തില്‍ ഓര്‍ക്കാമെന്നു തോന്നുന്നു. വിപ്ലവകാരിയായിരുന്നു ബോബിയും വിശപ്പറിഞ്ഞാണ് മരിച്ചത്. ഐര്‍ലണ്ടിന്റെ ജയിലിനുള്ളില്‍ സ്‌പെഷ്യല്‍ കാറ്റഗറി നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ബോബിയെക്കൊണ്ട് നിരാഹാര സമരത്തിന് പ്രേരിപ്പിച്ചത്. ബോബിയുടെ ജീവിതം നോവലുകള്‍ക്കും സിനിമകള്‍ക്കും (hunger ,66 days) കാരണമായിട്ടുമുണ്ട്. അതെ മരിച്ചു കഴിഞ്ഞാല്‍ മനുഷ്യരുടെ ജീവിതം കൂടുതല്‍ കലാപരമായ മൂല്യം കൈവരിക്കുന്നു. അതുവരെ ശരീരത്തിന്റെ പ്രാഥമിക ആവശ്യങ്ങളെപ്പോലും അവഗണിച്ച് സമരമുഖത്ത് കഴിയുന്നവര്‍ ജീവിച്ചിരിക്കുന്നോ എന്ന് പോലും ആരും അന്വേഷിച്ച് പോകാറില്ലല്ലോ. ഹെലിനും ഇനി സിനിമകള്‍ക്കും പുസ്തകങ്ങള്‍ക്കും കാരണമാകും.

പ്രതിഷേധത്തിന്റെ ശബ്ദമായിരുന്നു ഹെലിന്‍ കൂടി അംഗമായിരുന്ന മ്യൂസിക്കല്‍ ബാന്ഡിന്റെത്. സ്വേച്ഛാധിപതികള്‍ മാത്രം കാണിക്കുന്ന ധിക്കാരമാണ് തങ്ങള്‍ക്കെതിരെ സംസാരിക്കുന്ന കലാകാരന്മാരെപ്പോലും നിശ്ശബ്ദരാക്കുക എന്നത്. ഹേലിന്റെ ബാന്‍ഡിനും അത് തന്നെയായിരുന്നു വിധി. അവരുടെ ബാന്‍ഡ് നിശബ്ദമാക്കപ്പെട്ടു. പലരും അറസ്റ്റു ചെയ്യപ്പെട്ടു. വിപ്ലവം നടത്തുക എന്നത് സമാന്തര ഭരണകൂടം ഉണ്ടാക്കുന്നത് പോലെ 'രാജ്യദ്രോഹമാണല്ലോ' അതും സംഗീതത്തിലൂടെ...

ഭയമാണ് ഇത്തരത്തിലുള്ള അധിപന്‍മാരെ സ്വേച്ഛാധിപതികളാക്കുന്നത് എന്നാണു തോന്നുന്നത്. അധികാരം നഷ്ടപ്പെടുമോ എന്ന ഭയം, മരണപ്പെടുമോ എന്ന ഭയം, അപമാനിക്കപ്പെടുമോ എന്ന ഭയം... അതിന്റെ മുകളില്‍ അവര്‍ പുഞ്ചിരിയുടെ വെളുത്ത പാട നീര്‍ത്തി വിരിച്ചിടും. മേലടയ്ക്കടിയില്‍ വിപ്ലവം നിശബ്ദമാക്കപ്പെടും. അതിനെതിരെയായിരുന്നു അവര്‍ നിരാഹാര സമരം നടത്തിയത്. എത്ര സമരം നടത്തിയാലെന്ത്!
എത്ര പട്ടിണി കിടന്നാലെന്ത്!

തൊലിക്കട്ടിയുള്ള ഭരണകൂടത്തിന് അതിലൊന്നും താല്‍പ്പര്യമില്ല.
പക്ഷെ ഒന്നോര്‍ക്കണം പ്രതിഷേധത്തില്‍ കുടുങ്ങി മരണപ്പെടുക എന്നത് ഒരു രാജ്യത്തിനു എത്ര അപമാനമാണ് നല്‍കുന്നതെന്ന്!
അവിടുത്തെ ഭരണാധികാരിയുടെ സേച്ഛാധിപത്യമാണ് പ്രകടമാക്കുന്നത് എന്ന്!
ആരോട് പറയാന്‍...
ആര് കേള്‍ക്കാന്‍...
എന്നാലും പറയുക തന്നെ...

ഇനിയും ഏതൊക്കെ രാജ്യങ്ങളില്‍ ആരൊക്കെ മരണപെടുമോ ആവൊ!

Content Highlights: Malayalam Writer Sree Parvathy Facebook post About singer Helin Bolek

Content Highlights: