നിസ്സഹായതയുടെ ആകാശം

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്..
അന്ന് പണിയില്ലാതെ വീട്ടിലേക്ക് തിരിച്ചുവന്നതായിരുന്നു. വെറുതെയിരിക്കുമ്പോഴാണല്ലോ ഓരോ തോന്നലുണ്ടാവുക. അപ്പോള്‍ തോന്നിയത് മാവില്‍ കയറി മാങ്ങായെടുക്കാനായിരുന്നു. നമ്മടെ അന്നത്തെ ഒരു ചങ്കും കൂടെയുണ്ട്. അവന്റെ വീട്ടിലുള്ള നാടന്‍ മാവായിരുന്നു ഇര. വലിയ കൊമ്പുകളില്‍ നിന്നുകൊണ്ട് കുറേയെണ്ണം പറിച്ചു താഴേക്കിട്ടു കൊടുത്തു. ഇറങ്ങാന്‍ നേരമാണ് തൊട്ടുമുകളിലെ കൊമ്പിന്റെ അറ്റത്ത് നല്ല ചുവന്നുപഴുത്ത മാങ്ങ കണ്ണില്‍ പെടുന്നത്. നിക്കുന്ന കൊമ്പി നിന്നും കൈക്കരികിലുള്ള ചുള്ളി പിടിച്ച് മുന്നോട്ട് മുന്നോട്ട് പോയി ആ മാങ്ങയ്ക്ക് വേണ്ടി ആഞ്ഞതായിരുന്നു. പിന്നെ ഞാന്‍ കാണുന്നത് കല്ലും മണ്ണും മുള്ളും ഒക്കെയായിരുന്നു. എന്താണ് പറ്റുന്നതെന്ന് വലിയ പിടിപാടുണ്ടായില്ല. എഴുന്നേറ്റപ്പോഴാണ് മാവിന്‍ കൊമ്പില്‍ നിന്നും വീണതാണെന്ന് മനസ്സിലായത്.
നിന്ന കൊമ്പ് ഒന്നാകെയിടിഞ്ഞ് താഴേക്ക് വീണതാണ്. എഴുന്നേറ്റതും, കാണുന്നതെല്ലാം തലതിരിഞ്ഞും മറിഞ്ഞും എന്റെ മുന്നില്‍ വട്ടത്തി കറങ്ങാന്‍ തുടങ്ങി. അപ്പോത്തന്നെ വണ്ടിയെടുത്ത് എല്ലാവരും കൂടി മെഡിക്കല്‍ കോളേജി കൊണ്ടുപോയി. ശരീരം മുഴുവന്‍ എക്‌സറേ എടുത്തു. ഒരു കൈയ്യിന്റെ എല്ലു പൊട്ടി, മറ്റേ കൈക്ക് ചതക്കം. കഴുത്തിന് പരിക്ക് പറ്റി. മുഖത്തും ചുണ്ടിലും കാലിലും കൈക്കുമെല്ലാം മുറിയും പൊളിയും വേറെയും. മീശമാധവന്‍ ടൈപ്പ് 'പെടലി' കഴുത്തിലിട്ട് രണ്ടുമാസമാണ് അട്ടം നോക്കി വീട്ടിലിരുന്നത്. കഴുത്ത് തിരിക്കാന്‍ വയ്യ, അനക്കാന്‍ വയ്യ.. വായനയില്ല, എഴുത്തില്ല, ഒന്നുമില്ല. അന്ന് ആകെയുണ്ടായിരുന്ന കൂട്ടുകള്‍ സീലിങ്ങിലുള്ള എട്ടുകാലികളും എപ്പോഴെങ്കിലും പുറത്തിറങ്ങുന്ന പല്ലികളുമായിരുന്നു. അവരുടെ ജീവിതക്കാഴ്ചകളായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആര്‍ക്കിറ്റെക്ചര്‍മാരില്‍ ഒരു കൂട്ടര്‍ എട്ടുകാലികളാണെന്ന് കൃത്യമായി ബോധ്യം വന്ന ദിവസങ്ങള്‍ കൂടിയായിരുന്നു അത്. അവ വലയിലേക്ക് വരുന്ന ഇരയെ ചുരുട്ടിക്കൂട്ടുന്ന ഒരു പരിപാടിയുണ്ട്. നമ്മുടെ രജനിയണ്ണന്‍ സ്‌റ്റൈലാണതിന്. പല്ലികള്‍ പൊതുവെ സുന്ദരന്മാരും സുന്ദരികളുമാണ്. വലിയ വൃത്തിയുള്ളവരും നന്നായി പ്രണയിക്കാന്‍ അറിയുന്നവരുമാണ്. അവരുടെ ഇണചേരലുകള്‍ക്കുപോലും ഉഗ്രന്‍ ഭംഗിയാണ്.
ആ വീഴ്ചക്ക്ശേഷം മരത്തിന് മുകളില്‍ അങ്ങനെ കയറാറില്ല. ഇപ്പോള്‍ മരം കാണുന്നത് തന്നെ പേടിയാണ്. പക്ഷേ വീഴ്ച പിന്നെയും സംഭവിച്ചു. രണ്ടുപ്രാവശ്യം ടൂവീലറില്‍ നിന്നു തന്നെ വീണ് മൂലയ്ക്കായിട്ടുണ്ട്. അപ്പോഴൊക്കെ നമ്മളുടെ വേദന നമ്മള്‍ സഹിച്ചാ മതിയല്ലോ എന്നതായിരുന്നു സമാധാനം. ആരോടും പരാതിയില്ല പരിഭവമില്ല. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. ഈ ലോക്ക് ഡൗണ്‍ കാലത്ത് നമ്മള്‍ പരസ്പരം അനുഭവിക്കുന്നത് ലോകത്തിന്റെ വേദനകളാണ്. പതിനായിരങ്ങളാണ് കോവിഡ്-19 ബാധിച്ച് മരിച്ചുവീണുകൊണ്ടിരിക്കുന്നത്. ജീവനൂര്‍ന്നുപോയവരുടെ ഉറ്റവരും ഉടയവരും എന്താണ് ചെയ്യേണ്ടതെന്നറിയാതെ പകച്ചു നില്‍ക്കുകയാണ്. അടക്കം ചെയ്യുന്നതിനു പോലും പ്രോട്ടോകോള്‍ പാലിക്കണം. അവസാനമായി ഒരു നോക്ക് കാണാന്‍ അടുത്തേക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥ. വാര്‍ത്തകള്‍ കണ്ട് സങ്കടപ്പെടാനേ നമുക്ക് കഴിയുന്നുള്ളൂ. എവിടെയിരുന്നിട്ടും മനസ്സമാധാനം കിട്ടാത്ത രീതിയിലാണ് കാര്യങ്ങള്‍. ഈ വീട്ടിലിരിപ്പിലും എഴുതാനും വായിക്കാനുമൊന്നും കഴിയുന്നില്ല. ആകെയുള്ള വായന ആനുകാലികങ്ങള്‍ മാത്രമാവുന്നു, പുറത്തേക്ക് ആകെ പോകുന്നത് അരിയും സാധനങ്ങളും വാങ്ങാനാണ്. അതുതന്നെ ഇത്രയും ദിവസമായിട്ട് ആകെ പോയത് രണ്ടോ മൂന്നോ പ്രാവശ്യവും. വാട്ട്‌സാപ്പൊക്കെ ഇപ്പോഴാണ് എനിക്ക് അത്രയേറെ ഗുണപ്രദമായത്. പൂതിയുള്ളവരെ കണ്ട് സംസാരിക്കാനും മറ്റും പറ്റുന്നുണ്ട്. നമ്മുടെ ആനുകാലിക പ്രസിദ്ധീകരങ്ങളുടെ റിലീസിങ്ങ് ഓണ്‍ലൈനിലേക്ക് മാറ്റിയത് വളരെ ആശ്വാസകരമായി തോന്നി. കോവിഡ് കാലത്ത് സൗജന്യസേവനമൊരുക്കി അവര്‍ വായനക്കാര്‍ക്കൊപ്പം സ്‌നേഹത്തോടെ നില കൊള്ളുന്നത് വല്ലാത്ത ആശ്വാസകരം തന്നെ.. എത്ര കാലം അത് തുടരാനാവുമെന്നതി സംശയമുണ്ട്. കാരണം ഏതൊരു പ്രസിദ്ധീകരണത്തിനും മാര്‍ക്കറ്റിങ്ങ് എന്നത് വലിയ പ്രാധാന്യമുള്ള ഒന്നാണല്ലോ..
ഇത്തരം വേദനകള്‍ക്കിടയിലും കേരളം എല്ലാവര്‍ക്കും മാതൃകയാവുന്നത് വല്ലാതെ പ്രതീക്ഷയേറ്റുന്നുണ്ട്. രാപകലുകളില്ലാതെ കഷ്ടപ്പെടുന്ന സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും അനുബന്ധസംഘങ്ങളും എത് ഘട്ടത്തിലും സഹായവുമായി നമ്മള്‍ക്ക് അരികിലുണ്ടെന്നത് ഒരു ഭാഗ്യമാണ്. നമ്മള്‍ വീട്ടിലിരിക്കുന്നത് നമ്മള്‍ക്ക് വേണ്ടി മാത്രമല്ലല്ലോ, അത് മറ്റുള്ളവര്‍ക്കും കൂടി വേണ്ടിയല്ലേ.. അതാണ് കോവിഡ് കാലത്ത് നമ്മള്‍ പരസ്പരം പങ്കിടുന്ന സ്‌നേഹം. അകലം എന്നത് സ്‌നേഹത്തിന്റെ പ്രതീകമായി മാറിയ കാലം കൂടിയാണ് ഇത്.
പക്ഷികളുടെ കരച്ചിലുകള്‍ കൃത്യമായി കേള്‍ക്കുന്നുണ്ട് ഇപ്പോള്‍. വിമാനത്താവളം അടുത്തായിതിനാല്‍ ഇരമ്പിപ്പോകുന്ന വിമാനങ്ങള്‍ പലപ്പോഴും അവയുടെ ശബ്ദങ്ങളെ വിഴുങ്ങാറുണ്ട്. വല്ലാത്തൊരു നിശബ്ദതയുണ്ട് എങ്ങും. ചുറ്റുവട്ടത്തുള്ള ചെറിയ ശബ്ദങ്ങള്‍ പോലും കേള്‍ക്കാന്‍ കഴിയുന്നു. ചെവി കൂര്‍പ്പിച്ച് പിടിച്ചാല്‍ ഇത്രയധികം ജീവികള്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നോ എന്നു വിശ്വസിക്കാന്‍ തന്നെ പ്രയാസം തോന്നും. നായ്ക്കളും പട്ടികളും പൂച്ചകളുമെല്ലാം റോഡില്‍ ആര്‍മാദിച്ച് നടക്കുന്നു. അവരെ കല്ലെടുത്തെറിയാനോ ആട്ടിയോടിക്കാനോ ആരും ഇല്ല. ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെപ്പോലെ അവര്‍ വിലസുന്നു. എത്ര പെട്ടെന്നാണ് ഉടമസ്ഥാവകാശം മാറിപ്പോയത്. അതും ജീവനില്ലേ എന്നു ചോദിച്ചാല്‍ ഇല്ല എന്നും, ജീവനുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നും പറയാന്‍ കഴിയുന്ന ആ സൂക്ഷ്മജീവിയുടെ മുന്നില്‍ . എന്നിരുന്നാലും നമ്മള്‍ ഇതിനെയെല്ലാം അതിജീവിക്കും. കാരണം ഭൂമിയിലെ ഏറ്റവും നിസ്സഹായനായ ജീവിയും ശക്തനായ ജീവിയും മനുഷ്യന്‍ തന്നെയാണല്ലോ...
Content Highlights: Malayalam writer Ajijesh Pachat life in the time of Corona
Content Highlights: