തലയിലും കൈയകലത്തിലും തീ! മുകളില്‍ എരിയുന്ന സൂര്യന്‍; മന്ത്രോച്ചാരണംമാത്രമാണ് ബാബയുടെ കൂട്ട്

'The Wonder That Was India' എന്ന് ഈ രാജ്യത്തെ വിശേഷിപ്പിച്ചത് പ്രശസ്ത ചരിത്രകാരനായ എ.എല്‍. ബാഷാമാണ്. ഇന്ത്യയുടെ ഉള്‍ഗ്രാമങ്ങളിലേക്കുള്ള ഓരോ യാത്രയും ബാഷാമിന്റെ ഈ അഭിപ്രായത്തിന് അടിവരയിടുന്നതാണ്. ഗ്വാളിയറിലെ മൊറേന ജില്ലയിലെ ചമ്പല്‍ക്കാടുകളില്‍ കണ്ട ഈ കാഴ്ച അദ്ഭുതങ്ങളുടെ ഇന്ത്യയെ ഒരിക്കല്‍ക്കൂടി മുന്നില്‍ക്കൊണ്ടുവരുന്നു.
ഗ്വാളിയറില്‍നിന്ന് മൊറേനയിലേക്കുള്ള ദേശീയപാതയില്‍നിന്ന് വാഹനം ചമ്പലിലെ ലാല്‍ഗിരി ബാബയുടെ ഹരിഗിരി ആശ്രമത്തിലേക്ക് തിരിഞ്ഞപ്പോള്‍ ടാറിട്ട റോഡ് മാഞ്ഞ് മണ്‍പാത മുന്നില്‍ത്തെളിഞ്ഞു. മണ്‍കൂനകളും മുള്‍ക്കാടുകളും നിറഞ്ഞ ചമ്പല്‍ക്കാടുകള്‍ മനുഷ്യകൈയേറ്റങ്ങളിലൂടെ സമതലങ്ങളായിമാറുന്ന കാഴ്ച അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. മണല്‍ലോബിയുടെയും ഭൂമാഫിയകളുടെയും കൈകളെത്താത്ത ഇടങ്ങളില്ല.
ഇപ്പോള്‍ ചമ്പലിന്റെ സമ്പത്തിനെ കൊള്ളയടിക്കുന്നത് ഇവരാണ്. തുറന്ന ഒരു കോണ്‍ക്രീറ്റ് കെട്ടിടമായിരുന്നു ബാബയുടെ ആശ്രമം. കട്ടിലില്‍ കാവിവസ്ത്രംകൊണ്ട് ശിരസ്സുമൂടി ഇരിക്കുന്നു ബാബ. അരികിലായി അനുയായികളുടെ ഒരു ചെറിയകൂട്ടം. ബാബ ഇരിക്കുന്ന കട്ടിലിനുതാഴെ രണ്ട് കണ്ണ് തിളങ്ങുന്നു. അതൊരു അല്‍സേഷ്യന്‍ നായയായിരുന്നു. ചുറ്റുംനടക്കുന്നതെല്ലാം അവന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
ബാബ ഞങ്ങളെ ഹൃദ്യമായി സ്വീകരിച്ചു. ഉണങ്ങിയ ഇലകൊണ്ടുള്ള പാത്രത്തില്‍ ഗോതമ്പുറൊട്ടിയും സബ്ജിയും പ്രഭാതഭക്ഷണമായി വിളമ്പി. മരത്തണലില്‍ നിലത്ത് വരിവരിയായി ഇരുന്നുകൊണ്ടായിരുന്നു പ്രാതല്‍. പണ്ട് കൊള്ളസംഘങ്ങളുടെ പ്രതാപകാലത്ത് അവരുടെ ഒരു ഇടത്താവളംകൂടിയായിരുന്നു ഈ ആശ്രമങ്ങളെന്ന് ഒപ്പമുണ്ടായിരുന്ന പ്രമുഖ പുരാവസ്തുഗവേഷകന്‍ കെ.കെ. മുഹമ്മദ് ഓര്‍മപ്പെടുത്തി.
ഗ്രാമീണരും കൊള്ളസംഘവുമായുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഈ ആശ്രമങ്ങള്‍ വഴിയൊരുക്കിയിരുന്നു. ക്യാമറയും ബാഗും മണ്ണില്‍വെച്ച് നിലത്ത് പടിഞ്ഞിരുന്ന് ഭക്ഷണംകഴിക്കുമ്പോള്‍ ചമ്പല്‍ക്കാടിന്റെ ചുട്ടുപൊള്ളുന്ന മണല്‍പ്പാതയിലൂടെ മൈലുകള്‍ താണ്ടി വിശന്നുവലഞ്ഞെത്തിയ ഒരു പഴയകാല കൊള്ളസംഘമായി മനസ്സാ ഞങ്ങളും മാറി.
സന്ദര്‍ശകര്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കി അനുഗ്രഹിച്ചശേഷം ബാബ വളരെവേഗത്തില്‍ പടവുകള്‍ ചവിട്ടിയിറങ്ങി കള്ളിച്ചെടിപ്പടര്‍പ്പുകള്‍ക്കുള്ളിലേക്ക് മറയുന്നത് കണ്ടു. ഒപ്പം ആ ശ്വാനനും... സമയം രാവിലെ പതിനൊന്നുമണി കഴിഞ്ഞിരിക്കുന്നു. പുറത്ത് ഏപ്രില്‍മാസത്തിലെ തിളയ്ക്കുന്ന വെയില്‍. ആശ്രമത്തിന്റെ മുള്‍വേലി പിന്നിട്ടാല്‍ ചുറ്റും വിശാലമായ ചമ്പല്‍ക്കാടാണ്. പൊള്ളുന്ന മണലും മണ്ണും മുള്‍ക്കാടുകളും...
ബാബയ്ക്കുപിന്നാലെ ആശ്രമത്തിലെ അന്തേവാസികളും വരിവരിയായി അങ്ങോട്ടുനീങ്ങുകയാണ്. പിന്നാലെ ഞങ്ങളും കൂടി. അപ്പോഴാണ് ശ്രദ്ധിച്ചത് ചുട്ടുപൊള്ളുന്ന വേനലിലും അവര്‍ നഗ്നപാദരാണ്! അതിഥികളായെത്തിയ ഞങ്ങളെസംബന്ധിച്ച് ആലോചിക്കാന്‍പോലും പറ്റാത്ത കാര്യം. ഞങ്ങള്‍ കുറച്ചുകൂടി മുന്നോട്ടുനടന്നപ്പോള്‍ ഒരു മണല്‍ക്കൂന ദൃശ്യമായി.
മുളയില്‍ നാട്ടിയ കാറ്റുപിടിച്ച പതാകയുടെ താഴെ ചുറ്റും കൂടിനില്‍ക്കുന്നവര്‍ക്കിടയില്‍ ലാല്‍ഗിരിബാബ ഇരിക്കുന്നു. കുറെക്കൂടി അരികിലെത്തിയപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. ബാബയ്ക്കുചുറ്റും കൈയെത്താവുന്ന ദൂരത്ത് വൃത്താകൃതിയില്‍ തീ പുകയുന്നുണ്ട്. സമീപത്തായി ചില പൂജാദ്രവ്യങ്ങള്‍, ഒരു ഉടുക്ക്, കൈയില്‍ രുദ്രാക്ഷമാല.
തലയ്ക്കുമുകളില്‍ സ്ഥാപിച്ച മണ്‍കുടുക്കയിലെ കനലില്‍നിന്ന് ജ്വലിക്കുന്ന തീനാളങ്ങള്‍. സമയം നട്ടുച്ചയോടടുക്കുന്നു. വൈകുന്നേരംവരെ നീളുന്ന ഒരു ആധ്യാത്മികസാധനയുടെ ആരംഭത്തിനായിരുന്നു അപ്പോള്‍ ഞങ്ങള്‍ സാക്ഷ്യംവഹിച്ചത്.
അനുഗ്രഹംതേടി ചുറ്റും തൊഴുതുനിന്നവര്‍ പിരിഞ്ഞപ്പോള്‍ ലാല്‍ഗിരി ബാബ മാത്രം ബാക്കിയായി. സഹായത്തിനു തൊട്ടടുത്തുള്ള മരത്തണലില്‍ മറ്റൊരാളുമുണ്ട്. തലയില്‍ എരിയുന്ന ഹോമകുണ്ഡത്തിനും ആകാശത്ത് ജ്വലിക്കുന്ന സൂര്യനും താഴെ വൈകുന്നേരംവരെ ഇനി മന്ത്രോച്ചാരണംമാത്രമാണ് ബാബയുടെ കൂട്ട്. 'ഫെബ്രുവരിമുതല്‍ ജൂണ്‍വരെ എല്ലാദിവസവും ലാല്‍ഗിരി ബാബ ഈ ഈ ധ്യാനം തുടരും' -അനുയായിയായ മനോജ് കുമാര്‍ പറഞ്ഞു.
'ശൈവാരാധനയുടെ ഭാഗമായുള്ള ഈ ആധ്യാത്മികസാധനയെ 'പഞ്ചതപം' എന്നും പറയാറുണ്ട്. നാലുവശത്തും തീ. മുകളില്‍ സൂര്യനും. അതുകൊണ്ടാണ് ഇതിനെ പഞ്ചതപം എന്ന് വിളിക്കുന്നത്. ഭാരതത്തിലെ പല പുണ്യസ്ഥലങ്ങളിലും യാത്രചെയ്തിട്ടുള്ള എനിക്ക് ഇത്തരം കാഴ്ചകള്‍ കാണാന്‍കഴിഞ്ഞിട്ടുണ്ട്.'- തൃശ്ശൂര്‍ ശ്രീരാമകൃഷ്ണമഠം അധിപതിയായ സദ്ഭവാനന്ദ സ്വാമികള്‍ പിന്നീട് ഇതിനെക്കുറിച്ച് വിശദീകരിച്ചുതന്നു.
ധരിച്ച കാന്‍വാസ് ഷൂ അഴിച്ചുമാറ്റി മുകളില്‍നിന്ന് ഒരു ദൃശ്യം പകര്‍ത്താനൊരുങ്ങിയ എന്റെ പാദം ചുട്ടുപൊള്ളി. വറചട്ടിയില്‍ നില്‍ക്കുന്ന അവസ്ഥ! തൊട്ടരികില്‍ ലാല്‍ഗിരിബാബ ശാന്തനായിരിക്കുന്നു. സ്വയംനേടിയ ആത്മീയസാധനയിലൂടെ ആ സാധു തന്റെ മന്ത്രമൂര്‍ത്തിയില്‍ അലിഞ്ഞില്ലാതാകുന്ന കാഴ്ച വിസ്മയകരമായിരുന്നു.
Content Highlights: Madhuraj writes travelogue