ഒടുക്കം നെഹ്രു വഴങ്ങി; മദ്രാസ് തമിഴ്‌നാടിന്, തിരുപ്പതി ആന്ധ്രയ്ക്ക്; തലച്ചോർ ശിവജ്ഞാനം

#ഷബിത
ജവാഹര്‍ ലാല്‍ നെഹ്രു, മാ.പൊ. ശിവജ്ഞാനം
ജവാഹര്‍ ലാല്‍ നെഹ്രു, മാ.പൊ. ശിവജ്ഞാനം

മിലൈ പൊന്നുസ്വാമി ശിവജ്ഞാനം. തമിഴ്‌നാടിന്റെ തെക്കേഭാഗത്ത് പട്ടിണിയും പരിവട്ടവുമായിക്കഴിഞ്ഞ ബാല്യം. അറിവിന്റെ ആദ്യപാഠം അമ്മയിലൂടെ. പിന്നീട് മൂന്നാം ക്ലാസുവരെ ഔപചാരിക വിദ്യാഭ്യാസം. തുടര്‍ന്നു പഠിക്കാന്‍ പണം വഴിമുടക്കി നിന്നപ്പോള്‍ ലോകമേ വിദ്യാലയം എന്ന തത്വത്തെ ശിവജ്ഞാനം പ്രായോഗികമാക്കി. നാലാം ക്ലാസുകാരന് സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ വാങ്ങിച്ചുകൊടുക്കാന്‍ കഴിയാത്ത അച്ഛന്‍ പില്‍ക്കാലത്ത് മകനെഴുതിയ നൂറില്‍പ്പരം പുസ്തകങ്ങള്‍ അച്ചടിച്ചുവന്നത് കണ്ട് നിര്‍വൃതികൊണ്ടു. എട്ടാമത്തെ വയസ്സുമുതല്‍ നെയ്ത്തുശാലകളില്‍ പണിയെടുത്തുകൊണ്ട് തന്റെയും കുടുംബത്തിന്റെയും അന്നത്തിനുള്ള വക കണ്ടെത്തിക്കൊണ്ടുവളര്‍ന്ന ശിവജ്ഞാനം പിന്നീട് തമിഴ്‌നാട് രാഷ്ട്രീയം കണ്ട മാ.പൊ.ശി ആയി വളര്‍ന്നു. തന്റെ ആശയങ്ങള്‍ ജനമനസ്സുകളില്‍ നെയ്ത്തുപ്പിഴവില്ലാതെ, ഊടുംപാടവും തെറ്റാതെ ഉറപ്പിച്ചുനെയ്ത സാമൂഹിക പരിഷ്‌കര്‍ത്താവായി ഉയര്‍ന്നു.
 
തമിഴ്‌നാടിന്റെ വളര്‍ച്ചയില്‍ തന്റേതായ സംഭാവന നല്‍കിയ എഴുത്തുകാരനും വാഗ്മിയും രാഷ്ട്രീയ പ്രവര്‍ത്തകനും ചിന്തകനുമാണ് മാ.പൊ.ശി. ഇന്ന് തമിഴ്‌നാടിന്റെ അഭിമാനമായി നില്‍ക്കുന്ന ചെന്നൈയും തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടാണിയും ശിവജ്ഞാനത്തിന്റെകൂടി വിയര്‍പ്പാണ്. ആന്ധ്രപ്രദേശ് സ്വതന്ത്ര സംസ്ഥാനമായി നിലകൊള്ളാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്ന കാലത്ത് മദ്രാസ് ആന്ധ്രയുടെ തലസ്ഥാനമായി കിട്ടണം എന്ന ആവശ്യമുയര്‍ന്നു. ശിവജ്ഞാനം തന്റെ പാര്‍ട്ടിയായ തമിഴ് അരശു കഴകത്തിന്റെ പിന്‍ബലത്തോടെ തെലുങ്കരുടെ ആവശ്യത്തെ പാടേ നിരസിക്കാന്‍ വലിയ റാലികള്‍ തന്നെ സംഘടിപ്പിച്ചു മുന്നോട്ടുവന്നു. തമിഴ്‌നാട് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ അതിനകം പ്രാതിനിധ്യമുറപ്പിച്ചിരുന്ന ശിവജ്ഞാനത്തിന് മദ്രാസിനുവേണ്ടി യോഗങ്ങളും ധര്‍ണകളും സംഘടിപ്പിക്കാന്‍ ഒട്ടും പ്രയാസമുണ്ടായിരുന്നില്ല. 'തമിഴരുടെ തലസ്ഥാനം തല കൊടുത്തിട്ടായാലും സംരക്ഷിക്കും' എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ പലയിടങ്ങളില്‍ സംഘടിച്ചു. സി. രാജഗോപാലാചാരിയെപ്പോലുള്ള നേതാക്കന്മാരുടെ പിന്തുണയും ശിവജ്ഞാനത്തിനുണ്ടായിരുന്നു. 

ചെന്നൈ രണ്ടു കാലങ്ങളില്‍ | ഫോട്ടോ: പി.ടി.ഐ

ആന്ധ്രപ്രദേശിനെ സ്വതന്ത്ര സംസ്ഥാനമായി വിട്ടുകിട്ടാനായി അന്‍പത്തിയാറ് ദിവസം സത്യാഗ്രഹമിരുന്ന പൊറ്റി ശ്രീരാമലുവിന്റെ ആവശ്യവും മദ്രാസ് ആന്ധ്രയ്‌ക്കൊപ്പം ചേരണമെന്നതായിരുന്നു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ നില്‍ക്കുന്ന സമയമായിരുന്നിട്ടുകൂടി ശിവജ്ഞാനം ശ്രീരാമലുവിനെ പോയി കണ്ടു. അദ്ദേഹം ജലപാനമില്ലാതെ ആന്ധ്രയ്ക്കായി അഹിംസാമാര്‍ഗത്തിലൂടെ പോരാടുകയാണ്. ശിവജ്ഞാനവുമായുള്ള കൂടിക്കാഴ്ചയില്‍ ശ്രീരാമലുവിന്റെ ആവശ്യമാകട്ടെ മദ്രാസിനെ ആന്ധ്രയുടെ താല്‍ക്കാലിക തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുതരണമെന്നായിരുന്നു. ശിവജ്ഞാനം ശ്രീരാമലുവിന്റെ അപേക്ഷ പാടേതള്ളിക്കളയുക മാത്രമല്ല, തിരികെ നാട്ടിലെത്തിയ ഉടന്‍ തന്നെ മദ്രാസിനായുള്ള സമരതന്ത്രങ്ങള്‍ പൂര്‍വാധികം ശക്തിയോടെ ആസൂത്രണം ചെയ്തു. മദ്രാസിനുവേണ്ടി ശിവജ്ഞാനം പലതവണ ജയിലിലടയ്ക്കപ്പെട്ടു. അതികഠിനമായ സത്യാഗ്രഹത്തിന്റെ ഫലമായി ശ്രീരാമലു മരണം വരിച്ചപ്പോള്‍ മദ്രാസിനുവേണ്ടിയുള്ള ആന്ധ്രയുടെ വൈകാരിക നിലവിളികള്‍ കൂടുതല്‍ ഉച്ചത്തില്‍ മുഴങ്ങിയെങ്കിലും ശിവജ്ഞാനത്തിന്റെയും സഹരാഷ്ട്രീയ പ്രവര്‍ത്തകരുടെയും തമിഴ്‌നാട്ടിലെ ഒരോ പുല്‍ക്കൊടിയുടെയും ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് മദ്രാസ് എന്ന ആവശ്യത്തില്‍നിന്നും ആന്ധ്രയ്ക്ക് പിന്‍മാറേണ്ടി വന്നു. 

രാജസ്ഥാന്‍ സ്വദേശിയായ വന്‍സു എന്ന ജസ്റ്റിസിനെയായിരുന്നു മദ്രാസ് പ്രശ്‌നത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി നെഹ്‌റു നിയമിച്ചത്. മദ്രാസ് ആന്ധ്രയ്ക്ക് നല്‍കുകയാണെങ്കില്‍ താന്‍ രാജിവെക്കുമെന്ന് രാജഗോപാലാചാരിയുടെ ഭീഷണി നെഹ്രുവിന് തലവേദനയായി. ജസ്റ്റിസ് വന്‍സുവിന് മുമ്പാകെ മദ്രാസിന്റെ ചരിത്രവും സംസ്‌കാരവും സാഹിത്യവും പൈതൃകവുമായ വസ്തുതകള്‍ നിരത്തി വാദിച്ചതാവട്ടെ ശിവജ്ഞാനവുമായിരുന്നു. മദ്രാസും തിരുപ്പതിയും തിരുത്താനിയും തമിഴ്‌നാടിനൊപ്പം നില്‍ക്കേണ്ടതിന്റെ കാര്യകാരണങ്ങള്‍ ശിവജ്ഞാനം ബോധിപ്പിച്ചു. മദ്രാസില്ലാത്ത തമിഴ്‌നാടിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകാത്ത ശിവജ്ഞാനം നടത്തിയ വൈകാരികമായ പ്രഭാഷണം നെഹ്രു കേള്‍ക്കാനിടയായി. അധികം വൈകാതെ തന്നെ മദ്രാസ് തമിഴ്‌നാടിന് തന്നെ വേണമെന്ന ആവശ്യവുമായി രണ്ടായിരത്തിലധികം ടെലഗ്രാമുകള്‍ പ്രധാനമന്ത്രി കൈപ്പറ്റി. ജനവികാരം മനസ്സിലാക്കിയ പ്രധാനമന്ത്രി നിര്‍ണായകമായ തീരുമാനം കൈക്കൊണ്ടു; മദ്രാസ് തമിഴ്‌നാടിനു നല്‍കാം, പക്ഷേ തിരുപ്പതി ആന്ധ്രയ്ക്ക് തന്നെ. തിരുപ്പതിയെ വളരെ വിഷമത്തോടെയാണ് തമിഴ്‌നാട് നല്‍കിയതെങ്കിലും മദ്രാസ് തങ്ങളോടൊപ്പം ചേര്‍ന്നുനില്‍ക്കുന്നതില്‍ അവര്‍ ആ വിഷമം മറന്നു. 

തിരുപ്പതി | ഫോട്ടോ: എന്‍.എം പ്രദീപ്‌

ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് കോര്‍പ്പറേഷന്റെ പതാകയില്‍ ഒരു തോണിയും മൂന്ന് സിംഹങ്ങളും രണ്ട് മത്സ്യങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് സിംഹങ്ങള്‍ ബ്രിട്ടീഷുകാരെ പ്രതിനിധാനം ചെയ്തപ്പോള്‍ തോണിയും മത്സ്യങ്ങളും മദ്രാസ് കടല്‍ത്തീരത്തെയായിരുന്നു പ്രതിനിധാനം ചെയ്തത്. പതാക നവീകരിക്കുന്നതിനെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. മദ്രാസ് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ശിവജ്ഞാനത്തിനായിരുന്നു. പാണ്ഡ്യ, ചോള, ചേര വംശങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ട് യഥാക്രമം മത്സ്യം, കടുവ, വില്ല് എന്നിവ പതാകയിലെ ചിഹ്നങ്ങളാക്കാമെന്ന് ശിവജ്ഞാനം രാജാജിയോട് നിര്‍ദ്ദേശിച്ചു. തമിഴ് അരശു കഴകത്തിന്റെ കൊടിയില്‍ ഈ അടയാളങ്ങള്‍ നേരത്തേ തന്നെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും രാജാജി ശിവജ്ഞാനത്തിന്റെ നിര്‍ദ്ദേശം അംഗീകരിച്ചു. 

മൂന്നാം ക്ലാസുവരെയേ ഔപചാരികമായി പഠിച്ചുള്ളുവെങ്കിലും തന്റെ സാഹിത്യയാത്രകള്‍ക്ക് നാന്ദി കുറിച്ച അമരാവതി ജയിലിനോടും രാഷ്ട്രീയത്തിലെ സന്ധിയില്ലാ സമരങ്ങളോടും ശിവജ്ഞാനത്തിന് എന്നും കടപ്പാടു മാത്രമേയുണ്ടായിരുന്നുള്ളൂ. അമരാവതി ജയിലാണ് ശിവജ്ഞാനത്തെ അക്ഷരങ്ങളുമായി പോരാട്ടം തുടങ്ങാന്‍ പ്രോത്സാഹിപ്പിച്ചത്. തടവറ എന്ന വാക്കിനെ അക്ഷരംപ്രതി അനുസരിക്കുന്ന അമരാവതിയുടെ ഭൗതികാന്തരീക്ഷത്തില്‍ സമയം ചെലഴിക്കാന്‍ മുന്നില്‍ അജ്ഞാതമായ അക്ഷരങ്ങള്‍ മാത്രമായിരുന്നു. ശിവജ്ഞാനം ക്ഷമയോടെ ഓരോ പുസ്തകത്താളും മറിച്ചുവായിക്കാന്‍ ശ്രമിച്ചു. എഴുത്തുകാരനും ജേണലിസ്റ്റും സ്വാതന്ത്ര്യസമരസേനാനിയും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന സുബ്രഹ്‌മണ്യഭാരതിയുടെ പുസ്തകങ്ങള്‍ തന്റെ ചിന്തകളുമായി എളുപ്പം സംവദിക്കുന്നുവെന്ന് ശിവജ്ഞാനം തിരിച്ചറിഞ്ഞതോടെ വായന സുഗമമായി.

സുബ്രഹ്‌മണ്യഭാരതിയുടെ എഴുത്തുകളില്‍ പരാമര്‍ശിക്കപ്പെട്ട സംഘം കൃതികളില്‍ ശിവജ്ഞാനത്തിന് താല്‍പര്യം ജനിച്ചു. സുബ്രഹ്‌മണ്യഭാരതിയുടെ ലളിതമായ പദപ്രയോഗങ്ങള്‍ സ്വായത്തമാക്കിക്കൊണ്ട് സാഹിത്യത്തിലെ ഓരോ പാഠങ്ങളും ശിവജ്ഞാനം പതുക്കെ കൈയടക്കി മുന്നേറി. സംഘം കൃതികള്‍ വായിച്ചു ഹൃദിസ്ഥമാക്കുക മാത്രമല്ല, കല, സംസ്‌കാരം, രാഷ്ട്രീയം, സാമൂഹികം, സാഹിത്യം, മാനവികം തുടങ്ങി അനേകം മേഖലകളിലെ തന്റെ വീക്ഷണങ്ങള്‍ അക്ഷരങ്ങളില്‍ രേഖപ്പെടുത്താനുള്ള ആര്‍ജവവും ശിവജ്ഞാനത്തിന് വന്നുചേര്‍ന്നു. തന്റെ അക്ഷരജ്ഞാനത്തിന് ഹേതുവായ സുബ്രഹ്‌മണ്യഭാരതിയെക്കുറിച്ച് പത്ത് പുസ്തകങ്ങള്‍ എഴുതിയാണ് ശിവജ്ഞാനം കടപ്പാട് രേഖപ്പെടുത്തിയത്. സുബ്രഹ്‌മണ്യഭാരതിയെക്കുറിച്ച് കൂടുതല്‍ എഴുതിയ എഴുത്തുകാരന്‍ എന്ന ഖ്യാതിയും ശിവജ്ഞാനത്തിന് ലഭിച്ചു. 

ചെന്നൈയില്‍ സ്ഥാപിച്ച ശിവജ്ഞാനത്തിന്റെ പ്രതിമ

ഭാരതി കഴിഞ്ഞാല്‍ പിന്നെ ശിവജ്ഞാനത്തെ ആഴത്തില്‍ സ്പര്‍ശിച്ചത് ചിലപ്പതികാരം ആയിരുന്നു. ചിലപ്പതികാരത്തില്‍ ശിവജ്ഞാനം സ്വയംമറന്ന് ഇരിക്കുന്നത് പതിവായിരുന്നു. ചിലപ്പതികാരം തന്റെ ആത്മീയഗ്രന്ഥമായി അദ്ദേഹം കരുതി. തന്റെ രാഷ്ട്രീയതത്വങ്ങളുടെ അടിസ്ഥാനം ചിലപ്പതികാരമായിരിക്കണമെന്ന് ശിവജ്ഞാനം ആഗ്രഹിച്ചു. ചിലപ്പതികാരത്തിന്റെ നല്ല വശങ്ങള്‍ പ്രചരിച്ചിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടി കൂടിയായി ശിവജ്ഞാനത്തിന്റേത്. ചിലപ്പതികാരത്തില്‍ ശിവജ്ഞാനം നടത്തിയ ഗവേഷണങ്ങളും പഠനങ്ങളും അദ്ദേഹത്തിന് 'ചിലമ്പ് ഷെല്‍വാര്‍' എന്ന ബഹുമാനപ്പട്ടം ചാര്‍ത്തിക്കൊടുത്തു. കണ്ണകിയെന്നും മാധവിയെന്നും തന്റെ മക്കള്‍ക്ക് പേരിട്ടുകൊണ്ടാണ് ചിലപ്പതികാരത്തോടുള്ള അഭിവാഞ്ഛ അദ്ദേഹം പ്രകടിപ്പിച്ചത്. 

തമിഴ് ചരിത്രത്തിലാദ്യമായി ചിലപ്പതികാരത്തിനുവേണ്ടി സമയവും അധ്വാനവും ചെലവാക്കുന്ന ഒരാളായി മാറുകയായിരുന്നു ശിവജ്ഞാനം. ചിലപ്പതികാരത്തിലെ നല്ല സന്ദേശങ്ങള്‍ ലോകം മുഴുവനും അറിയണമെന്ന നിര്‍ബന്ധത്താല്‍ 1950-ല്‍ 'ചിലപ്പതികാര വിഴ' എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചു. മദ്രാസായിരുന്നു വേദി. തമിഴ് നാട്ടിലെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന പണ്ഡിതരായ ധാരാളം ആളുകളെ അണിനിരത്തിയായിരുന്നു 'ചിലപ്പതികാര വിഴ' അദ്ദേഹം സംഘടിപ്പിച്ചത്. പിന്നീടങ്ങോട്ട് തമിഴ് അരശു കഴകം എല്ലാവര്‍ഷവും ചിലപ്പതികാര വിഴ നടത്തിപ്പോന്നു. ശിവജ്ഞാനത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകള്‍ മാധവി ഭാസ്‌കരന്‍ ചിലപ്പതികാര വിഴ 2013-ല്‍ നടത്തി. 

താന്‍ ആരെക്കുറിച്ചു പഠിക്കുന്നുവോ അവരെ ആഴത്തില്‍ പഠിക്കാനും രേഖപ്പെടുത്താനും ശിവജ്ഞാനം ഒരിക്കലും മടികാണിച്ചിരുന്നില്ല.വി.ഒ ചിദംബരം പിള്ളൈ, വീരപാണ്ഡ്യകട്ടബൊമ്മന്‍, തിരുവള്ളുവര്‍ തുടങ്ങിയവരെക്കുറിച്ച് ശിവജ്ഞാനം ധാരാളം പുസ്തകങ്ങള്‍ എഴുതി. പലതും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു. സാഹിത്യ അക്കാദമി അവാര്‍ഡും പദ്മശ്രീയും നല്‍കി രാജ്യം അദ്ദേഹത്തിന്റെ ധൈഷണികസംഭാവനകളെ ആദരിച്ചു. തമിഴ്‌നാടിന്റെ വിദ്യാഭ്യാസമേഖലയില്‍ നിരന്തരം ഇടപെടുകയും നവീന വിദ്യാഭ്യാസരീതികള്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്ന ശിവജ്ഞാനം 1995 ഒക്ടോബര്‍ മൂന്നിനാണ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അന്തരിച്ചത്. 

Content Highlights: Ma.Po. Sivagnanam, Madras Dispute, Tamil Arasu Kazhakam, Nehru