'ജീവിതം എന്ന തീക്കടല്‍ നീന്തിക്കയറിയ ആ മനുഷ്യന് മരണമൊക്കെയെന്ത്!'; ജീവിതം സന്ദേശമാക്കിയ കേണല്‍

എം.വി.ആര്‍. കാന്‍സര്‍ സെന്ററിലെ ഏഴാംനിലയിലെ മുറിയിലേക്ക് മാതൃഭൂമി ബുക്‌സ് സെയില്‍സ് മാനേജര്‍ സിദ്ധാര്‍ഥനൊപ്പം കയറിച്ചെന്നപ്പോള്‍ ലഫ്. കേണല്‍ (റിട്ട.) എം.കെ. സുരേന്ദ്രന്‍ തുറന്നുചിരിച്ചു. ദശാബ്ദങ്ങള്‍ക്കുമുമ്പ് സിയാച്ചിനില്‍വെച്ച് പാകിസ്താന്‍ വെടിയുണ്ട തുളച്ചുകയറിയിറങ്ങിയ ആ നെഞ്ചുംവിരിച്ചുള്ള കിടപ്പ്. ചോരയില്‍ കുതിര്‍ന്ന് ബോധംപോയ തങ്ങളുടെ ഓഫീസറെ ഇന്ത്യാഅതിര്‍ത്തിയുടെ ഏറ്റവും ഉയരത്തില്‍നിന്ന് ടെന്റ് ബാഗിലിട്ട് മണിക്കൂറുകളോളം വലിച്ചിഴച്ച് താഴെയെത്തിച്ച പട്ടാളവീര്യത്തിന്റെ അകമ്പടിയില്ലാത്ത ഈ കിടപ്പില്‍മാത്രം കേണല്‍ അല്പം വാടിയിരുന്നു. പക്ഷേ, ആ തുറന്ന പുഞ്ചിരിതന്ന ആത്മവിശ്വാസത്തില്‍ അദ്ദേഹത്തിന് മാതൃഭൂമി പുറത്തിറക്കിയ ആത്മകഥയുടെ ആദ്യപ്രതിനല്‍കി: 'ജീവിതം എന്ന തീക്കടല്‍'! ഒരു പട്ടാളക്കാരന്റെ ഷൂസില്‍നിന്ന് ഉയര്‍ന്നുപൊങ്ങുന്ന കറുത്ത വെടിപ്പുകയായിരുന്നു കവര്‍ച്ചിത്രം. അതിലേക്കുതന്നെ അദ്ദേഹം നോക്കിയിരുന്നു.
അദ്ദേഹത്തിന്റെ പട്ടാളജീവിതത്തിന്റെ സുപ്രധാന അധ്യായങ്ങളിലൊന്ന് ആദ്യം അച്ചടിച്ചത് മാതൃഭൂമി വാരാന്തപ്പതിപ്പിലാണ്. പിന്നീട് മാതൃഭൂമി ഡോട് കോം ആദ്യ അധ്യായംമുതല്‍ ആത്മകഥ പരമ്പരയാക്കി. ഓരോ അധ്യായം കഴിയുമ്പോഴും അദ്ദേഹത്തിന്റെ സന്ദേശം വന്നുകൊണ്ടേയിരുന്നു. ശ്വാസകോശാര്‍ബുദത്തിന്റെ സ്റ്റേജുകളും ആശുപത്രിയുമായിരുന്നു സന്ദേശങ്ങളില്‍ നിറഞ്ഞുനിന്നത്. പിടിച്ചുകെട്ടാന്‍ കഴിയാതെപോയ ശത്രുവിനെ തന്നാലാവുംവിധം ചെറുത്തു തോല്‍പ്പിക്കാനുള്ള ഊര്‍ജവും വീര്യവും ആ സൈനികന്റെ ശബ്ദത്തിലുണ്ടായിരുന്നു. നെഞ്ചിലെ നക്ഷത്രങ്ങള്‍ നല്‍കുന്ന പ്രിവിലേജുകളില്‍ സ്വയം മറന്നുപോകാതെ അദ്ദേഹം വെറുമൊരു സാധാരണക്കാരനായ കണ്ണൂരുകാരനായി. ''എന്തന്നാപ്പാ! ആത്മകഥ മുഴുവനാവുന്നത് ഞാന്‍ കാണ്വോ?, പുസ്തകം കാണാമ്പറ്റോന്ന് ആര്‍ക്കറിയാം!''
കേണലിന്റെ ആരോഗ്യസ്ഥിതി ഏറിയും കുറഞ്ഞും ആശങ്കപ്പെടുത്തിയുമിരുന്നപ്പോഴും ഓരോ ഭാരതീയന്റെയും ആത്മാഭിമാനത്തിലെ നക്ഷത്രത്തിളക്കമായ സൈനികജീവിതകഥകള്‍ വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങളായി മാറി. ജവാനില്‍നിന്നുതുടങ്ങിയ സൈനികജീവിതത്തില്‍ കഠിനാധ്വാനംകൊണ്ടും ആത്മസമര്‍പ്പണംകൊണ്ടും നെഞ്ചില്‍പ്പതിഞ്ഞ റാങ്കുകളുടെ നക്ഷത്രങ്ങള്‍! ആദ്യനക്ഷത്രം നെഞ്ചില്‍ പതിച്ചുതന്ന അമ്മയെനോക്കി വായനക്കാര്‍ വാക്കുകളുടെ സല്യൂട്ട് തന്നു. ശത്രുരാജ്യത്തിന്റെ വെടിയേറ്റ് നിശ്ചലമായ വലതുകൈയ്ക്കുപകരം വലതുഭാഗത്ത് നിലയുറപ്പിച്ച അദ്ദേഹത്തിന്റെ പ്രിയപത്‌നി, മക്കള്‍... കേണലിന്റെ ജീവിതത്തിലെ വലുതും ചെറുതുമായ സംഭവങ്ങള്‍ ആത്മകഥയിലുടനീളമുണ്ടായിരുന്നു. പട്ടാളജീവിതം സ്വപ്നംകാണാന്‍പോലും കഴിയാത്തൊരു ജീവിതസാഹചര്യത്തില്‍ നില്‍ക്കുന്ന കാലത്ത് പട്ടാളത്തില്‍ പോകുന്നതിനുപകരം മദ്രാസിലൊരു ക്ഷൗരക്കട തുടങ്ങിക്കോ എന്ന് പരിഹസിച്ച ഒരു മനുഷ്യനുമുന്‍പിലേക്ക് കാലങ്ങള്‍ കഴിയവേ ആര്‍മിവാഹനത്തില്‍ അകമ്പടിയോടുകൂടി ചെന്നുകയറിയ എം.കെ. സുരേന്ദ്രന് ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി വായനക്കാരൊന്നാകെ കൈയടിച്ചു.
അധ്യായങ്ങള്‍ മുറുകുമ്പോള്‍ കേണലിന്റെ ശബ്ദം പലപ്പോഴും അര്‍ബുദത്തിനുമുന്നില്‍ കീഴടങ്ങുന്നതുപോലെ തോന്നിച്ചു. നേതൃത്വംകൊടുത്ത ഓപ്പറേഷനുകള്‍പോലെത്തന്നെ കൃത്യമായ പദ്ധതിയുണ്ടായിരുന്നു അദ്ദേഹത്തിന് ജീവിതത്തിലും. ആ പദ്ധതിയുടെ അവസാനപേജായിരുന്നു ആത്മകഥ.
ആത്മകഥയുടെ ആദ്യപ്രതിയും ഒരു മെമന്റോയും നല്‍കി അദ്ദേഹത്തെ ആദരിച്ചു. വേദി ആശുപത്രിയായിപ്പോയി എന്നത് അല്പം വിഷമിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം കൈകള്‍കൂട്ടി നിറഞ്ഞ പുഞ്ചിരിയോടെ ഏറ്റുവാങ്ങി. പുതിയൊരു ഊര്‍ജം വന്നുനിറഞ്ഞതുപോലെ ചുണ്ടുകള്‍ നാവുകൊണ്ട് നനച്ച് സംസാരിച്ചുതുടങ്ങി. തലേന്നുരാത്രി തുടങ്ങിയ ഛര്‍ദികാരണം വെള്ളംപോലും കുടിക്കാന്‍ പറ്റിയിട്ടില്ല. സംസാരത്തില്‍ പല വാക്കുകളും വിട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ അടുത്തുനിന്ന ഭാര്യ ആ വാക്കുകള്‍ ഞങ്ങളോട് ആവര്‍ത്തിച്ചു. മക്കള്‍ കണ്ണുതുടച്ചു.
''സാറ് പുസ്തകം വായിച്ചിട്ട് എന്തെങ്കിലും തിരുത്തുണ്ടെങ്കില്‍ പറയണം, ഫൈനല്‍ കോപ്പി പോയിട്ടില്ല.''
''ഇനിയെല്ലാം വായനക്കാര് നോക്കട്ടെ'' -അദ്ദേഹം ചിരിച്ചു. പക്ഷേ, അവശതകള്‍ മറന്ന് അദ്ദേഹം ആത്മകഥ തുറന്നു. തിരുത്തുകള്‍ സ്വന്തം ശബ്ദത്തില്‍ത്തന്നെ അയച്ചു. പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു, നേട്ടങ്ങളില്‍ ഒന്നുകൂടി ചേര്‍ക്കണം 'മാതൃഭൂമി'യുടെ ആദരം. രണ്ടാംദിവസം രാത്രി 11 മണിക്ക് കേണലിന്റെ ഫോണില്‍നിന്ന് കോള്‍വന്നു: 'അച്ഛന്‍ പോയി.' തിരിച്ചൊന്നും പറയാനില്ലായിരുന്നു. ജീവിതം എന്ന തീക്കടല്‍ നീന്തിക്കയറിയ ആ മനുഷ്യന് മരണമൊക്കെയെന്ത്!
Content Highlights: lt colonel mk surendran is no more obituary by shabitha