കേണല്‍ യാത്രയായി, തലമുറകള്‍ക്ക് പ്രചോദനമേകാന്‍ ഒരു ജീവിതം എഴുതിവെച്ചുകൊണ്ട്

കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന ആര്‍മി ഉദ്യോഗസ്ഥനും മാതൃഭൂമി ഡോട്‌കോം കോളമിസ്റ്റുമായ ലെഫ്റ്റനന്റ് കേണല്‍(റിട്ട) എം.കെ. സുരേന്ദ്രനെ ഓര്‍ക്കുകയാണ് മാതൃഭൂമി ബുക്‌സ് സെയില്‍സ് മാനേജരായ ലേഖകന്‍.
പരിപാടിക്ക് 'സുരേന്ദ്രന്‍ സാറിനെ വിളിച്ചോട്ടെ' എന്ന സോണിയയുടെ ചോദ്യത്തില്‍നിന്നുമാണ് ലെഫ്റ്റനന്റ് കേണല്‍(റിട്ട) എം.കെ. സുരേന്ദ്രനെന്ന ധീര ജവാനെക്കുറിച്ച് ആദ്യമായി കേട്ടത്. ലെഫ്റ്റനന്റ് കേണല്‍ ഡോക്ടര്‍ സോണിയ ചെറിയാന്റെ 'ഇന്ത്യന്‍ റെയിന്‍ബോ'എന്ന പുസ്തകത്തിന്റെ പ്രചാരണാര്‍ഥം കണ്ണൂരില്‍നടന്ന ഒരു പരിപാടി ആയിരുന്നു അത്. കാഞ്ഞങ്ങാടുനിന്നും കണ്ണൂരെത്തും വരെ അദ്ദേഹത്തിന്റെ വീരചരിതമായിരുന്നു സോണിയ പറഞ്ഞുകൊണ്ടിരുന്നത്. ആര്‍മിയിലെ ജവാന്മാര്‍ക്കും ഏതൊരു സാധാരണ മനുഷ്യനും പ്രചോദനമാകുന്ന അസാധാരണമായ ജീവിതകഥ.
കണ്ണൂരിലെ പരിപാടിയില്‍ അദ്ദേഹവും ഭാര്യയും സന്നിഹിതരായിരുന്നു. നീണ്ട് കൊലുന്നനെയുള്ള ശരീരം ഫുള്‍ സ്ലീവ് ഷര്‍ട്ടും അതിനു മുകളില്‍ നീല ജാക്കറ്റുമായിരുന്നു ധരിച്ചിരുന്നത്. മിതമായ രീതിയിലുള്ള സംസാരം. വേദിയില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തി. കുറച്ചുനേരം സംസാരിക്കാന്‍ മാത്രമേ അന്ന് സാധിച്ചുള്ളൂ എങ്കിലും ആത്മകഥ എഴുതി തുടങ്ങിയിട്ടുണ്ടെന്നറിയാന്‍ സാധിച്ചു.
ബാല്യത്തിലെ കഷ്ടതകള്‍ക്കിടയില്‍നിന്നും ആര്‍മിയിലെത്തി അവിടെനിന്നും ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കി ഓഫീസര്‍ പദവിയിലേക്കുയര്‍ന്നു. പാകിസ്താന്‍ ബോര്‍ഡറില്‍ 18000 അടി മുകളില്‍ ഹിമശൈലത്തില്‍, സിയാച്ചിനില്‍വെച്ച് ശത്രുപാളയത്തില്‍ നിന്നും മൂളിപ്പാഞ്ഞുവന്ന വെടിയുണ്ട കേണലിന്റെ നെഞ്ചില്‍ തുളയുണ്ടാക്കി കടന്നുപോയി. ശത്രു പാളയത്തിലേക്ക് അതിനകംതന്നെ എത്രയോതവണ മാരകമായ പ്രഹരമേല്‍പിച്ചതിലുള്ള ലക്ഷ്യംവെച്ചുള്ള പ്രതികാരമായിരുന്നിരിക്കാം അത്. അബോധാവസ്ഥയിലാകാതിരുന്ന കേണലായിരുന്നു ആ ഗ്രൂപ്പിന്റെ കമാന്‍ഡിങ് ഓഫീസര്‍. വെടിയേറ്റുവീണ തന്നെ എന്തുചെയ്യണം എന്നുപോലും പറയേണ്ടത് അദ്ദേഹമായിരുന്നു. മനസ്സാന്നിധ്യവും അപാരമായ ധൈര്യവും അദ്ദേഹത്തിന് തുണയായി. സഹസൈനികരോട് തന്നെ താര്‍പ്പായയില്‍ കിടത്തി താഴേക്ക് വലിച്ചുകൊണ്ടുപോകാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
ചെങ്കുത്തായ ഇറക്കത്തിലൂടെയും ഹിമക്കൂമ്പാരങ്ങള്‍ക്കു മുകളിലൂടെയും താഴെയുള്ള പോസ്റ്റിലേക്ക് നാലുപേര്‍ ചേര്‍ന്ന് മാറി മാറി വലിച്ചു. ഉച്ചക്ക് 12 മണിക്ക് തുടങ്ങിയ പ്രയാണം രാത്രി പത്തുമണിക്കാണ് പരിസമാപ്തിയിലെത്തിയത്. അവിടെനിന്നും പ്രാഥമിക ചികിത്സകള്‍ക്കുശേഷം പിറ്റേന്ന് ഹെലികോപ്റ്ററില്‍ അദ്ദേഹത്തെ ആര്‍മി ഹോസ്പിറ്റലില്‍ എത്തിച്ചു. ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനുശേഷം വീട്ടിലേക്ക് തിരിച്ചുപോരാനായിരുന്നില്ല അദ്ദേഹത്തിന്റെ നിശ്ചയം. അവിടെനിന്നും വീണ്ടും ആര്‍മിയില്‍ തിരിച്ചെത്തി രാഷ്ട്രസേവനം നടത്തി മാതൃകയായി.
റിട്ടയര്‍മെന്റായി നാട്ടില്‍ തിരിച്ചെത്തി. പക്ഷെ ഒരു ദുര്‍വിധി അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്വാസകോശാര്‍ബുദം എന്ന ഭയാനകരോഗം. അത് നാലാമത്തെ സ്റ്റേജില്‍ എത്തിനില്‍ക്കെയാണ് കണ്ടെത്തിയത്. ആറുമാസമായിരിക്കും ആയുര്‍ദൈര്‍ഘ്യമെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അവിടെയും അദ്ദേഹത്തിന് തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. പലതരം പീഡകള്‍ ഏറ്റുവാങ്ങിയ ശരീരമാണെങ്കിലും പോറലേല്‍ക്കാത്ത മനസ്സും അതിജീവനം എന്നത് ആത്മാവിഷ്‌കാരമാണെന്നും തെളിയിച്ച് അദ്ദേഹം ജീവിച്ചു. തന്റെ ജീവിതസന്ദേശം മറ്റുള്ളവരോട് പറയാനായി, അഞ്ചു വര്‍ഷക്കാലം.
ആത്മകഥയുടെ പതിനേഴ് അധ്യായങ്ങള്‍ അദ്ദേഹമെനിക്കയച്ചുതന്നു. ഞങ്ങള്‍ പലതവണ ഫോണില്‍ സംസാരിച്ചു. ഒരു ചാപ്റ്റര്‍ മാതൃഭൂമി വരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. ബാക്കി എല്ലാ അധ്യായങ്ങളും മാതൃഭൂമി ഡോട്‌കോമില്‍ പംക്തിയായി പ്രസിദ്ധീകരിക്കപ്പെട്ടു. അതൊരു പുസ്തകമാക്കാന്‍ നേരത്തെതന്നെ തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ മാസം പ്രസിദ്ധീകരിക്കാം എന്നായിരുന്നു കേണലിന്റെ ആദ്യ നിര്‍ദേശം. അതിനൊരു കാരണവും അദ്ദേഹം പറഞ്ഞിരുന്നു. ശ്വാസകോശാര്‍ബുദം നാലാം ഘട്ടംകടന്ന രോഗികളില്‍ കൂടുതല്‍ കാലം നിലനിന്ന ഒരാളാവും താന്‍ എന്നതായിരുന്നു അത്.
മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ രോഗാവസ്ഥ മോശമായതിനെ തുടര്‍ന്ന് മാതൃഭൂമി ഡോട്‌കോമില്‍ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്തിന്റെ ഇടവേള കുറയ്ക്കുവാനും ആവശ്യപ്പെട്ടു. പുസ്തകമാക്കാനുള്ള ജോലിയും അപ്പോള്‍തന്നെ ആരംഭിച്ചിരുന്നു. രോഗാവസ്ഥയെ കുറിച്ചുള്ള വിവരങ്ങള്‍ കേണല്‍ തന്നെയാണ് എന്നെ ധരിപ്പിച്ചിരുന്നത്. പുസ്തകം ഒക്ടോബറിലേക്ക് പോകണ്ട എന്ന് തീരുമാനിച്ചു. ടൈപ്‌സെറ്റിങ് കഴിഞ്ഞ ഒരു കോപ്പി പ്രിന്റ് ഔട്ട് എടുത്ത് അദ്ദേഹത്തിന്റെ വസതിയില്‍ എത്തിച്ചു. എന്റെ കൂടെ ആര്‍. രാജശ്രീ ടീച്ചറും വന്നിരുന്നു. അവരുടെ അടുത്ത പ്രദേശത്താണ് കേണലിന്റെ വീട്.
ജൂണ്‍-ജൂലൈ മാസ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി പുസ്തകത്തിന്റെ എഡിറ്റിംഗ് ജോലികളും പ്രൂഫ് റീഡിങ്ങും ഡിസൈനിങ് ജോലികളും ത്വരിതപ്പെടുത്തി. പുസ്തകരൂപത്തില്‍ അതുകാണുവാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹത്തെ എങ്ങെനെയെങ്കിലും സാധിപ്പിക്കണം എന്നരീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോയത്. രോഗാവസ്ഥ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തു. പുസ്തകം പ്രിന്റിങ്ങിനായി അയച്ചു. ഒരു കോപ്പിയെങ്കിലും അദ്ദേഹത്തെ കാണിക്കുവാനായി ഒരു ഇന്‍സ്പെക്ഷന്‍ കോപ്പി പ്രിന്റ് ചെയ്യിച്ചെടുത്തു. ഞാനും സഹപ്രവര്‍ത്തക ഷബിതയും അദ്ദേഹത്തെ പോയി കണ്ടു. മാതൃഭൂമി ഓണ്‍ലൈനിന്റെ ആദരസൂചകമായി ഒരു മെമെന്റൊ ഷബിതയും പുസ്തകത്തിന്റെ കോപ്പി ഞാനും അദ്ദേഹത്തിന് സമര്‍പ്പിച്ചു.
ശത്രുസൈന്യം തളര്‍ത്തിയ വലതുകൈയും രോഗത്താല്‍ ശോഷിച്ച ഇടതുകൈയും ചേര്‍ത്ത് അദ്ദേഹം പുസ്തകമേറ്റുവാങ്ങുമ്പോള്‍ എന്റെ കൈകളാണ് വിറച്ചുപോയത്. തന്റെ ആത്മസാക്ഷാത്കാരത്തിന്റെ നിമിഷമിതാണ് എന്ന ഭാവമായിരുന്നു അദ്ദേഹത്തിന്റെ ചിരിതൂകുന്ന മുഖത്തപ്പോള്‍. പുസ്തകം ഒന്നുകൂടെ വായിച്ചുനോക്കണമെന്നു പറഞ്ഞപ്പോള്‍ 'ഇനി വായനക്കാര്‍ വായിച്ചോട്ടെ' എന്ന മറുപടിയായിരുന്നു. പുസ്തക പ്രകാശനം നടത്തുന്നതിനെ കുറിച്ചും പങ്കെടുക്കേണ്ട ആളുകളെ കുറിച്ചും ചോദിച്ചപ്പോള്‍ ഭാര്യയുടെ കൈയില്‍ നിന്ന് പേരും വിശദാംശങ്ങളും വാങ്ങിക്കൊള്ളുവാനാണ് നിര്‍ദ്ദേശിച്ചത്.
പ്രകാശനം ജൂലൈ 10-ന് കണ്ണൂരിലെ അദ്ദേഹത്തിന്റെ വസതിയില്‍വെച്ച് നടത്താന്‍ കേണലിന്റെ സുഹൃത്തുക്കളും ഞങ്ങളും തീരുമാനിച്ചു. തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരിക്കവേ 04.07.2024 വ്യാഴാഴ്ച രാത്രി 10.30-ന് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത എന്നെ തേടിയെത്തി.
പ്രിയ കേണല്‍ താങ്കളുടെ സേവനം, സഹനം, ധൈര്യം എല്ലാം ഞങ്ങള്‍ക്കൊക്കെ പാഠമാണ്. പ്രതിസന്ധി ഘട്ടങ്ങളെ തരണംചെയ്യുന്നതിന്ന്, ആത്മാഭിനത്തോടെ ജീവിക്കുന്നതിന്ന്, രാഷ്ട്രസേവനത്തിന്ന്, അതിജീവനത്തിന്ന് എല്ലാം... നിങ്ങളെഴുതിയത് കേവലം ഒരാത്മകഥ മാത്രമല്ല തലമുറകള്‍ക്ക് പ്രചോദനമേകിക്കൊണ്ട് കാലം കാത്തുവെക്കുന്ന ഒരുത്തമസൃഷ്ടിയായി 'ജീവിതം ഒരു തീക്കടല്‍' നിലനില്‍ക്കുകതന്നെ ചെയ്യും.
Content Highlights: Memories of Lieutenant colonel Surendran M.K. shared by M. Sidharthan