ദ്രുത കവനത്തിന്റെ തമ്പുരാന്

കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെയും കൊടുങ്ങല്ലൂര്‍ കളരിയുടെയും വലിയ സംഭാവനകളിലൊന്നായിരുന്നു സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. ദ്രുത കവനത്തിന്റെ കവി എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. തല നിറച്ച് കുടുമയും ഉള്ളുനിറച്ച് പഴമയും ഒച്ചപ്പെടാത്ത വാക്കും ചുച്ഛം കലരാത്ത നോക്കും കൊണ്ട് മലയാള കവിതാ സാഹിത്യശാഖയില്‍ തന്റേതായ സിംഹാസനം തമ്പുരാന്‍ തീര്‍ത്തു. വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്റെയും കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ള തമ്പുരാട്ടി യുടെയും മകനായി മലയാള വര്‍ഷം 1040 കന്നിമാസം നാലാം തീയതി (1864 സെപ്റ്റംബര്‍ 18) അശ്വതി നാളില്‍ ജനിച്ച തമ്പുരാന്‍ തന്റെ ഏഴാം വയസ്സുമുതല്‍ തന്നെ കവിത എഴുതിയിരുന്നു.
രാമവര്‍മ്മ എന്നായിരുന്നു യഥാര്‍ഥ പേര്. കവിയും പച്ചമലയാളപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായിരുന്നു കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പിതാവായ വെണ്‍മണി പരമേശ്വരന്‍മ്പൂതിരിയെന്ന വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാട്. വളരെനാളത്തെ കാത്തിരിപ്പിനുശേഷം ഇരുപത്തിയൊന്‍പതാമത്തെ വയസ്സിലാണ് കുഞ്ഞിപ്പിള്ള തമ്പുരാട്ടിക്ക് കുഞ്ഞുണ്ടായത്. അതിനാല്‍ തന്നെ വളരെ ലാളനയോടെയാണ് രാമവര്‍മ്മ വളര്‍ന്നത്. ലാളന അധികമായതിനാല്‍ കുഞ്ഞിക്കുട്ടന്‍ എന്നും കുഞ്ഞന്‍ എന്നുമുള്ള ചെല്ലപ്പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടത്.
തമ്പുരാന്റെ പിതാവിലൂടെ അര്‍ധസഹോദരനായിരുന്നു കദംബന്‍ എന്ന വെണ്‍മണി മഹന്‍മ്പൂതിരി. 48 വര്‍ഷം മാത്രം ജീവിച്ചിരുന്ന തമ്പുരാന്‍ നൂറിലധികം ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തു. മഹാഭാരതത്തിന്റെ തര്‍ജ്ജമയിലൂടെ കേരള വ്യാസന്‍ എന്ന അപരനാമവും സിദ്ധിച്ചു.
കുടുംബഗുരുവായിരുന്ന വിളപ്പില്‍ ഉണ്ണിയാശാന്‍ ആയിരുന്നു കുഞ്ഞന്റെ ആദ്യഗുരു. പ്രാഥമികമായ ബാലപാഠങ്ങള്‍ക്കു ശേഷം മൂന്നാംകൂര്‍ ഗോദവര്‍മ്മതമ്പുരാന്‍ അദ്ദേഹത്തെ കാവ്യം പഠിപ്പിച്ചു. എന്നാല്‍ മൂന്നാംകൂര്‍ തമ്പുരാന്‍ ഏറെത്താമസിയാതെ അന്തരിച്ചു. തുടര്‍ന്നു സ്വന്തം അമ്മാവനായ വിദ്വാന്‍ കുഞ്ഞിരാമവര്‍മ്മന്‍തമ്പുരാന്റെ പക്കല്‍നിന്നായി വിദ്യാഭ്യാസം. മുഖ്യമായും വ്യാകരണം ആയിരുന്നു ഇക്കാലത്തു പഠിച്ചെടുത്തത്.
പ്രൗഢമനോരമ, പരിഭാഷേന്ദുശേഖരം തുടങ്ങിയവയെല്ലാം അമ്മാവനില്‍നിന്നാണ് അദ്ദേഹം പഠിച്ചത്. മഹാകവിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം വ്യാകരണം തന്നെയായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം തന്റെ കൃതികളില്‍ പലപ്പോഴും 'അമ്മാവനും ഗുരുവുമായ കുഞ്ഞിരാമവര്‍മ്മയെ ഭക്തിപൂര്‍വം സ്മരിച്ചിട്ടുണ്ട്. തര്‍ക്കം പഠിപ്പിച്ചത് ഒരു കുഞ്ഞന്‍ തമ്പുരാന്‍ ആയിരുന്നു. വലിയ കൊച്ചുണ്ണിത്തമ്പുരാന്‍ ജ്യോതിഷവും പഠിപ്പിച്ചു. വ്യാസന്‍ മൂന്ന് വര്‍ഷമെടുത്ത് എഴുതിത്തീര്‍ത്തു എന്നു കരുതുന്ന മഹാഭാരതത്തെ രണ്ടുവര്‍ഷം കൊണ്ടാണത്രെ തമ്പുരാന്‍ പദാനുപദ തര്‍ജ്ജമ നടത്തിയത്.
874 ദിവസം അഥവാ രണ്ട് വര്‍ഷവും നാല് മാസവും 24 ദിവസവും കൊണ്ടാണ് മഹാഭാരത തര്‍ജ്ജമ തമ്പുരാന്‍ പൂര്‍ത്തിയാക്കിയത്. ഇടത് കൈകൊണ്ടും വലതുകൈ കൊണ്ടും എഴുതാന്‍ കഴിയുന്ന വൈദഗ്ദ്ധ്യവും തമ്പുരാന് ഉണ്ടായിരുന്നു. മറ്റാരിലും കാണാത്ത പ്രതിഭാവിശേഷം തമ്പുരാനുണ്ടായിരുന്നു. ഒരുലക്ഷത്തിഇരുപത്തി അയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതത്തെ താന്‍ ഒറ്റയ്ക്ക് തര്‍ജമ ചെയ്യാമെന്നുള്ള ആത്മധൈര്യം തമ്പുരാനുണ്ടായി. പതിനെട്ട് പുരാണങ്ങളും നമുക്കി ധൃതിയില്‍ ഭാഷയിലാക്കിവിട്ടിടേണം എന്നതായിരുന്നു തമ്പുരാന്റെ ആഗ്രഹം.
മഹാഭാരതത്തെ ഗദ്യ വിവര്‍ത്തനം ചെയ്ത വിദ്വാന്‍ കെ പ്രകാശം താന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പദ്യവിവര്‍ത്തനത്തെ ഗദ്യമാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞിട്ടുണ്ട്. തമ്പുരാന്റെ പദ്യവിവര്‍ത്തനം വ്യാസമുനിയുടെ മഹാഭാരത സംസ്‌കൃതകാവ്യത്തിന്റെ മലയാള വിവര്‍ത്തനമാണ്. പദ്യത്തെ ഗദ്യമാക്കുവാന്‍ ഭാഷാവിദ്വാന്മാര്‍ക്കു പ്രയാസമില്ലാതെ സാധിച്ചേക്കും. എന്നാല്‍ കഥയെ പദ്യമാക്കുക പ്രയാസം. അതുതന്നെ വൃത്തമൊപ്പിച്ചെടുക്കുക കൂടുതല്‍ ദുഷ്‌കരമാണ്. എന്നാലിവിടെ തമ്പുരാന്‍ ചെയ്തത് സംസ്‌കൃതത്തില്‍ 1095 ദിനങ്ങള്‍കൊണ്ട്് സാക്ഷാല്‍ വ്യാസമുനി വൃത്തമൊപ്പിച്ചു ചിട്ടപ്പെടുത്തി എന്ന് വിശ്വസിക്കപ്പെടുന്ന മഹാഭാരത മഹാകാവ്യത്തെ പദാനുപദമായി വിവര്‍ത്തനം ചെയ്ത് അതേ വൃത്തത്തില്‍, അതേ വാക്യാര്‍ത്ഥത്തില്‍, അതേ പദാര്‍ത്ഥത്തില്‍ മലയാളീകരിച്ച് കാവ്യമാക്കിയെടുക്കുകയാണ്. ഇത്തരത്തിലൊരു പ്രവൃത്തി ചെയ്യുവാന്‍ തമ്പുരാനു വേണ്ടിവന്നത് വെറും 874 ദിവസങ്ങള്‍ മാത്രവും. പദാനുപദം വിവര്‍ത്തനം, വൃത്താനുവൃത്തം പദ്യവല്‍ക്കരണം എന്നിവ വ്യാസനേക്കാള്‍ വേഗത്തില്‍ , വ്യാസരചനയ്ക്കു മലയാള തത്തുല്യമായി തമ്പുരാന്‍ നിര്‍വ്വഹിച്ചു. അതുകൊണ്ടാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ അമാനുഷിക പ്രഭാവനെന്നും കേരളവ്യാസന്‍ എന്നും വിളിക്കുന്നത്.
തന്റെ കൃതികളിലൂടെ തമ്പുരാന്‍ മലയാളത്തിനു നല്‍കിയ ഏറ്റവും വലിയ മഹത്തായ സംഭാവന കൊടുങ്ങല്ലൂര്‍ ശൈലിയെന്ന ഭാഷാ ശൈലിയാണ്. സംസ്‌കൃത പദങ്ങളുടെ സഹായം കൂടാതെ ഒന്നോ രേണ്ടാ ശ്ലോകങ്ങളല്ലാതെ ഒരു കാവ്യം മുഴുവന്‍ രചിക്കുവാന്‍ സാധിക്കില്ലെന്ന് സി.പി. അച്യുതമേനോനും സാധിക്കുമെന്നു തമ്പുരാനും വാദിച്ചു. ആ വാദത്തില്‍ ജയിക്കുവാനാണ് നല്ലഭാഷ എന്ന കാവ്യം അദ്ദേഹം രചിച്ച് വിദ്യാവിനോദിനിയില്‍ പ്രസിദ്ധീകരിച്ചത്. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ബാല്യകാലത്ത് കൊടുങ്ങല്ലൂര്‍ കോവിലകം പാണ്ഡിത്യത്തിന്റെ കലവറയായിരുന്നു.
ഉത്തമമായ ഒരു ഗുരുകുലം എന്ന സ്ഥാനമായിരുന്നു അന്ന് പുലര്‍ത്തിയിരുന്നത്.കേരളത്തിന്റെ നാനാഭാഗത്തുനിന്നും ധാരാളം വിദ്യാര്‍ഥികള്‍ കാവ്യശാസ്ത്രാധികളില്‍ പാണ്ഡിത്യം നേടുന്നതിന് കോവിലകത്ത് എത്തിച്ചേര്‍ന്നിരുന്നു.താന്‍ പഠിച്ചിരുന്ന കാലത്ത് വിവിധവിഷയങ്ങളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ അവിടെ താമസിച്ച് പഠിച്ചിരുന്നു എന്ന് ആറ്റൂര്‍ കൃഷ്ണപിഷാരടി തന്റെ കൊടുങ്ങല്ലൂര്‍ ഗുരുകുലം എന്ന ഉപന്യാസത്തില്‍ പരാമര്‍ശിക്കുന്നു. ഏഴാമത്തെ വയസ്സില്‍ തന്നെ കുഞ്ഞിക്കുട്ടന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങി.
അക്കാലത്ത് കൊടുങ്ങല്ലൂര്‍ താലപ്പൊലിയുടെ എഴുന്നള്ളിപ്പുസമയത്തു വെണ്മണിയുടെ കവിസംഘം ഭഗവതിയെക്കുറിച്ചും മറ്റും നിമിഷശ്ലോകങ്ങള്‍ ഉാക്കിച്ചൊല്ലുക പതിവുണ്ടായിരുന്നു. 'ഒരു ദിവസം താലപ്പൊലിയ്ക്ക് വെണ്മണി അച്ഛന്‍ നമ്പൂതിരിപ്പാട് മകനെ കൂട്ടിക്കൊണ്ടുപോയി. അന്ന് കുഞ്ഞിക്കുട്ടനെക്കൊും ഒരു ശ്ലോകമുണ്ടാക്കിച്ചതായി എനിക്കറിവുണ്ട്'-അമ്മാവന്‍ തമ്പുരാന്‍ എഴുതിയിട്ടുള്ള 'കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മരണകള്‍' എന്ന പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. ഏറേ താമസിയാതെ, കവിതയെഴുത്ത് തമ്പുരാന്റെ ഹരമായിത്തീര്‍ന്നു. സംസ്‌കൃതത്തിലായിരുന്നു ആദ്യകാലത്തെപദ്യനിര്‍മ്മാണം. രാജകുടുംബത്തിലെ കുട്ടികള്‍ മറ്റു കൂട്ടുകാരോടൊപ്പം അക്ഷരശ്ലോകം ചൊല്ലി മത്സരിക്കല്‍ അന്നത്തെ പതിവായിരുന്നു. ഇടയ്ക്ക് പദ്യനിര്‍മ്മാണമത്സരവും ഉണ്ടായിരിക്കും. പഠിപ്പിന്റെ ഇടയില്‍ തന്നെയാവും ഈ വിനോദവും. ഏകദേശം പതിനാറുവയസ്സുകഴിഞ്ഞതോടെ കുഞ്ഞിക്കുട്ടനു് കവിത മാത്രമാണു ജീവിതം എന്ന നിലയായി. മറ്റു വിഷയങ്ങളിലെ പഠിപ്പിൽ ശ്രദ്ധ കുറഞ്ഞു.
സംസ്‌കൃത കാവ്യരചനയില്‍ മുഴുകിക്കഴിഞ്ഞ അദ്ദേഹത്തെ പച്ചമലയാളത്തിന്റെ വഴിയിലേക്കു തിരിച്ചുവിട്ടത് പിതാവ് വെണ്മണി അച്ഛനും വൈമാത്രേയസഹോദരനായ (അച്ഛന് മറ്റൊരു ഭാര്യയില്‍ ജനിച്ച സഹോദരന്‍)വെണ്മണി മഹനുമാണ്. മഹാഭാരതം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാന്‍ പലരും ആഗ്രഹിച്ചു. സി.പി. അച്യുതമേനോന്റെ മേല്‍നോട്ടത്തില്‍ ഇതിനായി കുറെപേരെ കെണ്ടത്തി. ബൃഹത്തായ കാവ്യമായതുകൊണ്ട് ഒറ്റക്കൊരാള്‍ക്ക് സാധ്യമല്ലെന്ന നിഗമനത്തിലായിരുന്നു ഇത്. ഈ പശ്ചാത്തലത്തിലാണ് തമ്പുരാന്‍ ഒറ്റയ്ക്ക് മഹാഭാരത വിവര്‍ത്തനം പൂര്‍ത്തിയാക്കിയത്. തമ്പുരാന്റെ ഭാഷശൈലി ഏറ്റവും പ്രസന്നമാണ്. നമുക്കെഴുത്തച്ഛനെടുത്ത ഭാഷാക്രമക്കണക്കേ ശരണം. ജനങ്ങള്‍ സമസ്തരും സമ്മതിയാതെ കിസ്സമര്‍ത്ഥനോതില്ലൊരു വാക്കുപോലും എന്ന് അദ്ദേഹം കൊട്ടാരത്തില്‍ ശങ്കുണ്ണിയെ ഉപദേശിക്കുന്നു.
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവ,
മാമക പാണ്ഡവാശ്ചൈവ
കിമകുര്‍വ്വത സജ്ജയ,
എന്ന ശ്ലോകത്തിന്
ധര്‍മ്മ ക്ഷേത്രം കുരുക്ഷേത്രം,
പുക്കു പോരിന്നൊരുങ്ങിയോര്‍,
എന്‍ കൂട്ടരും പാണ്ഡവരുമെ
ന്തേ ചെയ്തിതു സജ്ഞയാ
എന്നും
സംഭവിതസ്യ ചാകീര്‍ത്തിര്‍മ്മരണാ ദതിച്ചതേ
എന്ന ശ്ലോകത്തിന് പേര്‍കേട്ടവനു ദുഷ്‌കീര്‍ത്തി ചാകിലും വലുതാണെടോ
എന്നും തമ്പുരാന്‍ അനായാസമായി തര്‍ജമ ചെയ്യുന്നത് തമ്പുരാന്റെ ശൈലിക്ക് ഉദാഹരണമാണ്.
നാട്ടുഭാഷയുടേയും നാട്ടുവഴക്കങ്ങളുടേയും നാട്ടറിവിന്റേയും തമ്പുരാനായിരുന്നു അദ്ദേഹം.തൃശ്ശൂര്‍ പൂരത്തിന് എഴുന്നള്ളിച്ചു നിര്‍ത്തിയ ആന ആനക്കാരന്റെ തോട്ടിയെപ്പോലും വകവെക്കാതെ ഓടിപ്പോയതിനെ,പൂരത്തിന്റെ തിരക്കിനിടയില്‍ കവിയുടെ കാമുകിയും ഒളിച്ചോടിയതായി സങ്കല്‍പ്പിച്ച് തമ്പുരാന്‍ സരസമായി അവതരിപ്പിച്ചത് ഇങ്ങനെയാണ്.
ഞാനയച്ച കടക്കണ്ണും ആനക്കാരന്റെ തോട്ടിയും
മാനിയാതെന്തെടോ പായാന്‍, ആനയുമാനയും.
ഇരുപത്തിയൊന്നാം വയസ്സില്‍ കൊടുങ്ങല്ലൂര്‍ കോയിപ്പള്ളി പാപ്പിയമ്മയെ വിവാഹം ചെയ്തു. പാപ്പിയമ്മ പതിനെട്ടു വര്‍ഷത്തിനുശേഷം മരിച്ചപ്പോള്‍ അദ്ദേഹം തൃശ്ശൂര്‍ കിഴക്കേ സ്രാമ്പില്‍ കുട്ടിപ്പാറുവമ്മയെ വിവാഹം ചെയ്തു. എന്നാല്‍ താമസിയാതെ അവരും മരണം വരിച്ചു. സാമൂതിരി കുടുംബത്തിലെ ശ്രീദേവിത്തമ്പുരാട്ടിയേയും വിവാഹം ചെയ്തിട്ടു്. അവരാണ് ധര്‍മ്മപത്നിയായി അറിയപ്പെടുന്നത്.
അറിയപ്പെട്ടിടത്തോളം, അദ്ദേഹത്തിന്റെ ഇരുപത്തിരാമത്തെ വയസ്സിലാണ് (കൊല്ലം 1062) ആദ്യമായി ഒരു കൃതി (കവി ഭാരതം) പ്രകാശിപ്പിക്കപ്പെടുന്നത്. ഇക്കാലത്ത് മലയാളകവിതാരംഗത്ത് അഷ്ടകരൂപത്തിലും ദശകരൂപത്തിലുമുള്ള ദ്രുതകവനസംസ്‌കാരം കൊടുമ്പിരികൊണ്ടിരിക്കുകയായിരുന്നു. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ഈ മണ്ഡലത്തില്‍ ഏറ്റവും ചാതുര്യമുള്ള ഒന്നാമനായിത്തന്നെ തുടര്‍ന്നു. 1065-ല്‍ രചിച്ച 'ലക്ഷണാസംഗം' എന്ന കൃതിയില്‍ അദ്ദേഹം സ്വയം തന്നെപ്പറ്റിത്തന്നെ അഭിമാനപൂര്‍വ്വം പറഞ്ഞിരിക്കുന്നു: 'നരപതി കുഞ്ഞിക്കുട്ടന്‍ സരസദ്രുതകവി കിരീടമണിയല്ലോ'.
കോട്ടയത്തെ കവിസമാജം സംഘടിപ്പിച്ച ദ്രുതകവിതാപരീക്ഷയില്‍ ഗംഗാവതരണം എന്ന അഞ്ചങ്കങ്ങളുള്ള ഒരു നാടകം അദ്ദേഹം അഞ്ചുമണിക്കൂറിനുള്ളില്‍ എഴുതിത്തീര്‍ത്ത് ഒന്നാം സമ്മാനം നേടി. ഇതോടെ, തെക്കന്‍ നാട്ടിലും അദ്ദേഹത്തിന്റെ പ്രശസ്തി പരന്നു. ഗംഗാവതരണത്തിനു മുമ്പും പിന്‍പുമായി അദ്ദേഹം അക്കാലത്തു് അഞ്ചെട്ടു ദ്രുതകവിതാനാടകങ്ങള്‍ രചിച്ചിട്ടുു്. 1066 തുലാം 18ന് വെറും പന്ത്രുമണിക്കൂര്‍ സമയമെടുത്തു് രചിച്ച, പത്തങ്കങ്ങളും മുന്നൂറു ശ്ലോകങ്ങളുമടങ്ങിയ 'നളചരിതം'ആണിതില്‍ പ്രധാനം.
നനുത്ത മെയ്യും കനത്ത ബുദ്ധിയും നാടാകെ വീടും നാട്ടുകാരൊക്കെ വീട്ടുകാരുമായിരുന്നു തമ്പുരാന്. പരിഭാഷയില്‍ ഇത്രയധികം സാമര്‍ത്ഥ്യം കാട്ടിയവര്‍ കുറവാണ്.
സുലഭപുരുഷാരാജന്‍
സതതം പ്രിയവാദിന ,
അപ്രിയസ്യ പഥ്യസ്യ,
വക്താശ്രോതാ ച ദുര്‍ലഭ
എന്ന ശ്ലോകത്തെ
ആളേറെയുാം രാജാവേ,
നിത്യം സേവ പറഞ്ഞിടാന്‍,
നിത്യം സേവവിട്ടു ഹിതം ചെയ്യാന്‍,
കേള്‍ക്കുവാനുംചുരുക്കമാം
എന്നാണ് തമ്പുരാന്‍ മൊഴിമാറ്റിയത്.
ജരാസന്ധവധം, കിരാതാര്‍ജ്ജുനീയം, സുഭദ്രാഹരണം, ധനശാസ്ത്രകാരിക, ദശകുമാരചരിതം, മാണിക്യസാരം ബദ്രുവാഹനവിജയം, കൊടുങ്ങല്ലൂര്‍ ഭഗവതി കുറത്തിപ്പാട്ട്, ഒരു കരാര്‍,ഒരു ചരിത്ര കഥ,ആത്മബോധം, എരുവയില്‍ അച്യുത വാര്യര്‍, ശ്രീസ്തുതി, ഭാരതമഞ്ജരി, ദേവീഭുജംഗസ്തോത്രം തുടങ്ങി നൂറോളം കൃതികളാണ് തമ്പുരാന്റേതായി ഉള്ളത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടുകൂടി മലയാളസാഹിത്യം പുതിയൊരു പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ ചുവടുപറ്റി കേരളവര്‍മ്മ പ്രസ്ഥാനം ഒരു വശത്തും കൊടുങ്ങല്ലൂര്‍ കോവിലകത്തിന്റെ സാഹിത്യപരിസരങ്ങളില്‍ ഉരുത്തിരിഞ്ഞുവന്ന വെണ്മണി പ്രസ്ഥാനം മറുവശത്തും കാവ്യനാടകരചനകളില്‍ ഏര്‍പ്പെട്ടു. ഇവര്‍ക്കുപുറമേ, മലയാളമനോരമ തുടങ്ങിയ പത്രമാസികാസ്ഥാപനങ്ങള്‍ അവതരിപ്പിച്ച പുതിയ പ്രസിദ്ധീകരണസംസ്‌കാരം കവിതയില്‍ കൂടുതല്‍ ജനകീയമായ ഇടപെടലുകള്‍ നടക്കാനും കവികള്‍ക്ക് പരസ്പരം രസ-നിര്‍മാണ-നിരൂപണസംവാദങ്ങളില്‍ ഏര്‍പ്പെടാനും അവസരം നല്‍കി. അച്ചടി, ആധുനികശൈലിയിലുള്ള പാഠപുസ്തകനിര്‍മ്മാണം തുടങ്ങിയ ഘടകങ്ങള്‍കൂടി ഈ സക്രിയമായ പരിണാമങ്ങള്‍ക്കു സഹായകമായി.
സംസ്‌കൃതനാടകകാവ്യരീതികളോട് അതിരറ്റ മതിപ്പുായിരുന്ന കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ തന്റെ ശൈലിയുടെ ഗാംഭീര്യവും പ്രൗഢിയും പ്രത്യേകതയും തന്നെയാണ് മലയാളകവിത തുടര്‍ന്നുപോകേണ്ടതെന്നു വിശ്വസിച്ചു. മലയാളത്തിലെ ആദ്യത്തെ നാടകസാഹിത്യകൃതി എന്നുപറയാവുന്ന ഭാഷാശാകുന്തളം അദ്ദേഹത്തിന്റെ രചനയായിരുന്നു. ഇതേ വഴി പിന്തുടര്‍ന്ന് വിവര്‍ത്തനങ്ങളിലൂടെ സംസ്‌കൃതത്തില്‍നിന്നും കടംപറ്റിത്തന്നെ ഒരു പറ്റം നാടകങ്ങള്‍ രചിക്കപ്പെടുകയുണ്ടായി. എന്നാല്‍ ആ വഴിയേ പിന്തുടരാന്‍ ഏറെയൊന്നും അനുയായികള്‍ ഉണ്ടായിരുന്നില്ല.
അതേസമയത്ത്, സംസ്‌കൃതത്തിന്റെ അതിപ്രസരത്തിനിപ്പുറത്ത്, ഭാഷാസാഹിത്യനിര്‍മ്മിതിയില്‍ ശുദ്ധമലയാളത്തിന് അര്‍ഹമായ ഇടമുണ്ടെന്നു വെണ്മണിപ്രസ്ഥാനം തെളിയിച്ചുതുടങ്ങി. അതിലെ മുഖ്യസാരഥികളായിരുന്നു അച്ഛനും മകനുമായിരുന്ന വെണ്മണി പരമേശ്വരനും കദംബനും. ഇവര്‍ക്കൊപ്പമോ ഇവരുടെ പിന്‍പറ്റിയോ ധാരാളം കവികളും നാടാകകൃത്തുക്കളും ഉണ്ടായി. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കാത്തുള്ളില്‍ അച്യുതമേനോന്‍, നടുവത്തച്ഛന്‍ നമ്പൂതിരി, ശീവൊള്ളി നമ്പൂതിരി തുടങ്ങിയ ഈ കൂട്ടത്തിലെ ഏറ്റവും തിളങ്ങിനിന്ന താരമായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍. സ്വയം മികച്ച സംസ്‌കൃതപണ്ഡിതന്മാരായിരുന്നിട്ടുപോലും ഇവരെല്ലാം പച്ചമലയാളത്തില്‍ എഴുതാന്‍ കൂടുതല്‍ ശ്രദ്ധ വെച്ചു. കുഞ്ഞിക്കുട്ടന്‍ തമ്പുരാനാവട്ടെ, മലയാളത്തിന്റെ ലാളിത്യം ഏറ്റെടുത്തുകൊണ്ടാടാനുള്ള ശ്രമത്തില്‍ പലപ്പോഴും പരമ്പരാഗതമായ കാവ്യലക്ഷണങ്ങളില്‍ ഉപേക്ഷ പ്രകടിപ്പിക്കാന്‍ പോലും ധൈര്യം കാണിച്ചു.
ഏഴ് മുണ്ടും നാല് തോര്‍ത്തും കൊണ്ട് ജീവിതാഡംബരത്തില്‍ സംതൃപ്തനായിരുന്നു കുഞ്ഞികുട്ടന്‍ തമ്പുരാന്‍. ജീവിതകാലം മുഴുവന്‍ മലയാളഭാഷക്കായാണ് ചെലവഴിച്ചത്. കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാനായിരുന്നിട്ടും ഉച്ചനീചത്വങ്ങള്‍ പാലിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കവികളില്‍ ഉണ്ടാകേണ്ട മാനുഷികത അദ്ദേഹത്തിന് വേണ്ടുവോളം ഉണ്ടായിരുന്നു. കവിതകളെഴുതിക്കൂട്ടുവിന്‍ കൂട്ടുകാരെ എന്ന് മാത്രമായിരുന്നുഅദ്ദേഹത്തിന്റെ ആഹ്വാനം.
കാളി നിന്‍ പുത്രനാം വ്യാസന്‍
മൂന്നാണ്ടാല്‍ തീര്‍ത്ത ഭാരതം
വെറും രണ്ടര വര്‍ഷത്താല്‍
മലയാളത്തിലാക്കുവാന്‍-ചങ്കൂറ്റം കാണിച്ച കവി എന്നാണ് മഹാകവി അക്കിത്തം കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാനെ വിശേഷിപ്പിച്ചത്.
874 ദിവസം അഥവ രണ്ട് വര്‍ഷം നാല് മാസം 24ദിവസം കൊണ്ട് ഒരാളെക്കൊണ്ട് അസാധ്യം എന്ന് തൊന്നിച്ചിരുന്ന കൃത്യം സാധ്യമാക്കി എന്നതാണ് തമ്പുരാന്റെ സിദ്ധി. ജാതി കുമ്മി എഴുതിയ പണ്ഡിറ്റ് കെ. പി. കറുപ്പന്‍ ചെറുപ്പത്തില്‍ സംസ്‌കൃതം പഠിക്കുവാന്‍ വന്നത് കൊടുങ്ങല്ലൂര്‍ കോവിലകത്തായിരുന്നു. ജാതിയില്‍ താഴ്ന്നവനായ കറുപ്പന്‍ കോവിലകത്ത് പഠിക്കാന്‍ എത്തിയത് കോവിലകവുമായി ബന്ധപ്പെട്ടവര്‍ക്ക് അത്ര ഇഷ്ടമായില്ല. തമ്പുരാന്‍ ഇതറിഞ്ഞു.ചെറുപ്പക്കാരനിലെ കവിയെ അറിഞ്ഞ തമ്പുരാന്റെ മറുപടിയും കവിതയായിരുന്നു.
ബാലനായ കവിയില്‍ പ്രിയത്തോടു
ലാളനാമധുരമോതുകല്ല ഞാന്‍
ശീലമോടിവനൊഴുക്കില്‍ നീന്തുകില്‍
ചാലവേ കയറുമില്ല സംശയം
പിന്നീട് പണ്ഠിറ്റ് കറുപ്പന്‍ ആരായി എന്ന് കാലം തെളിയിച്ചു. കുഞ്ഞികുട്ടന്‍ തമ്പുരാന് പദ്യനിര്‍മ്മാണ ശക്തി ഒരു കൂടപ്പിറവിയാണ്. സംസ്‌കൃത പാണ്ഡിത്യത്തെപ്പറ്റി ആലോചിക്കുകയാണെങ്കില്‍ കൊടുങ്ങല്ലൂര്‍ കോയിക്കലെ സ്തംഭങ്ങള്‍ പോലും സംസ്‌കൃത ഭാഷാഭിജ്ഞങ്ങളാണെന്ന് പ്രസിദ്ധമാകുന്നു എന്നാണ് എ.ആര്‍ രാജരാജവര്‍മ്മ അഭിപ്രായപ്പെട്ടിട്ടുള്ളത്.
മഹാഭാരതമായാലും മറ്റെന്തായാലും തന്റെ കൃതികളിലൂടെ തമ്പുരാന്‍ മലയാളത്തിന് നല്‍കിയ ഏറ്റവും മഹത്തായ സംഭാവന കൊടുങ്ങല്ലൂര്‍ ശൈലിയെന്ന ഭാഷാ ശൈലിയാണ്.
നകൃതം,സുകൃതം,കിഞ്ചിദ്-
ബഹുധാ ദുഷ്‌കൃതം കൃതം
എന്നത്.
ഒട്ടും ചെയ്തില്ല സുകൃതം
ഒട്ടേറെ ചെയ്തു ദുഷ്‌കൃതം
എന്നാണ് തമ്പുരാന്‍ തര്‍ജമ ചെയ്തത്.
ദക്ഷയാഗ ശതകത്തില്‍ സതി ശിവനോട് ചോദിക്കുന്നതഎത്രശാലീനമായാണ്.
എന്നാലും താതനല്ലേ പുനരവിടെ
നടക്കുന്നതും യാഗമല്ലേ
ചെന്നാലും നിങ്ങളല്ലെ,
പരമവിടെ വിശേഷിച്ചുചെല്ലേതല്ലെ
ഇന്നെന്താണിഷ്ടനമല്ലേ
തപദൃഡമെഴുനള്ളത്തിനിബ്ഭാവമില്ലേ
നന്നല്ലേ മട്ടുവല്ലെങ്കിലും മമവാ-
ക്കിനു സിദ്ധാന്തമല്ലേ.
ജീവിത കാലഘട്ടത്തിന്റെ അപ്പുറത്തേക്ക് വളര്‍ന്ന വ്യക്തിത്വമായിരുന്നു. അന്യോന്യം അംമ്പാശിവര്‍ നീട്ടിവിട്ട കണ്ണോട്ടം ഏല്‍ക്കുന്ന നല്ല രാജ്യത്തേക്കുറിച്ച് കേരളം എന്ന ചരിത്രകാവ്യമെഴുതിയ തമ്പുരാന്‍ നാട്ടറിവുകളുടെ തേനിച്ചകൂടിയായിരുന്നു.
മറ്റാരിലും കാണാത്ത പ്രതിഭാ വിശേഷണമാണ് തമ്പുരാനെ വ്യത്യസ്തനാക്കിയത്. ഇന്ന് നാം കാണുന്ന ഭാഷ ഗദ്യത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചത് കേരളവര്‍മ്മ വലിയകോയിതമ്പുരാനാണെങ്കില്‍ പദ്യത്തിന്റെ അസ്ഥിവാരം ബലപ്പെടുത്തിയത് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണെന്ന് കേരള സാഹിത്യ ചരിത്രത്തില്‍ ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ പ്രതിപാദിക്കുന്നു.
1067-ാമാണ്ട് വൃശ്ചികം 13ന് കോട്ടയത്ത് നടന്ന സമ്മേളനത്തില്‍ അഞ്ച് മണിക്കൂറും എട്ട് മിനിറ്റും കൊണ്ട് തമ്പുരാന്‍ രചിച്ച ഗംഗാവതരണം നാടകത്തെ അദ്ദേഹത്തിനുണ്ടായിരുന്ന സരസ്വതി പ്രസാദത്തിന് ഉദാഹരണമാണ്. തമ്പുരാന്‍ പറഞ്ഞ് കൊടുത്ത് കുമ്പേഴത്ത് പരമേശ്വര മേനോനെക്കൊണ്ട് എഴുതിക്കുകയായിരുന്നു ആ നാടകം. നിത്യ സഞ്ചാരിയായിരുന്ന തമ്പുരാന് പകിരി എന്നൊരു പേരുകൂടി സിദ്ധിച്ചിരുന്നു.
പച്ച മലയാള പ്രസ്ഥാനത്തിന്റെ വക്താവായിരുന്നു തമ്പുരാന്‍. കൊടുങ്ങല്ലൂര്‍ കോവിലകത്തില്‍ പത്തൊന്‍പതാം നൂറ്റാില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ നിമിഷകവിയെന്നെ പേരിലും അറിയപ്പെട്ടു. മലയാളസാഹിത്യത്തിലേക്കു് ലഭിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ സംഭാവനകളെ ഈ പശ്ചാത്തലത്തില്‍നിന്നുവേണം നോക്കിക്കാണാന്‍. കൊച്ചുണ്ണിത്തമ്പുരാന്‍ തുടങ്ങിവെച്ച സ്വതന്ത്രനാടകപ്രസ്ഥാനവും വെണ്‍മണി നമ്പൂതിരിമാര്‍ പ്രോത്സാഹിപ്പിച്ച പച്ചമലയാളശൈലിയും ഏറ്റെടുത്തു് ആ മാതൃക പിന്‍പറ്റി ചുരുങ്ങിയ കാലത്തിനുള്ളില്‍ അനേകം കൃതികള്‍ അദ്ദേഹം രചിച്ചു. അടുത്ത ദശകങ്ങളില്‍ മലയാളത്തിലെ ഗദ്യ-പദ്യസാഹിത്യം കൂടുതല്‍ സ്വാതന്ത്ര്യമാര്‍ജ്ജിക്കാനും ജനകീയമാവാനും ഇതു വഴിവെച്ചു. മഹാകാവ്യങ്ങളില്‍ നിന്നും ഖണ്ഡകാവ്യങ്ങളിലേക്കും തനതുനാടകപ്രസ്ഥാനങ്ങളിലേക്കും ഇതു വഴിവെച്ചു.
കേരളത്തിനു പരിചിതമായ ചരിത്രകഥകളേയും ഐതിഹ്യങ്ങളേയും പ്രതിപാദ്യമാക്കിക്കൊണ്ട് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കവിതകളെഴുതി. വെണ്മണിശൈലിയേക്കാള്‍ കുറച്ചുകൂടി പച്ചമലയാളമായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. സംസ്‌കൃതപദങ്ങള്‍ എത്ര കുറയ്ക്കാമോ അത്രയ്ക്കും കവിത മെച്ചമായിരിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദര്‍ശം. എന്നാല്‍, അതൊരു നിര്‍ബന്ധം പോലെയായപ്പോള്‍ കവിതയ്ക്ക് കൃത്രിമത്വം തോന്നിത്തുടങ്ങി. ഒപ്പം തന്നെ, സംസ്‌കൃതപണ്ഡിതന്മാരുടെ അളവറ്റ ഗൈര്‍വ്വാണീഭ്രമത്തിന് അതൊരു കടിഞ്ഞാണുമായിത്തീര്‍ന്നു. 'കൂടല്‍മാണിക്യം', 'പാലുള്ളിചരിതം' തുടങ്ങിയ കൃതികളൊക്കെ ഈ തരത്തില്‍ പെട്ടവയാണ്.
ഇരുപത്തിയെട്ടു കൊല്ലം അദ്ദേഹം ഭാഷയ്ക്കായി പ്രവര്‍ത്തിച്ചു. പഴയ ഐതിഹ്യങ്ങള്‍ ശേഖരിച്ച് അവയെ കൈകാര്യം ചെയ്യുവാന്‍ തമ്പുരാന് പ്രത്യേക കഴിവുണ്ടായിരുന്നു. അതിനുവേി ഏതു വിധത്തിലുള്ള ത്യാഗവും അദ്ദേഹം സഹിക്കുമായിരുന്നു. തമ്പുരാന്റെ മറ്റു കൃതികള്‍ കവിഭാരതം, അംബോപദേശം, ദക്ഷയാഗ ശതകം, നല്ല ഭാഷ, തുപ്പല്‍കോളാമ്പി, പാലുള്ളി ചരിതം, മദിരാശി യാത്ര, കൃതിരത്ന പഞ്ചകം, കംസന്‍, കേരളം ഒന്നാം ഭാഗം, ദ്രോണാചാര്യര്‍ (അപൂര്‍ണ്ണം), നളചരിതം, ചന്ദ്രിക, സന്താനഗോപാലം, സീതാസ്വയംവരം, ഗംഗാവിതരണം, ശ്രീമനവിക്രമ ജയം ( സാമൂതിരിയെപ്പറ്റി), മാര്‍ത്താണ്ഡ വിജയം (അപൂര്‍ണ്ണം), മധുസൂദന വിജയം, ഘോഷയാത്ര, അയോദ്ധ്യാകാണ്ഡം, ആത്മബോധം പാന, ചാന പഞ്ചകം, പട്ടാഭിഷേകം പാന, ദോഷവിചാരം കിളിപ്പാട്ട്, രാധാമാധവയോഗം വഞ്ചിപ്പാട്ട്, കൊടുങ്ങല്ലൂര്‍ ഭഗവതി കുറത്തിപ്പാട്ട്, മയൂരധ്യജ ചരിതം, പലവകപ്പാട്ടുകള്‍, ഖണ്ഡകൃതികള്‍, മഹാഭാരതം-ശ്രീമഹാഭാരതം (ഭാഷ) എന്ന പേരില്‍, ഭഗവദ് ഗീത-ഭാഷാ ഭഗവദ് ഗീത എന്ന പേരില്‍, കാദംബരി കഥാസാരം, വിക്രമോര്‍വ്വശീയം, ശുകസന്ദേശം.
കൊ.വ. 1088 മകരം 10നു (ക്രി.വ. 1913 ജനുവരി 22) തന്റെ നാല്പത്തിയെട്ടാമത്തെ വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു. അതിസാരവും സന്നിപാതജ്വരവും പിടിപെട്ടാണ് അദ്ദേഹം മരിച്ചത്. മഹാഭാരതം പോലെത്തന്നെ, മറ്റു പുരാണങ്ങള്‍കൂടി മലയാളത്തിലേക്ക് പരിഭാഷ ചെയ്യണമെന്നു് അദ്ദേഹത്തിന് അത്യന്തം ആഗ്രഹമുായിരുന്നു.
''കഴിഞ്ഞൂ ഭാരതം ഭാരമൊഴിഞ്ഞൂ വലുതൊന്നിനി
പൊഴിഞ്ഞൂറും രസാല്‍ വേറെച്ചുഴിഞ്ഞൂക്കില്‍പ്പിടിക്കണം.
പതിനെട്ടു പുരാണങ്ങള്‍ പതിരറ്റു കിടക്കവേ
മതി മങ്ങിച്ചീ പ്രവൃത്തി മതിയാക്കുകില്‍ നഷ്ടമാം''
എന്നാണു ഭാരതതര്‍ജമയ്ക്കുശേഷം അദ്ദേഹം സുഹൃത്തുക്കളോടു് പറഞ്ഞിരുന്നത്. എന്നാല്‍ ആകസ്മികമായി വന്ന അസുഖവും ദേഹവിയോഗവും അദ്ദേഹത്തിന്റെ ആ മോഹം സാധിച്ചുകൊടുത്തില്ല.
രാമായണവും ഭാരതവും പുരാണ-
സാമാന്യം തീര്‍ത്തമഹര്‍ഷിമാരും
ഈ മാന്യമാം കേരളമെന്നു മുഖ്യ
പ്രാമാണ്യമോടുണ്ടു പറഞ്ഞിരിപ്പൂ.
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കേരള പ്രതിഷ്ഠ എന്ന കവിതയില്‍ നിന്നാണ് ഈ വരികള്‍. അറിവിനെ പകര്‍ന്നുകൊടുക്കുക എന്ന പുണ്യമാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ ജീവിതത്തില്‍ അനുഷ്ഠിച്ച ഏറ്റവും പ്രധാന കര്‍മ്മം. ആ പറഞ്ഞു കൊടുക്കലിന് പല രൂപങ്ങളുായിരുന്നു. കവിതയും, കാവ്യങ്ങളും, വിവര്‍ത്തനങ്ങളും, മുക്തകങ്ങളും, നാടകങ്ങളും അങ്ങനെയങ്ങനെ. സംസ്‌കൃതാധിപത്യമില്ലാത്ത മലയാള കാവ്യഭാഷ രൂപപ്പെടുത്താന്‍ യത്നിച്ച വെണ്‍മണി പ്രസ്ഥാനത്തിലെ ഏറ്റവും പ്രശസ്തനായ കവിയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. സാമ്പ്രദായികമായ രീതിയില്‍ സംസ്‌കൃതവിദ്യാഭ്യാസം നേടിയ തമ്പുരാന്‍ ദ്രുതകവനത്തില്‍ അദ്വിതീയനായിരുന്നു. കവി, ഗദ്യകാരന്‍, ചരിത്രഗവേഷകന്‍, പത്രാധിപര്‍ തുടങ്ങിയ നിലയില്‍ ആ വ്യക്തിജീവിതം ഏറെ തിളങ്ങി. 11 സംസ്‌കൃത കൃതികള്‍ രചിച്ചിട്ടുണ്ട് കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍. വ്യായോഗങ്ങളും സ്തോത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. അലങ്കാര ശാസ്ത്രം, ശബ്ദശാസ്ത്രം, ചികിത്സാശാസ്ത്രം എന്നീ ജനുസുകളിലായി നിരവധി കൃതികള്‍ തമ്പുരാന്റേതായി പുറത്തുവന്നു.
അഞ്ചുകൃതികളുള്ള കൃതിരത്ന പഞ്ചകം, കംസന്‍, കവി ഭാരതം, പാലുള്ളി ചരിതം, മദിരാശിയാത്ര, തുപ്പല്‍ കോളാമ്പി, ദക്ഷയാഗശതകം തുടങ്ങിയവയാണ് തമ്പുരാന്റെ പ്രധാന മലയാള കാവ്യങ്ങള്‍. കോട്ടയ്ക്കല്‍ പി.വി. കൃഷ്ണവാര്യരുടെ വീട്ടില്‍ നിന്ന് 1903 ല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ കണ്ടെടുത്ത ഗ്രന്ഥമാണ് ലീലാതിലകം. പ്രാചീന കേരള ചരിത്രത്തെക്കുറിച്ച് ഐതിഹ്യങ്ങളെ ആസ്പദമാക്കി 1912 ല്‍ രചിച്ച കേരളം എന്ന മഹാകാവ്യത്തിന്റെ 11 സര്‍ഗ്ഗങ്ങള്‍ പൂര്‍ത്തിയാക്കാനേ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് കഴിഞ്ഞുള്ളൂ. നവോത്ഥാനത്തിന്റെ ഒരു സവിശേഷത പ്രത്യക്ഷപ്പെടുത്തുന്ന ജീനിയസ്സായിരുന്നു കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ എന്നാണ് പ്രശസ്ത നിരൂപകന്‍ പ്രൊഫ. എം.എന്‍ വിജയന്‍ തമ്പുരാനെ വിശേഷിപ്പിച്ചത്. നവോത്ഥാനത്തിന്റെ ഒരു മുഖം പരിഭാഷയായിരുന്നു. അതുകൊണ്ട് തമ്പുരാന്റെ നവോത്ഥാന പരിഭാഷയ്ക്ക് ഈ നവോത്ഥാന മൂല്യം സ്വാഭാവികമായി വന്നുചേര്‍ന്നു. പലരും അറിയാത്തവിധം അദ്ദേഹം നാട്ടുഭാഷയുടേയും നാട്ടുവഴക്കങ്ങളുടേയും നാട്ടറിവുകളുടേയും ഒരു തേനീച്ചയായിരുന്നു.
ഈ ഭീതകാല താത്പര്യമാണ് കേരളം എന്ന ചരിത്രകാവ്യത്തിന് കാരണമായിത്തീര്‍ന്നത്. മലയാളിക്ക് പറയാന്‍ കഴിവില്ലാത്തതായി ഒന്നുമില്ലെന്ന് ഭാരത പരിഭാഷകൊണ്ട് തമ്പുരാന് ത്ളിയിക്കാന്‍ കഴിഞ്ഞു. ഒരു നാട്ടിലും ഒരുകാലത്തും സംഭവിച്ചിട്ടില്ലാത്ത ഒരത്ഭുതമാണ് ഭാരത പിഭാഷയുടെ നിര്‍മ്മാണ വേഗതയെന്നും എം.എന്‍. വിജയന്‍ രേഖപ്പെടുത്തുന്നു. 'തലനിറച്ചു കുടുമ, ഉള്ളുനിറച്ചു പഴമ, ഒച്ചപ്പെടാത്ത വാക്ക്, പുച്ഛം കലരാത്ത നോക്ക് നനുത്ത മെയ്യ്, കനത്ത ബുദ്ധി, നാടൊക്കെ വീട്,നാട്ടുകാരൊക്കെ വീട്ടുകാര്‍'. എന്നാണ് അമ്പാടി നാരായണപ്പൊതുവാള്‍ തമ്പുരാനെ വിശേഷിപ്പിച്ചത്. തമ്പുരാന്റെ മഹാഭാരത തര്‍ജ്ജമയെക്കുറിച്ച് കേരളപാണിനി എ.ആര്‍.രാജരാജവര്‍മ്മ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. 'മഹാഭാരതമെന്നത്ത് ഒരു ശബ്ദമയമായ മഹാര്‍ണവമാകുന്നു.
ചില പുണ്യകാലങ്ങളിലും മറ്റും ചില ധാര്‍മികന്മാര്‍ ഇതിന്റെ ചില വിശേഷപ്പെട്ട ഘട്ടങ്ങളില്‍ ഇറങ്ങി സ്നാനതര്‍പ്പണാദികള്‍ ചെയ്യുന്നതല്ലാതെ ജലക്രീഡയ്ക്കും മറ്റും ഇത് ഉതകുന്നതല്ല. കല്ലോലകോലാഹലകലുഷങ്ങളായ കൂലാസന്ന ഭാഗങ്ങളും പ്രസന്നഗംഭീരങ്ങളായ മധ്യഭാഗങ്ങളും ഇതിലുണ്ട്. കവി മേഘങ്ങല്‍ ഇതില്‍നിന്നെടുത്ത് സരസ്സപ്പെടുത്തിയാണ് തങ്ങളുടെ സൂക്തസാരങ്ങളെ കോരിവാരിച്ചൊരിയുന്നത്. പലപല വിലമതിക്കാനെളുതല്ലാത്ത രത്നങ്ങള്‍ക്കും ഇത് അനശ്വരമായ ഒരു ആകാരമാകുന്നു. ഇങ്ങനെ സമുദ്രത്തിന്റെ പോലെയുള്ള ഇതിന്റെ മഹത്വവും ഗാംഭീര്യവും ആരെയാണ് വിസ്മയിപ്പിക്കാത്തത്.
എന്നാല്‍ തത്താദൃശ്യമായ സമുദ്രത്തേയും വളകത്തിനുള്ളിലാക്കി ചൂഷണം ചെയ്ത് വിസര്‍ജ്ജനം ചെയ്യുന്നതിന് ഒരു മഹാനുഭാവന്‍ ഉണ്ടായതുപോലെ ഈ ഭാരതത്തേയും ഹൃദയസമ്പുടത്തില്‍ ഗ്രഹിച്ച് ഭാഷാന്തരരൂപേണ വെളിയില്‍വിടുന്നതിന് ഒരു മഹാന്‍ നമ്മുടെ ഇടയില്‍തന്നെ ജനിച്ചിരിക്കുന്നു. സമുദ്രം പാനം ചെയ്തത് വിന്ധ്യമഹാഗിരിയുടെ സ്തംഭയിതാവായ അഗസ്ത്യമുനിയാണെങ്കില്‍ ഭാരതം ഭാഷപ്പെടുത്തിയത് സരസദ്രുതകവികിരീടമണിയായ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ അവറുകളാകുന്നു. ഭാരതം ഒരു പരിവൃത്തി പാരായണം ചെയ്ത് തീര്‍ക്കുന്നതുപോലും ബഹുസംവത്സര സാധ്യമായിരിക്കേ ഇതിനെ പരിമിതമായ കാലത്തിനുള്ളില്‍ വൃത്താനുവൃത്തവും പദാനുപദവുമായി പരിഭാഷപ്പെടുത്തുന്നത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനൊഴികേ മറ്റൊരു കവിക്കും സാധിക്കുന്നതല്ല. ഈ ബ്രഹ്‌മാണ്ഡഗ്രന്ഥം ഒരാളായിട്ട് പകര്‍ത്തിയെഴുതുക തന്നെയുണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.
പ്രകൃതാനുപ്രകൃതിയായിവരുന്ന അനേകം ആനുഷംഗികവിഷയങ്ങളെ എല്ലാം തള്ളിക്കളഞ്ഞ് അനുസ്യൂതമായ കുരുപാണ്ഡവ കഥയെ മാത്രം അടിസ്ഥാനപ്പെടുത്തി വാലും തലയുമില്ലാതെ ഏതാനും പദ്യങ്ങളേക്കൊണ്ട് ഒരു ഭാരതസംഗ്രഹം ഭാഷയില്‍ ചെയ്തവകയ്ക്ക് എഴുത്തച്ഛനെ നാം എത്രയോ കൊണ്ടാടുന്നു.ഇത്രതന്നെ കൊാണ്ടടിയതൊന്നും പോരാ ഇനിയും ചില സ്മാരകവും മറ്റും വേണം പോലും.ഈ സ്ഥിതിയ്ക്ക് ഒരക്ഷരംപോലും വിടാതെ ആ ഗ്രന്ഥത്തെ സ്വഭാഷയില്‍തീര്‍ത്ത കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ കേരളീയര്‍ ശിരസ്സാവഹിച്ചാലും മതിയാകുമോ.
കുഞ്ഞിക്കുട്ടന്‍ തമ്പുരാന് പദ്യനിര്‍മ്മാണ ശക്തി ഒരു കൂടപ്പിറപ്പാണ്. ഇംഗ്ളീഷ് മഹാകവിയായ അലക്സാണ്ടർ പോപ്പിന്റെ കാര്യത്തില്‍ പറയാറുള്ളതുപോലെ അവിടേയ്ക്കു വേണമെങ്കില്‍ ശ്ലോകത്തില്‍തന്നെ വെടിപറയാം. സംസ്‌കൃത പാണ്ഡിത്യത്തെപ്പറ്റി ആലോചിക്കുകയാണെങ്കില്‍ കൊടുങ്ങല്ലൂര്‍ കോയിക്കലെ സ്തംഭങ്ങള്‍ പോലും സംസ്‌കൃതഭാഷാഭിജ്ഞങ്ങളാണെന്ന് പ്രസിദ്ധമാകുന്നു. മലയാലഭാഷയുടെ ശുദ്ധിയേക്കുറിച്ചോ ചോദിപ്പാനുമില്ല.
മധ്യകേരളമായ കൊടുങ്ങല്ലൂര്‍ദേശത്തെ നടപ്പുഭാഷയാണ് അത്യുത്തമമായി ഗണിച്ചിരിക്കുന്നത്. കവിയ്ക്ക് ബാല്യസഹവാസം വെണ്‍മണി പ്രഭൃതികളുമായിട്ടായിരുന്നു.. ഇതെല്ലാം കൂട്ടിച്ചേര്‍ത്തു നോക്കുമ്പോള്‍ ഭാരതതര്‍ജ്ജമയില്‍ ഒരഭിപ്രായം പറയാന്‍ തന്നെ അസ്മാദൃശന്‍മാരുടെ ജിഹ്വ പ്രസരിക്കുന്നില്ല.' എല്ലാ ദിവസവും രാവിലെ ആറുമമിമുതല്‍ ഒന്‍പതുമണിവരെയുള്ള സമയത്തായിരുന്നു തമ്പുരാന്റെ ഭാരതതര്‍ജമ നടന്നത്.ആദ്യകാലത്ത് അമ്പത് ശ്ലോകങ്ങല്‍ മാത്രമാണ് തമ്പുരാന്‍ ഒരുദിവസം തര്‍ജമചെയ്തിരുന്നതെങ്കില്‍ പിന്നീടത് നൂറും നുറ്റമ്പതുമായി. സവ്യസാചി എന്ന് വിശേഷിപ്പിക്കപ്പെട്ട തമ്പുരാന് വലതു കൈകൊണ്ടും ഇടതുകൈകൊും എഴുതുവാനുള്ള കഴിവുായിരുന്നു.കത്തുകളായി പതിനായിരത്തോളം ശ്ലോകങ്ങള്‍ തന്നെ തമ്പുരാനെഴുതിയിട്ടുണ്ട് എന്നാണ് കണക്ക്. വിദ്യാവിനോദിനി, മലയാള മനോരമ തുടങ്ങിയ മാസികകളിലായിരുന്നു തമ്പുരാനെഴുതിയ മുക്തകങ്ങള്‍ കൂടുതലായും അച്ചടിച്ചുവന്നത്. എത്ര വേഗത്തില്‍ എഴുതിയാലും തമ്പുരാന്റെ രചനയില്‍ അബദ്ധം പിണയാറില്ല എന്നത് അദ്ദേഹത്തിന്റെ ഭാഷാപാണ്ഡിത്യമാണ് വ്യക്തമാക്കുന്നത്.
അന്നത്തെ മഹാരാജാവിന്റെ ഷഷ്ഠിപൂര്‍ത്തിക്ക് ഷഷ്ഠിയാവട്ടേ എന്നുപറഞ്ഞ് അറുപത് പദ്യങ്ങളാണ് ദ്രുതകവനത്തിന്റെ തമ്പുരാന്‍ എഴുതിയത്.യമകകാവ്യത്തിന്‍രെ അഭിപ്രായം യമകത്തിലയച്ചതുംപദ്യത്തില്‍ തന്നെ പ്രസംഗം നടത്താനുള്ളകഴിവും തമ്പുരാനുമാത്രം സാധ്യമായിട്ടുള്ളതാണ്. പദ്യത്തില്‍ പ്രസംഗിക്കുകയെന്നുള്ളത് മറ്റ് കവികള്‍ക്ക് സാധ്യമാകാത്ത കാര്യമാണ്. 'മടിയില്‍തന്നെയെന്നല്ല, മുടിയില്‍ക്കൂടിയച്ചിയേ കുടികൊള്ളിച്ചിടും സര്‍പ്പ, മുടിയസ്വാമിയെത്തൊഴാം' എന്നാണ് സാക്ഷാല്‍ പരമേശ്വരനെ തമ്പുരാന്‍ സ്തുതിച്ചത്.
'മൂഢനും പണ്ഠിതന്നും ചെറിയ ധനികനും പിച്ചതെണ്ടുന്നവന്നും പ്രൗഢന്നും പ്രാകൃതനും പ്രഭുവിനിടയനും കണ്ട നായ്ക്കും നരിക്കും ഗാഢം വ്യാപിക്കുമാറായ്പ്പകലുമിരവിലും ലോകമോര്‍ക്കാതെ മായാഗൂഢക്കൈയ്യാല്‍ മയക്കും മഹിതമരണമേ നിന്റെ ഘോഷം വിശേഷം എന്ന് മരണത്തെക്കുറിച്ച് തമ്പുരാനെഴുതുന്നു.
'വല്ലെങ്കിലും നാടകമൊന്നെടുക്കൂ
തെല്ലെങ്കിലും തര്‍ജമ ചെയ്തുനോക്കൂ
ഇല്ലംകുലുങ്ങില്ലതുകൊണ്ടു ഹേ-
നന്നല്ലെങ്കിലപ്പോള്‍ കളയാം നമുക്കും'
എന്നാണ് നടുവത്ത് അച്ഛന്‍ നമ്പൂതിരിയോടു തമ്പുരാന്‍ നടത്തിയ ഉപദേശം.
നരപതി കുഞ്ഞിക്കുട്ടന്‍ സരസദ്രുത കവി കിരീടമണിയല്ലോ എന്ന് അദ്ദേഹം ചെയ്ത പ്രസ്താവന ആത്മപ്രശംസയാണെന്ന് അക്കാലത്ത് ആര്‍ക്കുംതന്നെ തോന്നിയിട്ടില്ലെന്ന് കേരള സാഹിത്യചരിത്രത്തില്‍ ഉള്ളൂര്‍ എസ്.പരമേശ്വരയ്യർ പറയുന്നു.
പ്രൊഫ.ജോസഫ് മുശ്ശേരി തന്റെ കൊഴിഞ്ഞ ഇലകള്‍ എന്ന ആത്മകഥയില്‍ തമ്പുരാന്റെ രചനാവൈഭവത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒ!രു സംഭവമുണ്ട്. തമ്പുരാന്റെ ഇളയമകള്‍ക്ക് സ്‌ക്കൂളില്‍നിന്നും പുസ്തകം വാങ്ങാന്‍ തത്ക്കാലം തമ്പുരാന്റെ കൈയ്യില്‍ കാശില്ലാതെ വന്നപ്പോള്‍ സ്‌ക്കൂളില്‍ പുസ്തകം വിതരണം ചെയ്യുന്ന ആള്‍ക്ക് തമ്പുരാന്‍ കൊടുത്തയച്ച കുറിപ്പ് തമ്പുരാന്റെ ഭാഷാപ്രയോഗ വൈദഗ്ദ്യം വെളിവാക്കുന്നതാണ്.
'ബാലശിക്ഷയ്ക്കലട്ടുന്നു
ബാലപുത്രി സരസ്വതി
അലട്ടുതീര്‍ത്തു വിട്ടേക്കൂ
വിലപിന്നെത്തരാമെടോ
എന്നായിരുന്നു ആ കുറിപ്പ്
1067-ാം മാണ്ട് വൃശ്ചികം 13 ന് കോട്ടയത്ത നടന്ന സമ്മേളനത്തില്‍ അഞ്ച് മണിക്കൂറും എട്ട്മിനിറ്റുംകൊണ്ട് തമ്പുരാന്‍ എഴുതിയ ഗംഗാവതരണം നാടകത്തെ അദ്ദേഹത്തിനുണ്ടായിരുന്ന സരസ്വതി വരപ്രസാദത്തിന് ഉദാഹരണമായി മനസ്സിലാക്കാം.;
സ്വന്തമായി മലയാളത്തില്‍ച്ചേരും വാചകരീതിയെ,
ഉപയോഗിച്ചുകൊള്ളാവൂ വാക്യഭംഗിവരുത്തുവാന്‍- എന്നും
പ്രയത്നിക്കമാത്രം നമുക്കുള്ളകൃത്യം,
പ്രയത്നംഫലിപ്പിക്കലാദൈവകൃത്യം
സ്വയംചെയ്യണം നാം മനുഷ്യപ്രയത്നം
സ്വയത്നം പരാശക്തി സിദ്ധാര്‍ത്ഥാക്കും
എന്നും
പാരില്‍ പുകഴ്ന്ന മലയാളമഹീസുരേന്ദ്ര
ന്മാരിന്നു വാഴ്ത്തിവരുമഷ്ടഗൃഹം പ്രസിദ്ധം
പാരംമഹത്തവയിലുണ്ടുകുലുക്കമില്ലാ-
വൂരെന്നു ചൊല്ലിവരുമാഢൃഗൃഹം പ്രധാനം
എന്നും
പ്രായേണ ദ്രാവിഡച്ചൊല്‍കളിലിടകലരും
പ്രാസസൗഭാഗ്യമുണ്ടെ-
ന്നായേ ലോകം രസിക്കൂ-കവിതയിലതിനാല്‍
ഭൂരിപക്ഷത്തെനോക്കി ചായേണം
നമ്മളങ്ങോട്ടതിനിടയില്‍ വെറും വാഗ്വിവാദം തുടങ്ങി-
പ്പോയേച്ചാല്‍ കാര്യമുണ്ടോ കവിതകളെഴുതിക്കൂട്ടുവിന്‍ക്കൂട്ടുകാരേ
എന്നും പ്രയോഗിച്ച കവിയാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
കേരളസാഹിത്യചരിത്രത്തില്‍ തമ്പുരാന്റെ രീതിയെക്കുറിച്ച് ഉള്ളൂര്‍ പറയുന്നത് 'തമ്പുരാനു മുറുക്കും അതോടുകൂടി പറഞ്ഞുകൊടുക്കുന്നതെഴുതാന്‍ ഒരാളും ആവശ്യമായിരുന്നു. ആ ലേഖകന്‍ കവികൂടിയായിരുന്നാല്‍ ഉത്തമമായി.ആരും കൂടെയില്ലെങ്കില്‍ നിലത്ത് കുനിഞ്ഞുകിടന്നെഴുതും. പക്ഷെ ഒരു മിനിറ്റുുകൊണ്ട് ആലോചിച്ചത് എഴുതുവാന്‍ അഞ്ച് മിനിറ്റ് വേണം. അത്രപതുക്കയേ കൈയ്യോടിയിരുന്നുള്ളൂ. വേദവ്യാസന്‍ വിഘ്നേശ്വരനെക്കൊണ്ട് മഹാഭാരതം എഴുതിച്ചതുപോലെ ആ മഹാഗ്രത്ഥത്തിന്റെ തര്‍ജമ തമ്പുരാനും പലരേക്കൊണ്ട് എഴുതിക്കുകയായിരുന്നു പതിവ്.'
തമ്പുരാന്റെ ലേഖനങ്ങളില്‍ കൂടുതലും പ്രാചീനകേരളചരിത്രത്തെ പരാമര്‍ശിക്കുന്നതായിരുന്നു. പ്രാചീനകേരളചരിത്രത്തെക്കുറിച്ച് അഗാധമായ പാണ്ഡിത്യം തമ്പുരാന് ഉണ്ടായിരുന്നുവെന്ന് ലേഖനങ്ങള്‍ വ്യക്തമാക്കുന്നു.പ്രസന്നമധുരമായ ഭാഷാശൈലിയാണ് തമ്പുരാന്‍ ഉപയോഗിച്ചിരുന്നത്.
നിരൂപകരുടെ അഭിപ്രായത്തില്‍ ജീവനുള്ള ഭാഷാപദങ്ങല്‍ ആത്രധാരാളമായി പ്രയോഗിച്ചിട്ടുള്ള ഒരു കവി കുഞ്ചന്‍നമ്പ്യാര്‍ക്കിപ്പുറം ജനിച്ചിട്ടില്ല എന്നാണ്. കുഞ്ഞിക്കുട്ടന്‍ തമ്പുരാനെക്കുറിച്ച് പ്രൊഫ.ജോസഫ് മുണ്ടശേരി പറയുന്നത് ഇങ്ങനെയാണ്.'എന്തുകൊണ്ടാണ് കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ നമുക്കെല്ലാം ഒരു അത്ഭുതപുരുഷനായിത്തീര്‍ന്നത്.അദ്ദേഹത്തില്‍ നിന്നും കൈവന്ന നുറില്‍പ്പരം കൃതികളുടെ പേരിലാണോ.ആയിരിക്കാന്‍ വയ്യ. നൂറോ അതിലധികമോകൃതികള്‍ സംഭാവന ചെയ്തിട്ടുള്ളവര്‍ വേറെയുമുണ്ട്. അവരാരും ഇത്രമാത്രം നമ്മെ ആശ്ചര്യപ്പെടുത്തിയിട്ടില്ല.
മറ്റാരിലും ഇത്രവരെ കണ്ടിട്ടില്ലാത്ത ഒരു പ്രതിഭാവിലാസം തമ്പുരാന് ഉണ്ടായിരുന്നിരിക്കണം. തീര്‍ച്ച. എന്താവാം അത്? തമ്പുരാന്‍ ഒരു നിമിഷകവിയായിരുന്നു. ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ലോകങ്ങളുള്ള മഹാഭാരതം പ്രാചീന ഭാരതത്തിന്റെ സാംസ്‌ക്കാരികമൂല്യങ്ങളെല്ലാം തന്നെ ഉള്‍ക്കൊണ്ട് ആയിരക്കണക്കിനു കഥകളും ഉപകഥകളും കഥാപാത്രങ്ങളും തത്വദര്‍ശനങ്ങളും മറ്റുമായി സമുദ്രംപോലെ അലയടിച്ചങ്ങനെ കിടക്കുന്ന ഇതിഹാസം. അതോ ലോകത്തവിടെ കാണുന്നതിനേക്കാളും വലിപ്പമേറിയതും-താനൊറ്റയ്ക്ക് തര്‍ജമ ചെയ്തുകളയാമെന്നുള്ള ആത്മധൈര്യം തോന്നിയതുണ്ടല്ലോ, അതൊന്നു മതി അദ്ദേഹത്തെ നാം കാണുംപോലെ അമാനുഷിക പ്രതിഭയാക്കാന്‍' (ബുദ്ധിമാന്‍മാര്‍ ജീവിക്കുന്നു-മുണ്ടശ്ശേരി) ജീവിച്ച കാലഘട്ടത്തിനപ്പുറത്തേക്ക് വളര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞ കവിയാണ് തമ്പുരാന്‍. മഹാഭാരത തര്‍ജമയെപ്പോലെ തന്നെ തമ്പുരാന്റെ മറ്റൊരു പ്രശസ്ത കൃതിയാണ് കേരളം. ഇതു മുഴുവനായി ലഭിച്ചിട്ടില്ല എന്ന് നിരൂപകര്‍ പറയുന്നു. 1912 ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രാചീനകേരളം എന്ന ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിപൂലീകരിച്ച് ശ്ലോകങ്ങളായി, സര്‍ഗങ്ങളായി വിഭജിച്ച് എഴുതിയതാണ് കേരളം എന്ന കൃതി.
'അന്യോന്യം അംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേല്‍ക്കുന്നുണ്ടീ നല്ലരാജ്യം എന്ന് കേരളത്തെ വര്‍ണ്ണിക്കുന്ന കവി കേരളോത്പത്തിയേക്കുറിച്ച് മറ്റുള്ളവരുടെ ചരിത്രനിരീക്ഷണങ്ങളെ ആക്രമിക്കാനോ സ്വന്തം അഭിപ്രായങ്ങള്‍ വായനക്കാരനെ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കുന്നില്ല എന്ന് നിരൂപകര്‍ പറയുന്നു.
കൊടുങ്ങല്ലൂര്‍ കോവിലകത്തെ തമ്പുരാനായിരുന്നിട്ടും ഇച്ചനീചത്വങ്ങള്‍ പാലിക്കാന്‍ അദ്ദേഹം തയ്യാരായിരുന്നില്ല. ഉള്ളൂര്‍ കേരളസാഹിത്യ ചരിത്രത്തില്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടൻ തമ്പുരാനെ ഇങ്ങനെ വിലയിരുത്തുന്നു.' അസാമാന്യമായ പല അമാനുഷിക കര്‍മ്മങ്ങളും ചെയ്തു കേരളീയരെ ആകമാനം ആശ്ചര്യപരതന്ത്രരും ആനന്ദതുന്ദിലരുമാക്കിയ ഒരവതാരപുരുഷനാണ് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.
'യദ്യ ദ്വിഭൂതിമല്‍ സത്ത്വം
ശ്രീമദ്ദൂര്‍ജ്ജിതമേവ വാ,
തത്ത ദേവാവഗച്ഛത്വം
മമ തേജോംശ സംഭവം'
എന്ന ഗീതാവാക്യം അദ്ദേഹത്തിന്റെ വിഷയത്തില്‍ തികച്ചും യോജിക്കും.ഒരു കാല്‍ശതാബ്ഘത്തിനിടയ്ക്ക് അദ്ദേഹം സാഹിത്യപോഷണത്തെ പുരസ്‌ക്കരിച്ച് സഹസ്രമുഖമായി ചെയ്ത സേവനങ്ങല്‍ ആര്‍ക്കും വിലമതിക്കുവാന്‍ പാടുള്ളതല്ല.
നമ്മുടെ സാഹിത്യ സരണിയില്‍ അത്തരത്തില്‍ ഒരു മഹത്തായ സരസ്വതീവല്ലഭന്‍ അതിനു മുമ്പും അതിനുപിന്നീടും ഒരിക്കലും സഞ്ചരിച്ചിട്ടില്ല.കൈരളിയുടെ പൂര്‍വ്വപുണ്യത്തിന്റെ പരിണിതഫലമായിരുന്നു അദ്ദേഹത്തിന്റെ ആവിര്‍ഭാവമെന്ന് ഭാവനാകുശലന്‍മാര്‍ക്ക് കാണുവാന്‍ അശ്ശേഷം പ്രയാസമില്ല.ഇന്നു നാം കാണുന്ന ഭാഷാഗദ്യത്തിന്റെ അടിശ്താനം ഉറപ്പിച്ചത് കേരളവര്‍മ്മവലിയകോയിത്തമ്പുരാനാണെങ്കില്‍ പദ്യത്തിന്റെ അസ്തിവാരം ബലപ്പെടുത്തിയത് കുഞ്ഞിക്കുട്ടന്‍ തമ്പുരാനാണ്. അവരെ വിസ്മരിക്കുന്ന ആധുനിക സാഹിത്യകാരന്മാര്‍ തലമറന്ന് എണ്ണതേയ്ക്കുകയാണ് ചെയ്യുന്നത്' കൈരളിയുടെ കഥയില്‍ എന്‍ കൃഷ്ണപിള്ള തമ്പുരാനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'മഹാകാവ്യത്തിന്റെ നി,്കൃഷ്ട ലക്ഷണങ്ങല്‍ ഇല്ലാത്തതും ഏതു മഹാകാവ്യത്തേക്കാളും മേന്‍മയുള്ളതും ആയിരക്കണക്കിന് കാവ്യങ്ങല്‍ക്ക് ആധാരഭൂതവുമായ ര് ബൃഹദ്ഗ്രന്ഥങ്ങലുടെ പരിഭാഷകളേക്കുറിച്ച് പറയേിയിരിക്കുന്നു,കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ വ്യാസഭാരത തര്‍ജ്ജമ(1906) വള്ളത്തോള്‍ നാരായണമോനോന്റെ വാത്മീകിരാമായണ വിവര്‍ത്തനവുമാണ് (1909) ഇവിടെ ഉദ്ദേശിക്കുന്നത്. പലസാഹിത്യകാരന്‍മാരുടെ സംഘടിതശ്രമം പല വര്‍ഷത്തേക്ക് ഉണ്ടായിരുന്നാല്‍ മാത്രം സഫലമാകുന്ന മപോന്നത സംറംഭത്തെ ചുരുങ്ങിയകാലംകൊണ്ട് വിജയശ്രീലാളിതമാക്കാന്‍ കഴിഞ്ഞ ഈ പരിഭാഷകര്‍ കേരളീയരുടെ നിര്‍വ്യാജമായ കൃതജ്ഞത അര്‍ഹിക്കുന്നു. ഇന്ത്യയിലെ മറ്റേതു പ്രാദേശിക ഭാഷയില്‍ ഏതാദൃശ്യമായ മഹാത്ഭുതം നടന്നിട്ടുണ്ടെന്ന് ആശ്ചര്യാഭിമാനങ്ങളോടെ ചോദിക്കാന്‍ നാം പ്രേരിതരായിപ്പോകുന്നു'
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പ്രതിഭ പൂര്‍ണമായും മനസ്സിലാക്കിയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ മഹാകവി അക്കിത്തം പാടിയത്
'ദേവീ നിന്‍ പുത്രനാം വ്യാസന്‍
മൂന്നാണ്ടാല്‍ തീര്‍ത്ത ഭാരതം
വെറും രണ്ടരവര്‍ഷത്താല്‍
മലയാളത്തിലാക്കുവാന്‍
എവനുണ്ടായി ചങ്കൂറ്റ-
മെവനുണ്ടായി ദര്‍ശനം
എവന്നുണ്ടായി തപശ്ക്തി-
യാനിന്നിളയപുത്രനെ
അവന്‍ ജനിച്ചു ജീവിച്ചു-
മരിച്ചേടത്തെ മണ്ണിനെ
കാണുവാന്‍ തൊടുവാന്‍ അന്യ-
രാരും കാണാത്ത മാത്രയില്‍
ഒരു നുള്ളെങ്കിലും നുള്ളി
മൂര്‍ദ്ധാവില്‍ ചൂടുവാനുമായി
വന്നുവല്ലോ ഞങ്ങളിന്നു
തൃപ്പാദത്തിലംബികേ
Content Highlights: Explore the life and works of Kudangallur Kunjikuttan Thampuran, a renowned Malayalam poet