മസ്തിഷ്‌കം ഓർമ്മകളും വികാരങ്ങളും സൃഷ്ടിക്കുന്നത് ഇങ്ങനെ..!

'പ്രൊജക്ഷൻസ്: മനുഷ്യവികാരങ്ങളുടെ കഥ' (Projections: A Story of Human Emotions) എന്നൊരു പുസ്തകമുണ്ട്. മനുഷ്യമനസ്സിന്റെ പ്രവർത്തനങ്ങളിലേക്ക് ഏറെ വെളിച്ചം പകരുന്ന ഒന്ന്. വിവിധ വ്യക്തികളുടെ ജീവിതത്തിലെ പലതരം മാനസികാവസ്ഥകളിൽ മനുഷ്യമസ്തിഷ്‌കത്തിലെ സർക്യൂട്ടുകൾ പെരുമാറുന്നതെങ്ങനെയെന്നു മനോഹരമായി വിവരിച്ചിരിട്ടുണ്ട് ഈ പുസ്തകത്തിൽ. ന്യൂറോസയൻസ് ഗവേഷകനായ കാൾ ഡൈസറോത്ത് ആണ് ഗ്രന്ഥകാരൻ. മനശ്ശാസ്ത്രജ്ഞനെന്ന നിലയിൽ രോഗികളുമായി ഇടപഴകിയതും, തന്റെ ഗവേഷണങ്ങളിലൂടെ ഒപ്‌റ്റോജെനറ്റിക്‌സ് എന്ന പുത്തൻ ശാസ്ത്രശാഖ രൂപപ്പെടുത്തിയതും തന്റെ ജീവിതം മുഴവൻ നിറഞ്ഞു നിന്ന സാഹിത്യാഭിവാവാഞ്ഛയും പുസ്തകത്തിൽ നമുക്കു കാണാം. എന്നാലിതൊരു പൂർണ്ണമായ ശാസ്ത്രപുസ്തകമല്ല, ഓർമ്മക്കുറിപ്പുമല്ല. നമ്മുടെ മസ്തിഷ്‌കത്തെ ഒരേ സമയം ജൈവയന്ത്രമായും, മനുഷ്യന്റെ ബന്ധങ്ങൾക്കും അർത്ഥങ്ങൾക്കും അനുഭവങ്ങൾക്കും വേണ്ടിയുള്ള തുടർച്ചയായ ത്വരകളുടെ ക്രേന്ദ്രസ്ഥാനമായും കാണുകയാണ് ഗ്രന്ഥകർത്താവ് ചെയ്യുന്നത്. ഒരാൾ തന്റെ സ്വത്വത്തെ എങ്ങനെ ഉയർത്തിക്കാട്ടുന്നു എന്നതിനു സമാന്തരമായി നമ്മുടെ ശരീരത്തിലെ നീണ്ട നാഡീതന്തുക്കൾ എങ്ങനെ ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു നീണ്ടുകിടക്കുന്നു എന്ന വസ്തുതയെ ചേർത്തുവെച്ചുകൊണ്ടാണ് പുസ്തകത്തിൽ മനുഷ്യവികാരങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത്. ഈ രണ്ടു തലങ്ങൾക്കുമിടയിലൂടെ ഗ്രന്ഥകർത്താവ് സമർത്ഥമായി സഞ്ചരിക്കുന്നു. തന്നെ കാണാൻ വന്ന, തന്നെ ആഴത്തിൽ സ്പർശിച്ച രോഗികളിലൂടെയാണ് ഡൈസറോത്തിന്റെ എഴുത്ത് നീങ്ങുന്നത്.
തന്റെ പ്രിയ പങ്കാളിയുടെ മരണത്തെത്തുടർന്ന് ഒന്നു കരയാൻ പോലുമാവാത്ത അവസ്ഥയിൽ നിന്ന് കണ്ണുനീരിന്റെ ശാസ്ത്രത്തിലേക്കു പുസ്തകം നമ്മെ കൊണ്ടുപോകുന്നു. മറ്റൊരിടത്ത് മനുഷ്യസഹജമായ ഏറ്റവും പ്രാകൃതം എന്നു പറയാവുന്ന ജന്മവാസനകളായ വിശപ്പിനും ദാഹത്തിനുമെതിരെ മനസ്സ് എങ്ങനെ കലഹിക്കുന്നു എന്നും വിവരിക്കുന്നു. അങ്ങേയറ്റം വിഷാദരോഗിയായ ഒരു വൃദ്ധനിലൂടെ ഒരേ സമയം സന്തോഷമനുഭവിക്കാനുള്ള കഴിവ് വളരുന്നതിനൊപ്പം, സന്തോഷം ഇല്ലാതാവുന്നതു മനസ്സിലാക്കാനുള്ള കഴിവ് രൂപപ്പെടുന്നതും നമുക്കു കാണിച്ചുതരുന്നു. ഉയ്ഗൂറിലെ ഒരു സ്ത്രീയിലൂടെ സാമൂഹികബന്ധങ്ങൾ എത്രത്തോളം ആവശ്യമാണോ അത്രത്തോളം ദുർബ്ബലവുമാണെന്നതിനും തെളിവിതിൽ തരുന്നുണ്ട്. കൂടാതെ മാനിയ, ഓട്ടിസം, സൈക്കോസിസ് എന്നീ വിഷയങ്ങളും പുസ്തകത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. ഓരോ കഥകളിലും ഒരു നോവലിസ്റ്റിന്റെ തീവ്രതയോടെയാണ് തന്റെ കഥാപാത്രങ്ങളെ ഡൈസറോത്ത് സമീപിച്ചിരിക്കുന്നത്. എന്നാലോ, ഒരു ശാസ്ത്രജ്ഞന്റെ കൃതൃത ഒട്ടും വിട്ടുപോകുന്നുമില്ല.
ഡൈസ്‌റോത്തിന്റെ മനോഹരമായ സർഗാത്മകത ഈ പുസ്തകത്തിൽ പുതിയ മാനങ്ങളിലൂടെ സഞ്ചരിക്കുന്നുണ്ട്. താൻ വന്ന വഴിയിലൂടെ തിരിഞ്ഞുനോക്കിയും മനശ്ശാസ്ത്രചികിത്സയിലെ നാടകീയതകൾക്ക് അടിവരയിട്ടും അദ്ദേഹം വാചാലനാവുന്നു.
മനോരോഗമെന്നാൽ ആരോഗ്യമുള്ള മനസ്സിൽനിന്നുള്ള ഒരു വ്യതിയാനം മാത്രമല്ല, മനസ്സിന്റെ ആഴത്തിലുള്ള ഘടനയുടെ ബഹിർസ്ഫുരണം കൂടിയാണ് എന്ന് ഡൈസറോത്ത് പറയുന്നു. മനുഷ്യവികാരങ്ങളുടെ അന്തർവിസ്മയങ്ങളിലേക്കാണ് നാം ഈ എഴുത്തിലൂടെ എത്തിപ്പെടുന്നത്. സങ്കടപ്പെടാനും ആനന്ദിക്കാനും, കൈകോർക്കാനും ഒറ്റപ്പെടാനുമൊക്കെയുള്ള നമ്മുടെ കഴിവിനെ ഡൈസറോത്തിന്റെ പുസ്തകം ശാസ്ത്രീയമായി മനസ്സിലാക്കിത്തരുകയാണ്.
ഈ പുസ്തകത്തെക്കുറിച്ച് ഇന്നെഴുതാൻ വിഷയമായത് പക്ഷെ, ഇതൊന്നും കൊണ്ടല്ല. മറിച്ച്, പ്രകാശത്തോടു പ്രതികരിക്കുന്ന ഒരു ആൽഗ പ്രോട്ടീനെ ഒരു സസ്തനിയുടെ നാഡീകോശത്തിലേക്കു പറിച്ചുനട്ടപ്പോൾ സംഭവിച്ച അത്ഭുതകരമായ ഒരു മാറ്റത്തെക്കുറിച്ച് കാൾ ഡൈസറോത്ത് ഇതിലെഴുതിയ ഭാഗത്തെക്കുറിച്ചു പറയാൻ. ഈ പറിച്ചുനടലിലൂടെ എങ്ങനെ ശാസ്ത്രഗവേഷകർക്കു തലച്ചോറിലെ ചില പ്രത്യേക സർക്യൂട്ടുകളെ അടയ്ക്കാനും തുറക്കാനും സാധിച്ചു എന്ന വിസ്മയത്തിനു ഇന്നേറെ പ്രസക്തിയുണ്ട്. മനുഷ്യവികാരങ്ങളെ, അവന്റെ പ്രാകൃതവാസനകളെ, അതിനു കാരണമായ മസ്തിഷ്‌ക സർക്യൂട്ടുകളെ, വരച്ചുകാട്ടാൻ ആയേക്കുമെന്നതിന്റെ സൂചനയായിരുന്നു അത്. മുമ്പൊരിക്കലും ഇക്കാര്യം ചിന്തിക്കാൻ പോലും ആവാതിരുന്നതാണ് എന്നു മറക്കരുത്.
ഇന്ന് കാൾ ഡൈസറോത്തിന്റെ മനോശാസ്ത്രഗവേഷണങ്ങളെ ലോകം ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു. ഒരു ഗ്രന്ഥകാരൻ എന്നതിലേക്കാളുപരി പ്രശസ്തിയും അംഗീകാരവും മാത്രമല്ല, 2026-ലെ വൈദ്യശാസ്ത്ര നൊബേൽ സമ്മാനവും അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. കാൾ ഡൈസറോത്തിനൊപ്പം പീറ്റർ ഹേഗിമൻ,ഗ്യോർഗ് നാഗൽ എന്നിവർക്കുമുണ്ട് ഇപ്രാവശ്യത്തെ വൈദ്യശാസ്ത്ര നൊബേൽ. ഒപ്റ്റോജെനറ്റിക്‌സ് എന്ന ശാസ്ത്രശാഖയിലായിരുന്നു ഇവരോരുത്തരുടേയും ഗവേഷണം. ഒപ്റ്റോജെനറ്റിക്‌സിലൂടെ മസ്തിഷ്‌കത്തിലെ ഓരോ നാഡീകോശവും പ്രകാശത്തെ ഉപയോഗിച്ചുകൊണ്ട് എങ്ങനെ പ്രവർത്തനസജ്ജമാവുകയോ, അല്ലാതാവുകയോ ചെയ്യുന്നതെങ്ങനെയെന്നു മനസ്സിലാക്കാനാവുന്നു.
ജർമ്മൻകാരാണ് ഹേഗിമനും നാഗലും. ജർമ്മനിയിലെ വ്യൂർസ്ബർഗ് സർവ്വകലാശാലയിൽ പ്രവർത്തിക്കുന്ന നാഗലിന്റെ ഗവേഷണങ്ങൾ പ്രധാനമായും സൂക്ഷ്മജീവികളിലെ പ്രകാശപ്രതികരണവസ്തുക്കളെക്കുറിച്ചാണ്. പീറ്റർ ഹേഗിമൻ ബെർലിനിലെ ഹംബോൾറ്റ് സർവ്വകലാശാലയിലെ ഗവേഷകൻ. നമ്മൾ ഇതിനകം പരിചയപ്പെട്ടുകഴിഞ്ഞ കാൾ ഡൈസറോത്താകട്ടെ അമേരിക്കയിലെ സ്റ്റാൻഫോഡ് സർവ്വകലാശാലയിലും ഹോവാർഡ് ഹ്യൂസ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലുമായും പ്രവർത്തിക്കുന്നു. ഇവരുടെ സമ്മാനാർഹമായ ഗവേഷണങ്ങളിലേക്കു നാം കൂടുതൽ അറിയേണ്ടതുണ്ട്.
ഹേഗിമനും നേഗലും ചേർന്നു പുതിയൊരു പ്രോട്ടീൻ തന്മാത്ര കണ്ടുപിടിച്ചു. പേര് ചാനൽറോഡോപ്‌സിൻ. ഈ തന്മാത്രയ്ക്ക് പ്രകാശരശ്മിയ്ക്കനുസരിച്ച് പ്രതികരിക്കാനാവും. കണ്ണിലേതുപോലെ. വ്യത്യസ്തമായ ഓരോ കോശങ്ങളിലേക്കും ഈ ചാനൽറോഡോപ്സിനെ കടത്തിവിട്ടപ്പോൾ അവയെല്ലാം പ്രകാശത്തിനോടു പ്രതികരിക്കുന്നതായി കണ്ടു.
ഈ കഥയാരംഭിക്കുന്നത് 'ക്ലമീഡൊമോണാസ് റൈൻഹാർട്ടൈ' എന്ന പച്ച നിറത്തിലുള്ള ഒരു സൂക്ഷ്മ ആൽഗയെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളെ തുടർന്നായിരുന്നു. ഒരു ന്യൂറോസയൻസ് ലാബിൽ വെച്ച്. 1990-കളിൽ പീറ്റർ ഹേഗിമൻ ആണതിനു തുടക്കമിട്ടത്. ഗ്യോർഗ് നാഗലിനൊപ്പം ചേർന്നുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ചാനൽറോഡോപ്‌സി ന്റെ കണ്ടെത്തലിലേക്കു നയിച്ചു. കൃത്യമായി പറഞ്ഞാൽ ഇവൃ2 എന്ന കോശസ്തര പ്രോട്ടീന്റെ. ഈ തന്മാത്രയാണ് പ്രകാശത്തിനനുസരിച്ച് നാഡീകോശത്തിന്റെ പ്രവർത്തനത്തെ ഇഷ്ടാനുസാരം സ്വാധീനിക്കാം എന്നു മനസ്സിലാക്കിത്തന്നത്.
എന്നാൽ അമേരിക്കയിൽ കാൾ ഡൈസറോത്ത് ഒരു പടികൂടി മുന്നോട്ടുപോയി. ചാനൽറോഡോപ്‌സിനു കാരകമായ ജീനിനെ എലിയുടെ നാഡീകോശത്തിൽനിന്നു കണ്ടെത്തി. ഈ ജീനിനെ കൃത്രിമമായി വളർത്തിയ മൂഷികനാഡീകോശങ്ങളിലേക്കു പ്രവേശിപ്പിച്ചു. തുടർന്ന് ആ കോശത്തിലേക്കു നീലവെളിച്ചം കടത്തിവിട്ടപ്പോൾ കോശങ്ങൾ പ്രതികരിക്കുന്നതായി കണ്ടു. ഇതേ സംഗതി എലികളുടെ മസ്തിഷ്‌കകോശങ്ങളിലും സംഭവിക്കുന്നതായി ഡൈസറോത്ത് നിരീക്ഷിച്ചു. തുടർന്നു സംഭവിച്ചതൊരു അത്ഭുതമായിരുന്നു. വികാരങ്ങളെ നിയന്ത്രിക്കാനാവുന്നതിന്റെ ഭൗതികവഴികൾ ആദ്യമായി മനുഷ്യനുമുന്നിൽ തുറന്നിടപ്പെടുകയായിരുന്നു.
ഈ പരീക്ഷണം ഒപ്റ്റോജെനറ്റിക്‌സ് എന്ന ശാസ്ത്രശാഖയുടെ തുടക്കവും അടിസ്ഥാനവുമായി. ഇതിലൂടെ ശാസ്ത്രജ്ഞമാർക്ക് തിരഞ്ഞെടുത്ത നാഡീകോശത്തെ ചുറ്റുമുള്ള കോശങ്ങളെ ബാധിക്കാതെ നിയന്ത്രിക്കാൻ സാധിച്ചെന്നുവരും. അതായത് പ്രകാശത്തെ അടിസ്ഥാനമാക്കി ഒരു നാഡീകോശത്തിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കാനാവുന്ന വിപ്ലവകരമായ മാർഗത്തിന്റെ കണ്ടെത്തൽ.
ഒപ്‌റ്റോജെനറ്റിക്‌സിലൂടെ മസ്തിഷ്‌കത്തെ പഠിക്കാനുള്ള പുതിയൊരു മാർഗം ഉരുത്തിരിയുകയായിരുന്നു. മസ്തിഷ്‌കം എങ്ങനെ ഓർമ്മകൾ, വികാരങ്ങൾ, സ്വഭാവങ്ങൾ എന്നിവ സൃഷ്ടിക്കുന്നു എന്നതു മനസ്സിലാക്കൽ എക്കാലത്തേയും വലിയ വെല്ലുവിളിയായിരുന്നല്ലോ ശാസ്ത്രജ്ഞന്മാർക്കും തത്വജ്ഞാനികൾക്കുമെല്ലാം. ഇവിടെയാണ് ഒപ്റ്റൊജെനറ്റിക്‌സ് ഒരു വഴിത്തിരിവാകുന്നത്. ഇതിലൂടെ ഓരോ നാഡീകോശവും ഓർമ്മ, ഭയം, ചലനം, ഭാവം എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്നു മനസ്സിലാക്കാനാവുന്നു.
ഭാവിയിലേക്കു അനന്തമാം സാധ്യതകൾ തുറന്നിടുന്നുണ്ട് ഈ പുത്തൻ ഗവേഷണങ്ങൾ. മനുഷ്യമസ്തിഷ്‌കത്തിന്റെ സങ്കീർണ്ണമായ പ്രവർത്തനങ്ങളുടെ രഹസ്യമഴിച്ചെടുക്കാൻ ഒരു പുതുവഴിയായും ഇതിനെ കാണാം. നാഡീശാസ്ത്രത്തിലേയും അല്ലാതേയുമുള്ള പല രോഗങ്ങൾക്കും ചികിത്സ തേടുന്ന ഓരോ ഗവേഷകർക്കും ഇതൊരു നവീനപ്രകാശപാതയാണ്.
ഇന്ന് വിവിധ പ്രകാശരശ്മികളോടു പ്രതികരിക്കുന്ന വ്യത്യസ്തതരം ഓപ്‌സിൻ തന്മാത്രകളെക്കുറിച്ച് നാം മനസ്സിലാക്കികഴിഞ്ഞു. അതിലൂടെ മസ്തിഷ്‌കത്തിലെ ഓരോ കോശവും പ്രതികരിക്കുന്നതും പ്രവർത്തിക്കുന്നതും കാണാനാവുന്നു. അതായത്, ഓർമ്മ, ഭയം, വിശപ്പ്, ദാഹം, ആസക്തി, ശ്രദ്ധ, ചലനനിയന്ത്രണം, ഉണർവ്വ് എന്നിവയെയൊക്കെ നിയന്ത്രിക്കുന്ന സർക്യൂട്ടുകൾ ഏതൊക്കെയെന്നു തിരിച്ചറിയാനുമായി. ഒപ്‌റ്റോജെനറ്റിക്‌സ് ജീൻ ചികിത്സയിലേക്കും ലോകമിന്നു കടന്നുകഴിഞ്ഞിരിക്കുകയാണ്. അതിലൂടെ കാഴ്ച പുനസ്ഥാപിക്കാൻ വരെ സാധിച്ചേക്കുമെന്ന ശക്തമായ സൂചനകൾ നമ്മുടെ മുന്നിലുണ്ട്.
അങ്ങനെ ന്യൂറോസയൻസിലും ചികിത്സയിലും വലിയ മാറ്റങ്ങൾ വരുത്താൻ കെല്പുള്ള ഒപ്റ്റോജെനറ്റിക്‌സിന്റെ മഹാപന്ഥാവ് വെട്ടിത്തുന്നവർക്കാണ് ഇപ്രാവശ്യത്തെ നൊബേൽ സമ്മാനം കരൊലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഗംഭീരമായ ഒരു പുസ്തകത്തിലൂടെ പരിചയപ്പെട്ടയാളുടെ കൈവശം, അദ്ദേഹം പൂർണ്ണമായും അർഹിക്കുന്ന വൈദ്യശാസ്ത്ര നൊബേൽ സമ്മാനം വന്നുചേരുന്നതു കാണുമ്പോഴുള്ള സന്തോഷമാണ് ഈ എഴുത്തിനു പിന്നിൽ. കാഴ്ചയില്ലാത്ത മനുഷ്യരുടേയും, മറ്റു രോഗികളുടേയും പ്രകാശമാനമായ ഭാവിയുടെ തുടക്കമായി ഈ നേട്ടങ്ങൾ മാറട്ടെ. നമുക്കവരെ അനുമോദിക്കാം. പ്രതീക്ഷകളോടെ...
Content Highlights: Karl Deisseroth won the 2026 Nobel Prize in Medicine alongside Peter Hegemann and Georg Nagel., Recognition was awarded for groundbreaking research in optogenetics, controlling brain cells with light., Deisseroth's book 'Projections: A Story of Human Emotions' bridges neurology, psychiatry, and human feelings., Channelrhodopsin discovery revolutionized how scientists map and manipulate neural circuits.