ഇരുമ്പുകൈ മായാവിയുടെയും സിഐഡി മൂസയുടെയും സ്രഷ്ടാവ്; കണ്ണാടി വിശ്വനാഥന്റെ ഓർമ്മകളിൽ ഒരു ബാല്യകാലയാത്ര

കണ്ണാടി വിശ്വനാഥൻ, ഇരുമ്പു കൈ മായാവി, സിഐഡി മൂസ.... ബാല്യകൗമാര സ്മരണകളിൽനിന്ന് ഒരിക്കലും അടർത്തിമാറ്റാൻ കഴിയാത്ത മൂന്ന് പേർ. മായാവിയും മൂസയും ഇന്നും ജീവിച്ചിരിക്കുന്നു. പക്ഷേ, ആ അനശ്വര കഥാപാത്രങ്ങളെ മലയാളി മനസ്സുകളിൽ എത്തിച്ച വ്യക്തി ഇനി ഓർമ്മ. കണ്ണാടി വിശ്വനാഥൻ വിടവാങ്ങിയത് തൊണ്ണൂറ്റി മൂന്നാം വയസ്സിൽ. ഇതാ ഒരു കണ്ണാടി ഓർമ്മ, ആദരാഞ്ജലികളോടെ.
ഇരുമ്പുകൈ മായാവിയെ അനുകരിച്ച് പ്ലഗ് പോയിന്റിൽ വിരലിട്ടു നോക്കിയിട്ടുണ്ട് ഒരിക്കൽ; ഞൊടിയിടയിൽ അപ്രത്യക്ഷനാകാൻ വേണ്ടി. ഭാഗ്യത്തിന് ഷോക്കടിച്ചില്ല. അപ്രത്യക്ഷനായതുമില്ല. വലിയൊരു ലക്ഷ്യമുണ്ടായിരുന്നു ഏഴാം ക്ലാസ്സുകാരന്റെ ആ ഭയങ്കരമാന സാഹസത്തിന് പിന്നിൽ: ചുണ്ടേൽ അങ്ങാടിയിലെ മമ്മുക്കയുടെ സ്റ്റേഷനറിക്കടയിൽനിന്ന് ഫിലിം തുണ്ടുകൾ ഇട്ടു കാണാനുള്ള കുട്ടിബയോസ്കോപ്പ് അടിച്ചുമാറ്റുക. അന്നത്തെ ഏറ്റവും വലിയ ആകർഷണം ആ മാന്ത്രികക്കാഴ്ച്ചയാണ്. നസീറിന്റെയും ഷീലയുടെയും ഉമ്മറിന്റെയും ജയശങ്കറിൻെറയും ഒക്കെ മുഖങ്ങൾ തിയേറ്ററിന്റെ ഇരുട്ടിലിരുന്ന് കാണുന്ന പോലെ സൂത്രപ്പെട്ടിയുടെ കിളിവാതിലിലൂടെ കണ്ട് നിർവൃതിയടയാം. ജ്യോതിലക്ഷ്മിയുടെ ഡാൻസും വിൻസന്റിന്റെ സ്റ്റണ്ടും കാണാം. മോഷ്ടാവ് അദൃശ്യനായതുകൊണ്ട് മോഷണം ആരും കാണുമെന്ന പേടിവേണ്ട. പിറ്റേന്ന് രാവിലെ, സ്‌കൂളിൽ പോകുമ്പോൾ, ബയോസ്കോപ്പ് നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ തലകുനിച്ചിരിക്കുന്ന മമ്മുക്കയെ സഹതാപത്തോടെ നോക്കി ചിരിക്കാം.
എന്തു ചെയ്യാം? പദ്ധതി മുഴുവൻ പാളിപ്പോയില്ലേ? ഇരുമ്പുകൈ മായാവിയേയും അച്യുതൻ ബുക്ക് ഹൗസിനേയും കണ്ണടച്ച് വിശ്വസിച്ചതിന് കിട്ടിയ ശിക്ഷ. മായാവി നായകനായ "മഞ്ഞുകട്ട രഹസ്യം" ആണ് ആദ്യം വായിച്ച മുഴുനീള മലയാളം കോമിക്. ഗോപിയേട്ടന്റെ കോമിക് ശേഖരത്തിൽനിന്ന് ഫാന്റത്തേയും മാൻഡ്രേക്കിനേയും ഫ്ലാഷ് ഗോർഡനേയും ലോൺ റേഞ്ചറെയും ഒക്കെ നേരത്തെ തന്നെ വായിച്ചു പുളകമണിഞ്ഞിട്ടുണ്ടെങ്കിലും മലയാളത്തിൽ സംസാരിക്കുന്ന വീരസാഹസിക ശിങ്കമായ മായാവിയോടുള്ള സ്നേഹം ഒന്ന് വേറെ.
വെടിയൊച്ച പോലും മലയാളത്തിലാണ് എന്നതാണ് മായാവിക്കഥകളുടെ ഹൈലൈറ്റ് - ടമാർ, പടാർ എന്നിങ്ങനെ. ഫാന്റത്തിന്റെ ഡെവിൾ എന്ന ചെന്നായ "റൂഫ് റൂഫ് " എന്നും "ബൗ ബൗ" എന്നും കുരയ്ക്കുമ്പോൾ മായാവിക്കഥയിലെ നായ കുരയ്ക്കുക "ഗുർ ഗുർ ഗുർ" എന്ന്. ഇടിയിൽ പോലുമുണ്ട് മലയാളിത്തം: ഡിഷും ഡിഷും ഇല്ല. പകരം ടും ടും ഠിം ഠിം.
തീർന്നില്ല. മായാവിയുടെ കഥകളിൽ ആത്മഗതത്തിന് വലിയ പ്രാധാന്യമുണ്ട്. കൂലങ്കഷമായി ചിന്തിക്കാതെ ഒരു പ്രവൃത്തിയും ചെയ്യില്ല അദ്ദേഹം. "ഒരു വെടിയുണ്ട വരുന്നുണ്ട്, എനിക്ക് നേരെയാണെന്നു തോന്നുന്നു. മാറിക്കളയാം" എന്ന് തീരുമാനിച്ചുറച്ച ശേഷമേ മായാവി തല വെട്ടിക്കൂ. ക്ഷമാശീലനായ വെടിയുണ്ട അതുവരെ കാത്തിരിക്കാൻ തയ്യാർ.
‘മഞ്ഞുകട്ട രഹസ്യം’ എത്ര തവണ വായിച്ചുവെന്നറിയില്ല. ഓരോ വായനയും പുതുമയാർന്ന അനുഭവമായിരുന്നു. ബ്രിട്ടീഷ് കോമിക് ആയ "സ്റ്റീൽ ക്ലോ"യുടെ ഈച്ചപ്പകർപ്പായതിനാൽ ചിത്രങ്ങൾ ഒന്നാന്തരം. തർജ്ജമയിൽ മാത്രമേ ഉള്ളൂ കണ്ണാടി വിശ്വനാഥന്റെ ഇടപെടൽ. മനോധർമ്മ പ്രകടനത്തിന്റെ അയ്യരുകളിയാണവിടെ. പന്ത്രണ്ടുകാരന് സങ്കല്പവായുവിമാനത്തിലേറി പറക്കാൻ ധാരാളം സ്കോപ്പുള്ള കഥാഗതി.
തോന്നുംപടി പുകയായി ശൂന്യതയിൽ മറയാനാവില്ല മായാവിക്ക്. അതിന് വിദുച്ഛക്തിയുടെ സഹായം വേണം. വല്ല പ്ലഗ് പോയിന്റോ, പൊട്ടിയ വയറോ, 110 കെവി വൈദ്യുതി ലൈനോ അടുത്തുണ്ടെങ്കിൽ മൂപ്പര് ഹാപ്പി. കമ്പിമേൽ ഒന്ന് വിരൽ വച്ചുകൊടുത്താൽ മതി ആൾ അപ്പടി "ശൂ"ന്ന് മാഞ്ഞുപോകും; ഇരുമ്പുകൈ ഒഴിച്ച്. പിന്നെ കാണുക ആ ആളില്ലാക്കൈ അങ്ങനെ വായുവിൽ ഒഴുകിനടക്കുന്നതാണ്.
പക്ഷേ, പവർ കുറഞ്ഞു തുടങ്ങിയാൽ പ്രശ്‌നമാവും. കണ്ണ്, മൂക്ക്, തല, കൈകാലുകൾ എന്നിങ്ങനെ ഓരോ ഭാഗമായി തെളിഞ്ഞുവരും. ഏറ്റവും വലിയ പ്രശ്നം ടിയാന് അത് ചിലപ്പോൾ മനസ്സിലാക്കാൻ പറ്റില്ല എന്നതാണ്. നമ്മൾ അദൃശ്യനോ അല്ലയോ എന്ന് സ്വയം മനസ്സിലാവില്ലല്ലോ. മറ്റുള്ളവരുടെ പ്രതികരണത്തിൽനിന്ന് വേണം അതുറപ്പാക്കാൻ.
മറ്റൊന്നുകൂടിയുണ്ട്. വെറും കയ്യല്ല ഈ ഇരുമ്പു കൈ. ഒരു ചെറുകിട ആയുധപ്പുരയാണ്. വെടിയുണ്ട തൊടുക്കാം; തീജ്വാലകളുതിർക്കാം; മിസൈലുകൾ വർഷിക്കാം; കത്തിയെറിയാം. അത്യാവശ്യത്തിന് ഫോണായും ഉപയോഗിക്കാം. പുറം ചൊറിയൽ ഒഴിച്ച് ബാക്കി എന്ത് പണിയും ചെയ്യാം അതുകൊണ്ട്.
ഇരുമ്പുകൈ മായാവി സമ്മാനിച്ച ആ ഭ്രമാത്മകലോകത്തിലൂടെ സ്വപ്നത്തിലെന്നോണം യാത്ര ചെയ്ത ബാല്യമായിരുന്നു എന്റേത്. സ്വപ്നങ്ങളിൽ പോലും വന്നു ചിരിച്ചുനിന്നു അക്കാലത്ത് മായാവി. കണക്കു പരീക്ഷയിൽ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ വന്ന ഘട്ടങ്ങളിൽ മായാവിയെപ്പോലെ അദൃശ്യനായി മാറി കോപ്പിയടിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നുവരെ ചിന്തിച്ചു.
കണ്ണാടി വിശ്വനാഥന് നന്ദി. ഒന്നരപ്പതിറ്റാണ്ട് ചെന്നൈയിൽ തുന്നൽപ്പണി ചെയ്തു ജീവിച്ച ശേഷം ജന്മനാടായ പാലക്കാട്ടെ കണ്ണാടിയിൽ തിരിച്ചെത്തി സുഹൃത്തായ അച്ചുതന്റെ സഹായത്തോടെ വിദേശ ചിത്രകഥകൾ തേടിപ്പിടിച്ചു മലയാളീകരിച്ച് ആ കഥാപത്രങ്ങളെ എന്റെ തലമുറയിലെ കുട്ടികൾക്കിടയിലേക്ക് പറഞ്ഞയച്ചത് അദ്ദേഹമാണല്ലോ. ഇരുമ്പുകൈ മായാവിയും സിഐഡി മൂസയും റിവോൾവർ റിങ്കോയുമൊക്കെ അങ്ങനെ ഞങ്ങളുടെ ആവേശമായി, ലഹരിയായി. വായനയുടെ ലോകത്തേക്ക് കൈപിടിച്ചു നയിച്ച ആ വീരശൂര പരാക്രമികളെ എങ്ങനെ മറക്കാൻ?
Content Highlights: Legendary translator Kannadi Viswanathan, who introduced iconic comic characters like Irumbukai Mayavi and CID Moosa to generation of Malayalis, passed away at the age of 93, leaving behind an unforgettable legacy of childhood nostalgia.