മട്ടാഞ്ചേരിയില്‍ നിന്നും ജന്മദേശത്തേക്ക് നേപ്പാള്‍ മുത്തശ്ശിയുടെ യാത്ര!

#എഴുത്തും ചിത്രവും : കെ.ആര്‍. സുനില്‍
പീമാകുമാരിയും പൂച്ചകളും
പീമാകുമാരിയും പൂച്ചകളും

വഴിയോരത്തുനിന്നും കണ്ടെത്തിയ ഒരു അപൂര്‍വ്വ ജീവിതത്തിന്റേയും അവരുടെയ മടക്കയാത്രയുടേയും കഥയും ചിത്രങ്ങളുമാണിത്. ചരിത്രം ചവിട്ടിനടന്ന വഴികള്‍ക്കപ്പുറം ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന ജീവിതം ശേഷിക്കുന്നു....

സ്വതന്ത്രപൂര്‍വകാലത്തെ ഓര്‍മിപ്പിക്കുന്ന വാസ്തുശില്പങ്ങള്‍, വര്‍ത്തമാന നാഗരികതയുടെ കുതിപ്പുകള്‍ക്കൊപ്പം അതേ വേഗതയില്‍ സഞ്ചരിക്കാത്ത ഇടവഴികള്‍, തൊഴിലാളിസമരങ്ങള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കും സാക്ഷിയായ അങ്ങാടിത്തെരുവുകള്‍, കടലതിരുകള്‍ ഒരു കരയില്‍ സമന്വയിച്ച സംസ്‌കാര സങ്കലനങ്ങളുടെ ബാക്കിയടയാളങ്ങള്‍...മട്ടാഞ്ചേരിയുടെ തെരുവുകളിലൂടെ  അവയെല്ലാം ക്യാമറയില്‍ പകര്‍ത്തി നീങ്ങുന്നതിനിടെ കണ്ടുമുട്ടിയ ജീവിതങ്ങള്‍. അവരില്‍ പലര്‍ക്കും പറയാന്‍ വലിയ കഥകളുണ്ടായിരുന്നു. സങ്കീര്‍ണമായ ജീവിതവഴികളെ അതിജീവിച്ചവര്‍, പരാജയപ്പെട്ടവര്‍, ഒറ്റപ്പെട്ടുപോയവര്‍, അങ്ങനെ പലതരം മനുഷ്യര്‍.

 ബസാര്‍ റോഡിന്റെ പരിസരത്ത് ചില കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെയാണ് കുറച്ചപ്പുറത്തെ പഴയ പാണ്ഡികശാലകളിലൊന്നില്‍ തനിച്ചു താമസിക്കുന്ന നേപ്പാളുകാരിയായ മുത്തശ്ശിയെപ്പറ്റി അറിയാനിടയായത്. കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ, വള്ളിപ്പടര്‍പ്പുകള്‍ കയറിയ ഒരു പുരാതന കെട്ടിടം. റോഡരികിലുള്ള പൊളിഞ്ഞ് വീഴാറായ മതിലിന്റെ മരവാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍ ആ കെട്ടിടത്തിന്റെ മുന്‍വശത്തെത്തി. അധികമാരും അവിടേക്ക് കയറിച്ചെല്ലാറില്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. അടര്‍ന്നു തുടങ്ങിയ ആ കെട്ടിടത്തിന്റെ ഒരറ്റത്ത് ചാക്കുകള്‍ കൊണ്ട് പാതിമറച്ച വാതില്‍ ശ്രദ്ധയില്‍പ്പെട്ടു. മെല്ലെ അതിനകത്തേക്ക് നോക്കിയപ്പോള്‍ മുറിക്കകത്ത് കട്ടിലില്‍ മയങ്ങുന്ന മുത്തശ്ശിയെ കണ്ടു. അവര്‍ക്കരികിലും താഴെയുമായി നാലഞ്ച് പൂച്ചകളും മയങ്ങുന്നു. മുറിയുടെ പിന്‍വശം തകര്‍ന്ന് കാടുപിടിച്ച സ്ഥിതിയിലായിരുന്നു. എന്റെ സാമീപ്യമറിഞ്ഞെന്നോണം പൂച്ചകളിലൊന്ന് ഉണര്‍ന്ന് സൂക്ഷിച്ചുനോക്കി. ആ സ്വസ്ഥതയ്ക്ക് തടസ്സമാകാതെ, ശബ്ദമുണ്ടാക്കാതെ ഞാന്‍ മെല്ലെ തിരിഞ്ഞു നടന്നു. എങ്കിലും മുത്തശ്ശിയെക്കുറിച്ചുള്ള ചിന്തകളവസാനിച്ചില്ല.

പീമാകുമാരി

 മറ്റൊരിക്കല്‍ അതുവഴി കടന്നുപോവുന്നതിനിടെ ഒന്നുകൂടി ആ കെട്ടിടത്തിനുള്ളിലേക്ക് പോയി. മരവാതിലിന്റെ പാളി തുറന്ന് അകത്തു കയറിയപ്പോള്‍ കണ്ടത്, കിണറിന്റെ അരികിലായി പ്രാര്‍ഥനയില്‍ മുഴുകി നില്‍ക്കുന്ന മുത്തശ്ശിയും അരികില്‍ കുറേ പൂച്ചകളും. പ്രാര്‍ത്ഥന കഴിഞ്ഞ് കണ്ണു തുറന്നപ്പോള്‍ അപരിചിത ഭാവത്തോടെയൊരു നോട്ടം. സ്വയം പരിചയപ്പെടുത്താനായി ഞാന്‍ അടുത്തേക്കു ചെന്നു. ചുറ്റിപ്പറ്റി നിന്നിരുന്ന പൂച്ചകളെല്ലാം ചിതറിയോടുകയും ചിലത് ദൂരെനിന്ന് തറപ്പിച്ചു നോക്കുകയും ചെയ്തു. പ്രാര്‍ഥനക്കു ശേഷമുള്ള പ്രസന്നതയോടെ ഏറെ പതിഞ്ഞ ശബ്ദത്തില്‍ മുത്തശ്ശി എന്നോട് സംസാരിച്ചു. അനുവാദത്തോടെ ചില ചിത്രങ്ങളെടുത്തു. ആ ഇടുങ്ങിയ മുറിയിലെ പാത്രങ്ങളും ഇരുണ്ട ചുമരുകളില്‍ തൂക്കിയിട്ടിരിക്കുന്ന നിറം മങ്ങിയ പ്ലാസ്റ്റിക് കിറ്റുകളും തുണികളും മറ്റുമെല്ലാം ശ്രദ്ധയില്‍പ്പെട്ടു. പൂച്ചയുമൊത്തുള്ള മുത്തശ്ശിയുടെ ചില ചിത്രങ്ങളെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും അവ അകലം പാലിച്ചു. കുറച്ചുനേരം കൂടി അവിടെ ചിലവഴിച്ചാണ് തിരിച്ചുപോന്നത്. ചിത്രമെടുക്കാനുള്ള യാത്രകള്‍ക്കിടെ മറ്റൊരു ദിവസവും അതുവഴി ചെന്നു. പൂച്ചകള്‍ പതിവുപോലെ രക്ഷപ്പെട്ടു. കട്ടിലിലിരിക്കുന്ന മുത്തശ്ശിയെ പകര്‍ത്താന്‍ ആ ഇടുങ്ങിയ മുറിക്കകത്ത്, താഴെ, ക്യാമറയില്‍ മുഖം ചേര്‍ത്ത് അനങ്ങാതെ ഇരിക്കുന്നതിനിടെ പൂച്ചകളിലൊന്ന് മടിച്ചുമടിച്ച് മുത്തശ്ശിയുടെ മടിയില്‍ കയറിയിരുന്നു. ക്യാമറ ക്ലിക്ക് ചെയ്യുമ്പോഴുള്ള തീരെ ചെറിയ ശബ്ദം പോലും ആ പൂച്ചയെ അലോസരപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടു. താമസിയാതെ പൂച്ചകളില്‍ പലതും എത്തിച്ചേര്‍ന്നു.

മുത്തശ്ശിയുടെ കഥ

പതിനൊന്നാമത്തെ വയസിലാണ് നേപ്പാള്‍ സ്വദേശിയായ പീമാകുമാരിയെ നാട്ടുകാരനായ ദുനിറാം വിവാഹം കഴിച്ചത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന അദ്ദേഹത്തിന്റെ കൂടെ വളരെ ചെറുപ്പത്തില്‍ കൊച്ചിയിലെത്തിയ പീമാകുമാരിക്ക് പിന്നീട് നാട്ടിലേക്ക് തിരിച്ചുപോകാനായില്ല. പതിനെട്ടു വര്‍ഷം മുന്‍പ് ദുനിറാം മരിച്ചതോടെ പീമാകുമാരി ഇവിടെ തനിച്ചായി. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരത്തുള്ള വീട്ടിലേക്ക് വാര്‍ധക്യ കാലത്ത് തനിയെ തിരിച്ചുപോകാന്‍ സാധിച്ചില്ല. ആരുമിവിടെ തിരക്കിയെത്തിയതുമില്ല. താമസിക്കാന്‍ ഇടമില്ലാതായതോടെയാണ് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പഴയ കെട്ടിടത്തിന് കീഴിലേക്ക് ചേക്കേറിയത്. ഭര്‍ത്താവിന്റെ പേരില്‍ ലഭിക്കുന്ന തീരെ ചെറിയ പെന്‍ഷനുണ്ട്. ജീവിത സായാഹ്നത്തിലെ ഏകാന്തതയിലേക്ക് അഞ്ചുവര്‍ഷം മുന്‍പ് ഒരു പൂച്ചക്കുട്ടി കടന്നുവന്നു. ഇപ്പോള്‍ പത്തിലധികം പൂച്ചകള്‍. ദുംശി, കാലി, ഗോരെ, ശേതെ തുടങ്ങിയ നേപ്പാളി പേരുകളുള്ള പൂച്ചകളും മുത്തശ്ശിയും മാത്രം. പൂച്ചകള്‍ക്കായി അവര്‍ പ്രത്യേക ഭക്ഷണവും തയ്യാറാക്കും!

പീമാകുമാരി

മാഞ്ഞുപോയ കാലം

മറ്റൊരിക്കല്‍ ചെന്നപ്പോള്‍, അതിനകം രൂപപ്പെട്ട പരിചയത്താല്‍ മുത്തശ്ശി ഒരാഗ്രഹം പറഞ്ഞു: ജീവിതത്തിലെ അപൂര്‍വ സൂക്ഷിപ്പുകളായ ചില ചിത്രങ്ങള്‍ നന്നാക്കിത്തരണം. ഇരുണ്ട മുറിയില്‍ അങ്ങിങ്ങായി തൂക്കിയിട്ട കിറ്റുകളില്‍ നിന്നും പഴയ രണ്ടു ചിത്രങ്ങള്‍ തപ്പിയെടുത്തു. ഭര്‍ത്താവുമൊത്തുള്ള ആദ്യകാല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍! എന്നാല്‍ ആ ചിത്രങ്ങളില്‍ ദുനിറാമിന്റെ മുഖം ഒട്ടും വ്യക്തമായിരുന്നില്ല. പക്ഷേ, മുത്തശ്ശി വിശ്വസിച്ചിരുന്നത് ഏതോ സാങ്കേതിക വിദ്യയാല്‍ അത് തിരിച്ചു പിടിക്കാനാവുമെന്നാണ്. ദുനിറാമിന്റെ മുഖം ഒരിക്കല്‍ക്കൂടി കാണാന്‍ അവര്‍ അതിയായി ആഗ്രഹിക്കുന്നു. മുത്തശ്ശിയുടെ നിഷ്‌കളങ്കമായ ആഗ്രഹത്തിനു മുന്നില്‍ തിരിച്ചൊന്നും പറയാനാവാതെ, ആ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഞാനന്ന് തിരിച്ചിറങ്ങുകയായിരുന്നു.ചിത്രങ്ങള്‍ നേരെയാക്കാന്‍ കഴിയില്ലെന്ന ധര്‍മസങ്കടത്താല്‍ പിന്നീടുള്ള കുറച്ചുനാള്‍ അവിടേക്ക് പോയില്ല. മട്ടാഞ്ചേരിയിലെ ചിത്രമെടുപ്പു യാത്രകള്‍ തീരുന്ന ദിവസങ്ങളിലൊന്നില്‍ മുത്തശ്ശിയുടെ അടുത്തുചെന്ന്, ഏറെ പ്രയാസത്തോടെ കാര്യം പറഞ്ഞു. അവരുടെ മുഖം വാടി, നിശബ്ദയായി. അവരെ സമാധാനിപ്പിക്കാന്‍ എന്റെ കയ്യില്‍ ആകെയുണ്ടായിരുന്നത് പൂച്ചകള്‍ക്കൊപ്പമുള്ള മുത്തശ്ശിയുടെ ചില ചിത്രങ്ങളായിരുന്നു. ആ പ്രിന്റുകള്‍ ഞാന്‍ കയ്യില്‍ കരുതിയിരുന്നു. അപ്രതീക്ഷിതമായി ആ ചിത്രങ്ങള്‍ കണ്ടപ്പോള്‍ അവര്‍ ചിരിച്ചു. കുറച്ചുനേരം അതിലേക്ക് സൂക്ഷിച്ച് നോക്കിയശേഷം ചില നേപ്പാളി പേരുകള്‍ നീട്ടിവിളിച്ചു. അതുകേട്ട് ഒന്നുരണ്ട് പൂച്ചകള്‍ മടിച്ചുമടിച്ച് അടുത്തുവന്നു, ചിത്രങ്ങള്‍ കാണിച്ച് തമാശയെന്നോണം അവര്‍ക്ക് മാത്രം മനസിലാവുന്ന ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു ചിരിച്ചു. മട്ടാഞ്ചേരി ഉരു ആര്‍ട്ട് ഹാര്‍ബറില്‍ എന്റെ പ്രദര്‍ശനത്തിലെ ചിത്രങ്ങളിലൊന്ന് അതായിരുന്നു. പിന്നീടും രണ്ടുവട്ടം മുത്തശ്ശിയെ ചെന്ന് കണ്ടു.

മഹാമാരിയുടെ കാലത്ത്

കോവിഡ് കാലത്ത് നമ്മളെല്ലാം വീടിനകത്ത് തളച്ചിടപ്പെട്ടപ്പോള്‍ മുത്തശ്ശിയെക്കുറിച്ചുള്ള ചിന്ത അസ്വസ്ഥപ്പെടുത്തിയിരുന്നു. അവരെങ്ങനെ കഴിയുന്നുണ്ടാവുമെന്ന ആലോചനകള്‍ പലവട്ടം കടന്നുപോയി. ലോക് ഡൗണ്‍ നീണ്ടുപോയ കാലങ്ങളിലൊന്നില്‍, ചെറിയ കുറിപ്പോടുകൂടി ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. നിരവധിയാളുകള്‍ അത് ഷെയര്‍ ചെയ്തു. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ പലരും മുത്തശ്ശിയെ നേരില്‍ കാണാനും അവരെപ്പറ്റി കൂടുതല്‍ അറിയാനുമാഗ്രഹിച്ച് വിളിച്ചു. കൊച്ചിയിലെ ചില ഒറ്റപ്പെട്ട കെട്ടിടങ്ങളില്‍ ലഹരിയുടെ സാന്നിധ്യമുണ്ടെന്നറിഞ്ഞ് നിയമപാലകര്‍ തിരച്ചില്‍ നടത്തിയതും മുത്തശ്ശിയുടെ അവസ്ഥ പുറം ലോകമറിയാന്‍ മറ്റൊരു കാരണം. തുടര്‍ന്ന്, സുഹൃത്തും മട്ടാഞ്ചേരിയിലെ ജെയിന്‍ ഫൗണ്ടേഷന്റെ സാരഥിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ മുകേഷ് ജെയിന്‍, മുത്തശ്ശിയെ കാണാനെത്തി. ഗുജറാത്തില്‍ വേരുകളുള്ള വ്യവസായിയായ അദ്ദേഹം കൊച്ചിയിലെയും പരിസരങ്ങളിലെയും സാമൂഹിക വിഷയങ്ങളില്‍ നിസ്വാര്‍ഥമായി ഇടപെടുന്നയാളാണ്. വിവരങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം നേപ്പാളിലെ ബന്ധുക്കളെക്കുറിച്ച് തിരക്കി. അവരില്‍ ചിലരുടെ ഫോണ്‍ നമ്പറുകള്‍ മുത്തശ്ശി സൂക്ഷിച്ചിട്ടുണ്ടെന്നും മറ്റാരുടെയെങ്കിലും ഫോണില്‍ നിന്ന് വല്ലപ്പോഴുമൊക്കെ അവരെ വിളിക്കാറുണ്ടെന്നും അറിഞ്ഞു. ബന്ധുക്കളെ വിളിച്ച് അവസ്ഥകള്‍ ബോധ്യപ്പെടുത്താന്‍ മുകേഷ് ജെയിന്‍ തുനിഞ്ഞെങ്കിലും ഭാഷാ വ്യത്യാസം തടസ്സമായി. ഒടുവില്‍, നേപ്പാള്‍ സ്വദേശികളായ ചില ഹോട്ടല്‍ തൊഴിലാളികളുടെ സഹായം തേടുകയും അവരിലൂടെ ആശയ വിനിമയം നടത്തുകയും ചെയ്തു. ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും ഏറെ അകലെയല്ലാത്ത ഏതോ മലയോര ഗ്രാമത്തിലാണ് മുത്തശ്ശിയുടെ വീടെന്നും സാധാരണക്കാരായ കര്‍ഷക തൊഴിലാളികളാണ് അവരെന്നും അറിഞ്ഞു. മുത്തശ്ശിയെ തിരിച്ചു കൊണ്ടുപോവാന്‍ തക്ക ജീവിത സാഹചര്യമായിരുന്നില്ല ആ സാധു മനുഷ്യരുടേത്. എന്നാല്‍ മുത്തശ്ശിയെ നേപ്പാളിലെത്തിച്ചാല്‍ അവര്‍ ഏറ്റെടുക്കാന്‍ തയാറായിരുന്നു.

മുകേഷ് ജെയിന്‍

 മുകേഷ് ജെയിന്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മുത്തശ്ശിയെ നേപ്പാളിലേക്ക് അയക്കാനുള്ള സാധ്യതകളന്വേഷിച്ചു. അതിനകം വാര്‍ത്തകളിലൂടെ വിവരമറിഞ്ഞ ജില്ലാ കളക്ടര്‍, ചില ഉദ്യോഗസ്ഥരെ മുത്തശ്ശിയുടെ അവസ്ഥകള്‍ നേരിട്ടറിയാന്‍ ഏര്‍പ്പാടാക്കി. ആ കെട്ടിടത്തിന്റെ അപകടാവസ്ഥ നേരിട്ടറിഞ്ഞ ഉദ്യോഗസ്ഥര്‍ മുത്തശ്ശിയെ ഉടന്‍ വൃദ്ധസദനത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തിലെത്തി. എന്നാല്‍, തന്റെ മാതൃഭൂമിയായ നേപ്പാളില്‍ മരിച്ചാല്‍ മാത്രമേ സ്വര്‍ഗ്ഗം ലഭിക്കൂ എന്ന വിശ്വാസമായിരുന്നു മുത്തശ്ശിയുടേത്. അതല്ലെങ്കില്‍ ആ പഴയ കെട്ടിടത്തില്‍ പൂച്ചകളോടൊപ്പം ഇനിയുള്ള കാലം ജീവിക്കാനാണ് ഇഷ്ടമെന്ന് മുത്തശ്ശി തീര്‍ത്തുപറഞ്ഞു. എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന കെട്ടിടത്തില്‍ മുത്തശ്ശിയെ തുടര്‍ന്നും താമസിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറല്ലായിരുന്നു. അവരെ സ്നേഹത്തോടെയും കരുതലോടെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചു. പൂച്ചകള്‍ക്ക് യഥാസമയങ്ങളില്‍ ഭക്ഷണമെത്തിക്കാമെന്ന് പരിസരവാസികളില്‍ ചിലര്‍ ഏറ്റതിന് ശേഷം മാത്രമാണ് മുത്തശ്ശി തീരുമാനം മാറ്റിയത്. തേവരയിലെ വൃദ്ധ സദനത്തിലേക്ക് യാത്രയാവുന്നതിന് മുമ്പ് ആവശ്യപ്പെട്ടത് ഒന്നു മാത്രമായിരുന്നു; ചെറിയ പൂച്ചകള്‍ക്ക് ചെറിയ പാത്രത്തിലും വലിയ പൂച്ചകള്‍ക്ക് വലിയ പാത്രത്തിലും വെള്ളം കൊടുക്കണം!

 മുകേഷ് ജെയിന്റെ മനസ്സില്‍ പീമാകുമാരി മുത്തശ്ശിയെ എത്രയും വേഗം അവരുടെ ജന്മദേശത്തേക്ക് എത്തിക്കണമെന്ന ചിന്തയായിരുന്നു. സ്ഥലത്തെ ജനപ്രതിനിധികളോട് ആ വിഷയം അവതരിപ്പിക്കുകയും മുത്തശ്ശിയെ സ്വന്തം ചിലവില്‍ നേപ്പാളിലെത്തിക്കാന്‍ താന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. സ്ഥലം എം.പി. യില്‍ നിന്നും നേപ്പാള്‍ എംബസിയില്‍ നിന്നും അനുകൂല നിലപാടുകള്‍ ലഭ്യമായതോടെ തടസ്സങ്ങളില്ലാതായി. കളക്ടറുടെ ഓഫീസില്‍ വിശദവിവരങ്ങള്‍ യഥാസമയമറിയിച്ച് യാത്രക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു.

മുത്തശ്ശിയുടെ നാട്ടിലേക്ക്

നീണ്ട നാല്‍പ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം, കൊച്ചിയോട് വിട പറയുന്ന പീമാകുമാരി മുത്തശ്ശിയെ യാത്രയാക്കാന്‍ മട്ടാഞ്ചേരിയിലെ നിരവധി സഹൃദയര്‍ എത്തിയിരുന്നു. ആ യാത്രയില്‍ മുകേഷ് ജെയിന്റെ ഭാര്യയും ചേര്‍ന്നു. ലഖ്നൗ വരെ വിമാനത്തിലും അവിടെ നിന്ന് കാറിലുമായിരുന്നു യാത്ര. എയര്‍പോര്‍ട്ടും വിമാനയാത്രയും പുതിയ റോഡുകളും നഗരങ്ങളും മറ്റും മുത്തശ്ശിക്ക് പുതിയ അനുഭവമായി. ഒട്ടും പ്രതീക്ഷിക്കാതെ തന്റെ ജന്‍മദേശത്തേക്ക് പോവുന്നതിന്റെ സന്തോഷം അവരുടെ ശരീര ചലനങ്ങളില്‍ പ്രകടമായി. ഉത്തരേന്ത്യയില്‍ കൊടും തണുപ്പു കാലമായതിനാല്‍ സ്വെറ്ററുകളും മറ്റും കരുതിയിരുന്നു. ലഖ്‌നൗവില്‍ നിന്ന് നേപ്പാള്‍ ബോര്‍ഡറിലേക്ക് ടാക്സിയിലായിരുന്നു യാത്ര. കോടമഞ്ഞ് മൂടിയ റോഡിലൂടെ സാവധാനത്തില്‍ അവര്‍ നേപ്പാള്‍ അതിര്‍ത്തി കടന്നു. ബോര്‍ഡറിലെത്താന്‍ രണ്ടു മണിക്കൂര്‍ മതിയെങ്കിലും പ്രതികൂല കാലവസ്ഥയിലൂടെയുള്ള ആ യാത്ര ഏഴു മണിക്കൂറെടുത്തു.

മുകേഷും ഭാര്യയും നേപ്പാളില്‍
പീമാകുമാരിയുടെ ബന്ധുക്കള്‍ക്കൊപ്പം

മധുരിക്കുന്ന സമാഗമം!

നേപ്പാള്‍ ബോര്‍ഡറിലെ സെക്യൂരിറ്റി ഓഫീസറോട് മുകേഷ് ജെയിന്‍ കാര്യങ്ങള്‍ വിശദമായി അവതരിപ്പിച്ചു. അവര്‍ അതിര്‍ത്തി പിന്നിട്ടു. ഏറെ കാലങ്ങള്‍ക്കു ശേഷം പീമാകുമാരി സ്വന്തം മണ്ണില്‍ കാലുകുത്തി. അവരുടെ വരവും കാത്ത് ഗ്രാമത്തില്‍ നിന്നും അതിര്‍ത്തിക്കരികില്‍ വന്നുനിന്ന ബന്ധുക്കളെ കണ്ടു. ആചാരങ്ങള്‍ പ്രകാരം മാലയിട്ടും പൊട്ടുതൊട്ടുമാണ് അവര്‍ മൂവരേയും സ്വീകരിച്ചത്. കാലം അരനൂറ്റാണ്ടോളം പിന്നിട്ടപ്പോള്‍ മുത്തശ്ശിയുടെ കുടുംബവും തലമുറകള്‍ മാറിമറിഞ്ഞിരുന്നു. പുതിയവരെല്ലാം മുത്തശ്ശിയെ കൗതുകത്തോടെ നോക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. പരിസരത്തെ കടകളിലെ ജീവനക്കാര്‍ അതെല്ലാം കൗതുകത്തോടെ കാണുന്നുണ്ടായിരുന്നു. ആ കൂടിച്ചേരലിന്റെപ്രാധാന്യമറിഞ്ഞപ്പോള്‍ അവര്‍ എല്ലാവര്‍ക്കും ഇരിക്കാനായി കസേരകള്‍ നല്‍കുകയും മധുരം സമ്മാനിക്കുകയും ചെയ്തു. ജീവിതത്തിലെ സകല പ്രതീക്ഷകളുമവസാനിച്ച് മട്ടാഞ്ചേരിയിലെ ഒരു കെട്ടിടച്ചുവട്ടില്‍ കഴിഞ്ഞിരുന്ന മുത്തശ്ശി ആയിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടി ജന്മനാട്ടിലെത്തിയപ്പോള്‍, രാജ്യാതിരുകളെ ഭേദിക്കുന്ന മാനവികതക്കാണ് ആ അതിര്‍ത്തി ഗ്രാമം സാക്ഷിയായത്. മുകേഷ് ജെയിന് അതെല്ലാം മറക്കാനാവാത്ത നിമിഷങ്ങളാണ്. മുത്തശ്ശിക്കൊപ്പം അവരുടെ ഗ്രാമത്തിലേക്ക് പോവണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നെങ്കിലും സമയം വൈകിയതിനാലും എയര്‍പോര്‍ട്ടില്‍ തിരികെ എത്തേണ്ടതിനാലും ആ ആഗ്രഹം ബാക്കിയാക്കി മറ്റൊരിക്കല്‍ എത്തിച്ചേരാമെന്ന ഉറപ്പിന്‍മേലാണ് മുകേഷ് ജെയിനും ഭാര്യയും തിരികെ യാത്രയായത്. മഞ്ഞുമൂടിയ മലമ്പാതയിലൂടെ ആ വാഹനം അപ്രത്യക്ഷമാകുന്നതുവരെ പീമാകുമാരിയും കുടുംബവും അവരെ കൈവീശി കാണിച്ചുകൊണ്ടിരുന്നു.

മറ്റൊരു എക്സിബിഷന്‍ കാലത്ത്..

കഴിഞ്ഞ ബിനാലെക്ക് സമാന്തരമായി, ചവിട്ടുനാടക കലാകാരരുടെ ജീവിതം പശ്ചാത്തലമാക്കി മട്ടാഞ്ചേരിയില്‍ ചെയ്ത ചിത്രപ്രദര്‍ശനം കാണാനായി മുകേഷ് ജെയിന്‍ വന്നിരുന്നു. സൗഹൃദ സംഭാഷണത്തിനിടെ പീമാകുമാരി മുത്തശ്ശിയോടൊപ്പമുള്ള നേപ്പാള്‍ യാത്ര അദ്ദേഹം വിശദമായി പറഞ്ഞു. സംസാരത്തിനൊടുവില്‍, ആ പഴയ കെട്ടിടത്തിലേക്ക് ഒരിക്കല്‍ക്കൂടി പോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബസാര്‍ റോഡിലെ തിരക്കിനിടയിലൂടെ യാത്രചെയ്ത് കെട്ടിട പരിസരത്തെത്തി. ആ പഴയ മരവാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ നാട്ടുകാരായ രണ്ടുപേര്‍ അടുത്തുവന്നു. മതിലിന്റെ ഒരറ്റം ദ്രവിച്ച് നിലംപൊത്തിയതാണെന്നും വേണമെങ്കില്‍ അതിലൂടെ അകത്തേക്ക് കടക്കാമെന്നും ഇഴ ജന്തുക്കളെ ശ്രദ്ധിക്കണമെന്നും സൂചിപ്പിച്ച് അവരും ഞങ്ങള്‍ക്കൊപ്പം കൂടി. കാടുപിടിച്ചു കിടക്കുന്ന, ചപ്പുചവറുകള്‍ നിറഞ്ഞതുമായ ഒരു വഴിയിലൂടെ ഒരുവിധം ഞങ്ങള്‍ അകത്തെത്തി. അവിടേക്ക് ആരും ചെല്ലാറില്ലെന്ന് വ്യക്തം.

 പൂച്ചകളെയൊന്നും ആ പരിസരത്ത് പോലും കണ്ടില്ല. ഒരു പതിറ്റാണ്ടുകാലം മുത്തശ്ശി ജീവിച്ച ജീവിതം പാത്രങ്ങളും കിറ്റുകളുമെല്ലാമായി അവിടിവിടങ്ങളില്‍ പൊടിപിടിച്ച് ചിതറിക്കിടപ്പുണ്ടായിരുന്നു. കുറേ ഓര്‍മകളിലൂടെ മനസ്സ് കടന്നുപോയി. മങ്ങിയ കാഴ്ചയും അസുഖങ്ങളുമായി ആ മുത്തശ്ശി എങ്ങനെയാവും വലിയൊരു കാലം ഒറ്റപ്പെട്ട് ജീവിച്ചിട്ടുണ്ടാവുക എന്ന ചോദ്യത്തിന് മുകേഷ് ജെയിന്‍ മറുപടിയായി പറഞ്ഞത് മട്ടാഞ്ചേരിക്കാരായ റസിയ, അജീഷ് എന്നിവരെക്കുറിച്ചാണ്, അവരും മുത്തശ്ശിയുമായുള്ള അപൂര്‍വ്വമായ അടുപ്പത്തെക്കുറിച്ചും! കൊച്ചിന്‍ കോര്‍പ്പറേഷനില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്ന തൊഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ചെയ്തുവരുന്ന റസിയ താമസിക്കുന്നത് ആ കെട്ടിടത്തില്‍ നിന്ന് കാണാവുന്നത്ര ദൂരത്തെ തീരെ ചെറിയൊരു വീട്ടിലാണ്. കൊച്ചിന്‍ ഐലന്റില്‍ കയറ്റിയിറക്ക് തൊഴിലാളിയായ അജീഷിന്റെ വീട് കുറച്ചകലെയും. മുകേഷ് ജെയിന്‍ വിളിച്ചപ്പോള്‍ത്തന്നെ റസിയ അവിടേക്കെത്തിച്ചേര്‍ന്നു. മുത്തശ്ശിയെ അവര്‍ എത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു എന്നതിന്റെ തെളിവായിരുന്നു റസിയയുടെ ഓരോ വാക്കുകളും.

റസിയ

റസിയയുടെയും അജീഷിന്റെയും പീമാമ്മ

വര്‍ഷങ്ങള്‍ക്കു മുമ്പ്, പൈപ്പില്‍നിന്ന് വെള്ളം ശേഖരിക്കാനെത്തിയപ്പോഴാണ് ആയിടെ എത്തിച്ചേര്‍ന്ന നേപ്പാളി മുത്തശ്ശിയെ റസിയ കാണുന്നത്. ഭര്‍ത്താവിന്റെ ഉമ്മയോട് അക്കാര്യം പറയുകയും ഇരുവരുമൊത്ത് മുത്തശ്ശിയെ കാണാന്‍ തീരുമാനിക്കുകയും ചെയ്തു എന്നാല്‍, അസുഖമേറിയ ഉമ്മ വൈകാതെ മരണമടയുകയായിരുന്നു. മറ്റൊരിക്കല്‍ റസിയ തനിയെ ചെന്ന് മുത്തശ്ശിയെ കണ്ടു. പ്രായമായ മറ്റുചിലരും ആ കെട്ടിടത്തില്‍ കഴിഞ്ഞുകൂടിയിരുന്നു. മുത്തശ്ശിയുടെ അവസ്ഥയറിഞ്ഞ റസിയ ഇടയ്ക്കിടെ വിവരങ്ങളാരായുകയും അവശ്യ സഹായങ്ങളെത്തിക്കുകയും ചെയ്തു. അങ്ങനെ ഇരുവരും കൂടുതലടുത്തു. 'അമ്മ'യെന്നാണ് മുത്തശ്ശിയെ റസിയ വിളിച്ചത്. നാളുകള്‍ കഴിഞ്ഞപ്പോള്‍, മറ്റ് അഭയാര്‍ത്ഥികളെല്ലാം  പലയിടങ്ങളിലേക്ക് പോവുകയും മുത്തശ്ശിയവിടെ തനിച്ചാവുകയും ചെയ്തു. മുത്തശ്ശിയുടെ എല്ലാ ആവശ്യങ്ങള്‍ക്കും റസിയ ഓടിയെത്തി. പള്ളുരുത്തിയില്‍ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിച്ചെത്തിയ റസിയക്ക് അവര്‍ സ്വന്തം അമ്മയെപ്പോലെയായി മാറി. മുത്തശ്ശിക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളേറുകയും കാഴ്ച വളരെയേറെ മങ്ങുകയും ചെയ്തു. ഇടിമിന്നലും മഴയുമുള്ള രാത്രികളില്‍ മുത്തശ്ശിയെയോര്‍ത്ത് റസിയയുടെ ഉറക്കം നഷ്ടപ്പെട്ടു. വീട് പുതുക്കിപ്പണിയുമ്പോള്‍ മുത്തശ്ശിക്കായി ഒരു മുറി കരുതാനും പരിചരിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.

അജീഷ്‌

മുടങ്ങാത്ത ഭക്ഷണപ്പൊതി

 ഒരിക്കലൊരു മഴയത്ത് അടുത്തുകണ്ട കെട്ടിടത്തിലേക്ക് ഓടിക്കയറിയപ്പോഴാണ് അജീഷ് ആദ്യമായി മുത്തശ്ശിയെ കാണുന്നത്. മുറിക്കകത്തേക്ക് കയറിവരുന്ന വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാനായി ചുമരിനോടു ചേര്‍ന്ന് കൂനിക്കൂടി ഇരിക്കുകയായിരുന്നു അവര്‍. ആ കാഴ്ച അജീഷിന്റെ ഉള്ളില്‍ത്തട്ടി. അടുത്ത ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം അവിടേക്കെത്തുകയും മുറിയുടെ പൊട്ടിപ്പൊളിഞ്ഞ ഭാഗങ്ങള്‍ കഴിയാവുന്ന രീതിയില്‍ നന്നാക്കുകയും ചെയ്തു. തകര്‍ന്ന ഭിത്തിയുടെ ഭാഗത്ത് പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി. കിടക്കാനായി ഒരു കട്ടിലും സംഘടിപ്പിച്ചു. കുറച്ച് പൈസ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും മുത്തശ്ശി നിരസിക്കുകയായിരുന്നു. അന്നു വൈകീട്ട് വീട്ടിലെത്തിയ അജീഷ് തന്റെ, ഉമ്മയോട് മുത്തശ്ശിയുടെ അവസ്ഥ വിവരിച്ചു. അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവുമോ എന്നുള്ള ആശങ്കയും പങ്കുവെച്ചു. സംസാരത്തിലെ വേദനയറിഞ്ഞ ഉമ്മ, മുത്തശ്ശിക്കുള്ള ഭക്ഷണം ഇനിമുതല്‍ നമുക്കുണ്ടാക്കാമെന്ന് പറഞ്ഞു. അടുത്ത ദിവസം ഭക്ഷണവുമായി അജീഷ് മുത്തശ്ശിക്കരികിലെത്തി. അതൊരു സ്നേഹ ബന്ധത്തിന്റെ തുടക്കമായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മുത്തശ്ശിക്കുള്ള ഭക്ഷണപ്പൊതിയുമായി പോവുന്ന അജീഷ് ആ നാട്ടുകാരുടെ പതിവുകാഴ്ച. എന്തെങ്കിലും അസൗകര്യങ്ങളുള്ളപ്പോള്‍ അജീഷിന്റെ വാപ്പയോ സഹോദരനോ സുഹൃത്തുക്കളോ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. കുടുംബസമേതം ദൂരസ്ഥലങ്ങളിലേക്ക് പോവേണ്ടി വന്നാല്‍ മുത്തശ്ശിയോട് നേരത്തേ സൂചിപ്പിക്കും. എങ്കിലും, ഭക്ഷണമെത്തിക്കേണ്ട സമയമാവുമ്പോള്‍ എവിടെയാണെങ്കിലും തന്റെ ഉമ്മ, മുത്തശ്ശിയെ ഓര്‍ത്ത് അസ്വസ്ഥയാവാറുണ്ടെന്ന് അജീഷ് പറഞ്ഞു. 'പീമാമ്മ' എന്നാണ് അജീഷ് മുത്തശ്ശിയെ സ്നേഹത്തോടെ വിളിച്ചിരുന്നത്.

 മുത്തശ്ശിയുടെ നേപ്പാള്‍ യാത്ര സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനമായപ്പോള്‍, ഏറെ സങ്കടപ്പെട്ടത് റസിയയും അജീഷുമായിരുന്നു. അത്രമേല്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മുത്തശ്ശി മാറിയിരുന്നു. യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ദിവസം, വൃദ്ധസദനത്തില്‍ നിന്ന് ഇത്രകാലം തന്നെ സ്നേഹിച്ച മനുഷ്യരെയും പൂച്ചകളെയും കാണാന്‍ മുത്തശ്ശിയെത്തി. ആ പഴയ കെട്ടിടത്തില്‍ കുറേ നേരമിരുന്നു. റസിയയെയും കുടുംബത്തേയും കണ്ട് യാത്ര പറഞ്ഞു.

അജീഷിന്റെ ഉമ്മ

തുടര്‍ന്ന്, അജീഷിനോടായി ഒരാഗ്രഹം പറഞ്ഞു, ഉമ്മയെ ഒന്ന് കാണണം. കുറച്ചകലെ, തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കിടയിലൂടെയുള്ള ഇടുങ്ങിയ വഴികളിലൂടെ മുത്തശ്ശി ആദ്യമായി ആ വീട്ടിലേക്കെത്തി. കാഴ്ച മങ്ങിയതിനാല്‍ ഓരോരുത്തരേയും അടുത്തു ചെന്ന് സൂക്ഷിച്ചു നോക്കി. മുത്തശ്ശിക്ക് കാണേണ്ടത് നീണ്ട പത്തു വര്‍ഷത്തോളം തന്റെ വിശപ്പകറ്റിയ ഉമ്മയെയായിരുന്നു. ആ കൈകള്‍ ചേര്‍ത്തുപിടിച്ച് ഒന്നും പറയാതെ കുറച്ചു നിമിഷങ്ങള്‍ നിന്നു. വാക്കുകള്‍ക്കപ്പുറം അവര്‍ പലതും പറയാതെ പറഞ്ഞിട്ടുണ്ടാകും. ദേശത്തിന്റെയും ഭാഷയുടെയും ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ സ്നേഹത്തിനു മുന്നില്‍ അപ്രസക്തമായ, മറ്റൊന്നിനും പകരം വെക്കാനില്ലാത്ത നിമിഷങ്ങള്‍ പങ്കിട്ട്, ആ ഉമ്മ തയ്യാറാക്കിയ ഭക്ഷണം ഒരിക്കല്‍ക്കൂടി കഴിച്ചാണ് മുത്തശ്ശി അന്ന് യാത്രയായത്.


 

Content Highlights: Peemakumari, K.R Sunil, Mathrubhumi Weekend