‘പൊറുക്കുന്നതിനെപ്പറ്റി സംസാരിക്കുന്ന എനിക്ക് പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി കയറേണ്ടിവന്നിട്ടുണ്ട്’

#ജോസഫ് അന്നംകുട്ടി ജോസ്‌/അനന്യ ജി.
ജോസഫ് അന്നംകുട്ടി ജോസ്‌ |​ ഫോട്ടോ: എൻ.എം. പ്രദീപ്‌
ജോസഫ് അന്നംകുട്ടി ജോസ്‌ |​ ഫോട്ടോ: എൻ.എം. പ്രദീപ്‌

പ്രത്യാശാനിർഭരവും സ്‌നേഹമനോഹരവുമായ വാക്കുകൾകൊണ്ട് മലയാളി വായനക്കാർക്ക് പ്രിയപ്പെട്ട എഴുത്തുകാരനും പ്രഭാഷകനുമാണ് ജോസഫ് അന്നംകുട്ടി ജോസ്. ജോസഫിന്റെ വാക്കുകൾക്ക് കാതോർത്തുനിൽക്കുന്ന വലിയൊരു ആസ്വാദകസമൂഹം ഇവിടെയുണ്ട്. ജോസഫ് അന്നംകുട്ടി ജോസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ആരും കാണാത്ത യുദ്ധങ്ങൾ എന്ന പുസ്തകം ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽത്തന്നെ പതിനായിരത്തിലധികം കോപ്പികൾ വിറ്റു. തന്റെ ലോകത്തെക്കുറിച്ചാണ് ജോസഫ് ഇവിടെ സംസാരിക്കുന്നത്...

ആരും കാണാതെപോകുന്ന യുദ്ധങ്ങളെപ്പറ്റിയാണോ അതോ എല്ലാവരിൽനിന്നും ഒളിപ്പിക്കുന്ന യുദ്ധങ്ങളെപ്പറ്റിയാണോ പുതിയ പുസ്തകം.?

= കൂടുതലും രണ്ടാമത് പറഞ്ഞതാണ്. കടയോടെ പിഴുതെടുത്തു കളയാൻപറ്റാത്ത ഒരു മുള്ള് എല്ലാ മനുഷ്യനും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട്. വിടാതെ പിന്തുടരുന്ന ചില വേദനിപ്പിക്കുന്ന ഓർമ്മകൾ. ചിലപ്പോൾ മരണംവരെ ആ നോവ് ചുമക്കേണ്ടിവരും. യുദ്ധങ്ങൾ പലവിധമാണ്. ചിലർക്കത് ബന്ധങ്ങളിലെ തകർച്ചകളാകാം. സന്തോഷവും വിജയവും ആസ്വദിക്കാൻകഴിയാതെ പോകുന്നവരുണ്ട്. അഭിനയിച്ച സിനിമ സൂപ്പർ ഹിറ്റായിട്ട് അടുത്തസിനിമയിലേക്കുള്ള വിളിവന്നില്ലല്ലോ എന്ന ആധിയിൽ വിഷാദത്തിലേക്കുവീഴുന്ന മനുഷ്യർ. ഓസ്‌കർ കിട്ടിയവർപോലും ആത്മഹത്യചെയ്തിട്ടുണ്ട്. പിടികിട്ടാത്ത നിഗൂഢതയാണ് മനുഷ്യൻ. ഓരോരുത്തരും വ്യത്യസ്തമായ പോരാട്ടങ്ങളിലൂടെ കടന്നുപോകുന്നു. താൻ ഒറ്റയ്ക്കല്ല എന്ന് വായനക്കാരന് പ്രതീക്ഷനൽകാനാണ് ഈ പുസ്തകം. കഴിഞ്ഞ നാലുവർഷം ജീവിതത്തിലുണ്ടായ അനുഭവങ്ങളും ഉറ്റവരും പരിചയക്കാരും പറഞ്ഞറിഞ്ഞതും മെയിലിലൂടെ സന്ദേശമായി ലഭിച്ചതുമായ ജീവിതകഥകളുടെ തിരഞ്ഞെടുത്ത ശേഖരമാണിത്. തീവ്രമായി സ്പർശിച്ചതെന്തും ലാപ്ടോപ്പിൽ കുറിച്ചിടുന്ന സ്വഭാവമുണ്ട്. അങ്ങനെ ഒരുപാട് അനുഭവങ്ങളിൽനിന്നും ചിലതുമാത്രം കണ്ടെത്തുക എന്നതായിരുന്നു ശ്രമകരം. ജീവിതത്തിൽ ക്ഷമിക്കുന്നതിനെപ്പറ്റിയും പൊറുക്കുന്നതിനെപ്പറ്റിയും ധാരാളം സംസാരിക്കുന്നയാളാണ് ഞാൻ. പക്ഷേ, ഒരാൾക്കെതിരേ പരാതികൊടുക്കാൻ എനിക്ക് പോലീസ് സ്റ്റേഷനിൽ കയറേണ്ടിവന്നു. എന്റെ പരാതികേട്ട് പോലീസുകാർ ആദ്യം ചിരിക്കുകയാണുണ്ടായത്. അങ്ങനെ കടന്നുപോയ വിചിത്രമായ പലതിന്റെയും ആകത്തുകയാണ് പുതിയ പുസ്തകം.

മാതാപിതാക്കളായ ജോസ്‌ കെ.ഡി.ക്കും അന്നംകുട്ടിക്കുമൊപ്പം ജോസഫ്‌

പോസിറ്റിവിറ്റിയെക്കുറിച്ച് പലപ്പോഴും സംസാരിക്കാറുണ്ട്. എപ്പോഴും പോസിറ്റീവായിരിക്കാൻ മനുഷ്യന് കഴിയുമോ.?

= ഒരിക്കലുമില്ല. എപ്പോഴും ചിരിക്കാൻ ശ്രമിക്കാം, ആഗ്രഹിക്കാം. അത് നേടിയെടുക്കുക അസാധ്യമാണ്. ജീവിതത്തിന്റെ ഒഴുക്കിനെ ഉൾക്കൊള്ളുക മാത്രമാണ് വഴി. മനുഷ്യജന്മത്തിന്റെ നികുതിയാണ് ദുഃഖം. അത് ഒടുക്കിയേ പറ്റൂ. മോട്ടിവേഷണൽ സ്പീക്കർ എന്ന് എന്നെ വിളിക്കാറുണ്ട്. പക്ഷേ, ജീവിതവിജയത്തിനോ സന്തോഷത്തിനോ കുറുക്കുവഴികളുണ്ട് എന്ന് എഴുത്തിലോ സംസാരത്തിലോ ഞാൻ അവകാശപ്പെട്ടിട്ടില്ല. ഞാൻ പറയുന്നത് കഥകളാണ്. അതും എങ്ങനെ ജയിക്കാമെന്നുള്ള കഥകളല്ല. തോറ്റാൽ എങ്ങനെ പിടിച്ചുനിൽക്കാമെന്നു പറയുന്ന കഥകൾ. തോൽവിയിൽനിന്ന് പറന്നുയരാൻ കരുത്തുള്ള ഒരു ഫീനിക്‌സ് എല്ലാവരുടെയും ഉള്ളിലുണ്ടാകും. എന്നിട്ടും ചിലരതിൽ കൂപ്പുകുത്തിപ്പോകുന്നു. ഒരു വണ്ടി ബ്രേക്ക്ഡൗൺ ആകുന്നത് സങ്കല്പിക്കൂ. നല്ല സമർഥനായ ഡ്രൈവർ. സ്ഥിരം പോകുന്ന വഴി. നല്ല കണ്ടീഷനിലുള്ള വണ്ടി. എന്നാലും ചിലപ്പോഴത് വഴിയോരത്ത് പണിമുടക്കും. അതുപോലെയാണ് ജീവിതവും. കൂട്ടത്തള്ളൽ വേണ്ടിവരും അതൊന്ന് സ്റ്റാർട്ടാകാൻ. അങ്ങനെയൊരു കരുതൽ, ഒരു ചെറിയ തള്ളൽ എല്ലാവർക്കും വേണ്ടിവരും. അസാമാന്യമായ ആത്മബലംകൊണ്ട് ആരുടെയും പിന്തുണയോ പ്രചോദനമോ ഇല്ലാതെ പിടിച്ചുനിൽക്കുന്നവരും മുന്നേറുന്നവരുമുണ്ട്. പക്ഷേ, ഭൂരിഭാഗം പേരും അങ്ങനെയല്ല. കുടുംബം, കൂട്ടുകാർ, ഗുരുക്കന്മാർ എന്നീ മൂന്ന് തൂണുകളാണ് എന്റെ ലോകം താങ്ങിനിർത്തുന്നത്. ഞാൻ സെമിനാരിയിൽ പോകാൻ തീരുമാനിച്ചു, അവിടം വിടാൻ തീരുമാനിച്ചു, കിട്ടിയ ജോലി രാജിവെച്ചു... അപ്പോഴൊക്കെയും അപ്പനും അമ്മയും സഹോദരങ്ങളും പിന്തുണതന്നു. ആറുമാസമായി വിവാഹം കഴിഞ്ഞിട്ട്. പതിന്നാലുവർഷമായി യോഗ പരിശീലിക്കുന്ന ഒരാളാണ് ഭാര്യ ആൻ. അവളുടെ ശാന്തസാമീപ്യവും ഇപ്പോൾ എനിക്ക് ആശ്വാസമാകുന്നു. എന്റെ വിജയങ്ങളിൽ എന്നെക്കാളും സന്തോഷിക്കുന്ന കുറച്ചുപേരാണ് എന്റെ കൂട്ടുകാർ. തിയോളജി, ഫിലോസഫി, സൈക്കോളജി എന്നീ വിഷയങ്ങളിലൊക്കെ ഡബിൾ ഡോക്ടറേറ്റുള്ള ഗുരുക്കന്മാർ. അവരുടെ അനുഗ്രഹമാണ് എന്റെ ശക്തി.

കടുത്ത ആഗ്രഹമുണ്ടെങ്കിൽ ജീവിതത്തിൽ എന്തും നേടിയെടുക്കാമെന്ന മാനിഫെസ്റ്റഷൻ സിദ്ധാന്തത്തിന് ആരാധകർ കൂടിവരുന്നു. അതിൽ വിശ്വസിക്കുന്നുണ്ടോ.?

= ഞാൻ ഇതുവരെ ശ്രമിച്ചുനോക്കിയിട്ടില്ല. പക്ഷേ, അച്ചടക്കത്തോടെ എന്ത് പരിശ്രമിച്ചാലും ജയസാധ്യത കൂടുതലാണ്. അതാണ് മാനിഫെസ്റ്റേഷൻ സിദ്ധാന്തത്തിന്റെ അടിത്തറ. നമ്മുടെ ചിന്തകളുടെ പ്രതിഫലനമാണ് നാം. കുട്ടിക്കാലത്ത് കുളിമുറിയിൽ ഒരുപാട് സാങ്കല്പിക അവാർഡുകൾക്ക് നന്ദിപ്രസംഗം നടത്തുമായിരുന്നു. എവിടെനിന്നെങ്കിലും ഒരു ആദരം കിട്ടണം എന്നായിരുന്നു മനസ്സിൽ. അടുപ്പിലൂതുന്ന കുഴൽ ചാനലിന്റെ മൈക്കായി സങ്കല്പിച്ചു സംസാരിച്ചിട്ടുണ്ട്. നാട്ടിലൊരു സിനിമാഷൂട്ടിങ് നടന്നപ്പോൾ സിനിമയിലൊന്ന് മുഖംകാണിക്കാൻ പറ്റണമേ എന്ന് ആഗ്രഹിച്ചു. ഇവയൊന്നും ഉത്കടമായ, പിടിച്ചുലച്ച ആഗ്രഹങ്ങളായിരുന്നില്ല. നിഷ്‌കളങ്കമായ ചില കുഞ്ഞുമോഹങ്ങൾ. പകൽക്കിനാവുകൾക്ക് വല്ലാത്ത പവറുണ്ട്. ഇപ്പോൾ തിരിച്ചറിയപ്പെടുന്ന ഒരാളായി. അവാർഡുകൾ കിട്ടി, ചാനലുകളിൽ അഭിമുഖം നടത്തി, സിനിമയിലും അഭിനയിച്ചു. പക്ഷേ, ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരുകാര്യം ഇന്നേവരെ സാധിച്ചിട്ടില്ല. സ്റ്റാൻഡ് അപ് കോമഡി ചെയ്യണമെന്ന് തീവ്രമായ ആഗ്രഹമുണ്ട്. എന്നെങ്കിലും അത് സംഭവിച്ചേക്കാം.

പ്രഭാഷകൻ, എഴുത്തുകാരൻ, റേഡിയോ ജോക്കി, സോഷ്യൽ മീഡിയ പെർസോണ ഇങ്ങനെയെല്ലാം തിരിച്ചറിയപ്പെടുന്നു. എങ്ങനെ സ്വയം ബ്രാൻഡ് ചെയ്യാനാണ് താത്പര്യം.?

= എല്ലാവർക്കും പരിചയമുള്ള ഒരാൾ എന്നറിയപ്പെടാനാണ് മോഹം. ചിലർ എന്നെ വീഡിയോയിലൂടെ കണ്ടവരാകും. ഞാൻ എഴുതിയത് വായിച്ചവരാകും. റേഡിയോയിലൂടെമാത്രം അറിഞ്ഞവരുമാകും. ആകെ ഒരു സിനിമയിലാണ് ഞാൻ അഭിനയിച്ചത്. എന്നാൽ, സിനിമയിലൂടെ എന്റെ മുഖം തിരിച്ചറിയുന്നവരുമുണ്ട്. ഒരല്പം ചായ്വ് എഴുത്തുകാരൻ എന്ന മേൽവിലാസത്തോടാണ്. ഞാൻ എഴുതിയ വാക്കുകളെ സ്വന്തം മുറിയുടെ ഏകാന്തതയിലിരുന്ന് വായിച്ച് അതിനോട് പ്രതികരിക്കുന്നവരോട് കടപ്പാടും സ്‌നേഹവുമുണ്ട്. നിമിഷങ്ങൾമാത്രം നീളമുള്ള വീഡിയോ കാണുന്നതിനെക്കാൾ സ്‌നേഹം തോന്നുന്നത് ഇരുനൂറിലധികം താളുകളുള്ള ഒരു പുസ്തകം വായിച്ച് അഭിപ്രായം പറയുന്നതിനോടാണ്.

ഭാര്യ ആൻമരിയയ്ക്കൊപ്പം

വായനയിലെ ഇഷ്ടങ്ങൾ.?

=രണ്ടുതരത്തിലാണ് എന്റെ വായന. ഒന്ന് തയ്യാറെടുപ്പിനുള്ളതാണ്. പറയുന്ന കാര്യങ്ങൾക്ക് ആഴവും ശാസ്ത്രീയ അടിത്തറയും വേണമെന്ന് നിർബന്ധമുണ്ട്. വൈകാരികമായ വിഷയങ്ങൾമാത്രം സംസാരിച്ചാൽ അത് ഹൃദയത്തിനുള്ള ഇന്ധനംമാത്രമായി ചുരുങ്ങും. തലച്ചോറിനും ചിന്തിക്കാനുള്ള വകനൽകണം. അതിന് വായന സഹായിക്കും. മറ്റൊരുതരം വായന വിനോദത്തിനുള്ളതാണ്. നല്ലതെന്നു കേൾക്കുന്ന പുസ്തകങ്ങളും പുതുതലമുറ എഴുത്തുകാരുടെ രചനകളും വായിക്കും. ആനുകാലികങ്ങളും ശ്രദ്ധിക്കാറുണ്ട്. കുട്ടികളുടെ പ്രസിദ്ധീകരണങ്ങൾ താത്പര്യത്തോടെ വായിക്കും. ചില ചിത്രകഥകളൊക്കെ ഒരുപാട് ചിന്തിപ്പിച്ചിട്ടുണ്ട്. ഈയടുത്ത് വായിച്ചതിൽ അരുന്ധതി റോയിയുടെ മദർ മേരി കംസ് ടു മി എന്ന പുസ്തകം അദ്ഭുതപ്പെടുത്തി. ജീവിതത്തിലെ ചില ഏടുകൾ അവർ അവതരിപ്പിച്ചപ്പോൾ അതിന്റെ വൈകാരികസമൃദ്ധി എന്നെയും പലതും ഓർമ്മിപ്പിച്ചു. ഗൗരവമുള്ള വായനക്കാരനാണ് എന്ന് അവകാശപ്പെടുന്നില്ല. എല്ലാവർക്കും ഇഷ്ടപ്പെടുന്ന പുസ്തകങ്ങളോ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നവയോ എന്റെ രുചിയെ തൃപ്തിപ്പെടുത്തണമെന്നില്ല. ആത്മീയത വിഷയമായ ധാരാളം പുസ്തകങ്ങൾ വായിക്കാറുണ്ട്.

എന്താണ് താങ്കളുടെ ദൈവസങ്കല്പം.?

= ദിവസവും പ്രാർഥിക്കുന്ന, പള്ളിയിൽ പോകുന്ന ഭൂതകാലമുണ്ടായിരുന്നു. അതൊക്കെയും പാടേ ഇല്ലാതിരുന്ന കാലവും ഉണ്ടായിട്ടുണ്ട്. പ്രപഞ്ചം നിലനിർത്തുന്നത് ലോജിക്കിനെക്കാൾ മാജിക്കാണ് എന്ന് വിശ്വസിക്കുന്നു. സുന്ദരമായ ആകസ്മികതകളാണ് എന്റെ ജീവിതം. എല്ലാവരുടെ പാതകളെയും ഒരുപോലെ ബഹുമാനിക്കാൻ എന്റെ വീടാണ് എന്നെ പഠിപ്പിച്ചത്. നിത്യേന പള്ളിയിൽപ്പോകുന്ന അപ്പനും പള്ളിയിൽ പോകാത്ത അമ്മയും ആണ് എന്റേത്. മൂത്ത സഹോദരൻ നിരീശ്വരവാദി, രണ്ടാമത്തെ ചേട്ടൻ വലിയ വിശ്വാസി. പരമശിവനോട് വലിയ സ്‌നേഹവും ആരാധനയും ഉള്ളയാളാണ് ഭാര്യ. ഇവർക്ക് നടുവിലാണ് ഞാൻ. ഈശോയോട് എനിക്ക് അതിരറ്റ സ്‌നേഹമുണ്ട്. തൊഴുത്തിൽ പിറവി, അപ്പനാര് എന്ന് പരിഹസിക്കപ്പെട്ടിട്ടുണ്ടാകണം, കൂട്ടുകാരൻ പൈസയ്ക്കുവേണ്ടി ഒറ്റുകൊടുത്തയാൾ, ഉറ്റ സുഹൃത്തിനാൽ തള്ളിപ്പറയപ്പെട്ടയാൾ. ഇത്രയും സങ്കടങ്ങളിലൂടെ കടന്നുപോയ അയാൾ ദൈവപുത്രനായിമാറിയ ആ സങ്കല്പത്തോടാണ് എനിക്ക് ആദരവും ആരാധനയും. വെള്ളം വീഞ്ഞാക്കിയെന്ന അദ്ഭുതകഥയെക്കാൾ അതിശയം എനിക്കുതോന്നിയത് തന്നെ വിറ്റുകളഞ്ഞ യൂദാസിനെ കെട്ടിപ്പിടിച്ചതിലാണ്. ഹൃദയത്തെ സ്പർശിക്കാനുള്ള ആ മാന്ത്രികതയിലാണ്.

Content Highlights: Joseph Annamkutty Jose`s `Aarum Kaanatha Yuddhangal` explores life`s hidden battles. Get inspiration and hope from his new book, a bestseller.