അവസാനത്തെ കാഴ്ചയും അണയുംമുമ്പേ ബോര്‍ഹെസ് അവതാരികയെഴുതി, 130 പേജുള്ള ആ നോവലിന്!

ആ ആപ്പിള്‍- അതിനും വളരെ വളരെ മുമ്പു പോരായ്മകള്ക്കിടമില്ലാതിരുന്ന ഒരു പൂന്തോട്ടത്തിലെ വിലക്കപ്പെട്ട കനിയെ പോലെ - ഒരു തുടക്കമായിരുന്നു, 1665-ലെയോ 1666-ലെയോ വേനല്‍ ചൂടിലാണ് ആ പഴം ഞെട്ടറ്റ് വീണത്. എന്നാല്‍ അത് മതിയായിരുന്നു ഐസക് ന്യൂട്ടണ്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തം കണ്ടെത്തുവാന്‍.
1687-ല്‍ പ്രസിദ്ധീകരിച്ച 'പ്രകൃതി ശാസ്ത്രത്തിന്റെ ഗണിതതത്വങ്ങള്‍' എന്നോ മറ്റോ തര്‍ജ്ജമ ചെയ്യാവുന്ന, തന്റെ ഗ്രന്ഥത്തിലാണ് - Philosophiae Naturalis Principia Mathematica എന്ന് യഥാര്‍ത്ഥ നാമം - ഗുരുത്വാകര്‍ഷണ സിദ്ധാന്തം ന്യൂട്ടണ്‍ ആദ്യമായി അവതരിപ്പിക്കുന്നത്. ജോസഫ് ലൂയി ലെഗ്രാഞ്ച് 'മനുഷ്യചിന്തയുടെ ഏറ്റവും മഹത്തായ ഉല്‍പ്പന്നം' എന്ന് വിളിച്ചതും മൂന്ന് വോള്യമായി പുറത്തിറങ്ങിയതുമായ ആ ഗ്രന്ഥത്തിലൂടെ തന്നെയാണ് ചലനത്തെക്കുറിച്ചുള്ള ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളും പുറത്തുവന്നത്. ലോകത്തെ മാറ്റിമറിച്ച ഈ പ്രസിദ്ധീകരണത്തെക്കുറിച്ച് ഓര്‍മ്മ വരാന്‍ കാരണമായത് ചലനത്തെക്കുറിച്ച് അയുക്തികള്‍ മുന്നോട്ട് വച്ച മറ്റൊരു ധിഷണാശാലിയെ ഓര്‍ത്തു പോയതുകൊണ്ടാണ്. സോക്രട്ടീസിന് മുമ്പ്, ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസിലെ എലിയ എന്ന തീരദേശ ഗ്രാമത്തില്‍ ജീവിച്ചിരുന്ന സീനോ (Zeno of Elea) എന്ന തത്വശാസ്ത്രജ്ഞന് വിചിത്രമായ ചില വാദങ്ങള്‍ അക്കാലത്ത് മുന്നോട്ടുവച്ചു. സമയം, സ്ഥൂലത, ചലനം എന്നിവ യാഥാര്ത്ഥ്യങ്ങളല്ലെന്നുള്ളതായിരുന്നു അവയിലൊന്ന്. ഇതിനോട് ചേര്‍ത്ത് അദ്ദേഹം നാല് യുക്തികളും (അയുക്തികളായാണ് അവ പില്ക്കാലത്ത് അറിയപ്പെട്ടതെങ്കിലും) പറഞ്ഞുവെച്ചു. അവയിലൊന്ന് ഹോമറിന്റെ ഇലിയഡിലെ യോദ്ധാവ് അക്കില്ലസ്സും ആമയും തമ്മിലുള്ള ഒരു ഓട്ടപ്പന്തയത്തെക്കുറിച്ചായിരുന്നു. ഈസോപ്പ് കെട്ടുകഥകളിലെ ആമയും മുയലും കഥയിലെ മുയലിനെ പോലെ, അതിവേഗം ഓടാന്‍ പ്രാപ്തിയുള്ള അക്കില്ലസ് ആദ്യമേ ഓടിത്തുടങ്ങാന്‍ ആമയ്ക്ക് സമ്മതം കൊടുത്തു, പുറകെയാണ് അയാള്‍ ഓടാന്‍ തുടങ്ങുന്നത്. എത്ര വേഗത്തിലോടിയാലും ഗ്രീക്ക് നായകന് ആമയെ കടന്നു പോകാനാകില്ലെന്ന വാദവുമായി സീനോ ഇവിടെ കടന്നുവരുന്നു. അതിനദ്ദേഹം പറയുന്ന ന്യായീകരണം ഇതാണ്: അക്കിലസ് ഓടാന്‍ തുടങ്ങുന്ന നേരത്ത്, ഔദാര്യത്തില്‍ കിട്ടിയ സമയം കൊണ്ട് ആമ കുറച്ചു ദൂരം പോയിക്കഴിഞ്ഞിരിക്കും. അക്കിലസ്സിന് ആ ദൂരം കടക്കണമെങ്കില്‍ അതിന്റെ പാതി ദൂരം ആദ്യം കടക്കണം, ആ പാതി കടക്കണമെങ്കില്‍ അതിന്റെ പാതി കടക്കണം. അങ്ങനെ എപ്പോഴും ഒരു പാതി, അതെത്ര ചെറുതായാലും, ബാക്കി വരുമെന്നും അതുകൊണ്ടുതന്നെ അക്കിലസ് മത്സരത്തില്‍ തോല്‍ക്കുമെന്നും സീനോ വാദിച്ചു. മറ്റൊരു ദൃഷ്ടാന്തകഥയില്‍ അദ്ദേഹം തൊടുത്തുവിട്ട അമ്പിനെകുറിച്ചാണ് പറഞ്ഞത്, ആ അമ്പ് അനങ്ങുന്നതേയില്ലെന്ന്, കാരണമുണ്ട്, വില്ലില്‍ നിന്ന് പുറപ്പെട്ട അമ്പ് ഒരു നിമിഷത്തിന്റെ വളരെ ചെറിയൊരു മാത്രയില്‍ അന്തരീക്ഷത്തില്‍ നിശ്ചലമാണെന്നും നിശ്ചലമായതൊന്നും ചലിക്കുന്നില്ലെന്നും സീനോ വാദിച്ചു. ഈ വാദങ്ങള്‍ക്കൊന്നും മറുപടിയില്ലാതിരുന്ന ലോകം അവയെ സീനോയുടെ അയുക്തികള്‍ (Zeno's paradoxes) എന്നു വിളിച്ചു് മാറിനിന്നു, ഒരു നൂറ്റാണ്ടിനു ശേഷം അരിസ്റ്റോട്ടില്‍ ഒരുത്തരം കണ്ടെത്തുന്നതുവരെ.
Content Highlights: jojo antony reviews novel the invention of morel by adolfo bioy casare introduction borges