ആഹ്ലാദത്തിനും വേദനയ്ക്കും വേര്‍പാടിനും അതിന്റേതായ നിറങ്ങളുണ്ട്; ചിത്രങ്ങള്‍ ദൈവം സൃഷ്ടിച്ച അപരലോകം!

#ജയകൃഷ്ണന്‍
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ലിബിയന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ ഹിഷം മാത്താറിന്റെ 'A Month in Siena', സ്പാനിഷ് കവി റഫൈല്‍ അല്‍ബെര്‍ത്തിയുടെ 'To Painting' എന്നീ പുസ്തകങ്ങളെക്കുറിച്ചാണ് ഇത്തവണത്തെ വാക്കോളത്തില്‍; 

പ്രിയപ്പെട്ട ഒരാളെ പെട്ടെന്നു കാണാതായി എന്നു വിചാരിക്കുക. അയാളെ ചിലര്‍ തട്ടിക്കൊണ്ടുപോയതാണ്. നിങ്ങള്‍ അയാളെ അന്വേഷിച്ചുനടക്കുന്നു, ഒരിടത്തും കണ്ടെത്തുന്നുമില്ല. അങ്ങനെയെങ്കില്‍ അന്വേഷണം അവസാനിപ്പിച്ച് നിങ്ങള്‍ എങ്ങോട്ടുപോകും? അയാളെ എപ്പോഴും ഓര്‍മിപ്പിക്കുന്ന ഒരിടത്തേക്കോ, അതല്ല അയാളെപ്പറ്റിയുള്ള ഒന്നും എത്തിച്ചേരാത്ത മറ്റൊരിടത്തേക്കോ?

ഈ തീര്‍ച്ചയില്ലായ്മകൊണ്ടായിരിക്കാം  ലിബിയന്‍-അമേരിക്കന്‍ എഴുത്തുകാരനായ ഹിഷം മാത്താര്‍ (Hisham Matar) ഇതൊന്നുമല്ലാത്ത വേറൊരിടത്തേക്കുപോകുന്നു -ചിത്രങ്ങളുടെ അപരലോകത്തേക്ക്. അവിടെ അദ്ദേഹത്തിന്റെ വേദനകളെല്ലാം നിറങ്ങളിലേക്ക് പരിഭാഷചെയ്യപ്പെടുന്നു. വേദനയുടെ ഈ പരിഭാഷയാണ് 'A Month in Siena' എന്ന പുസ്തകം.

ലിബിയയിലെ പട്ടാളഭരണാധികാരിയായ കേണല്‍ മുഅമ്മര്‍ ഗദ്ദാഫിയുടെ രാഷ്ട്രീയ എതിരാളിയായിരുന്നു ഹിഷം മാത്താറിന്റെ അച്ഛന്‍. സ്വാഭാവികമായും അദ്ദേഹവും കുടുംബവും അവിടെനിന്ന് പലായനംചെയ്തു. അമേരിക്കയില്‍ കുടിയേറിയെങ്കിലും നാലുവര്‍ഷത്തിനുശേഷം അവര്‍ ലിബിയയില്‍ തിരിച്ചെത്തി. 

പക്ഷേ, വീണ്ടും അവര്‍ക്ക് അവിടംവിട്ട് ഈജിപ്തിലേക്ക് പോകേണ്ടിവന്നു. 1990-ല്‍ ഹിഷം ലണ്ടനില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹത്തിന്റെ അച്ഛനെ ആരൊക്കെയോചേര്‍ന്ന് തട്ടിക്കൊണ്ടുപോയി. പിന്നീട് അച്ഛനില്‍നിന്ന് രണ്ടേരണ്ട് എഴുത്തുകള്‍മാത്രം ലഭിച്ചു. തട്ടിക്കൊണ്ടുപോയത് ഈജിപ്ഷ്യന്‍ രഹസ്യപോലീസ് ആണെന്നും അവര്‍ തന്നെ ലിബിയന്‍ ഭരണകൂടത്തിന് കൈമാറിയെന്നും അതില്‍ എഴുതിയിരുന്നു. ഹിഷം അച്ഛനെ എല്ലായിടത്തും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 'The Return' എന്ന ഹൃദയസ്പര്‍ശിയായ പുസ്തകത്തില്‍ അദ്ദേഹം എഴുതി: 'പിതാക്കളെയും പുത്രന്മാരെയും അകറ്റുന്ന പ്രദേശങ്ങള്‍ പല യാത്രികരെയും വഴിതെറ്റിച്ചിട്ടുണ്ട്.' അതുകൊണ്ടുതന്നെ അച്ഛനെത്തേടിയുള്ള യാത്ര അവസാനിപ്പിക്കാന്‍ ദിശതെറ്റിക്കാത്ത ഒരിടം അദ്ദേഹത്തിന് കണ്ടെത്തേണ്ടിയിരുന്നു.

അച്ഛനെ കാണാതായ സമയത്ത് ലണ്ടനിലെ നാഷണല്‍ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന സിയെനീസ് ചിത്രങ്ങളുടെ ആരാധകനായിരുന്നു ഹിഷാം. ഇറ്റലിയിലെ പുരാതന നഗരമായ സിയെനയില്‍ ദൂച്ചോ (Daccio di  Buoninsegna), ലൊറെന്‍സെത്തി (Ambrogio Lorenzetti) തുടങ്ങിയ വിഖ്യാത ചിത്രകാരന്മാര്‍ വരച്ച ചിത്രങ്ങളാണ് സിയെനീസ് ചിത്രങ്ങള്‍ എന്നറിയപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ അച്ഛനെത്തേടിയുള്ള യാത്ര അവസാനിപ്പിച്ച് ചിത്രദേശമായ സിയെനയിലേക്കുപോകാന്‍ അദ്ദേഹം തീരുമാനിച്ചു. ഹിഷം മാത്താര്‍ എഴുതുന്നു: 'പണ്ട് എല്ലാ ആഴ്ചയിലും ഞാന്‍ വ്യത്യസ്തമായ ഓരോ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് നോക്കിനില്‍ക്കുമായിരുന്നു. ഇന്ന് കാല്‍നൂറ്റാണ്ടിനുശേഷം, അച്ഛനെക്കുറിച്ചുള്ള ഒരു സൂചനയെങ്കിലും ലഭിക്കുന്നതില്‍ പരാജയപ്പെട്ടപ്പോഴും ഞാന്‍ ചിത്രങ്ങള്‍ നോക്കിനില്‍ക്കാന്‍ തീരുമാനിച്ചു. നോക്കിനില്‍ക്കുതോറും ചിത്രങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. ആ മാറ്റങ്ങളാകട്ടെ തികച്ചും അപ്രതീക്ഷിതവും.'

ഹിഷം മാത്താര്‍, റഫൈല്‍ അല്‍ബെര്‍ത്തി

തന്റെ വേദനകളും നൈരാശ്യങ്ങളും ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കുന്നതു നോക്കിനില്‍ക്കുന്ന ആ ലിബിയന്‍ എഴുത്തുകാരനെ അവിടെവിട്ടിട്ട് നമുക്ക് മറ്റൊരു പുസ്തകത്തിലേക്കുപോകാം. സ്പാനിഷ് കവിയും ചിത്രകാരനുമായ റഫൈല്‍ അല്‍ബെര്‍ത്തിയുടെ 'To Painting' എന്ന ചിത്രകവിതാപുസ്തകത്തിലേക്ക്. ചിത്രങ്ങള്‍ വരയ്ക്കുന്ന കൈകളെപ്പറ്റിയുള്ള 'To the Hand' എന്ന കവിതയില്‍ അല്‍ബെര്‍ത്തി എഴുതുന്നു: 'നിനക്ക്, വിറയ്ക്കുകയും ഉറച്ചുനില്‍ക്കുകയും ചെയ്യുന്ന, കണ്ണുകളുടെ നൂലിഴയുടെ വഴികാട്ടിക്ക്, ബ്രഷിനടിയിലൂടൊഴുകുകയും പ്രകാശത്തെ മുളപ്പിക്കുകയും ചെയ്യുന്ന നിഗൂഢമായ കാഴ്ചയുടെ രേഖയ്ക്ക്/ കാന്‍വാസിലെ സഞ്ചാരിയാണു നീ, പൂവിടുന്ന ജീവികളെ ജനിപ്പിക്കുന്ന അകക്കാമ്പാണു നീ / ചായം തേക്കുന്ന ബ്രഷിനെ സംബന്ധിച്ചിടത്തോളം നീയൊരു വിടര്‍ന്ന പനിനീര്‍പ്പൂവല്ല, പാതിയടഞ്ഞ നിലയില്‍ നീ ആഹ്ലാദിക്കുന്നു. 

നിനക്ക്, ചിത്രങ്ങളുടെ ഉദ്യാനപാലകനായ ദൈവത്തിന്' അല്‍ബെര്‍ത്തിയുടെ കവിത ചിത്രങ്ങളുടെ, അതിന്റെ സ്രഷ്ടാവിന്റെ ആന്തരികസത്തയെയാണ് അന്വേഷിക്കുന്നത്. കാണുക എന്ന പ്രക്രിയയിലൂടെ കാഴ്ചക്കാരന്‍ മറ്റൊരു ലോകത്തേക്കു പ്രവേശിക്കുകയാണ്: അവിടെ ചിത്രംവരയ്ക്കുന്ന കൈപോലും പൂക്കളുടെയും നിറങ്ങളുടെയും ഉടയോനാകുന്നു. ചിത്രങ്ങളിലെ നിറവിനെ ഇതിലും മികവോടെ ആവിഷ്‌കരിക്കുന്നതെങ്ങനെ?

'Black' എന്ന മറ്റൊരു കവിത തുടങ്ങുന്നതിങ്ങനെ: 'വെളിച്ചം സ്വയം തിരിച്ചിട്ടു, കറുപ്പ് ജനിച്ചു. കറുപ്പ് എല്ലാ തിളക്കങ്ങളിലും തുളവീഴ്ത്തി. എന്നിട്ട് ഉള്ളില്‍നിന്ന് സംസാരിച്ചു. ഞാനും ഭംഗിയുള്ളവളാണ്.' തുടര്‍ന്ന് കവിത ദ്യൂറെര്‍, റെംബ്രാന്റ്, എല്‍ ഗ്രെക്കോ, വെലാസ്‌ക്വസ്, പിക്കാസ്സോ തുടങ്ങിയവരുടെ ചിത്രങ്ങളിലെ കറുപ്പിന്റെ അവസ്ഥാന്തരങ്ങളിലൂടെ കടന്നുപോകുന്നു. 'ഒടുവില്‍ ആരും ശ്രദ്ധിക്കാത്ത വെളിച്ചം ചിലര്‍ തന്നില്‍ വീണ്ടും കണ്ടു' എന്ന് കറുപ്പുനിറം സ്വയം പറയുന്നു.

ഇരുട്ടിലെ ആരുംകാണാത്ത ആ വെളിച്ചം തന്നെയല്ലേ ഹിഷം മാത്താറും സിയെനീസ് ചിത്രങ്ങളില്‍ കണ്ടിട്ടുണ്ടാവുക? സാനോ ഡി പിയേത്രോ (Sano di Pitero) എന്ന ചിത്രകാരന്റെ പ്രഖ്യാപനമാലാഖ (Angelo Annunciante) എന്ന ചിത്രത്തെപ്പറ്റി മാത്താര്‍ എഴുതുന്നു. 'ആ ചിത്രത്തിലെ മാലാഖ വിഷമാവസ്ഥയില്‍പ്പെട്ട ഒരുവളാണെന്ന് തോന്നിപ്പോകും. ഏകാന്തതയും വിഷാദവും സ്നേഹവും നിറഞ്ഞ അവളുടെ കണ്ണുകള്‍ അരൂപിയില്‍ തറഞ്ഞുനില്‍ക്കുന്നു.' വാര്‍ധക്യംനിറഞ്ഞ ചിറകുകളോടുകൂടിയ, എന്നാല്‍, ശൈശവം വിട്ടിട്ടില്ലാത്ത ആ മാലാഖയില്‍ ഒരുപക്ഷേ, എഴുത്തുകാരന്‍ തന്റെ അവസ്ഥ ഒരു കണ്ണാടിയിലെന്നപോലെ കാണുന്നുണ്ടായിരിക്കാം. 

റഫൈല്‍ അല്‍ബെര്‍ത്തിയുടെ 'To Painting' മറ്റൊരു അല്‍ബെര്‍ത്തിയുടെ പുസ്തകത്തിന്റെ പ്രതിധ്വനികൂടിയാണ്. ഇറ്റാലിയന്‍ എഴുത്തുകാരനും ചിത്രകാരനുമായ ലിയോണ്‍ ബാത്തിസ്ത അല്‍ബെര്‍ത്തി(Leon Battista Alberti)യുടെ 'On Painting' എന്ന രചനയുടെ. പുസ്തകത്തിലൊരിടത്ത് ചിത്രകാരന്‍ മറ്റൊരു ദൈവമാണെന്ന് ലിയോണ്‍ അല്‍ബെര്‍ത്തി എഴുതുന്നു. അപ്പോള്‍ അപരനായ ആ ദൈവം സൃഷ്ടിച്ച അപരലോകമാണ് ചിത്രങ്ങള്‍. അവിടെ ആഹ്ലാദത്തിനും വേദനയ്ക്കും വേര്‍പാടിനും അതിന്റേതായ നിറങ്ങളുണ്ട്. ദൈവങ്ങള്‍ മാറുന്നതിനനുസരിച്ച് ആ നിറങ്ങളുടെ മതവും മാറുന്നു. ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന്‍, വേണമെങ്കില്‍ നിങ്ങള്‍ക്ക് അയാളുടെ പേര് ഹിഷം മാത്താര്‍ എന്നുച്ചരിക്കാം. ആ അപരദൈവലോകങ്ങളില്‍ അയാളുടെ നഷ്ടങ്ങളെ കണ്ടെടുക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു ആമേന്‍.

Content Highlights: Jayakrishnan writes Vakkolam