ഡോ.ആല്‍ബ്രഷ്ട് ഫ്രന്‍സ്; ഗുണ്ടര്‍ട്ടിനെ വീണ്ടെടുത്ത ഗവേഷക പ്രതിഭ

ജര്‍മന്‍ അക്കാദമിക്കും ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ വൈജ്ഞാനിക ശേഖരങ്ങളുടെ സൂക്ഷിപ്പുകാരനുമായിരുന്ന ഡോ. ആല്‍ബ്രഷ്ട് ഫ്രന്‍സ് അന്തരിച്ചു. അദ്ദേഹത്തിന്റെ അക്കാദമിക സംഭാവനകളെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും സി.പി ബിജു എഴുതുന്നു.
സൂക്ഷിച്ചു നോക്കിയാല്‍ മാത്രം കാണാവുന്ന നേരിയൊരു പുഞ്ചിരിയോടെ തികച്ചും ശാന്തനായി ഒതുങ്ങി നില്‍ക്കുന്നയാളായിരുന്നു ഡോ.ആല്‍ബ്രഷ്ട് ഫ്രന്‍സ്. അഗാധമായ ഒരു ആന്തരിക പ്രശാന്തി സ്ഫുരിക്കുന്ന സൗമ്യചലനങ്ങള്‍. അത്യാവശ്യം പറയാനുള്ള കാര്യങ്ങള്‍ മാത്രം ചിട്ടയോടെ പറഞ്ഞ് മറ്റുള്ളവരുടെ വാക്കുകള്‍ക്കായി കാതുകൂര്‍പ്പിച്ചിരുന്ന ഒരാള്‍. സൂക്ഷ്മതയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ജാഗ്രത.
ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെയും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലകളെയും കുറിച്ച്, ഗുണ്ടര്‍ട്ടു വിജ്ഞാനീയം എന്നു വിളിക്കാവുന്നത്ര വിപുലമായ ഒരു ജ്ഞാനശേഖരം ഇന്ന് മലയാളത്തിലുണ്ട്. അങ്ങനെ ഉണ്ടായതിനു മുഖ്യകാരണക്കാരായ രണ്ടു പേരിലൊരാള്‍ ആല്‍ബ്രഷ്ട് ഫ്രന്‍സാണ്. മറ്റേയാള്‍ ഡോ.സ്‌കറിയ സക്കറിയയും. നാല്പതു കൊല്ലത്തോളം നീണ്ട സുദൃഢമായ വൈജ്ഞാനിക വൈയക്തിക സൗഹൃദമാണ് അവര്‍ക്കിടയിലുണ്ടായിരുന്നത്. ദൃഢമായ നീണ്ട ശരീരവും അബദ്ധത്തില്‍ പോലും ഒരു രോമപ്പൊടിപ്പ് തെളിയാന്‍ അനുവദിക്കാത്ത ക്ലീന്‍മുഖവും അവരില്‍ ഒരുപോലെ കണ്ടിരുന്ന ഭൗതികകൗതുകങ്ങള്‍. ഗുണ്ടര്‍ട്ട് വിജ്ഞാനീയം, മലയാളഭാഷ, മതപഠനം, തുടങ്ങി പലപാട് ആത്മീയ കൗതുകങ്ങളും.
ജര്‍മനിയില്‍ നിന്ന് കേരളത്തിലേക്ക് ഭാഷയുടെയും സാംസ്‌കാരികതയുടെയും നെടുമ്പാത തെളിച്ച സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് ഇരുവരെയും ഒരുമിപ്പിച്ചത്. ആ പാതയിലൂടെ ഫ്രന്‍സ് ജര്‍മനിയില്‍ നിന്ന് കേരളത്തിലേക്കും സ്‌കറിയാ സക്കറിയ ജര്‍മനിയിലേക്കും നിരന്തരം സഞ്ചരിച്ചു. ഇരുവരും ഒരുമിച്ചു നടന്ന് ഗുണ്ടര്‍ട്ടിന്റെ അമൂല്യശേഖരത്തില്‍ നിന്ന് തിളക്കമാര്‍ന്ന നിധികള്‍ പലതും കണ്ടെടുത്തു. ആ പാത പുതുവഴികളിലേക്ക് തുറന്നു. പുതിയ ഗവേഷകരും പുതിയ സ്ഥാപനങ്ങളും അവിടേക്കെത്തി. അറിവിന്റെ ഉറവകള്‍ തെളിച്ച് നീരൊഴുക്കുകളുണ്ടാക്കിയ ഇത്തരം ഗവേഷക കൂട്ടായ്മകള്‍ മലയാളത്തില്‍ അത്രമേല്‍ വിരളമാണെന്ന് പറയാനില്ലല്ലോ.
ഇന്ത്യയെ തേടി ഗുണ്ടര്‍ട്ടിനെ കണ്ടെത്തി
1937ല്‍ ജര്‍മനിയിലെ ഷ്വേബിഷ്ഹാളിലാണ് ഫ്രന്‍സിന്റെ ജനനം. ഗോട്ടിങ്ങനിലും ഹാംബുര്‍ഗിലും മറ്റുമായി സര്‍വകലാശാലാ വിദ്യാഭ്യാസം. ആര്‍ക്കിയോളജി, കംപാരറ്റീവ് തിയോളജി എന്നീ വിഷയങ്ങള്‍ സബ്സിഡിയറായി ഇന്‍ഡോളജിയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി. സംസ്‌കൃതത്തില്‍ പാണ്ഡിത്യവും നേടി. 1966-ല്‍ മാര്‍ബുര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ജൈമിനീയബ്രാഹ്‌മണത്തിലെ ക്രിയാധാതുക്കളെക്കുറിച്ചുള്ള പ്രബന്ധത്തിന് (On Verbs in Jaimineeya Brahmana) ഡോക്ടറേറ്റ് നേടി.
1969ല്‍ ഹാംബുര്‍ഗ് സര്‍വകലാശാലയില്‍ അധ്യാപകനായി ചേര്‍ന്നു. കൗശീതകി ഉപനിഷത്ത് സംസ്‌കൃത മൂലവും ജര്‍മന്‍ വിവര്‍ത്തനവും വ്യാഖ്യാനവും ചേര്‍ത്ത് പ്രസിദ്ധീകരിച്ചു. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം പഠിച്ച് വ്യൂര്‍ട്ടന്‍ബര്‍ഗിലെ സഭയില്‍ പുരോഹിതനായും പ്രവര്‍ത്തിച്ചു. ഇന്‍ഡോളജിയില്‍ സവിശേഷ താത്പര്യമുള്ള ഗെട്രൗദ് നീ ഷ്മിഡ് എന്ന കൂട്ടുകാരിയുമായി 1970-ല്‍ വിവാഹം. ഈ ഗെട്രൗദ്, നോബല്‍ ജേതാവായ ഹെര്‍മന്‍ ഹെസ്സെയുടെ കൊച്ചുമകളാണ്. ഹെര്‍മന്‍ ഹെസ്സെയാകട്ടെ സാക്ഷാല്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കൊച്ചുമകനും.
ഇരുപതു വര്‍ഷത്തോളം കേരളത്തില്‍ പ്രവര്‍ത്തിച്ച് മലയാള ഭാഷയ്ക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് ജര്‍മനിയിലേക്ക് മടങ്ങിയപ്പോള്‍ കഴിയാവുന്നത്ര പുസ്തകങ്ങളും രേഖകളും ശേഖരിച്ചു കൊണ്ടുപോയിരുന്നു. അവിടെ എത്തിയ ശേഷവും തന്റെ മലയാളം നിഘണ്ടു പരിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ തുടരുകയും ചെയ്തു. എന്നാല്‍ ഗുണ്ടര്‍ട്ടിന്റെ കാലശേഷം മലയാളത്തിലുള്ള ഈ രേഖാശേഖരം തുടര്‍ന്നുപയോഗിക്കാന്‍ അവിടെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. ഗുണ്ടര്‍ട്ടിന്റെ കുടുംബം ഭദ്രമായി സൂക്ഷിച്ച് തലമുറ തലമുറ കൈമാറിപ്പോന്ന ആ രേഖാശേഖരത്തില്‍ നിന്നാണ് പില്‍ക്കാലത്ത് മലയാളത്തിന്റെ ഒട്ടേറെ പ്രാചീന ഗ്രന്ഥങ്ങള്‍ നമുക്ക് വീണ്ടെടുക്കാനായത്.
ജര്‍മനിയില്‍ ഗുണ്ടര്‍ട്ടിന്റെ ഡയറിയും കത്തുകളും ജര്‍മന്‍ ഭാഷയില്‍ എഴുതിയ പുസ്തകങ്ങളുമെല്ലാം കണ്ടെത്തുകയും പരിശോധിക്കുകയും ചെയ്ത ആല്‍ബ്രഷ്ട് ഫ്രന്‍സ് മൂന്ന് വലിയ വാല്യങ്ങളിലായി എഡിറ്റ് ചെയ്ത് ഗുണ്ടര്‍ട്ടിന്റെ ഡയറി ജര്‍മനില്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഗുണ്ടര്‍ട്ടിന്റെ വഴികള്‍ തേടിയുള്ള സഞ്ചാരത്തിലാണ് ആല്‍ബ്രഷ്ട് ഫ്രന്‍സ് ഇന്ത്യയിലെത്തിയത്. 1974-77 കാലത്ത് മൂന്നു കൊല്ലം അദ്ദേഹം മധുര കാമരാജ് സര്‍വകലാശാലയില്‍ ജര്‍മന്‍ അധ്യാപകനായി ജോലി ചെയ്തു. ഇതേ കാലയളവില്‍ തമിഴ്നാട് തിയോളജിക്കല്‍ സെമിനാരിയില്‍ ദൈവശാസ്ത്രവും പഠിപ്പിച്ചു.
ഇക്കാലത്ത് തമിഴ് പഠിക്കുകയും മാണിക്കവാചകരുടെ തിരുവാസഗം, തിരുവള്ളുവരുടെ തിരുക്കുറള്‍ എന്നിവ ജര്‍മനിലേക്കു വിവര്‍ത്തനം ചെയ്തു. തമിഴ്നാട്ടില്‍ നിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയായിരുന്നു വിവര്‍ത്തനം. പാതഞ്ജല യോഗസൂത്രത്തില്‍ പാണ്ഡിത്യം നേടിയിരുന്ന ഫ്രന്‍സ് ഏറെക്കാലം ധ്യാനം ശീലിക്കുകയും ശീലിപ്പിക്കുകയും ചെയ്തിരുന്നു. അഗാധമായ ആന്തരിക ജീവിതത്തിലേക്ക് നയിക്കുന്ന ധ്യാനമാര്‍ഗമായിരുന്നു അദ്ദേഹത്തിന്റേത്.
ജര്‍മന്‍ ഭാഷയില്‍ യോഗവിദ്യയെക്കുറിച്ചുള്ള ഒരു ഗ്രന്ഥവും ഒട്ടേറെ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെക്കാലം മുമ്പു മുതലേ ജര്‍മനിയില്‍ ഇന്ത്യാപഠനങ്ങളുടെ മുഖ്യകേന്ദ്രങ്ങളിലൊന്നാണ് ട്യൂബിങ്ങന്‍. അവിടത്തെ യൂണിവേഴ്സിറ്റി ലൈബ്രറി ഇന്‍ഡോളജിസ്റ്റുകളുടെ മുഖ്യആശ്രയങ്ങളിലൊന്നാണ്.
ഇന്‍ഡോളജിസ്റ്റ് എന്ന നിലയിലും ഗുണ്ടര്‍ട്ട് കൈക്കൊണ്ടിരുന്ന ദൈവശാസ്ത്ര പദ്ധതികളുടെ സ്തോതാവ് എന്ന നിലയിലും ആല്‍ബ്രഷ്ട് ഫ്രന്‍സ് ഗുണ്ടര്‍ട്ടില്‍ ആകൃഷ്ടനായത് സ്വാഭാവികം മാത്രം. അങ്ങനെയാണ് അദ്ദേഹം ഗുണ്ടര്‍ട്ടിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്. ആ അന്വേഷണങ്ങളുടെ ഫലമായി 1979-ല്‍ത്തന്നെ ഫ്രന്‍സ് ജര്‍മന്‍ ഭാഷയില്‍ ഗുണ്ടര്‍ട്ടിന്റെ ഒരു ലഘുജീവചരിത്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു. (Hermann Gundert, missionar and Sprachforscher, Ulm Donald) ഗുണ്ടര്‍ട്ട് കുടുംബത്തിലെ ഒരംഗമായിത്തീര്‍ന്ന ഫ്രന്‍സിന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ഡയറിക്കുറിപ്പുകളും മറ്റു ചില രേഖകളും ലഭിച്ചത് വലിയ നേട്ടമായി.
കേരളത്തിലേക്ക്
1983-86 കാലത്താണ് ഗുണ്ടര്‍ട്ടിന്റെ ഡയറിക്കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചത്. ഇതിനു ശേഷമാണ് ഗുണ്ടര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്. ഫ്രന്‍സ് ജര്‍മനില്‍ എഴുതി പ്രസിദ്ധീകരിച്ച ഗുണ്ടര്‍ട്ടിന്റെ ജീവചരിത്രം 2016-ല്‍ മലയാളം സര്‍വകലാശാല മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫ്രന്‍സിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളും എഴുത്തുകാരനുമായ ഡോ.എന്‍.പി.ഹാഫിസ് മുഹമ്മദാണ് ഗ്രന്ഥം മലയാളത്തിലാക്കിയത്.
1986-ല്‍ ജര്‍മനിയിലെ ടൂബിങ്ങനില്‍ നടന്ന ലോകമലയാള സമ്മേളനകാലത്താണ് ആല്‍ബ്രഷ്ട് ഫ്രന്‍സും ഡോ.സ്‌കറിയാ സക്കറിയയും സുഹൃത്തുക്കളാകുന്നത്. ആ സെമിനാറിലെ മുഖ്യപ്രഭാഷകന്‍ ആല്‍ബ്രഷ്ട് ഫ്രന്‍സ് ആയിരുന്നു. ആ ജ്ഞാനസൗഹൃദം അതിനുമപ്പുറം കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പമായി വളര്‍ന്ന് ഇരുവരുടെയും മരണശേഷവും തുടരുന്നു.
86-ലെ ആ സമ്മേളനകാലത്താണ് ഡോ.സ്‌കറിയാ സക്കറിയ ഗുണ്ടര്‍ട്ട് ശേഖരത്തില്‍ നിന്ന് ഫുല്‍മോനയുടെയും കോരുണയുടെയും കഥ, തുടങ്ങി ഏതാനും രേഖകള്‍ മൈക്രോഫിലിം ചെയ്തു കൊണ്ടുവന്നത്.
വൈകാതെ, പ്രശസ്തമായ വോണ്‍ഹുംബോള്‍ട് ഫൗണ്ടേഷന്റെ ഫുള്‍ബ്രൈറ്റ് ഫെലോഷിപ്പോടെ ഡോ.സ്‌കറിയാ സക്കറിയ ജര്‍മനിയിലേക്ക് ക്ഷണിക്കപ്പെട്ടു. ഗുണ്ടര്‍ട്ടിന്റെ ശേഖരം വിശദമായി പരിശോധിച്ച അദ്ദേഹം മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും കേരള ചരിത്രത്തിന്റെയും മേഖലകളിലെ ഒട്ടനവധി അമൂല്യരേഖകള്‍ കണ്ടെടുത്ത് കേരളത്തിലെത്തിച്ചു.
ഡോ.സ്‌കറിയാ സക്കറിയയുടെ അക്കാദമിക് മികവിലും ആത്മാര്‍ഥതയിലും അധ്വാനശേഷിയിലും പൂര്‍ണ വിശ്വാസമുണ്ടായിരുന്ന ഡി.സി. കിഴക്കേമുറി പറഞ്ഞു-സ്‌കറിയാ എഡിറ്റ് ചെയ്ത് തയ്യാറാക്കിക്കോളൂ ഗ്രന്ഥത്തിന്റെ വലിപ്പമോ വില്പനക്കാര്യമോ ഒന്നും പ്രശ്നമല്ല, ഡി.സി. ബുക്സ് പ്രസിദ്ധീകരിക്കും! അങ്ങനെയാണ് 1150 പുറമുള്ള ഗുണ്ടര്‍ട്ട് ബൈബിളും അത്ര തന്നെ വലിപ്പമുള്ള നിഘണ്ടുവും ഉള്‍പ്പെടെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സീരീസില്‍ (എച്ച്.ജി.എസ്.) ഏഴ് ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ അഞ്ചു പുസ്തകങ്ങള്‍. ജര്‍മനിലും ഇംഗ്ലീഷിലും ഓരോന്നും. സ്‌കറിയാ സക്കറിയ വിശദമായ ആമുഖ പഠനത്തോടെ പ്രസിദ്ധീകരിച്ച കൃതികളില്‍ ആല്‍ബ്രഷ്ട് ഫ്രന്‍സിന്റെ കുറിപ്പുകളുമുണ്ട്.
1986ലെ ബര്‍ലിന്‍ സമ്മേളനത്തിന്റെ ഫലം സംഘാടകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ഏറെ വലുതായിരുന്നു. ഒരു നൂറ്റാണ്ടോളം ജര്‍മനിയില്‍ സുഷുപ്തിയിലായിരുന്ന ഗുണ്ടര്‍ട്ട് ശേഖരത്തിന്റെ മൂല്യം തിരിച്ചറിയുകയും കേരളത്തില്‍ അതിന് വളരെ വലിയ അംഗീകാരം ലഭിക്കുകയും ചെയ്തു എന്നതാണ് ആ വിജയങ്ങളില്‍ ഏറ്റവും പ്രധാനം.
ഗുണ്ടര്‍ട്ടിന്റെ ബൃഹദ് ശേഖരത്തില്‍ നിന്ന് ഒരു ഭാഗം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. കേരള സാഹിത്യ അക്കാദമി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അത്രമേല്‍ താത്പര്യത്തോടെ ആ അറിവുകളോട് പ്രതിപത്തി കാണിച്ചു. അന്ന് സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന പ്രൊഫ.എസ്.ഗുപ്തന്‍നായര്‍ ആ കണ്ടെത്തലുകളിലും ഗവേഷണ പദ്ധതിയിലും വ്യക്തിപരമായിത്തന്നെ വലിയ താത്പര്യം കാണിച്ചിരുന്നു.
ഡോ.സ്‌കറിയാ സക്കറിയയുടെ നേതൃത്വത്തില്‍ അതീവകര്‍മശേഷിയോടെ ഏതാനും ഗവേഷകര്‍ ആ രേഖാശേഖരം പഠിച്ചു. ഡി.സി. കിഴക്കേമുറി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.
പറുദീസയിലെ ഭാഷാപണ്ഡിതന്‍
ഡോ.ഫ്രന്‍സും ഡോ.സ്‌കറിയാ സക്കറിയയും ചേര്‍ന്ന് രചിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ ജീവചരിത്രം- ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പറുദീസയിലെ ഭാഷാ പണ്ഡിതന്‍ 1991-ല്‍ മലയാളത്തിലും ജര്‍മനിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ഗുണ്ടര്‍ട്ടിനെ വൈജ്ഞാനികലോകം വീണ്ടെടുത്തത് മുഖ്യമായും ഈ കൃതിയിലൂടെയായിരുന്നു. ഈ പുസ്തകത്തില്‍, മലയാളികളായ സഹോദരങ്ങളോട് എന്ന പേരില്‍ ഡോ.ഫ്രന്‍സിന്റെ വിശദമായ ഒരു കുറിപ്പുണ്ട്. തന്റെ ഗുണ്ടര്‍ട്ടന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ട്. സ്‌കറിയാ സക്കറിയയുമായി കൂട്ടുചേരാനിടയായതിനെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുള്ളത് ഇങ്ങനെ: ലോകമലയാള സമ്മേളനത്തിനു ശേഷം ഗുണ്ടര്‍ട്ടിന്റെ ജന്മനഗരമായ സ്റ്റുട്ഗര്‍ട്ടില്‍ വന്നെത്തിയ പ്രൊഫ.സ്‌കറിയാ സക്കറിയ ട്യൂബിങ്ങന്‍ സര്‍വകലാശാലാ ലൈബ്രറി സന്ദര്‍ശിക്കാന്‍ എന്റെ സഹായം ആവശ്യപ്പെട്ടത് ഭാഗ്യമായിത്തീര്‍ന്നു. അവിടെ ചെന്നെത്തിയ ഞങ്ങള്‍ ഗുണ്ടര്‍ട്ട് ഗ്രന്ഥശേഖരം കണ്ടെത്തി-അമൂല്യങ്ങളായ കൈയെഴുത്തു ഗ്രന്ഥങ്ങള്‍, അത്യന്ത വിരളമായ അച്ചടിപ്പകര്‍പ്പുകള്‍. ഇവയെല്ലാം പ്രൊഫ സ്‌കറിയ നല്‍കിയ വിവരങ്ങളനുസരിച്ച് ലൈബ്രറി രേഖകളില്‍ ചേര്‍ത്തു.
ട്യൂബിങ്ങന്‍ ലൈബ്രറി ഡയറക്ടര്‍ ഡോ.ഫെലിക്സ് ലിയോണ്‍ ഹാര്‍ഡിന്റെ അഭ്യര്‍ഥനയനുസരിച്ച് പ്രൊഫ.സ്‌കറിയായെ അലക്സാണ്ടര്‍ വോണ്‍ ഹുംബോള്‍ട്ട് ഫൗണ്ടേഷന്‍ ജര്‍മനിയിലേക്ക് ക്ഷണിച്ചു.
വീണ്ടും ഒരു സമ്മേളനം
1986-ലെ ആദ്യ സെമിനാറിനു ശേഷം ഏഴു വര്‍ഷം കഴിഞ്ഞപ്പോള്‍ ജര്‍മനിയില്‍ കൂടുതല്‍ വിപുലമായി ഗുണ്ടര്‍ട്ട് ചരമശതാബ്ദി സെമിനാര്‍ നടത്തി. ഇന്‍ഡോ ജര്‍മന്‍ സൊസൈറ്റിയും ബാദല്‍വ്യൂട്ടന്‍ബര്‍ഗ് സ്റ്റേറ്റ് ഗവണ്‍മെന്റും ചേര്‍ന്നാണ് ഇത്തവണ വലിയ സമ്മേളനം ഒരുക്കിയത്. ഈ സമ്മേളനത്തിന്റെ സംഘാടക സമിതി കണ്‍വീനര്‍ ആല്‍ബ്രഷ്ട് ഫ്രന്‍സായിരുന്നു. ഡോ. സ്‌കറിയാ സക്കറിയ മുഖ്യപ്രഭാഷകരിലൊരാളും. കേരളത്തില്‍ നിന്ന് മുതിര്‍ന്ന പണ്ഡിതരും പത്രപ്രവര്‍ത്തകരും രാഷ്ട്രീയസാമൂഹിക രംഗത്തെ പ്രമുഖരും ഒക്കെ അതില്‍ പങ്കെടുത്തിരുന്നു.
ഗുണ്ടര്‍ട്ട് കേരളത്തിന് എത്രമേല്‍ പ്രിയപ്പെട്ടൊരാളാണെന്ന് ജര്‍മന്‍ജനത തിരിച്ചറിഞ്ഞു. ഈ സെമിനാറിനു ശേഷം പുതിയൊരു നിര പുസ്തകങ്ങള്‍ കൂടി മലയാളത്തിലെത്തി. ട്യൂബിങ്ങന്‍ യൂണിവേഴ്‌സിറ്റി ലൈബ്രറി മലയാളം മാനുസ്‌ക്രിപ്റ്റ് സീരീസ് (ടിയുഎല്‍എംഎംഎസ്) എന്ന പേരിലായിരുന്നു ഇത്തവണ ഏഴു പുസ്തകങ്ങള്‍ വന്നത്. ഗുണ്ടര്‍ട്ട് സീരീസിലെ പുസ്തകങ്ങള്‍ ഹെര്‍മന്‍ഗുണ്ടര്‍ട്ടിന്റെ രചനകളായിരുന്നെങ്കില്‍ ടൂബിങ്ങന്‍ ലൈബ്രറി സീരീസില്‍ വന്നത് കേരളചരിത്രത്തിലേക്കു പുതുവെളിച്ചം വീശുന്ന രണ്ടു വലിയ രേഖാശേഖരങ്ങളും പയ്യന്നൂര്‍ പാട്ട്, തച്ചോളിപ്പാട്ടുകള്‍, അഞ്ചടികള്‍, ഓണപ്പാട്ടുകള്‍ തുടങ്ങി മലയാള സാഹിത്യ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന വിലപ്പെട്ട ഏതാനും ഗ്രന്ഥങ്ങളുമായിരുന്നു. ഡോ.പി.ആന്റണി, ഡോ.ജോസഫ് സ്‌കറിയ, ഡോ.മനോജ് കുറൂര്‍ തുടങ്ങി ഏതാനും യുവഗവേഷകരാണ് ഈ ഗ്രന്ഥങ്ങളുടെ പാഠപരിശോധന ഉള്‍പ്പെടെയുള്ള അത്യന്തം ശ്രമകരമായ ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ഡോ.സ്‌കറിയ സക്കറിയക്കൊപ്പമുണ്ടായിരുന്നത്. തലശ്ശേരി രേഖകള്‍, പഴശ്ശി രേഖകള്‍ എന്നിവ മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും വലിയ രേഖാശേഖരങ്ങളാണ്. ഭാഷ, ചരിത്രം, സംസ്‌കാര പഠനം തുടങ്ങി പല മേഖലകളില്‍ പലയിടങ്ങളിലായി ഇതിനകം തന്നെ ഏതാനും ഡോക്ടറേറ്റ് പ്രബന്ധങ്ങള്‍ വന്നുകഴിഞ്ഞു ഈ രേഖാശേഖരങ്ങളിന്മേല്‍.
പ്രഗല്ഭരായ യുവഗവേഷകരുടെ ഒരു നിരയെ വളര്‍ത്തിയെടുക്കാനും താരതമ്യ പഠന സംഘം (താപസം) എന്ന സ്വതന്ത്ര ഗവേഷണ വൈജ്ഞാനിക കൂട്ടായ്മ രൂപവത്കരിക്കാനും സ്‌കറിയാ സക്കറിയയ്ക്ക് കഴിഞ്ഞത് 1993-ലെ ഈ സെമിനാറിനു ശേഷമായിരുന്നു. താപസം രൂപീകരിച്ച് 10 വര്‍ഷത്തിനു ശേഷം, 2005-ല്‍ താപസം റിസര്‍ച്ച് ജേണല്‍ ആരംഭിച്ചപ്പോള്‍ ആദ്യലക്കത്തില്‍ ഫ്രന്‍സിന്റെ മകള്‍ ഡോ.മാര്‍ഗ്രെറ്റ് ഫ്രന്‍സ് പഴശ്ശിരേഖകളെക്കുറിച്ച് എഴുതിയ പ്രബന്ധവും പ്രസിദ്ധീകരിച്ചു.
ജ്ഞാനാന്വേഷണങ്ങള്‍ മലയാളത്തിനു പുറത്തും
ജര്‍മനിയില്‍ വിദ്യാര്‍ഥികളായിരുന്ന കാലം മുതല്‍ ഗുണ്ടര്‍ട്ടിന്റെ അടുത്ത സുഹൃത്തായിരുന്ന ഹെര്‍മന്‍മ്യൂഗ്ലിങ്ങിന്റെ ജീവചരിത്രം ഗുണ്ടര്‍ട്ട് എഴുതിയിരുന്നു. ജര്‍മനിയില്‍ നിന്ന് മംഗലാപുരം വരെ ഒരുമിച്ചു വന്നവരില്‍ ഗുണ്ടര്‍ട്ട് തിരുവനന്തപുരത്തേക്കു തിരിച്ചപ്പോള്‍ മ്യൂഗ്ലിങ്ങ് മംഗലാപുരത്തും കുടകിലുമായി താമസമുറപ്പിച്ചു. കന്നഡഭാഷയില്‍ കാര്യമായി പ്രവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ രോഗബാധിതനായി മ്യൂഗ്ലിങ്ങ് ഊട്ടിയില്‍ മരിച്ചു. കത്തുകളെയും ഡയറിക്കുറിപ്പുകളെയും ആശ്രയിച്ച് ഗുണ്ടര്‍ട്ട് അധികം വൈകാതെ തന്നെ മ്യൂഗ്ലിങ്ങിന്റെ വിശദമായ ജീവചരിത്രം പ്രസിദ്ധീകരിച്ചു. പിന്നീട് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ആ ജീവചരിത്രം വിശദമായ ആമുഖപഠനത്തോടെയും പഠനക്കുറിപ്പുകളോടെയും പുനഃപ്രസിദ്ധീകരിച്ചത് ഡോ. ഫ്രന്‍സാണ്. മ്യൂഗ്ലിങ്ങിന്റെ പ്രവര്‍ത്തന മേഖലകളായിരുന്ന ഇടങ്ങളില്‍ സന്ദര്‍ശനം നടത്തി വിശദാന്വേഷണങ്ങള്‍ക്കു ശേഷമാണ് ഡോ. ഫ്രന്‍സ് ആ പുസ്തകം പുതുക്കി തയ്യാറാക്കിയത്. 1997-ല്‍ ആ കൃതി ഡി.സി പ്രസിദ്ധീകരിച്ചു.
ഇതിനിടെ ബീഹാറിലെ മധുബനി ചിത്രകലാ സങ്കേതങ്ങളെക്കുറിച്ചു പഠിക്കുകയും വിശദമായൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തു. കണ്ണൂരില്‍ ചിത്രകലാ പണ്ഡിതനായ കെ.കെ.മാരാരുമായി ചേര്‍ന്ന് മലബാറിലെ ക്ഷേത്രചുമര്‍ചിത്രങ്ങളെക്കുറിച്ചുള്ള വിപുലമായൊരു ഗ്രന്ഥം ഇംഗ്ലീഷിലും ജര്‍മനിലും പ്രസിദ്ധീകരിച്ചു. Wall Paintings in North Kerala India: 1000 Years of Temple Art (Wandmalerei in Nordkerala Indien: 1000 Jahre Tempelkunst) എന്ന ഈ കൃതി കെ.കെ.മാരാര്‍ ഇപ്പോള്‍ മലയാളത്തിലാക്കുകയാണ്.
ജൂതരുടെ മലയാളം പാട്ടുകള്‍
ഇസ്രയേലിലേക്കു കുടിയേറിയ കേരളീയ ജൂതസ്ത്രീകള്‍ ഇവിടെ നിന്നു പോയപ്പോള്‍ കൊണ്ടുപോയ സാംസ്‌കാരിക മുദ്രകള്‍ നിരവധിയായിരുന്നു. കല്യാണവേളകളിലും മറ്റ് ആഘോഷ വേളകളിലുമൊക്കെ അവര്‍ ഒത്തുകൂടി മലയാളം പാട്ടുകള്‍ പാടി. എന്നാല്‍ രണ്ടാംതലമുറയില്‍ നിന്ന് കൈമാറിയെത്തിയ പാട്ടുകളുടെ അര്‍ഥം, അവയിലെ മലയാളം വാക്കുകളുടെ ഉച്ചാരണം തുടങ്ങിയവയൊന്നും പിന്നെപ്പിന്നെ അവിടത്തുകാര്‍ക്ക് അറിയാതായി. കേരളത്തില്‍ നിന്ന് കുടിയേറിയ പല കുടുംബങ്ങളുടെയും ശേഖരത്തില്‍ നിന്ന് കിട്ടിയ നാടന്‍ പാട്ടുകള്‍ തിരിച്ചറിഞ്ഞ്, ഇനം തിരിച്ച്, പാഠപരിശോധന നടത്തി, അവയിലെ സാംസ്‌കാരിക മുദ്രകള്‍ വിശകലനം ചെയ്ത് പ്രസിദ്ധീകരിച്ചത് അതിവിപുലമായ ഒരു അക്കാദമിക് പ്രവര്‍ത്തനമായിരുന്നു. ഇസ്രയേലിലെ ഹീബ്രു സര്‍വകലാശാലയുടെ മുഖ്യതാത്പര്യത്തില്‍ നടന്ന ആ ഗവേഷണ പദ്ധതിയില്‍ അമേരിക്കയില്‍ നിന്നും ജര്‍മനിയില്‍ നിന്നും കേരളത്തില്‍ നിന്നും ഇസ്രയേലില്‍ നിന്നുമുള്ള നിരവധി ഗവേഷകര്‍ പങ്കെടുത്തു. മുഖ്യ പങ്കാളി ഡോ.സ്‌കറിയ സക്കറിയ ആയിരുന്നു. ഇസ്രയേലില്‍ നിന്നുള്ള ഗവേഷകയും ഇപ്പോള്‍ യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറുമായ ഡോ.ഒഫീറ ഗാംലിയേല്‍ ഈ പദ്ധതിയില്‍ വലിയ പങ്കു വഹിച്ചു. നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചിരുന്ന ഒഫീറയുടെ സേവനം ഈ പ്രൊജക്റ്റിന്റെ വിജയത്തില്‍ പ്രധാനമായിരുന്നു. സ്‌കറിയാ സക്കറിയയുടെ നേതൃത്വത്തിലുള്ള താരതമ്യ പഠന സംഘത്തിലെ (താപസം) ഗവേഷകരും പങ്കെടുത്തിരുന്നു. ജര്‍മനിയില്‍ നിന്നുള്ള മുഖ്യ ഗവേഷകന്‍ ഡോ.ഫ്രന്‍സായിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹീബ്രു, ജര്‍മന്‍ ഭാഷകളില്‍ കാര്‍കുഴലി (എഫേഫിയ്യ) എന്ന പേരില്‍ ആ പാട്ടുകള്‍ പുസ്തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവ പാടുന്ന ആല്‍ബങ്ങളും തയ്യാറാക്കിയിരുന്നു.
കാര്‍കുഴലിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഏതാനും തവണയേ അദ്ദേഹം കേരളത്തില്‍ വന്നിട്ടുള്ളൂ. കേരളത്തിലെത്തുമ്പോളൊക്കെ ചങ്ങനാശ്ശേരിയില്‍ ഡോ.സ്‌കറിയ സക്കറിയയുടെ വീട്ടിലും കോഴിക്കോട്ട് എന്‍.പി.മുഹമ്മദിന്റെ വീട്ടിലും തലശ്ശേരിയില്‍ കെ.കെ.മാരാരുടെ അടുത്തും എത്തിയിരുന്നു അദ്ദേഹം. ഫ്രന്‍സിന്റെ മകളും വിഖ്യാത ചരിത്ര ഗവേഷകയുമായ ഡോ. മാര്‍ഗരറ്റ് ഫ്രന്‍സ് ഇപ്പോളും തുടരുന്നുണ്ട് ആ കുടുംബസൗഹൃദങ്ങള്‍; നൂറ്റാണ്ടുകളായി കേരളത്തോടു പുലര്‍ത്തുന്ന കുടുംബപരമായ ആ ആത്മബന്ധം.
(ഡോ.സ്‌കറിയ സക്കറിയയുടെയും ആല്‍ബ്രഷ്ട് ഫ്രന്‍സിന്റെയും ഗവേഷണ പങ്കാളികളിലൊരാളായിരുന്നു ലേഖകന്‍.)
Content Highlights: Dr. Albrecht Frenz, Obituary, C.P Biju, Mathrubhumi