അധ്യാപകനായും സംഘടനാനേതാവായും സമരസഖാവായും പ്രവർത്തിച്ചുകൊണ്ടുതന്നെ സ്വന്തം രചനാജീവിതം നയിച്ച ചെറുകാട്

ചെറുകാട് ഗോവിന്ദ പിഷാരടി
ചെറുകാട് ഗോവിന്ദ പിഷാരടി

ആകാശവിശാലതയ്ക്കും മണ്ണിനടിയിലെ വേരുപടലങ്ങൾക്കുമിടയിൽ ഉറപ്പോടെ നിലകൊണ്ട ഒരു വനവൃക്ഷമായിരുന്നു ചെറുകാട്. കാലത്തിന്റെ കൊടുങ്കാറ്റുകൾ അതിനെ കടപുഴക്കിയില്ല

ചെറുകാടിന്റെ ജീവിതത്തിന് ചരിത്രപരമായ സമകാലികതയുണ്ടായിരുന്നു. സമകാലികത എന്ന പദത്തിന്റെ രണ്ട് അർഥസൂചനകളെയും ഉൾക്കൊള്ളുന്ന ഒന്നായിരുന്നു അത്. അദ്ദേഹം ഒരുഭാഗത്ത് വർത്തമാനത്തിൽ വേരാഴ്ത്തിനിൽക്കുകയും മറുഭാഗത്ത് തന്റെ കാലത്തിന്റെ ഗതിവേഗങ്ങളെ രൂപപ്പെടുത്തുന്ന പ്രഭാവങ്ങളെയും പ്രേരണകളെയും അഭിമുഖീകരിക്കുകയും ചെയ്തു. വർത്തമാനത്തിന്റെ വെളിച്ചത്തെയെന്നപോലെ അതിനുപിന്നിലെ ഇരുട്ടിലേക്കും ചെന്നെത്തിയ നോട്ടമായിരുന്നു ചെറുകാടിന്റേത്.

തന്റെ മുരിങ്ങമരത്തിന്റെ ചോട്ടിലിരുന്നാണ് താൻ ലോകത്തെ കാണുന്നതെന്ന് ചെറുകാട് എഴുതിയിട്ടുണ്ട്. വലിയതോതിൽ ഉദ്ധരിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തിട്ടുള്ള പ്രസ്താവനയാണത്. നാട്ടുജീവിതത്തിന്റെ വേരുകളിൽനിന്ന് പൊട്ടിക്കിളിർത്തതാണ് തന്റെ ഭാവനാലോകം എന്നനിലയിലാണ് പൊതുവേ ആ പ്രസ്താവന മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. സിദ്ധാന്തങ്ങളുടെയോ സ്വാധീനങ്ങളുടെയോ പിടിമുറുക്കമല്ല, ചുറ്റുമുള്ള മനുഷ്യരും ജീവിതവുമാണ് തന്റെ എഴുത്തിന്റെ ആധാരസാമഗ്രികൾ എന്ന ചെറുകാടിന്റെ വിശ്വാസപ്രഖ്യാപനത്തിന്റെ മുഴക്കം ആ വരികളിൽനിന്നു വായിച്ചെടുക്കാം.

എങ്കിലും സൂക്ഷിച്ചുനോക്കിയാൽ ചെറുകാടിന്റെ പ്രസ്താവനയിൽ ഒരു വൈരുധ്യവും അനുഭവപ്പെടാവുന്നതാണ്. മലയാളത്തിന്റെ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശിരസ്സുകളിലൊന്ന് ചെറുകാടിന്റേതാണ്. ജീവിതത്തിലുടനീളം അടിയുറച്ച കമ്യൂണിസ്റ്റുകാരനായി നിലകൊണ്ട ഒരാളാണ് അദ്ദേഹം. അതിന്റെഭാഗമായി അറസ്റ്റിനും പോലീസ് വേട്ടകൾക്കുമെല്ലാം അദ്ദേഹം വിധേയനാവുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പിൻപറ്റിയ മാർക്‌സിസത്തിന്റെയും പുരോഗമനസാഹിത്യത്തിന്റെയും വീക്ഷണഗതികളാകട്ടെ അടിസ്ഥാനപരമായി സാർവദേശീയമായ ഒന്നാണ്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാർവദേശീയതയെ മുൻനിർത്തി കൈക്കൊണ്ട ഏറ്റവും പ്രയാസകരമായ നിലപാടുകളിലൊന്നിന്റെ -ക്വിറ്റിന്ത്യാ സമരകാലത്തെ നിലപാടിന്റെ- നടുവിലൂടെ കടന്നുപോവുകയും അത് പറഞ്ഞുറപ്പിക്കാൻ അങ്ങേയറ്റം പണിപ്പെടുകയും ചെയ്ത ഒരാളാണ് ചെറുകാട്, അങ്ങനെയൊരാൾ നാട്ടുജീവിതത്തിന്റെ പരിധികളിൽനിന്നാണ് താൻ ലോകത്തെ അറിയുന്നതെന്നു പറയുമ്പോൾ അതിൽ ചില വൈരുധ്യങ്ങൾ ഒരാൾക്ക് അനുഭവപ്പെടാവുന്നതാണ്.

ചെറുകാടിന്റെ സാഹിത്യ-സാമൂഹിക ജീവിതത്തിലേക്ക് ഉറ്റുനോക്കിയാൽ മേല്പറഞ്ഞ സമസ്യയുടെ ഉത്തരം നമുക്കു ലഭ്യമാവാതിരിക്കില്ല. നാട്ടുജീവിതമായി ചെറുകാട് തിരിച്ചറിയുന്നത് ലോകജീവിതത്തിന്റെ ആകത്തുകയെയാണ് എന്നകാര്യമാണത്. സാർവദേശീയമോ അതിനെ വിശദീകരിക്കുന്ന സൈദ്ധാന്തികമോ ആയ അനുഭവലോകങ്ങളെ ചെറുകാട് കണ്ടെടുത്തത് തന്റെ പ്രദേശത്തുനിന്നും തനിക്കുചുറ്റുമുള്ള മനുഷ്യരുടെ ജീവിതത്തിൽനിന്നുമാണ്. സാർവദേശീയതയെ പ്രാദേശികതയിൽനിന്നും സൈദ്ധാന്തികതയെ മൂർത്തമായ അനുഭവസ്ഥാനങ്ങളിൽനിന്നും നിർധാരണം ചെയ്യാനുള്ള അതുല്യമായ ഭാവനാബലം ചെറുകാടിനുണ്ടായിരുന്നു. വൈരുധ്യാത്മകം എന്നു വിശേഷിപ്പിക്കാവുന്ന ഈ ഭാവനാബലമാണ് ചെറുകാടിനെ മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരുടെ തലത്തിലേക്കുയർത്തിയത്. ഈ വൈരുധ്യാത്മക ഭാവനയെ അതേ അളവിൽ ഉൾക്കൊണ്ടവരായി വൈലോപ്പിള്ളിയെപ്പോലെ ചില കവികൾ മാത്രമേ നമുക്കുള്ളൂതാനും

ബഹുതലസ്പർശിയായ ജീവിതമായിരുന്നു ചെറുകാടിന്റേത് കഥാകൃത്ത്, നോവലിസ്റ്റ്, കവി, നാടകകൃത്ത്, ആത്മകഥാകാരൻ എന്നിങ്ങനെ എഴുത്തിന്റെ പല പ്രതലങ്ങളിലൂടെ അദ്ദേഹം അനായാസം സഞ്ചരിച്ചു. അവിടങ്ങളിലെല്ലാം മായാത്ത മുദ്രകൾ പതിപ്പിക്കുകയും ചെയ്തു. അധ്യാപകനായും സംഘടനാനേതാവായും സമരസഖാവായും പ്രവർത്തിച്ചുകൊണ്ടുതന്നെ അദ്ദേഹം തന്റെ രചനാജീവിതം മുന്നോട്ടുകൊണ്ടുപോയി. 'മുത്തശ്ശി'യും 'പ്രമാണി'യും 'ശനിദശ'യും പോലുള്ള നോവലുകളും, 'നമ്മളൊന്ന്'-പോലുള്ള നാടകങ്ങളും 'ജീവിതപ്പാത' എന്ന ആത്മകഥയും മലയാളഭാവന ജന്മംനൽകിയ എക്കാലത്തെയും മികച്ച രചനകളാണ്.

ക്ലാസിക്കൽ റിയലിസ്റ്റ് നോവലിനെക്കുറിച്ച് ഏംഗൽസും ലൂക്കാച്ചും മറ്റും മുന്നോട്ടുവെച്ച ആശയങ്ങൾക്ക് മലയാളത്തിലുണ്ടായ ഏറ്റവും മികവുറ്റ സാക്ഷാത്കാരം ചെറുകാടിന്റെ നോവലുകളാണ്. 'അടുക്കളയിൽനിന്ന് അരങ്ങത്തേക്കും' 'പാട്ടബാക്കി'യുംപോലെ, നമ്മുടെ നാടകവേദിയുടെ ചരിത്രത്തിലെ വഴിത്തിരിവുകളിലൊന്നായി മാറിയ 'നമ്മളൊന്ന്' എന്ന കൃതിയിലും ഈ രചനാവൈഭവത്തിന്റെ തുടർച്ച നകാണാനാകും.

മലയാളത്തിലെ ആത്മകഥാസാഹിത്യത്തിന് കൈവന്ന എക്കാലത്തെയും വലിയ ഉയരങ്ങളിലൊന്ന് ചെറുകാടിന്റെ 'ജീവിതപ്പാത'യാണ്. 'കണ്ണീരും കിനാവും', 'ബാല്യകാലസ്മരണകൾ', 'എതിര്' എന്നിങ്ങനെ നമ്മുടെ ആത്മകഥാസാഹിത്യത്തിന്റെ ചരിത്രത്തിലെ വഴിത്തിരിവുകളായിമാറിയ കൃതികളുടെ പട്ടികയിൽ ഏറ്റവും ഉയർന്നുനിൽക്കുന്ന രചനകളിലൊന്ന് അതാണ്. 'ലാളിത്യത്തിന്റെ ചാരുതയും ആത്മാർത്ഥതയുടെ തിളക്കവും ഒത്തുചേർന്ന ഈ കൃതി മലയാളത്തിലെന്നല്ല, ഞാൻ വായിച്ച ആത്മകഥകളിൽത്തന്നെ മുന്നിട്ടുനിൽക്കുന്നു'വെന്ന് എം.ടി. വാസുദേവൻ നായർ രേഖപ്പെടുത്തിയത് ഒട്ടും അതിശയോക്തി കലരാതെയാണ്. ഹൃദയദ്രവീകരണശക്തിയിൽ അതിനോട് താരതമ്യപ്പെടുത്താവുന്നത് ചാർലി ചാപ്ലിന്റെ ആത്മകഥയെ മാത്രമാണെന്നും എം.ടി. തുടരുന്നു.

'ജീവിതപ്പാത'യുടെ സാമൂഹികമാനത്തെ ഏറ്റവുമധികം ആഴത്തിൽ തിരിച്ചറിഞ്ഞ ഒരാൾ ഇ.എം.എസ്. ആണ്. ആ കൃതിയുടെ പ്രശസ്തമായ അവതാരികയിൽത്തന്നെ ഇ.എം.എസ്. അതു രേഖപ്പെടുത്തിയിട്ടുണ്ട്. 'ത്വരിതമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹം അതിലെ ഒരു ബിന്ദു മാത്രമായ ഒരു സവിശേഷ വ്യക്തിയെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും മാറ്റപ്പെടുന്ന ആ വ്യക്തി സമൂഹത്തിന്റെ മാറ്റത്തിൽ എന്തെന്തു സംഭാവനകൾ നൽകുന്നു എന്നും ആ വ്യക്തിതന്നെ ആത്മനിഷ്ഠമാണെന്നു തുറന്നു സമ്മതിച്ചുകൊണ്ടുള്ള ഒരു സമീപനത്തോടെ വിവരിക്കുന്നതാണല്ലോ ആത്മകഥ' എന്ന് ആത്മകഥയുടെ വൈരുധ്യാത്മക പ്രകൃതത്തെ സ്പർശിച്ചുകൊണ്ടാണ് ഇ.എം.എസ്. ജീവിതപ്പാതയുടെ മികവിനെ അനാവരണം ചെയ്യുന്നത്. വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുധ്യാത്മകവും പരസ്പരപൂരകവുമായ വിനിമയങ്ങളെ ഇതിനപ്പുറം മറ്റൊരു പ്രതലത്തിൽക്കൂടി 'ജീവിതപ്പാത' നമ്മുടെ സാഹിത്യചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്നുണ്ട്. ആധുനികമായ ബലിഷ്ഠപുരുഷ സങ്കല്പത്തെ അഴിച്ചുകളയുന്ന മലയാളത്തിലെ ആദ്യത്തെ ആത്മകഥകളിലൊന്നാണ് എന്ന കാര്യമാണത്.

തന്റെകാലത്തെ രൂപപ്പെടുത്തിയ സാമൂഹികവും ചരിത്രപരവുമായ പ്രഭാവങ്ങളെയെല്ലാം ചെറുകാട് അഭിസംബോധനചെയ്തിരുന്നു. ദേശീയപ്രസ്ഥാനവും നവോത്ഥാനദർശനങ്ങളുംമുതൽ അധ്യാപകപ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടിയുംവരെ അദ്ദേഹത്തിന്റെ പ്രവൃത്തിപഥങ്ങളെ നിർണയിച്ച ഘടകങ്ങളാണ്. അവയിലെല്ലാം ആഞ്ഞുമുഴുകിക്കൊണ്ടുതന്നെയാണ് തന്റെ രചനാജീവിതത്തിലും ചെറുകാട് നിലയുറപ്പിച്ചത്. ആകാശവിശാലതയ്ക്കും മണ്ണിനടിയിലെ വേരുപടലങ്ങൾക്കുമിടയിൽ ഉറപ്പോടെ നിലകൊണ്ട ഒരു വനവൃക്ഷമായിരുന്നു അദ്ദേഹം. കാലത്തിന്റെ കൊടുങ്കാറ്റുകൾ അതിനെ കടപുഴക്കിയില്ല.