ഒരു പക്ഷഭേദവും കൂടാതെ സ്വയംഭൂവായി കയറിവരുന്ന കറയറ്റ സന്തോഷമാണ് ഓണം

ഓണം വന്നപോലെ ആയി എന്നൊരു പറച്ചിലുണ്ടല്ലോ ഇപ്പോഴും ഭാഷയില്‍. കറകളഞ്ഞ സന്തോഷം അനുഭവപ്പെടുന്നു എന്നുതന്നെ അര്‍ഥം. ഓണംവരുമ്പോള്‍ മാത്രമായിരുന്നുവോ കറകളഞ്ഞ സന്തോഷം? അഥവാ, എന്തായിരുന്നു ഓണസന്തോഷത്തിന്റെ കറയില്ലായ്മ? പുറകോട്ടു പുറകോട്ടു പോകുന്തോറും നമുക്കുചുറ്റും ഈ സന്തോഷത്തിന് മാറ്റ് കൂടുതല്‍ ഉണ്ടായിരുന്നുവോ? അതോ, കഴിഞ്ഞുപോയതൊക്കെ കനകം എന്ന രീതിയില്‍, അതൊരു വെറും തോന്നലാണോ?
അതറിയാന്‍ എണ്‍പതുകൊല്ലംമുന്‍പത്തെ ഒരു ഓണത്തെ മുന്‍വിധിയില്ലാതെ വീണ്ടും ഒന്ന് സന്ദര്‍ശിക്കാം: ആ ആണ്ടില്‍ തിരുവോണം ഒടുവില്‍ ആയിരുന്നിട്ടും ചിങ്ങം പിറന്നപ്പോഴേ ഓണം വന്നപോലെ ആയി. ''എന്താ കൂട്ടരേ, ആര്‍ക്കും ഒരു ചൂടും തരിപ്പും ഒന്നും ഇല്ല്യാലോ! ഇദാ, ഓണം പടിക്കലെത്തി!'' എന്ന് മുത്തശ്ശി പറഞ്ഞുതുടങ്ങി.
പക്ഷേ, കോയമ്പത്തൂരില്‍ ഉണ്ടായിരുന്ന വല്യമ്മയുടെ മകന്‍ അത്തത്തിന് പത്തുദിവസംമുന്‍പ് ഞങ്ങളെ പിരിഞ്ഞുപോയി. പൂവട്ടി കിട്ടിയ ദിവസംതന്നെയാണ് സങ്കടവാര്‍ത്തയും വന്നത്. സ്‌കൂളിലേക്ക് സ്ലേറ്റും പെന്‍സിലും പുസ്തകവും കൊണ്ടുപോകാന്‍ വാങ്ങിയ തുണിസഞ്ചിയില്‍ ഞാനത് ഇട്ടുവെച്ച് ഏതാനും നിമിഷങ്ങള്‍ക്കകം സങ്കടപ്പേമാരി പൊട്ടിവീണു.
പുലയുള്ളപ്പോള്‍ എന്ത് ഓണം! പക്ഷേ, അത്തത്തലേന്നാള്‍ സമപ്രായക്കാര്‍ ആര്‍പ്പുവിളിച്ച് പടിക്കല്‍ എത്തി. പൂ പറിക്കണം, അത്തക്കളം ഇടണം... എന്നെ ചേര്‍ത്തടക്കിപ്പിടിച്ച് അമ്മ നിറകണ്ണോടെ പറഞ്ഞു: ''ഇവടെ ഇക്കുറി ഓണല്ല്യ, കുട്ട്യോളെ.'' ഓണവും മരണവും തമ്മിലുള്ള പൊരുത്തക്കേട് അറിയാറായിട്ടില്ലാത്ത ഞാന്‍ പൂവട്ടി കഴുത്തിലിട്ട് കൂട്ടുകാരെയും കാത്ത് രാവിലെ മുതല്‍ ഉമ്മറത്ത് നില്‍പ്പായിരുന്നു.
തൊടിയിലും വേലിയിലും എന്തിന്, വിളഞ്ഞ വയലിലെ നെല്ലില്‍പോലും നിറയെ പൂവാണ്. കുട്ടിക്കൂട്ടങ്ങളുടെ പൂവിളികള്‍ അടുത്തും അകലെയും മുഴങ്ങുന്നു. വെള്ളെഴുത്ത് തുടങ്ങിയ കണ്ണിന് കൈപ്പത്തി മറപിടിച്ച് ഉമ്മറത്തേക്കുവന്ന മുത്തശ്ശി നിശിതമായാണ് പറഞ്ഞത്: ''അവന്‍ പോയി പൂ പറിച്ച് മുറ്റത്ത് ഇട്ടോട്ടെ. മറയത്ത് പോയവനും കൂടെണ്ട് എന്ന് വിചാരിച്ചാപ്പോരേ.'' അത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കു മുത്തശ്ശിക്ക് പക്ഷേ, കണ്ണു നിറഞ്ഞ്, ഒന്നും കാണാന്‍ വയ്യാതായി. അമ്മ എന്റെ ചുമലിലെ പിടിവിട്ടു. ജനിച്ചാല്‍ ചിരിക്കുന്നതും മരിച്ചാല്‍ കരയുന്നതും എന്തിനെന്നറിയാറായിട്ടില്ലാത്ത ഞാന്‍ ഓണത്തിന്റെ സന്തോഷത്തിലേക്കിറങ്ങി.
മുത്തശ്ശിമാത്രമായിരുന്നു എനിക്ക് പൂക്കളമിടാന്‍ കൂട്ട്. ആ കൊല്ലം വീട്ടില്‍ ഓണത്തപ്പനെ വെച്ചില്ല, ഓണസദ്യയും ഉണ്ടായില്ല. രണ്ടിനും എന്നെ ക്ഷണിച്ചുകൊണ്ടുപോകാന്‍ അയല്‍ക്കാരനായ നാണപ്പന്റെ അമ്മ അവന്റെ കൈയും പിടിച്ചുവന്നു. എന്നെ അയക്കണോ എന്ന് അമ്മയ്ക്കു സംശയമായി. മകന്‍ നഷ്ടപ്പെട്ട വലിയമ്മയാണ് കരഞ്ഞുപറഞ്ഞത്: ''അവന്‍ പൊക്കോട്ടെ. നാളെ എന്ത് എന്ന് ആര് കണ്ടു! ഒരോണം എങ്കില്‍ ഒരോണം അവന്റെ ആയുസ്സിലെങ്കിലും കുറയാതിരിക്കട്ടെ!''
ഇല്ലിപ്പടി കടന്ന് അപ്പുറത്തെത്തുവോളം വീട്ടില്‍നിന്ന് ഞാന്‍ കേട്ടത് കൂട്ടത്തേങ്ങല്‍ മാത്രം. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എനിക്ക് ഏതാനും തിരിച്ചറിവുകള്‍ കിട്ടുന്നു: ആരും ഉണ്ടാക്കാതെ, ഒരു ചെലവും ഇല്ലാതെ, ഒരു പക്ഷഭേദവും കൂടാതെ സ്വയംഭൂവായി കയറിവരുന്ന കറയറ്റ സന്തോഷമാണ് ഓണം. ആര്‍ക്കു കിട്ടുന്ന സന്തോഷത്തിനും മാറ്റു കുറവോ കൂടുതലോ ഇല്ല. ഒരു ദുഃഖത്തിനും അതിനെ തലയില്‍ ചവിട്ടി പാതാളത്തില്‍ അയക്കാന്‍ പറ്റില്ല. ആരില്‍നിന്നെങ്കിലും വല്ലതും കിട്ടുന്നതുകൊണ്ടല്ല ആര്‍ക്കെങ്കിലുമൊക്കെ പലതും കൊടുക്കാന്‍ കഴിയുന്നതിലാണ് ഓണത്തിന്റെ സന്തോഷം.
എനിക്ക് സന്തോഷമാകുന്നതിന് മറ്റാരെങ്കിലും ദുഃഖിക്കുകയല്ല എല്ലാവരും സന്തോഷിക്കുകയാണുവേണ്ടത് എന്ന തിരിച്ചറിവുതന്നെ ഓണം. അവനവന്റെ കരളും കുടലും ചുട്ടെടുക്കാതെത്തന്നെ സന്തോഷം പാകംചെയ്യാം എന്ന് ഓണം പഠിപ്പിക്കുന്നു. നല്ല സന്തോഷവും ചീത്ത സന്തോഷവും ഉണ്ട് എന്നുകൂടിയും. പങ്കുവെക്കുന്തോറും കുറയുന്നു സങ്കടം എന്നും സന്തോഷമാകട്ടെ കൂടുന്നു എന്നും അനുഭവത്തിലൂടെ പഠിക്കുന്നു.
ഞങ്ങള്‍ ഇടത്തരം കൃഷിക്കാരായിരുന്നു. വിരിപ്പുകൃഷിക്ക് വിത്തുകൂടി പോകുന്നതോടെ പത്തായങ്ങള്‍ കാലി. കഷ്ടി കര്‍ക്കടകം കഴിയുവോളമേ ഭക്ഷണത്തിനുണ്ടാവൂ. ഈ പ്രതിസന്ധിയിലേക്കാണ് പലപ്പോഴും ഓണം വരുക. പക്ഷേ, പാത്രങ്ങളുമായി എത്തുന്നവര്‍ക്ക് കൊടുക്കാതിരിക്കുന്ന പ്രശ്‌നമില്ല. ചിലപ്പോള്‍ ഓണക്കൊയ്ത്ത് ഓണം കഴിഞ്ഞേ ആവൂ. അങ്ങനെയെങ്കില്‍, 'അളവൊ'ക്കെ കഴിഞ്ഞ് ഓണവും തീരുമ്പോള്‍ ചതയത്തിന് കഞ്ഞിക്കേ വകയുണ്ടാവൂ. അതും സന്തോഷം!
അന്ന് മുത്തച്ഛന്‍ പറഞ്ഞാണ് ഞാനറിഞ്ഞത്: കൃഷിയായുധങ്ങള്‍ ഉണ്ടാക്കിയും കേടുപാടുകള്‍ തീര്‍ത്തും കൃഷിപ്പണികള്‍ക്ക് കൂടെനിന്നും സര്‍വാത്മനാ സഹകരിച്ചവരാണ് 'അളവി'നു വരുന്നത്. അത് അവകാശമാണ്, ദാനമോ സഹായമോ ഔദാര്യമോ അല്ല. കൊണ്ടുവരുന്ന പാത്രം നിറച്ചുവെച്ചുകൊടുക്കണം! എന്റെ കുട്ടിക്കാലത്ത് ജാതിഭേദങ്ങള്‍ ഊക്കോടെ നിലനിന്നു. അതിന്റെ കാര്‍ക്കശ്യത്തെ തോല്‍പ്പിച്ചുകൊണ്ടാണ് ഓണസന്തോഷത്തിന്റെ വരവ്. ആരുടെ തോളിലും കൈയിട്ട് നടക്കാം. അതെ, തീര്‍ച്ചയായും ഏതോ ഒരു സുവര്‍ണകാലത്തിന്റെ തിരുശേഷിപ്പുതന്നെ തിരുവോണം! ആ നല്ലകാലം എങ്ങനെ നഷ്ടപ്പെട്ടു എന്നും തിരിച്ചുപിടിക്കാം എന്നും കണ്ടെത്താന്‍ ഓണം ഇനിയും പ്രചോദനപ്പെട്ടിട്ടില്ലാത്തതാണ് കഷ്ടം.
എനിക്ക് രണ്ട് അമ്മാവന്മാരുണ്ടായിരുന്നു. ഒരാള്‍ ധിക്കാരി, മറ്റയാള്‍ പഴഞ്ചന്‍. ഓണം കഴിഞ്ഞ് അവിട്ടമായിട്ടും അയിത്തക്കാരന്റെ ചുമലില്‍ കൈയിട്ടു നടക്കുന്നത് കണ്ട രണ്ടാമന്‍ അന്ന് എന്നെ ശാസിച്ചു: ''നിലാവുണ്ടെന്ന് കരുതി പുലരുവോളം കക്കണോ, കുട്ട്യേ!'' കേട്ടുനിന്ന മറ്റെയാള്‍ ഉടനെ പ്രതികരിച്ചു: ''നേരം പുലര്‍ന്നിട്ടും ചൂട്ടും കത്തിച്ച് നടക്കണത് എന്തിനാ കുഞ്ഞ്യേട്ടാ!'' അതെ, ജന്മവും കാണവും ഒന്നുമല്ല, ഉള്ളതുകൊണ്ട് ഓണംപോലെ കഴിയുന്നതാണ് യഥാര്‍ഥസുഖം. നമ്മുടെ കുട്ടികള്‍ക്കെങ്കിലും ആയുഷ്‌കാലം മുഴുക്കെ അത് സാധിച്ചെങ്കില്‍!
Content Highlights: C. Radhakrishnan writes Onam memories