'പ്രഭുവേ, നീയൊരിക്കല്‍ പെണ്ണായിരുന്നെങ്കില്‍'... ബാനു മുഷ്താഖ് നേരിട്ട വിലക്കുകള്‍, നേടിയ ബഹുമതികള്‍

#ദാമോദർ പ്രസാദ്
ബാനു മുഷ്താഖ് ഫോട്ടോ: AP
ബാനു മുഷ്താഖ് ഫോട്ടോ: AP

വിശ്വസാഹിത്യത്തെക്കുറിച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്നൊരു സംവാദത്തില്‍ വി.സി ഹാരിസ് ഒരു കുസൃതി ചോദ്യമെയ്യുന്നുണ്ട്- മഹാഭാരതത്തിലും ടോള്‍സ്റ്റോയായിലും സുന്നത്തുകല്യാണമുണ്ടോ എന്നായിരുന്നു അത്. വിശ്വസാഹിത്യമെന്ന ഗണത്തിന്റെയും ആസ്വാദനതലത്തിലെ അനുഭൂതിയുടെ ആപേക്ഷികതയിലേക്കുമാണ് വി.സി ഹാരിസ് നമ്മളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മാര്‍ക്ക കല്യാണവും കുരുത്തോല പ്രദക്ഷിണവും പാശ്ചാത്യമായ നരവംശശാസ്ത്രപരമായ നോട്ടത്തിനു മാത്രം വിധേയമാകേണ്ടതല്ല. ജീവിക്കുന്ന സംസ്‌കാരത്തിന്റെ പകര്‍ച്ചകള്‍ എന്ന നിലയില്‍ അതിന്റെ സാഹിത്യ പ്രതിനിധാനങ്ങള്‍ ജീവിതവ്യവസ്ഥകളുടെ അടയാളപ്പെടുത്തലും അനുഭവവിനിമയങ്ങളിലെ ആവിഷ്‌ക്കാരസംയുക്തങ്ങളുമാണ് (assemblage). സര്‍വലൗകിക മനുഷ്യാവസ്ഥ കേവലവും അതേസമയം കാലാതീതവും ദേശാതീതവുമാണ് അനുഭൂതി എന്നൊക്കെയുള്ള അമൂര്‍ത്ത സങ്കല്‍പനങ്ങളെ മറികടക്കുന്ന സാംസ്‌കാരിക ഭാവുകത്വമാണ് ഇന്ന് ലോകോത്തര പുരസ്‌കാരങ്ങള്‍ക്ക് നിയതമാകുന്നത്. ജീവിക്കുന്ന സംസ്‌കാരത്തിന്റെ അടരുകളാല്‍ സമ്പന്നമായ സാഹിത്യത്തിന്റെ പ്രതിനിധാനത്തെക്കുറിച്ചുള്ള മാറിയ കാഴ്ചപ്പാടാണ് ഈ ഭാവുകത്വപരമായ വ്യതിയാനത്തിനു നിധാനമാകുന്നത്. ലോകത്തിലെ വിവിധ ഭാഷകളിലെ സാഹിത്യരചനകളുടെ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരമാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം. ബാനു മുഷ്താഖിന്റെ കന്നട കഥകളുടെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനു അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരം ലഭിക്കുമ്പോള്‍ മുന്‍ചൊന്ന ഭാവുകത്വപരമായ തിരിച്ചറിവിനെക്കൂടിയാണ് രേഖപ്പെടുത്തുന്നത്. 

ഇന്ത്യന്‍ ഭാഷാസാഹിത്യത്തിനു രണ്ടാമത്തെ തവണയാണ് അംഗീകാരം ലഭിക്കുന്നത്. ഗീതാഞ്ജലി ശ്രീയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്  ഡെയ്‌സി റോക്ക്‌വെല്‍  നിര്‍വഹിച്ച ഇംഗ്ലീഷ് വിവര്‍ത്തനമായ 'Tomb of Sand'നാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2022-ല്‍ ലഭിച്ചത്. 2025-ല്‍ ദീപ ഭസ്തി വിവര്‍ത്തനം ചെയ്ത ബാനു മുഷ്താഖിന്റെ കഥാസമാഹാരമായ 'ഹൃദയവിളക്കി'നു  (Heart Lamp) ലഭിച്ചപ്പോള്‍ കന്നഡ സാഹിത്യം മാത്രമല്ല സാഹിത്യ സമ്പന്നമായ ഓരോ ഇന്ത്യന്‍ ഭാഷയുമാണ് ആദരിക്കപ്പെട്ടത്. കാരണം 'ഹൃദയവിളക്കി'ലെ കഥകള്‍ കൈകാര്യം ചെയ്തിരിക്കുന്ന ജീവിതാനുഭവലോകങ്ങള്‍ക്ക് സദൃശ്യമായ ആവിഷ്‌ക്കാരസംയുക്തങ്ങള്‍ (assemblage)  ജീവിക്കുന്ന ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യത്തിലും കാണുവാന്‍ കഴിയുന്നു എന്നതാണ്. വിശ്വസാഹിത്യം എന്ന പ്രതിഭാസത്തിനു മുന്‍പില്‍ വലിയൊരു മിഴിവോടെയാണ് ഇന്ത്യന്‍ ഭാഷകളിലെ ന്യൂനസാഹിത്യം (minor literature) നിലകൊള്ളുന്നത് 

Content Highlights: banu mushtaq international booker prize damodar prasad heart lamp story collection

Continue reading