'ഞാന്‍ വേദനിച്ചുകൊണ്ട് കരഞ്ഞതായിരുന്നോ അതോ സന്തോഷംകൊണ്ടോ?'; അതിശയ പറുദീസയിലെ പാട്ടുകള്‍

ഞാന്‍ 1961-ല്‍ മൈസൂരുവില്‍ കാലുകുത്തുമ്പോള്‍ ഗായത്രി തിയേറ്ററില്‍ ജിസ് ദേശ് മേം ഗംഗാ ബഹ്തി ഹേ... ഹൗസ്ഫുള്‍ കളിക്കുകയാണ്. ഒട്ടും താമസിയാതെ ഉയര്‍ന്ന ക്ലാസിലെ മലയാളി ചേട്ടന്മാരുടെ കര്‍ശനശാസനത്തില്‍ മുണ്ടുടുത്ത് ചെരിപ്പില്ലാത്ത ഞങ്ങള്‍ പുതുമലയാളിപ്പിള്ളേരുടെ ചെറുസംഘം, ഗായത്രി തിയേറ്ററിന്റെ പരിപാവനമായ അകത്തളത്തിലേക്ക് ഭയബഹുമാന പുരസ്സരം ആദ്യത്തെ തീര്‍ഥയാത്ര നടത്തി.
വെള്ളിത്തിരയില്‍ പറന്നുവീണ അദ്ഭുതവെളിച്ചത്തില്‍ രാജ്കപൂറും പത്മിനിയും നര്‍ത്തകീനര്‍ത്തകരും ചേര്‍ന്ന് ഒരു അതിശയലോകത്ത് ആടുകയും പാടുകയും കരയുകയും ചിരിക്കുകയും പേടിക്കുകയും സ്‌നേഹിക്കുകയും മരിക്കുകയും ചെയ്യുന്നത് ഞങ്ങള്‍ ശ്വാസംപിടിച്ച്, ആണിയടിച്ചുവെച്ച പ്രതിമകളെപ്പോലെ സ്തംഭിച്ചിരുന്ന്, കണ്ടു. ഇടവേളയില്‍ വിളക്കുകള്‍ തെളിഞ്ഞപ്പോള്‍ ഞാന്‍ എവിടെയാണെന്നോ ആരാണെന്നോ എനിക്ക് മനസ്സിലായില്ല. ഞാന്‍ ബോധരഹിതനെപ്പോലെ വെള്ളിത്തിരയുടെ വെളുപ്പിലേക്ക് മിഴിച്ച് നോക്കിയിരുന്നു.
മൈസൂരുവില്‍ ഞാന്‍ ആദ്യം മൂളാന്‍ പഠിച്ച പാട്ട് 'ജിസ് ദേശ് മേ'മിലെ 'മേരാ നാം രാജു' ആയിരുന്നു. പിന്നെപ്പിന്നെ 'ഓ ബസന്തി'യും 'ബേഗാനി ശാദി മേ'യും എല്ലാം കൈവശമാക്കി. താമസിയാതെ ഞാന്‍ ഒറ്റയ്ക്ക് ജംഗ്‌ളിയുടെ ഒന്നാംദിവസത്തെ ഒന്നാംകളിക്ക് എന്തുംചെയ്യുന്ന ഒരു ആള്‍ക്കൂട്ടത്തിലൂടെ ഉന്തിയും തള്ളിയും അടിച്ചും ഇടിച്ചും അഴിഞ്ഞുപോയ മുണ്ട് പൊത്തിപ്പിടിച്ചും നൂഴ്ന്നു കയറി മുപ്പത് പൈസയുടെ ടിക്കറ്റ് കൈവശപ്പെടുത്തി. ആ നിമിഷത്തില്‍ ഞാന്‍ മൈസൂരുവിന്റെ പൗരനായി ജ്ഞാനസ്‌നാനം സ്വീകരിച്ചു. പരിശുദ്ധാത്മാവ് ഷമ്മി കപൂറായി എന്റെ മേല്‍ പ്രസാദിച്ചു.
ജംഗ്‌ളി എന്നെ അതിന്റെ പാട്ടുകളുടെ തടവുകാരനാക്കി. 'എഹ്‌സാന്‍ തേരാ ഹോഗാ...'യുടെ പട്ടുപോലെ മൃദുവായ ഈരടികള്‍ നിരാലംബരാത്രിയിലൂടെ എന്റെ ഹോസ്റ്റല്‍ മുറിയിലേക്ക് എന്‍.ആര്‍. മൊഹല്ലയില്‍നിന്നോ ബന്നിമണ്ഡപയില്‍നിന്നോ ഒഴുകിവരുമ്പോള്‍ ഞാന്‍ കൊതുകുവലയുടെ തിരകള്‍ പോലെയിളകുന്ന വെളുപ്പിലേക്ക് മിഴിച്ചുനോക്കിക്കിടന്നുകൊണ്ട് എന്റെ തലയിണയെ കണ്ണീരില്‍ മുക്കി. ആര്‍ക്കുവേണ്ടിയുമല്ല ഒന്നിനുവേണ്ടിയുമല്ല. ഞാന്‍ എന്റെ അപരനായി മാറുകയായിരുന്നെന്ന് എനിക്കെങ്ങനെ മനസ്സിലാകും? പട്ടണത്തിന്റെ പുകയുന്ന ആകാശത്തിലൂടെ എന്റെ ഹൃദയം പാട്ടിന്റെ ചിറകുകളില്‍ പറന്നകന്നപ്പോള്‍ ഞാന്‍ വേദനിച്ചുകൊണ്ട് കരഞ്ഞതായിരുന്നുവോ അതോ സന്തോഷംകൊണ്ടോ?
പാട്ട് എന്നെ കീഴ്പ്പെടുത്തി. എന്റെ ഹൃദയത്തെ കെട്ടിപ്പുണര്‍ന്നു. ഞാന്‍ സ്‌നേഹിച്ച പാട്ടുകളുടെ അര്‍ഥം എനിക്ക് മനസ്സിലായിരുന്നില്ല. ആവശ്യവുമില്ലായിരുന്നു. ഞാന്‍ ചെവിയോര്‍ത്തത് അര്‍ഥത്തിനുവേണ്ടിയല്ലായിരുന്നു, പാട്ടിനുവേണ്ടിയായിരുന്നു. ശബ്ദത്തിന്റെയും ഈണത്തിന്റെയും താളത്തിന്റെയും മാന്ത്രികശക്തിയായിരുന്നു എനിക്ക് കിട്ടിയ അര്‍ഥം.
നൗഷാദ്, ശങ്കര്‍-ജയ്കിഷന്‍, ഒ.പി. നയ്യാര്‍, സലില്‍ ചൗധരി, എസ്.ഡി. ബര്‍മന്‍, മദന്‍ മോഹന്‍, ഉഷാ ഖന്ന, ഖയ്യാം, ചിത്രഗുപ്ത, കല്യാണ്‍ജി-ആനന്ദ്ജി, ജയ്‌ദേവ്, ലക്ഷ്മീകാന്ത്-പ്യാരേലാല്‍, രവി, റോഷന്‍ -ഈ അദ്ഭുത മനുഷ്യരുടെയെല്ലാം പാട്ടുകള്‍ പറന്നുനടന്ന മൈസൂരുവിന്റെ ആകാശത്തിനുകീഴില്‍ അവയുടെ ദാസനായി ജീവിക്കാന്‍ കഴിഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്ന്. അവയില്ലായിരുന്നെങ്കില്‍ ഞാനുണ്ടാകുമായിരുന്നില്ല.
കോഫീഹൗസിലെ ജൂക് ബോക്‌സില്‍ ഒരുപാട്ട് കേള്‍ക്കാനുള്ള നാലണ കണ്ടെത്തുക കഠിനമായിരുന്നു. അതികഠിനം. പക്ഷേ, ഞാന്‍ ആ നാലണത്തുട്ട് പുറത്തെടുത്ത് നിശ്ചയദാര്‍ഢ്യത്തോടെ ഒരു കൈയില്‍ മുറുക്കിപ്പിടിക്കും. ജൂക് ബോക്‌സിനടുത്തേക്ക് ഒരു പടയാളിയെപ്പോലെ നടന്നുചെല്ലും. അതിലെഴുതിവെച്ചിരിക്കുന്ന, എനിക്ക് മനഃപാഠമായിക്കഴിഞ്ഞ, പാട്ടുകളുടെ പട്ടിക വീണ്ടും വായിക്കും.
എനിക്ക് എല്ലാ പാട്ടും കേള്‍ക്കണം. എല്ലാം. പക്ഷേ, എന്റെ കൈയിലുള്ളത് ഒരെണ്ണംമാത്രം കേള്‍ക്കാനുള്ള സ്വത്താണ്. ധര്‍മസങ്കടം നിറഞ്ഞതാണ് ആ നിമിഷങ്ങള്‍. അവസാനം ഞാന്‍ ആ നാലണത്തുട്ട് ജൂക് ബോക്‌സിന്റെ പൈസദ്വാരത്തിലേക്ക് തള്ളിയിട്ട് ഒരു പാട്ടിന്റെ ബട്ടണില്‍ ചൂണ്ടുവിരലമര്‍ത്തും റെക്കോഡ് പ്ലെയറിന്റെ യന്ത്രക്കരം റെക്കോഡ് പൊക്കിയെടുത്ത് എന്റെ, എന്റെ സ്വന്തം, പാട്ടിലേക്കുപോകും. അപ്പോള്‍ ഏതോ അതിശയ പറുദീസയില്‍നിന്ന് ലതാ മങ്കേഷ്‌കറുടെ ശബ്ദം ഒഴുകിവരും- 'കഹി ദീപ് ജലേ കഹി ദില്‍...' ട്രേകളുടെയും കപ്പുകളുടെയും കിലുകിലുക്കവും ആള്‍ക്കാരുടെ സംഭാഷണങ്ങളും ഒന്നുചേര്‍ന്നുണ്ടാക്കിയ അത്യുച്ചത്തിലുള്ള ആരവത്തിനും മീതേ എന്റെ പാട്ടിന്റെ തുടക്കം കേട്ടുതുടങ്ങുമ്പോള്‍ ഞാന്‍ നാണം കലര്‍ന്ന് അഭിമാനത്തോടെ ചുറ്റും നോക്കും.
എന്നെ ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടോ! ഞാന്‍ വെച്ച പാട്ട് പാടുകയാണ്! എന്നിട്ട് എനിക്ക് എന്റെ കസാലയില്‍ പിടിച്ചിരിക്കാന്‍ അവകാശം തരുന്ന അടുത്ത കാപ്പിക്കുള്ള 12 പൈസ കൊടുത്തശേഷം ആനന്ദംകൊണ്ട് ജ്വലിച്ചുകൊണ്ട് പാട്ടു കേട്ടിരിക്കും. അതവസാനിക്കുമ്പോള്‍ പിന്നത്തെ കാപ്പിക്കുള്ള 12 പൈസ കൂട്ടുകാരില്‍നിന്ന് കടം വാങ്ങിക്കൊടുത്തിട്ട് അടുത്ത പാട്ടുസ്‌നേഹി ജൂക് ബോക്‌സിലേക്ക് നടന്നടുക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കും. കാരണം ആ പാട്ട് സൗജന്യമാണല്ലോ.
ആ ജൂക് ബോക്‌സില്‍ ദൈവം ഡിസ്‌ക് ജോക്കിയായി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു എന്നുറപ്പാണ്. ദുഷ്ടന്‍ ദരിദ്രനായ എന്നില്‍നിന്ന് ഓരോ പാട്ടിനും നാലണ പിടിച്ചുവാങ്ങി. 'അല്ലാ ജാനേ ക്യാ ഹോഗാ...', 'തുമാരി മസ്ത് നഗര്‍...', 'മേരേ മെഹബൂബ് തുജ്ജേ..', 'മേം ചലീ മേം ചലീ...', 'ദീവാനഹുവാ ബാദല്‍...', 'മുജ്ജ്‌കോ അപ്‌നേ ഗലേ ലഗാദോ...', 'തസ്വീര്‍ തേരീ ദില്‍മേം...', 'ജൊ വാദാ കിയാവോ...', 'മെഹ്ത്താബ് തേരാ ചെഹരാ...', 'വോ ജബ് യാദ് ആയേ...' അങ്ങനെയൊരായിരം പാട്ടുകളാണ് മൂപ്പര്‍ എനിക്ക് നാലണയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്. പക്ഷേ, പിശുക്കനായ ഞാന്‍ കാശുകൊടുത്ത്് വാങ്ങിയത് പത്തോ അമ്പതോ. ബാക്കിയെല്ലാം മൈസൂരുവിലെ ഒരിക്കലും ഓഫാക്കാത്ത റേഡിയോകളും അന്തരീക്ഷത്തെ മലിനമാക്കുന്നതിനുപകരം മധുരമാക്കിയ ഗ്രാമഫോണുകളും എനിക്കു വെറുതേ തന്നു.
തുടരും
Content Highlights: Paul Zacharia writes column 'Mysooru mallige'