ചെരിച്ചെഴുതിയ അക്ഷരങ്ങളുടെ ലോകം

“ഇപ്പോൾ ഓവിഡ് കരയുകയാണ്: എന്നും രാത്രി ഈ സമയത്ത് വസ്ത്രം ധരിക്കുന്നതു പോലെ അയാൾ ദുഃഖത്തെ അണിയും. എന്നിട്ട് എഴുതാൻ തുടങ്ങും. ഒഴിവുസമയങ്ങളിൽ അയാൾ ഗെറ്റിക് എന്ന പ്രാദേശിക ഭാഷ പഠിക്കും - ഒരിക്കലും ആരും വായിക്കാത്ത ഒരു ഇതിഹാസ കാവ്യം രചിക്കാൻ.”
റോമൻ കവിയായ ഓവിഡിനെപ്പറ്റി സാഹിത്യത്തിനുള്ള ഈ വർഷത്തെ നോബെൽ പുരസ്ക്കാരം നേടിയ കനേഡിയൻ എഴുത്തുകാരി ആൻ കാർസൻ ( Anne Carson) ഇങ്ങനെ എഴുതുമ്പോൾ തെളിയുന്നത് എല്ലാ എഴുത്തുകാരുടെയും ദുരോഗ്യത്തിൻ്റെ ചിത്രം കൂടിയാണ്. ആത്മാവിൻ്റെ ഒറ്റപ്പെടലിൽ വിലപിച്ചുകൊണ്ട് അവർ രചിക്കുന്ന കൃതികൾ പലപ്പോഴും മറ്റുള്ളവർക്ക് വായിക്കാനാവാത്തവയാണ്. അദൃശ്യമായ ആ എഴുത്തുകളുടെ ഒരു സഞ്ചയത്തിൽ കൂടിയാണ് കാർസനെ വായിക്കുമ്പോൾ വായനക്കാർ കടന്നു പോകുന്നത്.
1950ൽ ക്യാനഡയിലെ ടൊറെൻ്റോയിലാണ് ആൻ കാർസൻ ജനിച്ചത്. ഹൈസ്കൂൾ പഠനകാലത്തു തന്നെ പുരാതന ഗ്രീക്ക്, റോമൻ രചനകളിൽ അവർ ആകൃഷ്ടയായി. അതു കൊണ്ടു തന്നെ യൂറിപ്പിഡസ് ,കാറ്റുലസ്, സാഫോ, സിമോണിഡെസ് തുടങ്ങിയവരുടെ കൃതികളിൽ നിന്നുള്ള പരാമർശങ്ങൾ അവരുടെ എഴുത്തിൽ ധാരാളമായി കാണാവുന്നതാണ്. Eros the Bittersweet, Plainwater, Men in Off Hours, Economy of the Unlost തുടങ്ങിയവയാണ് അവരുടെ പ്രധാനരചനകൾ. കൂടാതെ പുരാതന ഗ്രീക്ക് നാടകങ്ങളുടെ പരിഭാഷകളും അവർ നിർവഹിച്ചിട്ടുണ്ട്. ഗ്രിഫിൻ കവിതാ പുരസ്കാരം, ടി.എസ് എല്യറ്റ് അവാർഡ് തുടങ്ങിയ അനേകം ബഹുമതികളും അവർക്ക് ലഭിച്ചു.
സാമാന്യമായ എഴുത്തു രീതികളിൽ നിന്ന് എപ്പോഴും വേറിട്ടു നിൽക്കുന്നവയാണ് കാർസന്റെ രചനകൾ. അവരുടെ വിവർത്തനങ്ങൾ പോലും അതിന് ഉദാഹരണമാണ്. സോഫോക്ലിസിൻ്റെ പ്രശസ്ത രചനയായ Antigone എന്ന നാടകം Antigonick എന്ന പേരിൽ പരിഭാഷപ്പെടുത്തിയപ്പോൾ കാർസൻ അവയിൽ വരുത്തിയ മാറ്റങ്ങൾ നിരൂപകരെ നടുക്കിക്കളഞ്ഞു. സോഫോക്ലിസിൻ്റെ നാടകത്തിലില്ലാത്ത ഒരു കഥാപാത്രത്തെക്കൂടി അവർ തൻ്റെ പരിഭാഷയിൽ ഉൾപ്പെടുത്തി. '’നമ്മൾ ഇരുട്ടിൽ നിന്ന് തുടങ്ങുന്നു. നമ്മുടെ ജനനവും മരണവും ഒന്നു തന്ന“യെന്ന് നാടകത്തിൽ പറയുന്നുണ്ട്. ഇരുട്ടിൽ ഇല്ലാതായി നിൽക്കുന്ന വാക്കുകളിലേക്ക് വെളിച്ചമെത്തിക്കുകയാണ് എഴുത്തുകാരി. അങ്ങനെ ചെയ്യുമ്പോൾ അവ ജനിക്കുകയാണോ അതോ മരിക്കുകയോ എന്ന ചിന്തയില്ലാതെ തന്നെ. പ്രളയത്തിൽ മുങ്ങിപ്പോയ അമ്മമാരുടെ അസ്ഥികൾ ശേഖരിക്കുമ്പോൾ, തനിക്കരികെ പ്രഭാതത്തിൻ്റെ ഭംഗിയെപ്പറ്റി സംസാരിച്ചുകൊണ്ട് ആ പ്രകൃതിദുരന്തത്തെപ്പറ്റി ഒന്നുമറിയാത്തവനെപ്പോലെ അലസമായി നടക്കുന്ന ഒരാളെപ്പറ്റി After the Flood, We എന്ന കവിതയിൽ കനേഡിയൻ എഴുത്തുകാരി മാർഗെരറ്റ് അറ്റ് വുഡ് (Margaret Atwood)എഴുതുന്നുണ്ട്. പ്രഭാതത്തിൻ്റെ ഭംഗിയും പ്രളയത്തിൻ്റെ ഭയങ്കരതയും ഒരേ സമയം തൻ്റെ എഴുത്തിൽ തെളിച്ചുകാട്ടാൻ ആൻ കാർസനും കഴിയുന്നു.
പുരാണകഥകൾക്ക് പുതിയൊരു വ്യാഖ്യാനം നൽകുകയല്ല ആൻ കാർസൻ ചെയ്യുന്നത്; അവരുടെ പ്രശസ്തമായ The Autography of Red എന്ന പുസ്തകത്തിൽ ഹെറാക്കിൾസ് എന്ന കഥാപാത്രം ഗ്രീക്ക് പുരാണത്തിലെ ഹെർക്കുലീസ് ആണെന്ന് നമുക്കു തോന്നിയേക്കാം. എന്നാൽ മറ്റനേകം മാനങ്ങൾ കൂടി കാർസൻ ഇവിടെ ഉൾച്ചേർക്കുന്നു. ഇതിലെ പ്രധാന കഥാപാത്രമായ ഗെരിയോൺ ഒരു ചെറിയ കുട്ടി മാത്രമല്ല, ചിറകുള്ള ഒരു ചുവന്ന രാക്ഷസൻ കൂടിയാണ്.അഞ്ചാം വയസ്സിൽ എഴുതാൻ തുടങ്ങിയ ആത്മകഥയിൽ അവൻ തൻ്റെ ശിഥിലമായ ആത്മാവിന്റെ വിഷാദവും ഭീകരതയും നിറഞ്ഞ ലോകത്തെ തുറന്നു കാണിക്കുന്നു. വലുതായപ്പോൾ അവൻ തന്നെ എപ്പോഴും ശകാരിക്കുന്ന സഹോദരനിൽ നിന്നും സ്നേഹമയിയായ അമ്മയിൽ നിന്നും അകലുന്നു. ഒടുവിൽ ഹെറാക്കിൾസ് എന്നു പേരായ ഒരു നാടോടിയെ കണ്ടതോടെ അവൻ്റെ ജീവിതം കീഴ്മേൽ മറിയുകയാണ്: കാർസൻ എഴുതുന്നു: '’ഹെറാക്കിൾസിനെ കണ്ടുമുട്ടിയപ്പോൾ അവൻ്റെ ജീവിത ദേശങ്ങളെല്ലാം കുറച്ചു പടവുകൾ താഴോട്ടിറക്കി. കുട്ടകത്തിനടിയിലെ ഉന്നതരായ രണ്ട് ആരൽ മത്സ്യങ്ങളായിരുന്നു അവർ. ചെരിച്ചെഴുതിയ രണ്ട് അക്ഷരങ്ങളെപ്പോലെ (Italics) അവർ പരസ്പരം തിരിച്ചറിഞ്ഞു.“
ഇവിടെ ചെരിച്ചെഴുതിയ രണ്ടക്ഷരങ്ങൾ എന്നെഴുതിയതിലൂടെ അപാരമായ മറ്റൊരു ലോകത്തേക്ക് എഴുത്തുകാരി വായനക്കാരെ കൊണ്ടു പോകുന്നു. ആ രണ്ടു കഥാപാത്രങ്ങളും സാധാരണക്കാർ തന്നെ. മനുഷ്യരാശിയെന്ന അക്ഷരമാലയിലെ സവിശേഷതയേതുമില്ലാത്ത രണ്ടക്ഷരങ്ങൾ. പക്ഷേ ചെരിച്ചെഴുതുന്നതിലൂടെ അവ അസാധാരണത്വം കൈവരിക്കുന്നു. '’അവരുടെ നോട്ടങ്ങൾക്കിടയിൽ ലോകം അങ്ങോട്ടുമിങ്ങോട്ടും ഒന്നു രണ്ടു തവണ ഒഴുകിയിറങ്ങി"യെന്ന് എഴുത്തുകാരി തുടർന്നെഴുതുന്നു. ഒരു അഭിമുഖത്തിൽ കാർസൻ പറഞ്ഞത് ഇതിനോട് കൂട്ടിച്ചേർക്കാം: "ലോകത്തെ കാണുന്നതിന്റെ ചുമതല എനിക്കായിരുന്നു. എന്തായാലും കാണുക എന്നത് ഒരു വസ്തുത മാത്രമാണ്. “ കാണുകയെന്ന ആ വസ്തുതയെ അമൂർത്തമായ മറ്റൊരു ലോകത്തേക്ക്, ആരും കാണാത്ത മറ്റൊരു കാഴ്ചയിലേക്ക് നയിക്കുകയാണ് ആൻ കാർസന്റെ രചനകൾ.
ജാലകത്തിലൂടെ പുറത്തുള്ള മഞ്ഞുമൂടിയ സമതലങ്ങളെ നോക്കുന്നതു പോലെയാണ് ഈ എഴുത്തുകാരിയുടെ Short Talks എന്ന പുസ്തകം വായിക്കുമ്പോൾ അനുഭവപ്പെടുക എന്ന് കനേഡിയൻ എഴുത്തുകാരി മാർഗെരറ്റ് ക്രിസ്റ്റാക്കോസ് (Margaret Christakos) നിരീക്ഷിക്കുന്നുണ്ട്. പുസ്തകത്തിലെ ഗദ്യകവിതകളോരോന്നും ഓരോ ചിത്രമാണ്. ചിത്രം വരയ്ക്കുക എന്നത് എഴുതുന്നതിനേക്കാൾ വലിയ വെല്ലുവിളിയും ആഴ്ന്നിറങ്ങലുമാണെന്ന് കാർസൻ തന്നെ പറഞ്ഞിട്ടുമുണ്ട്. പുസ്തകത്തിൻ്റെ മുഖവുരയിൽ അവർ ഇങ്ങനെ എഴുതി: “ഒരു ദിവസം അതിരാവിലെ വാക്കുകളെ കാണാനില്ലാതായി.അതിനു മുമ്പ് വാക്കുകൾ അങ്ങനെ ആയിരുന്നില്ല, പക്ഷേ യാഥാർത്ഥ്യങ്ങളും മുഖങ്ങളും അങ്ങനെയായിരുന്നു താനും. ഒരു ദിവസം ആരോ കണ്ടെത്തി: നക്ഷത്രങ്ങളെയുള്ളൂ, വാക്കുകളില്ല. എന്തുകൊണ്ടിങ്ങനെ? ഞാൻ പലരോടും ചോദിച്ചു. അതൊരു നല്ല ചോദ്യമാണെന്നു തന്നെ ഞാൻ വിചാരിച്ചു.“ വാക്കുകൾക്കു പകരം നക്ഷത്രങ്ങളെ സൃഷ്ടിക്കാൻ കാർസനും ശ്രമിക്കുന്നു. എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യത്തിന് അവരുടെ എഴുത്തുകൾ ഉത്തരമാകുന്നു.
Content Highlights: Exploration of Nobel-winning Canadian author Anne Carson's unique literary style., Insights into famous works like 'Autography of Red' and classical translations., Analysis of how Carson reinterprets classical Greek myths with modern psychological depth.