'ട്രാന്സ്ജന്ഡര്' എന്ന പദത്തിന് തത്തുല്യമായൊരു മലയാളം ഇന്നേവരെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല, നിര്‍ദ്ദേശിച്ച പദങ്ങള്‍ ട്രാന്‍ജന്‍ഡര്‍ സമൂഹം നിരാകരിക്കുകയാണുണ്ടായത് തുടങ്ങിയ വാദപ്രതിവാദങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്. പുരുഷനെയും സ്ത്രീയെയും യഥാക്രമം ശ്രീ, ശ്രീമതി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതുപോലെ ട്രാന്‍സ്ജന്‍ഡറുകളെ അഭിസംബോധന ചെയ്യാന്‍ ഒരു പദം വേണമെന്ന ആവശ്യം നിയമസഭവരെ എത്തി നില്ക്കുന്നു. ട്രാന്‍സ്ജന്‍ഡറുകളെ എന്തുപദമുപയോഗിച്ച് അഭിസംബോധന ചെയ്യും, ട്രാന്‍സ് ജന്‍ഡറിന് തത്തുല്യമലയാളപദം എന്തു നല്‍കും? രാഷ്ട്രീയ,സാംസ്കാരിക,ഭാഷാ, സാമൂഹിക മേഖലയിലെ പ്രമുഖരുടെ അഭിപ്രായങ്ങള്‍ വായിക്കാം, വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
അഭിസംബോധന ചെയ്യേണ്ടതെങ്ങനെ?- ഐഷാ പോറ്റി എം.എല്‍.എ
ട്രാന്‍സ്ജന്‍ഡറുകളുടെ പ്രശ്നങ്ങള്‍ സമഗ്രമായി പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരാവശ്യം നിയമസഭയില്‍ ഉന്നയിച്ചത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ട്രാന്ജന്ഡറുകളുടെ പുനരധിവാസത്തിനും മറ്റു ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി അമ്പതിലധികം പദ്ധതികള്‍ കൊണ്ടുവന്നിട്ടുള്ള സംസ്ഥാനമാണ് കേരളം. മലയാളഭാഷയെയും ഇവിടെ പരാമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. ട്രാന്‍സ്ജന്‍ഡറുകളെ അഭിസംബോധന ചെയ്യാന്‍ അനുയോജ്യമായ ഒരു വാക്ക് മലയാളത്തിലില്ല എന്നതാണ് സങ്കടകരം. പുരുഷനെ 'ശ്രീ' എന്നും സ്ത്രീയെ 'ശ്രീമതി' എന്നും അഭിസംബോധന ചെയ്യുമ്പോള്‍ അവരെ എന്തുപദമുപയോഗിച്ചാണ് അഭിസംബോധന ചെയ്യേണ്ടത്? ഭാഷാപണ്ഡിതരും ഗവേഷകരും ഈ വിഷയം ഗൗരവമായി പഠിക്കുകയും ഉതകുന്ന പദം കണ്ടെത്തുകയും വേണം. നിലവില്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയ ട്രാന്‍സ്ജന്‍ഡര്‍മാര്‍ കണക്കുകള്‍ പ്രകാരം മുവ്വായിരത്തോളമേ കേരളത്തിലുള്ളൂ. എന്നാല്‍ മതിയായ കണക്കെടുപ്പ് സാമൂഹ്യക്ഷേമവകുപ്പുമായി സഹകരിച്ച് നടത്തുകയാണെങ്കില്‍ അത് മുവ്വായിരത്തില്‍ നിന്നും ഇരുപത്തി അയ്യായിരമായെങ്കിലും ഉയരും. ഇവിടെ സ്വത്വം മൂടിവെക്കപ്പെടേണ്ട അവസ്ഥ സംജാതമാകുന്നത് സമൂഹം കാണിക്കുന്ന മോശം മനോഭാവം കൊണ്ടാണ്. അവരെ അഭിസംബോധന ചെയ്തു വളരട്ടെ നമ്മുടെ സമൂഹം. അതിനായി ഏറ്റവും അനുയോജ്യമായ പദം തന്നെ നിര്‍ദ്ദേശിക്കാനാണ് മലയാളഭാഷാ പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കാനുള്ളത്. ആണും പെണ്ണും മാത്രം ഉള്‍പ്പെട്ടതല്ല നമ്മുടെ സമൂഹം. അവിടെ മൂന്നാമതൊരു സൃഷ്ടി കൂടിയുണ്ട്. നമ്മുടെ സഹജീവനുകളോട് പരിഗണനകാട്ടാന് ബുദ്ധിയും വിവേകവും ഇനിയും വേണമെന്നുണ്ടോ? തമിഴില്‍ തിരുനങ്കൈ മനിതര്‍, കന്നടത്തില്‍ മംഗളമുഖിമാര്, തെലുങ്കില്‍ ലിംഗമാര്പിടി തുടങ്ങിയ വാക്കുകള്‍ ട്രാന്സ്ജന്ഡര് എന്ന അര്‍ഥത്തിലാണ് ഉപയോഗിക്കുന്നത്.
ട്രാന്സ്ജന്ഡര് എന്ന പദത്തിന് സമാനപദം മലയാളത്തിന് കൊടുക്കാന്‍ പറ്റിയിട്ടില്ല ഇതുവരെ. നമ്മുടെ വ്യാകരണശാസ്ത്രവും ഭാഷാശാസ്ത്രവും വികസിക്കുന്ന കാലത്ത് ആണും പെണ്ണും മാത്രമേ ലിംഗപരിഗണനയില് വന്നിരുന്നുള്ളൂ. അതുകൊണ്ടാണ് ശ്രീയും ശ്രീമതിയും അഭിസംബോധനകളില്‍ വന്നത്. കേരളപാണിനീയത്തിനുശേഷം വ്യാകരണത്തിന്റെ കാര്യത്തില്‍ മലയാളത്തില്‍ നല്ല ഗ്രന്ഥങ്ങളൊന്നും തന്നെ വന്നിട്ടില്ല. പത്തൊമ്പതാം നൂറ്റാണ്ടില്‍ത്തന്നെ നില്‍ക്കുകയാണ് നമ്മുടെ മലയാളഭാഷയും വ്യാകരണവും. 1916-ലാണ് കേരളപാണിനീയത്തിന്റെ അവസാനപതിപ്പ് ഇറങ്ങുന്നത്. 1918-ല്‍ എ.ആര് രാജരാജവര്‍മ അന്തരിക്കുകയും ചെയ്തു. നൂറുകൊല്ലമായിട്ട് വ്യാകരണസംബന്ധമായ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഭാഷാപരമായ തെറ്റുകള്‍ പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അര്‍പിതം എന്ന വാക്കിന് 'ര്‍' നു ശേഷം രണ്ട് 'പ' വേണ്ട, ഒന്നു മതി തുടങ്ങിയ തിരുത്തലുകളും പ്രയോഗങ്ങളിലെ അര്‍ഥമില്ലായ്മയെയും അങ്ങനെ പറയാമോ, ഇങ്ങനെ പറയരുത് എന്നൊക്കെ ധാരാളം പേര് എഴുതുകയും ചര്‍ച്ചയുമൊക്കെ വന്നിട്ടുണ്ട്. പക്ഷേ നമുക്ക് വേണ്ടിയിരുന്നത് ലക്ഷണയുക്തമായ, കാലോചിതമായ ഭാഷാപരിണാമങ്ങളെ പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്, പഠനമാണ്. അത് ഉണ്ടായിട്ടില്ല എന്നത് നമ്മുടെ പരിമിതിയാണ്. ട്രാന്സ്ജന്ഡര് എന്ന പദം പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്കു വന്നിട്ട് പത്തോ ഇരുപതോ വര്‍ഷങ്ങളേ ആവുന്നുള്ളൂ. രാമായണത്തിലും മഹാഭാരതത്തിലുമൊക്കെ ഉപയോഗിച്ചതുപോലെ 'നപുംസകം' എന്ന് ചേര്‍ക്കാന്‍ പാടുള്ളതാണോ? അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതാണോ? കാര്‍, ബസ്, ബൈക്ക്, കംപ്യൂട്ടര്‍, പെന്‍, പെന്‍സില്‍ തുടങ്ങിയവയൊക്കെ മലയാളമായതുപോലെ ട്രാന്‍സ്ജന്‍ഡറും മലയാളമായിക്കഴിഞ്ഞു.
ഇനി അവരെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നതാണ് വിഷയമെങ്കില്‍ 'ബഹു'-ബഹുമാനപ്പെട്ട എന്ന അര്‍ഥത്തില്‍- വിളിക്കുക. ഇത് ട്രാന്‍സ്ജന്‍ഡറിന് മാത്രമല്ല, ശ്രീ, ശ്രീമതി എന്നിവ ഒഴിവാക്കി എല്ലാ ലിംഗത്തില്‍ പെട്ടവരെയും 'ബഹുമാനപ്പെട്ട' എന്ന് അഭിസംബോധന ചെയ്യണം എന്ന അഭിപ്രായമാണ് വ്യക്തിപരമായി നല്‍കാനുള്ളത്. 'ബഹുമാന്യ' എന്നോ 'ബഹുമാന്യന്‍' എന്നോ അല്ല, ബഹുമാനപ്പെട്ട എന്നു തന്നെയായിരിക്കണം പറയേണ്ടത്. പ്രസ്തുത വിഷയം ഔദ്യോഗികമായി പരിഗണനയ്ക്ക് എത്തിയിട്ടില്ല. എത്തുമ്പോള്‍ കൂടുതല്‍ സാധ്യതകളും പഠനങ്ങളും നടത്തുന്നതാണ്.
മലയാളം അടുത്തിടപഴകുന്നത് കൂടുതലും ഇംഗ്ളീഷിനോട്-ആഷാ മേനോന്
ട്രാന്‍സ്ജന്‍ഡറിനെ ശ്രീ എന്നോ ശ്രീമതി എന്നോ അഭിസംബോധന ചെയ്യാന്‍ പറ്റില്ല. അവരെ നമ്മള് 'റെസ്പക്ടബിള്‍ പേഴ്സണ്‍' എന്ന അര്‍ഥത്തില്‍ ബഹുമാനപ്പെട്ട എന്ന് വിളിക്കാം. തമിഴിലെ തിരുനങ്കയായാലും കന്നടത്തിലെ മംഗളമുഖിയായാലും അതൊന്നും ട്രാന്സ്ജന്ഡര് എന്ന പദത്തിന് സമാനമായതല്ല. അവിടെ ട്രാന്‍സ് വുമണ്‍ എന്ന അര്‍ഥമാണ് ലഭിക്കുന്നത്. അപൂര്ണനാരി എന്നു വിളിച്ചാല്‍ അത് സ്ത്രീലിംഗമാകും. 'അപൂര്‍ണ' എന്നു ചേര്‍ക്കുമ്പോള്‍ ട്രാന്‍സ്ജന്‍ഡറിന്റെ പൂര്‍ണതയെ ചോദ്യം ചെയ്യപ്പെടും. പുതിയവാക്ക് കണ്ടുപിടിക്കുകയോ നിലവിലുള്ള ട്രാന്സ്ജന്ഡര് പദത്തെ സ്ഥിരമായി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്. തമിഴില്‍ 'തന്പടം' എന്ന് സെല്‍ഫിയെ പറയുമ്പോള്‍ നമ്മള് സെല്‍ഫി എന്ന ഇംഗ്ളീഷ് പദത്തെ നേരിട്ട് സ്വീകരിക്കുകയാണ് ചെയ്തത്. കാലാനുസൃതമായിട്ടുള്ള പലവാക്കുകളിലും നേരിട്ടുള്ള ഇംഗ്ളീഷ്പദോപയോഗമാണ് മലയാളം ചെയ്തുവരുന്നത്. പുതിയപദങ്ങളുടെ കാര്യത്തില്‍ ഉദാസീനതയുണ്ടോ മലയാളത്തിന് എന്നു ചോദിച്ചാല്‍ ഉത്തരമായിട്ടു പറയാനുള്ളത് എം.എന്‍ വിജയന് ഉപയോഗിച്ച 'റിലാപ്സ്'(Relapse) എന്ന ഇംഗ്ളീഷ് പദമാണ്. അദ്ദേഹം മലയാളം ലിപിയില്‍ 'റിലാപ്സ് 'എന്ന ഇംഗ്ളീഷ് പദമെഴുതി അച്ചടിച്ചു. സമാനമലയാളപദം അദ്ദേഹത്തെ പോലൊരു ജ്ഞാനിയ്ക്ക് അറിയാതിരുന്നിട്ടാണോ?നമ്മള് അത്രയും കൂടുതല്‍ ഇംഗ്ളീഷ്ഭാഷയെ അഡാപ്റ്റ് ചെയ്തുകഴിഞ്ഞതാണ്. മറ്റുഭാഷാവിദഗ്ധരേക്കാളും നമ്മുടെ ഭാഷാപണ്ഡിതര്‍ ഇംഗ്ളീഷിനോട് കൂടുതല്‍ അടുപ്പമുള്ളവരാണ്. പുതിയപദം കണ്ടെത്തുമോ എന്നുചോദിച്ചാല്‍ എന്തുകൊണ്ട് പറ്റില്ല എന്നാണ് മറുപടി. ട്രാന്‍സ്ജന്‍ഡറിന് തത്തുല്യമായ പദം ഏതെങ്കിലും ഇന്ത്യന്‍ ഭാഷയില്‍ ഉണ്ടോ എന്നെനിക്ക് തോന്നുന്നില്ല.
ട്രാന്‍സ്ജെന്‍ഡര്‍ എന്ന വാക്കിന് അന്തസ്സുറ്റ ഒരു മലയാളപദം വേണമെന്ന് എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ അഞ്ചുപുസ്തകങ്ങളില്‍ നാലെണ്ണവും മലയാളത്തില്‍ അച്ചടിക്കപ്പെട്ടവയാണ്. ഇതിന്റെ പ്രകാശനവേളകളില് എന്നെ അഭിസംബോധന ചെയ്തത് ശ്രീയെന്നോ ശ്രീമതിയെന്നോ ഒക്കെയായിരുന്നു. ട്രാന്‍സ് വുമണ്‍ എന്ന ഐഡന്റിറ്റിയില്‍ നില്ക്കുമ്പോള് ശ്രീമതിയായും മെന്‍ ഐഡന്റിറ്റിയില്‍ നില്ക്കുമ്പോള് ശ്രീയായും ഞങ്ങള്‍ മാറുന്നു. അപ്പോള്‍ നഷ്ടപ്പെടുന്നത് സ്വത്വമാണ്. ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഐഡന്റിറ്റിയില്ത്തന്നെ തുടരുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം അഭിസംബോധനാസന്ദര്ഭങ്ങളില് ആരുമല്ലാതായിപ്പോകാറുണ്ട്. അതുകൊണ്ടുതന്നെയാണ് ട്രാന്സ്ജന്ഡര് എന്ന വാക്കിന് പകരമായി 'സഹജര്‍' എന്ന വാക്ക് നിര്‍ദ്ദേശിക്കുന്നത്. സഹജര്‍ എന്നുപറയുമ്പോള്‍ ആണോ പെണ്ണോ എന്ന ആശങ്കയ്ക്കിടയില്ല. ഭാഷ നിരന്തരം പുതിയ പദങ്ങളെ സ്വീകരിക്കുകയും പഴയവയെ ഉപേക്ഷിക്കുകയും അല്ലെങ്കില്‍ അര്‍ഥവ്യത്യാസം വരുത്തുകയുമൊക്കെ ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ്. അപ്പോള്‍ ട്രാന്‍ജെന്‍ഡര്‍ എന്ന പദത്തിനോടും അവസ്ഥയോടുമുള്ള മനോഭാവം ഇങ്ങനെയാവരുത്.
ലിംഗഭേദം സൂചിപ്പിക്കാത്ത മാന്യതയെയാണ് Mxഎന്ന പദം കൊണ്ട് അഭിസംബോധന ചെയ്യുന്നത്. 1970-മുതല്‍ ലിംഗനിഷ്പക്ഷ അഭിസംബോധനയായാണ് Mx ഉപയോഗിച്ചു തുടങ്ങിയത്. ഇംഗ്ളണ്ട് നിയമപരമായി ഇത് അംഗീകരിച്ചതോടെ 2015- മുതല്‍ ഓക്സ്ഫഡ് നിഘണ്ടുക്കളില്‍ Mx എന്ന പദം ലിംഗനിഷ്പക്ഷരെ അഭിസംബോധനചെയ്യാനായി ഉപയോഗിച്ചു തുടങ്ങി.
ട്രാന്സ്ജന്ഡര് നിയമം 2019 അനുശാസിക്കുന്നതിങ്ങനെയാണ്: ഒരു വ്യക്തി ജനിക്കുന്നത് ഏത് ലിംഗവുമായിട്ടാണോ ആ സ്വത്വവുമായി പൊരുത്തപ്പെടാതിരിക്കുകയും മാനസികമായും ശാരീരികമായും താദാത്മ്യംപ്രാപിക്കുന്ന ലിംഗസ്വത്വം തിരഞ്ഞെടുക്കുന്നവരെയുമാണ് ട്രാന്സ്മാന്/ട്രാന്‍സ് വുമണ്‍ എന്നു പറയുന്നത്. അത്തരം വ്യക്തികള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ചെയ്തവരോ, അല്ലാത്തവരോ,ഇന്റര്‍സെക്സ് ഐഡന്റിറ്റി ഉള്ളവരോ ആയിരിക്കാം. ഇന്ത്യന്‍ ഭരണഘടനയില്‍ സ്ത്രീ-പുരുഷ,ഭിന്നലൈംഗികര്‍ എന്ന പരിഗണനകള്‍ ഇല്ല. അവിടെ ഇന്ത്യക്കാര്‍ പൗരരും അല്ലാത്തവര്‍ വ്യക്തികളും മാത്രമാണ്. ട്രാന്സ്ജന്ഡര് നിയമപ്രകാരം രാജ്യത്തെവിടെയും സ്വതന്ത്രമായി സഞ്ചാരിക്കാനും വിദ്യാഭ്യാസം നേടാനും, സര്‍ക്കാര്‍-സര്‍ക്കാരിതര ജോലികള്‍ ചെയ്യാനും സ്വത്തുവകകള്‍ വാങ്ങാനും വില്ക്കാനുമുള്ള അവകാശം ട്രാന്സ്ജന്ഡറിനുണ്ട്. സ്ത്രീയോ പുരുഷനോ ആവാതെ ട്രാന്സ്ജന്ഡര് എന്ന സ്വത്വത്തില്‍ തുടരുമ്പോള്‍ അവരെ പൗരര്‍ എന്ന നിലയില്‍ അംഗീകരിക്കാന്‍ നമ്മുടെ നിയമം അനുശാസിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ അവരെ ഉചിതമായ പദം ഉപയോഗിച്ചുകൊണ്ട് അഭിസംബോധന ചെയ്യേണ്ടതുണ്ട്. മലയാളം പോലൊരു ഭാഷയ്ക്ക് അത് അസാധ്യമായതൊന്നുമല്ല. പിന്നെ നിയമത്തെ സംബന്ധിച്ചിടത്തോളം ശ്രീ, ശ്രീമതി, കുമാരി, എന്ന അഭിസംബോധനകളൊന്നുമില്ല. അവിടെ 'സിറ്റിസണ്‍' എന്ന പദവിയ്ക്കു മാത്രമേ പ്രസക്തിയുള്ളൂ.
Content Highlights: An Open Discussion on the word Transgender and its apt Malayalam Word new words