പിഎംശ്രീയില്‍ കേരളത്തെ കോര്‍ത്തുകെട്ടിയ'കരവിരുത്'; സാമ്പത്തിക പരാധീനത നിലപാടുതറയില്‍ വീഴ്ത്തിയ തുള

പിഎംശ്രീ സ്‌കൂള്‍ പദ്ധതിയില്‍ കേരളം ഉള്‍പ്പെടെ ഏതാനും സംസ്ഥാനങ്ങള്‍ അകപ്പെട്ടിരിക്കുന്നത് ഒരു രാഷ്ട്രീയ രാവണന്‍ കോട്ടയിലാണ്. കേന്ദ്രഭരണകൂടം പ്രവര്‍ത്തിക്കുന്നത് ബ്രെട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങളായ ലോകബാങ്കിനെയും അന്താരാഷ്ട്ര നാണ്യനിധിയെയും പോലെയാണ്. വികസ്വര രാഷ്ട്രങ്ങള്‍ക്ക് വായ്പ കൊടുക്കാന്‍ അമേരിക്കയ്ക്ക് വന്‍സ്വാധീനമുള്ള ഈ സ്ഥാപനങ്ങള്‍ കര്‍ക്കശവും കഠിനവുമായ നിബന്ധനകളാണ് മുന്നോട്ടുവെക്കാറുള്ളത്. മോദി സര്‍ക്കാര്‍ പല പദ്ധതികള്‍ക്കും ഉപസര്‍ഗമായി വെച്ചിരിക്കുന്നത് പിഎം എന്നാണ്. പി എം ആവാസ് യോജന, പി എം ഉഷ, പിഎം ടി.ബി. മുക്ത് ഭാരത് അഭിയാന്‍ എന്നിങ്ങനെ ഒരു ഡസന്‍ പദ്ധതികളുണ്ട്. അവയില്‍ ഒന്നത്രെ പിഎം ശ്രീ. ഇന്ത്യയിലെ 14500 സ്‌കൂളുകളില്‍ 'അത്യാധുനിക സൗകര്യങ്ങള്‍' നല്‍കി മികവിന്റെ സാകല്യമാക്കി പരിവര്‍ത്തിപ്പിക്കുന്ന (പ്രധാനമന്ത്രി പറഞ്ഞ വാക്കുകള്‍) ഈ പദ്ധതിയുടെ ഊരാക്കുരുക്ക് ദേശീയ വിദ്യാഭ്യാസനയമാണ്. (എന്‍ഇപി 2020.) പിഎംശ്രീയില്‍ ഒപ്പിട്ടാല്‍ എന്‍ഇപിയിലെ മുഴുവന്‍ നിബന്ധനകള്‍ ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്‌കൂളുകളിലും പിന്നീട് മറ്റ് സ്‌കൂളുകളിലും നടപ്പാക്കേണ്ടി വരും. എന്‍ഇപി ക്ക് തെറ്റായ കാര്യപരിപാടികള്‍ ഉണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ പലപാട് പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെ പല പിഎം കേന്ദ്രപദ്ധതികള്‍ക്ക്, ഐഎംഎഫ് വായ്പ കൊടുക്കുമ്പോള്‍ കൊരുക്കുന്നതുപോലെ കാണുന്ന ചരടുകളും കാണാച്ചരടുകളും കേന്ദ്രം നിഷ്‌കൃഷ്ടമായി തുന്നിച്ചേര്‍ക്കുക പതിവാണ്. അതേസമയം സാമ്പത്തികസ്ഥിതിയില്‍ പരവശമായ സംസ്ഥാനത്തിന് പണം കിട്ടുകയും വേണം. എന്‍ഇപിയോടുള്ള നിലപാടിലെ അചഞ്ചലത അവിരാമമായി നിലനില്‍ക്കുമോ, സാമ്പത്തിക പരാധീനതയുടെ ചാഞ്ചല്യം നിലപാടുതറയില്‍ തുളവീഴ്ത്തുമോ, എന്നീ കാര്യങ്ങളില്‍ പൂര്‍വപക്ഷവും എതിര്‍പക്ഷവും തമ്മിലുള്ള വൈരുധ്യത്താല്‍ ഒരു അസാധാരണ സമന്വയം ഉരുത്തിരിക്കുന്നു. പിഎംശ്രീയില്‍ മൂന്നുവര്‍ഷത്തെ എതിര്‍പ്പിനുശേഷം കേരള സര്‍ക്കാരും ഒപ്പുവെച്ചിരിക്കുന്ന വിവാദ സ്ഥിതിവിശേഷമാണത്.
പരിഷ്‌കരണത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും നവീകരണത്തിന്റെയും ഭാഷയില്‍ പൊതിഞ്ഞ ദേശീയ വിദ്യാഭ്യാസനയം, (എന്‍ഇപി 2020) പല കോണുകളില്‍ നിന്ന്, പ്രത്യേകിച്ച് ഇടതുപക്ഷവൃത്തങ്ങളില്‍ നിന്ന് രൂക്ഷവിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ആഗോള മൂലധനത്തിന്റെയും വിപണിയുടെയും സേവ, സ്വകാര്യവത്കരണം, വാണിജ്യവത്കരണം, കേന്ദ്രീകരണസ്വഭാവം, സംസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വയംഭരണാവകാശത്തിന്റെ ശോഷണം, സംവരണത്തെക്കുറിച്ചുള്ള നിശ്ശബ്ദത, ഹിന്ദുത്വ-കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ സംയോജനം എന്നിവയാണ് ഗൗരവമുള്ള വിമര്‍ശനങ്ങള്‍.
മാര്‍ക്‌സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞനും ധൈഷണികനുമായ പ്രഭാത് പട്‌നായിക്, എന്‍ഇപി വിദ്യാര്‍ത്ഥികളെ നവ ലിബറല്‍ മുതലാളിത്തത്തിന്റെ വൈക്കോലായി പരിവര്‍ത്തിപ്പിക്കുന്ന പദ്ധതിയാണെന്നാണ് മുന്‍പ് എഴുതിയത്. ഇന്ത്യയുടെ രാഷ്ട്രനിര്‍മാണത്തിന് യോജിച്ച സാമൂഹികവും സാമ്പത്തികവും വികസനപരവുമായ ആവശ്യങ്ങളില്‍ വേരൂന്നിയതായിരിക്കണം വിദ്യാഭ്യാസമെന്നാണ് പട്‌നായിക്കിന്റെ പക്ഷം. അതേസമയം, ഇന്ത്യാചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വിമര്‍ശരഹിതമായ മഹത്വവത്കരണത്തെയും ആദര്‍ശവത്കരണത്തെയും പട്‌നായിക് മാത്രമല്ല മറ്റ് പല പ്രമുഖരും പലപാട് എതിര്‍ത്തുപോന്നതുമാണ്. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിദ്യാഭ്യാസത്തില്‍ കേന്ദ്രത്തിന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്ന പിഎംശ്രീ പദ്ധതിയില്‍, വിമര്‍ശകര്‍ ശരിയായി ചൂണ്ടിക്കാണിക്കുന്നതുപോലെ, 'ഏകഭാരതം, ശ്രേഷ്ഠഭാരതം' എന്ന ഹിന്ദുത്വ കാര്യപരിപാടി നിലീനമാണ്. എന്‍ഇപി യെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളെപ്പോലും, കേന്ദ്രം വരച്ച വരയില്‍ കൊണ്ടുവരാമെന്നതിന്റെ മകുടോദാഹരണമാണ് പിഎംശ്രീയില്‍ കേരളത്തെയും കോര്‍ത്തുകെട്ടിയ 'കരവിരുത്'.
ഫ്രഞ്ച് സാമൂഹ്യശാസ്ത്രജ്ഞനായ പിയെര്‍ ബുര്‍ദ്യു, സ്‌കൂളുകളില്‍ പലപ്പോഴും സാമൂഹികമായ വിശേഷാനുകൂല്യത്തെ (social privilege)അക്കാദമിക യോഗ്യതയായി (Academic Merit ) പരിണമിപ്പിക്കുന്നതും അതുവഴി അസമത്വo പുനരുത്പാദിപ്പിക്കപ്പെടുന്നതും എങ്ങനെയെന്ന് ആഴത്തില്‍ പഠിച്ചിട്ടുണ്ട്. എന്‍ ഇപി 2020 ഇക്കാര്യം പൂര്‍വാധികം രൂക്ഷമാക്കും എന്ന് വിദ്യാഭ്യാസ വിചക്ഷണര്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്തത്വത്തിന്റെ പ്രാധാന്യം കുറയ്ക്കുന്ന 'പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്‌സ്' പോലുള്ള മൃദുപ്രയോഗങ്ങളും എന്‍ഇപിയില്‍ കാണാം.
ഡോ.ടി.എം.തോമസ് ഐസക് പിഎംശ്രീയില്‍ കേരളം ഒപ്പുവെച്ച സാഹചര്യം വിശദീകരിക്കുന്നത് ഇങ്ങനെയാണ്: 'ഒരു ഫെഡറല്‍ രാജ്യത്ത് സംസ്ഥാനങ്ങള്‍ക്കുള്ള പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് നാം ബദലുകള്‍ ഉയര്‍ത്തുന്നത്. ഇതാണ് നമ്മള്‍ പിഎംശ്രീയിലും ചെയ്യുക. ആര്‍എസ്എസ് വിദ്യാഭ്യാസനയത്തിനെതിരായ കേരളത്തിന്റെ പോരാട്ടം നമ്മള്‍ തുടരും. എന്നാല്‍ 5000 കോടി രൂപ വേണ്ട എന്ന് വെക്കുവാന്‍ കേരളത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ല. അതുകൊണ്ട് പിഎംശ്രീയില്‍ ഒപ്പുവയ്‌ക്കേണ്ടിവരും. പക്ഷേ, പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഊന്നിക്കൊണ്ടുള്ള നമ്മുടെ മതനിരപേക്ഷ വിദ്യാഭ്യാസത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള കരുക്കള്‍ നാം കണ്ടെത്തും.'
കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഭരണഘടനയുടെ ആരൂഢങ്ങളിലൊന്നായ ഫെഡറലിസത്തിന്റെ തത്ത്വങ്ങളാണ് പ്രത്യക്ഷമായും പരോക്ഷമായും ആക്രമണശരവ്യമായത്. അതുകൊണ്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കേന്ദ്രം ഇപ്പോള്‍ സംസ്ഥാനങ്ങളെ കാണുന്നത് മുന്‍സിപ്പാലിറ്റികളെപ്പോലെയാണ് എന്ന് പലവട്ടം പറഞ്ഞത്. സംസ്ഥാനങ്ങളുടെ പരിമിതികള്‍ മാത്രമല്ല കേന്ദ്രം മുതലെടുക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ കൂടിയാണ്. 'മതനിരപേക്ഷ വിദ്യാഭ്യാസത്തെ മുന്നോട്ടുകൊണ്ടുപോകുവാനുള്ള കരുക്കള്‍ നാം കണ്ടെത്തും' എന്ന ആത്മവിശ്വാസം നല്ലതുതന്നെ. എന്നാല്‍ മതനിരപേക്ഷതയെ രാഷ്ട്രഗാത്രത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്യാന്‍ വളരെ മുന്‍പേ ആസൂത്രിതമായി ചതുരുപായങ്ങള്‍ തയ്യാറാക്കിയവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത് എന്ന തിക്തസത്യം മറുവശത്തുണ്ട്.
2022 ജൂലൈയില്‍ പിഎംശ്രീയെപ്പറ്റിയും 2025 ഏപ്രിലില്‍ സമഗ്ര ശിക്ഷാ അഭിയാനില്‍ (എസ്എസ്എ) കേരളത്തിനും തമിഴ്‌നാടിനും പശ്ചിമ ബംഗാളിനും ഫണ്ട് തടഞ്ഞതിനെപ്പറ്റിയും 2025 ജൂലൈയില്‍ എസ്എസ്എ ഫണ്ടും പിഎംശ്രീയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി. രാജ്യസഭയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടി, എസ്എസ്എ പദ്ധതിയെ ദേശീയ വിദ്യാഭ്യാസനയവുമായി കൂട്ടുചേര്‍ത്തിട്ടുണ്ടെന്നും പിഎംശ്രീ, ദേശീയ വിദ്യാഭ്യാസനയം പ്രയോഗത്തില്‍ വരുത്തുന്നത്തിന്റെ പ്രദര്‍ശനപ്പെട്ടിയായി രൂപകല്പന ചെയ്തതാണെന്നുമാണ്. ആദ്യഘട്ടത്തില്‍ എതിര്‍ത്തിരുന്ന ഡല്‍ഹിയും പഞ്ചാബും പണം ലഭിക്കാന്‍ പിഎംശ്രീയില്‍ ഭാഗഭാക്കായി. തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചു. എന്‍ഇപിക്ക് ബദലായി ബംഗാളും തമിഴ്‌നാടും 'സംസ്ഥാന വിദ്യാഭ്യാസ നയം' കൊണ്ടുവന്നു. കേരളം എന്‍ഇപി യോടുള്ള എതിര്‍പ്പ് നിലനിര്‍ത്തി ഡല്‍ഹിയുടെയും പഞ്ചാബിന്റെയും വഴി ഒടുവില്‍ തിരഞ്ഞെടുത്തു.