'അവതരണം കേട്ട് സാംബശിവന്‍ പറഞ്ഞു; കഥാപ്രസംഗത്തിന് ഇത്ര മധുരം വേണ്ട'

കഥാപ്രസംഗകലയുടെ നൂറാംജന്മവര്‍ഷമാണിത്. മലയാളിക്ക് കഥാപ്രസംഗമെന്നാല്‍ വി. സാംബശിവനാണ്. ലോക ക്ലാസിക് രചനകളും ഇന്ത്യന്‍ ക്ലാസിക് രചനകളും നിരക്ഷരരായ സാധാരണക്കാര്‍ക്കുപോലും ഹൃദിസ്ഥമായത് സാംബശിവന്റെ കഥാപ്രസംഗങ്ങള്‍വഴിയാണ്. സാംബശിവനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന ആലങ്കോട് ലീലാകൃഷ്ണന്‍ ഓര്‍ക്കുന്നു - ആ കലാകാരനെയും ഒരുകാലത്തെയും.
സാര്‍വത്രിക മനുഷ്യവികാസത്തിന്റെ നവീകരണ സംസ്‌കാരശക്തിയായി കഥാപ്രസംഗകലയെ മാറ്റിത്തീര്‍ക്കാന്‍ മുന്നില്‍നിന്ന കാഥികനാണ് വി. സാംബശിവന്‍. കഥാപ്രസംഗത്തിന് സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു സാംബശിവന്റെ ജീവിതം. പതിനയ്യായിരത്തിലേറെ വേദികളില്‍ കഥപറഞ്ഞു. ഇത്രയേറെ ജനങ്ങളോട് നേരിട്ടുസംസാരിച്ച ഒരുകലാകാരന്‍ സാംബശിവനു മുമ്പും പിന്‍പും മലയാളത്തിലുണ്ടായിട്ടില്ല. നവോത്ഥാനത്തിന്റെ വാക്കും വെളിച്ചവുമായിരുന്ന പ്രശസ്ത മലയാളകാവ്യങ്ങളും വിശ്വോത്തരങ്ങളായ പാശ്ചാത്യ ക്ലാസിക് കൃതികളും ബംഗാളിനോവലുകളുമെന്നല്ല, ആധുനിക മാനവപുരോഗതിയുടെ ഈടുവെപ്പുകളായ അതിവിപുലമായ സാഹിത്യ-സംസ്‌കാര സഞ്ചയം മുഴുവന്‍ കേരളത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരായ നിരക്ഷരജനതയ്ക്കു പരിചയപ്പെടുത്തിയത് സാംബശിവനാണ്. ആയിരം സര്‍വകലാശാലാ പ്രൊഫസര്‍മാര്‍ക്ക് ചെയ്യാന്‍കഴിയാത്ത ജോലി സാംബശിവന്‍ ഒറ്റയ്ക്കുചെയ്തു. അദ്ഭുതകരമായ ജനകീയതയാണ് കഥാപ്രസംഗകലയിലെ സാംബശിവന്‍യുഗത്തിന്റെ മുഖമുദ്ര. ഷെയ്ക്സ്പിയറും ടോള്‍സ്റ്റോയിയും ദസ്തയേവ്‌സ്‌കിയും ഇബ്‌സനുമെന്നല്ല, ലോകസാഹിത്യത്തിലെ അത്യുന്നത സര്‍ഗഗോപുരങ്ങളെല്ലാം നിത്യസാധാരണക്കാരിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട വിസ്മയമായിരുന്നു ആ ജനകീയതയുടെ കാതല്‍.
ഏഴാംക്ലാസില്‍ പഠിക്കുന്ന കാലത്ത് ഗ്രാമത്തിലെ അമ്പലത്തില്‍വെച്ച് സാംബശിവന്റെ അനീസ്യാ എന്ന കഥകേട്ടത് ഇന്നും എനിക്കോര്‍മ്മയുണ്ട്.
''നിന്നാത്മ നായകന്‍ ഇന്നു രാവില്‍
വന്നീടും, വന്നാല്‍ നീയെന്തുചെയ്യും''
എന്ന ചങ്ങമ്പുഴയുടെ വരികള്‍ ആ കഥയിലെ ഒരു ഗാനമായിരുന്നു. സിനിമാഗാനത്തെക്കാള്‍ ജനപ്രിയമായിരുന്നു അക്കാലത്ത് ആ കഥാപ്രസംഗഗാനം. അന്ന് അനീസ്യാ പകുതിയായപ്പോഴേക്കും പെരുമഴ പെയ്തു. ആയിരക്കണക്കിനു ശ്രോതാക്കളിലൊരാളും പിരിഞ്ഞുപോയില്ല. സാംബശിവന്‍ കഥ നിര്‍ത്തിയതുമില്ല.
അത്രമാത്രം ജനപ്രിയമായിരുന്നു അക്കാലത്ത് സാംബശിവന്റെ കഥ. ഞാന്‍ സാംബശിവനെ നേരിട്ടുപരിചയപ്പെടുന്നത് എന്റെ കഥാപ്രസംഗജീവിതകാലത്താണ്. പതിനഞ്ചുവയസ്സുതൊട്ട് മുപ്പതുവയസ്സുവരെയുള്ള പതിനഞ്ചുവര്‍ഷമാണ് എന്റെ കാഥികജീവിതകാലം. ആയിരത്തോളം വേദികളില്‍ അക്കാലത്തു കഥപറഞ്ഞു.
1984-ല്‍ കാഥികന്‍ കൂര്‍ക്കഞ്ചേരി ചന്ദ്രഹാസന്റെ ഉത്സാഹത്തില്‍ കൂര്‍ക്കഞ്ചേരിയില്‍നടന്ന കഥാപ്രസംഗകരുടെ മഹാസമ്മേളനത്തില്‍വെച്ചാണ് വി. സാംബശിവനുമായി അടുത്തുപരിചയപ്പെടാന്‍ എനിക്ക് അവസരമുണ്ടായത്. കെടാമംഗലം സദാനന്ദന്‍, പറവൂര്‍ സുകുമാരന്‍, വി. ഹര്‍ഷകുമാര്‍, തേവര്‍തോട്ടം സുകുമാരന്‍, ചേര്‍ത്തല ബാലചന്ദ്രന്‍, തുറവൂര്‍ രാമചന്ദ്രന്‍, വയലാര്‍ ബാബുരാജ്, ഇടക്കൊച്ചി സലിംകുമാര്‍ തുടങ്ങി അക്കാലത്തെ പ്രശസ്തകാഥികര്‍ പലരും സമ്മേളനത്തിലുണ്ടായിരുന്നു. എനിക്കന്ന് ഇരുപത്തിനാലുവയസ്സാണ്. 1924-ല്‍ സത്യദേവന്‍ ചേന്ദമംഗലം, വടക്കുംപുറത്ത് കേളപ്പനാശാന്റെ സ്‌കൂളില്‍ ആദ്യത്തെ കഥാപ്രസംഗം(ചണ്ഡാലഭിക്ഷുകി) അവതരിപ്പിച്ചതുതൊട്ടുള്ള കേരളീയ കഥാപ്രസംഗചരിത്രവും ഭാരതീയമായ കഥപറച്ചില്‍ പാരമ്പര്യവുമൊക്കെ ഞാനന്ന് എന്റെ പ്രസംഗത്തില്‍ വിസ്തരിച്ചു. സാംബശിവന്‍ അന്നെന്നോടുപറഞ്ഞത് ഇപ്പോഴും ഞാനോര്‍ക്കുന്നു: ''നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ കൂടുതലായി ഈ രംഗത്തുവരണം. എങ്കിലേ ഈ കല നിലനില്‍ക്കൂ''.
അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ കേന്ദ്രനിര്‍വാഹകസമിതിയിലേക്ക് അക്കാലത്തുതന്നെ ഞാന്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. കൊടുങ്ങല്ലൂര്‍ കഥാപ്രസംഗസമ്മേളനത്തില്‍ കഥപറയാന്‍ എന്നെ ക്ഷണിച്ചതും അദ്ദേഹമാണ്. കൊടുങ്ങല്ലൂരില്‍ ഞാന്‍ ടാഗോറിന്റെ പോസ്റ്റുമാസ്റ്റര്‍ അവതരിപ്പിച്ചതുകേള്‍ക്കാന്‍ സാംബശിവനുണ്ടായിരുന്നു. സമാപനപൊതുസമ്മേളനത്തില്‍ എന്റെ കഥാവതരണത്തെക്കുറിച്ച് ചെറിയൊരു പരാമര്‍ശവും അദ്ദേഹം നടത്തി.
''ലീലാകൃഷ്ണന്റെ കഥയ്ക്ക് ഒരു ദോഷമേയുള്ളൂ. അതിമധുരം. കഥാപ്രസംഗത്തിന് ഇത്ര മധുരം വേണ്ടാ. വിക്ടര്‍ യൂഗോയുടെ 'നോത്രദാമിലെ കൂനന്‍' കഥാപ്രസംഗരൂപത്തിലാക്കാന്‍ എന്നോടുപറഞ്ഞതും സാംബശിവനാണ്. വടകര വി. അശോകന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വടകരയില്‍നടന്ന കാഥികരുടെ ഉത്തരമേഖലാസമ്മേളനത്തില്‍ ഞാന്‍ 'നോത്രദാമിലെ കൂനന്‍' അവതരിപ്പിച്ചപ്പോള്‍ പക്ഷേ, കേള്‍ക്കാനദ്ദേഹം വന്നില്ല. കെടാമംഗലമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മനസ്സുനിറഞ്ഞപ്രശംസ ലഭിച്ചതും ആ കഥയ്ക്കാണ്.
സാംബശിവന്‍ എപ്പോഴും സമപ്രായക്കാരനായ ഒരു സുഹൃത്തിനോടെന്നവണ്ണമാണ് മകന്റെ പ്രായമുള്ള എന്നോടുപോലും പെരുമാറിയിരുന്നത്. എത്രവലിയ ഇടവേളയ്ക്കുശേഷം കണ്ടുമുട്ടിയാലും ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ, ഉദാരമായ ഒരു ചിരിയോടെയാണദ്ദേഹം സംസാരിച്ചുതുടങ്ങുക. സാംബശിവന്‍ സ്വന്തമായെഴുതി കഥാപ്രസംഗരൂപത്തിലവതരിപ്പിച്ച കഥകളിലൊന്നായ അര്‍ഥത്തില്‍ ഒരു കഥാപാത്രത്തിന്റെ പേര് 'ലീലാകൃഷ്ണന്‍' എന്നാണ്. കഥയില്‍ ലീലാകൃഷ്ണന്‍ ഒരു വില്ലന്‍ കഥാപാത്രമായിരുന്നു. നയവഞ്ചകനും അവസരവാദിയും നിഷ്ഠുരനുമായ ലീലാകൃഷ്ണന്‍.
അര്‍ഥം കേട്ട് അരങ്ങിന്റെ പിന്നില്‍ അഭിനന്ദിക്കാന്‍ചെന്ന എന്നോട് ഒരു നേര്‍ത്തചിരിയോടെ സാംബശിവന്‍ പറഞ്ഞു:
''ലീലാകൃഷ്ണന്റെ പേര് ഞാനുപയോഗിച്ചുവെന്നേയുള്ളൂ. സ്വഭാവം ലീലാകൃഷ്ണന്റേതല്ല കേട്ടോ''.
സാഹിത്യരംഗത്ത് കൂടുതല്‍ ശ്രദ്ധിക്കാന്‍വേണ്ടി കഥാപ്രസംഗരംഗത്തുനിന്നു പിന്മാറുകയാണെന്നുകാണിച്ച് പില്‍ക്കാലത്ത് ഞാന്‍ സാംബശിവനൊരു കത്തയച്ചപ്പോള്‍ ഉടന്‍ അദ്ദേഹത്തിന്റെ മറുപടിവന്നു.
''കഥാപ്രസംഗം നിര്‍ത്തരുത്. കഥാപ്രസംഗകല സാഹിത്യത്തിനും സാഹിത്യം കഥാപ്രസംഗത്തിനും ഗുണംചെയ്യുന്നവിധത്തില്‍ മുന്നോട്ടുകൊണ്ടുപോവണം. സ്‌നേഹപൂര്‍ണമായ ആ ഉപദേശം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അവസാനകാലത്ത് എടപ്പാളില്‍ ഇസെഡ് എന്ന കഥപറയാന്‍വന്നപ്പോള്‍ സംഘാടകരോട് എന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു. സൗകര്യപ്പെടുമെങ്കില്‍ ഒന്നുകാണണമെന്നും പറഞ്ഞിരുന്നു. അന്നുചെന്നു കാണാനും കഴിഞ്ഞില്ല.
പിന്നീട് വളരെ വൈകാതെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ് കേട്ടത്. അവസാനമായി ഒരുനോക്കുകാണാനുള്ള ഗുരുത്വവുമുണ്ടായില്ല. മണമ്പൂര്‍ രാജന്‍ബാബുവിന്റെ ഉത്സാഹത്തില്‍ മണമ്പൂരില്‍ നടന്ന സാംബശിവന്‍ അനുസ്മരണസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ വസന്തകുമാര്‍ സാംബശിവനെ കണ്ടു. ഇത്തരം പഴയകാര്യങ്ങളോര്‍ത്തപ്പോള്‍ വസന്തകുമാര്‍ പറഞ്ഞു.
''താങ്കള്‍ കഥാപ്രസംഗം നിര്‍ത്തിയ ഘട്ടത്തിലാണ് എന്നോടു കഥപറഞ്ഞുതുടങ്ങാന്‍ അച്ഛന്‍ പറഞ്ഞത്. ''ഈ കല നിലനിര്‍ത്തണം, അതിനു നീ ആത്മാര്‍ഥമായി പരിശ്രമിക്കണം'' എന്ന് അച്ഛന്‍ അനുഗ്രഹംപോലെ പറഞ്ഞു. ആ ഒരു ശക്തിയിലാണ് ഞാനിപ്പോള്‍ ഈ കല കൊണ്ടുനടക്കുന്നത്.
അറിയാതെ എന്റെ കണ്ണുനിറഞ്ഞു. ആ വലിയ മനുഷ്യന്‍ എന്നോടുകാണിച്ച വാത്സല്യവും കരുതലും വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞില്ലല്ലോ എന്ന ഖേദം ഈ വരികള്‍ കുറിക്കുമ്പോഴും മനസ്സില്‍ബാക്കിയാണ്. എല്ലാ അര്‍ഥത്തിലും നമ്മുടെ സമൂഹവും വേണ്ടവിധത്തില്‍ തിരിച്ചറിയാതെപോയ സമാനതകളില്ലാത്ത പ്രതിഭയാണ് സാംബശിവന്‍ എന്നും തോന്നിപ്പോവുന്നു. ഒരുകാലത്ത് നമ്മുടെ പുരോഗമന കലാസാഹിത്യചലനങ്ങളുടെ മുഴുവന്‍ ജനകീയധമനിയായിരുന്നു സാംബശിവന്‍. അദ്ദേഹം എവിടെയെങ്കിലും വരുന്നുവെന്നറിഞ്ഞാല്‍ അമ്പതുകിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ കഥാപ്രസംഗാസ്വാദകര്‍ മുഴുവന്‍ കിട്ടിയ വാഹനം പിടിച്ചും നടന്നും അവിടെയെത്തുമായിരുന്നു. പതിനായിരങ്ങളാണ് ഓരോ കഥാപ്രസംഗപരിപാടിക്കും തടിച്ചുകൂടിയിരുന്നത്. രാഷ്ട്രീയമായ എതിരഭിപ്രായമുള്ളവര്‍പോലും സാംബശിവന്‍ എന്തുപറയും എന്നറിയാനായി എത്തും.
സാംബശിവന്‍ തങ്ങള്‍ക്കെതിരായി എന്തെങ്കിലും പറഞ്ഞാല്‍ കൂവാന്‍വേണ്ടി സന്നാഹംകൂട്ടി വന്നവര്‍പോലും അദ്ദേഹത്തിന്റെ വിമര്‍ശനംകേട്ട് അറിയാതെ ചിരിച്ചു കൈയടിച്ചുപോവും. അത്രമാത്രം തന്മയത്വത്തോടെയാണ് അദ്ദേഹം കഥയെയും സാമൂഹികവിമര്‍ശനത്തെയും സമന്വയിപ്പിച്ച് അവതരിപ്പിച്ചിരുന്നത്. അടിയന്തരാവസ്ഥയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെപേരില്‍ വി. സാംബശിവന്‍ ജയിലിലടയ്ക്കപ്പെട്ടു. സാംബശിവന്റെ വിമര്‍ശനം ഇത്രയേ ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥയെ വാഴ്ത്തിക്കൊണ്ട് ധാരാളം മുദ്രാവാക്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. അതിലൊന്ന് ഇങ്ങനെയായിരുന്നു. 'അടിയന്തരാവസ്ഥ നാടിന്റെ നന്മയ്ക്ക് നുണപ്രചാരണം നാടിനാപത്ത്''
സാംബശിവന്‍ കഥാപ്രസംഗത്തിനിടയില്‍ അത് ഇങ്ങനെയൊന്നു തിരുത്തിപ്പറഞ്ഞു. 'അടിയന്തരാവസ്ഥ നാടിന്റെ നന്മയ്ക്ക് എന്ന നുണപ്രചാരണം നാടിനാപത്ത്'
അതിന്റെപേരിലാണ് സാംബശിവന്‍ അറസ്റ്റിലായത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കാലത്ത് തയ്യാറാക്കിയ കഥയാണ് റെയിന്‍ബോ.
സാംബശിവന്‍ ജയില്‍വിട്ടിറങ്ങിയപ്പോള്‍ ആ കഥ കേരളം മുഴുവന്‍ ദിഗ്വിജയം നടത്തി. പത്തുനാഴിക നടന്നുപോയാണ് ഞാന്‍ റെയിന്‍ബോ കേട്ടത്. പതിനഞ്ചുനാഴിക സൈക്കിള്‍ ചവിട്ടിപ്പോയി സൈക്കിള്‍ തോണിയില്‍ കയറ്റി സ്രായിക്കടവ് കടത്തും കടന്നാണ് സാംബശിവന്‍ കഥാപ്രസംഗരൂപത്തിലാക്കിയ എ.പി. കളയ്ക്കാടിന്റെ സംക്രാന്തി കേട്ടത്.
അന്നാകരിനീന, ഒഥല്ലോ, അനീസ്യ, വിലയ്ക്കുവാങ്ങാം, റെയിന്‍ബോ, ഗോസ്റ്റ്, കുമാരനാശാന്‍, സംക്രാന്തി, ഇരുപതാം നൂറ്റാണ്ട്, ക്ലിയോപാട്രാ, ദേവലോകം, കാരമസോവ് സഹോദരന്മാര്‍, വ്യാസനും മാര്‍ക്‌സും, ദിവ്യതീര്‍ഥം, അര്‍ഥം, ആയിഷ, റാണി, നെല്ലിന്റെ ഗീതം തുടങ്ങിയ സാംബശിവന്റെ ഒട്ടുമിക്ക കഥകളും ഞാന്‍ കേട്ടിട്ടുണ്ട്.
ഒഥല്ലോ കേട്ട് ഗ്രാമത്തിലെ നിരക്ഷരരായ സാധാരണക്കാര്‍ പിറ്റേന്ന് ചായക്കടയിലിരുന്ന് റൊട്രീഗോയുടെയും ഡെസ്റ്റിമോണയുടെയും ഈയാഗോയുടെയും കഥകള്‍ വിസ്തരിക്കുന്നതുകേട്ട് അദ്ഭുതപ്പെട്ടുപോയിട്ടുണ്ട്. ഒരു സരസന്‍ ഇത്രകൂടി പറഞ്ഞു:
''സാംബന് ഈ കഥയൊക്കെ എഴുതിക്കൊടുക്കുന്നത് 'ഷേപ്പിയര്‍' എന്നൊരാളാണ്''.
ഇബ്‌സന്റെ ഗോസ്റ്റ് എന്ന നാടകത്തിന്റെ കഥാപ്രസംഗ രൂപാന്തരം നമ്മുടെ സാഹിത്യഗവേഷകര്‍ പഠിച്ചറിയേണ്ടതാണ്. ഒരുകാലത്ത് യൂറോപ്പിനെയൊന്നാകെ ഇളക്കിമറിച്ച ഇബ്‌സന്‍ നാടകത്തിന്റെ സര്‍ഗവിക്ഷോഭങ്ങള്‍ മുഴുവന്‍, ഒരു ചെറുകണികപോലും ചോര്‍ന്നുപോവാതെയാണ് ഇബ്‌സനു സങ്കല്പിക്കാനാവാത്ത മറ്റൊരു മാധ്യമത്തില്‍, മറ്റൊരു ഭൂഖണ്ഡത്തില്‍ സാംബശിവന്‍ ആവിഷ്‌കരിച്ചത്. പില്‍ക്കാലത്ത് ഇബ്‌സന്‍ ഫൗണ്ടേഷന്‍ നടത്തിയ ഒരു രാഷ്ട്രാന്തരസര്‍വേയില്‍ 'ഗോസ്റ്റ്' ഏറ്റവുംകൂടുതല്‍ വേദിയിലവതരിപ്പിക്കപ്പെട്ട ഒരു സ്ഥലം കേരളമാണെന്നു കണ്ടെത്തി. അത് നാടകമായിട്ടല്ല, വി. സാംബശിവന്റെ കഥാപ്രസംഗമായിട്ടായിരുന്നു എന്നുമാത്രം.
നമ്മുടെ സമ്പന്നമായ നാടോടിപ്പാട്ടുകളും ഫോക്ലോര്‍ നാടകസങ്കേതങ്ങളും ഏകാഭിനയസാധ്യതകളും നാട്ടു പൊറാട്ടു കൂത്തു പഴക്കങ്ങളുമൊക്കെ ഇത്രയേറെ തന്മയത്വത്തോടെ കഥാപ്രസംഗത്തിലുപയോഗപ്പെടുത്തിയ മറ്റൊരു കാഥികന്‍ നമുക്കില്ല. സാംബശിവന്റെ ഏകാഭിനയപദ്ധതികളില്‍നിന്നാണ് നമ്മുടെ മോണോ ആക്ട്, മിമിക്രി കലാരൂപങ്ങള്‍ പലതും പില്‍ക്കാലത്ത് മാതൃകകള്‍ സ്വീകരിച്ചത്. ആദ്യകാല കെ.പി.എ.സി. നാടകങ്ങളില്‍ ഒരു പ്രധാന അഭിനേതാവുകൂടിയായിരുന്നു സാംബശിവന്‍. പല്ലാങ്കുഴി എന്ന സിനിമയില്‍ നായകനായും അദ്ദേഹം അഭിനയിച്ചു. നമ്മുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അത്യാചാരങ്ങളെയും അതിനിശിതവും മനുഷ്യസ്‌നേഹ കേന്ദ്രിതവുമായ നീതിബോധംകൊണ്ട് നിരന്തരം വിമര്‍ശിച്ച കലാകാരനുമാണ് സാംബശിവന്‍.
എല്ലാവര്‍ക്കും നീതിയും സ്വാതന്ത്ര്യവും ലഭിക്കുന്ന ഒരു പുതിയ സാമൂഹികവ്യവസ്ഥ സാംബശിവന്‍ സ്വപ്നംകണ്ടു. ആ ലോകത്തിലേക്കുള്ള വാഹനമായിരുന്നു സാംബശിവന് കഥാപ്രസംഗകല. ജീവിതത്തെക്കാള്‍ വലിയൊരു വാസ്തവവും ശക്തിയുമായിത്തീര്‍ന്നു സാംബശിവന്‍ സൃഷ്ടിച്ച അരങ്ങുകള്‍. അത് ഒരു കാലഘട്ടത്തെ മാറ്റിപ്പണിതു. അത്രത്തോളം ജനങ്ങളോടടുത്തുനിന്ന കലാരൂപമായിരുന്നു സാംബശിവന്റെ കഥാപ്രസംഗം.
ആരൊക്കെ മറന്നാലും നമ്മുടെ പുരോഗമന കലാപ്രസ്ഥാനങ്ങളെങ്കിലും ആ സമരതീക്ഷ്ണമായ ജീവിതചരിത്രം മറന്നുകൂടാ. ചെഗുവേരയെ വരച്ചുവെച്ച പോസ്റ്ററുകളുടെ അടിയിലെവിടെയെങ്കിലും സാംബശിവനും കെടാമംഗലത്തിനും ചെറിയൊരിടമെങ്കിലും നല്‍കാതിരിക്കുന്നത്, മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നന്ദികേടാണ്.
Content Highlights: Alankode Leelakrishnan writes about V. Sambasivan