വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിത 'കൂരച്ചാല്‍'; സാമൂഹികതയും ആത്മീയതയും

#ആത്മാരാമന്‍
വിഷ്ണുനാരായണന്‍ നമ്പൂതിരി | ഫോട്ടോ: മാതൃഭൂമി
വിഷ്ണുനാരായണന്‍ നമ്പൂതിരി | ഫോട്ടോ: മാതൃഭൂമി

1983-ലാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി 'കൂരച്ചാല്‍' എന്ന വഞ്ചിപ്പാട്ട് എഴുതിയത്. അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതകളായി പറയപ്പെടാറുള്ള സംസ്‌കൃതപദബാഹുല്യമോ ഗ്രന്ഥപ്രമാണമോ ബാധിക്കാത്ത രചന. കഴിഞ്ഞ നാല് പതിറ്റാണ്ടത്തെ മലയാളകവിതാചര്‍ച്ചകളിലൊന്നും 'കൂരച്ചാല്‍' പ്രാധാന്യേന പരാമര്‍ശിക്കപ്പെട്ടതായി ഓര്‍ക്കുന്നില്ല. ഇതിന്നൊരു അപവാദം - പതിവുപോലെ - ഡോ. എം. ലീലാവതിയാണ്- 'അത്യന്തസുന്ദരമായ രചന. 'വൈഷ്ണവ'ത്തില്‍നിന്ന് മികച്ച ഒരിരുപതെണ്ണം തിരഞ്ഞെടുത്ത് ഒരു വൈഷ്ണപ്പതിപ്പിറക്കുകയാണെങ്കില്‍ 'കൂരച്ചാല്‍' അതില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ആര്‍ക്കും കഴിയില്ല. ടീച്ചര്‍ക്ക് ഒരു പരാതിയേ ഉള്ളൂ; ചാരുതയൊഴുകുന്ന ചാലായ കവിതയ്ക്ക് ആ പേര് ചേരുന്നില്ല! 

പേരിടലിലും വ്യാവര്‍ത്തകമായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ രീതി. ആദ്യകവിതാസമാഹാരത്തില്‍ 'ദിലീപന്‍', 'സുഭദ്രാര്‍ജുനം', 'ബോധോദയം', 'ലക്ഷ്മണന്‍', 'റിപ്പബ്ലിക്' ഇത്യാദി പല പ്രകൃഷ്ടരചനകളുണ്ടായിട്ടും അതിലെ ഗീതകപഞ്ചകത്തിന്റെ ശീര്‍ഷകമായ 'സ്വാതന്ത്ര്യത്തെക്കുറിച്ചൊരു ഗീതം'ഗ്രന്ഥനാമമായി തിരഞ്ഞെടുത്തതിന്റെ കാരണമായിപ്പറഞ്ഞത് ആ പേരിന്റെ വ്യതിരിക്തതയാണ്. 'മുഖമെവിടെ?' എന്ന സമാഹാരമൊരുക്കിയപ്പോള്‍ രണ്ടാം ഖണ്ഡത്തിന്റെ പേരുതന്നെ 'പേരുകള്‍' എന്നായിരുന്നു. ഒന്നാം ഖണ്ഡത്തിന്റെ പേരോ? 'ഊരുകള്‍.' ഊരുകളുടെ പേരുകളായിരുന്നു കവിതകളുടെ പേരുകള്‍- എറണാകുളം, തൃപ്പൂണിത്തുറ, മങ്കൊമ്പ്, ദേവഗിരി, വയനാട് എന്നിങ്ങനെ.

അക്കൂട്ടത്തിലൊരു കവിതയുടെ പേര് 'കാരയ്ക്കല്‍, തിരുവല്ല.' മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍ കുത്തിയതിന്റെ ആഘോഷം നടന്നിരുന്ന കാലം. പെരുമഴ, മലവെള്ളം. കാലത്ത് കണി കണ്ടത് അയലത്തെ പുലയന്‍ ചോതിയെ. കൂടെ പെണ്ണാളും കുട്ടികളും.

ഉണ്ടൊരു ഭാണ്ഡം തോള-
ത്തെന്റെ കണ്‍ താനേ തേടി-
ച്ചെന്നിതെന്നയല്‍പക്ക,-
ത്താ പുലത്തറ ശൂന്യം.
ഒരു മിന്നലില്‍ക്കണ്ടേന്‍
കൂലം കുത്തിയ മല-
പ്പെരുവെള്ളത്തില്‍ത്തകര്‍-
ന്നൊലിച്ചോരാ മണ്‍കുടില്‍;
മിഴിനീര്‍പ്പശമണ്ണാല്‍
തീര്‍ത്ത ജീവിതമോഹ-
മൊലിയ്‌ക്കേ മന്നില്‍ കുത്താ-
നിടം തേടുമാ കാല്‍കള്‍.

കുട്ടനാടിന്റെ കിഴക്കന്‍ തീരത്തെ ഈ കാരയ്ക്കല്‍ ഗ്രാമത്തിലാണ് കവി ജനിച്ചത്. കാരയ്ക്കല്‍ത്തോട് പമ്പയിലേയ്ക്ക് ഒഴുകിച്ചേരുന്ന തോട്ടുവായുടെ പേരാണ് കൂരച്ചാല്‍.

''ഈ കൃതിയിലെ സ്ഥലപ്പേരുകളും പ്രകൃതിയും ഭാഷയും ഒന്നും സാങ്കല്പികമല്ല'' എന്ന് കവി. കവി/ആഖ്യാതാവ് കുട്ടിക്കാലത്ത് - എത്ര വയസ്സെന്ന് കവിതയില്‍ സൂചനയില്ല - കാരയ്ക്കല്‍ത്തോട്ടില്‍ തനിയേ ചെറിയൊരു കൊതുമ്പുതോണി പനന്തുഴയാല്‍ തുഴഞ്ഞു പുറപ്പെട്ടു പോയതിന്റെ സാഹസികകഥയാണ് കവിതയിലെ സംഭവം. നായകന് ഈ യാത്രയ്ക്കിടയില്‍ വന്നുപെടുന്ന ഭീതിശങ്കകളാണ് കവിതയുടെ നടുത്തുണ്ടത്തില്‍. നായകന്‍ നിരപായനായി മടങ്ങിയെത്തുന്നതോടെ കവിത അവസാനിയ്ക്കുന്നു. 

സമാനമല്ലെങ്കിലും ഇതിനോട് സദൃശമാണ് അക്കിത്തത്തിന്റെ 'ഡ്രൈവര്‍ക്കുളന്തൈ.' ഷൊര്‍ണൂര്‍ ജംഗ്ഷനില്‍ തീവണ്ടി കാണുവാന്‍ ചെന്ന കുട്ടി ഡ്രൈവര്‍മാരുടെ കണ്ണുവെട്ടിച്ച് എന്‍ജിന്‍മുറിയില്‍ കയറി. എന്തോ പിടിച്ച് വലിച്ചതിനാലാകാം തീവണ്ടി കുതിച്ചുപാഞ്ഞു. കുട്ടി പേടിച്ച് കരഞ്ഞുറങ്ങിപ്പോയി. കണ്ണ് തുറക്കുമ്പോള്‍ വണ്ടി കഞ്ചിക്കോട്ടെത്തിയിരിക്കുന്നു. കല്‍ക്കരി തീര്‍ന്നതുകൊണ്ടാകാം, വണ്ടി ഓടാതെ നില്‍പായി. കാണികള്‍ കുട്ടിയുടെ ബുദ്ധിശക്തിയെ അഭിനന്ദിച്ചു.

ഡോ. എം. ലീലാവതി | ഫോട്ടോ: മാതൃഭൂമി

'ഡ്രൈവര്‍ക്കുളന്തൈ' കുട്ടിക്കവിതയായി സംഭാവനം ചെയ്യപ്പെട്ടതാണ്. 'കൂരച്ചാല്‍' അങ്ങനെയല്ല. എങ്കിലും ഇരുകവിതകളിലും തെളിയുന്ന അമ്മമാര്‍ക്കൊരേ മുഖം-

കത്തിപ്പടര്‍ന്ന
പൈദാഹത്തളര്‍ച്ചയില്‍
തത്തുന്നതമ്മതന്‍ മൗനമല്ലോ.
ചിമ്മിനി കത്തുന്ന
വീട്ടിന്റെ വാതില്‍ക്കല്‍
ചിമ്മാതെ നില്‍ക്കുമാ
കണ്‍കള്‍ രണ്ടും
എങ്ങുപോയെന്മക-
നെന്നൊരുത്കണ്ഠയാല്‍
വിങ്ങിത്തുറിച്ചു കുതിര്‍ന്നിരുന്നു.
 - (ഡ്രൈവര്‍ക്കുളന്തൈ)

ഒറ്റമകനെന്നെക്കാണാ-
ഞ്ഞമ്മയിപ്പോ,ളച്ഛനിപ്പോള്‍
എത്രയുരുകുന്നുവെന്നോര്‍-
ത്തധീരനായി...
മുകരുന്നിതമ്മയോ തന്‍
നിറമിഴികളാലെന്നെ...

- (കൂരച്ചാല്‍ )

'കൂരച്ചാല്‍' അസദൃശമാകുന്നതിന്റെ കാരണം മറ്റൊന്നാണ്. നോവല്‍വിമര്‍ശത്തിലെ ഒരു സങ്കല്‍പനം ഉപയോഗിച്ച് പറഞ്ഞാല്‍ ആഖ്യാതാവിന്റെ - അഥവാ, വിഷ്ണുനാരായണന്‍നമ്പൂതിരിയുടെ - Bildungsroman ആണ് ആ കവിത. അയാളുടെ ആത്മീയപരിണാമം അഥവാ പ്രബോധചന്ദ്രോദയമാണ് കവിതയുടെ ഇതിവൃത്തം. അമ്മട്ടിലൊരു തലം 'ഡ്രൈവര്‍ക്കുളന്തൈ'യ്ക്കില്ല. 'കൂരച്ചാ'ലിനെ പരിണാമരമണീയമാക്കുന്നത് ആഖ്യാതാവിന്നുണ്ടാകുന്ന ഒരു ദിവ്യദര്‍ശനമാണ് - നടരാജനൃത്തത്തിന്റെ ദര്‍ശനം. ഇടിമിന്നല്‍ കടുന്തുടിയായ, നീര്‍മുകില്‍ കരിഞ്ചിടയായ നടരാജന്റെ നൃത്തം. 'അവിടുത്തെത്തൃക്കയ്യിലെക്കടുന്തുടിയുടെ ധ്വനി വിവിധഭാഷകളായി വികസിക്കുന്നു' എന്ന് ജി. ശങ്കരക്കുറുപ്പ്. 

നടരാജനൃത്തത്തെപ്പറ്റി പഠിച്ചെഴുതിയ ആനന്ദകുമാരസ്വാമി പറയുന്നുണ്ട്- 'ശിവന്റെ പല നൃത്തങ്ങളില്‍ മൂന്നെണ്ണത്തെപ്പറ്റി ഞാന്‍ എഴുതാം.' ഒന്ന് മൂവന്തിയ്ക്ക് - പ്രദോഷസമയത്ത് - നടത്തുന്ന നൃത്തം. രണ്ട് ശിവതാണ്ഡവം. മൂന്ന് ചിദംബരസഭാതലത്തിലെ നൃത്തം. കുമാരസ്വാമിയെ അനുവര്‍ത്തിച്ചതുകൊണ്ടോ എന്നുറപ്പില്ല, ജി.യുടെ 'ശിവതാണ്ഡവ'ത്തിലും മൂന്ന് ഖണ്ഡങ്ങള്‍ - മഹാനടനടനലീല, രൗദ്രവിശ്വരൂപനര്‍ത്തനം, നീലലോഹിതനൃത്തം. 'കൂരച്ചാ'ലില്‍ തുഴഞ്ഞ് കൈകുഴഞ്ഞ ആഖ്യാതാവ് കരയാനുമായിടാതെ തളര്‍ന്ന് വീഴ്‌കേ കണ്ട തിരുനടനം ഏതാകാം? അത് താണ്ഡവമാകാനിടയില്ല. കാരണം ഭീകരമെങ്കിലും ഭയഹരവുമാണ് ആ തിരുനടനം. 

ഏതൊഴുക്കില്‍ ഒഴുകിപ്പോ-
യാലുമെന്ത്, വഞ്ചി മുങ്ങി-
യാലുമെന്ത്? പിടിവള്ളി-
യിതെന്നുറച്ചും
ഞാനിരിപ്പൂ - നെഞ്ചിലിപ്പോള്‍
പടപടപ്പല്ല കേള്‍പ്പൂ,
കാലകാലനുടെ ചോടിന്‍
ചടുലതാളം.

പ്രദോഷനൃത്തമാടുന്ന ശിവന്‍ ചതുര്‍ബാഹുവല്ല. ചതുര്‍ബാഹുവായ ശിവനാണ് കീഴ്വലത്തുകൈയാല്‍ അഭയമുദ്ര കാട്ടുന്നത്. അതിനാല്‍ കുമാരസ്വാമി സൂചിപ്പിക്കുന്ന ചിദംബരസഭാതലനൃത്തമാണോ? ചിദംബരത്തെ നടരാജനെ വിഷ്ണുനാരായണന്‍ നമ്പൂതിരി അന്യത്ര വാഴ്ത്തിയതിങ്ങനെ-

തുടിയാം തുലാമിന്ന-
ലിടികളൊത്തിടറിവീ-
ണിടയിടെപ്പെയ്തു തോര്‍-
ന്നെട്ടു ദിക്കില്‍ കൈകള്‍
ഇളകിയാടുന്നൂ പുരാന്‍!
കാല്‍ക്കല്‍ മൂര്‍ച്ഛ പൂ-
ണ്ടിള വിയര്‍ക്കുന്നു -
ശിവോഹം, ശിവോഹം:

'ഗോപാലസ്മരണ'യെന്ന കവിതയിലും ശിവസാന്നിധ്യം പുനരവതരിയ്ക്കുന്നുവെന്ന് ലീലാവതി ടീച്ചര്‍. പാപഭീതിയാല്‍ നൂറുരു പഞ്ചാക്ഷരം - നമഃശിവായ - ചൊല്ലി ഉറങ്ങാന്‍ കിടന്ന ഉണ്ണിയുടെ മുന്നില്‍ നടുമുറ്റത്ത് നിലാവോളം ഇളകുന്നു.
   
അഴിയുന്നൂ പാറിടുന്നൂ
വെള്ളമുകിലിന്‍ ജടാഭാരം,
അതില്‍ കോര്‍ത്തു കിടക്കന്നൂ
തിങ്കളിന്‍ മുടിയലങ്കാരം!

ആശ്ചര്യംതന്നെ, സുദര്‍ശനമൂര്‍ത്തിയായ ശ്രീവല്ലഭന്റെ മേല്‍ശാന്തിയാകാന്‍ ഊഴം കാത്തുനിന്നയാള്‍ക്ക് ദര്‍ശനം നല്‍കുന്നത് വിഷ്ണുവല്ല, ശിവനാണ്!   

എന്നാല്‍ പ്രധാനതരമായത് വേറെയൊന്നാണ്. ആത്മീയപരിണാമത്തിന്റെ കഥയാണ് 'കൂരച്ചാല്‍'എന്നാണല്ലോ വാദിച്ച് വന്നത്. നൂറ്റില്‍ച്ചില്വാനം വരികള്‍ മാത്രമുള്ള ഈ കൊച്ചുകവിതയിലെ ഊര്‍ധ്വഗതിയായ അന്തഃസഞ്ചാരത്തിന്റെ കഥയാണത്. ചെറുതോണി തുഴഞ്ഞുപോകേ, പ്രകൃതിഭംഗി കണ്ട് വിസ്മയിച്ച് അലസനായിരിയ്‌ക്കേ, ഇതഃപര്യന്തമായ ജീവിതം ഒരു സ്വപ്നംപോലെ തോന്നി. നീലഞെറിപ്പരവതാനിപോലെ വെള്ളം. ആയിരം ഇതള്‍ ചൊരിഞ്ഞ ചേലില്‍ ഓളങ്ങള്‍. നീലവാനിലയില്‍ പാലട പോലെ ഇളവെയില്‍. കൈതയുടെ വെണ്ണിലാപ്പോളകള്‍. ഈ പുഴയാണ് എന്റെ ലോകം. ഈ ചെറുതോണിയില്‍ ഒതുങ്ങുന്നതാണ് എന്റെ ജീവിതം. ഇവിടെ കാലം നിശ്ചലം. ആധുനികലോകത്തിന്റെ സമ്മര്‍ദങ്ങളില്ലാത്ത, പ്രകാശതമിസ്രങ്ങളില്ലാത്ത, ദ്വന്ദ്വാതീതമായ ഗ്രാമീണശാന്തി.

പിറവിതൊട്ടൊരു നീണ്ട
കിനാവു കണ്ടതാണിന്നേ-
വരെയുള്ള വാഴ്വിതെന്നു
തെളിഞ്ഞപോലെ
ഒരു ചെറുതോണിയില്‍ ഞാന്‍
ഒതുങ്ങുന്നിതെന്റെ ലോകം
ഒരു പുഴയെന്നും വെളി-
പ്പെട്ടതുപോലെ
സമയമിതനങ്ങാത്ത
തുഴപോലെന്‍ പിടിയ്ക്കുള്ളില്‍
സദയമമര്‍ന്നു തണു-
ത്തുറഞ്ഞപോലെ
ഒളിയിരുള്‍ച്ചിറകടി
നിലച്ചതുപോലെ, ഓര്‍മ
ഒരു നീണ്ട മയക്കത്തി-
ലലിഞ്ഞപോലെ.

ഫോട്ടോ: മാതൃഭൂമി

ചരിത്രത്തിന്റെ അലോസരമില്ലാത്ത ഈ സുഖസുഷുപ്തിയില്‍നിന്ന് ഉണരാന്‍ ഏവനും മടിക്കും.

തന്നാല്‍ കരേറേണ്ട-
വരെത്രപേരോ
താഴത്തു പാഴ്‌ച്ചേറില്‍
അമര്‍ന്നിരിയ്‌ക്കേ
താനൊറ്റയില്‍
ബ്രഹ്‌മപദം കൊതിയ്ക്കും
തപോനിധിയ്ക്കെന്തൊരു
ചാരിതാര്‍ത്ഥ്യം!

എന്ന പ്രത്യഭിജ്ഞാനം സുഗമമോ സുലഭമോ അല്ല. മുമ്പ് നാം പരിചയിച്ച ചോതി ഈ പാഴ്‌ച്ചേറില്‍ അമര്‍ന്നുകിടപ്പാണ്. സ്വപ്നഭൂമി വിട്ട്, ജീവിതത്തിന്റെ കടുകഠിനങ്ങളായ അനുഭവസ്ഥലികളില്‍ ചവിട്ടി നടന്ന് നൊന്താലേ അത് സിദ്ധിക്കൂ. മുമ്പ് കണ്ട് കണ്‍കുളിര്‍ത്ത ചാരുതകള്‍ ഭീകരതകളായി മാറുന്നു. അപ്പോഴാണ് ശിവന്‍ / ശിവം പ്രത്യക്ഷമാകുന്നത്. അതാണ് ദിവ്യദര്‍ശനം. അപ്പോഴാണ് ഏത് തോണികളും തന്റേതാണെന്നും ഏത് പുഴകളും തന്റേതാണെന്നുമെന്ന തിരിച്ചറിവുണ്ടാകുന്നത്. തന്റെ സാമൂഹികമായ അസ്തിത്വം അര്‍ത്ഥപൂര്‍ണമായാലേ മോക്ഷപ്രാപ്തിയുണ്ടാകൂ എന്ന തിരിച്ചറിവുണ്ടാകുന്നത്. ഇത് 'അതിവേഗം പായുന്ന ചിറകിന്‍ നിശ്ചലത'പോലെ, ദ്വന്ദ്വങ്ങളെ നേരിട്ട് അവയെ സമന്വയിക്കുന്ന ശാന്തിയാണ്. നാദാന്തമായ ശാന്തി. ഇവിടെ ഓര്‍മ മയക്കത്തിലേക്കാഴുകയല്ല, നിര്‍വൃതിയില്‍ അലിയുകയാണ്.

പിറവിയാര്‍ന്നതുതൊട്ടു
പരിചയിച്ചുപോന്നതാ-
മൊരു കിനാവില്‍നിന്നു ഞാന്‍
ഉണര്‍ന്നപോലെ,
ഏതു തോണികളുമെന്റേ, -
തേതു പുഴകളുമെന്റെ
ലോകമെന്നുമനുഭവ -
പ്പെട്ടതുപോലെ
ഇരുകയ്യാല്‍ തുഴഞ്ഞാലും
ഉണ്മയുടെ നിറവല്ലോ
വഴി കടത്തീടുവതെ-
ന്നുറച്ചപോലെ
ഒലിമൗനച്ചിറകുകള്‍ 
അടങ്ങിയപോലെ, ഓര്‍മ
നെടിയ നിര്‍വൃതിയൊന്നി-
ലലിഞ്ഞപോലെ.

സങ്കുചിതവും ആത്മനിഷ്ഠവുമായ പരിമിതികള്‍ വിട്ട് സാര്‍വജനീനവും സാര്‍വലൗകികവുമായ അനുഭവസീമകളിലേക്ക് ഒരു മനുഷ്യാത്മാവ് വളരുന്നതിന്റെ വര്‍ണനമാണിത്. ആത്മീയമായ പരിണാമത്തിന്റെ വര്‍ണനം. ആത്മീയതയ്ക്ക് കാലം വൈദികമാകണമെന്നില്ല, രംഗം ഹിമാലയമാകണമെന്നില്ല. അതിന് വേളൂര്‍ക്കടവും കൂട്ടുമേല്‍ക്ഷേത്രനടയും കോഴിമണ്ണില്‍പ്പടിയും വായനശാലയുടെ മുറ്റവും താമരായില്‍ പള്ളിയും അയ്യനാട്ടെപ്പടിയുമെല്ലാം മതി. സത്യത്തില്‍ 'കൂരച്ചാല്‍' 'ബ്രഹ്‌മദത്ത - ശോണമിത്ര - ഗംഗാനാരായ'ണാദി കവിതകളേക്കാള്‍ ആധികാരികമാകുന്നത് ഈ പ്രാദേശികത്വത്താലാണ്; അതിന്റെ അനുഭവോഷ്മളതയാലാണ്, സമൂഹോന്മുഖതയാലാണ്. ബന്ധനങ്ങള്‍ക്കിടയില്‍ത്തന്നെ മുക്തി, ഗാര്‍ഹസ്ഥ്യാദി സാംസാരികജീവിതത്തില്‍ സാക്ഷാത്കരിക്കാവുന്ന ആത്മീയത - ഇവയായിരുന്നു വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദര്‍ശങ്ങള്‍. ദൈവങ്ങള്‍ അമ്പലങ്ങളില്‍ മാത്രമല്ല, താന്‍ ഇരിക്കുന്നേടത്തുമുണ്ടെന്ന് ഹെരാക്ലിറ്റസ് പറഞ്ഞത് തന്റെ ആദര്‍ശവാക്യമായി അദ്ദേഹം കരുതിയിരുന്നു-

ഹേരക്ലിഷ്ടമഹാമുനി
കാതില്‍ച്ചൊല്ലുന്നു, നാടു ചുറ്റീട്ടും
കാര്യം നാസ്തി, അടുക്കള -
വാതില്‍പ്പടിമേലിരിപ്പു ദൈവങ്ങള്‍

Content Highlights: Aathmaraman writes about 'Koorachaal' poem written by Vishnunarayanan Namboothiri