‘ഞാൻ MA പാസായി 5 കൊല്ലം കഴിഞ്ഞാണ് നാട്ടിൽ കരണ്ടുവന്നത്, പിന്നെയും 5 കൊല്ലം കഴിഞ്ഞാണ് ബസ്സ് വന്നത്’

വെയിലാറുമ്പോള്‍
#എം.എന്‍. കാരശ്ശേരി
എം.എൻ. കാരശ്ശേരി | ഫോട്ടോ: മധുരാജ്,  ചിത്രീകരണം | ലിജീഷ് കാക്കൂര്‍
എം.എൻ. കാരശ്ശേരി | ഫോട്ടോ: മധുരാജ്, ചിത്രീകരണം | ലിജീഷ് കാക്കൂര്‍

ഓർമകളിൽ സുന്ദര ശാന്തമായ ഒരു ഗ്രാമം ഇതൾവിരിയുകയാണ്. ഇന്നത്തെക്കാലത്തിന് സങ്കല്പിക്കാൻപോലും സാധിക്കാത്തതാണ് ആ കാലവും ജീവിതവും. ഇരുട്ടും മണ്ണെണ്ണവിളക്കും മഴയും കവിഞ്ഞൊഴുകുന്ന പുഴകളും അതിലൂടെ വരുന്ന തോണികളും അതിലെ മനുഷ്യരുംചേർന്ന ഒരു ലോകം... ഓർമകളിൽ കാലം ഇവിടെ തിരിച്ചൊഴുകുകയാണ്...

കേരളം മുഴുവൻ ഒരു വൻനഗരമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഉപയോഗം കുറഞ്ഞുകൊണ്ടിരിക്കുന്ന പദമാണ് 'കുഗ്രാമം'. ഞാൻ ജനിക്കുന്ന കാലത്ത് (1951) എന്നപോലെ പിന്നെ വളരെക്കാലത്തേക്കും കോഴിക്കോട് ജില്ലയുടെ കിഴക്കേ അറ്റത്തു കിടക്കുന്ന കാരശ്ശേരി കുഗ്രാമമായിരുന്നു. അതിന്റെ കടുപ്പം തിരയാൻ ഉദാഹരണം പറയാം:
ഞാൻ എം.എ. പാസായി (1974) അഞ്ചുകൊല്ലം കഴിഞ്ഞാണ് നാട്ടിൽ കരണ്ടുവന്നത് (1979). പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞാണ് ബസ്സുവന്നത് (1984).

അക്കാലത്ത് 'മുക്ക്' എന്നറിയപ്പെടുന്ന ഞങ്ങളുടെ കേന്ദ്രം രണ്ടുമൂന്ന് ചായപ്പീടികകളും ഒന്നുരണ്ടു മസാലപ്പീടികകളും ചെറിയ ചില സ്റ്റേഷനറിപ്പീടികകളും മാത്രമായി ഒരു ഉണങ്ങിയ അങ്ങാടിയായിരുന്നു. ആളനക്കവും ഒച്ചയും ബഹളവും കമ്മി. ഇതിനിടയിൽ പഴയൊരു സ്‌കൂളും മദ്രസയും മസ്ലിം പള്ളിയും 'മുക്കിലെ പീടിക'യിൽ ഒരു പോസ്റ്റാപ്പീസുണ്ട്? 'മേലേ പീടിക'യിൽ ഒരു റേഷൻ വ്യാപാരവും.

ആ വിദ്യാലയത്തിന് അക്കാലത്ത് പേര് ഇസ്സത്തുൽ ഇസ്ലാം യു.പി. സ്‌കൂൾ എന്നാണ്. 1928-ൽ എന്റെ മൂത്താപ്പ സമ്പന്നനായ എൻ.സി. കോയക്കുട്ടിയാണ് അത് സ്ഥാപിച്ചത്. പിന്നെ പത്തിരുപത്തഞ്ചുകൊല്ലം കഴിഞ്ഞാണ് ഹിദായത്തുസ്സിബിയാൻ മദ്രസ്സ വരുന്നത്. അതും കഴിഞ്ഞാണ് കാരശ്ശേരി ജുമാ മസ്ജിദ് ഉയരുന്നത്. അതുവരെ നാട്ടുകാർ വെള്ളിയാഴ്ച ജുമാക്ക് പോയിരുന്നത് തൊട്ടടുത്ത കക്കാടിലെ പള്ളിയിലാണ്. മരിച്ചാൽ അടക്കുന്നതും അവിടത്തെ പള്ളിക്കാട്ടിൽത്തന്നെ. എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ 'മഹല്ല്' കക്കാട് ആയിരുന്നു.

ഇതിനെല്ലാം പശ്ചാത്തലമായി പടിഞ്ഞാറുഭാഗത്ത് നിശ്ശബ്ദമായി ഇരുവഞ്ഞിപ്പുഴ ഒഴുകി. നാലഞ്ചുകിലോമീറ്റർ താഴെയുള്ള ചെറുവാടിയിൽച്ചെന്ന് അത് ചാലിയാറിൽ ലയിക്കുന്നു. ആദ്യകാലത്തെ പുഴസംരക്ഷണസമരം വഴി പ്രസിദ്ധമായ ചാലിയാറിന്റെ പോഷകനദിയാണ് ഇരുവഞ്ഞി. ഞങ്ങൾ ചാലിയാറിനെ 'വലിയപുഴ' എന്നും ഇരുവഞ്ഞിയെ 'ചെറിയപുഴ' എന്നും വിളിച്ചുപോന്നു.

എസ്.കെ. പൊറ്റെക്കാട്ടിന്റെ ആദ്യകാലകൃതികളിലൊന്നായ നാടൻപ്രേമ(1941)ത്തിന്റെ പശ്ചാത്തലം ഞങ്ങളുടെ തൊട്ടടുത്തുകിടക്കുന്ന മുക്കം ഗ്രാമമാണ്. ആ നോവലിൽ പലവട്ടം പരാമർശിക്കപ്പെട്ടതോടെയാണ് മുക്കവും ഇരുവഞ്ഞിയും സാഹിത്യപ്രസിദ്ധി നേടിയത്. കുട്ടിക്കാലത്ത് നാടൻപ്രേമം വായിച്ചതിന്റെ ഹരത്തിൽ യൗവനകാലത്ത് ഈ നാടും പുഴയും കാണാൻവന്ന കഥ പണ്ടൊരിക്കൽ എം.ടി. പറഞ്ഞിട്ടുണ്ട്.

ഇളംപ്രായത്തിൽ ഞങ്ങളുടെ ഏറ്റവും വലിയ സന്തോഷം മോട്ടോർ വാഹനങ്ങൾ കാണുന്നതാണ്. നാട്ടിലേക്ക് അരി, പഞ്ചസാര, പരിപ്പ്, മണ്ണെണ്ണ, ഉപ്പ് മുതലായ സാമാനങ്ങൾ വരുന്നത് വലിയ തോണിയിലാണ്. 'വെപ്പുതോണി' എന്നും പറയും. കോഴിക്കോട്ടുനിന്ന് ലോറിയിൽ ഫറോക്കിൽ എത്തിക്കുന്ന ചരക്കുകൾ ഇത്തരം തോണികളിൽ ചാലിയാറിലൂടെ വരും. ചെറുവാടിയിൽവെച്ച് ചെറിയ പുഴയിലേക്ക് തിരിഞ്ഞാണ് ഞങ്ങളുടെ ചീപ്പാൻകുഴി കടവിലെത്തുക. അവിടെനിന്ന് ചുമട്ടുകാർ തലച്ചുമടായി എടുത്ത് പീടികയിൽ എത്തിക്കും. വെപ്പുതോണിയുടെ രണ്ടു വള്ളിന്മേലും നിന്ന് കഴുക്കോലുകൊണ്ട് കുത്തിയാണ് തോണിക്കാർ ആ ഭാരിച്ച ജലവാഹനം മുന്നോട്ടുനീക്കുന്നത്.

അക്കാലത്ത് ഞങ്ങളുടെ ജീവിതത്തിലെ വലിയൊരു കഥാപാത്രമാണ് തോണി. മിക്കകടവുകളിലും പാലം ഇല്ല. പകരമുള്ളത് കടത്തുതോണിയാണ്. പുഴയിലൂടെ ദീർഘയാത്രയ്ക്ക് പ്രമാണിമാർ വിളിക്കുന്ന 'സവാരി' എന്നു പേരായ ചെറിയ തോണിയുണ്ട്. അതിന് വെയിലും മഴയും കൊള്ളാതിരിക്കാൻ മൂടിയുണ്ടാകും.

ചിത്രീകരണം | ലിജീഷ് കാക്കൂർ

അപൂർവമായി പണക്കാരുടെ വീടുകളിൽ വളരെ ചെറിയ തോണിയുണ്ടാകും. കൈകൊണ്ടു തുഴയാവുന്ന അത്രയും ചെറുത്. 'കൈത്തോണി' എന്നു പറയും. തിരുവിതാംകൂറുകാരുടെ കൊതുമ്പുവള്ളം. കർക്കിടകത്തിൽ വെള്ളം കയറിയാൽ പറമ്പിലും പാടത്തും നിരത്തിലും തുഴഞ്ഞുപോകുന്നത് വലിയ അന്തസ്സാണ്. കരകളിൽനിന്ന് ആ കാഴ്ചയുടെ കൗതുകത്തിൽ ആണുങ്ങളും പെണ്ണുങ്ങളും ആർത്തുവിളിക്കും.

കുട്ടിക്കാലത്തെ ഞങ്ങളുടെ പരിശീലനങ്ങളിൽ പ്രധാനം നീന്താൻ പഠിക്കലാണ്; പിന്നെ തോണി തുഴയാൻ ശീലിക്കലും. അന്നൊക്കെ കുട്ടികൾ 'വെള്ളത്തിൽ പോയി' മരിക്കുന്നത് അത്ര അസാധാരണമല്ല. അമ്മമാരുടെ അശ്രദ്ധകൊണ്ടോ, കുഞ്ഞുങ്ങളുടെ അനുസരണക്കേടുകൊണ്ടോ വന്നുഭവിക്കുന്ന നിർഭാഗ്യം!

പൊടിമണ്ണുനിറഞ്ഞ ഞങ്ങളുടെ നിരത്തിലൂടെ വല്ലപ്പോഴും പോകുന്ന വാഹനം കാളവണ്ടിയാണ്. ചെറിയമരം, മുട്ടി, ചില്ലറ അരി സാമാനങ്ങൾ മുതലായവ കൊണ്ടുപോകാനാണത്. അതിന്റെ ചക്രങ്ങൾ അമർന്നുണ്ടായ ചാലുകൾ നിരത്തിന്റെ രണ്ടുഭാഗത്തും അങ്ങനെ കിടക്കും. മഴക്കാലത്ത് അവയിൽ നിറയുന്ന വെള്ളം ചവിട്ടിത്തെറിപ്പിച്ച് ഓടുന്നത് ചെറിയ കുട്ടികളായ ഞങ്ങൾക്ക് വലിയ രസമായിരുന്നു. മുക്കത്തെ 'നേരിലാക്കൽ ചന്ത'യിലേക്ക് പലവിധ സാമാനങ്ങളുമായിപ്പോകുന്ന വലിയ പോത്തുംവണ്ടികളും ഇടയ്ക്ക് അങ്ങാടിയിലൂടെ കടന്നുപോകും. ഒതായി, അരീക്കോട് തുടങ്ങിയ അയൽപ്രദേശങ്ങളിൽനിന്നാണ് അവ വരുന്നത്.

ആത്മകഥയുടെ  ഒന്നാംഭാഗം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

വേനൽക്കാലത്ത് മൂന്നുനാല് മാസം ലോറികൾ ഇരമ്പിപ്പാഞ്ഞുവരും. കിഴക്കൻ മലകളിൽനിന്ന് കയറ്റിയ മരത്തടികൾ ചീപ്പാൻകുഴിക്കടവിൽ കൊണ്ടുവന്ന് തള്ളുവാനാണ്. ആ വരവ് ആരംഭിക്കുന്നതോടെ പുഴക്കര ചെറിയൊരു അങ്ങാടിയായി കോലംമാറും. ലോറികളിൽനിന്ന് മരം ഇറക്കുന്നവരുടെ 'ഏലെയ്സാ' വിളികൾ ഒരു ഭാഗത്ത്; ഇറക്കിവെച്ച മരത്തിന്റെ തോല് പൊളിച്ചെടുത്ത് വിറകുണ്ടാക്കുന്ന സ്ത്രീകളുടെ ബദ്ധപ്പാട് മറ്റൊരുഭാഗത്ത്; ഇതിനൊക്കെ ഇടയിൽ ചുറ്റിത്തിരിയുന്ന യുവാക്കൾ. തത്കാലത്തേക്കുയർന്ന ചായപ്പീടികയിൽ കുത്തിയിരിക്കുന്നവരുടെ വർത്തമാനവും ചിരിയും. മേലെയുള്ള തരിപ്പയിലെ കടവിനും താഴെയുള്ള പൂളാൻചാറയിലും ഇടയിലുള്ള ചീപ്പാൻകുഴിയിലും കുളിക്കാനെത്തുന്നവരുടെ പട വേറെ. വേനൽക്കാലത്ത് അങ്ങാടി പുഴക്കടവിലേക്ക് മാറും. അവിടത്തെ ഹീറോ ലോറി ഡ്രൈവറാണ്. ആ ശുജായി (വീരൻ) വളയംപിടിക്കുമ്പോൾ ലോറി അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നതും ഹോണിൽനിന്ന് വലിയ ശബ്ദം പുറപ്പെടുന്നതും മുൻഭാഗത്തെ ലൈറ്റുകൾ വളരെ ദൂരത്തേക്ക് വെള്ളിച്ചം പായിക്കുന്നതും നോക്കി നാട്ടുകാർ അജബായി (അത്ഭുതപ്പെട്ട്) നിൽക്കും. മടങ്ങിപ്പോകുന്ന ലോറിയുടെ പുറത്ത് ഒരു സൗജന്യയാത്ര തരമാകുന്നതാണ് നാട്ടുകാരുടെ അന്നത്തെ വലിയസ്വപ്നം. എങ്ങോട്ടും പോകാനുണ്ടായിട്ടല്ല. കുറെ ദൂരം പോയിട്ട് മടക്കം നടന്നാവും.

പൊടിപടലങ്ങൾ ഉയർത്തിക്കൊണ്ട് മടങ്ങിപ്പോകുന്ന ലോറിയുടെ പിന്നാലെ ഉറ്റിവീഴുന്ന പെട്രോളിന്റെ മണം നുകർന്നുകൊണ്ട് ഞങ്ങൾ കുട്ടികൾ പായും. അത് അപകടമാണെന്ന് മുതിർന്നവർ പറയാതെയല്ല. ഞങ്ങൾക്കതൊന്നും വകയല്ല. ലോറികളുടെ സ്പീഡും ശബ്ദവും മണവും അവ ഉയർത്തുന്ന ഉത്സാഹവും നാടിനെ ഇളക്കിമറിക്കും. പുതിയ കാലവും പുറംലോകവും ഞങ്ങളിലേക്ക് വന്നെത്തുന്നത് ആ ലോറികളിലൂടെയാണ്. അവ കൊണ്ടുവന്ന് തട്ടിയിട്ട മരത്തടികൾ കൂട്ടിക്കെട്ടി 'തെരപ്പം' ആക്കും. വെള്ളത്തിൽ പൊന്തിക്കിടക്കുന്ന തെരപ്പം കഴുക്കോൽ ഉപയോഗിച്ച് കുത്തിയാണ് ചാലിയാറിലൂടെ ഫറോക്കിലെത്തിക്കുന്നത്. അവിടെ ലോറിയിൽ കല്ലായിലേക്ക് ചെല്ലും.

കർക്കടകത്തിൽ മഴപെയ്യാൻ തുടങ്ങുന്നതോടെ ഈ ആളും ആരവവുമെല്ലാം അടങ്ങും. ലോറികളുടെ വരവ് നിലയ്ക്കും. കടവിൽ കുളിക്കാനെത്തുന്നവരേ ഉണ്ടാവൂ. അവിടത്തെ ചായപ്പീടികപോലും അപ്രത്യക്ഷമാകും. അക്കാലത്ത് മഴയും ചെറിയ വെള്ളപ്പൊക്കവുമൊക്കെ കൃത്യമായി വന്നെത്തിയിരുന്നു. അതോടെ പഞ്ഞമാസം തുടങ്ങുകയായി. അക്കാലത്ത് ഏറ്റവും വലിയ യാഥാർഥ്യം പട്ടിണിയാണ്. 1960-കളുടെ കാര്യമാണ് പറയുന്നത്. ജോലിയും കൂലിയും കമ്മി. പാടത്ത് കൃഷിയുള്ളപ്പോഴേ കുറച്ചുപേർക്കെങ്കിലും പണിയുള്ളൂ. അത് അധികവും ആണുങ്ങൾക്കാണ്.

നാട്ടിൽ പണം തീരെ കുറവ്. തേങ്ങ വലിച്ചാൽ തേങ്ങയാണ് കൂലി. അടക്കപറിച്ചാൽ അടക്ക, നെല്ലുകൊയ്താൽ നെല്ല്, അരിയിടിച്ചാൽ അരി, എണ്ണ ആട്ടിയാൽ എണ്ണ, കൃഷിപ്പണിക്ക് കൂലി പത്തിലൊന്ന് എന്നാണ് കണക്ക്. കൊയ്തു മെതിച്ചുകൂട്ടിയത് പത്തുപറയാണെങ്കിൽ ഒരു പറ നെല്ല് കൂലിയായി കൊടുക്കും. ജന്മിത്തത്തിന്റെ കാലമാണ്.

പറമ്പിൽ പണിയെടുപ്പിക്കാനൊന്നും ആളുകളുടെ കൈയിൽ പൈസകാണില്ല. അന്ന് പറയുക കൈയിൽ 'മുക്കാല് ഇല്ല' എന്നാണ്. 4 മുക്കാൽ 1 അണ. 4 അണ കാൽ ഉറുപ്പിക. 8 അണ അര ഉറുപ്പിക. 16 അണ ഒരു ഉറുപ്പിക. സ്‌കൂളിൽ പഠിപ്പിക്കുന്ന പെരുക്കപ്പട്ടിക 16 വരെയാണ്. കണക്കു പഠിക്കുന്നതിൽ പ്രധാനം ഗുണകോഷ്ഠം എന്നു പേരുള്ള ഗുണനപ്പട്ടിക മനഃപാഠമാക്കലാണ്. തിരുവിതാംകൂറുകാരായ മാസ്റ്റർമാർ ഇതിന് എഞ്ചുവടി എന്നു പറയും. അന്ന് ബുദ്ധി കുറഞ്ഞവനെന്ന് പരിഹസിക്കുന്നത് 'ഒരണ കുറവുള്ളവൻ' എന്നുപറഞ്ഞാണ്, ചുരുക്കി 'അണയാണ്' എന്നും.

ചിത്രീകരണം | ലിജീഷ് കാക്കൂർ

മുക്കാല് മൂന്നുതരമുണ്ട്. വലുത്, ചെറുത്, ഓട്ടയുള്ളത്. തുണിയുടെ കോന്തലയ്ക്കൽ കെട്ടിവെക്കാം എന്നതാണ് ഓട്ടമുക്കാലിന്റെ സൗകര്യം. തീരേ ദരിദ്രനാണ് എന്ന താത്പര്യത്തിൽ 'ഓന്റെ കൈയിൽ ഒര് ഓട്ടമുക്കാലും കൂടിയില്ല' എന്നാണ് പ്രയോഗം.

കാല് ഉറുപ്പികയുടെയും അരയുറുപ്പികയുടെയും വെള്ളനാണയത്തിൽ ജോർജ് ആറാമന്റെ കിരീടംവെച്ച തലയുണ്ടാകും. അതിന് കുറച്ചധികം തിളക്കം കണ്ടാൽ വെള്ളിനാണയമാണ് എന്നു പറയും. നിലത്തിട്ടു നോക്കിയാൽ ശബ്ദത്തിൽനിന്ന് വേറിട്ടു മനസ്സിലാക്കാം.

അന്ന് ആണുങ്ങൾക്ക് കൂടിയ കൂലി ഒരുറുപ്പികയാണ്. അതേ പണിയെടുക്കുന്ന പെണ്ണുങ്ങൾക്ക് അര ഉറുപ്പികയും. കാര്യം തിരിയാത്തതുകൊണ്ട് 'അതെന്താ അങ്ങനെ' എന്ന് ഞാൻ ഉമ്മയോട് ചോദിച്ചിട്ടുണ്ട്. 'ഓള് പെണ്ണല്ലേ?' എന്നാണ് മറുപടികിട്ടിയത്. അത് അന്ന് അത്രമാത്രം സ്വാഭാവികമായിരുന്നു!

അക്കാലത്തൊരിക്കൽ ഞങ്ങളുടെ പറമ്പിൽ ഒരു പന വീണു. ഓടിക്കൂടിയ അയൽക്കാർ പനയുടെ തടിയിൽ കയറിനിന്ന് 'ഇത് എന്റേതാ' എന്നു പ്രഖ്യാപിച്ചു. കാലിനടിയിലുള്ള രണ്ട് അടി പന തനിക്കുവേണം എന്നർഥം. അതുവെട്ടിയെടുത്ത് കുത്തിപ്പിഴിഞ്ഞ് പനങ്കഞ്ഞിവെച്ചു കുടിക്കാം. ആളുകൾ താളും തവരയും പറിച്ചുകൊണ്ടുപോയി വേവിച്ചു കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വിശപ്പിന്റെ കൊടുമതന്നെ! കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഇന്ന് ഓർമകളിൽപ്പോലും നടുക്കമുണ്ടാക്കുന്ന ദൃശ്യങ്ങൾ!
(തുടരും)

Content Highlights: A nostalgic look at the socio-economic landscape of Karassery in the 1950s., The central role of the Chaliyar and Iruvanji rivers in local transportation and trade., Insight into the gender-based wage inequality and economic struggles of that era., The evolution of village infrastructure, from bullock carts to the arrival of motor vehicles.